ഭവനരഹിതരായ കുട്ടികൾ ആരെ കുററപ്പെടുത്തണം?
ബ്രസീലിലെ ഉണരുക! ലേഖകൻ
ഒരു രാത്രിയിൽ ഫ്രാൻസിസ്ക്കോ തന്റെ ഭാര്യയെയും കുട്ടികളെയും സ്ഥലത്തെ ഒരു പിസ്സെറിയാ റെസ്റേറാറൻറിലേക്കു കൊണ്ടുപോകുന്നു. കുടുംബം ഭക്ഷണം കഴിക്കുന്ന സമയത്ത് കാർ പാർക്ക്ചെയ്യുന്ന സ്ഥലത്ത് ഫ്രാൻസിസ്ക്കോയുടെ കാർ സൂക്ഷിക്കാമെന്ന് മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു ബാലൻ വാഗ്ദാനംചെയ്യുന്നു. ഫ്രാൻസിസ്ക്കോയും കുടുംബവും റെസ്റേറാറൻറിൽനിന്ന് വരുമ്പോൾ ബാലൻ തന്റെ സേവനത്തിനു കൂലിയായി കുറച്ചു നാണയങ്ങൾ കിട്ടാൻ കൈ നീട്ടുന്നു. അവനെപ്പോലെയുള്ള കുട്ടികൾ രാത്രി വൈകിയും ഉപജീവനമാർഗ്ഗത്തിനായി പോരാട്ടംകഴിക്കുന്നു. അവർക്ക് പോകാൻ ധൃതിയില്ല, കാരണം അവരുടെ ഭവനം തെരുവാണ്.
ഭവനരഹിതരായ കുട്ടികൾ നിയമഭ്രഷ്ടരായി വീക്ഷിക്കപ്പെടുന്നു, അവർ “അനാഥക്കുട്ടികൾ” എന്നോ “തള്ളപ്പെട്ട പിള്ളേർ” എന്നോ പേരിടപ്പെട്ടിരിക്കുന്നു. അവരുടെ എണ്ണം വിപുലവും ഭീതിജനകവുമാണ്—ഒരുപക്ഷേ 4 കോടി. എന്നാൽ കൃത്യസംഖ്യ ലഭിക്കുക പ്രയാസമാണ്. എന്നിരുന്നാലും, നിർഭാഗ്യവശാൽ, പ്രശ്നം ലോകവ്യാപകമായി, വിശേഷാൽ ലത്തീൻ അമേരിക്കയിൽ, വർദ്ധിക്കുകയാണെന്ന് വിദഗ്ദ്ധൻമാർ സമ്മതിക്കുന്നു. വാതിൽക്കൽ കൂടിനിൽക്കുന്നവരോ പണം യാചിക്കുന്നവരോ ആയ ഭവനരഹിതരായ കുട്ടികളുടെ കാഴ്ച വളരെ ദയനീയമായതിനാൽ സമുദായം അവരെ അത്യാഹിതപട്ടികയിലെ വിരസമായ സ്ഥിതിവിവരക്കണക്കുകളാക്കി മാററുകയും തോൾവെട്ടിച്ചു കടന്നുപോകുകയും ചെയ്യുന്നു. എന്നാൽ സമുദായത്തിന് മേലാൽ അതു ചെയ്യുക സാദ്ധ്യമല്ല. യുനിസെഫ് (സാർവദേശീയ കുട്ടികൾക്കായുള്ള ഐക്യരാഷ്ട്ര അടിയന്തിര ഫണ്ട്) പറയുന്നതനുസരിച്ച് 8-നും 17-നുമിടക്ക് പ്രായമുള്ള ഭവനരഹിതരുടെ 60 ശതമാനം മതിഭ്രമമുളവാക്കുന്ന ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നു. 40 ശതമാനം ലഹരിപാനീയമുപയോഗിക്കുന്നു, 16 ശതമാനം മയക്കുമരുന്നാസക്തരാണ്. 92 ശതമാനം പുകയില ഉപയോഗിക്കുന്നു. അവർക്ക് വിപണനസാദ്ധ്യതയുള്ള വൈദഗ്ദ്ധ്യങ്ങളില്ലാത്തതിനാൽ അവർ മിക്കപ്പോഴും നിലനിൽപ്പിനായി ഭിക്ഷാടനം നടത്തുകയും മോഷ്ടിക്കുകയും വ്യഭിചാരത്തിലേർപ്പെടുകയും ചെയ്യുന്നു. “അനാഥക്കുട്ടികളായി” വളരുന്നതിനാൽ അവർ നിയമഭ്രഷ്ടരായിത്തീരുന്നതിന്റെ അപകടത്തിലാണ്. നിയമഭ്രഷ്ടർ ഏതു ജനസമുദായത്തിനും ഭീഷണിയാണ്.
ബ്രസീലിയൻപത്രമായ ഓ എസ്ററാഡോ ഡി സാവൊ പോളോ ഭവനരഹിതരായ ഒരു കൂട്ടം കുട്ടികളെക്കുറിച്ച് റിപ്പോർട്ടുചെയ്തു: “അവർക്ക് കുടുംബമില്ല, ബന്ധുക്കളില്ല, ഭാവിയിലേക്ക് പ്രത്യാശയുമില്ല. അവർ ഓരോ ദിവസവും അവസാനത്തേതെന്നപോലെ ജീവിക്കുന്നു. . . . കുട്ടികൾ . . . ഒട്ടും സമയം നഷ്ടപ്പെടുത്താതെ നിമിഷത്തിനുള്ളിൽ ഒരു ചെറുപ്പക്കാരന്റെ റിസ്ററ്വാച്ച് എടുക്കുകയും ഒരു സ്ത്രീയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയും ഒരു വൃദ്ധന്റെ പോക്കററടിക്കുകയും ചെയ്യുന്നു. അവർ പെട്ടെന്ന് ജനക്കൂട്ടത്തിൽ അപ്രത്യക്ഷപ്പെടുന്നു. . . . മൈനർമാരുടെ ഇടയിൽ ഇളംപ്രായത്തിൽത്തന്നെ ലൈംഗികബന്ധങ്ങൾ തുടങ്ങുന്നു. പതിനൊന്നു വയസ്സുള്ള പെൺകുട്ടികളും പന്ത്രണ്ടുവയസ്സുള്ള ആൺകുട്ടികളും ഒന്നിച്ചുകൂടുകയും ഒന്നോ രണ്ടോ മാസങ്ങൾകൊണ്ട് പ്രേമബന്ധങ്ങൾ വേർപെടുത്തുകയും ചെയ്യുന്നു, അതു തുടങ്ങിയതുപോലെതന്നെ നിഷ്പ്രയാസം.”
അവർ തെരുക്കളിൽ ജീവിക്കുന്നതിന്റെ കാരണം
ഭവനരഹിതരായ കുട്ടികളെ സഹായിക്കുക എളുപ്പമല്ല. തെരുവിന്റെ മക്കളിൽ 30 ശതമാനവും വളരെ ഭയാകുലരായിരുന്നതുകൊണ്ട് അവർ തങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് യാതൊരു വിവരവും, അവരുടെ പേർ പോലും, അധികാരികൾക്കു കൊടുക്കാൻ വിസമ്മതിച്ചു. എന്നാൽ അവർ തെരുക്കളിൽ ജീവിക്കുന്നതെന്തുകൊണ്ടാണ്? അത് സ്വാതന്ത്ര്യവാഞ്ഛയായിരിക്കുമോ? ഒരു ബ്രസീലിയൻ യുവാവിനെ സംബന്ധിച്ച വസ്തുത ഇതായിരുന്നു. തന്റെ പിതാവ് തനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അനുവദിക്കുകയില്ലാത്തതുകൊണ്ട് താൻ ഇനി വീട്ടിൽ പോകുകയില്ലെന്ന് അവൻ പറഞ്ഞു. എന്നിരുന്നാലും, എൽ യൂണിവേഴ്സൽ എന്ന മെക്സിക്കൻ പത്രം പറയുന്നതനുസരിച്ച്, തെരുവുപിള്ളേരുടെ എണ്ണം വർദ്ധിക്കുന്നതിന്റെ ഒരു മുഖ്യകാരണം പിതാക്കൻമാരുടെ അവഗണനയാണ്. അങ്ങനെ, തെരുവുപിള്ളേരുടെ എണ്ണത്തിലെ വർദ്ധനവിന് ഒരു മുഖ്യകാരണം ദാമ്പത്യത്തകർച്ചയാണെന്ന് കാണാവുന്നതാണ്.
മാത്രവുമല്ല, ചില മാതാപിതാക്കൻമാർ തങ്ങളുടെ സന്താനങ്ങളെ ഉത്തരവാദിത്തമില്ലാതെ പരിപാലിക്കാതിരിക്കുകയും അവരെ അടിക്കുകയും ലൈംഗികമായി ദുരുപയോഗപ്പെടുത്തുകയും ഇറക്കിവിടുകയും ചെയ്യുന്നു. അല്ലെങ്കിൽ അവരെ കേവലം അവഗണിക്കുന്നു. തത്ഫലമായി, ദുർവിനിയോഗത്തിനോ അവഗണനക്കോ വിധേയമായ കുട്ടി തെരുക്കളിൽപോലുമാണെങ്കിലും സ്വന്തമായി ജീവിക്കുന്നത് മെച്ചമായിരിക്കുമെന്ന് മിക്കപ്പോഴും വിചാരിക്കുന്നു.
എന്നിരുന്നാലും, കുട്ടികൾക്ക് സ്നേഹപുരസ്സരമായ പരിപാലനവും മാർഗ്ഗനിർദ്ദേശവും ആവശ്യമാണ്. ഇത് യൂനിസെഫിന്റെ എക്സെക്കെററീവ് ഡയറക്ടറായ ജയിംസ് ഗ്രാൻറ് നന്നായി പ്രസ്താവിക്കുകയുണ്ടായി. ലാററിൻ അമേരിക്കാ ഡയിലി പോസ്ററിൽ “കുട്ടികളും നാളെയും” എന്ന ശീർഷകത്തിലുള്ള ഒരു മുഖപ്രസംഗത്തിൽ ഉദ്ധരിക്കപ്പെട്ട പ്രകാരം അദ്ദേഹം ഇങ്ങനെ പറയുന്നു: “മൂന്നോ നാലോ വയസ്സാകുമ്പോഴേക്ക് ഒരു വ്യക്തിയുടെ ശേഷിച്ച ജീവിതകാലത്തേക്കുള്ള മാതൃക വെക്കത്തക്ക ഘട്ടത്തോളം അയാളുടെ മസ്തിഷ്കകോശങ്ങളുടെ 90 ശതമാനത്തോളം അപ്പോൾത്തന്നെ ബന്ധിക്കപ്പെട്ടിരിക്കയും ശാരീരിക വളർച്ച പുരോഗമിച്ചിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ആ പ്രാരംഭവർഷങ്ങളിൽ സംരക്ഷണത്തിന്റെ അത്യാവശ്യമുണ്ട്, പൂർണ്ണവികാസത്തിനുള്ള കുട്ടിയുടെ അവകാശത്തെ സംരക്ഷിക്കാനും ആളുകളുടെയും കുടുംബങ്ങളുടെയും രാഷ്ട്രത്തിന്റെയും ക്ഷേമത്തിന് അവർക്ക് കൂടുതൽ പൂർണ്ണമായി സംഭാവനചെയ്യാൻ കഴിയത്തക്കവണ്ണം അവരുടെ വളർച്ചയിൽ മുതൽ മുടക്കാനും തന്നെ.”
അങ്ങനെ, ഭവനരഹിതരായ കുട്ടികളുടെ കാര്യത്തിൽ നിരീക്ഷകർ സമ്പദ്സ്ഥിതിയെയോ ഗവൺമെൻറുകളെയോ പൊതുജനങ്ങളെയോ കുററപ്പെടുത്തിക്കൊണ്ട് വ്യാകുലപ്പെടുന്നു. അതേ മുഖപ്രസംഗം ഇങ്ങനെ തുടർന്നു: “‘കുട്ടികളിൽ മുതൽമുടക്കാനുള്ള’ മനുഷ്യത്വപരമോ സാമ്പത്തികമോ ആയ ശ്രമം അധികം പുരോഗമിച്ചിട്ടില്ല. . . . ‘സാമ്പത്തിക പൊരുത്തപ്പെടുത്തൽ’ ഭക്ഷ്യത്തിലും നിത്യോപയോഗവസ്തുക്കളിലുമുള്ള സബ്സിഡികൾ വെട്ടിക്കുറക്കുന്നതിനെ മിക്കപ്പോഴും അർത്ഥമാക്കുന്നു. . . . ഉയർന്നുവരുന്ന തൊഴിലില്ലായ്മക്കും കുറഞ്ഞുകൊണ്ടിരിക്കുന്ന ശമ്പളങ്ങൾക്കും മുകളിലെത്തിയ അങ്ങനെയുള്ള വെട്ടിച്ചുരുക്കലുകൾ സാമ്പത്തികമാന്ദ്യത്തിന്റെ വമ്പിച്ച ഭാരം അതു താങ്ങാൻ തീരെ നിവൃത്തിയില്ലാത്തവരുടെമേൽ—ഏററവും ദരിദ്രരായ കുടുംബങ്ങളുടെമേലും അവരുടെ കുട്ടികളുടെമേലും—അക്കിയെന്ന് അർത്ഥമാക്കി.”
അനേകം രാജ്യങ്ങളിലെ മോശമായ സമ്പദ്സ്ഥിതി തെരുവിന്റെ മക്കളുടെ വർദ്ധിച്ചുവരുന്ന സംഖ്യയുടെ മറെറാരു കാരണമാണെന്നുള്ളതിന് സംശയമില്ല. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അവരാൽ കഴിയുന്നതുപോലെ എന്തെങ്കിലും സമ്പാദിക്കാൻ തെരുവുകളിലേക്കു തള്ളിവിടും. എന്നിരുന്നാലും, ഭവനരഹിതരായ കുട്ടികളുടെ പ്രശ്നം പരിഹരിക്കുക ഇത്ര പ്രയാസമായിരിക്കുന്നത് എന്തുകൊണ്ട്? (g90 1/8)