ഇരുമ്പു പാത നിലനിൽക്കുമോ?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
കുറഞ്ഞ ചെലവിലും കൂടിയ വേഗത്തിലും സാധനങ്ങളെയും ആളുകളെയും കരമാർഗം ഉദ്ദിഷ്ട സ്ഥാനത്ത് എത്തിക്കുന്നത് എന്നും ഒരു വെല്ലുവിളി ആയിരുന്നിട്ടുണ്ട്. വ്യവസായ വിപ്ലവത്തെ തുടർന്ന് അസംസ്കൃത പദാർഥങ്ങളുടെ ആവശ്യം വർധിച്ചിരിക്കേ, പ്രശ്നം പരിഹരിക്കുന്നതിൽ റെയിൽവേ—ചിലപ്പോഴൊക്കെ ഇരുമ്പു പാത എന്നു വിളിക്കപ്പെടുന്നു—കാര്യമായ പങ്കുവഹിച്ചിരിക്കുന്നു. ഇന്ന് ആളുകൾ പൂർവാധികം ആന്തരദഹന എൻജിനുകളുള്ള വാഹനങ്ങളെ ആശ്രയിക്കുന്നതിനാലും മലിനീകരണത്തെ കുറിച്ചുള്ള ഉത്കണ്ഠ വർധിച്ചിരിക്കുന്നതിനാലും പലരും റെയിൽപ്പാതയെ സഗൗരവം പരിഗണിച്ചു വരുന്നു.
ഇരുമ്പു പാത ഉണ്ടായത് എങ്ങനെ?a ആധുനിക സമൂഹത്തിൽ അതിന്റെ പങ്കെന്ത്? അതിന്റെ ഭാവി എന്ത്?
19-ാം നൂറ്റാണ്ടിലെ വികാസം
ഇംഗ്ലണ്ടിലെ കോൺവോൾകാരനായ റിച്ചാർഡ് ട്രെവിതിക് എന്ന എഞ്ചിനീയർ രൂപകൽപ്പന ചെയ്ത ആവികൊണ്ടു പ്രവർത്തിക്കുന്ന ഒരു ലോക്കോമോട്ടീവ് (എൻജിൻ) 1804-ൽ റെയിൽ പാളത്തിലൂടെ പത്തു ടൺ ഇരുമ്പു കമ്പികൾ മണിക്കൂറിൽ എട്ടു കിലോമീറ്റർ വേഗത്തിൽ 14 കിലോമീറ്റർ ദൂരം വലിച്ചുകൊണ്ടു പോയി. എന്നാൽ, ഇരുമ്പു പാതയുടെ ആ ആദിമ നേട്ടത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. കാരണം, ദുർബലമായ ആ പാളം എൻജിന്റെ ഭാരം കൊണ്ടു പെട്ടെന്നുതന്നെ തകർന്നുപോയി. ഇരുമ്പു പാതയിൽ നിന്നു തെന്നിപ്പോകാത്ത, ഭാരമുള്ള അതേസമയം പാളത്തിനു നാശകരമല്ലാത്ത എൻജിൻ നിർമിക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി.
എട്ടു വർഷത്തിനു ശേഷം, യോർക്ക്ഷെയറിലുള്ള ഒരു കൽക്കരി ഖനിയിൽ ജോൺ ബ്ലെങ്കിൻസോപ് ലോക്കോമോട്ടീവുകൾക്കു വേണ്ടി പല്ലുകളുള്ള തീവണ്ടിപ്പാളം രൂപകൽപ്പന ചെയ്തു. പിന്നീട്, വില്യം ഹെഡ്ലി എൻജിന്റെ ഒന്നിലധികം ജോടി ചക്രങ്ങളിലേക്ക് ഗിയറിലൂടെ ആവിശക്തി കടത്തിവിട്ടുകൊണ്ട് പാളത്തിൽ ചക്രം പിടിച്ചു നിൽക്കുന്ന പ്രശ്നം പരിഹരിച്ചു. അതിനു ശേഷം, മിനുസമുള്ള പാളത്തിലൂടെ ട്രെയിനുകൾ ഓടാൻ തുടങ്ങി. 1820 ആയപ്പോഴേക്കും, വലുപ്പവും ഭാരവും കൂടുതലുള്ള ആവി ലോക്കോമോട്ടീവുകളെ താങ്ങിനിർത്താൻ ആറു മീറ്റർ നീളം വരുന്ന കാരിരുമ്പു പാളങ്ങൾ ഉപയോഗിച്ചു തുടങ്ങി.
1825-ൽ ഇംഗ്ലണ്ടിലെ സ്റ്റോക്ടൺ-ഡാർലിങ്ടൻ റെയിൽവേ പ്രശസ്തി നേടി. അതിനു കാരണം, അവർ നിർമിച്ച ആവിശക്തി കൊണ്ടു പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിൻ ലോകത്തിൽ ആദ്യമായി, 69 ടൺ സാധനങ്ങളും 600-ലധികം യാത്രക്കാരുമായി മണിക്കൂറിൽ 24 കിലോമീറ്റർ വേഗത്തിൽ 34 കിലോമീറ്റർ ദൂരം ഓടിത്തീർത്തത് ആയിരുന്നു. അതിലെ ഒരു യാത്രക്കാരൻ ആയിരുന്ന മേരിലാൻഡിലെ ബാൾട്ടിമോറിൽ നിന്നുള്ള അമേരിക്കൻ ഇവാൻ തോമസ്, തന്റെ നാട്ടിൽ തിരിച്ചെത്തി ബിസിനസുകാരായ സുഹൃത്തുക്കളെ ചെന്നു കണ്ടു. തങ്ങളുടെ നഗരത്തിൽ ഗതാഗതത്തിനു കനാൽ നിർമിക്കുന്നതിനു പകരം ഇരുമ്പു പാത നിർമിക്കാൻ അദ്ദേഹം അവരെ പ്രേരിപ്പിച്ചു. അങ്ങനെയാണ് 1827-ൽ ബാൾട്ടിമോർ-ഒഹായോ റെയിൽവേ രൂപംകൊണ്ടത്.
പിന്നീട്, കാരിരുമ്പിനെക്കാൾ 60 ഇരട്ടി സ്ഥിതിഗത്വമുള്ള ഉരുക്കു പാളങ്ങൾ പ്രചാരത്തിൽ വന്നു. ബ്രിട്ടനിൽ 1857 മുതലാണ് ഉരുക്കു പാളങ്ങൾ സാധാരണമായത്. 1870-ഓടെ ആ രാജ്യത്തെ റെയിൽ ശൃംഖല 20,000 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചു. അതിന്റെ ഫലങ്ങൾ “അസാധാരണം” ആയിരുന്നു എന്ന് ലണ്ടനിലെ ദ ടൈംസ് അഭിപ്രായപ്പെടുന്നു. “റെയിൽപ്പാത വന്നതിനു ശേഷമാണ് അധികം ആളുകളും ആദ്യമായി തങ്ങളുടെ ഗ്രാമത്തിനു പുറത്തു കടക്കുന്നത്.”
മറ്റു പലയിടങ്ങളിലും റെയിൽപ്പാതകൾ വ്യാപിച്ചു. ഉദാഹരണത്തിന്, 1847-ൽ സ്വിറ്റ്സർലൻഡിലെ സൂറിക്കിലുള്ള ധനികർ തങ്ങൾക്കു പ്രിയപ്പെട്ട സ്പാനീഷ് ബണ്ണുകൾ (ബ്രോട്ട്ലി) വാങ്ങിക്കൊണ്ടു വരാൻ അടുത്തുള്ള പട്ടണമായ ബാഡനിലേക്കു പുതുതായി ഉദ്ഘാടനം കഴിഞ്ഞ റെയിൽമാർഗം വേലക്കാരെ അയച്ചു തുടങ്ങി. അതാണ് സ്വിറ്റ്സർലൻഡുകാരും റെയിൽപ്പാതയും തമ്മിലുള്ള 150 വർഷം പഴക്കമുള്ള ബന്ധത്തിന്റെ തുടക്കം.
ഐക്യനാടുകളുടെ വികസനത്തിൽ റെയിൽവേ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. 1869-ൽ വടക്കേ അമേരിക്കയിൽ, പൂർവതീരത്തു നിന്നു പശ്ചിമതീരം വരെ ഭൂഖണ്ഡത്തിനു കുറുകെയുള്ള ആദ്യത്തെ റെയിൽപ്പാതയുടെ നിർമാണം പൂർത്തിയായി. അത് ഐക്യനാടുകളുടെ പശ്ചിമ ഭാഗം പെട്ടെന്നുതന്നെ കൂടുതൽ ജനസാന്ദ്രത ഉള്ളതായിത്തീരാൻ ഇടയാക്കി. 1885-ൽ കാനഡയിൽ, ക്വിബെക്കിലെ മോൺട്രിയലിൽ നിന്നു ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ വരെ ഭൂഖണ്ഡത്തിനു കുറുകെയുള്ള ആദ്യത്തെ റെയിൽപ്പാതയുടെ നിർമാണം പൂർത്തിയായി. വാസ്തവത്തിൽ, ലോകമെമ്പാടും റെയിൽവേ തഴച്ചു വളർന്നു.
ആവി എൻജിൻ വഴിമാറുന്നു
കാലം കടന്നുപോകവേ, റെയിൽവേ ഉദ്യോഗസ്ഥന്മാർ തങ്ങളുടെ സംവിധാനം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള മാർഗങ്ങൾ ആരായാൻ തുടങ്ങി. ആവി എൻജിനുകളുടെ രണ്ടര ഇരട്ടി കാര്യക്ഷമതയുള്ള ഡീസലും വൈദ്യുതിയും ഉപയോഗിച്ചുള്ള ലോക്കോമോട്ടീവുകളാണു കൂടുതൽ ലാഭകരം എന്ന് അവർ തിരിച്ചറിഞ്ഞു. ഡീസൽ എൻജിനുകൾ നിർമിക്കാൻ ആവി എൻജിനുകളെക്കാൾ കൂടുതൽ ചെലവുണ്ടെങ്കിലും അവ കൂടുതൽ ഈടു നിൽക്കും എന്നതിനാൽ കുറച്ച് എണ്ണം നിർമിച്ചാൽ മതിയാകുമായിരുന്നു. വൈദ്യുത എൻജിനുകൾ കൂടുതൽ വേഗം ഉള്ളവയായിരുന്നു എന്നു മാത്രമല്ല അതുമൂലം മലിനീകരണവും താരതമ്യേന കുറവായിരുന്നു. എന്നിട്ടും, നിരവധി രാജ്യങ്ങളിൽ ആവി എൻജിൻ തുടർന്ന് ഉപയോഗിച്ചു പോന്നു.
ഫ്രാൻസിൽ രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പു പോലും നഗരങ്ങളിൽ വൈദ്യുത ലോക്കോമോട്ടീവുകൾ ഉപയോഗത്തിൽ ഉണ്ടായിരുന്നു. പിന്നീട്, യുദ്ധത്തിനു ശേഷം അവ ദീർഘദൂര പാതകളിൽ ഉപയോഗിക്കാൻ തുടങ്ങി. അതുപോലെ, ജപ്പാനിൽ ആവി എൻജിനിൽ നിന്നു ഡീസൽ എൻജിനിലേക്കും അതിൽ നിന്നു വൈദ്യുത എൻജിനിലേക്കും ഉള്ള മാറ്റം ഏറെക്കുറെ പൂർത്തിയായി. “ഇന്ധനത്തിന്റെ തീ പിടിച്ച വില, ജോലിക്കാർക്കു കൊടുക്കേണ്ടിവരുന്ന അന്യായമായ വേതനം ഇതെല്ലാമാണ് അതിനു പ്രധാന കാരണം” എന്ന് ജപ്പാനിലെ ആവി ലോക്കോമോട്ടീവുകൾ (ഇംഗ്ലീഷ്) പറയുന്നു. അത് ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ആവി എൻജിൻ അനവധി ആധുനികർക്കു സംസ്കാര വിരുദ്ധവും അനഭിലഷണീയവും ആയിരിക്കുന്നു എന്നതാണു മറ്റൊരു പ്രധാന കാരണം. ഒരു സാധാരണ യാത്രക്കാരൻ കരിപിടിച്ച മുഖവുമായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നില്ല; സൗകര്യപ്രദമായി, വേഗത്തിൽ യാത്ര ചെയ്യാനാണ് അയാൾ ആഗ്രഹിക്കുന്നത്.” ഇൻഡ്യൻ റെയിൽവേയുടെ ഒരു വക്താവ് അതിനോടു യോജിക്കുന്നു. “എക്കാലവും ആവി എൻജിനോടു പറ്റി നിൽക്കാനാവില്ല. എല്ലാവർക്കും വേഗത്തിൽ യാത്ര ചെയ്യണം. ആവി എൻജിൻ പഴഞ്ചനായി. മാത്രമല്ല, അത് പരിസ്ഥിതിക്കും ദോഷം ചെയ്യും.”
ആധുനിക റെയിൽപ്പാതയുടെ വിജയത്തിനുള്ള താക്കോൽ വേഗതയും ഭാരം താങ്ങാനുള്ള ശേഷിയും ആയതിനാൽ റെയിൽവേ മാനേജർമാർ പുരോഗതിക്കുള്ള മറ്റു വികാസങ്ങളെ കുറിച്ചു പഠനം നടത്തിയിരിക്കുന്നു. ബ്രിട്ടനിലെ അനവധി ആധുനിക വൈദ്യുത പാസഞ്ചർ ട്രെയിനുകളിലും കോച്ചുകൾ ക്രമീകരിച്ചിരിക്കുന്നത് ഒരു പ്രത്യേക വിധത്തിലാണ്. അതിന്റെ മുന്നിൽ എൻജിനും പിന്നിൽ ഡ്രൈവിങ് മുറി സഹിതമുള്ള ഗാർഡിന്റെ വാനും ഘടിപ്പിച്ചിരിക്കുന്നു.
റെയിൽപ്പാത വൈദ്യുതീകരിക്കുന്നതു പ്രശ്നരഹിതം ആയിരുന്നില്ല. പാളങ്ങളിലൂടെ വൈദ്യുതി കടത്തിവിടുന്ന സംവിധാനവും മുകളിലൂടെയുള്ള, നേരിട്ടു വൈദ്യുതി കടത്തിവിടുന്ന വയറുകളും പ്രവർത്തനക്ഷമം ആക്കുന്നതിന് ഒട്ടനേകം വൈദ്യുതി ഉപനിലയങ്ങൾ നിർമിക്കേണ്ടത് ആവശ്യമാണ്. മുകളിലൂടെ പോകുന്ന ലോലമായ വയറുകൾ ഉപയോഗിക്കുന്ന, താരതമ്യേന ഉയർന്ന വോൾട്ടേജുള്ള പ്രത്യാവർത്തി ധാരാ വൈദ്യുതി (alternating current) സംവിധാനത്തിന്റെ കണ്ടുപിടിത്തവും, വലിപ്പവും ഭാരവും കുറഞ്ഞ വൈദ്യുത മോട്ടോറുകളുടെ പ്രവർത്തനവും കൂടെയാകുമ്പോൾ ചെലവു കുറയ്ക്കാൻ റെയിൽവേക്കു സാധിക്കുന്നു. ഇപ്പോൾ, വിവിധ വൈദ്യുത സ്രോതസ്സുകളിൽ നിന്നു വൈദ്യുതി ലഭിക്കുന്ന ദീർഘദൂര ട്രെയിനുകൾ അതാതു മാർഗങ്ങളിൽ നിർബാധം ഓടുന്നു.
ലഘു-തീവണ്ടിപ്പാള ഗതാഗതത്തിനു നവജീവൻ
ലഘു-തീവണ്ടിപ്പാള ഗതാഗതം വികസിപ്പിച്ചു കൊണ്ടാണ് ഇരുമ്പു പാത ഇപ്പോൾ തിരിച്ചുവരവു നടത്തുന്നത്.b പുതിയ ട്രാം പാതകൾ ലോകമെമ്പാടും ഉള്ള വികസ്വര നഗരങ്ങളിലെല്ലാം സ്ഥാനം പിടിക്കുകയാണ്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ, ട്രാം നിർത്തലാക്കിയതു മടയത്തരമായെന്നു ഗതാഗത ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിരിക്കുന്നതായി പറയപ്പെടുന്നു. ലഘു-തീവണ്ടിപ്പാളം അവിടെ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്.
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടനിലെ പല പട്ടണങ്ങളിൽ നിന്നും വ്യത്യസ്തമായി, മിക്ക യൂറോപ്യൻ നഗരങ്ങളും 100 വർഷം പഴക്കമുള്ള തങ്ങളുടെ ട്രാം ശൃംഖലകൾ നിലനിർത്തി. “സൂറിക്കിൽ ട്രാം രാജാവാണ്,” ദി ഇൻഡിപെന്റന്റ് പത്രം റിപ്പോർട്ടു ചെയ്യുന്നു. “ഒരു ട്രാം ട്രാഫിക് ലൈറ്റിനെ സമീപിക്കുമ്പോൾ പച്ച ലൈറ്റു തെളിയും, സിഗ്നലിനായി അതു കാത്തു നിൽക്കേണ്ടതില്ല. . . . ട്രാം എപ്പോഴും സമയനിഷ്ഠ പാലിക്കുന്നു.”
മെട്രോ അഥവാ ഭൂഗർഭ റെയിൽപ്പാത, ദശലക്ഷക്കണക്കിന് ആളുകളുള്ള നഗരങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ അഞ്ചു ലക്ഷമോ അതിൽ കുറവോ ആളുകളുള്ള നഗരങ്ങളിലാണു ട്രാം നന്നായി പ്രവർത്തിക്കുന്നത് എന്ന് ഇറ്റലിയിൽ നിന്നുള്ള ഒരു പരിസ്ഥിതിവാദി അവകാശപ്പെടുന്നു.
റോഡിലൂടെ ഓടുന്ന മറ്റു വാഹനങ്ങളെ പോലെ തന്നെയാണു ട്രാമുകളും. ട്രാമുകൾ സാധാരണ റെയിൽ ലോക്കോമോട്ടീവുകളെയും ചരക്കു തീവണ്ടികളെയും പോലെ ഭാരം വഹിക്കുന്നില്ലാത്തതിനാൽ പാളങ്ങളും പാലങ്ങളും അത്ര തന്നെ ഈടുറ്റതായിരിക്കണം എന്നില്ല. ഉള്ളിൽ എന്താണു സംഭവിക്കുന്നത് എന്നത് ട്രാമിന്റെ വലിയ ജനാലച്ചില്ലുകളിലൂടെ കാണാൻ സാധിക്കും. അതു യാത്രക്കാരന്റെ സുരക്ഷിതത്വം വർധിപ്പിക്കുന്നു. “ആധുനിക ട്രാം പാളങ്ങളുടെ അനുപമമായ ഘടന നിമിത്തം അതിൽ ട്രെയിനിന്റെ വേഗത്തിൽ ബസ്സിലെന്ന പോലെ സൗകര്യമായി യാത്ര ചെയ്യാം” എന്ന് ട്രാമിൽ നിന്ന് സൂപ്പർ ട്രാമിലേക്ക് (ഇംഗ്ലീഷ്) എന്ന ശീർഷകത്തിൽ ഇംഗ്ലണ്ടിലുള്ള ഷെഫീൽഡിലെ ഗതാഗതത്തെ കുറിച്ചു തയ്യാറാക്കിയ ഒരു പഠനം വ്യക്തമാക്കുന്നു. ട്രാമുകൾ “വൃത്തിയുള്ളതാണ്, പ്രസന്നമായ ചുറ്റുപാടു പ്രദാനം ചെയ്യുന്നു. മാത്രമല്ല, പരിസരത്തിന് അത്രകണ്ടു ഹാനികരവുമല്ല.” “തിരക്കേറിയ സമയത്തു പെട്ടെന്ന് എത്തിച്ചേരാൻ അതു മോട്ടോർ വണ്ടികളെക്കാൾ സഹായകമാണ്. കാര്യമായ പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നില്ല,” ദ ടൈംസ് അഭിപ്രായപ്പെടുന്നു.
വേഗത കൂടുതലുള്ളപ്പോൾ സുരക്ഷിതമോ?
ട്രെയിൻ ഏ ഗ്രാൻഡ് വിറ്റെസ് (റ്റിജിവി), ഇന്റർ സിറ്റി എക്സ്പ്രസ്സ്, യൂറോസ്റ്റാർ, പെൻഡോലിനോ, ജപ്പാനിലെ ഷിങ്കാൻസെൻ ബുള്ളറ്റ് ട്രെയിനുകൾ (ന്യൂ ട്രങ്ക് ലൈൻ) എന്നിങ്ങനെ അതിവേഗത്തിൽ ഓടുന്ന ആധുനിക ട്രെയിനുകൾക്കു കയ്യുംകണക്കുമില്ല. വേഗതയും സുരക്ഷിതത്വവും വർധിപ്പിക്കുക എന്നതാണു തീവണ്ടി നിർമാതാക്കളുടെ ലക്ഷ്യം. തന്മൂലം വേഗത കൂടിയ റെയിൽ ഗതാഗതം സാധ്യമാക്കാൻ അവർ നിരവധി പുതിയ രീതികൾ വികസിപ്പിച്ചിട്ടുണ്ട്. പാളങ്ങളിൽ ഒടിഞ്ഞ വളവുകൾ ഒഴിവാക്കിയതു നിമിത്തം ഫ്രാൻസിലെ റ്റിജിവി ട്രെയിനുകൾക്കു മണിക്കൂറിൽ 200-ലധികം കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്നു.
യൂറോസ്റ്റാർ ട്രെയിനുകൾ, ഇംഗ്ലീഷ് ചാനലിലൂടെ പണിതിരിക്കുന്ന ടണൽമാർഗം ലണ്ടനെ പാരീസും ബ്രസൽസുമായി ബന്ധിപ്പിക്കുന്നു. ട്രെയിനിന്റെ വേഗം കുറയ്ക്കുന്ന, ബ്രിട്ടനിലെ പഴയ പാളങ്ങൾ കടന്നു കഴിഞ്ഞാൽ യൂറോസ്റ്റാർ ട്രെയിനുകൾ ഫ്രാൻസിലൂടെയും ബെൽജിയത്തിലൂടെയും മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ പായുന്നു. തന്മൂലം, ലണ്ടനിൽ നിന്നു പാരീസിലേക്ക് മൂന്നു മണിക്കൂറും ലണ്ടനിൽ നിന്നു ബ്രസൽസിലേക്കു രണ്ടു മണിക്കൂറും 40 മിനിറ്റുമേ വേണ്ടിവരുന്നുള്ളൂ. അങ്ങനെ ഇരുമ്പു പാത ബോട്ടുകളോടും വിമാനങ്ങളോടും കിടമത്സരം നടത്തുകയാണ്. എന്നാൽ, വേഗം ഇത്രമാത്രം വർധിപ്പിക്കാൻ സാധിച്ചത് എങ്ങനെയാണ്?
ജപ്പാനിൽ, ട്രെയിൻ പാളത്തിൽ നിന്നു തെന്നിപ്പോകാതിരിക്കാൻ ഗുരുത്വകേന്ദ്രം കീഴ്ഭാഗത്തു വരുന്ന തരത്തിലുള്ള ഭാരം കുറഞ്ഞ തീവണ്ടികൾ നിർമിച്ചിരിക്കുന്നു. ഓരോ ബോഗിയിലും ചക്രങ്ങൾ ഘടിപ്പിക്കുന്ന പരമ്പരാഗത രീതിക്കു വിപരീതമായി യൂറോസ്റ്റാർ ട്രെയിനുകളിൽ (രണ്ടു ഡ്രൈവിങ് യൂണിറ്റുകൾക്കിടയിൽ മൊത്തം 18 ബോഗികൾ) രണ്ടു ബോഗികൾ ഒരു വീൽ ബോഗി പങ്കുവെക്കുന്നു. ഇത് കമ്പനവും ഭാരവും കുറയ്ക്കുന്നതോടൊപ്പം സുഗമമായ, വേഗതയേറിയ യാത്ര സാധ്യമാക്കുന്നു.
വേഗതയേറിയ ട്രെയിനുകളുടെ സിഗ്നൽ സമ്പ്രദായം പോയ കാലങ്ങളിലെ ദീപ സ്തംഭങ്ങളിൽ നിന്ന് അല്ലെങ്കിൽ ഇന്നും പരമ്പരാഗത തീവണ്ടിപ്പാളങ്ങളുടെ വശങ്ങളിൽ നാട്ടിയിരിക്കുന്ന വിളക്കുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ട്രെയിനിന്റെ വേഗം കൂട്ടുന്നത് അനുസരിച്ച്, ഡ്രൈവർ അറിയേണ്ട എല്ലാ കാര്യങ്ങളും കമ്പ്യൂട്ടറുകളിൽ തെളിഞ്ഞുവരും. സങ്കീർണമായ വാർത്താവിനിമയ സമ്പ്രദായത്തിലൂടെ മുഴു റെയിൽപ്പാതകളുടെയും നിയന്ത്രണം കേന്ദ്രീകൃത സിഗ്നൽ സ്റ്റേഷനുകൾക്ക് നിർവഹിക്കാൻ കഴിയും.
പരമ്പരാഗത പാളങ്ങളിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗം എങ്ങനെ കൂട്ടാമെന്നതു സംബന്ധിച്ചും റെയിൽവേ അധികൃതർ പരിശോധിക്കുന്നുണ്ട്. ഒരു പരിഷ്കാരമാണു ടിൽറ്റിങ് ട്രെയിൻ. ഇറ്റലിക്കും സ്വിറ്റ്സർലൻഡിനും മധ്യേ ഓടുന്ന പെൻഡോലിനോ ട്രെയിനുകൾ, സ്വീഡന്റെ X2000-നെ പോലെ, ഈ സാങ്കേതികവിദ്യ ഉപയുക്തം ആക്കിയിരിക്കുന്നു. സ്വീഡന്റെ X2000, സ്റ്റോക്ഹോമിനും യോട്ടെബോറിക്കും ഇടയ്ക്കുള്ള വളഞ്ഞു പുളഞ്ഞ പാളത്തിൽക്കൂടി മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്നു. കമ്പനം ലഘൂകരിക്കാനുള്ള ഉപകരണവും സ്വയം നിയന്ത്രിത ബോഗികളും ഉള്ളതുകൊണ്ട്, ട്രെയിൻ വളവുകളിലൂടെ ചീറിപ്പായുമ്പോൾ ഉണ്ടാകുന്ന അപകേന്ദ്രക ശക്തി (centrifugal forces) നിമിത്തം യാത്രക്കാർക്ക് അസ്വാസ്ഥ്യം ഉളവാക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകാറില്ലെന്നു തന്നെ പറയാം.
മുമ്പെന്നത്തെക്കാളും അധികം വേഗത വർധിക്കുന്നതും ഭീതിദമായി വണ്ടി പാളം തെറ്റുന്നതും സംബന്ധിച്ച റിപ്പോർട്ടുകൾ ഉള്ള സ്ഥിതിക്ക്, ഒരു ചോദ്യം ഉയർന്നു വരുന്നു: സുരക്ഷിതത്വം ബലികഴിക്കപ്പെടുകയാണോ? 1997-ൽ ബ്രിട്ടനിൽ മാരകമായ ഒരു അപകടം നടന്നപ്പോൾ ഭാവിയിൽ “അടിയന്തിര സാഹചര്യങ്ങൾ കുറേക്കൂടെ പെട്ടെന്നു തിരിച്ചറിയാൻ പാളങ്ങളുടെ ആന്തരിക സംവിധാനത്തിൽ ഡിജിറ്റൽ നിയന്ത്രണ ക്രമീകരണം ഏർപ്പെടുത്തും” എന്ന് ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്തു. ഒരു പുതിയ, സംപ്രേക്ഷണാധിഷ്ഠിത സിഗ്നൽ സംവിധാനം, റെയിൽ നെറ്റ്വർക്ക് നിയന്ത്രണ കേന്ദ്രത്തിൽ നിന്നു ഡ്രൈവറുടെ ക്യാബിനിലേക്കു നേരിട്ടു സന്ദേശങ്ങൾ എത്തിക്കും. അതിനു പുറമേ, സ്വയംപ്രവർത്തക ട്രെയിൻ സംരക്ഷണ ബ്രേക്ക് സംവിധാനം ബ്രിട്ടനിലെ എല്ലാ ട്രെയിനുകളിലും ഉണ്ടായിരിക്കും. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും മറ്റു ചിലയിടങ്ങളിലും ആ സംവിധാനം ഇപ്പോൾതന്നെ നിലവിലുണ്ട്. പാളത്തിന്റെ വശത്തുള്ള ജാഗ്രതാ സിഗ്നലുകളോടു ഡ്രൈവർ പ്രതികരിക്കാത്തപക്ഷം, സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ടു ട്രെയിൻ സ്വയം നിൽക്കും.
ഒരു കാന്തിക ഭാവിയോ?
വൻ ഭാരങ്ങൾ താങ്ങുന്ന പാളങ്ങളിലൂടെ അല്ലെങ്കിൽ നഗരത്തിലെ ഭൂഗർഭ റെയിൽപ്പാതയിലൂടെ ഉള്ള യാത്രയ്ക്കിടയിൽ കാതടപ്പിക്കുന്ന, കറകറ ശബ്ദം കേട്ടു മടുത്ത ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം സുഗമവും ശാന്തവുമായ യാത്ര അത്യന്തം ആസ്വാദ്യമാണ്. പാരീസ് ഭൂഗർഭ റെയിൽവേയിലെ ചില പാതകളിലൂടെ റബർ ടയറുകളിൽ ഓടുന്ന ട്രെയിനുകൾ നഗരവാസികൾക്ക് വളരെ ആശ്വാസപ്രദമാണ്. എന്നാൽ, ഇരുമ്പു പാതയിലെ ഏറ്റവും പുതിയ പുരോഗതിയുമായി തട്ടിച്ചുനോക്കുമ്പോൾ അത് ഏതുമല്ല.
പരമ്പരാഗത തീവണ്ടികൾ ഓടുന്ന ഉരുക്കു പാളങ്ങൾ വേഗത പരിമിതപ്പെടുത്തുന്നു. കൂടുതൽ വേഗത ആർജിക്കാൻ എഞ്ചിനീയർമാർ ഇപ്പോൾ ഒരു ലോഹ പാതയ്ക്കു മീതെ ഒഴുകി നീങ്ങുന്ന, കാന്തിക പ്ലവന ട്രെയിനുകൾ (മാഗ്ലെവ്സ്) വികസിപ്പിച്ചു വരികയാണ്. തെല്ലും ഘർഷണമില്ലാതെ, ഈ ട്രെയിനുകൾ ശക്തമായ വൈദ്യുത കാന്തങ്ങൾ ഉപയോഗിച്ച് പാളത്തിൽ നിന്നു പൊങ്ങി മണിക്കൂറിൽ 500-ൽ പരം കിലോമീറ്റർ വേഗം ആർജിക്കുന്നു. വാസ്തവത്തിൽ, ജപ്പാനിലെ ഒരു മാഗ്ലെവ് ട്രെയിൻ മണിക്കൂറിൽ 531 കിലോമീറ്റർ ദൂരം ഡ്രൈവർ സഹിതവും ഡ്രൈവറെ കൂടാതെയും ഓടിക്കൊണ്ട് വേഗതയുടെ കാര്യത്തിൽ ലോക റെക്കോർഡ് സ്ഥാപിച്ചതായി ലണ്ടനിലെ ദ ടൈംസ് 1997 ഡിസംബർ 13-നു റിപ്പോർട്ടു ചെയ്തു.
ആവി എൻജിൻ വേണമെന്നു കടുംപിടുത്തം പിടിക്കുന്നവരെയും—ആവി ലോക്കോമോട്ടീവുകളോടുള്ള പ്രതിപത്തികൊണ്ട് അവ സൂക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുന്നവർ—ഡീസൽ, വൈദ്യുത ട്രെയിനുകളോടു പ്രതിപത്തി കാട്ടുന്നവരെയും കണക്കിലെടുക്കുമ്പോൾ റെയിൽവേയുടെ ഭാവി ശോഭനമാണെന്ന കാര്യത്തിൽ ഉറപ്പുണ്ട്. ട്രെയിനുകളും പാളങ്ങളും എങ്ങനെ പുരോഗതി ആർജിക്കും എന്നും അവയ്ക്ക് പൂർണമായി മാറ്റം വരുമോ എന്നും ഒക്കെ കാലം തെളിയിക്കും. ചുരുങ്ങിയപക്ഷം, തത്കാലത്തേക്ക് എങ്കിലും ഇരുമ്പു പാതയ്ക്കു നിലനിൽപ്പുണ്ട്.
[അടിക്കുറിപ്പുകൾ]
a ദ കോംപാക്ട് എഡീഷൻ ഓഫ് ദി ഓക്സ്ഫോർഡ് ഇംഗ്ലീഷ് ഡിക്ഷനറി പറയുന്നത് അനുസരിച്ച്, “iron way” (ഇരുമ്പു പാത) “iron road” (ഇരുമ്പു വഴി) എന്നീ പദങ്ങൾ 19-ാം നൂറ്റാണ്ടിൽ ഐക്യനാടുകളിലാണ് ആദ്യമായി പ്രയോഗത്തിൽ വന്നത്.
b ലഘു-തീവണ്ടിപ്പാള വാഹനങ്ങളെ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശേഷിപ്പിക്കുന്നത്, “ട്രാമുകളുടെ സാങ്കേതിക ഉപോത്പന്നം” എന്നാണ്. ട്രാമുകൾ, അതിനായി പ്രത്യേകം വേർതിരിച്ചിരിക്കുന്ന പാളത്തിലൂടെയും സാധാരണ തെരുവുകളിലൂടെയും ഓടിക്കാൻ സാധിക്കും.
[22-ാം പേജിലെ ചതുരം]
ചക്രക്കൊട്ടാരങ്ങൾ
യോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ബ്രിട്ടന്റെ റെയിൽവേ കാഴ്ചബംഗ്ലാവിൽ രാജകുടുംബം ഉപയോഗിച്ചിരുന്ന പഴയ വാഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. 1842-നും 1977-നും ഇടയ്ക്കു ബ്രിട്ടനിൽ 28 രാജകീയ ട്രെയിനുകൾ ഓടുകയുണ്ടായി. വിക്ടോറിയ രാജ്ഞിയുടെ വാഴ്ചക്കാലത്ത് (1837-1901), അവരുടെ ഉപയോഗത്തിനായി 21 ട്രെയിനുകളെങ്കിലും നിർമിക്കുകയുണ്ടായി. ആദ്യത്തെ ട്രെയിൻ യാത്രയ്ക്കു ശേഷം, ആ അനുഭവം തനിക്കു ‘വളരെ ആസ്വാദ്യം ആയിരുന്ന’തായി അവർ പറഞ്ഞു.
വിക്ടോറിയയുടെ മകൻ, എഡ്വേർഡ് ഏഴാമൻ രാജാവ് അമ്മയ്ക്കു വേണ്ടി നിർമിച്ച ട്രെയിനുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെട്ടില്ല. പകരം, പുതിയ മൂന്നു ട്രെയിനുകൾ അദ്ദേഹം ഉപയോഗിച്ചു. പിന്നീട്, ജോർജ് അഞ്ചാമനും മേരി രാജ്ഞിയും അവ ആധുനീകരിച്ചു. മാത്രമല്ല, ആദ്യമായി ട്രെയിനിൽ കുളിമുറിയും കക്കൂസും ഉണ്ടാക്കിയതും ഇവരാണ്.
[24-ാം പേജിലെ ചതുരം]
ആദ്യം സുരക്ഷ
കുറ്റകൃത്യത്തെ നേരിടുന്നതിന്, റെയിൽവേകൾ സുരക്ഷാ സംവിധാനം കർശനം ആക്കുകയും ഒപ്പം ക്യാമറകളും പൂട്ടുകളും മറ്റും ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാൽ, കൂടുതൽ സുരക്ഷിതമായി ട്രെയിനിൽ യാത്രചെയ്യാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും? എതാനും നിർദേശങ്ങളിതാ:
• വിലപ്പെട്ട സാധനങ്ങൾ പ്രദർശിപ്പിക്കരുത്.
• കമ്പാർട്ടുമെന്റിൽ ആയിരിക്കുമ്പോൾ കതകുകൾ പൂട്ടുകയും ജനാലകൾ അടച്ചിടുകയും ചെയ്യുക.
• വിലപ്പെട്ട വസ്തുക്കൾ ലഗേജിന് ഉള്ളിൽ തുണികൾക്ക് ഇടയിലും മറ്റുമായി പല സ്ഥലത്തായി സൂക്ഷിക്കുക.
• ഭീഷണിപ്പെടുത്തുന്നപക്ഷം തിരിച്ച് ശണ്ഠ കൂടരുത്.
• കുറച്ചു മാത്രം പണമുള്ള ഒരു ഡമ്മി പേഴ്സ് കയ്യിൽ കരുതുക.
• നിങ്ങളുടെ തിരിച്ചറിയൽ പ്രമാണങ്ങളുടെ ഫോട്ടോകോപ്പികൾ കരുതുക.
[കടപ്പാട്]
ദ ഡെയ്ലി ടെലഗ്രാഫ്, മാർച്ച് 22, 1997.
[22, 23 പേജുകളിലെ ചിത്രങ്ങൾ]
1. “ലേക്ക് ഷോർ ഫ്ളയർ,” 1886, യു.എസ്.എ.
2. ഷ്വീസെർ സെൻട്രൽബാൻ, 1893
3. ക്ലാസ്സ് ബി1, 1942, ബ്രിട്ടൻ
4. ബോഡെലിബാൻ “സെഫിർ,” 1874
[കടപ്പാട്]
Early American Locomotives/ Dover Publications, Inc. പകർപ്പവകാശം: Eurostar/SNCF-CAV/Michel URTADO
[24, 25 പേജുകളിലെ ചിത്രങ്ങൾ]
1. ഷിങ്കാൻസെൻ, മോഡൽ 500, ജപ്പാൻ;
2. യൂറോസ്റ്റാർ, ഫ്രാൻസ്;
3. ട്രെയിൻ ഏ ഗ്രാൻഡ് വിറ്റെസ് (റ്റിജിവി), ഫ്രാൻസ്;
4. താലിസ് പിബിഎ ട്രെയിൻ, ഫ്രാൻസ്
[കടപ്പാട്]
പകർപ്പവകാശം: Thalys/SNCF-CAV/Jean-Jacques D’ANGELO