യൂഗോസ്ലാവിയ—വശ്യമായ വൈവിദ്ധ്യത്തിന്റെ നാട്
യുഗോസ്ലാവിയായിലെ ഉണരുക! ലേഖകൻ
യൂഗോസ്ലാവിയൻ ഭാഷയിൽ നിങ്ങളിതിന് എന്തുപറയും?” ഒരു വിദേശിയിൽ നിന്നുമുണ്ടാകുന്ന ഇത്തരം ഒരു ചോദ്യത്തിന് കുറഞ്ഞത് മൂന്ന് വ്യത്യസ്ത ഉത്തരങ്ങളിൽ ഒന്ന് ലഭിച്ചേക്കാം—ഓരോന്നും ഓരോ വ്യത്യസ്ത ഭാഷയിൽ! അതുമല്ല. ഒരു യൂഗോസ്ലാവിയക്കാരനോട്, “നിങ്ങൾ ഏത് രാജ്യക്കാരനാണ്?” എന്ന് ചോദിച്ചാൽ ലഭിക്കുന്നതോ, കുറഞ്ഞത് ആറ് വ്യത്യസ്ത മറുപടികളിൽ ഏതെങ്കിലും ഒന്നായിരിക്കും—അവയിലൊന്നുപോലും “യൂഗോസ്ലാവിയക്കാരൻ” എന്നായിരിക്കുകയുമില്ല!
വാസ്തവത്തിൽ, അതിശയിപ്പിക്കുന്ന വൈവിദ്ധ്യത്തിന്റെ ഒരു നാടാണ് യൂഗോസ്ലാവിയ. അതിന്റെ ഭൂമിശാസ്ത്രം തന്നെയാണ് അതിനെ അപ്രകാരമാക്കുന്നത്. യൂറോപ്പിന്റെ ദക്ഷിണപൂർവ്വ ഭാഗത്തായി ബാൾക്കൻ പെനിൻസുലയിലാണ് യൂഗോസ്ലാവിയ സ്ഥിതിചെയ്യുന്നത്, അതിന്റെ പടിഞ്ഞാറായി അഡ്രിയാട്ടിക് കടലും. ഏഴു രാഷ്ട്രങ്ങളോട്—ഇററലി, ഓസ്ട്രിയ, ഹംഗറി, റൊമാനിയ, ബൾഗേറിയ, ഗ്രീസ്, അൽബേനിയ—തോളുരുമ്മി നിലകൊള്ളുന്ന യൂഗോസ്ലാവിയ വിവിധങ്ങളായ സാംസ്കാരിക സ്വാധീനങ്ങൾക്ക് വിധേയമാണ്.
കാലാവസ്ഥ പോലും വൈവിദ്ധ്യമാർന്നതാണ്. തീരപ്രദേശങ്ങളിൽ ഉഷ്ണമേറിയ, വരണ്ടവേനലും മഴയോടുകൂടിയ ശൈത്യവും; പർവ്വതപ്രദേശങ്ങളിൽ ഹ്രസ്വമായ തണുത്ത വേനലും ദീർഘമായ മഞ്ഞുമൂടിയ ശൈത്യവും; ഉത്തര സമതലങ്ങളിൽ ചൂടുള്ള വേനലും തണുപ്പുള്ള ശൈത്യവും. ഇതെല്ലാം കേവലം 600 മൈൽ ദൈർഘ്യത്തിലും ഏററവും വീതിയേറിയ ഭാഗത്ത് കിഴക്കു മുതൽ പടിഞ്ഞാറ് വരെ 400 മൈൽ വീതിയിലുമായി മാത്രം വ്യാപിച്ചുകിടക്കുന്ന ഒരു രാജ്യത്തിലാണ്.
ജനതകളുടെ ഒരു രാഷ്ട്രം
അവിടുത്തെ ജനങ്ങളുടെ ഇടയിൽ ഇതിലുമേറെ വൈജാത്യം ദർശിക്കാൻ കഴിയും. 1987-ലെ കണക്കനുസരിച്ച്, ഈ രാഷ്ട്രത്തിലെ 235 ലക്ഷം വരുന്ന നിവാസികളിൽ ഒരു ചെറിയ അനുപാതം മാത്രമേ തങ്ങൾ യൂഗോസ്ലാവിയക്കാർ (ദക്ഷിണ സ്ലാവ്) ആണെന്ന് അവകാശപ്പെടുന്നുള്ളു. ശേഷമുള്ള ജനത സെർബുകൾ, ക്രോട്ടുകൾ, ബൊസ്നിയക്കാർ, സവ്ളീനുകൾ, മാസിഡോണിയക്കാർ, മോൺടിനെഗ്രിനുകൾ അല്ലെങ്കിൽ അസംഖ്യം വരുന്ന ഏതെങ്കിലും ന്യൂനപക്ഷങ്ങളിൽ ഒന്ന് ആയി സ്വയം അറിയപ്പെടുന്നു.
അതുകൊണ്ട് “യൂഗോസ്ലാവ്” ഭാഷ എന്നൊന്നില്ല; സെർബോ-ക്രോഷിയൻ, സ്ലൊവീനിയൻ, മാസിഡോണിയൻ എന്നിവ യൂഗോസ്ലാവിയയുടെ ഔദ്യോഗികഭാഷാസ്ഥാനം പങ്കിടുന്നു. ആ വൈവിദ്ധ്യത്തോട് പിന്നെയും കൂട്ടിക്കൊണ്ട് രണ്ട് തരം അക്ഷരമാലകൾ അവിടെ ഉപയോഗത്തിലിരിക്കുന്നു: ലാററിൻ, സിറിലിക്.
ഇതിന്റെ കാരണം, യൂഗോസ്ലാവിയ യഥാർത്ഥത്തിൽ സ്വന്തമായ ഭാഷയും ആചാരങ്ങളും സംസ്കാരവും പാരമ്പര്യങ്ങളും നിരവധി ചെറു ജനതകളുടെ ഒരു മിശ്രമാണെന്നുള്ളതാണ്. എന്നിരുന്നാലും ഈ ജനതകളുടെ സംയുക്തരൂപം ആസ്തിക്യത്തിൽ ഇരിക്കുന്നത് താരതമ്യേന കുറച്ചു കാലമായി മാത്രമാണ്, എന്തുകൊണ്ടെന്നാൽ സെർബുകളുടെയും ക്രോട്ടുകളുടെയും സെവ്ളീനുകളുടെയും രാജ്യത്തിന്റെ ജനനസമയമായ 1918-ൽ മാത്രമാണ് ഇവർ സംയോജിപ്പിക്കപ്പെടുന്നത്. അതൊരു അസുഖകരമായ സംഖ്യ ആയിരുന്നു, എങ്കിലും രണ്ടാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ വരെ അത് നിലനിന്നു. ആ യുദ്ധത്തിന്റെ വെണ്ണീറിൽ നിന്നും ഉയിർത്തെഴുന്നേററതാണ് സോഷ്യലിസ്ററ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവിയ. അതുകൊണ്ട് അതിന്റെ ആരംഭം മുതൽക്ക് തന്നെ യൂഗോസ്ലാവിയ വിഭിന്നമായിരുന്നു. കൂടാതെ പൂർവ്വകാലത്ത് അതിനെ ഭരിച്ചിരുന്ന രണ്ട് വൻ സാമ്രാജ്യങ്ങളുടെ—വടക്കുള്ള ഓസ്ട്രിയ-ഹംഗറിയും തെക്കുള്ള ഓട്ടോമാൻ സാമ്രാജ്യവും—സാംസ്കാരിക മുദ്രയും അത് വഹിക്കുന്നുണ്ട്.
വായ്ക്ക് രുചി നൽകുന്ന വൈവിദ്ധ്യം
വൈവിദ്ധ്യം ഈ നാടിന് നൈസർഗ്ഗികമായിരിക്കുന്നത് കൊണ്ട് ഒരു തനി യൂഗോസ്ലാവിയൻ വിഭവം എന്നൊന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാൻ കഴിയുകയില്ല. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നിങ്ങൾക്ക് മദ്ധ്യയൂറോപ്പ്യൻ ആഹാരം ആസ്വദിക്കാൻ കഴിയും. മദ്ധ്യ, തെക്കുകിഴക്കൻ പ്രദേശങ്ങളിൽ ററർക്കിഷ്-പൂർവ്വ ഭോജ്യങ്ങളായിരിക്കും ലഭിക്കുക. തീരപ്രദേശങ്ങളിൽ മത്സ്യവും നല്ല വീഞ്ഞും ലഭ്യമാണ്. എന്നിരുന്നാലും, ചില ഇനങ്ങൾ ടൂറിസ്ററുകളുടെ ഇടയിൽ സുപരിചിതമാണ്. പലരും “ചെവാപ്ചീചീ” ആവശ്യപ്പെടാറുണ്ട്. അത് അത്യന്തം സുഗന്ധവാഹിയായ ഒരു മാംസഭോജ്യമാണ്. അതുപോലെ തന്നെ പ്രിയമുള്ള മറെറാന്നാണ് “ഷ്ളീവോവീസാ,” പേരുകേട്ട പ്ലം ബ്രാണ്ടി. കൂടാതെ അവിടെയുള്ള എല്ലാ ഭവനങ്ങളിലും മിക്കവാറും എല്ലായ്പ്പോഴും നിങ്ങൾക്കു തുർസ്ക കഫാ സമ്മാനിക്കും. ഇത് കടുപ്പമുള്ള ഒരുതരം ററർക്കിഷ് കട്ടൻ കാപ്പിയാണ്—സൗഹൃദകൂടിവരവുകളിലെ ഒരു നിർബന്ധ ഇനം. ഇത് ഫിൽ-ജൻ എന്ന് വിളിക്കുന്ന ഒരു ചെറിയ കപ്പിൽ ആണ് വിളമ്പുന്നതെങ്കിലും സാവധാനമേ കുടിക്കാവൂ, എന്നാലേ അത് സംഭാഷണം കഴിയുന്നതുവരെ കാണുകയുള്ളു.
വൈരുദ്ധ്യമാർന്ന സ്വഭാവപ്രകൃതികൾ
യൂഗോസ്ലാവിയായിലെ ജനങ്ങൾ വീക്ഷണത്തിലും പ്രകൃതിയിലും വ്യത്യസ്തരാണ്. വടക്കൻ ഭാഗത്തുള്ളവർ മദ്ധ്യയൂറോപ്പ്യൻമാരെപ്പോലെയാണ്. അവർ ഏതാണ്ട് മിതഭാഷികളാണ്. തങ്ങളുടെ ബന്ധങ്ങളുടെ അടുപ്പത്തെ അവർ പരിമിതപ്പെടുത്തുകയും മററുള്ളവരുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്യുന്നു. എന്നാൽ തെക്കർ ഈ പെരുമാററത്തെ, സഹമനുഷ്യരുടെ ക്ഷേമത്തിലുള്ള താല്പര്യത്തിന്റെ അഭാവമായി വ്യാഖ്യാനിക്കുന്നു. ഇതിനു വിരുദ്ധമായി, ഇവർക്ക് ഏറെ തനി ബാൽക്കൻ സ്വഭാവപ്രകൃതിയാണുള്ളത്: തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നവർ, അടുത്ത ബന്ധങ്ങൾ വിലമതിക്കുന്നവർ, സഹകരണമുള്ളവർ പിന്നെ ചിലർ പറയുന്നതുപോലെ വേണ്ടാത്ത കാര്യത്തിൽ തലയിടുന്നിടത്തോളം ജിജ്ഞാസുക്കൾ.
ഉദാഹരണത്തിന്, തെക്കൻ ഭാഗത്ത് സാധാരണയായി സായാഹ്നങ്ങളിൽ, പ്രത്യക്ഷത്തിൽ യാതൊരു ഉദ്ദേശ്യവുമില്ലാതെ ആളുകൾ തെരുവിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാം. ഇതിന് കൊർസോ എന്നു പറയും—സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനോ പുതിയ സുഹൃത്തുക്കളെ ഉളവാക്കുന്നതിനോ തീർച്ചയായും സാദ്ധ്യതയുള്ള ഒരു തെരുവു സവാരി. കൂടാതെ ദിവസവും തങ്ങളുടെ വീടുകളുടെ മുമ്പിൽ അല്ലെങ്കിൽ ഇഷ്ടപ്പെട്ട കടകളുടെ മുമ്പിൽ കുശലം പറഞ്ഞുകൊണ്ട് ഇരിക്കുന്ന ആൾക്കൂട്ടങ്ങളെ കാണാൻ കഴിയും. ഈ പരിസരങ്ങളിലൂടെ ശ്രദ്ധിക്കപ്പെടാതെ ഒരു അപരിചിതനും കടന്നുപോകാൻ കഴിയുകയില്ല. എന്തിന്, നിങ്ങൾ ആദ്യമായി ഒരു വീട്ടിൽ കയറിച്ചെല്ലുമ്പോൾ, “നിങ്ങളാരാണ്?” “എവിടെ നിന്നാണ് വരുന്നത്?” “നിങ്ങൾക്കെന്താണ് വേണ്ടത്?” എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിക്കുന്ന കുട്ടികളും മുതിർന്നവരും നിങ്ങളെ വലയം ചെയ്യും. എന്നാൽ നിങ്ങൾ അടുത്ത പ്രാവശ്യം വരുമ്പോൾ, ആ തെരുവിലുള്ള എല്ലാവർക്കും നിങ്ങൾ ആരാണെന്ന് അറിയാമായിരിക്കും!
മതപരമായ വൈവിദ്ധ്യം
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിൻമേൽ ഇതിനൊരു രസകരമായ ഫലമുണ്ട്. തങ്ങളുടെ ഭവനസന്ദർശനത്താൽ ലോകമെമ്പാടും അറിയപ്പെടുന്നവരാണ് യഹോവയുടെ സാക്ഷികൾ. ഈ ദേശത്തിലും ഇത് ഒട്ടും കുറവല്ല. ഇവിടെ ആദ്യസന്ദർശനം തന്നെ മിക്കപ്പോഴും അയൽക്കാരുടെ ശ്രദ്ധയാകർഷിക്കുന്നു. മടങ്ങിവരുമ്പോൾ ആ പരിസരത്തുള്ള സകലരും തങ്ങളെക്കുറിച്ച് ശക്തമായ അഭിപ്രായങ്ങൾ രൂപികരിച്ചിരിക്കുന്നതായി സാക്ഷികൾ മിക്കപ്പോഴും കണ്ടെത്തുന്നു. അനുകൂല അഭിപ്രായങ്ങൾ ഉള്ളിടത്ത് അവർക്ക് ഊഷ്മളമായ സ്വാഗതം ലഭിക്കുന്നു.
തങ്ങളുടെ പ്രവർത്തനത്തിനിടയിൽ യഹോവയുടെ സാക്ഷികൾ വിവിധങ്ങളായ മതവിശ്വാസങ്ങളെ നേരിടുന്നു. സെർബിയൻ ഓർത്തഡോക്സ് ചർച്ച്, റോമൻ കാത്തലിക് ചർച്ച്, ഇസ്ലാമിക് വിശ്വാസം, മാസിഡോണിയൻ ചർച്ച് എന്നിവ ഏററവും കൂടുതൽ അനുയായികളുണ്ടെന്ന് അവകാശപ്പെടുന്നു. വീണ്ടും, അത്തരം വൈവിദ്ധ്യം ചരിത്രത്തിന്റെ ശക്തികളുടെ ഒരു ഫലമാണ്. ക്രൈസ്തവലോകത്തിന്റെ മിഷനറിമാർ—കിഴക്ക് ഗ്രീക് മിഷനറിമാരും പടിഞ്ഞാറ് ഫ്രാങ്കിഷ് മിഷനറിമാരും—ഒൻപതാം നൂററാണ്ടിൽ സ്ലാവിക് ജനതയെ മതപരിവർത്തനം ചെയ്യിച്ചു. പക്ഷെ പാശ്ചാത്യ റോമൻ കാത്തലിക് ചർച്ച്, പൗരസ്ത്യ ഓർത്തഡോക്സ് ചർച്ച് എന്നിങ്ങനെ ക്രൈസ്തവലോകത്തിൽ പിന്നീടുണ്ടായ പിളർപ്പ് സമാനമായി സ്ലാവിക് ജനതയെ വിഭജിച്ചു. ഇന്നുവരെ, റോമൻ കത്തോലിക്കാ മതം വടക്കുപടിഞ്ഞാറും പൗരസ്ത്യ ഓർത്തഡോക്സ് മതം തെക്കുകിഴക്കും ആയി യൂഗോസ്ലാവിയയിൽ ആധിപത്യം പുലർത്തുന്നു. ബാൾക്കൻസിന്റെ മേലുള്ള ഒട്ടോമൻ ആക്രമണം ഈ നാട്ടിലേയ്ക്കു ഇസ്ലാമിക് വിശ്വാസവും കൊണ്ടുവന്നു.
ഈ മതവൈവിദ്ധ്യം സംബന്ധിച്ച് ഒരു സഹിഷ്ണുതയോടെയുള്ള വീക്ഷണം യൂഗോസ്ലാവിയ ഗവൺമെൻറ് അതിന്റെ നേട്ടത്തിനായി സ്വീകരിച്ചിരിക്കുന്നു. സ്വതന്ത്രമായി ഒത്തൊരുമിച്ച് ആരാധിക്കാൻ കഴിയുന്നതിൽ യഹോവയുടെ സാക്ഷികൾ വിശേഷാൽ വിലമതിപ്പുള്ളവരാണ്. സമീപവർഷങ്ങളിൽ, സമ്മേളനങ്ങൾക്കായി പരസ്യഹോളുകളും ജീംനേഷ്യങ്ങളും ഉപയോഗിക്കാൻ പോലും അവർക്ക് സ്ലൊവീനിയ പ്രദേശത്ത് അനുവാദം നൽകപ്പെട്ടിട്ടുണ്ട്. ഈ വശ്യമായ വൈവിദ്ധ്യത്തിന്റെ നാട്ടിൽ മററുള്ളവരോട് ബൈബിൾ സത്യങ്ങൾ പങ്കുവെയ്ക്കാൻ സാധിക്കുന്നതിൽ അവർ സന്തോഷമുള്ളവരാണ്. (g88 9/8)
[13-ാം പേജിലെ ഭൂപടം/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
യുഗോസ്ലാവിയ
ബെൽഗ്രേഡ്
ഓസ്ട്രിയാ
ഹംഗറി
റൊമാനിയ
ഇറ്റലി
ബൾഗേറിയാ
അഡ്രിയാറ്റിക് കടൽ
അൽബനിയാ
ഗ്രീസ്
[കടപ്പാട്]
Mladinska knjiga; Turistička štampa
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Mladinska knjiga; Turistička štampa