രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഒരു തീവണ്ടിയാത്രാപ്രിയൻ സത്യം പഠിക്കുന്നു
ഒരു വ്യക്തിയുടെ ഹൃദയം നീതിയോടു പ്രതിപത്തിയുള്ളതാണെങ്കിൽ, യഹോവയാം ദൈവം, യേശുക്രിസ്തുവിനെയും സ്വർഗീയ ദൂതൻമാരെയും ഉപയോഗിച്ചുകൊണ്ട്, ചെമ്മരിയാടു തുല്യനായ അത്തരമൊരു വ്യക്തി രാജ്യസുവാർത്തയുമായി കാലക്രമത്തിൽ സമ്പർക്കത്തിൽ വരുന്നെന്ന് ഉറപ്പുവരുത്തും. തക്കസമയത്ത് ആ വ്യക്തി യേശുവിന്റെ പ്രീതിയാകുന്ന വലതു വശത്തേക്കു വന്നേക്കാം. (മത്തായി 25:31-33) അനുപമമായ ഒരു വിധത്തിൽ സത്യവുമായി പരിചയപ്പെട്ട ഓസ്ട്രിയയിലെ ഒരു യുവ തീവണ്ടിയാത്രാപ്രിയനെ സംബന്ധിച്ച് ഇതു സത്യമായിരുന്നു.
റെയിൽവേ അധികാരികളുടെ അനുമതിയോടെ തീവണ്ടിയുടെ ഡ്രൈവർ-കാബിനിൽ കയറിപോകുകയെന്നത് ഈ യുവാവിന്റെ ഹോബിയുടെ ഏററവും രസകരമായ ഭാഗമായിരുന്നു. വീട്ടിൽവെച്ചു വീണ്ടും കാണേണ്ടതിന് ഓരോ യാത്രയും അയാൾ തന്റെ വീഡിയോ ക്യാമറയിൽ പകർത്തി. വിയന്നയിൽനിന്നു സാൾസ്ബർഗിലേക്ക് അയാൾ യാത്ര ചെയ്ത തീവണ്ടിയുടെ എൻജിൻ-ഡ്രൈവർ യഹോവയുടെ സാക്ഷികളിൽ ഒരുവനായിരുന്നു. അദ്ദേഹം തീവണ്ടിയാത്രാപ്രിയനുമായി രാജ്യത്തെക്കുറിച്ചു സംസാരിക്കാൻ ആ അവസരം ഉപയോഗിച്ചു. ദൈവത്തെയും ബൈബിളിനെയും കുറിച്ച് ഒരു എൻജിൻ-ഡ്രൈവർ സംസാരിക്കുന്നതു കേൾക്കുന്നതിൽ ആദ്യം ഈ യുവാവ് അത്ഭുതപ്പെട്ടു, എന്നാൽ യാത്രാവേളയിൽ ഡ്രൈവർ അയാളോടു പറഞ്ഞതിനെക്കാൾ പ്രകൃതി ദൃശ്യങ്ങളിലായിരുന്നു അയാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
വീട്ടിലെത്തിയശേഷം ഈ യുവ ഉത്സാഹി തന്റെ വീഡിയോ റിക്കാർഡിംഗ് വീക്ഷിച്ചു, ഒരിക്കലല്ല, പത്തു പ്രാവശ്യം, കാരണം ഈ യാത്രയിൽ അയാൾ വളരെ തത്പരനായിരുന്നു. അയാൾ ശബ്ദലേഖനവും ചെയ്തിരുന്നതുകൊണ്ട്, സാക്ഷി അദ്ദേഹത്തോടു പറഞ്ഞത് അയാൾ ആവർത്തിച്ചുകേട്ടു. അയാൾ വീഡിയോ എത്രയധികം വീക്ഷിച്ചോ, അത്രയധികമായി തന്നോടു പറയപ്പെട്ടത് അയാൾക്കു സുപരിചിതമായി. പിന്നെ, അയാൾ അതിനെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി, ഒടുവിൽ ബൈബിളിൽനിന്ന് അയാൾക്കു ലഭിച്ച അത്ഭുതകരമായ അറിവു സംബന്ധിച്ച് അയാൾ ഉത്സാഹഭരിതനായിത്തീർന്നു. അയാൾ കൂടുതൽ അറിയാനാഗ്രഹിച്ചു.
എൻജിൻ-ഡ്രൈവറുടെ പേര് അയാൾക്ക് ഓർമയുണ്ടായിരുന്നു. വിയന്നയിൽ എവിടെയോ ആണ് അയാൾ ജീവിക്കുന്നതെന്നും അറിയാമായിരുന്നു. അതുകൊണ്ട് അയാൾ പോസ്ററ് ഓഫീസിലേക്കു പോയി, ഡയറക്ടറിയിൽ ആ പേരിനു കീഴെ വരുന്ന ഓരോ നമ്പരും ഒന്നിനുപിറകെ ഒന്നായി ഡയൽ ചെയ്യാൻ തുടങ്ങി. ഫോൺ എടുക്കുന്നവരോട് അയാളുടെ ചോദ്യം “താങ്കൾ ഒരു ട്രെയിൻ ഡ്രൈവറാണോ?” എന്നായിരുന്നു. അല്ല എന്നാണ് ഉത്തരമെങ്കിൽ അയാൾ മറെറാരു നമ്പർ വിളിക്കും. അവസാനം, അയാൾ ഡ്രൈവറെ കണ്ടെത്തി. അയാൾ തന്റെ കഥയും താൻ വീഡിയോയിൽ കേട്ട ബൈബിൾ സന്ദേശത്തിൽ തത്പരനാണെന്നും അദ്ദേഹത്തോടു പറഞ്ഞു.
ഈ യുവാവിന്റെ അടുത്തു താമസിക്കുന്ന ഒരാൾ അയാളെ സന്ദർശിക്കാൻ ആ സാക്ഷി ബ്രാഞ്ച് ഓഫീസിലൂടെ ക്രമീകരണങ്ങൾ ചെയ്തു. ആകസ്മികമെന്നു പറയട്ടെ, പ്രാദേശിക സഭയിലുണ്ടായിരുന്ന ഒരു സാക്ഷിയും തീവണ്ടിയുടെ എൻജിൻ-ഡ്രൈവറായിരുന്നു. രണ്ടാമത്തെ ഈ എൻജിൻ-ഡ്രൈവർ പ്രസ്തുത തീവണ്ടി-പ്രേമിയെ സന്ദർശിക്കയും ഒരു ബൈബിൾ അധ്യയനം ആരംഭിക്കുകയും ചെയ്തു. ഈ ചെറുപ്പക്കാരൻ 1991-ലെ വേനൽക്കാലത്തു സ്നാപനമേററു.
ഈ വ്യക്തിക്കു നീതിയോട് ഒരു ആത്മാർഥ സ്നേഹമുണ്ടായിരുന്നു എന്നു സകല ഹൃദയങ്ങളെയും പരിശോധിക്കുന്ന യഹോവ കണ്ടിരിക്കണം. തൻമൂലം, അയാളെ അവിടുന്നു ബൈബിൾ സത്യവുമായി സമ്പർക്കത്തിൽ വരുത്തി—ഒരു അനുപമമായ വിധത്തിലാണെങ്കിൽക്കൂടി.—1 ദിനവൃത്താന്തം 28:9; യോഹന്നാൻ 10:27.
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of the Austrian Railways