ലോകത്തെ ഞെട്ടിച്ച വർഷം
“ആയിരത്തിത്തൊള്ളായിരത്തിപതിനാലു മുതൽ പതിനെട്ടു വരെയുള്ള മഹായുദ്ധം ആ കാലത്തെ നമ്മുടേതിൽ നിന്ന് വേർതിരിക്കുന്ന കത്തിക്കരിഞ്ഞ ഒരു ഭൂപ്രദേശം പോലെ കിടക്കുന്നു. അത്രയധികം ജീവിതങ്ങൾ തുടച്ചുനീക്കുകയും . . . വിശ്വാസങ്ങൾ നശിപ്പിക്കുകയും ആശയങ്ങൾ മാററി മറിക്കുകയും മോഹമുക്തിയുടെ പൊറിപ്പിക്കാനാവാത്ത മുറിവുകൾ അവശേഷിപ്പിക്കുകയും ചെയ്യുക വഴി അത് രണ്ടു കാലഘട്ടങ്ങൾക്കിടയിൽ ഭൗതികവും മനഃശാസ്‌ത്രപരവുമായ ഒരു വിടവ് സൃഷ്ടിച്ചു.”—ഫ്രം ദ പ്രൗഡ് ടവർ—ഏ പോർട്രെയിററ് ഓഫ് ദ വേൾഡ് ബിഫോർ ദ വാർ 1890-1914, ബാർബറ ടക്‌മൻ രചിച്ചത്.
“അത് ഏതാണ്ട്—ചരിത്രത്തിന്റെ ഭാഗമാണ്—എന്നാൽ പൂർണ്ണമായും അല്ല, കാരണം സുപ്രധാനമായ ഈ ഇരുപതാം നൂററാണ്ടിന്റെ തുടക്കത്തിൽ ചെറുപ്പമായിരുന്ന അനേകായിരങ്ങൾ ഇന്നും ജീവിച്ചിരിപ്പുണ്ട്.”—ലിൻ മാക്‌ഡോണാൾഡ് എഴുതിയതും 1987-ൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ 1914 എന്ന പുസ്‌തകത്തിൽ നിന്ന്.
ആയിരത്തിത്തൊള്ളായിരത്തിപതിനാല് എന്ന വർഷത്തിൽ എന്തിനാണ് ഇത്ര താൽപ്പര്യമെടുക്കുന്നത്? ‘ഭൂതകാലത്തിലല്ല ഭാവികാലത്തിലാണ് എനിക്ക് താൽപ്പര്യം’ എന്ന് നിങ്ങൾ പറഞ്ഞേക്കാം. ആഗോള മലിനീകരണം, കുടുംബ തകർച്ച, കുററകൃത്യങ്ങളുടെ വർദ്ധനവ്, മനോരോഗങ്ങൾ, തൊഴിലില്ലായ്‌മ എന്നീ പ്രശ്‌നങ്ങൾ നിമിത്തം മമനുഷ്യന്റെ ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടേക്കാം. എന്നിരുന്നാലും, 1914-ന്റെ പ്രാധാന്യം പരിശോധിച്ച അനേകർ ഒരു മെച്ചപ്പെട്ട ഭാവി പ്രതീക്ഷിക്കുന്നതിനുള്ള അടിസ്ഥാനം കണ്ടെത്തി.
ആയിരത്തിത്തൊള്ളായിരത്തിപതിനാലിൽ മനുഷ്യവർഗ്ഗം “ഈററുനോവിന്റെ ആരംഭം” എന്നു വിളിക്കപ്പെടുന്നത് അനുഭവിച്ചുതുടങ്ങി എന്ന് ദശകങ്ങളായി വീക്ഷാഗോപുരം മാസിക വിശദീകരിച്ചിട്ടുണ്ട്. ആ പദപ്രയോഗം മമനുഷ്യന്റെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തിന് മുന്നോടിയായിരിക്കുന്ന സംഭവങ്ങളെ സംബന്ധിച്ചുള്ള യേശുവിന്റെ വലിയ പ്രവചനത്തിന്റെ ഭാഗമാണ്.—മത്തായി 24:7, 8.
ഇന്ന്, മനുഷ്യവർഗ്ഗത്തിന്റെ ഒരു ചെറിയ ശതമാനത്തിന് 1914-ലെ നാടകീയ സംഭവങ്ങൾ ഇപ്പോഴും ഓർമ്മിക്കാൻ കഴിയും. ദൈവം ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിനു മുമ്പായി ആ പ്രായമേറിയ തലമുറ നീങ്ങിപ്പോകുമോ? ബൈബിൾ പ്രവചനമനുസരിച്ച്, ഇല്ല. “ഇവയെല്ലാം കാണുമ്പോൾ അവൻ വാതിൽക്കൽ എത്തിയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ,” യേശു വാഗ്‌ദാനം ചെയ്‌തു, “ഇവയൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല” എന്ന് സത്യമായും ഞാൻ നിങ്ങളോട് പറയുന്നു.—മത്തായി 24:33, 34, NW.
ആയിരത്തിത്തൊള്ളായിരത്തിപതിനാലിന് ഇത്രയധികം ചരിത്രപ്രാധാന്യമുള്ളത് എന്തുകൊണ്ടെന്ന് വിലമതിക്കുന്നതിന് 1914-ന്റെ പകുതിവരെയുള്ള ലോകസാഹചര്യം പരിഗണിക്കുക. അന്നുവരെ റഷ്യയിലെ സാർ നിക്കളോസ്, ജർമ്മനിയിലെ കൈസർ വിൽഹെം, ആസ്‌ത്രിയ-ഹംഗറിയിലെ ഫ്രാൻസ് യോസഫ് ചക്രവർത്തി എന്നീ ഭരണാധിപൻമാർ വലിയ അധികാരത്തോടെ വാണിരുന്നു. ഇവരിൽ ഓരോരുത്തർക്കും 40 ലക്ഷത്തിലധികം പടയാളികളെ സംഘടിപ്പിക്കുന്നതിനും യുദ്ധത്തിന് അയക്കുന്നതിനും കഴിയുമായിരുന്നു. എന്നാൽ അവരുടെ പൂർവ്വികർ ഒരു വലിയ “ക്രിസ്‌തീയ സാമ്രാജ്യ”ത്തിന്റെ വിവിധ ഭാഗങ്ങൾ ഭരിക്കാൻ ദൈവം തങ്ങളെ അധികാരപ്പെടുത്തിയിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിശുദ്ധ സഖ്യം എന്ന് വിളിക്കപ്പെട്ട ഒരു കരാറിൽ ഒപ്പു വച്ചിട്ടുണ്ടായിരുന്നു.
ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച് ഈ രേഖ “19-ാം നൂററാണ്ടിൽ യൂറോപ്പിലെ നയതന്ത്രബന്ധത്തിന്റെ ഗതിയെ ശക്തമായി സ്വാധീനിച്ചിട്ടുണ്ടായിരുന്നു.” ജനാധിപത്യ നീക്കങ്ങളെ എതിർക്കുന്നതിനും രാജാക്കൻമാരുടെ ദിവ്യാവകാശം എന്ന് വിളിക്കപ്പെട്ടതിനെ അനുകൂലിക്കുന്നതിനും അത് ഉപയോഗിക്കപ്പെട്ടു. “നമ്മൾ ക്രിസ്‌തീയ രാജാക്കൻമാർക്ക്” കൈസർ വിൽഹെം സാർ നിക്കളോസിന് എഴുതി, “സ്വർഗ്ഗം നമ്മുടെമേൽ വച്ചിരിക്കുന്ന ഒരു വിശുദ്ധ ചുമതലയുണ്ട്, അതായത് [രാജാക്കൻമാരുടെ ദിവ്യാവകാശത്തിന്റെ] തത്വം ഉയർത്തിപ്പിടിക്കുക.” യൂറോപ്പിലെ രാജാക്കൻമാർ ഏതോ പ്രകാരത്തിൽ ദൈവത്തിന്റെ രാജ്യവുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഇത് അർത്ഥമാക്കിയോ? (1 കൊരിന്ത്യർ 4:8 താരതമ്യം ചെയ്യുക.) ആ രാജാക്കൻമാരെ പിന്താങ്ങിയ സഭകളെ സംബന്ധിച്ചെന്ത്? ക്രിസ്‌ത്യാനികളാണെന്നുള്ള അവരുടെ അവകാശവാദം യഥാർത്ഥമായിരുന്നോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ 1914-ന് തൊട്ടുപിന്നാലെ വന്ന വർഷങ്ങളിൽ വ്യക്തമായി.
പെട്ടെന്ന്, ഓഗസ്‌ററിൽ
“യൂറോപ്പിൽ 1914-ലെ വസന്തകാലവും വേനൽക്കാലവും സാധാരണയിൽ കവിഞ്ഞ പ്രശാന്തത നിമിത്തം സവിശേഷ ശ്രദ്ധ അർഹിച്ചു,” ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞനായ വിൻസ്‌ററൺ ചർച്ചിൽ എഴുതി. ആളുകൾ പൊതുവെ ഭാവിയെ സംബന്ധിച്ച് ശുഭാപ്‌തിവിശ്വാസമുള്ളവരായിരുന്നു. “ആയിരത്തിത്തൊള്ളായിരത്തിപതിനാലിലെ ലോകം പ്രത്യാശയും വാഗ്‌ദാനവും നിറഞ്ഞതായിരുന്നു,” ഒന്നാം ലോകമഹായുദ്ധം എന്ന തന്റെ പുസ്‌തകത്തിൽ ലൂയിസ് സ്‌നിഡർ പറഞ്ഞു.
അനേക വർഷങ്ങളായി ജർമ്മനിയും ബ്രിട്ടനും തമ്മിൽ രൂക്ഷമായ ഭിന്നതയുണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നിരുന്നാലും അണ്ടർ സിക്‌സ് റെയിൻസ് എന്നുള്ള തന്റെ പുസ്‌തകത്തിൽ ചരിത്രകാരനായ ജി. പി. ഗൂച്ച് വിശദീകരിക്കുന്ന പ്രകാരം: “യൂറോപ്പിൽ ഒരു പോരാട്ടം ഉണ്ടാകാനുള്ള സാദ്ധ്യത 1914-ൽ 1911, 1912, 1913 എന്നീ വർഷങ്ങളിലേതിലും കുറവായി കാണപ്പെട്ടു. ആ രണ്ടു ഗവൺമെൻറുകൾ തമ്മിലുള്ള ബന്ധം വർഷങ്ങളായി നിലനിന്നു പോന്നതിനേക്കാൾ മെച്ചമായിരുന്നു.” ആയിരത്തിത്തൊള്ളായിരത്തിപതിനാലിലെ ബ്രിട്ടീഷ് ക്യാബിനററിൽ അംഗമായിരുന്ന വിൻസ്‌ററൺ ചർച്ചിൽ പറയുന്നത് “ജർമ്മനി ഞങ്ങളോടൊപ്പം സമാധാനത്തിനുവേണ്ടി നിലകൊള്ളുന്നതായി തോന്നി” എന്നാണ്.
എന്നിരുന്നാലും, 1914 ജൂൺ 28-ാം തീയതി സാറജേവോ എന്ന സ്ഥലത്തു വച്ച് ആസ്‌ത്രിയ-ഹംഗറി സാമ്രാജ്യത്തിന്റെ കിരീടാവകാശി വധിക്കപ്പെട്ടതോടെ ചക്രവാളത്തിൽ ഒരു കാർമേഘം പ്രത്യക്ഷമായി. ഒരു മാസം കഴിഞ്ഞപ്പോൾ ഫ്രാൻസ് യോസഫ് ചക്രവർത്തി സേർബിയക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ആ രാജ്യത്തെ ആക്രമിക്കാൻ തന്റെ സൈന്യങ്ങൾക്ക് ഉത്തരവു നൽകുകയും ചെയ്‌തു. അതേസമയം 1914 ഓഗസ്‌ററ് 3-ാം തീയതി രാത്രി കൈസർ വിൽഹെമിന്റെ കൽപ്പനയനുസരിച്ച് ഒരു വലിയ ജർമ്മൻ സൈന്യം പെട്ടെന്ന് ബെൽജിയത്തെ ആക്രമിക്കുകയും പ്രദേശങ്ങൾ കീഴടക്കിക്കൊണ്ട് ഫ്രാൻസിന് നേരെ നീങ്ങുകയും ചെയ്‌തു. അടുത്ത ദിവസം ബ്രിട്ടൻ ജർമ്മനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. സാർ നിക്കളോസിനെ സംബന്ധിച്ചാണെങ്കിൽ ജർമ്മനിയുമായും ആസ്‌ത്രിയ-ഹംഗറിയുമായും യുദ്ധം ചെയ്യുന്നതിന് റഷ്യയുടെ ബൃഹത്തായ സൈന്യം നീങ്ങാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. അന്യോന്യമുള്ള കൂട്ടക്കൊലയിലൂടെ ആ ഭൂഖണ്ഡത്തെ ചോരപ്പുഴയിൽ മുക്കുന്നതിൽ നിന്ന് യൂറോപ്പിലെ രാജാക്കൻമാരെ തടയുന്നതിൽ വിശുദ്ധകൂട്ടുകെട്ട് പരാജയപ്പെട്ടിരുന്നു. എന്നാൽ വലിയ ഞെട്ടലുകൾ ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.
ക്രിസ്‌തുമസ്സോടെ അവസാനിക്കും?
യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ ആളുകളുടെ ശുഭാപ്‌തിവിശ്വാസത്തെ മന്ദീഭവിപ്പിച്ചില്ല. അത് ഒരു മെച്ചപ്പെട്ട ലോകത്തിന് വഴി തെളിക്കുമെന്ന് അനേകർ വിശ്വസിക്കുകയും അതിനുള്ള തങ്ങളുടെ പിന്തുണ പ്രഖ്യാപിക്കാൻ യൂറോപ്പിലുടനീളം വലിയ ജനക്കൂട്ടങ്ങൾ സംഘം ചേരുകയും ചെയ്‌തു. ദ സ്‌റ്രറഗ്ഗിൾ ഫോർ മാസ്‌റററി ഇൻ യൂറോപ്പ്—1848-1918 എന്ന തന്റെ പുസ്‌തകത്തിൽ ഏ. ജെ. പി. ടെയിലർ എഴുതുന്നു, “1914-ൽ ആരും യുദ്ധത്തിന്റെ അപകടങ്ങളെ ഒരു സൈനിക തലത്തിലല്ലാതെ ഗൗരവമായിട്ടെടുത്തില്ല. ഒരു സാമൂഹികമായ കൊടുംവിപത്ത് ആരും പ്രതീക്ഷിച്ചില്ല.” മറിച്ച്, ഏതാനും മാസംകൊണ്ട് യുദ്ധം അവസാനിക്കുമെന്ന് അനേകർ പ്രവചിച്ചു.
എന്നിരുന്നാലും, യൂറോപ്പിലെ ആളുകൾക്ക് 1914-ലെ ക്രിസ്‌തുമസ്സ് ആഘോഷിക്കാൻ കഴിയുന്നതിന് വളരെ മുമ്പേ തന്നെ തെക്ക് സ്വിററ്‌സർലണ്ട് മുതൽ വടക്ക് ബെൽജിയത്തിന്റെ തീരം വരെ 450-ലധികം മൈൽ ദീർഘമായ കിടങ്ങുകളുടെ നിരയിൽ രക്തരൂക്ഷിതമായ ഒരു സ്‌തംഭനാവസ്ഥ വികാസം പ്രാപിച്ചിരുന്നു. ഇത് പടിഞ്ഞാറെ യുദ്ധ മുഖം എന്ന് വിളിക്കപ്പെട്ടു. ജർമ്മൻ എഴുത്തുകാരനായ ഹെർബർട്ട് സൽസ്‌ബാക്ക് തന്റെ ഡയറിയിൽ 1914-ലെ അവസാന ദിവസത്തെതായ കുറിപ്പിൽ അതേപ്പററി പരാമർശിച്ചിട്ടുണ്ട്. ആ കുറിപ്പ് ഇപ്രകാരം വായിക്കപ്പെടുന്നു: “ഈ ഭയങ്കര യുദ്ധം നീങ്ങുനീണ്ടു പോകുന്നു. ഏതാനും ആഴ്‌ചകൾക്കുള്ളിൽ അത് അവസാനിക്കുമെന്ന് തുടക്കത്തിൽ നിങ്ങൾ വിചാരിച്ചിരിക്കാം, ഇപ്പോൾ ഒരു അവസാനം ദൃഷ്ടിപഥത്തിലില്ല.” അതേസമയം, യൂറോപ്പിന്റെ മററു ഭാഗങ്ങളിൽ റഷ്യ, ജർമ്മനി, ആസ്‌ത്രിയ-ഹംഗറി, സേർബിയ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങൾ തമ്മിൽ ഉഗ്രപോരാട്ടങ്ങൾ നടന്നുകൊണ്ടിരുന്നു. പെട്ടെന്നുതന്നെ ഏററുമുട്ടലുകൾ യൂറോപ്പിന് വെളിയിലേക്ക് വ്യാപിച്ചു, സമുദ്രങ്ങളിലും ആഫ്രിക്കയിലും മദ്ധ്യപൂർവ്വദേശത്തും പസഫിക്കിലെ ദ്വീപുകളിലും ഏററുമുട്ടലുകൾ നടന്നു.
നാലുകൊല്ലം കഴിഞ്ഞപ്പോഴേക്കും യൂറോപ്പ് തകർന്നു തരിപ്പണമായി. ജർമ്മനി, റഷ്യ, ആസ്‌ത്രിയ-ഹംഗറി എന്നീ രാജ്യങ്ങൾ ഓരോന്നിനും 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടക്ക് സൈനികരെ നഷ്ടമായി. റഷ്യക്കാകട്ടെ 1917-ലെ ബോൾഷെവിക്ക് വിപ്ലവത്തിൽ അതിന്റെ രാജഭരണം പോലും നഷ്ടമായി. അത് യൂറോപ്പിലെ രാജാക്കൻമാർക്കും അവരുടെ പിന്തുണക്കാരായ പുരോഹിതൻമാർക്കും എന്തോരു ഞെട്ടലാണ് ഉളവാക്കിയത്! ആധുനിക ചരിത്രകാരൻമാർ അത് സംബന്ധിച്ച് ഇപ്പോഴും ആശ്ചര്യം പ്രകടമാക്കുന്നു. റോയൽ സൺസെററ് എന്നുള്ള തന്റെ പുസ്‌തകത്തിൽ ഗോർഡൻ ബ്രൂക്ക് ഷെപ്പേർഡ് ഇപ്രകാരം ചോദിക്കുന്നു: “മിക്കവാറും രക്തത്തിലൂടെയും വിവാഹത്തിലൂടെയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നവരും രാജത്വം നിലനിർത്തുന്ന കാര്യത്തിൽ അർപ്പണബോധത്തോടെ പ്രവർത്തിച്ചിരുന്നവരുമായ ഭരണാധിപൻമാർ അവരിൽ അനേകരെ ആസ്‌തിക്യത്തിൽ നിന്ന് തുടച്ചുനീക്കിയതും അതിജീവകരെ ബലഹീനരായി അവശേഷിപ്പിച്ചതുമായ സഹോദരഹത്യയുടെ ചോരപ്പുഴയിലേക്ക് വഴുതിവീഴാനിടയായത് എങ്ങനെയായിരുന്നു?”
ഫ്രഞ്ച് റിപ്പബ്ലിക്കിനും ഒരു ദശലക്ഷത്തിലധികം പടയാളികളെ നഷ്ടമായി. യുദ്ധത്തിന് മുമ്പേതന്നെ ബലഹീനമായിത്തീർന്നിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രാജകീയ ഭരണത്തിനാകട്ടെ 9 ലക്ഷത്തിലധികമായിരുന്നു നഷ്ടം. മൊത്തം 90 ലക്ഷത്തിലധികം സൈനികർ കൊല്ലപ്പെട്ടു, കൂടാതെ 2 കോടി 10 ലക്ഷം പേർക്ക് മുറിവേററു. യുദ്ധത്തിൽ ഉൾപ്പെടാത്തവർക്കിടയിലെ നഷ്ടത്തെ സംബന്ധിച്ച് ദ വേൾഡ് ബുക്ക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “രോഗം, പട്ടിണി എന്നിങ്ങനെ യുദ്ധവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ എത്ര പൗരൻമാർ മരിച്ചുവെന്ന് ആർക്കും അറിഞ്ഞുകൂടാ. സൈനികരുടെ അത്രയും തന്നെ സാധാരണപൗരൻമാരും മരിച്ചു എന്ന് ചില ചരിത്രകാരൻമാർ വിശ്വസിക്കുന്നു.” ഭൂവിസ്‌തൃതമായി 1918-ലെ സ്‌പാനിഷ് ഫ്‌ളൂ 2 കോടി 10 ലക്ഷം ജീവൻ അരിഞ്ഞുവീഴ്‌ത്തി.
സമൂല പരിവർത്തനം
മഹായുദ്ധത്തിനു ശേഷം—അന്ന് അങ്ങനെയായിരുന്നു അത് വിളിക്കപ്പെട്ടിരുന്നത്—ലോകം ഒരിക്കലും മുമ്പ് ആയിരുന്നതുപോലെ ആയിരുന്നില്ല. ക്രൈസ്‌തവമണ്ഡലത്തിലെ അനേകം സഭകൾ അതിൽ ഉൽസാഹപൂർവ്വം പങ്കെടുത്തിരുന്നതിനാൽ മോഹവിമുക്തരായ അനേകം അതിജീവകർ മതത്തിനു നേരെ പുറം തിരിക്കുകയും നിരീശ്വര വാദത്തിന് അനുകൂലമായി നിലപാട് സ്വീകരിക്കുകയും ചെയ്‌തു. മററു ചിലരാകട്ടെ ഭൗതിക ധനത്തിന്റെയും ഉല്ലാസങ്ങളുടെയും അനുധാവനത്തിലേക്ക് തിരിഞ്ഞു. റൈററ്‌സ് ഓഫ് സ്‌പ്രിംഗ് എന്ന തന്റെ പുസ്‌തകത്തിൽ പ്രൊഫസർ മോഡ്രിസ് എക്‌സ്‌ററീൻസ് പറയുംപ്രകാരം, 1920-കൾ “ശ്രദ്ധേയമായ തോതിലുള്ള ഉല്ലാസ ജീവിതത്തിനും സ്വാത്മപ്രേമത്തിനും സാക്ഷ്യം വഹിച്ചു.”
പ്രൊഫസർ എക്‌സ്‌ററീൻസ് വിശദീകരിക്കുന്നു: “യുദ്ധം ധാർമ്മിക നിലവാരങ്ങളെ കടന്നാക്രമിച്ചു.” ഇരുപക്ഷത്തുമുള്ളയാളുകൾ, മത, സൈനിക, രാഷ്‌ട്രീയ നേതാക്കൻമാരാൽ, കൂട്ടക്കൊല ധാർമ്മികമായി നല്ലതാണെന്ന് വീക്ഷിക്കാൻ പഠിപ്പിക്കപ്പെട്ടിരുന്നു. ഇത്, “യഹൂദ-ക്രിസ്‌തീയ ധർമ്മശാസ്‌ത്രത്തിൽ വേരൂന്നിയതെന്ന് അവകാശപ്പെട്ടിരുന്ന ഒരു ധാർമ്മിക ക്രമത്തിൻമേൽ നടത്തപ്പെട്ട ഏററം പ്രാകൃതമായ കടന്നാക്രമണങ്ങൾ മാത്രമായിരുന്നുവെന്ന്” എക്‌സ്‌ററീൻസ് സമ്മതിക്കുന്നു. “പശ്‌ചിമ മുന്നണിയിൽ പെട്ടെന്നുതന്നെ വേശ്യാലയങ്ങൾ സൈനികത്താവളങ്ങളുടെ ഒരു സാധാരണ അനുബന്ധമായി മാറി . . . ആഭ്യന്തര രംഗത്ത് ധാർമ്മികത അതിന്റെ മാർക്കച്ച മാത്രമല്ല അരവാറും കൂടെ അഴിച്ചുമാററി. വേശ്യാവൃത്തി ശ്രദ്ധേയമാംവണ്ണം വർദ്ധിച്ചു.”
വാസ്‌തവത്തിൽ, 1914 വളരെയധികം മാററങ്ങൾ കൈവരുത്തി. അത് കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം നിർമ്മിച്ചില്ല, അനേകമാളുകൾ പ്രതീക്ഷിച്ചതുപോലെ ഈ യുദ്ധം “സകല യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള ഒരു യുദ്ധ”മാണെന്ന് തെളിഞ്ഞതുമില്ല. മറിച്ച്, ചരിത്രകാരിയായ ബാർബറ ററക്‌മാൻ നിരീക്ഷിക്കുന്നപ്രകാരം: “1914 വരെ സാദ്ധ്യമായിരുന്ന മോഹങ്ങളും ശുഭാപ്‌തി വിശ്വാസങ്ങളും ഭീമമായ മോഹമുക്തിയുടെ ആഴങ്ങളിൽ സാവകാശം ആണ്ടുപോയി.”
എന്നിരുന്നാലും, 1914-ലെ ദുരന്തത്തിന് സാക്ഷ്യം വഹിച്ച ചിലർ ആ വർഷത്തെ സംഭവങ്ങളിൽ ആശ്ചര്യപ്പെട്ടില്ല. വാസ്‌തവത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പേതന്നെ അവർ “കുഴപ്പങ്ങളുടെ ഒരു ഭയാനകസമയം” പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. അവർ ആരായിരുന്നു? മററുള്ളവർക്ക് അറിവില്ലാതിരുന്ന എന്തായിരുന്നു അവർക്ക് അറിയാമായിരുന്നത്?
[5-ാം പേജിലെ ചതുരം]
1914-ൽ ബ്രിട്ടന്റെ ശുഭാപ്‌തിവിശ്വാസം
“ഏതാണ്ട് ഒരു നൂററാണ്ടായിട്ട് നമ്മുടെ ദ്വീപിന് ചുററുമുള്ള കടലുകളിൽ യാതൊരു ശത്രുവും പ്രത്യക്ഷപ്പെട്ടിട്ടില്ലായിരുന്നു. . . . ഈ സമാധാനപൂർണ്ണമായ തീരങ്ങളിൽ ഒരു ഭീഷണിയുണ്ടാകാനുള്ള സാദ്ധ്യത വിഭാവനം ചെയ്യുകപോലും പ്രയാസമായിരുന്നു. . . . ലണ്ടൻ ഇതിന് മുമ്പൊരിക്കലും ഇത്ര ഉല്ലാസകരമോ ഐശ്വര്യപൂർണ്ണമോ ആയി കാണപ്പെട്ടിട്ടില്ലായിരുന്നു. മുമ്പൊരിക്കലും ഇത്രയധികം ചെയ്യാനും കാണാനും കേൾക്കാനും കൊള്ളാവുന്ന കാര്യങ്ങൾ ഉണ്ടായിരുന്നിട്ടില്ല. ആയിരത്തിത്തൊള്ളായിരത്തിപതിനാലിലെ ആ അതുല്യമായ കാലഘട്ടത്തിൽ തങ്ങൾ സാക്ഷ്യം വഹിക്കുന്നത് വാസ്‌തവത്തിൽ ഒരു യുഗത്തിന്റെ അന്ത്യത്തിനാണെന്ന് പ്രായമായവർക്കും ചെറുപ്പക്കാർക്കും യാതൊരു ഊഹം പോലുമില്ലായിരുന്നു.”—ബിഫോർ ദ ലാംപ്‌സ് വെൻറ് ഔട്ട്, ജെഫ്‌റി മാർക്കസ്സിനാലുള്ളത്.