സാരയെവോ—1914 മുതൽ 1994 വരെ
സ്വീഡനിലെ ഉണരുക! ലേഖകൻ
സാരയെവോയിൽ അശുഭമായ കാര്യങ്ങൾക്കു തുടക്കമിട്ട 1914, ജൂൺ 28-ലെ ആ വെടിവെയ്പിനുശേഷം എൺപതു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ആ വെടിയുണ്ടകൾ ഫ്രാൻസിസ് ഫെർഡിനാൻഡ് രാജകുമാരന്റെയും അദ്ദേഹത്തിന്റെ പത്നി സോഫി രാജകുമാരിയുടെയും ജീവനൊടുക്കി, അങ്ങനെ ഓസ്ട്രിയ-ഹംഗറിക്കും സെർബിയയ്ക്കുമിടയിൽ വളർന്നുവന്ന വൈരം ഒന്നാം ലോകമഹായുദ്ധമായി പരിണമിച്ചു. രണഭൂമിയിലേക്ക് അയയ്ക്കപ്പെട്ട 6 കോടി 50 ലക്ഷം ചെറുപ്പക്കാരിൽ 90 ലക്ഷത്തോളം പേർ പിന്നീടൊരിക്കലും മടങ്ങിവന്നില്ല. സാധാരണ പൗരൻമാരുൾപ്പെടെ മൊത്തം 2 കോടി 10 ലക്ഷം പേർ കൊല്ലപ്പെട്ടു. “ലോകത്തിനു ഭ്രാന്തു പിടിച്ച” സമയം എന്നാണ് 1914 ആഗസ്ററിൽ പൊട്ടിപ്പുറപ്പെട്ട ആ യുദ്ധത്തെക്കുറിച്ചു ചിലർ ഇപ്പോഴും സംസാരിക്കുന്നത്.
ഇതാ വീണ്ടും സാരയെവോയിലുടനീളം വെടിയൊച്ചകൾ മുഴങ്ങികേൾക്കുകയാണ്. സാരയെവോയിൽ മാത്രമല്ല, മുൻ ഫെഡറേഷൻ ഓഫ് യൂഗോസ്ലാവിയയുടെa ആറു റിപ്പബ്ലിക്കുകളിൽ പലതിലെയും അവസ്ഥയും അതുതന്നെ. ജുഗോസേവ്ളീയെൻ—എററ് ലാൻഡ് ഐ അപ്പ്ളോസ്നിങ് (യൂഗോസ്ലാവിയ—ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന ഒരു ദേശം) എന്ന പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇത് അയൽക്കാരൻ അയൽക്കാരനോടു പൊരുതുന്ന ഒരു ആഭ്യന്തരയുദ്ധമാണ്. ചിരകാല വെറുപ്പും സംശയാസ്പദമായ മനോഭാവങ്ങളും വിദ്വേഷത്തിന്റെ രൂപം പൂണ്ടിരിക്കുന്നു. ഈ വിദ്വേഷം നയിച്ചിരിക്കുന്നതോ അധികമധികം പോരാട്ടങ്ങളിലേക്ക്; അവയാണെങ്കിൽ, കൂടുതൽക്കൂടുതൽ ഹത്യയിലേക്കും വിനാശത്തിലേക്കും. അതൊരു ദൂഷിതവലയം പോലെയാണ്, അല്ല, അത് ഏറിവരുന്ന വിദ്വേഷത്തിന്റെയും സംശയത്തിന്റെയും ഹത്യയുടെയും ഒരു നീർച്ചുഴിയാണ്.”
1991 ജൂണിൽ യൂഗോസ്ലാവിയയിൽ പോരാട്ടങ്ങൾ പൊട്ടിപ്പുറപ്പെട്ടപ്പോൾ 1914 ജൂണിൽ സാരയെവോയിൽ നടന്ന വെടിവെയ്പിനെ പലയാളുകളും ഓർമിച്ചതിൽ അതിശയമില്ലായിരുന്നു. ഈ പുതിയ സംഘർഷം വിനാശകരമായ അത്തരം ഫലങ്ങളിലേക്കു നയിക്കുമോ? യൂറോപ്പിലെ സമാധാനം ഭീഷണിയിലാകുമോ? “വംശീയശുദ്ധീകരണ” (മനഃപൂർവം ഹത്യ നടത്തുകയും വർഗീയവും രാഷ്ട്രീയവും സാംസ്കാരികവുമായ കൂട്ടങ്ങളെ പിഴുതെറിയുകയും ചെയ്യൽ) പരിപാടി ലോകത്തിന്റെ മററു ഭാഗങ്ങളിലേക്കു വ്യാപിച്ചേക്കുമോ? ഈ പോരാട്ടത്തിന് ഒരറുതി വരുത്താൻ അന്തർദേശീയ സമ്മർദം ചെലുത്തിയിട്ടുണ്ട്. എന്നാൽ മുൻ യൂഗോസ്ലാവിയയിലെ കുഴപ്പങ്ങളുടെ യഥാർഥ കാരണം എന്താണ്? സാരയെവോയിലെ അടുത്ത കാലത്തെ സംഭവങ്ങൾക്ക് 1914-ലെ ഹത്യയുമായി എന്തെങ്കിലും ബന്ധമുണ്ടോ?
യൂഗോസ്ലാവിയയും ഒന്നാം ലോകമഹായുദ്ധവും
സംഘർഷങ്ങൾ പുത്തരിയല്ല. ഈ നൂററാണ്ടിന്റെ ശൈശവത്തിൽത്തന്നേ “യൂറോപ്പിന്റെ കോളിളക്കമേഖല” എന്നാണു ബാൾക്കൻ ഉപദ്വീപ് വിളിക്കപ്പെട്ടിരുന്നത്. ജുഗോസേവ്ളിയൻ—എററ് ലാൻഡ് ഐ അപ്പ്ളോസ്നിങ് ഇങ്ങനെ പറയുന്നു: “ദീർഘകാലമായി പിരിമുറുക്കം വളർന്നുകൊണ്ടിരുന്ന ഒരു രാഷ്ട്രത്തിന്റെ ശിഥിലീകരണത്തെക്കുറിച്ചാണു നാം പ്രതിപാദിക്കുന്നത്. വാസ്തവത്തിൽ, ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനം സെർബിയ, ക്രൊയേഷ്യ, സ്ലൊവീനിയ [യൂഗോസ്ലാവിയയുടെ മുൻ നാമം] എന്നിവ ചേർന്ന് പ്രസ്തുത രാജ്യം ഉണ്ടായപ്പോൾതന്നെ പോരാട്ടങ്ങൾ നിലവിലുണ്ടായിരുന്നു.” ഇപ്പോൾ നിലവിലുള്ള സംഘർഷങ്ങൾ ഒന്നാം ലോകമഹായുദ്ധത്തോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ അൽപ്പസ്വൽപ്പം ചരിത്രപശ്ചാത്തലം നമ്മെ സഹായിക്കും.
1914-ൽ ഫ്രാൻസിസ് ഫെർഡിനാൻഡിനെ വധിച്ച സമയത്ത് സ്ലൊവീനിയ, ക്രൊയേഷ്യ, ബോസ്നിയ-ഹെർട്സെഗോവിന എന്നീ തെക്കൻ സ്ലാവിക് രാഷ്ട്രങ്ങൾ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ പ്രവിശ്യകളായിരുന്നു എന്നു ചരിത്രം നമ്മോടു പറയുന്നു. നേരേമറിച്ച്, 1878 മുതൽത്തന്നെ സെർബിയ ഒരു സ്വതന്ത്ര രാജ്യമായിരുന്നു, അതിനു റഷ്യയുടെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു. എന്നാൽ, സെർബിയക്കാരിൽ പലരും പാർത്തിരുന്നത് ഓസ്ട്രിയ-ഹംഗറിയുടെ അധീനതയിലുള്ള പ്രവിശ്യകളിലായിരുന്നു. അതുകൊണ്ട് ബാൾക്കൻ ഉപദ്വീപിൽ കൈവശപ്പെടുത്തിയ പ്രദേശങ്ങൾ ഓസ്ട്രിയ-ഹംഗറി വിട്ടുകൊടുക്കണമെന്ന് സെർബിയ ആവശ്യപ്പെട്ടു. ക്രൊയേഷ്യയുടെയും സെർബിയയുടെയും ഇടയിൽ സംഘർഷങ്ങൾ നിലനിന്നിരുന്നെങ്കിൽപ്പോലും ഒരു കാര്യത്തിൽ അവ രണ്ടും കൈകോർത്തുനിന്നു: വെറുക്കപ്പെട്ട വിദേശമേലാളൻമാരിൽനിന്ന് മോചിതരാകുന്നതിൽ. ദക്ഷിണ സ്ലാവുകാരെയെല്ലാം ഒററരാജ്യമായി ഏകീകരിക്കുന്നതിനെക്കുറിച്ചു ദേശീയവാദികൾ സ്വപ്നം കണ്ടു. അത്തരം സ്വതന്ത്രമായ ഒരു രാഷ്ട്രത്തിന്റെ രൂപവത്കരണത്തിലെ ഏററവും ശക്തമായ പ്രേരകശക്തി സെർബിയക്കാരായിരുന്നു.
അക്കാലത്തു വാഴ്ച നടത്തിക്കൊണ്ടിരുന്ന ചക്രവർത്തിയായ ഫ്രാൻസിസ് യോസഫിന് 84 വയസ്സുണ്ടായിരുന്നു. താമസിയാതെ ഫ്രാൻസിസ് ഫെർഡിനാൻഡ് രാജകുമാരൻ പുതിയ ചക്രവർത്തിയായി സ്ഥാനമേറെറടുക്കാനിരിക്കയായിരുന്നു. ഒരു ദക്ഷിണ സ്ലാവിക് രാജ്യം എന്ന സ്വപ്നസാക്ഷാത്കാരത്തിനു തടസ്സമായാണ് സെർബിയൻ ദേശീയവാദികൾ ഫ്രാൻസിസ് ഫെർഡിനാൻഡിനെ കണ്ടത്.
ഒരു സ്വതന്ത്ര ദക്ഷിണ സ്ലാവിക് രാഷ്ട്രം എന്ന ആശയത്തിൽ ജ്വരം കേറിയ സെർബിയയിലെ ചില യുവ വിദ്യാർഥികൾ തങ്ങളുടെ ലക്ഷ്യം നേടുന്നതിനു വേണ്ടി ജീവൻ പണയപ്പെടുത്താൻ പോലും ഒരുക്കമായിരുന്നു. രാജകുമാരന്റെ വധനിർവഹണത്തിനു വേണ്ടി അനേകം യുവാക്കൾ തിരഞ്ഞെടുക്കപ്പെട്ടു. കറുത്ത കൈ എന്നു വിളിക്കപ്പെടുന്ന ഒരു രഹസ്യ സെർബിയൻ ദേശീയവാദിസംഘം ആയുധങ്ങൾ നൽകി അവരെ പരിശീലിപ്പിച്ചു. ഈ യുവാക്കളിൽ രണ്ടുപേർ വധനിർവഹണ ശ്രമം നടത്തി, അവരിലൊരാൾ അതിൽ വിജയിക്കുകയും ചെയ്തു. അവന്റെ പേര് ഗാവ്റീലോ പ്രീൻറ്സീപ് എന്നായിരുന്നു. അവന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ.
ഇതു കുററവാളികളുടെ നിർദിഷ്ട ലക്ഷ്യം നേടാൻ ഉതകി. ഒന്നാം ലോകയുദ്ധം അവസാനിച്ചപ്പോൾ ഓസ്ട്രിയ-ഹംഗറിയിലെ രാജവാഴ്ച അസ്തമിച്ചു; സ്ലാവുകളെ ഏകീകരിച്ച് ഒരൊററ രാജ്യമാക്കിത്തീർക്കുന്നതിൽ സെർബിയയ്ക്കു നേതൃത്വമെടുക്കാൻ കഴിഞ്ഞു. 1918-ൽ ആ രാജ്യം സെർബിയക്കാരുടെയും ക്രൊയേഷ്യക്കാരുടെയും സ്ലൊവീനിയക്കാരുടെയും രാജ്യം എന്നറിയപ്പെട്ടു. 1929-ൽ അതിന്റെ പേര് യൂഗോസ്ലാവിയ എന്നാക്കി. എന്നാൽ ഓസ്ട്രിയ-ഹംഗറിയോടുള്ള പൊതുശത്രുതയിൽ ഈ പല വിഭാഗങ്ങൾ മേലാൽ ഒന്നിക്കേണ്ടതില്ലാതെ വന്നപ്പോൾ, ഈ വിഭാഗങ്ങളുടെ ഇടയിൽത്തന്നെ ഭിന്നതകൾ ഉണ്ടായിരുന്നുവെന്ന കാര്യം വ്യക്തമായി. അവർക്കിടയിൽ ഏതാണ്ട് 20-ഓളം വ്യത്യസ്ത ജനവിഭാഗങ്ങളും നാല് ഔദ്യോഗിക ഭാഷകളും അനേകം മററു ചെറുഭാഷകളുമുണ്ട്. കൂടാതെ രണ്ടുതരം ലിപികളും (റോമനും സിറിലിക്കും) മൂന്നു പ്രമുഖ മതങ്ങളും—കത്തോലിക്കാമതം, ഇസ്ലാംമതം, സെർബിയൻ ഓർത്തഡോക്സ് സഭ—ഉണ്ട്. ഭിന്നിപ്പിക്കുന്ന ഒരു പ്രമുഖ ഘടകമായി മതം തുടർന്നുപോരുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ, ഈ പുതിയ രാഷ്ട്രത്തിൽ ചിരകാലമായി ഭിന്നതയുളവാക്കുന്ന ഘടകങ്ങൾ ധാരാളമുണ്ടായിരുന്നു.
യൂഗോസ്ലാവിയയും രണ്ടാം ലോകമഹായുദ്ധവും
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനി യൂഗോസ്ലാവിയയിൽ ആക്രമിച്ചുകടന്നു, യൂഗോസ്ലാവ് ആഷ്വിററ്സും വത്തിക്കാനും (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നതനുസരിച്ച്, നാസികളുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്ന കത്തോലിക്കാ ക്രൊയേഷ്യക്കാർ, “ഭൂരിഭാഗവും ഓർത്തഡോക്സ് സെർബിയക്കാർ വരുന്ന 2,00,000-ത്തിലധികം ആളുകളെ ആസൂത്രിതമായി കൊലചെയ്തു.” എന്നാൽ ക്രൊയേഷ്യക്കാരനായ യോസീപ് ററീറേറായ്ക്കും അദ്ദേഹത്തിന്റെ കമ്മ്യുണിസ്ററ് അനുയായികൾക്കും ബ്രിട്ടീഷുകാരും അമേരിക്കക്കാരുമായി സഹകരിച്ച് ജർമൻകാരെ തുരത്തിയോടിക്കാൻ കഴിഞ്ഞു. യുദ്ധം അവസാനിച്ചപ്പോൾ രാഷ്ട്രത്തിന്റെ തലവനെന്ന നിലയിൽ മുൻനിരയിലേക്കു വന്നത് അദ്ദേഹമായിരുന്നു. അദ്ദേഹം ആ രാഷ്ട്രത്തെ വളരെ നിഷ്ഠൂരമായി ഭരിച്ചുതുടങ്ങി. അദ്ദേഹം ഒരു സ്വതന്ത്ര മനുഷ്യനായിരുന്നു. ശേഷിച്ച കമ്മ്യുണിസ്ററ് ചേരിയോടൊപ്പം യൂഗോസ്ലാവിയയെ കൊണ്ടുവരുന്നതിന് അദ്ദേഹത്തെ സ്വാധീനിക്കാൻ സ്ററാലിനുപോലും കഴിഞ്ഞില്ല.
മുൻ യൂഗോസ്ലാവിയയിൽനിന്നുള്ള പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘ഭരണത്തലവൻ ററീറേറാ അല്ലായിരുന്നെങ്കിൽ രാഷ്ട്രം പണ്ടുപണ്ടേ തകർന്നുപോയേനേ. അതിനെ ഒന്നിപ്പിച്ചുനിർത്താനുള്ള ഇച്ഛാശക്തിയും വേണ്ട അധികാരവും അദ്ദേഹത്തിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.’ അതു സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു. 1980-ലെ അദ്ദേഹത്തിന്റെ മരണത്തിനു ശേഷമായിരുന്നു സംഘർഷം വീണ്ടും തലപൊക്കിയത്, 1991-ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ അതു ചൂടുപിടിച്ചുകൊണ്ടിരുന്നു.
ലോകത്തെ മാററിമറിച്ച വെടിയുണ്ടകൾ
അരണ്ടവെളിച്ചത്തിലെ ഇടിമുഴക്കം—വിയന്ന 1913⁄1914 (ഇംഗ്ലീഷ്) എന്ന ഗ്രന്ഥത്തിൽ ഗ്രന്ഥകർത്താവായ ഫ്രെഡറിക് മോർട്ടോൺ, ഫ്രാൻസിസ് ഫെർഡിനാൻഡിന്റെ ഹത്യയെക്കുറിച്ച് ഇപ്രകാരമെഴുതി: “അദ്ദേഹത്തിന്റെ തൊണ്ടയിലേക്കു തുളഞ്ഞുകയറിയ ആ വെടിയുണ്ട, മനുഷ്യവർഗം അന്നോളം അറിഞ്ഞിട്ടുള്ള ഏററവും വിനാശകരമായ കൂട്ടക്കുരുതിയിലെ ആദ്യ വെടിവെയ്പായി മുഴങ്ങിക്കേട്ടു. രണ്ടാം ലോകമഹായുദ്ധത്തിലേക്കു നയിക്കുന്ന സംഭവഗതികൾക്ക് അതു തുടക്കമിട്ടു. . . . നമുക്കു ചുററുമുള്ള രംഗത്തെ സംഭവഗതികളിൽ പലതും ആദ്യം ഉടലെടുത്തത് ഡാന്യൂബ് നദീതീരത്താണ്, രാജകുമാരന്റെ ശിരസ്സിലേക്കു വെടിയുണ്ട പാഞ്ഞുകയറുന്നതിനു മുമ്പത്തെ ഒന്നര വർഷങ്ങളിൽ.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
1914-നോടു ബന്ധിപ്പിക്കാൻ കഴിയുന്ന ‘നമുക്കു ചുററുമുള്ള അരങ്ങത്തെ ഇഴകൾ’ മുൻ യൂഗോസ്ലാവിയയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ മാത്രമല്ല. പല ചരിത്രകാരൻമാരും യോജിക്കുന്ന ഒരു സംഗതി ചരിത്രകാരനായ എഡ്മണ്ട് ടേയ്ലർ വിശദീകരിക്കുന്നു: “ഒന്നാം ലോകമഹായുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ ഇരുപതാം നൂററാണ്ടിലെ ‘കുഴപ്പങ്ങളുടെ സമയ’ത്തെ ആനയിക്കുകയുണ്ടായി . . . കഴിഞ്ഞ അര നൂററാണ്ടുകാലത്തെ എല്ലാ പ്രശ്നങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ 1914-ലെ സംഭവങ്ങളിൽനിന്ന് ആവിർഭവിച്ചവയാണ്.”
സാരയെവോയിലെ വെടിവെയ്പിന് അത്രയ്ക്കും ദാരുണമായ പരിണതഫലങ്ങൾ ഉണ്ടായിരുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഒരു “സ്കൂൾക്കുട്ടി”യിൽനിന്നു പാഞ്ഞ രണ്ടു വെടിയുണ്ടകൾക്ക് മുഴു ലോകത്തിനും തീ കൊളുത്താനും നമ്മുടെ കാലത്തോളം തുടർന്നുപോന്നിരിക്കുന്ന അക്രമത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ആശാഭംഗത്തിന്റെയും ഒരു കാലഘട്ടം ആനയിക്കാനും എങ്ങനെ കഴിഞ്ഞു?
1914-നെ വിശദീകരിക്കാനുള്ള ശ്രമങ്ങൾ
അരണ്ടവെളിച്ചത്തിലെ ഇടിമുഴക്കം—വിയന്ന 1913⁄1914 എന്ന ഗ്രന്ഥത്തിൽ, 1914-ൽ രാഷ്ട്രങ്ങളെ സ്വാധീനിച്ച “പുതിയ ശക്തി” എന്ന് താൻ വിളിക്കുന്നതിലേക്കു വിരൽചൂണ്ടിക്കൊണ്ട് സംഭവിച്ചതെന്തെന്നു വിശദീകരിക്കാൻ ഗ്രന്ഥകാരൻ ഉദ്യമിക്കുകയാണ്. വാസ്തവത്തിൽ ഈ “ശക്തി” ഒന്നിച്ചു പ്രവർത്തിക്കുന്ന അനേകം ഘടകങ്ങൾ ആയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നിരന്തരം ഉയർന്നുകൊണ്ടിരുന്ന പോർവിളികൾക്കിടയിൽ കാര്യഗൗരവമുള്ള അഭിപ്രായങ്ങൾ മുങ്ങിപ്പോയി. ഒരു രാജ്യത്തു നടന്ന പടയൊരുക്കം മററു രാജ്യങ്ങളിലെ പടയൊരുക്കത്തിനു വഴിതെളിച്ചു. ഭരണവർഗത്തിൽനിന്നു പട്ടാളമേധാവികളിലേക്ക് അധികാരം കൈമാറപ്പെട്ടു. ഒരു “മഹത്തായ ദേശീയ സാഹസികത” അനുഭവിച്ചറിയുന്നതിനും അങ്ങനെ മുഷിപ്പൻ അനുദിനജീവിതത്തിൽനിന്നു രക്ഷപെടുന്നതിനുമുള്ള നല്ലൊരവസരമായി അനേകമാളുകൾ ഈ യുദ്ധത്തെ കണ്ടു. പിൽക്കാലത്ത് ഒരുദ്യോഗസ്ഥൻ ഇപ്രകാരം എഴുതി: “വേനലിന്റെ അത്യുഷ്ണത്തിൽനിന്ന് ആശ്വാസം നേടാൻ പേമാരി പ്രതീക്ഷിക്കുന്ന മനുഷ്യരെപ്പോലെ യുദ്ധം കൈവരുത്തിയേക്കാവുന്ന ആശ്വാസത്തിൽ 1914-ലെ തലമുറ വിശ്വസിച്ചിരുന്നു.” “മുതലാളിത്വവ്യവസ്ഥിതിയിലെ വിരസമായ ജീവിത”ത്തിൽനിന്നു പുറത്തു കടക്കുന്നത് അനേകമാളുകൾക്കു നൻമ ചെയ്യുമെന്ന് ജർമൻ ഗ്രന്ഥകാരനായ ഹെർമാൻ ഹെസി പറയുകയുണ്ടായി. യുദ്ധം “ഒരു ശുദ്ധീകരണം, ഒരു വിമോചനം, ഒരു വൻ പ്രത്യാശ” ആണെന്ന ചൊല്ല് നോബൽസമ്മാന ജേതാവായ തോമസ് മാനിന്റേതാണെന്നു പറയപ്പെടുന്നു. യുദ്ധചിന്തയാൽ മദോൻമത്തനായി വിൻസ്ററൺ ചർച്ചിൽ പോലും ഇപ്രകാരമെഴുതി: “എന്നെ സംബന്ധിച്ചിടത്തോളം യുദ്ധസന്നാഹങ്ങൾക്ക് ഒരു ഞെട്ടിക്കുന്ന വശീകരണശക്തിയുണ്ട്. ഭയജനകമായ അത്തരം ചാഞ്ചല്യസ്വഭാവം നിമിത്തം എന്നോടു ക്ഷമിക്കണമേയെന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു.”
പട്ടാളക്കാർ യുദ്ധത്തിനു മാർച്ചു ചെയ്യുകവഴി യൂറോപ്പിലുടനീളം അരങ്ങേറിയ ഉജ്ജ്വലരംഗങ്ങൾ ഈ “പുതിയ ശക്തി” നിമിത്തമായിരുന്നു. അവരുടെ തൊപ്പികളിൽ പച്ചക്കമ്പുകൾ കെട്ടിയിരുന്നു, പീരങ്കികളിൽ റോസാപ്പൂമാലകൾ തൂക്കിയിട്ടിരുന്നു, ഗായകസംഘങ്ങൾ ഗാനമാലപിച്ചു, വീട്ടമ്മമാർ ജാലകങ്ങളിലൂടെ തൂവാലകൾ വീശിക്കാട്ടി, സന്തോഷഭരിതരായ കുട്ടികൾ സൈനികരുടെ ഓരത്തുകൂടി ഓടിനടന്നു. യുദ്ധത്തിന്റെ ആഗമനത്തിൽ ആളുകൾ ആഘോഷിച്ചു സന്തോഷിക്കുന്നതുപോലെ തോന്നി. ലോകയുദ്ധം ഒരു ഉത്സവത്തിന്റെ മുഖംമൂടിയണിഞ്ഞെത്തി.
ഒന്നാം ലോകയുദ്ധത്തിന്റെ കാരണം മനസ്സിലാക്കാൻ നമ്മെ സഹായിക്കുമെന്നു കരുതപ്പെടുന്ന, നേരത്തെ ഉദ്ധരിച്ച മോർട്ടൺ വിളിച്ച, ആ “പുതിയ ശക്തി”യുടെ സംഗ്രഹമായിരുന്നു ഇത്. എന്നാൽ ഈ “ശക്തി” എവിടെനിന്നാണു വന്നത്? വ്യാവസായിക സമൂഹം മനുഷ്യനു പുത്തൻ ശക്തികളും പുത്തൻ സമ്മർദങ്ങളും സമ്മാനിച്ചതായി ചരിത്രകാരിയായ ബാർബ്രാ ടക്ക്മാൻ എഴുതുകയുണ്ടായി. വാസ്തവത്തിൽ, “സമൂഹം . . . പുത്തൻ സംഘർഷങ്ങളാലും ഉറഞ്ഞുകൂടിയ ഊർജങ്ങളാലും വരിഞ്ഞുമുറുകി പൊട്ടാറായി നിൽക്കുകയായിരുന്നു.” അക്കാലത്തു വിയന്നയിലെ ഒരു യുവ ബുദ്ധിജീവിയായ ഷ്റെറഫാൻ സ്വൈഗ് ഇപ്രകാരമെഴുതി: “നാൽപ്പതു വർഷത്തെ സമാധാനകാലയളവിൽ കുമിഞ്ഞുകൂടിയിരിക്കുന്നതും ഇപ്പോൾ ഉഗ്രമായി പുറത്തേക്കു വമിച്ചതുമായ അന്തഃസ്ഥിതശക്തിയുടെ ദാരുണമായ അനന്തരഫലമായ ഈ അധിക ശക്തിയാൽ അല്ലാതെ എനിക്കിതു വിശദീകരിക്കാനാവില്ല.” “അല്ലാതെ എനിക്കിതു വിശദീകരിക്കാനാവില്ല” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നത് അതു വിശദീകരിക്കാൻ അദ്ദേഹംതന്നെ പാടുപെടുന്നു എന്നാണ്. അരണ്ടവെളിച്ചത്തിലെ ഇടിമുഴക്കം എന്ന പുസ്തകത്തിന്റെ ആമുഖകുറിപ്പിൽ മോർട്ടൺ ഇപ്രകാരം എഴുതുന്നു: “എന്തുകൊണ്ടാണ് അപ്പോൾ, അവിടെവെച്ചുതന്നെ അതു സംഭവിച്ചത്? എങ്ങനെ? . . . ഭയാനകമായ ഈ സംഭവങ്ങൾ മനസ്സിലാക്കാൻ എന്തെങ്കിലും സൂചനയുണ്ടോ?”
അതേ, ഏററവും അടിസ്ഥാനപരമായ കാരണങ്ങൾ മനസ്സിലാക്കുക അത്ര എളുപ്പമല്ല എന്ന് 1914-നെ വിശദീകരിക്കാൻ ശ്രമിക്കുന്നവർക്കു തോന്നുന്നു. നേരിട്ട് ഉൾപ്പെട്ട കക്ഷികളിൽ മാത്രം യുദ്ധം ഒതുങ്ങിനിൽക്കാതിരുന്നത് എന്തുകൊണ്ടാണ്? അതൊരു ലോകയുദ്ധമായി പരിണമിച്ചത് എന്തുകൊണ്ടാണ്? അതു വളരെക്കാലം നീണ്ടുനിന്നതും വിനാശകരവുമായിരുന്നത് എന്തുകൊണ്ടാണ്? 1914-ലെ ആ ശരത്കാലത്തിൽ മാനവരാശിയുടെമേൽ വിചിത്രമായ ഈ സ്വാധീനം ചെലുത്തിയ ആ ശക്തി വാസ്തവത്തിൽ എന്തായിരുന്നു? ഈ ചോദ്യങ്ങൾക്കുള്ള ബൈബിൾ ഉത്തരം 10-ാം പേജിലുള്ള ഞങ്ങളുടെ അടുത്ത ലേഖനം ചർച്ച ചെയ്യും.
[അടിക്കുറിപ്പുകൾ]
a യൂഗോസ്ലാവിയ എന്നതിന്റെ അർഥം “ദക്ഷിണ സ്ലാവുവർഗക്കാരുടെ നാട്” എന്നാണ്. ക്രൊയേഷ്യ, ബോസ്നിയ-ഹെർട്സെഗോവിന, മാസിഡോണിയ, മോണ്ടനീഗ്രോ, സെർബിയ, സ്ലൊവീനിയ എന്നിവയാണ് റിപ്പബ്ലിക്കുകൾ.
[6-ാം പേജിലെ ആകർഷകവാക്യം]
“വേനലിന്റെ അത്യുഷ്ണത്തിൽനിന്ന് ആശ്വാസം നേടാൻ പേമാരി പ്രതീക്ഷിക്കുന്ന മനുഷ്യരെപ്പോലെ യുദ്ധം കൈവരുത്തിയേക്കാവുന്ന ആശ്വാസത്തിൽ 1914-ലെ തലമുറ വിശ്വസിച്ചിരുന്നു.”—ഓസ്ട്രിയൻ നയതന്ത്രജ്ഞൻ, എർനെസ്ററ് യു. കൊർമൺസ്
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
1914
1914 മുതൽ സംഭവിച്ചിട്ടുള്ള നാശകരമായ സംഭവങ്ങളെക്കുറിച്ച് ബൈബിൾ പ്രവചിച്ചിട്ടുണ്ട്
“അപ്പോൾ ചുവന്നതായ മറെറാരു കുതിര പുറപ്പെട്ടു; അതിന്റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യർ അന്യോന്യം കൊല്ലുവാൻ തക്കവണ്ണം ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി. മൂന്നാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ ഒരു കറുത്ത കുതിരയെ കണ്ടു; അതിൻമേൽ ഇരിക്കുന്നവൻ ഒരു തുലാസു കയ്യിൽ പിടിച്ചിരുന്നു. ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാൽ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവിൽനിന്നു ഒരു ശബ്ദം ഞാൻ കേട്ടു. നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു. അപ്പോൾ ഞാൻ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിൻമേൽ ഇരിക്കുന്നവന്നു മരണം എന്നു പേർ; പാതാളം അവനെ പിന്തുടർന്നു; അവർക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാൻ ഭൂമിയുടെ കാലംശത്തിൻമേൽ അധികാരം ലഭിച്ചു.”വെളിപ്പാടു 6:4-8 (ഇവകൂടെ കാണുക: ലൂക്കൊസ് 21:10-24; 2 തിമൊഥെയൊസ് 3:1-5.)
“1914-18-ലെ മഹായുദ്ധം ആ കാലഘട്ടത്തെ നമ്മുടേതിൽനിന്ന് വേർതിരിച്ചുനിർത്തുന്ന വരണ്ടുണങ്ങിയ ഒരുതുണ്ടു ഭൂമിപോലെ കിടക്കുന്നു. തുടർന്നുവന്ന വർഷങ്ങളിൽ പ്രവർത്തനനിരതമായിരിക്കുമായിരുന്ന അനേകം ജീവിതങ്ങളെ തുടച്ചുനീക്കിക്കൊണ്ടും വിശ്വാസങ്ങളെ തകർത്തെറിഞ്ഞുകൊണ്ടും ആശയഗതികളെ മാററിമറിച്ചുകൊണ്ടും നിരാശയുടെ ഉണങ്ങാത്ത വ്രണങ്ങൾ അവശേഷിപ്പിച്ചുകൊണ്ടും അതു രണ്ടു യുഗങ്ങൾ തമ്മിൽ ശാരീരികവും മനശ്ശാസ്ത്രപരവുമായ ഒരു വിടവു സൃഷ്ടിച്ചു.”—ബാർബ്രാ ഡബ്ലിയു. ടക്ക്മാൻ രചിച്ച ദ പ്രൗഡ് ടവർ എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്.
“[1914-നെ] തുടർന്നുവന്ന നാലു വർഷങ്ങൾ ‘മാനവരാശി എക്കാലത്തും നടത്തിയിട്ടുള്ളതിൽവെച്ച് ഏററവും തീവ്രവും വീരോചിതവുമായ ശ്രമത്തിന്റെ നാലു വർഷങ്ങൾ’ എന്ന് ഗ്രഹാം വാലസ് എഴുതുകയുണ്ടായി. ശ്രമം അവസാനിച്ചുകഴിഞ്ഞപ്പോൾ 1914 വരെ സാധ്യമായിരുന്ന പ്രതീക്ഷകളും ആവേശങ്ങളും കടുത്ത നിരാശയുടെ സമുദ്രത്തിനടിയിലേക്ക് സാവധാനം ആണ്ടുപോയി. അത് ഒടുക്കേണ്ടിവന്ന വിലയ്ക്കു മാനവരാശി നേടിയത് അതിന്റെ സ്വന്തം പരിമിതികളെക്കുറിച്ചുള്ള വേദനാകരമായ ഒരു അവബോധമായിരുന്നു.”—അതേ പുസ്തകത്തിന്റെ ഉപസംഹാരക്കുറിപ്പ്.
[കടപ്പാട്]
The Bettmann Archive
The Trustees of the Imperial War Museum, London
National Archives of Canada, P.A. 40136
[7-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
യൂറോപ്പ്—1914 ആഗസ്ററിൽ
1. ഗ്രേററ് ബ്രിട്ടനും അയർലണ്ടും 2. ഫ്രാൻസ് 3. സ്പെയിൻ 4. ജർമൻ സാമ്രാജ്യം 5.സ്വിററ്സർലൻഡ് 6.ഇററലി 7.റഷ്യ 8.ഓസ്ട്രിയ-ഹംഗറി 9.റൊമേനിയ 10. ബൾഗേറിയ 11. സെർബിയ 12. മോണ്ടനീഗ്രോ 13. അൽബേനിയ 14. ഗ്രീസ്
[5-ാം പേജിലെ ചിത്രം]
ഗാവ്റീലോ പ്രീൻറ്സീപ്
[6-ാം പേജിലെ ചിത്രം]
Germans receiving flowers on their way to war
[കടപ്പാട്]
The Bettmann Archive
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Culver Pictures