“പല്ലുകൾ” ഉള്ള ഒരു തീവണ്ടി
ഗ്രീസിലെ ഉണരുക! ലേഖകൻ
തഴച്ചുവളരുന്ന വൃക്ഷങ്ങൾ ഇടതൂർന്നു നിൽക്കുന്ന ജനവാസമില്ലാത്ത ഇടുങ്ങിയ ഒരു മലയിടുക്കിൻ മധ്യേ നിങ്ങൾ ആയിരിക്കുന്നതായി സങ്കൽപ്പിക്കുക. വൻ പാറകൾ അപകടകരമാം വിധം മുകളിൽ തൂങ്ങിനിൽക്കുന്നു. അതിന്റെ അടിവാരത്തിലൂടെ ഒരു നദി വളഞ്ഞുപുളഞ്ഞൊഴുകുന്നു. അതു കുത്തിയൊലിച്ചൊഴുകുകയാണ്. നിങ്ങളോടൊപ്പം ആരുമില്ലെന്നു മനസ്സിലാക്കിത്തുടങ്ങുമ്പോഴേക്കും പെട്ടെന്നു കുറച്ച് അകലെനിന്ന് എന്തോ അരഞ്ഞുപൊടിയുന്ന ഒരു കടകട ശബ്ദം നിങ്ങൾ കേൾക്കുന്നു. മമനുഷ്യന്റെ കാൽപ്പെരുമാററമേല്ക്കാത്തതും അവന് എത്തിപ്പെടാൻ പററാത്തതുമായി കാണപ്പെടുന്ന ഈ ഒററപ്പെട്ട സ്ഥലത്ത് നാം കാണുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത സംഗതിയാണ് ആധുനിക രീതിയിലുള്ള ഒരു വാഹനം. എന്നാൽ ആ ശബ്ദം കേട്ടതിൽ നമുക്കു തെറെറാന്നും പററിയിട്ടില്ല. അതാ, ഒരു തീവണ്ടി വരുകയാണ്!
ശബ്ദം അടുത്തടുത്തു വരുന്തോറും, പൊക്കമുള്ള മരങ്ങളുടെ ഇടയിലൂടെ ഒരു കൊച്ചു തീവണ്ടി വരുന്നതായി നിങ്ങൾ മനസ്സിലാക്കുന്നു. അതിനു രണ്ടു കമ്പാർട്ടുമെൻറുകളും നടുവിലായി ഒരു ഡീസൽ എഞ്ചിനും മാത്രമേ ഉള്ളൂ. അതു കുത്തനെയുള്ള മല പണിപ്പെട്ടു കയറുകയാണ്. പല്ലുകളുള്ള തിയാകോപ്റേറാൺ-കാലാവ്രീററ തീവണ്ടിപ്പാതയിലേക്കു (Rack Railway) സ്വാഗതം. യൂറോപ്പിലെ ഏററവും രസകരവും കൗതുകകരവുമായ തീവണ്ടിപ്പാതകളിൽ ഒന്നാണ് ഇത്. ഇത് ഗ്രീസിലെ പെലപ്പനീസസ് പ്രദേശത്തു സ്ഥിതിചെയ്യുന്നു. ഈ തീവണ്ടിപ്പാതയുടെ ഗ്രീക്ക് പേര് ഓതോഡോട്ടോസ് എന്നാണ്. അതിന്റെ യഥാർഥ അർഥം “പല്ലുള്ളത്” എന്നും. നിങ്ങൾ മനസ്സിലാക്കാൻ പോകുന്നതുപോലെ അതു വളരെ അനുയോജ്യമായ ഒരു പേരാണ്.
എന്തുകൊണ്ട് ആവശ്യമായിരിക്കുന്നു?
പെലപ്പനീസസിന്റെ വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന കാലാവ്രീററ പട്ടണം ചുററുമുള്ള പ്രദേശത്തിന്റെ സാമ്പത്തികവും ഭരണപരവുമായ കേന്ദ്രമാണ്. പ്രസിദ്ധിയാർജിച്ച ചില സന്ന്യാസിമഠങ്ങൾ അവിടെ അടുത്തു സ്ഥാപിതമായിരിക്കുന്നതിനാൽ മതപരവും ചരിത്രപരവുമായി പേരുകേട്ട ഒരു സ്ഥലം കൂടിയാണ് അത്. മലയുടെ താഴ്വാരത്തു സ്ഥിതിചെയ്യുന്നതിനാൽ ഈ പട്ടണം, ചുററുമുള്ള വനങ്ങളും അനേകം അരുവികളും ആരോഗ്യകരമായ കാലാവസ്ഥയും നിമിത്തം അതിന്റെ പ്രകൃതിരമണീയതക്കും വിഖ്യാതമാണ്.
19-ാം നൂററാണ്ടിന്റെ മധ്യത്തിൽ ഈ പട്ടണത്തിന്റെ ചരിത്രം അതിന്റെ പാരമ്യത്തിലായിരുന്നപ്പോൾ ഇവിടത്തെ ജനസംഖ്യ 6,000 ആയിരുന്നു. നിമ്നോന്നതമായ പർവതപ്രദേശം നിമിത്തം അതു തീരദേശ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ഒററപ്പെട്ടു കിടന്നിരുന്നു. കല്ലുപാകിയ റോഡുകളോ ഏതെങ്കിലും തരം വാർത്താവിനിമയ മാർഗങ്ങളോ അവിടെയില്ലായിരുന്നു. പട്ടണത്തിലേക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ കുതിരവണ്ടിയിലോ കഴുതവണ്ടിയിലോ അനേകം മണിക്കൂർ സഞ്ചരിക്കണമായിരുന്നു. ഈ യാത്ര തളർത്തുന്നതായിരുന്നു. കടൽത്തീരത്ത് എത്തുന്നതിനുള്ള ഏററവും എളുപ്പമാർഗം ഒരു ആഴമേറിയ മലയിടുക്കിലൂടെയുള്ള വഴിയായിരുന്നു. അതിന്റെ അടിവാരത്തിലൂടെയാണ് വൂരെയ്കോസ് നദി ഒഴുകുന്നത്. ഈ നദി തിയാകോപ്റേറാൺ ഗ്രാമത്തിൽ ചെന്നവസാനിക്കുന്നു.
ഇത് ഉപയോഗപ്രദവും കൗതുകകരവുമായ ഒരു തീവണ്ടിപ്പാത, തീരദേശ പട്ടണങ്ങളുടെ മർമപ്രധാനമായ ഒരു ജീവനാഡി, ആയിത്തീരേണ്ടതാണെന്ന് ഈ നൂററാണ്ടിന്റെ ആരംഭത്തിനു മുമ്പേ തീരുമാനിച്ചതാണ്. എന്നിരുന്നാലും, തീവണ്ടിപ്പാത കടന്നുപോകുന്ന വഴിയിൽ വളരെ കുത്തനെയുള്ള ചെരിവുകൾ ഉണ്ടായിരിക്കുമെന്ന് എഞ്ചിനീയറിങ് പഠനങ്ങൾ വെളിപ്പെടുത്തി. ഇതിന് ആവശ്യമായിരുന്നത് പല്ലുകളോടു കൂടിയ പാളങ്ങളുള്ള ഒരു തീവണ്ടിപ്പാത ആയിരുന്നു.
എന്താണ് പല്ലുകളുള്ള തീവണ്ടിപ്പാത അഥവാ പൽച്ചക്ര റെയിൽവേ? കുത്തനെയുള്ള ഭൂപ്രദേശത്തിനുവേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു തീവണ്ടിപ്പാതയാണ് അത്; ഇത്തരം തീവണ്ടിപ്പാതയ്ക്കു സാധാരണ പാളങ്ങളുടെ ഇടയിൽ പല്ലുകളോടു കൂടിയ ഒരു പാളം, ഒരു സ്ററീൽ റാക്ക് പാളം ഉണ്ടായിരിക്കും. എഞ്ചിനിലെ വൃത്താകൃതിയിലുള്ള ഒരു ഗിയർ ഈ പാളത്തിൽ പിടിച്ചിരിക്കും. കയററം കയറുമ്പോൾ തീവണ്ടി പിറകോട്ടും ഇറക്കം ഇറങ്ങുമ്പോൾ മുമ്പോട്ടും തെന്നിപ്പോകാതിരിക്കാൻ ഇതു സഹായിക്കുന്നു.
പല്ലുകളുള്ള തിയാകോപ്റേറാൺ-കാലാവ്രീററ തീവണ്ടിപ്പാതയുടെ പരമാവധി ചരിവ് 7-ൽ 1 (ഏഴു മീററർ തിരശ്ചീന തലത്തിന് ഒരു മീററർ ലംബമാന ചരിവ്) ആണ്. ഇത് ഈ റൂട്ടിൽ മൂന്നു വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്നു. അങ്ങനെ തീവണ്ടിപ്പാതയുടെ ഈ മൂന്നു ഭാഗങ്ങളിൽ വരുമ്പോഴും ഡ്രൈവർക്ക് തീവണ്ടി നിർത്തി ഗിയർ റാക്കിൽ ഘടിപ്പിച്ച് കുറഞ്ഞ വേഗതയിൽ ഓടിക്കേണ്ടിവരുന്നു.
ക്ലേശകരമായ നിർമിതി
ഈ ഭൂപ്രദേശം തീവണ്ടിപ്പാത കടന്നുപോകാൻ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നതിനാൽ അതിന്റെ നിർമിതി ഒരു വൻ എഞ്ചിനീയറിങ് സാഹസമായിരുന്നു. ഒരു ഇററാലിയൻ നിർമാണ കമ്പനിക്കാണ് ജോലി നിയമിച്ചു കൊടുത്തത്. അത് 1891-ൽ നിർമാണം ആരംഭിച്ചു. നിർമാണം എളുപ്പമാക്കാൻ ഒരു നാരോ-ഗേജ് ലൈനാണ് (75 സെൻറിമീററർ) തിരഞ്ഞെടുത്തത്.
അഞ്ചു വർഷത്തിനുശേഷം 1896-ൽ ടൺ കണക്കിനു പാറ നീക്കം ചെയ്തു. മലയിലുള്ള പാറക്കെട്ടിലൂടെ ഒമ്പതു തുരങ്കങ്ങൾ തുരന്നുണ്ടാക്കുകയും ആറു പാലങ്ങൾ പണികഴിപ്പിക്കുകയും ചെയ്തു. തുടക്കത്തിൽ എല്ലാ പാലങ്ങളുടെയും പണി കല്ലുകൊണ്ട് കമാനാകൃതിയിൽ ഉള്ളതായിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞപ്പോൾ അവയിൽ ചിലതു പൊളിച്ചുമാററി പകരം സ്ററീൽ പാലങ്ങൾ പണിതു. 720 മീററർ ഉയരത്തിലേക്ക് കയറിപ്പോകുന്ന 23 കിലോമീററർ ദൂരം വരുന്ന ഒരു പുതുപുത്തൻ റെയിൽവേ തയ്യാറായിക്കഴിഞ്ഞിരുന്നു. ഇപ്പോൾ നിങ്ങൾക്കു പശ്ചാത്തലം മനസ്സിലായി. തീവണ്ടിയിൽ കയറി അതിന്റെ വശ്യസുന്ദരമായ പോക്ക് ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ആവേശംകൊള്ളിക്കുന്ന ഒരു വഴി
തീരദേശ തിയാകോപ്റേറാണിൽനിന്ന് നമുക്കു രാവിലെയുള്ള 1328-ാം നമ്പർ ട്രെയിനിൽ കയറാം. യാത്ര ആരംഭിക്കുമ്പോൾ നാം ശാന്തമായും സാവധാനത്തിലുമാണ് ഗ്രാമത്തിലൂടെ കടന്നുപോകുന്നത്. നമ്മൾ അത്യന്തം ആകാംക്ഷയുള്ളവരാണെങ്കിലും ഈ തീവണ്ടിയിൽ അനേക തവണ കയറിയിട്ടുള്ള ഗ്രാമവാസികൾ അതിനെ ഒന്നു തിരിഞ്ഞുനോക്കാൻ പോലും കൂട്ടാക്കുന്നില്ല. എന്നാൽ ആവേശത്തിനൊട്ടും കോട്ടം തട്ടാതെ നമ്മൾ തുടരുകയാണ്.
ഏതാനും നിമിഷം കഴിയുമ്പോൾ നമ്മൾ ഭയങ്കരമായ ഒരു മലയിടുക്കിന്റെ കവാടത്തിങ്കൽ എത്തുന്നു. അത് ആവേശംകൊള്ളിക്കുന്ന ഒരു കാഴ്ചയാണ്. നിറഞ്ഞൊഴുകുന്ന നദി ഇടതുവശത്ത്. മുകളിൽ ഭയാനകമാംവിധം തൂങ്ങിനിൽക്കുന്ന വൻ പാറകൾ. പൈൻമരങ്ങൾ അപകടകരമാംവിധം അതിൽ വേരുറപ്പിച്ചിരിക്കുന്നു. നദിയാണെങ്കിൽ താഴെ പാറകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് സ്വച്ഛന്ദം അതിന്റെ വഴിക്കൊഴുകുകയാണ്.
ഇടതൂർന്നു തഴച്ചുവളരുന്ന വൃക്ഷലതാദികൾ. വൻ പ്ലാററനസ് മരങ്ങളുടെയും ഫേഗസ് സിൽവേററിക്കാ മരങ്ങളുടെയും കാടുകളിലൂടെ നമ്മുടെ തീവണ്ടി ഒളിച്ചുനീങ്ങുന്നതുപോലുണ്ട്. അവയുടെ ശാഖകൾ നമ്മുടെ തീവണ്ടിയെ മിക്കവാറും തന്നെ തൊട്ടുരുമ്മുന്നുണ്ട്. റെയിൽവേ പ്രവർത്തനം ആരംഭിച്ചിട്ട് ഇപ്പോൾ ഏതാണ്ട് ഒരു നൂററാണ്ടായെങ്കിലും ഈ മലയിടുക്കിന്റെ ചില ഭാഗങ്ങൾ ഒട്ടും ചെന്നെത്താൻ പററാത്ത അവസ്ഥയിലാണ്. അതായത് അവയുടെ സൗന്ദര്യം യാത്രക്കാരന്റെ കണ്ണു മാത്രം കണ്ടാൽ മതിയെന്ന്.
നമ്മൾ നീയാമാട്ടായിൽ എത്തിച്ചേരുന്നു. അതാണ് ആദ്യത്തെ തീവണ്ടിസ്റേറാപ്പ്. അവിടെയെത്തുമ്പോൾ ആ പ്രദേശത്തെ ഏതാനും കർഷകർ തീവണ്ടിയിൽ നിന്നിറങ്ങി കാൽനടയായി തങ്ങളുടെ വയലുകളിലേക്കു പോകുന്നു. നമ്മൾ മുമ്പോട്ടു നീങ്ങുന്തോറും ഭൂപ്രദേശം കൂടുതൽക്കൂടുതൽ ചെങ്കുത്താകുകയാണ്. പെട്ടെന്നു തീവണ്ടി നിൽക്കുന്നു. കുഴപ്പമൊന്നുമുണ്ടായിട്ടല്ല. എന്നാൽ സൂക്ഷിച്ചു മുന്നോട്ടു നീങ്ങുന്നതിനു ഡ്രൈവർക്കു പല്ലുകളുള്ള നടുവിലത്തെ പാളം ഉപയോഗിക്കേണ്ടിയിരിക്കുന്നു. എഞ്ചിൻ ഗിയർ റാക്കിൽ പിടിപ്പിക്കുന്നതു നമുക്കറിയാം. പല്ലുകളുള്ള പാളത്തിലെ പിടുത്തം വണ്ടി ഒരേ വേഗതയിൽ പോകാൻ സഹായിക്കുന്നു. കുഴപ്പമൊന്നും ഇല്ലെന്ന് നമ്മുടെ അടുത്തിരിക്കുന്ന പരിചയസമ്പന്നനായ യാത്രക്കാരൻ കൂടെക്കൂടെ പറയുന്നുണ്ടെങ്കിലും വളരെ കുത്തനെയുള്ള കയററം നോക്കി കാണുമ്പോൾ നമുക്ക് അൽപ്പം പരിഭ്രാന്തി തോന്നുന്നു.
മലയിടുക്കിന്റെ കൂടുതൽ വിസ്താരമുള്ള ഭാഗങ്ങളുടെ പാർശ്വങ്ങളിലുടനീളം വലിയ ഗുഹകൾ കാണാം. ആ പ്രദേശത്തെ ആളുകൾ അവ ആട്ടിൻത്തൊഴുത്തുകളായി ഉപയോഗിക്കുന്നു. ഇടതുവശത്താണെങ്കിൽ, മുകളിൽനിന്നോ വശങ്ങളിൽനിന്നോ താഴോട്ടും തറയിൽനിന്നു മേലോട്ടും വളർന്നുനിൽക്കുന്ന ഹൃദയഹാരിയായ ചുണ്ണാമ്പുകൽപ്പുററുകളുള്ള (stalactites, stalagmites) ചെറുതരം ഗുഹകളുണ്ട്. മലയിടുക്കിന്റെ നാനാവശങ്ങളിൽനിന്നും വലിയ വെള്ളച്ചാട്ടങ്ങളുണ്ട്. മലയിടുക്കിന്റെ ആകൃതി നിമിത്തം മുഴക്കത്തോടുകൂടിയ അവയുടെ ശബ്ദം ഒന്നുകൂടി ശക്തിപ്പെടുന്നു. മലയിടുക്കിന്റെ ഇടതുഭാഗത്ത് ഉരുൾപൊട്ടലുകൾ അത്ര സ്ഥിരമല്ലാത്ത വെള്ളച്ചാട്ടങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. നദി നിറഞ്ഞുകവിയുമ്പോൾ അവയെ ഒഴുക്കിക്കൊണ്ടു പോകും. തീവണ്ടിയിൽ യാത്ര ചെയ്യുന്നതിനു പകരം നടക്കാൻ തീരുമാനിച്ച ചില കരുത്തരായ മനുഷ്യരെ നാം കടന്നുപോകുന്നു.
നാം പൊക്കമുള്ള ഒരു പാലത്തിലൂടെ കടന്നുപോകുമ്പോൾ മലയിടുക്കും നദിയും കൂടുതൽ ആഴമുള്ളതായിത്തീരുന്നു. ഒരു സ്ഥലത്തു ചെല്ലുമ്പോൾ മലയിടുക്കു തീരെ ഇടുങ്ങിയതാണ്, അതായത് വീതി കഷ്ടിച്ച് രണ്ടു മീററർ മാത്രം. അവിടെ ചെല്ലുമ്പോൾ കുത്തനെയുള്ള ചെരിവിനു സമാന്തരമായുള്ള ഒരു തുരങ്കത്തിലൂടെ തീവണ്ടിക്കു കടന്നുപോകേണ്ടിവരുന്നു.
തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും പിന്നെയും കടന്നുപോകുന്ന നാം ഒടുവിൽ മലയിടുക്കു പിന്നിട്ട് ഒരു ഇടുങ്ങിയ താഴ്വരയിലെത്തുന്നു. അധികം താമസിയാതെ നാം രണ്ടാമത്തെ സ്റേറാപ്പിൽ എത്തിച്ചേരുകയായി, അതായത് കാറേറാ സാഖ്ളോരു എന്ന ഗ്രാമം. ആ കൊച്ചു സ്റേറഷനിൽ നാട്ടിയിരിക്കുന്ന ചൂണ്ടു പലകയിൽ ഉയരം 601 മീററർ എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഈ ഗ്രാമത്തിൽ താഴ്വരയുടെ ഇരുവശങ്ങളിലുമായി ഏതാനും വീടുകൾ പണിതിട്ടുണ്ട്. അവ പ്ലാററനസ് മരങ്ങളുടെയും അകരോട്ടു മരങ്ങളുടെയും ഇടയിൽ മറഞ്ഞുകിടക്കുകയാണ്. ഞങ്ങൾക്കു വായുവിലുള്ള കനത്ത ഈർപ്പം അനുഭവപ്പെടുന്നു. ഗ്രാമവാസികളോടു ചോദിക്കുകയാണെങ്കിൽ ഈ ഇരുളടഞ്ഞ താഴ്വരയിലെ തങ്ങളുടെ ജീവിതത്തിൽ അധികമൊന്നും സൂര്യപ്രകാശം ആസ്വദിച്ചിട്ടില്ലെന്ന് അവർ ഉടനെ പറയും. താഴ്വരയുടെ ആകൃതിയും മരങ്ങളുടെ വലിപ്പവും കാരണം ഓരോ ദിവസവും ഏതാനും മണിക്കൂർ മാത്രമേ സൂര്യൻ ദൃശ്യമായിരിക്കൂ. മഞ്ഞുകാലത്താണെങ്കിൽ അതിലും കുറവായിരിക്കും.
കാറേറാ സാഖ്ളോരു കഴിഞ്ഞ് മുമ്പോട്ടു പോകുമ്പോൾ തീവണ്ടി കുറച്ചുകൂടെ നിരപ്പായ ഒരു പാതയിലൂടെ ഇഴഞ്ഞുനീങ്ങുന്നു. വൂറെയ്ക്കൊസ് നദിയും ആ പാതയോടൊപ്പം ഒഴുകുന്നു. ആ പാത അരളിമരങ്ങളെയും യൂക്കാലിപ്ററസ് മരങ്ങളെയും കടന്നുപോകുന്നു. 65 മിനിററ് നേരത്തെ കൗതുകകരമായ ഒരു സവാരിക്കുശേഷം പ്രഭാതത്തിലെ മൂടൽമഞ്ഞിലൂടെ കാലാവ്രീററയിലെ കെട്ടിടങ്ങൾ നമുക്കു കാണായ് വരുന്നു. ഈ പട്ടണത്തിൽ ഏതാണ്ട് 3,000 പേർ മാത്രമേ പാർക്കുന്നുള്ളൂ. എങ്കിലും അതു വർഷത്തിന്റെ എല്ലാ സീസണിലും അനേകം വിനോദയാത്രികരെ ആകർഷിക്കുന്നു. ചിലർ വരുന്നത് അടുത്തുള്ള സ്കേററിങ് സങ്കേതത്തിൽ വിനോദിക്കുന്നതിനാണ്. അതേസമയം അവിടത്തെ നല്ല കാലാവസ്ഥയും സ്വാദേറിയ ഭക്ഷണവും ആസ്വദിക്കാനാണ് മററുചിലരുടെ വരവ്.
‘നിങ്ങളുടെ സ്വന്തം വീട്ടിലേക്കാളേറെ സുരക്ഷിതം’
തീവണ്ടിയിൽനിന്ന് ഇറങ്ങിയപ്പോൾ, സുഖമായും ഭദ്രമായും നമ്മെ ഇവിടെ എത്തിച്ച തീവണ്ടി ഡ്രൈവർ യോയാനിയുമായി നാം കുശലപ്രശ്നം നടത്തുന്നു. “എപ്പോഴും ഞാൻ ഈ സവാരി ആസ്വദിക്കുന്നു,” അടക്കിയ സംതൃപ്തിയോടെ അദ്ദേഹം പറയുന്നു. എന്തോ ഓർമിക്കുന്നതുപോലെ കണ്ണുകൾ ഉയർത്തിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “എന്നാൽ മഞ്ഞുകാലത്ത് വല്യ കഷ്ടമാണ്. നിങ്ങൾക്ക് അറിയാവുന്നതുപോലെ എല്ലായ്പോഴും തീവണ്ടിയിൽ നിറയെ ആൾക്കാർ കാണില്ല. അപ്പോൾ ഈ ഭയങ്കരമായ മലയിടുക്കിന്റെ നടുവിൽ വല്ലാത്ത ഏകാന്തത അനുഭവപ്പെടും. അതുകൂടാതെ ഉരുൾപൊട്ടലുകളും ഹിമവും ശൈത്യവും കഠിനമായ മൂടൽമഞ്ഞും അനുഭവിക്കേണ്ടിവരും. എന്നാൽ ഏതെങ്കിലും ‘സാധാരണമായ’ ഒരു റൂട്ടിനുവേണ്ടി ഞാൻ ഇതു കൈമാറില്ല.”
ഈ തീവണ്ടിപ്പാതയുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചോദിക്കുമ്പോൾ യോയാനിക്കു പൂർണ ഉറപ്പാണ്: “ഈ തീവണ്ടിയിൽ ഇരിക്കുമ്പോൾ നിങ്ങൾ സ്വന്തം വീട്ടിലിരിക്കുന്നതിനെക്കാളേറെ സുരക്ഷിതരാണ്!” ഈ റെയിൽവേയുടെ 100 വർഷം പൂർത്തിയാകാറായ ചരിത്രത്തിൽ ഗുരുതരമായ പരിക്കുകളൊന്നുമില്ലാതെ നിസ്സാരമായ ഒരു അപകടമേ ആകെ ഉണ്ടായിട്ടുള്ളൂ എന്നതാണ് വസ്തുത.
1940-കളിലും 1950-കളിലും കാലാവ്രീററ എന്ന വിദൂര പട്ടണ നിവാസികളുടെയും എത്തിപ്പെടാൻ പ്രയാസമായ ചുററുമുള്ള ഗ്രാമവാസികളുടെയും പക്കൽ യഹോവയുടെ രാജ്യത്തിന്റെ “സുവാർത്ത” എത്തിക്കാൻ ഉപയോഗിച്ചുവന്ന മാർഗം അനന്യസാധാരണമായ ഈ തീവണ്ടിയായിരുന്നു. (മർക്കോസ് 13:10) അതിന്റെ ഫലമായി, ഇന്ന് യഹോവയുടെ സാക്ഷികളുടെ ചെറുതെങ്കിലും ഊർജസ്വലമായ ഒരു സഭ കാലാവ്രീററയിലുണ്ട്.
അതുകൊണ്ട് നിങ്ങൾ ഗ്രീസ് സന്ദർശിക്കുന്നെങ്കിൽ നിങ്ങളുടെ പര്യടന പ്ലാനിൽ തിയാകോപ്റേറാൺ-കാലാവ്രീററ ഓതോഡോട്ടോസ് എന്ന “പല്ലുകൾ” ഉള്ള തീവണ്ടിയെക്കൂടെ എന്തുകൊണ്ട് ഉൾപ്പെടുത്തിക്കൂടാ? സംശയലേശമെന്യേ, നിങ്ങൾക്ക് അത് പ്രതിഫലദായകമായ ഒരു അനുഭവമായിരിക്കും—ദീർഘകാലത്തേക്ക് ഓർമിക്കാനുള്ള ഒന്നുതന്നെ!
[21-ാം പേജിലെ ചതുരം]
“കോടതി മുറി”
തീവണ്ടിപ്പാതയുടെ ഓരത്തു സ്ഥിതിചെയ്യുന്ന ഒരു വൻ ഗുഹക്ക് അവിടത്തെ നാട്ടുകാർ വിളിക്കുന്ന പേരാണ് ഇത്. എന്തുകൊണ്ട്? കൊള്ളാം, ഈ ഗുഹയിലെ സ്ററാലക്റൈറററുകളുടെയും സ്ററാലഗ്മൈററുകളുടെയും ആകൃതി കണ്ടാൽ ശരിക്കും ഒരു കോടതിമുറിയാണെന്നു തോന്നും. പശ്ചാത്തലം നോക്കുമ്പോൾ ബഞ്ചിൽ “ജഡ്ജിമാർ” ഇരിക്കുന്നത് നിങ്ങൾക്കു കാണാൻ കഴിയും—സ്ററാലഗ്മൈററുകളുടെ തൂണുകൊണ്ടുണ്ടായ അന്തസ്സുള്ള രൂപങ്ങൾ. ഇരുവശങ്ങളിലും കൂടുതൽ സ്ററാലഗ്മൈററുകൾ “സാക്ഷിക”ളുടെയും “അഭിഭാഷക”രുടെയും രൂപത്തിൽ ഇരുന്ന് നടപടികൾ വീക്ഷിക്കുന്നു. ഒടുവിൽ, ഗുഹയുടെ വാതുക്കൽ, കുററംവിധിക്കപ്പെട്ട് വധിക്കപ്പെട്ട് മേൽക്കൂരയിൽ നിന്നു തൂങ്ങിക്കിടക്കുന്ന ജീവനററ “പ്രതികളെ” കാണാം. അതു നീണ്ട രണ്ട് സ്ററാലക്റൈറററുകളാണ്.
[22-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
“പല്ലുകൾ” ഉള്ള തീവണ്ടി പോകുന്ന റൂട്ട്
ഗ്രീസ്
തിയാകോപ്റേറാൺ → കാറേറാ സാഖ്ളോരു → കാലാവ്രീററ
[23-ാം പേജിലെ ചിത്രങ്ങൾ]
മുകളിലത്തെ ഇൻസെററ്: മെഗാ സ്പീൽയാൺ റെയിൽവേ സ്റേറഷൻ
താഴെ: “പല്ലുകൾ” ഉള്ള തീവണ്ടി ഒരു ഇടുങ്ങിയ പർവതശിഖരം കയറുന്നു