1914-ന്റെ യഥാർഥ പ്രസക്തി
നാലാം പേജിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, “ഈ മാസിക 1914-ലെ സംഭവങ്ങൾ കണ്ട തലമുറ നീങ്ങിപ്പോകുന്നതിനുമുമ്പു സമാധാനപൂർണവും സുരക്ഷിതവുമായ ഒരു പുതിയ ലോകം ഉണ്ടാകുമെന്നുള്ള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിൽ വിശ്വാസം കെട്ടുപണി ചെയ്യുന്നു.”
ആ പ്രസ്താവന അമ്പരപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ വായനക്കാരിൽ പലരും മനസ്സിലാക്കുന്നു. എന്നാൽ 1879 ഡിസംബറിൽത്തന്നെ—1914-ന് ഏതാണ്ട് 35 വർഷങ്ങൾക്കു മുമ്പ്—(സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യസാരഥിയും എന്നറിയപ്പെട്ടിരുന്ന) വീക്ഷാഗോപുരം 1914 ഒരു പ്രസക്ത വർഷമായിരിക്കുമെന്നു തെളിയിക്കുന്ന ബൈബിൾ തെളിവു പ്രദാനം ചെയ്തു. അതിനു മുമ്പുപോലും—19-ാം ശതകാർധത്തിൽ—ചില ബൈബിൾ പഠിതാക്കൾ 1914 ബൈബിൾ പ്രവചനത്തിൽ പരാമർശിച്ചിട്ടുള്ള ഒരു വർഷമായിരിക്കാൻ സാധ്യതയുണ്ടെന്നു സൂചിപ്പിച്ചിരുന്നു.a
മുൻകൂട്ടിയെഴുതിയ ചരിത്രം എന്നാണു പ്രവചനത്തെ വർണിച്ചിട്ടുള്ളത്. ബൈബിളിന്റെ ഈ പ്രത്യേകത അതിന്റെ ദിവ്യോത്ഭവം സംബന്ധിച്ച തെളിവു നൽകുന്നു. ഭാവി സംഭവങ്ങളെക്കുറിച്ചു പറയുന്നതു കൂടാതെ, ചില കാര്യങ്ങൾ സംഭവിക്കുന്നതിനു മുമ്പ് കടന്നുപോകാനിരിക്കുന്ന കാലഘട്ടം എത്രയെന്നും ചിലപ്പോൾ ബൈബിൾ നമ്മോടു പ്രസ്താവിക്കുന്നു. ഈ നിർദിഷ്ട പ്രവചനങ്ങളിൽ ചിലത് ഏതാനും ദിവസങ്ങളെ പരാമർശിക്കുന്നു; ചിലതു വർഷങ്ങളെയും മററു ചിലതു നൂററാണ്ടുകളെയും.
മിശിഹായുടെ ആദ്യ വരവിനെക്കുറിച്ചു പ്രവചിച്ച ദാനിയേൽ ‘അന്ത്യകാലം’ എന്നു വിളിക്കപ്പെടുന്ന സമയത്ത് തന്റെ “സാന്നിധ്യ”ത്തിനായി മിശിഹാ എപ്പോൾ മടങ്ങിവരുമെന്നും വെളിപ്പെടുത്തി. (ദാനിയേൽ 8:17, 19; 9:24-27, NW) ഈ ബൈബിൾ പ്രവചനം ഒരു നീണ്ട കാലത്തേക്കു വ്യാപിച്ചുകിടക്കുന്ന ഒന്നാണ്; അത് ഏതാനും നൂററാണ്ടുകളല്ല, പിന്നെയോ രണ്ടു സഹസ്രാബ്ദങ്ങളിലും കൂടുതലാണ്—2,520 വർഷം! ലൂക്കൊസ് 21:24-ൽ ഈ കാലഘട്ടത്തെ “ജാതികളുടെ കാലം” എന്നാണു യേശു വിളിക്കുന്നത്.b
1914 കഠോരയാതനയുടെ കാലത്തിനു തുടക്കമിടുന്നു
1914 മുതൽ നാം അന്ത്യകാലത്താണു ജീവിക്കുന്നതെന്ന് ബൈബിൾ പ്രവചനനിവൃത്തി സൂചിപ്പിക്കുന്നു. ‘ഈററുനോവിന്റെ ആരംഭ’മായി യേശു ഈ കാലത്തെ വർണിച്ചു. (മത്തായി 24:8) വെളിപ്പാടു 12:12-ൽ നാം ഇങ്ങനെ വായിക്കുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” 1914 മുതൽ ലോകം വർധിച്ച പ്രക്ഷുബ്ധാവസ്ഥയിൽ ആയിരിക്കുന്നത് എന്തുകൊണ്ടെന്ന് ഇതു വിശദീകരിക്കുന്നു.
എന്നാൽ, ഈ അന്ത്യകാലം താരതമ്യേന ഹ്രസ്വമായ ഒരു കാലഘട്ടമായിരിക്കേണ്ടതാണ്—ഒരു തലമുറ നീണ്ടുനിൽക്കുന്ന ഒരു കാലഘട്ടം. (ലൂക്കൊസ് 21:31, 32) 1914-നുശേഷം നാം 80 വർഷം പിന്നിട്ടിരിക്കുന്നു എന്ന വസ്തുത, ദൈവരാജ്യം കൈവരുത്തുന്ന വിടുതൽ നമുക്കു പെട്ടെന്നുതന്നെ പ്രതീക്ഷിക്കാൻ കഴിയും എന്നു സൂചിപ്പിക്കുന്നു. ‘മനുഷ്യരിൽ അധമനായവൻ’—യേശുക്രിസ്തു—“മനുഷ്യരുടെ രാജത്വ”ത്തിന്റെ പരിപൂർണ നിയന്ത്രണം ഏറെറടുക്കുന്നതും സമാധാനവും നീതിയുമുള്ള ഒരു പുതിയ ലോകം ആനയിക്കുന്നതും നാം കാണും എന്നാണതിന്റെ അർഥം.—ദാനീയേൽ 4:17.
[അടിക്കുറിപ്പുകൾ]
a 1844-ൽ, ഇ. ബി. ഇലിയട്ട് എന്ന ഒരു ബ്രിട്ടീഷ് പുരോഹിതൻ ദാനീയേൽ 4-ാം അധ്യായത്തിലെ “ഏഴു കാല”ങ്ങളുടെ അവസാനത്തിന്റെ സാധ്യതയുള്ള തീയതി 1914 ആയിരിക്കുമെന്നുള്ളതിലേക്കു ശ്രദ്ധ തിരിക്കുകയുണ്ടായി. 1849-ൽ, ലണ്ടനിലെ റോബർട്ട് സീലി ഈ വിഷയത്തെ സമാനമായി കൈകാര്യം ചെയ്തു. ഐക്യനാടുകളിലെ ജോസഫ് സൈസ് 1870-നോടടുത്ത് എഡിററു ചെയ്ത ഒരു പ്രസിദ്ധീകരണത്തിൽ ബൈബിൾ കാലഗണനയിലെ ഒരു സുപ്രധാന വർഷമാണ് 1914 എന്നു ചൂണ്ടിക്കാട്ടി. 1914, “ജാതികളുടെ കാലം” എന്നു യേശു വിളിച്ച ഒരു കാലഘട്ടത്തിന്റെ അവസാനത്തെ കുറിച്ചുവെന്ന് 1875-ൽ, ഹെറാൾഡ് ഓഫ് ദ മോർണിങ് എന്ന മാഗസിനിൽ നെൽസൺ എച്ച്. ബാർബർ എഴുതുകയുണ്ടായി.—ലൂക്കൊസ് 21:24.
b ദാനിയേൽ പ്രവചനത്തിന്റെ സവിസ്തരമായ ഒരു വിശദീകരണത്തിന് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ എന്ന പുസ്തകത്തിന്റെ 95-7 പേജുകൾ കാണുക.
[11-ാം പേജിലെ ചതുരം]
1914-നെയും പിന്നീടുള്ള വർഷങ്ങളെയും കുറിച്ചുള്ള അഭിപ്രായങ്ങൾ
“ഒഴിവാക്കാനാവാത്തതെന്നു തോന്നിയ രണ്ടു ലോകയുദ്ധങ്ങൾക്കുശേഷം ന്യൂക്ലിയർ ആയുധങ്ങളുടെ നിർമാണം ഒരു മുന്നറിയിപ്പായി ഉതകിയിരിക്കാം, അതു നമ്മെ ഒരു മൂന്നാം ലോകയുദ്ധത്തിൽനിന്നു സംരക്ഷിക്കുകയും വിക്ടോറിയ രാജ്ഞിയുടെ കാലത്തിനുശേഷം ഭീതി പടർന്ന ഒരു സമാധാനമാണെങ്കിൽപ്പോലും പൊതുസമാധാനത്തിന്റെ ഏററവും നീണ്ട കാലഘട്ടം ആനയിക്കുകയും ചെയ്തു. . . . മാനവരാശിക്ക് എന്തു പാളിച്ചയാണു പററിയത്? പത്തൊമ്പതാം നൂററാണ്ടിന്റെ വാഗ്ദത്തം എന്തുകൊണ്ടാണ് തകിടംമറിക്കപ്പെട്ടത്? ഇരുപതാം നൂററാണ്ട് ഭീതിയുടെ, അല്ലെങ്കിൽ ചിലയാളുകൾ പറയുന്നതുപോലെ, ദുഷ്ടതയുടെ ഒരു യുഗമായി മാറിയത് എന്തുകൊണ്ടായിരുന്നു?—ആധുനിക ലോകത്തിന്റെ ഒരു ചരിത്രം—1917 മുതൽ 1980-കൾ വരെ, പോൾ ജോൺസൺ രചിച്ചത്.
“യൂറോപ്യൻ വ്യവസ്ഥിതിയുടെ അസ്ഥിരമായ പരിവർത്തനങ്ങളിൽവെച്ച് മഹായുദ്ധവും സമാധാന ഉടമ്പടിയും, സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായി ഭൂതകാലത്തിൽനിന്ന് ഏററവുമധികം അകററിനിർത്തിയ ഒരു വിടവു സൃഷ്ടിച്ചിരിക്കുന്നു. . . . സ്വതന്ത്രമായി പ്രവർത്തിച്ചിരുന്നതും ഉത്പാദനക്ഷമവുമായ ആ വ്യവസ്ഥിതിയുടെ സുന്ദരമായ മഹത്ത്വം യുദ്ധക്കെടുതിയിൽ തിരോഭവിച്ചുപോയിരുന്നു. പകരം, യൂറോപ്പിന് സാമ്പത്തിക മാന്ദ്യത്തെയും സാർവത്രിക സാമ്പത്തിക തിരിമറിയലുകളെയും നേരിടേണ്ടിവന്നു. . . . അടുത്ത ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെ സ്തംഭനാവസ്ഥയിൽനിന്നും അസ്ഥിരതയിൽനിന്നും യൂറോപ്യൻ സമ്പദ്വ്യവസ്ഥയ്ക്കു പുറത്തുവരാനായില്ല, അത്രയ്ക്കും വലുതായിരുന്നു ഉണ്ടായ നഷ്ടം.”—ലോകം കഠിനപരിശോധനയിൽ 1914-1919, (ഇംഗ്ലീഷ്) ബർണഡാററ് ഇ. ഷ്മിററും ഹാരൾഡ് സി. വെഡലറും രചിച്ചത്.
“രണ്ടാം ലോകമഹായുദ്ധത്തിൽ മനുഷ്യർ തമ്മിലുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കാനിരിക്കയായിരുന്നു. ആളുകൾ സ്വയം കീഴ്പെട്ടിരുന്ന ഹിററ്ലറിന്റെ വാഴ്ചക്കാലത്ത് ജർമൻകാർ കുററകൃത്യങ്ങളിൽ ഏർപ്പെട്ടു, അളവിലും ദുഷ്ടതയിലും തുല്യമായൊന്നില്ലാത്തതും മാനവചരിത്രത്തിനു കളങ്കം ചാർത്തിയതുമായിരുന്നു ആ ഘോരകൃത്യങ്ങൾ. കരുതിക്കൂട്ടിയുള്ള പ്രക്രിയകൾ മുഖാന്തരം നടത്തിയ പുരുഷൻമാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന 60-ഓ 70-ഓ ലക്ഷം പേരുടെ കൂട്ടക്കുരുതി ഭീതിയുടെ കാര്യത്തിൽ ജെംഗിസ്ഖാന്റെ പരുക്കനും എന്നാൽ ഫലപ്രദവുമായ കശാപ്പിനെയും കടത്തിവെട്ടുന്നു. അനുപാതത്തിൽ അതിനെ വളരെ നിസ്സാരമാക്കിത്തീർക്കുകയും ചെയ്യുന്നു. പൗരസ്ത്യയുദ്ധത്തിൽ മൊത്തം ആളുകളെയും നിർമൂലനം ചെയ്യുന്നതിനെക്കുറിച്ച് ജർമനിയും റഷ്യയും ചിന്തിക്കുകയും അതിൽ ഏർപ്പെടുകയും ചെയ്തു. . . . ഭൗതിക അധഃപതനത്തിന്റെയും ധാർമിക പതനത്തിന്റെയും ഒരു രംഗത്തുനിന്നു നാം പൂർണമായി പുറത്തുവന്നിരിക്കുന്നു, മുൻ നൂററാണ്ടുകളിൽ അതുപോലൊന്നിനെക്കുറിച്ചു മനുഷ്യവർഗത്തിനു ചിന്തിക്കാനേ കഴിയുമായിരുന്നില്ല.”—രണ്ടാം ലോകമഹായുദ്ധത്തിന്റെ I-ാം വാല്യമായ കൊടുങ്കാററ് കൊയ്യുന്നു (ഇംഗ്ലീഷ്), വിൻസ്ററൺ എസ്. ചർച്ചിൽ വിരചിച്ചത്.
“എല്ലാ വിഭാഗങ്ങളിലെയും രാഷ്ട്രങ്ങളിലെയും വർഗങ്ങളിലെയും ആളുകളുടെ മനുഷ്യാവകാശങ്ങൾ ഇപ്പോൾ അംഗീകരിക്കപ്പെടുന്നുണ്ട്. എന്നാൽ അതേസമയം തന്നേ ഇതുവരെയും കേട്ടിട്ടില്ലാത്ത അധഃപതിച്ചതരം യുദ്ധങ്ങളിലേക്കും ദേശീയതയിലേക്കും വർഗീയതയിലേക്കും നാം താണുപോകുകയും ചെയ്തിരിക്കുന്നു. മോശമായ ഈ വികാരങ്ങൾ നിർദയവും ശാസ്ത്രീയമായി പ്ലാൻ ചെയ്യപ്പെട്ടതുമായ ക്രൂരതകളായി പുറത്തുവരുന്നു; യോജിപ്പിലല്ലാത്ത ഈ രണ്ട് മാനസികാവസ്ഥകളും സ്വഭാവനിലവാരങ്ങളും ഇന്ന് ഒരേ ലോകത്തിലെന്നല്ല, ഒരേ രാജ്യത്തെന്നല്ല ഒരേ വ്യക്തിയിൽ പോലും ഒരുമിച്ചു കാണാൻ കഴിയുന്നു.”—ആർനോൾഡ് റേറായ്ൻബീ എഴുതിയ പരിഷ്കാരം, പരീക്ഷണത്തിൽ (ഇംഗ്ലീഷ്).
“നിർദിഷ്ട സമയത്തിലധികം തങ്ങിനിന്ന ഒരു ഭൂതത്തെപ്പോലെ, പത്തൊമ്പതാം നൂററാണ്ട്—അതിന്റെ അടിസ്ഥാന ക്രമവും ആത്മവിശ്വാസവും മനുഷ്യപുരോഗതിയിലുള്ള അതിന്റെ വിശ്വാസവും സഹിതം—1914 ആഗസ്ററ് വരെ സ്വസ്ഥാനത്തു നിന്നു, എന്നാൽ ആ വർഷം യൂറോപ്യൻ സമൂഹത്തിനാകെ കൂട്ടഭ്രാന്തു പിടിച്ചു. അത് ഒരു തലമുറയിൽപ്പെട്ട മികവുററ ലക്ഷോപലക്ഷം യുവാക്കളുടെ വിവേകശൂന്യമായ കൂട്ടക്കുരുതിയിലേക്കു നേരിട്ടു നയിച്ചു. നാലര വർഷം നീണ്ട ആ മഹായുദ്ധത്തിന്റെ ഘോരമായ കെടുതിക്കുശേഷം ലോകം സാധാരണ നില കൈവരിക്കാൻ തുടങ്ങിയപ്പോൾ മുൻ സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതിയുടെ അവശേഷിക്കുന്ന അവസാനത്തെ കാൽപ്പാടുകൾപോലും തുടച്ചുനീക്കപ്പെട്ടതായി സമകാലിക നിരീക്ഷകരിൽ പലർക്കും (തീർച്ചയായും എല്ലാവർക്കുമല്ല) വ്യക്തമായി. ഗണ്യമായ അളവിൽ ന്യായബോധം കുറഞ്ഞതും മാനുഷിക അപൂർണതകൾ അധികമൊന്നും ക്ഷമിച്ചുകൊടുക്കാത്തതുമായ ഒരു പുതിയ യുഗത്തിലേക്കു മാനവരാശി പ്രവേശിച്ചതായും അവർക്കു വ്യക്തമായി. സമാധാനം ഒരു പുതിയ ലോകത്തെ ആനയിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവർ 1919-ൽ തങ്ങളുടെ പ്രതീക്ഷകൾ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കി.”—വില്യം കെ. ക്ലിംഗാമന്റെ 1919—നമ്മുടെ ലോകം തുടങ്ങിയ വർഷം (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ ആമുഖം.
[10-ാം പേജിലെ ചിത്രം]
ബവരിയൻ അൽപ്സ്