ക്രിസ്ത്യാനികൾ യെരുശലേമിലെ ഹൈക്കോടതിയെ വീണ്ടും അഭിമുഖീകരിക്കുന്നു
ഇസ്രായേലിലെ ഉണരുക! ലേഖകൻ
തന്റെ ജീവനുവേണ്ടിയുള്ള വിചാരണയുടെ സമയത്ത് യേശു യെരുശലേമിലെ പരമോന്നത കോടതിയായിരുന്ന സൻഹെദ്രിമിനു മുമ്പാകെ നിന്നു. ഈ സമ്മർദം ഉണ്ടായിരുന്നിട്ടും അവൻ സധീരം ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്തു. (മത്തായി 26:57-68) യേശുവിന്റെ വിചാരണക്ക് ആഴ്ചകൾക്കുള്ളിൽ അവന്റെ ഏററവും അടുത്ത അനുഗാമികൾ ഇതേ ഹൈക്കോടതിയുടെ മുമ്പാകെ നിന്നു. അവിടെ അവർ ദൈവരാജ്യത്തെയും അവന്റെ നിയമിത രാജാവിനെയും പററി ഊർജിതമായ ഒരു സാക്ഷ്യം നൽകി.—പ്രവൃത്തികൾ 4:5-21.
ദിവസങ്ങൾക്കു ശേഷം വീണ്ടും സൻഹെദ്രിമിന്റെ മുമ്പാകെ പോകാൻ അപ്പോസ്തലൻമാർ നിർബന്ധിതരായി. അവിടെ സ്ഥിതിയാകെ മാറിമറിഞ്ഞു. സഹ കോടതിയംഗങ്ങളിൽ നിന്നുള്ള ഭയങ്കരമായ സമ്മർദം ഉണ്ടായിരുന്നിട്ടും കോടതിയിലെ അത്യാദരണീയ അംഗങ്ങളിൽ ഒരാളായ ഗമാലിയേൽ യേശുവിന്റെ ശിഷ്യൻമാർക്കുവേണ്ടി ധീരമായി സംസാരിച്ചു. അദ്ദേഹത്തിന്റെ അതിശയകരമായ ഈ ഇടപെടൽ നിമിത്തം അപ്പോസ്തലൻമാർ സ്വതന്ത്രരായി.—പ്രവൃത്തികൾ 5:27-42.
കോടതിയിലെ അവരുടെ ഈ ഹാജരാകൽ മത്തായി 10:16-18-ലെ യേശുവിന്റെ വാക്കുകളുടെ നിവൃത്തിയായിരുന്നു: “ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. . . . അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും . . . എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കൻമാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും.” പലപ്പോഴും തെററിദ്ധരിക്കപ്പെട്ടെങ്കിലും യേശുവിന്റെ അനുഗാമികൾ ഇസ്രായേലിലുടനീളം പ്രസിദ്ധരായിത്തീർന്നു. ഒന്നാം നൂററാണ്ടിലെ ആയിരക്കണക്കിനു യഹൂദൻമാർ യേശുവിന്റെ സന്ദേശം സ്വീകരിച്ചു. (പ്രവൃത്തികൾ 4:4; 6:7) ഇതെല്ലാം കോടതിയിലെ നിർഭയമായ ഹാജരാകലുൾപ്പെടെ യേശുവിന്റെ യഹൂദ ശിഷ്യൻമാരുടെ ഊർജസ്വലമായ പ്രസംഗത്തിന്റെ ഫലമായിരുന്നു.
ഇന്നത്തെ ഇസ്രായേലിൽ യഹോവയുടെ സാക്ഷികളെ താരതമ്യേന കുറച്ചുപേർക്കേ അറിയാവൂ. ഏതാണ്ട് 50 ലക്ഷം ജനങ്ങളുള്ള അവിടെ യഹോവയുടെ സാക്ഷികളുടെ എണ്ണം 500-ൽ താഴെയാണ്. എന്നാൽ 1993-ലെ ഒരു യുവസാക്ഷിയുടെ കേസ് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തെ ഗണ്യമായ ശ്രദ്ധയ്ക്കു വിധേയമാക്കുക മാത്രമല്ല, യഹൂദൻമാരും യഹോവയുടെ സാക്ഷികളും അനുഭവിച്ചിട്ടുള്ള മുൻവിധിയും പീഡനവും തമ്മിലുള്ള അനന്യമായ ഒരു ചരിത്ര കണ്ണിയെ പ്രദീപ്തമാക്കുകയും ചെയ്തു.
വിവാദം തുടങ്ങിയതെങ്ങനെ?
ഇസ്രായേലിൽ കുടിയേറി ഹൈഫയിൽ താമസമുറപ്പിച്ചിരിക്കുന്ന 17 വയസ്സുള്ള യഹൂദനായ റഷ്യക്കാരൻ ആരിയെൽ ഫെൽഡ്മൻ ഒരു വിദ്യാർഥി പ്രതിഭയും സ്കൂൾ ജോലിക്കാർക്കും സഹ വിദ്യാർഥികൾക്കും നന്നേ പ്രിയനും ആയിരുന്നു.
പേർഷ്യൻ ഗൾഫ് യുദ്ധത്തിന്റെ സമയത്ത് തെരുവിൽ വെച്ചു നടത്തിയ ഒരു അനൗപചാരിക സാക്ഷീകരണത്തിന്റെ ഫലമായി ആരിയെലും അവന്റെ കുടുംബവും യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ആരിയെൽ യഹൂദ മതപഠിപ്പിക്കലുകളും യഹോവയുടെ സാക്ഷികൾ അവനു നൽകിയ ബൈബിൾ വിശദീകരണങ്ങളും താരതമ്യം ചെയ്ത് കൂലങ്കഷമായ ഒരു പരിശോധന നടത്തി. ഗൗരവബോധമുള്ള ആരിയെൽ ബൈബിളിന്റെ പഠനത്തിൽ ശീഘ്രം പുരോഗതി പ്രാപിച്ചു. യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ അവന്റെ കുടുംബത്തിൽനിന്ന് ആദ്യം സ്നാപനമേററ വ്യക്തിയും അവനായിരുന്നു.
ഇതൊന്നും സ്കൂൾ പഠനത്തിൽ അവനു യാതൊരു പ്രയാസവും ഉണ്ടാക്കിയില്ല. എന്നിരുന്നാലും, സ്കൂൾ പഠനം പൂർത്തിയാക്കുന്നതിന്റെ തലേവർഷം സൈനിക പരിശീലനത്തിന് വിദ്യാർഥികളെ സജ്ജരാക്കുന്നതിനുള്ള ഒരു പരീക്ഷണ പരിപാടി ഏറെറടുക്കാൻ അവന്റെ സ്കൂൾ തീരുമാനിച്ചു. സൈനികരായിരുന്നു അഭ്യസനം നൽകുന്നത്. പരിപാടിയിൽ യുദ്ധം ചെയ്യുമ്പോഴുള്ള സ്ഥാനനിലകളുടെയും സാങ്കേതികവിദ്യകളുടെയും പരിശീലനം ഉൾപ്പെട്ടിരുന്നു. ഈ കോഴ്സിൽ ക്രിയാത്മകമായി പങ്കുചേർന്നാൽ താൻ തന്റെ ബൈബിൾ-പരിശീലിത മനസ്സാക്ഷിയെയും യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിലുള്ള തന്റെ നിഷ്പക്ഷ നിലപാടിനെയും അതിലംഘിക്കുകയാവും ചെയ്യുന്നതെന്നു തോന്നിയതുകൊണ്ട് പ്രിൻസിപ്പലിനോടു തന്റെ നിലപാടു വിശദമാക്കാൻ ആരിയെൽ ന്യായമായ ശ്രമങ്ങൾ നടത്തി. (യെശയ്യാവു 2:2-4) ഇക്കാലയളവിൽ സ്കൂളിലെ മറേറതു പ്രവർത്തനത്തിൽ വേണമെങ്കിലും പങ്കുകൊള്ളാൻ താൻ തയ്യാറാണെന്നും എന്നാൽ തന്റെ വിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തനിക്കാവില്ലെന്നും അവൻ ആദരപൂർവം വിശദമാക്കി.
മുമ്പൊക്കെ അവനെ കുറച്ചെങ്കിലും മനസ്സിലാക്കിയിരുന്ന സ്കൂൾ പ്രിൻസിപ്പൽ ഈ അപേക്ഷ തനിക്ക് അനുവദിച്ചുകൊടുക്കാവുന്നതിന് അപ്പുറമാണെന്നു തീരുമാനിച്ചു. അവർ അവന് ഇങ്ങനെ അന്ത്യശാസനം നൽകി: ഒന്നുകിൽ മുൻകൂർ സൈനിക പരിശീലനത്തിൽ ക്രിയാത്മകമായി പങ്കെടുക്കുക അല്ലെങ്കിൽ സ്കൂളിൽനിന്നു പുറത്തുപോകുക. ആരിയെലിന് തന്റെ മനസ്സാക്ഷിയെ ലംഘിക്കാനായില്ല. 1993, ജനുവരി 31-ന് അതായത് അവന്റെ അവസാന പരീക്ഷകൾക്കു വെറും മാസങ്ങൾ മാത്രമുള്ളപ്പോൾ അവൻ സ്കൂളിൽനിന്ന് ഔദ്യോഗികമായി ബഹിഷ്കരിക്കപ്പെട്ടു, മറെറാരു പോംവഴിയും നൽകാതെ.
അപ്രതീക്ഷിതമായ ഒരു ഉറവിൽനിന്ന് സഹായം
ആരിയെൽ ഇസ്രായേലിലെ പൗരാവകാശ സമിതിയെ സമീപിച്ചു. സൗജന്യമായ നിയമ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അവർ കേസ് ഏറെറടുക്കാൻ മനസ്സൊരുക്കം കാട്ടി. ഇസ്രായേലിന്റെ ആധുനിക യഹൂദ രാഷ്ട്രം ഒരു ജനാധിപത്യ രാഷ്ട്രമാണ്. വ്യക്തിപരമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയൊന്നും അതിനില്ലെങ്കിലും ഇസ്രായേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം മതത്തിന്റെയും മനസ്സാക്ഷിയുടെയും സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു. മതവിശ്വാസത്തിന്റെ പേരിൽ കുട്ടികളെ സ്കൂളിൽനിന്നു നിയമപരമായി വിട്ട ഒരു സംഭവം മുമ്പ് ഇസ്രായേലിൽ ഉണ്ടായിട്ടില്ല.
പത്രങ്ങൾ ഈ സംഭവത്തിൽ താത്പര്യം കാട്ടാൻ തുടങ്ങി. തന്റെ കേസ് പൊതുജനാഭിപ്രായത്തിന്റെ “കോടതി”യിൽ വിധിക്കപ്പെടുന്നതിനെക്കാൾ കോടതിമുറിയിൽ വിധിക്കപ്പെടുന്നതിനിഷ്ടപ്പെട്ട ആരിയെൽ നിയമോപദേശത്തിനു വഴങ്ങിക്കൊണ്ട് റിപ്പോർട്ടർമാരുമായുള്ള അഭിമുഖങ്ങൾക്കു വിസമ്മതിച്ചു. എന്നാൽ സ്കൂൾ പ്രിൻസിപ്പലാകട്ടെ ഒരു അഭിമുഖത്തിലൂടെ തന്റെ നടപടികളെ ന്യായീകരിക്കാൻ തിടുക്കമുള്ളവളായിരുന്നു. 1993, ഫെബ്രുവരി 9-ലെ ഹാഡാഷോട്ട് പത്രത്തിൽ അവർ വിദ്യാർഥിയുടെ മതപരമായ നിലപാട് ഇസ്രായേൽ രാഷ്ട്രത്തിനും അതിനെ സ്നേഹിക്കുന്ന ഏവർക്കും ദ്രോഹകരമാണെന്നുള്ള തന്റെ വീക്ഷണം വെളിപ്പെടുത്തുക മാത്രമല്ല, ഒരു സംഘടനയെന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്കെതിരെ സംസാരിക്കാൻ ആ അവസരം ഉപയോഗിക്കുക കൂടി ചെയ്തു. അവർ ഇപ്രകാരം പറഞ്ഞു: “അവരുടെ പ്രവർത്തനം കാപട്യം നിറഞ്ഞതാണ്, നിന്ദ്യമാണ്, ഗൂഢമാണ്. അവർ നീരാളി ഹസ്തങ്ങൾ നീട്ടി ബലഹീനരെ അക്ഷരാർഥത്തിൽ തേടിപ്പിടിക്കുന്നു.”
പ്രിൻസിപ്പലിന്റെ വീക്ഷണങ്ങൾ മുൻവിധിയോടെയുള്ളതായിരുന്നുവെന്നു മിക്ക ഇസ്രായേല്യർക്കും മനസ്സിലായി. കൂട്ടക്കൊലയെപ്പററി വളരെയധികം ഗവേഷണം നടത്തിയിട്ടുള്ള ഒരു പത്രപ്രവർത്തകനും ചരിത്രകാരനും ഇസ്രായേല്യനുമായ റേറാം സെഗെവിനെ പ്രത്യേകിച്ച് ഈ ചോദ്യംചെയ്യൽ അലോസരപ്പെടുത്തി. അത് ചില നാസി ജർമനിക്കാരുടെ മനോഭാവത്തെയാണ് അദ്ദേഹത്തിന്റെ ഓർമയിൽ വരുത്തിയത്. യഹൂദൻമാർക്കെതിരെയുള്ള വ്യാജകുററാരോപണങ്ങൾ കേട്ട് എരികേറി, മനുഷ്യചരിത്രത്തിലെ ഏററവും വലിയ കുററകൃത്യങ്ങളിൽ ഒന്നിലേക്ക് തങ്ങളുടെ മുൻവിധിയെ തുറന്നുവിട്ടവരെത്തന്നെ. ഇസ്രായേൽ രാഷ്ട്രത്തിനു വലിയ അപകടമായിരിക്കുന്നത് ഈ യുവ വിദ്യാർഥിയുടെ മനസ്സാക്ഷിപൂർവകമായ നിലപാടല്ല, പിന്നെയോ സ്കൂൾ പ്രിൻസിപ്പൽ പ്രകടമാക്കിയ അസഹിഷ്ണുതയാണ് എന്നതായിരുന്നു സെഗെവിന്റെ അഭിപ്രായം. യഹോവയുടെ സാക്ഷികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചുകൊണ്ട് ഒരു ലേഖനം എഴുതാൻ അദ്ദേഹം നിർബന്ധിതനായി. (15-ാം പേജിലെ ചതുരം കാണുക.)
സെഗെവിന്റെ ലേഖനത്തിന്റെ ഫലമായി മററുചിലരും തുറന്നടിച്ചു. യഹൂദനായിരുന്നതു നിമിത്തം രണ്ടാം ലോകമഹായുദ്ധകാലത്തു പാളയത്തിൽ തടവിലാക്കപ്പെട്ട ഒരു യെരുശലേം നിവാസി, ജർമൻ സൈന്യത്തിൽ സേവിക്കാൻ വിസമ്മതിച്ചതിന് അതേ പാളയത്തിൽ തന്നെ തടവിലാക്കപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികളുടെ നല്ല നടത്തയെ അനുസ്മരിച്ചുകൊണ്ട് പത്രാധിപർക്ക് ഒരു കത്തെഴുതി.
ഈ യുവസാക്ഷി അഭിമുഖങ്ങൾക്കു വിസമ്മതിച്ചതുകൊണ്ട് റിപ്പോർട്ടർമാർ സഭയിലെ മററംഗങ്ങളിലേക്കു തിരിഞ്ഞു. കേസ് കോടതിയിൽ പോകുന്നതിനുമുമ്പ് തങ്ങൾ ആരിയെലിന്റെ സാഹചര്യത്തെപ്പററി കൃത്യമായി ഒന്നും അഭിപ്രായപ്പെട്ടില്ലെങ്കിലും യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളെപ്പററിയും ഇസ്രായേലിലെ അവരുടെ പ്രവർത്തനത്തെപ്പററിയും വിവരം നൽകാൻ അവർ സന്തോഷമുള്ളവരായിരുന്നു. ഇസ്രായേലിലെ പത്രങ്ങളിൽ അനുകൂലമായ അസംഖ്യം ലേഖനങ്ങൾ പ്രത്യക്ഷപ്പെടാനും പ്രദേശിക മൂപ്പൻമാരിലൊരാളുമായുള്ള ഒരു അഭിമുഖം റേഡിയോയിൽ പ്രക്ഷേപണം ചെയ്യാനും ഇത് ഇടയാക്കി. ആരും ആവശ്യപ്പെടാതെ ലഭിച്ച ഈ പരസ്യത്തിന്റെ ഫലമായി പലരും യഹോവയുടെ സാക്ഷികളെക്കുറിച്ച് ആദ്യമായി കേട്ടു.
യെരുശലേം കോടതിയിലെ ആ ദിനം
ഇസ്രായേലിലെ പൗരാവകാശ സമിതിയുടെ ഹൈഫാ ബ്രാഞ്ച്, പ്രിൻസിപ്പലുമായും വിദ്യാഭ്യാസ ബോർഡുമായും യെരുശലേമിലെ വിദ്യാഭ്യാസ മന്ത്രിസഭയുമായും ന്യായവാദം ചെയ്യാൻ പല ആവർത്തി ശ്രമിച്ചു. എന്നാൽ, ഈ ശ്രമങ്ങൾക്കെല്ലാം അസംതൃപ്തികരങ്ങളായ പ്രതികരണങ്ങളാണ് ഉണ്ടായത്. 1993, മാർച്ച് 11-ാം തീയതി ആധുനിക ഇസ്രായേലിന്റെ പരമോന്നത കോടതിയായ യെരുശലേമിലെ സുപ്രീം കോടതിയിൽ ആരിയെൽ ഫെൽഡ്മനുവേണ്ടി ഒരു അപേക്ഷ സമർപ്പിക്കപ്പെട്ടു.
1993, മാർച്ച് 15, കേസിന്റെ പ്രാരംഭ വിചാരണയ്ക്കുള്ള തീയതിയായി തീരുമാനിക്കപ്പെട്ടു. ഇസ്രായേലിലെ പൗരാവകാശ സമിതിയിൽ നിന്നുള്ള അഭിഭാഷകർ വിദ്യാഭ്യാസ ബോർഡിനും സ്കൂൾ പ്രിൻസിപ്പലിനും ഹൈഫാ സിററി മുനിസിപ്പാലിററിക്കുമെതിരെ ആരിയെലിനുവേണ്ടി വാദിച്ചു. കേസിന്റെ ഈ പ്രാരംഭ വിചാരണയിൽ ഇസ്രായേലിലെ സുപ്രീം കോടതിയിലെ മൂന്നു ജഡ്ജിമാരാണു വാദം കേട്ടത്.
ഏതു ക്ലാസ്സുകളിൽ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്ന് “നിർദേശിക്കാൻ” വിദ്യാർഥിയെ അനുവദിക്കുന്ന പക്ഷം സ്കൂളിന്റെ അധികാരത്തെ തകിടം മറിക്കുന്ന ഒന്നായി ദേശീയ നിയമകാര്യസ്ഥൻ (State’s attorney) ആ വിവാദവിഷയം അവതരിപ്പിച്ചു. സ്കൂൾവളപ്പിൽ മേലാൽ കാലു കുത്താൻ വിദ്യാർഥിയെ ഒരു സാഹചര്യത്തിലും അനുവദിക്കരുതെന്ന തങ്ങളുടെ തീരുമാനത്തെ പിന്തുണയ്ക്കണമെന്ന് അവർ കോടതിയോട് അപേക്ഷിച്ചു.
സ്കൂൾ ഈ സംഗതി കൈകാര്യം ചെയ്ത രീതി നിമിത്തം ആരാധനാ സ്വാതന്ത്ര്യവും മനസ്സാക്ഷി സ്വാതന്ത്ര്യവും സംബന്ധിച്ച അടിസ്ഥാന അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി പൗരാവകാശ വക്കീലൻമാർ വാദിച്ചു. ഈ യുവവിദ്യാർഥിയുടെ നിലപാടിന്റെ കാരണം മനസ്സിലാക്കാനായി ജഡ്ജിമാർ യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളെപ്പററി ചോദ്യങ്ങൾ ഉന്നയിച്ചു. ഹൈക്കോടതികൾ യഹോവയുടെ സാക്ഷികൾക്കനുകൂലമായി തീരുമാനമെടുത്തിട്ടുള്ള ലോകമെമ്പാടുമുള്ള സമാനമായ കേസുകളെക്കുറിച്ചുള്ള വളരെയധികം വിവരങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നതും അവർക്കു ലഭ്യമായിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ, ഇരുപക്ഷക്കാരും ഓരോ തത്ത്വങ്ങൾക്കുവേണ്ടി പോരാടുകയാണെന്ന് ജഡ്ജിമാർ പ്രസ്താവിച്ചു. എന്നിരുന്നാലും, സാഹചര്യത്തെ ഈ നിലയിൽ വിട്ടേച്ചാൽ ഏതു പക്ഷത്തിനാണു കൂടുതൽ ഹാനിവരുന്നതെന്നു തൂക്കിനോക്കിയപ്പോൾ അത് നിശ്ചയമായും വിദ്യാർഥിക്കാണ് എന്നു മനസ്സിലായി. പ്രിൻസിപ്പലിന്റെയും വിദ്യാഭ്യാസ ബോർഡിന്റെയും ചെയ്തികളിൽ ജഡ്ജിമാർക്ക് അവിശ്വാസം തോന്നി. തങ്ങളുടെ പ്രവർത്തനങ്ങൾക്കു ലിഖിത രൂപത്തിൽ ഒരു വിശദീകരണം നൽകാൻ അവർക്ക് പത്തു ദിവസം കൊടുത്തു. ഇതിനിടെ കോടതി, സ്കൂൾ വർഷം പൂർത്തിയാക്കാൻ ആരിയെൽ ഫെൽഡ്മനെ സ്കൂളിൽ തിരിച്ചു സ്വീകരിക്കണമെന്നും അവസാന പരീക്ഷകൾ എഴുതുന്നതിൽനിന്ന് അവനെ തടയരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചു.
1993, മേയ് 11-ന് നടത്താൻ തീരുമാനിച്ചിരുന്ന അവസാന വിചാരണയ്ക്ക് ഏതാനും ദിവസങ്ങൾക്കു മുമ്പ് വിദ്യാഭ്യാസ ബോർഡ് ആരിയെൽ ഫെൽഡ്മനിന് എതിരെയുള്ള തങ്ങളുടെ കുററാരോപണങ്ങൾ പിൻവലിച്ചു. അതിന്റെ ഫലമായി അന്തിമ വിചാരണ ഉപേക്ഷിക്കപ്പെട്ടു. കേസിന്റെ അടിസ്ഥാന വാദമുഖങ്ങൾ സംബന്ധിച്ചു കോടതി തീരുമാനത്തിലെത്തിയുമില്ല. നിയമം നിഷ്കർഷിക്കുന്ന കീഴ്വഴക്കങ്ങളൊന്നും സ്ഥാപിച്ചുമില്ല. ഇത് ഇക്കാര്യത്തെ കൂടുതലായ നിയമ വിവാദത്തിന് വിട്ടുകൊടുക്കുന്നുവെങ്കിലും ഇസ്രായേലി സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ യുക്തിപൂർവകമായ മനോഭാവത്തെ യഹോവയുടെ സാക്ഷികൾ വിലമതിച്ചു.
പഠിച്ച പാഠങ്ങൾ
യേശുവിന്റെ നാളുമുതൽ ഇന്നുവരെ യഹോവയുടെ സാക്ഷികൾ അനേക രാജ്യങ്ങളിലെയും പരമോന്നത കോടതികളിൽ തങ്ങളെ കൊണ്ടെത്തിച്ച എതിർപ്പിനും മുൻവിധിക്കും പാത്രീഭൂതരായിരുന്നിട്ടുണ്ട്. ഈ കേസുകൾ ‘ജാതികൾക്ക് ഒരു സാക്ഷ്യം’ ആയിട്ടാണു മാറാറുള്ളത്. (മത്തായി 10:18) ഒരു രാജ്യത്തുള്ള തന്റെ സാക്ഷികളുടെ എണ്ണം കുറവാണെങ്കിലും തന്റെ നാമം വ്യാപകമായി അറിയപ്പെടുന്നുണ്ടെന്ന് യഹോവക്ക് ഉറപ്പുവരുത്താൻ കഴിയും. ഒന്നാം നൂററാണ്ടിലെ ബഹുമാന്യനായ സൻഹെദ്രിം അംഗമായിരുന്ന ഗമാലിയേലിന്റെ അതിശയകരമായ ഇടപെടൽപോലെ ഇന്നു ദൈവത്തിന് തന്റെ ജനത്തിനുവേണ്ടി അപ്രതീക്ഷിതമായ ഉറവുകളിൽനിന്നു സഹായം ഉയർത്താൻ കഴിയും.
[15-ാം പേജിലെ ചതുരം]
“യഹോവയുടെ സാക്ഷികളെക്കുറിച്ച് ഒരു സ്കൂൾ പ്രിൻസിപ്പലിന് അറിയാവുന്നത്”
(1993, ഫെബ്രുവരി 12-ലെ ഹാരെററ്സിൽ വന്ന റേറാം സെഗെവിന്റെ ലേഖനത്തിൽ നിന്നുള്ള തിരഞ്ഞെടുത്ത ഉദ്ധരണികൾ)
“സകലതുമുള്ള ഒരു രാഷ്ട്രത്തിൽ ഇസ്രായേല്യരായ കുറെ യഹോവയുടെ സാക്ഷികളുമുണ്ട്. അവരുടെ എണ്ണം അധികമില്ല, അധികം പേർക്കൊന്നും അവരെക്കുറിച്ച് അറിയാനും പാടില്ല. തങ്ങളുടെ തത്ത്വങ്ങൾ അനുസരിക്കുന്ന ആളുകളെ കണ്ടുപിടിക്കാൻ എഴുതപ്പെട്ട വചനം ഉപയോഗിച്ചും വാമൊഴിയായും എല്ലാ രാജ്യത്തിലെയും പോലെ ഇസ്രായേലിലും അവർ ശ്രമിക്കുന്നുണ്ടായിട്ടും ഇതാണു സ്ഥിതി. എങ്ങനെയോ അവർ ഹൂഗിം സ്കൂളിലെ ആ വിദ്യാർഥിയുടെ അടുക്കലെത്തി. ആ പ്രസ്ഥാനത്തിന്റെ തത്ത്വങ്ങൾ സ്വീകരിച്ചതുകൊണ്ട് അവൻ സ്കൂളിലെ മുൻകൂർ സൈനിക ശരീര-ക്ഷമതാ അഭ്യാസങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. എന്നാൽ ഈ അഭ്യാസങ്ങളിൽനിന്ന് അവനെ ഒഴിവാക്കാൻ പ്രിൻസിപ്പൽ സമ്മതിച്ചില്ല. ഞാൻ മനസ്സിലാക്കിയതു ശരിയാണെങ്കിൽ, സിയോണിസ്ററു പ്രസ്ഥാനത്തിന്റെ ഭാവിക്ക് ഒരു ഭീഷണിയായിട്ടാണ് അവർ അവനെ കാണുന്നത്. ഈ ആഴ്ച അവർ എന്നോട് ഇങ്ങനെ വിവരിക്കുകയുണ്ടായി: ‘ഞങ്ങളുടേത് സിയോണിസ്ററുകാരുടെ സ്കൂളാണ്; സംസ്ഥാനത്തോടും രാഷ്ട്രത്തോടും വിശ്വസ്തരായിരിക്കാനാണ് ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത്.’ . . .
“മനസ്സാക്ഷിയെ അനുസരിക്കുന്നതിനുള്ള വിദ്യാർഥിയുടെ അവകാശത്തെ അംഗീകരിക്കാനും മുൻകൂട്ടിയുള്ള സൈനിക പരിശീലനത്തിൽനിന്ന് അവനെ ഒഴിവാക്കാനും തക്കവണ്ണം പ്രിൻസിപ്പലിനെ കാര്യം ബോധ്യപ്പെടുത്താൻ ഹൈഫയിലെ പൗരാവകാശ സമിതിയിലെ റിന ഷ്മ്യൂലി ശ്രമിച്ചു; ഇത് സഹിഷ്ണുതയുടെയും ജനാധിപത്യത്തിന്റെയും വളരെ നല്ല ഒരു പാഠമാകുമായിരുന്നു. എന്നാൽ അവർക്കു യാതൊരു കുലുക്കവുമില്ലായിരുന്നു. പ്രലോഭിപ്പിച്ച് അനുയായികളെ കൂട്ടുന്ന അപകടകരമായ ഒരു മതവിഭാഗത്തോടാണ് നാം ഇടപെടുന്നത് എന്ന അഭിപ്രായമാണ് അവർക്ക്. . . .
“ഇത് അത്ര നല്ലതല്ലാത്ത ഒരു സംഗതി എന്റെ ഓർമയിൽ കൊണ്ടുവന്നു. അതുകൊണ്ട് ഞാൻ പ്രിൻസിപ്പലുമായി ഫോണിൽ ബന്ധപ്പെട്ട് യഹോവയുടെ സാക്ഷികളെക്കുറിച്ച് യഥാർഥത്തിൽ അവർക്ക് എന്തറിയാം എന്നു ചോദിച്ചു. തനിക്ക് അധികമൊന്നും അറിയില്ലെന്ന് അവർ പറഞ്ഞു. എന്നാൽ മററു രാജ്യങ്ങളിലും അവർ പ്രവർത്തനനിരതരാണെന്നും കാനഡയിലും ജർമനിയിലും വെച്ച് താൻ അവരെ കണ്ടുമുട്ടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ജർമനിയിൽ യഹോവയുടെ സാക്ഷികൾക്ക് എന്താണു സംഭവിച്ചതെന്ന് അറിയാമോ എന്ന് ഞാൻ അവരോടു ചോദിച്ചു. ‘എനിക്കറിയില്ല, അറിയാനൊട്ടാഗ്രഹവുമില്ല,’ പ്രിൻസിപ്പൽ ഉത്തരം പറഞ്ഞു.
“ഹൂഗിം ഹൈസ്കൂളിൽ ഒരുപക്ഷേ ഒരു ലൈബ്രറി കാണും, അവിടെ ഇസ്രായേൽ ഗുട്ട്മെൻ എഴുതിയ ദി എൻസൈക്ലോപീഡിയ ഓഫ് ദ ഹോളോകോസ്ററ് ഉണ്ടാവും. ഇല്ലെങ്കിൽ അവർ ഒരെണ്ണം വാങ്ങട്ടെ. അതിൽ ‘ഉത്സുകരായ ബൈബിൾ വിദ്യാർഥികൾ’ എന്ന തലക്കെട്ടിൻ കീഴിൽ നാസികൾ യഹോവയുടെ സാക്ഷികളെ തടങ്കൽപ്പാളയങ്ങളിലേക്കയച്ച കാര്യം പ്രിൻസിപ്പൽ കണ്ടെത്തും.”