പൂർവ യൂറോപ്പ് ഒരു മത പുനരുജ്ജീവനമോ?
പൂർവ യൂറോപ്പിൽ കഴിഞ്ഞ ദശകങ്ങളിൽ നിലവിലിരുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അടിച്ചമർത്തലിൽ മതത്തിൻമേലുള്ള കഠിനനിയന്ത്രണങ്ങളും ഉൾപ്പെട്ടിരുന്നു. നിരീശ്വരത്വം സജീവമായി പ്രസംഗിക്കപ്പെട്ടു. ചില കത്തീഡ്രലുകളും പള്ളികളും നിരീശ്വരത്വ കാഴ്ചബംഗ്ലാവുകളായി മാററപ്പെട്ടു, അവയിലൊന്ന് വിനോദസഞ്ചാരികൾ ലെനിൻഗ്രാഡിൽ സന്ദർശിച്ചിട്ടുണ്ട്. പ്രവർത്തനനിരതരായ ഏതു വൈദികരും നിലവിലുള്ള ഭരണകൂടത്തിന്റെ ദാസികളായിത്തീർന്നു. മഠങ്ങൾ, പള്ളികൾ, മോസ്കുകൾ, എന്നിവ 1967-ൽ ഔദ്യോഗികമായി അടച്ചുപൂട്ടിയ അൽബേനിയാ “ലോകത്തിലെ ആദ്യ നിരീശ്വരസംസ്ഥാനം” എന്ന് റേഡിയോ ററിറാനായാൽ പ്രഖ്യാപിക്കപ്പെടുകപോലും ചെയ്തു.
ഇപ്പോൾ കിഴക്കൻ യൂറോപ്പിൽ എല്ലായിടത്തും വസന്തപൂക്കൾ പോലെ സ്വാതന്ത്ര്യം വിരിയുകനിമിത്തം മതത്തിന് എന്താണ് സംഭവിക്കുന്നത്? ഫ്രഞ്ച് എഴുത്തുകാരനായ ജീൻ-ഫ്രാങ്കോ കാൺ എഴുതിയ പ്രകാരം: “അടിച്ചമർത്തലിനാൽ ആപത്തിലായ മതത്തിന് പീഡനത്താൽ അപകടത്തിലായ ഒരു ജനതയുമായി കൈകോർത്തുനീങ്ങാൻ കഴിയും. അത് ഇന്നലെ ഇറാനിൽ സംഭവിച്ചു. അത് ഇന്ന് അസർബൈജാനിൽ സംഭവിക്കുകയാണ്. നാളെ അത് കാട്ടുതീ പോലെ റഷ്യയിലെങ്ങും പരന്നേക്കാം.” ഇപ്പോൾപോലും ചില മതങ്ങൾ ദേശീയാദർശങ്ങളോടും അഭിലാഷങ്ങളോടും സഖ്യത്തിലാകുന്നുണ്ട്. അവ രാഷ്ട്രീയപ്രതിഷേധത്തിന്റെ മുഖ്യ മാദ്ധ്യമങ്ങളിലൊന്നായി അതിനെ തങ്ങളുടെ കത്തോലിക്കാപുരോഹിതൻമാരുടെയും ഓർത്തഡോക്സ് പുരോഹിതൻമാരുടെയും ലൂഥറൻ പാസ്ററർമാരുടെയും സാന്നിദ്ധ്യത്താൽ വിശുദ്ധീകരിക്കുകയുമാണ്.
അതുകൊണ്ട് പുതിയ ജനാധിപത്യ അന്തരീക്ഷത്തിൽ മതസ്വാതന്ത്ര്യം എങ്ങനെ അനുഭവപ്പെടുന്നു?
കാര്യങ്ങൾ എങ്ങനെ മാറിയിരിക്കുന്നു!
പൂർവ യൂറോപ്പിലെ മുഖ്യമതങ്ങൾ, വിശേഷിച്ച് കത്തോലിക്കാസഭ, പുതിയ ഗവൺമെൻറുകളിൽനിന്ന് നിയമപരമായ അംഗീകാരം നേടാൻ സത്വരനടപടി സ്വീകരിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, “ഫെബ്രുവരി 9ന് പരിശുദ്ധസിംഹാസനവും റിപ്പബ്ലിക്ക് ഓഫ് ഹംഗറിയും തമ്മിൽ ഒരു ഉടമ്പടി ഒപ്പുവെക്കപ്പെട്ടു”വെന്ന് എൽ ഒസ്സേർവെറേറാർ റൊമാനോ റിപ്പോർട്ടുചെയ്തു. ഈ ഉടമ്പടിപ്രകാരം ഇരു കക്ഷികളും നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ സമ്മതിച്ചു. (വത്തിക്കാൻ ഒരു വേറിട്ട പരമാധികാര രാഷ്ട്രമായി വീക്ഷിക്കപ്പെടുന്നു.)
വത്തിക്കാനിൽനിന്നുള്ള മറെറാരു റിപ്പോർട്ട് 1946-ൽ അടിച്ചമർത്തപ്പെട്ട ഉക്രേനിയൻ റീത്തിൽപ്പെട്ട കത്തോലിക്കാസഭ നിയമാംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ഉക്രേയ്നിലെ സഭാജീവിതം സംബന്ധിച്ച പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ച് ഗവൺമെൻറും റഷ്യൻ ഓർത്തഡോക്സ് സഭയുമായി ചർച്ചകളിൽ ഏർപ്പെടുന്നുണ്ടെന്നും പ്രസ്താവിക്കുന്നു.
പാപ്പാ 1990-ൽ ചെക്കോസ്ലൊവേക്യ സന്ദർശിക്കുകയും പ്രേഗ് വിമാനത്താവളത്തിൽ “റിപ്പബ്ലിക്കിന്റെ പ്രസിഡണ്ടായ മി. വാക്ലേവ് ഹാവൽ ഉൾപ്പെടെ . . . സഭയുടെയും രാഷ്ട്രത്തിന്റെയും ഉദ്യോഗസ്ഥൻമാരാൽ” സ്വീകരിക്കപ്പെടുകയും ചെയ്തു. (എൽ ഒസ്സേവറേറാർ റൊമാനോ) അവിടെ ഒരു പുതിയ മതാന്തരീക്ഷവും വികാസം പ്രാപിക്കുന്നുണ്ട്.
പോളണ്ടിൽ കത്തോലിക്കാസഭ എല്ലായ്പ്പോഴും ഗണനീയമായ ഒരു ശക്തിയായിരുന്നിട്ടുണ്ട്. ഇപ്പോൾ പുതുതായി കിട്ടിയ സ്വാതന്ത്ര്യം സഹിതം അത് തയ്യാറെടുപ്പോടെ സ്കൂളുകളിൽ മതപഠന ക്ലാസ്സുകൾ പുനരവതരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പുരോഹിതൻ ഇങ്ങനെ പ്രസ്താവിച്ചു: “സ്കൂളുകൾ ജനതയുടെ വകയാണ്. പോളിഷ് ജനത 90-ൽപരം ശതമാനം കത്തോലിക്കരാണ്. . . മററ് മതങ്ങളോടു തക്ക ബഹുമാനത്തോടെയുള്ള സ്കൂളിലെ മതപ്രബോധനം അദ്ധ്യാപകരുടെയും . . . അധികാരികളുടെയും അധികാരത്തെ പുനഃസ്ഥാപിക്കും, എന്തുകൊണ്ടെന്നാൽ അത് മമനുഷ്യന്റെ ധാർമ്മിക അവലംബത്തെയാണ് കൈകാര്യംചെയ്യുന്നത്.”
റുമേനിയായിലെ ഓർത്തഡോക്സ് സഭയെ സംബന്ധിച്ച ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “[ചൗഷസ്ക്യൂവിന്റെ] ഭരണകൂടവുമായി സഹകരിച്ചു പ്രവർത്തിച്ച പാത്രിയർക്കീസും നിരവധി ബിഷപ്പൻമാരും രാജിവെക്കാൻ നിർബന്ധിതരായി. സഭയെ പുനരുജ്ജീവിപ്പിക്കാൻ ഒരു കമ്മീഷൻ ഏർപ്പെടുത്തപ്പെട്ടു. അനേകം മുൻ അവിശ്വാസികൾ മതത്തിലേക്കു തിരിയുകയും പ്രാദേശിക പള്ളികളെ നിറക്കുകയുമാണ്. . . 40 വർഷം മുമ്പ് വിഘടിതമാകാൻ നിർബന്ധിതമാക്കപ്പെട്ട റുമേനിയൻ ബൈസൻറയ്ൻ കത്തോലിക്കാ സഭ പുനഃസംഘടിതമാകാൻ അനുവദിക്കപ്പെട്ടു.”—ഓർത്തഡോക്സ് യൂണിററി, ജൂലൈ 1990.
അൽബേനിയായിലെ മാററങ്ങൾ
പ്രസ്സ് റിപ്പോർട്ടുകളനുസരിച്ച്, അഡ്രിയാററിക്ക് തീരത്ത് യൂഗോസേവ്ളിയായിക്കും ഗ്രീസിനുമിടക്ക് കിടക്കുന്ന മുപ്പത്തിരണ്ടു ലക്ഷത്തി അമ്പതിനായിരം നിവാസികളോടുകൂടിയ ഒരു ചെറിയ പർവതരാജ്യമായ അൽബേനിയായിൽ സാവധാനത്തിൽ അതിശയകരമായ മാററങ്ങൾ നടക്കുകയാണ്. ജർമ്മൻപത്രമായ ഡയേ വെൽററ് ഇങ്ങനെ റിപ്പോർട്ടുചെയ്തു: “പഴയ രീതിയിലുള്ള കമ്മ്യൂണിസത്തിന്റെ അവസാനത്തെ ശക്തിദുർഗ്ഗമായ അൽബേനിയായിൽ,” ജനങ്ങൾ പാശ്ചാത്യ എംബസികളിൽ അഭയംതേടിക്കൊണ്ട് “തങ്ങളുടെ പാദങ്ങൾകൊണ്ട് വോട്ടുചെയ്യാൻ തുടങ്ങിയിരിക്കുന്നു.” അവിടെനിന്ന് അവർ ജർമ്മനിയിലേക്കും ഇററലിയിലേക്കും മററു രാജ്യങ്ങളിലേക്കും പോകാൻ അനുവദിക്കപ്പെട്ടു.
റിപ്പോർട്ട് ഇങ്ങനെ തുടർന്നുപറയുന്നു: “1990 മെയ്യിൽ അൽബേനിയക്കാർക്ക് പാസ്പോർട്ടും മതപ്രവർത്തനങ്ങൾ നിരോധിക്കുന്ന നിയമങ്ങളുടെ നീക്കവും വാഗ്ദാനംചെയ്യപ്പെട്ടു.” (1990 ജൂലൈ 15-ലെ ദി ജർമ്മൻ ട്രിബ്യൂണിൽനിന്ന് ഉദ്ധരിക്കപ്പെട്ടത്) ചരിത്ര പ്രൊഫസ്സറായ ഡനിസ് ആർ. ജാൻസ് ഇങ്ങനെ എഴുതി: “സമഗ്രമായ മതേതരത്വത്തിനുള്ള ദീർഘവും ക്ലേശകരവുമായ പോരാട്ടം മാററിവെക്കപ്പെട്ടതായി തോന്നുന്നു.” എന്നിരുന്നാലും, അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യഥാർത്ഥത്തിൽ ഈ ജനസമുദായത്തിൽ . . . മതത്തിനിട്ട് ഒരു തകർപ്പൻ പ്രഹരം ഏൽപ്പിച്ചതായുള്ള തെളിവുണ്ട്.”
ഈ സംബന്ധത്തിൽ, യഹോവയുടെ സാക്ഷികൾ തങ്ങളുടെ പതിവുള്ള കർശനമായ നിഷ്പക്ഷത പാലിക്കുന്നുണ്ട്. ബൈബിൾതത്വങ്ങളുടെ അടിസ്ഥാനത്തിൽ, അവർ രാഷ്ട്രീയവും ദേശീയത്വപരവുമായ ഭിന്നതകളിൽ ഉൾപ്പെടുന്നില്ല. ദൈവരാജ്യം പ്രസംഗിക്കുകയെന്ന തങ്ങളുടെ ഭൂവ്യാപകമായ നിയോഗം നിറവേററുന്നതിനുള്ള സമാധാനപൂർണ്ണമായ ഒരു രംഗം അനുവദിച്ചുകിട്ടുന്നതിന് അവർ ദൈവത്തിൽ ആശ്രയിക്കുന്നു.—മത്തായി 22:21; 1 തിമൊഥെയോസ് 2:1, 2; 1 പത്രോസ് 2:13-15.
അതുകൊണ്ട്, പൂർവ യൂറോപ്പിലെ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചെന്ത്? നിരോധനത്തിൻകീഴിൽ അവർ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടോ? അവർക്ക് മതസ്വാതന്ത്ര്യമുണ്ടോ? (g91 1⁄8)
[7-ാം പേജിലെ ചിത്രം]
ആളുകൾ പൂർവയൂറോപ്പിലെ പള്ളികളിലേക്കു തിരികെ പോകുമോ?