ആവിശക്തിയുഗം തങ്ങിനിൽക്കുന്നു
ററൂ-ട്ട്! ഒരു വിസിൽ ഇംഗ്ലണ്ടിന്റെ സുസെക്സ് ഗ്രാമ പ്രദേശത്തിന്റെ പ്രശാന്തതയെ ഭഞ്ജിക്കുന്നു. ഹിസ്സ്-സ്സ്! ചഗ്-ചഗ്-ചഗ്! അതിനുശേഷം, അടുത്തുള്ള എഞ്ചിൻ ഷെഡ്ഡിൽ നിന്ന് നീരാവിപടലത്തിൽ കുളിച്ച് ഒരു യന്ത്രരാക്ഷസൻ പ്രത്യക്ഷപ്പെടുന്നു.
അല്ല, ഞാൻ സ്വപ്നം കാണുകയല്ല. ഇത് 1980-കൾ ആണ്. ഞാൻ ഷെഫീൽഡ് പാർക്കിൽ നിന്ന് ഹോർസ്റെറഡ് കെയ്ൻസിലേക്ക് വടക്കോട്ട് നാലര മൈൽ ദൂരം തീവണ്ടിയിൽ യാത്ര ചെയ്യാനുള്ള തയ്യാറിലാണ്. ഒരു ആവിയന്ത്രം എന്റെ യാത്രക്കുള്ള തീവണ്ടിക്ക് ഊർജ്ജം പ്രദാനം ചെയ്യും!
ആവിയുടെ വശീകരണം
ഏകദേശം 50 വർഷങ്ങൾക്കു മുമ്പ് ആവിയന്ത്രങ്ങൾ അവയുടെ അത്യുച്ചത്തിലായിരുന്നു. അതിനുശേഷം, മിക്ക രാജ്യങ്ങളിലും ഡീസലിന്റെയും ഇലക്ട്രിസിററിയുടെയും ഘർഷണബലം ആ സ്ഥാനം പിടിച്ചെടുത്തു. എന്നിരുന്നാലും ഇന്ന് ആവികൊണ്ടു പ്രവർത്തിപ്പിക്കുന്ന ട്രെയിനുകൾ ഇപ്പോഴും സാധാരണക്കാരുടെ മുഴു ശ്രദ്ധയും പിടിച്ചെടുക്കുന്നു. റെയിൽവേകൾ ഉല്ലാസത്തിന് എന്ന പുസ്തകമനുസരിച്ച് ഏതു ലോകരാജ്യങ്ങളിലും വെച്ച് ബ്രിട്ടനാണ് റെയിൽവേ ആവേശഭരിതരുടെ ഏററവും ഉയർന്ന ശതമാനമുള്ളത്. “തീവണ്ടിപ്പാതകളിൽ, വിശേഷിച്ച് ആവി വണ്ടികളിൽ ക്ഷണികമായതിലും കവിഞ്ഞ താൽപ്പര്യം പ്രകടമാക്കുന്ന” നാൽപ്പതു ലക്ഷം പുരുഷൻമാരും സ്ത്രീകളും കുട്ടികളുമുണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്?
ഒരു കോർണിഷ്മാനായ റിച്ചാർഡ് ട്രെവിത്തിക്ക് (1771-1833) വസ്തുക്കൾ വലിച്ചുകൊണ്ടുപോകുന്നതിന് ആവിശക്തിയെ പ്രയോജനപ്പെടുത്തിയതുമുതൽ ആവി ഘർഷണ താൽപ്പര്യക്കാർ ആവിഎഞ്ചിനെ, “മനുഷ്യ നിർമ്മിതികളെ ഏററവുമധികമായി അനുസ്മരിപ്പിക്കുന്ന,” “നിർമ്മിച്ചിട്ടുള്ളതിലേക്കും കാൽപ്പനികവും മനോഹരവുമായ യന്ത്രങ്ങളിലൊന്ന്” എന്ന നിലയിൽ വീക്ഷിച്ചിരിക്കുന്നു. “അത് ആവേശഭരിതരെയും സാധാരണക്കാരെയും ഒരുപോലെ ഉദ്വേഗഭരിതരാക്കുന്ന ഒരു ഉറവാണ്.” ബ്രിട്ടനിലെ തീവണ്ടിയാത്രയുടെ ആദിമനാളുകളിൽ തുടങ്ങി, ജോർജ് സ്ററീഫൻസന്റെ ലോക്കോമോഷൻ സഹിതം സ്റേറാക്ക്ററൺ മുതൽ ഡാർലിംഗ്ററൺ വരെയുള്ള പാത 1825-ൽ തുറന്നതുമുതൽ “കേവലം യാത്രാ ആസ്വാദനത്തിനുവേണ്ടി മാത്രം” ആവേശഭരിതർ പാളത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. ചിലർക്ക് കാലഹരണപ്പെട്ട ഒരു ഗതാഗതമാർഗ്ഗമായിരിക്കുന്നതിൽ ഇത്ര ഉല്ലാസം ജനിപ്പിക്കുന്നതെന്താണ്?
ആവിവണ്ടികളുടെ നാളുകൾ ഓർക്കാൻ തക്ക പ്രായമുള്ളവർക്ക് ഗതകാലസ്മരണ അതിന്റെ പങ്കുവഹിക്കുന്നു. ആവിവണ്ടിയിലുള്ള യാത്ര അനുഭവിച്ചറിയാൻ തക്ക പ്രായമില്ലാത്തവർക്ക് ഇന്നലത്തെ ശബ്ദായമാനമായ ഭീമൻ തീവണ്ടിഎഞ്ചിനു പിന്നിലെ സഞ്ചാരം ഒരു പുതുമയാണ്. സിംഫണി ഇൻ സ്ററ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ഒ. എസ്സ്. നോക്ക് പറയുന്നത് ഈ താൽപ്പര്യം “നമ്മിലെല്ലാമുള്ള വികാരമാണ്” എന്നാണ്. ശരാശരി റെയിൽവെ ആവേശഭരിതനെ “ഉള്ളിൽ ഭേദമാകാത്ത വിചിത്ര ജീവി” എന്ന് വർണ്ണിച്ചുകൊണ്ട് റെയിൽവേ വേൾഡ് മാസിക യോജിക്കുന്നു. എന്നാൽ ആകർഷണം എവിടെയാണ് സ്ഥിതിചെയ്യുന്നത്? “ഒരു തീവണ്ടി എഞ്ചിന്റെ ശക്തിയും കരുത്തും നിങ്ങൾക്കു കാണാനും അനുഭവിക്കാനും കഴിയും” എന്ന് ആവി എഞ്ചിനിൽ ആവേശഭരിതനായ ഒരാൾ വിശദീകരിച്ചു. “അത് ഏറെയും ജീവനുള്ള ഒരു വസ്തുവാണെന്ന് തോന്നുന്നു.” “എന്നേസംബന്ധിച്ചടത്തോളം അതിന്റെ മണമാണ് കാര്യം” എന്ന് മറെറാരാൾ പ്രഖ്യാപിച്ചു.
കാത്തുസൂക്ഷിക്കപ്പെടുന്ന ആവി
ആയിരത്തിതൊള്ളായിരത്തി അറുപത്തെട്ട് ഓഗസ്ററ് മാസം ബ്രിട്ടനിലെ ദേശീയ റെയിൽ സിസ്ററത്തെ സംബന്ധിച്ചടത്തോളം സ്ററീം എഞ്ചിന്റെ മരണം കൈവരുത്തി. താപീയ കാര്യക്ഷമത 6 ശതമാനത്തിൽ കവിയുന്നത് അപൂർവമായതുകൊണ്ട് സ്ററീം എഞ്ചിനുകൾ കൂടുതൽ ഫലപ്രദമായ ഘർഷണയൂണിററുകൾക്ക് വഴിമാറിക്കൊടുത്തു. പ്രസിദ്ധ സ്ററീം ട്രെയിനുകൾ ഇട്ടിരുന്ന ഡിപ്പോകൾക്കു പ്രചാരമില്ലാതായി. നൂറുകണക്കിന് ആവി എഞ്ചിനുകൾ പൊളിച്ചുവിററു. ആവിശക്തിയുഗം നാശത്തോടടുത്തു. ഏതായാലും റെയിൽ ആസൂത്രകർ ആവേശഭരിതരുടെ വൈകാരിക താൽപ്പര്യത്തെ കണക്കിലെടുത്തില്ല. എഴുത്തുകാരനായ ബ്രൈയൻ ഹൊളിംഗ്സ്വെർത്ത് പറയുന്നതനുസരിച്ച് അവർ “തങ്ങളുടെ പ്രിയംകരമായ തീവണ്ടികളുടെ അപ്രത്യക്ഷതയിലുള്ള നഷ്ടബോധം പഴയനാളുകളുടെ അന്തരീക്ഷത്തിൽ കുറെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കയെന്ന ആശയം ഏറെറടുക്കാൻ പ്രചോദനംനൽകിയ ആളുകളായിരുന്നു.” അവർ ഈ ജോലി എങ്ങനെ നിർവഹിക്കാൻ ഒരുമ്പെട്ടു?
ചിലർ ഉപയോഗമില്ലാത്ത എഞ്ചിൻ ഷെഡ്ഡുകൾ വിലക്കുവാങ്ങി. വടക്കൻ ഇംഗ്ലണ്ടിലെ കാൺഫോർത്തിലുള്ള ഇവയിലൊന്ന് മുപ്പത്തേഴേക്കർ വരുന്ന ഒരു സ്ററീം കാഴ്ചബംഗ്ലാവാണ്. വിവിധതരത്തിലുള്ള സ്ററീം എഞ്ചിനുകൾ മാറി മാറി സന്ദർശകരെ രസിപ്പിക്കുമാറ് പാളത്തിലൂടെ അൽപ്പദൂരം കോച്ചുകൾ വലിച്ചുകൊണ്ടു പോകുന്നു. എന്നാൽ ബ്രിട്ടനിലെ റെയിൽവേ സംരക്ഷണ സൊസൈററികളിൽ പലതിന്റെയും ലക്ഷ്യം അങ്ങനെയുള്ള എഞ്ചിനുകൾ അവയുടെ ക്രമമായ ജോലിയിൽ ഉപയോഗിച്ചിരുന്ന യഥാർത്ഥ പാളത്തിലൂടെയുള്ള ഒരു ആവി യാത്രയുടെ ഉല്ലാസം നേടുകയാണ്.
ആവേശഭരിതരുടെ ശ്രദ്ധ സൗത്ത് വെയ്ൽസിലുള്ള നിരുപയോഗ വസ്തുക്കൾ ഇടുന്ന ഒരു സ്ക്രാപ്പ് യാർഡിലേക്ക് തിരിഞ്ഞു, അത് ദി സൺഡേ ടെലഗ്രാഫ് “സ്ററീം ബഫ്സുകളുടെ ഒരു മെക്കാ” എന്നു വിളിക്കപ്പെടുന്നതായി വികാസം പ്രാപിച്ചിരുന്നു. തുണ്ടുകളാക്കാൻ വിൽക്കപ്പെട്ട ആദ്യത്തെ 400 എഞ്ചിനുകളുടെ നാലിലൊന്ന് 1983 ആയതോടെ സംരക്ഷണത്തിനുവേണ്ടി വീണ്ടെടുക്കപ്പെട്ടു. സ്ററ റെയിൽവേ മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ബാരി സ്ക്രാപ്പ്യാർഡിൽ നിന്നുള്ള ആവി എഞ്ചിൻ വിടുതലുകളുടെ പുതുമ സമീപകാല വർഷങ്ങളിൽ കുറഞ്ഞിരിക്കാം, എന്നാൽ വേല ഇപ്പോഴും തുടരുന്നു. “1985 സെപ്ററമ്പറിൽ വിൽക്കപ്പെടാത്ത മൊത്തം എഞ്ചിനുകൾ വെറും മുപ്പതായി കുറഞ്ഞതിൽ നിന്നും “അവയിലൊന്നൊഴിച്ച് എല്ലാററിനും വാങ്ങാനുദ്ദേശിക്കുന്ന ഒരാൾ ഉണ്ടെന്നു”ള്ള വാർത്തയിൽ നിന്നും ഇത് തെളിയുന്നു.
ഒരു ആവിഎഞ്ചിൻ നവീകരിക്കാൻ എളുപ്പമൊ ലാഭമൊ അല്ല. ഏതാണ്ട് 15,000 ഡോളർ വിലക്ക് സ്വന്തം ആവി എഞ്ചിൻ വാങ്ങാൻ കഴിയുന്ന വ്യക്തികൾ അധികമില്ല. പുനഃസ്ഥിതീകരണത്തിന് മറെറാരു 30,000 ഡോളർ കൂടി ചെലവാകും. ആവേശഭരിതരുടെ ടീമുകൾ ഭയന്നുമാറാതെ എഞ്ചിനുകൾ വാങ്ങുകയും അവ പുനഃസ്ഥിതീകരിക്കുന്നതിന് വാരാന്ത്യങ്ങളിലും മററ് ഒഴിവു സമയങ്ങളിലും പണിയെടുക്കുകയും ചെയ്യുന്നു. 1983 ആയപ്പോഴേക്ക് അവർ ഏതാണ്ട് ആയിരം ആവി എഞ്ചിനുകൾ സംരക്ഷിച്ചിരുന്നു. “സംരക്ഷിത ആവിയെ” ഉപയോഗമുള്ള സ്ററീം ആക്കുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടനിലെ നൂറ് റെയിൽവേ സംരക്ഷണ സൊസൈററികൾ ഇപ്പോൾ 229 മൈൽ ട്രാക്കിന്റെ ഉടമകളായിരിക്കയാണ്. ഇവയിൽ ബ്ലൂബെൽ റെയിൽവേയാണ് സ്വകാര്യ സ്ററാൻഡേർഡ് ഗെയ്ജ് ലൈനുകളുടെ ഇടയിലെ മുന്നോടി.
ബ്ലൂബെൽ ലൈനിലൂടെ ഒരു യാത്ര
എന്റെ കൈയിലെ റെയിൽ ടിക്കററ് ഷെഫീൽഡ് പാർക്കുമുതൽ ഹോർസ്റെറഡ് കെയ്നെസ് വരെയുള്ള ഒരു റൗണ്ട് ട്രിപ്പിന് മതിയായതാണ്. സ്റേറഷനിലെ പ്ലാററ്ഫോമിൽ നിന്നുകൊണ്ട് 0415-ക്ലാസ്സ് എഞ്ചിൻ നമ്പർ 488 പുകപടലത്തിൽ പൊതിഞ്ഞ് അനായാസം പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ലൈനിലൂടെ എഞ്ചിൻഷെഡ്ഡുകളിലേക്ക് നോക്കുകയാണ്. വിക്ടോറിയാ യുഗത്തിലെ സ്മരണാർഹങ്ങളായ വസ്തുക്കൾ ചുററുപാടുമെല്ലാമുണ്ട്. ഒരു ചെറിയ കാഴ്ചബംഗ്ലാവ് ആവി യുഗത്തിന്റെ മുന്നണിപ്രവർത്തകരായിരുന്ന ജയിംസ് വാട്ട്, ജോർജ് സ്ററീഫൻസൺ, ഐ. കെ. ബ്രൂണൽ എന്നിവരുടെ വർണ്ണസ്ഫടിക ചിത്രങ്ങൾ സഹിതം ആവിയുഗത്തിന്റെ പ്രശസ്ത നാളിനെ പുനരാവിഷ്കരിക്കുന്നു. പഴയ റെയിൽ ടിക്കററുകളും യൂണിഫോറങ്ങളും ടൈംടേബിളുകളും എഞ്ചിൻ റാന്തലുകളും ഗാർഡുകളുടെ കൊടികളും എല്ലാം അവിടെയുണ്ട്.
ഇപ്പോൾ കോച്ചുകളോട് ഘടിപ്പിച്ചിരിക്കുന്ന നമ്പർ 488 തീവണ്ടിയെ നയിക്കുന്നു. സെമാഫോർ സിഗ്നൽ അഥവാ കൈചൂണ്ടിപ്പലക താഴുന്നു. ഗാർഡ് വിസിൽ ഊതുകയും പച്ചക്കൊടി വീശുകയും ചെയ്യുന്നു. മുമ്പിൽ നിന്ന് എഞ്ചിന്റെ സജീവ പ്രതികരണം വരുന്നു—ടൂ-ട്ട്! സാവധാനത്തിൽ വർദ്ധിക്കുന്ന വേഗതയോടെ നമ്മുടെ തീവണ്ടി നീങ്ങുന്നു. ആദ്യം ആവിവണ്ടിയിലെ യാത്രക്കാർക്ക് പരിചിതമായ അഗ്രാഹ്യവും പിന്നീട് വളരെ താളാത്മകവുമായി സാവധാനത്തിലുള്ള മേൽപ്പോട്ടും കീഴ്പ്പോട്ടുമുള്ള ചലനം അനുഭവപ്പെടുന്നു. പാളത്തിന്റെ ബന്ധങ്ങൾ കടക്കുമ്പോൾ കേൾക്കുന്ന റാ-ററാററ്-ററാററ് ശബ്ദത്തിന് വേഗത കൂടുന്നു. സാവധാനത്തിലുള്ള ഉയരത്തിലേക്ക് എഞ്ചിൻ പുക തുപ്പിക്കൊണ്ട് കുതിക്കുന്നു.
നമ്മുടെ തീവണ്ടി സ്റേറഷനെ പിമ്പിലാക്കിക്കൊണ്ട് വസന്ത ഗ്രാമത്തിലൂടെയുള്ള ഒരു വഴിയെ നീങ്ങുന്നു. വളർന്നുകൊണ്ടിരിക്കുന്ന ചോള വയലുകളിലൂടെ നീങ്ങുമ്പോൾ അത് ഒരു താഴ്ചകൂടിയ സ്ഥലത്ത് സാവധാനത്തിലാകുന്നു. ഒരു റോഡിലെ ഇഷ്ടികപ്പാലത്തിൻ കീഴിലൂടെ അത് മുന്നോട്ടു പോകുന്നു. അത് ഒരു വളവ് കടക്കുമ്പോൾ അതിന്റെ വിസിൽ ജാഗ്രത ഉണർത്തുന്നു. അത് ഒരു വനത്തിലേക്ക് കുതിക്കുന്നു. ആവിയുടെ തൂവൽ ദിശയെ സൂചിപ്പിക്കുന്നു. ഇപ്പോൾ നാം ബ്ളൂബെൽസ് പുഷ്പങ്ങളുടെയും ബട്ടർകപ്പ്സ് പുഷ്പങ്ങളുടെയും മനോഹരമായ പരവതാനിക്കരികിലൂടെ സഞ്ചരിക്കുന്നു. ആ ലൈനിന് ബ്ളുബെൽ ലൈൻ എന്ന് പേരുകിട്ടിയത് അങ്ങനെയാണ്. അടുത്തതായി ഹോർസ്റെറഡ് കെയ്ൻസ് സ്റേറഷനെ സമീപിക്കുമ്പോഴുള്ള അന്തിമ മേട്ടിലേക്ക് എഞ്ചിൻ കയറുമ്പോൾ മുമ്പോട്ടും പിമ്പോട്ടുമുള്ള ഒരു ചലനം അനുഭവപ്പെടുന്നു. മറെറാരു സെമാഫോർ സിഗ്നൽ കടന്ന് നാം പ്രധാനപ്പെട്ട രണ്ട് പ്ലാററ്ഫോമുകൾക്കിടയിലേക്ക് പ്രതാപത്തോടെ പ്രവേശിക്കുന്നു. നമ്മൾ പുറപ്പെട്ട് 20 മിനിട്ട് കഴിഞ്ഞ് അവിടെ എത്തുന്നു.
പുനഃസ്ഥിതീകരിക്കപ്പെട്ട സ്റേറഷൻ കെട്ടിടങ്ങൾ ചുററി നടന്നു കാണാൻ ഇപ്പോൾ സമയമുണ്ട്. ലഘുഭക്ഷണശാലയിൽ അൽപ്പസമയം ചെലവഴിക്കാം. പിന്നീട് നാം മടക്കയാത്രക്ക് തീവണ്ടിയിൽ തിരികെ കയറുന്നു. എഞ്ചിൻ വിജയകരമായി നമ്മുടെ തീവണ്ടിയുടെ മറേറ അററത്ത് ഘടിപ്പിച്ചിരിക്കുന്നു. തിരിയെ ഷെഫീൽഡ് പാർക്കിലേക്ക് പെട്ടെന്നുള്ള ഇറക്കത്തിലാണ് അത്.
സന്ദർശകരായ സ്കൂൾകുട്ടികൾ ആവിശക്തികൊണ്ടോടുന്ന തീവണ്ടിയിലെ തങ്ങളുടെ ആദ്യ സവാരിക്കായി ഇറങ്ങിപ്പോകുന്ന യാത്രക്കാർക്കു ചുററും കൂടുന്നു. അവരുടെ കൂട്ടത്തിൽ തുടരുന്ന ആവിയുഗത്തിന്റെ തെളിവ് പിടിച്ചെടുക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന മുതിർന്നവർ ഉണ്ട്, അവർ സ്ററിൽ ക്യാമറാകളും വീഡിയോ ക്യാമറാകളും എടുത്തിരിക്കുന്നു.
വീണ്ടും ആവികൊണ്ടുള്ള മുഖ്യ ലൈനോ?
സ്വകാര്യ ലൈനുകളുടെ വിജയം സംസ്ഥാന റെയിൽ സിസ്ററമായ ബ്രിട്ടീഷ് റെയ്ലിന്റെ ചിന്തയെ സ്വാധീനിച്ചിരിക്കുന്നു. പ്രത്യേക വിനോദസഞ്ചാര തീവണ്ടികൾക്ക് നേതൃത്വം വഹിക്കുന്നതിന് ചില പഴയ ഭീമ ആവി എഞ്ചിനുകൾ സാധാരണയുള്ള മുഖ്യ ലൈനുകളിൽ വർണ്ണോജ്ജ്വലമായ വേഷത്തിൽ ഇപ്പോൾ പരേഡ് ചെയ്യുന്നുണ്ട്. ദൃഷ്ടാന്തമായി 1938-ൽ മണിക്കൂറിൽ 126 മൈൽ ഓടി റിക്കാർഡു ഭേദിച്ച് പ്രശസ്തി നേടിയ ദി ഗാർട്ടർ ബ്ലൂ മല്ലാർഡ് അടുത്ത കാലത്ത് 1963-നു ശേഷം ആദ്യമായി ആവി ശക്തിയാൽ ഒരു തീവണ്ടിയെ യോർക്കിലെ അതിന്റെ നാഷണൽ മ്യൂസിയം ഭവനത്തിൽ നിന്ന് വലിച്ചുകൊണ്ടുപോയി.
മുഖ്യ ലൈൻ സ്ററീമിന്റെ സംരക്ഷണം ആവേശഭരിതരുടെയെല്ലാം ഹൃദയത്തിൽ ഒരു സ്ഥാനം നേടി. വാരാന്ത്യങ്ങളിൽ ഒരു സ്ററീം എക്സ്പ്രസ്സിന്റെ പുളകപ്രദമായ ഇരമ്പൽ കേൾക്കാൻ ശതക്കണക്കിനാളുകൾ സ്റേറഷൻ പ്ലാററ്ഫോമിൽ അണിനിരക്കുന്നു. ആവി യുഗം തങ്ങിനിൽക്കുന്നു എന്നതിന്റെ തെളിവായി തീവണ്ടികൾ ഇരമ്പിപ്പായുമ്പോൾ ആളുകൾ കഴുത്തുനീട്ടിയും തിരിച്ചും നോക്കുന്നു.—ബ്രിട്ടനിലെ ഉണരുക! ലേഖകൻ. (g88 3/8)
[17-ാം പേജിലെ ചിത്രം]
മുകളിൽ: 1825-ൽ ആവിശക്തി കൊണ്ടുള്ള ആദ്യത്തെ പൊതു റയിൽവേക്കുവേണ്ടി ജോർജ് സ്ററീഫൻസൺ & കമ്പനി നിർമ്മിച്ച ആവിഎഞ്ചിന്റെ മാതൃക.
[കടപ്പാട്]
Beamish North of England Open-Air Museum
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Beamish North of England Open-Air Museum
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Photos: The Bluebell Railway, England