ക്യൂ ഗാർഡൻസ്—ലോകത്തിനു വേണ്ടിയുള്ള പറിച്ചുനടീൽ കേന്ദ്രം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ടിലെ ലണ്ടനിൽനിന്നുള്ള തോട്ടനിർമ്മാണവിദഗ്ദ്ധനായ സൈമൻ ഗുഡിനഫ് തന്റെ സ്വാഭാവിക ഉയരഭീതി തരണംചെയ്തുകൊണ്ട് വിദൂര സൗത്ത് അററ്ലാൻറിക്ക്ദ്വീപായ സെൻറ് ഹെലീനായിലെത്തി, ഒരു ചെങ്കുത്തുമുഖത്തിലൂടെ അദ്ദേഹം കയറിൽ സൂക്ഷ്മതയോടെ ഊർന്നിറങ്ങി. ഒടുവിൽ അയാൾ തന്റെ ലക്ഷ്യത്തിലെത്തുകയും ചെങ്കുത്തിന്റെ വശത്തുനിന്ന് ഒരു അപൂർവ്വ ഇനം ഡെയിസിച്ചെടിയുടെ മാതൃക സാവധാനത്തിൽ പറിച്ചെടക്കുകയുംചെയ്തു. മിക്കവാറും അസ്തമിച്ചുപോയിരുന്ന ഈ കുററിച്ചെടി പിന്നീട് സൂക്ഷ്മപരിപാലനത്തിനായി ഇംഗ്ലണ്ടിലേക്ക് 6,000 മൈൽവരുന്ന ഒരു യാത്ര തിരിച്ചു.
ചെടിക്ക് ഇംഗ്ലണ്ടിൽ ലഭിച്ച പരിപാലനത്തോട് അത് നന്നായി പ്രതികരിക്കുകയും പെരുകാൻ തുടങ്ങുകയുംചെയ്തു. അത് സെൻറ്ഹെലീനയിലേക്ക് തിരിച്ചയക്കപ്പെട്ടു, രണ്ടു വർഷം കഴിഞ്ഞപ്പോൾ അപൂർവമായ ആ ഒരു ചെടി ഒരായിരമായിത്തീരുകയും ആ ദ്വീപിന്റെ മണ്ണൊലിപ്പു പ്രശ്നത്തിന്റെ പരിഹാരത്തിന് സഹായിക്കുകയുംചെയ്തു.
ഇത് ഇംഗ്ലണ്ട്, ലണ്ടനിലെ റോയൽ ബോട്ടാണിക്ക് ഗാർഡൻസ് നേടിയ അനേകം പറിച്ചുനടീൽ വിജയങ്ങളിൽ ഒന്നുമാത്രമാണ്. എന്നാൽ ഈ ചെടി ഇത്രയും ദൂരേക്ക് അയക്കുന്നതെന്തിനെന്ന് നിങ്ങൾ അറിയാനാഗ്രഹിച്ചേക്കാം. ക്യൂവിലെ ഗാർഡൻസിന്റെ പ്രത്യേകതയെന്താണ്?
ശാസ്ത്രത്തിനും ഉല്ലാസത്തിനും വേണ്ടിയുള്ള തോട്ടങ്ങൾ
നന്നായി ക്രമീകരണംചെയ്യപ്പെട്ടിരിക്കുന്ന 288 ഏക്കർ തോട്ടത്തിന്റെ സന്ദർശനം ആസ്വദിക്കുന്നതിന് ഓരോ വർഷവും പത്തുലക്ഷത്തിലധികം സന്ദർശകർ വരുന്നുണ്ട്. ഏതു സീസണിലും അനേകം തരം സസ്യങ്ങളുടെ നവോൻമേഷദായകമായ സുഗന്ധം വഹിക്കുന്നതാണ് അവിടത്തെ വായു. ക്യൂവിലെ 40,000ത്തിൽപരം വ്യത്യസ്തതരം ചെടികളുടെ ജീവിക്കുന്ന ശേഖരം അനേകരും ക്യൂ ഗാർഡൻസിനെ ലോകത്തിലെ ഏററം നല്ല ബോട്ടാണിക്കൽ ഗാർഡൻ എന്നു വീക്ഷിക്കാനിടയാക്കിയിരിക്കുന്നു. എന്നാൽ ക്യൂ ഗാർഡൻസ് സംബന്ധിച്ച് കേവലം ഭംഗിയിൽ കവിഞ്ഞ കാര്യങ്ങളുണ്ട്.
ബോട്ടാണിക്കൽ ഗാർഡനുകളുടെ മുഖ്യധർമ്മങ്ങളിലൊന്ന് പൊതുജനവിദ്യാഭ്യാസമാണെന്ന് നിങ്ങൾക്ക് അറിയാമോ? എന്തിന്, “പുഷ്പങ്ങളാകുന്ന പാഠപ്പുസ്തകങ്ങളോടുകൂടിയ ഒരു യൂണിവേഴ്സിററി”യെന്ന് ക്യൂ വർണ്ണിക്കപ്പെട്ടിട്ടുണ്ട്! പഠനത്തിന്റെ ഈ ബോട്ടാണിക്കൽ ആസ്ഥാനത്തിനു തുടക്കമിട്ടതെങ്ങനെയായിരുന്നു?
ഡൊവാഗർ വെയിൽസ് രാജകുമാരിയായിരുന്ന ഒഗസ്ററാ, റിച്ച്മോണ്ടിലെ തേംസ് നദീതീരത്തെ തന്റെ ഭൂമിയിൽ തോട്ടങ്ങൾ നട്ടുപിടിപ്പിച്ച 18-ാം നൂററാണ്ടിന്റെ മദ്ധ്യം മുതൽ ക്യൂ തോട്ടകൃഷിസംബന്ധമായ താല്പര്യത്തിന്റെ കേന്ദ്രമായിരുന്നിട്ടുണ്ട്. എന്നാൽ ഏറെയും സർ ജോസഫ് ബാങ്ക്സിന്റെ (1743-1820) സഹായത്താലാണ് ക്യൂ ഗാർഡൻസ് പ്രസിദ്ധമായത്. അദ്ദേഹം വമ്പിച്ച ഒരു സസ്യശേഖരണപദ്ധതി സംഘടിപ്പിച്ചു. സസ്യശാസ്ത്രജ്ഞൻമാർ സസ്യമാതൃകകൾ കൊണ്ടുവന്ന് വർഗ്ഗീകരണം നടത്താൻ ലണ്ടനിൽനിന്ന് ലോകത്തിലെങ്ങും സഞ്ചരിച്ചു. ക്യൂവിൽ ഉണക്കി അമർത്തിവെച്ചിരിക്കുന്ന സസ്യങ്ങളുടെ, ലോകത്തിലെ എററവും വലിയ ശേഖരങ്ങളിലൊന്നുണ്ട്. അതിലെ ഫയലുകളിൽ 65,00,000 ചെടികളുടെ വിശദാംശങ്ങൾ ഉണ്ട്.
പ്രസിദ്ധ വിജയങ്ങൾ
ഗോളത്തിന്റെ ഒരു ഭാഗത്തുനിന്ന് മറെറാന്നിലേക്ക് ചെടികളെ മാററാൻ ക്യൂവിലെ സന്ദേശവാഹകർ സഹായിച്ചു. ഒരു ക്യൂ ഗാർഡനറായ ഡേവിഡ് നെൽസൻ 1787-ൽ ക്യാപ്ററൻ ബൈയ്ളുടെ നേതൃത്വത്തിൽ ബൗണ്ടി എന്ന പ്രസിദ്ധ കപ്പലിൽ ഇംഗ്ലണ്ടിൽനിന്നു പുറപ്പെട്ടു. അയാളുടെ ദൗത്യമെന്തായിരുന്നു? സൗത്ത് പസഫിക്കിലെ താഹിതിയിൽനിന്ന് ധാന്യകസമൃദ്ധമായ കടപ്ലാംചക്കശേഖരിച്ച് ഒരു ഭക്ഷ്യപ്രഭവമെന്ന നിലയിൽ കരീബിയനിൽ നടുകയെന്നതായിരുന്നു. ആ ദുരന്ത നാവികയാത്ര ലഹളയിൽ കലാശിച്ചു. ക്യാപ്ററനോടുകൂടെ കപ്പൽചേതത്തിൽപെട്ട നെൽസൻ ഒടുവിൽ ഇൻഡോനേഷ്യൻദ്വീപായ ടൈമറിൽ ഭൂമി സമ്പാദിച്ചു. അവിടെ അദ്ദേഹം മരിച്ചു. എന്നിരുന്നാലും, മററു ക്യൂ പ്രതിനിധികൾ പിൻതുടർന്നു, ഒടുവിൽ കടപ്ലാംചക്ക അതിന്റെ ലക്ഷ്യമായ സെൻറ് വിൻസൻറ് ദ്വീപിലെത്തി.
ലാഭ സസ്യശാസ്ത്രം അഥവാ പ്രയോജനകരമായ ചെടികൾക്കുവേണ്ടിയുള്ള അന്വേഷണം ക്യൂവിന്റെ പ്രത്യേകതയായിത്തീർന്നു. ഈ ഗാർഡൻസ് ലോകചരിത്രത്തെത്തന്നെ മാററിമറിച്ചുവെന്ന് ചിലർ വിശ്വസിക്കുന്ന ഒരു പദാർത്ഥത്തിന്റെ ഉല്പാദനത്തിനു സംഭാവനചെയ്തു. പെറുവിലെ കൊയിനാ മരത്തിന്റെ പട്ടയിൽനിന്ന് വേർതിരിച്ചെടുക്കുന്ന മലമ്പനിക്കെതിരായ ഒരു ശക്തമായ ഔഷധമായ കൊയിനാ ആണത്.
ഇൻഡ്യാ ഉപഭൂഖണ്ഡത്തിന്റെ ബാധയായിരുന്ന മലമ്പനിയുടെ നിയന്ത്രണത്തിനു സഹായിക്കണമെന്നുള്ള അഭിലാഷം ഒരു ക്ലെമൻറ് മാർക്കാം വളർത്തി. 1859-ൽ നിത്യഹരിത കൊയിനാമരത്തിന്റെ അറിയപ്പെടുന്ന സകല ജാതികളുടെയും വിത്തുകളും ചെടികളും ശേഖരിക്കാൻ പെറുവിലും ഇക്വഡോറിലും ബൊളീവിയയിലും പര്യവേക്ഷണം നടത്തുന്നതിന് മററു തോട്ടനിർമ്മാണതല്പരരുമായി അദ്ദേഹം ക്യൂവിൽ നിന്നു പുറപ്പെട്ടു. മോശമായ കാലാവസ്ഥയും ഗതാഗതത്തിന്റെ ക്ലേശങ്ങളുമുണ്ടായിരുന്നിട്ടും ചില തൈകൾ ക്യൂവിലെ സസ്യോഷ്ണശാലയുടെ സംരക്ഷണത്തിൻകീഴിലെത്തി. ഇവിടെ വിദഗ്ദ്ധരുടെ പരിപാലനത്തിൽ അവ പുനരുല്പാദനം നടത്തുകയും തുടർന്ന് ഇൻഡ്യയിലേക്ക് അയക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ ഇൻഡ്യയിലെ ഗ്രാമങ്ങളിൽ കൊയിനായുടെ ഡോസുകൾ ക്രമമായി ലഭ്യമായിത്തുടങ്ങി.
ക്യൂ മ്യൂസിയത്തിലെ ഒരു പ്രദർശനക്കൂട് മറെറാരു പറിച്ചുനടീൽവിജയകഥ ഭംഗിയായി വരച്ചുകാട്ടുന്നു. അവിടെ നിങ്ങൾക്ക് റബ്ബർക്കുരു (ഹെവീ ബ്രാസിലിയെൻസിസ) ശേഖരണത്തിന്റെ വിശദാംശങ്ങൾ കാണാൻ കഴിയും. ക്യൂവിലെ ഒരു മുൻ ഡയറക്ടറായിരുന്ന ജോസഫ് ഹൂക്കർ ഈ വിത്തുകൾ തെക്കെ അമേരിക്കയിൽനിന്ന് ക്യൂവിലേക്കു മാററുന്നതിന് ഒരു പദ്ധതി സംവിധാനംചെയ്തു. ഗതാഗതപ്രയാസങ്ങളുണ്ടായിരുന്നിട്ടും ഒടുവിൽ 70,000 വിത്തുകൾ ഇംഗ്ലണ്ടിലെ ലിവർപൂളിലെത്തി. അവിടെ അവ ക്യൂവിലേക്കുള്ള പ്രത്യേക തീവണ്ടിയാത്ര തുടർന്നു. അവയിൽ 2,397 എണ്ണം മാത്രമേ വിജയകരമായി മുളച്ചുള്ളുവെങ്കിലും രണ്ടു മാസത്തിനകം 1,919 എണ്ണം സിലോണിലേക്കും (ഇപ്പോൾ ശ്രീലങ്ക) മലയായിലേക്കും അയച്ചു. അവയിൽനിന്നാണ് ആ രാജ്യങ്ങളിലെ ഇന്നത്തെ വിസ്തൃതമായ റബ്ബർതോട്ടങ്ങൾ വളർന്നുവന്നത്.
ക്യൂവിലെ 19-ാംനൂററാണ്ടിലെ നേട്ടങ്ങളിൽ അസൻഷൻദ്വീപിൽ വളരേണ്ട വൃക്ഷങ്ങളുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടുന്നു. നേരത്തെ അത് മിക്കവാറും വൃക്ഷരഹിതമായിരുന്നു. ഗാർഡൻസ് കോച്ചീനിയൽ പ്രാണികളെ വളർത്താൻ ഉപയോഗിക്കുന്നതിന് കാനറിദ്വീപുകളിലേക്ക് കള്ളിമുൾച്ചെടികൾ അയക്കപ്പെട്ടു. ഈ പ്രാണിയെ പൊടിച്ച് സൗന്ദര്യവർദ്ധകവസ്തുക്കളിലും ചില പാനീയങ്ങളിലും നിറം പകരുന്നതിന് ഉപയോഗിക്കപ്പെടുന്നു. പ്രയോജനകരങ്ങളായ മററനേകം ചെടികൾ ആസ്ത്രേലിയായിലേക്കും ന്യൂസീലണ്ടിലേക്കും സൗത്താഫ്രിക്കയിലേക്കും ഐക്യനാടുകളിലേക്കും അയച്ചു.
എന്നാൽ ഇന്ന് ക്യൂവിനെ സംബന്ധിച്ചെന്ത്? അതിലെ തോട്ടനിർമ്മാണവിദഗ്ദ്ധരുടെ നൈപുണ്യത്തിൽനിന്ന് നമുക്കിപ്പോഴും പ്രയോജനം കിട്ടുന്നുണ്ടോ?
ഇംഗ്ലണ്ടിലെ ചികിൽസാശാസ്ത്രകാലാവസ്ഥ
ഗാർഡന്റെ പ്രവർത്തനം “ലോകത്തിലെ വ്യത്യസ്തപ്രദേശങ്ങളിൽ, വിശിഷ്യ, ഊഷരമായ മദ്ധ്യരേഖാപ്രദേശങ്ങളിൽ, കൃഷിചെയ്യാൻ പററിയ ലാഭകരമായ ചെടികളെസംബന്ധിച്ച അറിവ് പരത്തുക”യെന്ന താല്പര്യത്തിലാണെന്ന് അതിന്റെ ഡയറക്ടർ കാണുന്നു. കൽക്കരിയും എണ്ണയും പോലുള്ള അംശക ഇന്ധന ശേഖരങ്ങളുടെ ശോഷണം ഇന്ധനങ്ങളുടെയും ഔഷധസംയുക്തങ്ങളുടെയും മുഖ്യ ഉറവായി ചെടികളെ ഉപയോഗിക്കാൻ മനുഷ്യവർഗ്ഗത്തെ നിർബന്ധിതരാക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിലത്തിന് നല്ല മണ്ണുസംരക്ഷണാവരണം പ്രദാനംചെയ്യാൻ പ്രാപ്തിയുള്ള ചെടികൾ കൃഷിചെയ്യുകനിമിത്തം ചില പ്രദേശങ്ങൾ മെച്ചപ്പെട്ട പരിസ്ഥിതി ആസ്വദിക്കുന്നു, അവയെക്കുറിച്ച് ക്യൂവിൽ പഠനം നടത്തിയിരുന്നു.
സസ്യരോഗാണുബാധയുടെ കെടുതികളോടു പൊരുതുന്നതിന് ഒരു “ഇൻറർമീഡിയററ് ക്വാരൻറൈറനിംഗ്”പദ്ധതി പ്രയോജനകരമെന്ന് തെളിയുന്നുണ്ട്. ക്യൂവിൽ വന്നെത്തുന്ന ഏതെങ്കിലും രോഗബാധിത ചെടി അതിന്റെ പുതിയ ലക്ഷ്യത്തിലേക്കു യാത്ര തിരിക്കുന്നതിനുമുമ്പ് ചികിൽസക്ക് സമയമാവശ്യമാണ്. ഇവിടെയാണ് ഇംഗ്ലണ്ടിലെ കാലാവസ്ഥ ചികിൽസാഗുണമുള്ളതാണെന്ന് തെളിയുന്നത്. ദൃഷ്ടാന്തമായി, ചിലപ്പോൾ വെസ്ററ് ഇൻഡ്യൻ കൊക്കോയെ ദൂഷിതമാക്കുന്ന രോഗാണുക്കളെ ക്യൂവിലെ നിയന്ത്രിത കാലാവസ്ഥ കൊല്ലുന്നു. അങ്ങനെയുള്ള ചികിൽസ ആരോഗ്യം വീണ്ടെടുത്ത ചെടികൾ വെസ്ററാഫ്രിക്കൻവിളവിനെ വർദ്ധിപ്പിക്കുന്നതിനുള്ള അവയുടെ യാത്ര തുടരുന്നതിന് അനുവദിക്കുന്നു.
നാശഭീഷണി
ചെടികളെ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരുകയാണ്. “അഞ്ചു ഭൂഖണ്ഡങ്ങളിലുമായി വളരുന്ന 3,00,000 സസ്യജാതികളിൽ, കുറഞ്ഞപക്ഷം 20,000 എണ്ണം നാശഭീഷണിയെ നേരിടുകയാണെ”ന്ന് യു.എസ്.എ. മിസൗറി സെൻറ്. ലൂയിസിലെ ബോട്ടാണിക്കൽ ഗാർഡന്റെ ഡയറക്ടറായ പീററർ റാവൻ പറയുന്നു. സയൻസ എററ വൈ (സയൻസും ജീവിതവും) എന്ന ഫ്രഞ്ച് മാസിക ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അടുത്ത ശതകത്തിന്റെ മദ്ധ്യത്തിനുമുമ്പ് ഈ എണ്ണം 40,000 ആയി വർദ്ധിക്കാം. അത് ഏഴിൽ ഒന്നാണ്!” ഇത്ര നിർണ്ണായകമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതുകൊണ്ട് നാശത്തിലേക്കുള്ള പ്രവണതയെ തടയാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
പ്രകൃതിസംരക്ഷണത്തിനുവേണ്ടിയുള്ള ദി ഇൻറർനാഷനൽ യൂണിയൻ ക്യൂവിൽ ഒരു പരിശോധനാ യൂണിററ് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇവിടെ ശാസ്ത്രജ്ഞൻമാർ അപകടത്തിലായ ചെടികളുടെ വിത്തുകൾ സൂക്ഷ്മമായി പഠിക്കുകയും അവയുടെ കൃഷിക്കുവേണ്ടി ഏററവും അനുയോജ്യമായ അവസ്ഥകളെ നിരീക്ഷിക്കുകയുംചെയ്യുന്നു. ഈ വിവരങ്ങളോടെ ഒരു ചെടിയുടെ പരിസ്ഥിതിയെ എങ്ങനെ അനുകരിക്കാമെന്ന് അവർ കണക്കുകൂട്ടുന്നു. അനന്തരം തോട്ടനിർമ്മാണവിദഗ്ദ്ധർ അപകടത്തിലായ ജാതികളുടെ പ്രചാരപ്രക്രിയക്കു തുടക്കമിടുന്നു.
ഭീഷണിയിലായിരിക്കുന്ന സകല ജാതികളും ഒന്നിലധികം ബോട്ടാണിക്കൽ ഗാർഡനുകളിൽ കൃഷിചെയ്യുന്നതാണ് കൂടുതലായ ഒരു സംരക്ഷണം. ഇതിന് എങ്ങനെയാണ് ക്രമീകരണംചെയ്യുന്നത്. ഇത് ബോട്ടാണിക്കൽ ഗാർഡനുകൾ തമ്മിൽ വിത്തുകൾ കൈമാറുന്നതുവഴിയാണ്. അത് വിത്തുബാങ്കുകളുടെ സ്ഥാപിക്കലിലേക്കു നയിച്ചിരിക്കുന്നു. ഈ ബാങ്കുകളുടെ സംരക്ഷണം ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണെന്നു കാണപ്പെടുന്നു.
അങ്ങനെയുള്ള സംരക്ഷണം ബോട്ടാണിക്കൽ ഗാർഡനുകളുടെ വലിയ ശ്രമങ്ങളാവശ്യമാക്കിത്തീർക്കുന്നതെന്തുകൊണ്ടെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. മാൽക്കോം കോ പ്രസാധനം ചെയ്യുന്ന ദി നാച്ചുറൽ വേൾഡ ഒരു അടിയന്തിര കാരണം നിർദ്ദേശിക്കുന്നു: “ആവാസവ്യവസ്ഥകളുടെ സ്ഥിരതക്കും വഴക്കത്തിനും നേരിടുന്ന കെടുതി ഒടുവിൽ മമനുഷ്യന്റെ ക്ഷേമത്തിന് കേടുവരുത്തും.”
ഇപ്പോൾ സെൻറ് ഹെലീനയുടെ മണ്ണൊലിപ്പുപ്രശ്നങ്ങളോടു പോരാടാൻ സഹായിക്കുന്ന കുററിച്ചെടിയുടെ പറിച്ചുനടീൽ പോലെയുള്ള ക്യൂ ഗാർഡന്റെ വിജയങ്ങൾ തീർച്ചയായും ശ്രദ്ധേയമാണ്. എന്നാൽ മററുള്ളിടങ്ങളിൽ ഈ നേട്ടങ്ങൾ ആവർത്തിക്കാൻ കഴിയുമോ? പറിച്ചുനടീൽ ഊഷരപ്രദേശങ്ങളെ എത്രത്തോളം ഫലഭൂയിഷ്ഠമാക്കും? കാലം മാത്രമേ അറിയിക്കുകയുള്ളു. എന്നാൽ അതിനിടയിൽ നാം ക്യൂ ഗാർഡനിലെ അർപ്പണബോധമുള്ള സസ്യശാസ്ത്രജ്ഞൻമാരുടെയും തോട്ടനിർമ്മാണവിദഗ്ദ്ധരുടെയും ജോലിയെ വിലമതിക്കുന്നു. ഒരുപക്ഷേ, ഒരു കാലത്ത് “ലോകത്തിനുവേണ്ടിയുള്ള ഈ പറിച്ചുനടീൽ കേന്ദ്രം” സന്ദർശിക്കുന്നതിനും കാണുന്നതിനും നിങ്ങൾക്ക് അവസരം ലഭിക്കുകപോലും ചെയ്തേക്കാം. (g89 1/8)
[12-ാം പേജിലെ ചിത്രം]
ക്യൂ ഗാർഡൻസിലെ ഒരു സസ്യശേഖരാലയത്തിലെ വലിയ ലില്ലിച്ചെടിത്തട്ടങ്ങൾ
[13-ാം പേജിലെ ചിത്രങ്ങൾ]
ഏതാണ്ട് 250ഓളം ജറാനിയം ജാതികളിൽ ഒന്നായ റീഗൽ പെലർഗോണിയാ ഗ്രനഡാ
വെളുത്തതും ഇളംചുവപ്പുള്ളതും ചുവന്നതും മഞ്ഞയും ഓറഞ്ചുമായ ചെമ്പരത്തി പ്പൂക്കളുണ്ട്
[14-ാം പേജിലെ ചിത്രം]
ലോകത്തിനു ചുററും ഏതാണ്ടു നൂറു ജാതി റോസകളുടെ ആയിരക്കണക്കിന് ഇനങ്ങളുണ്ട്
[15-ാം പേജിലെ ചിത്രം]
പഗോഡാ ക്യൂ ഗാർഡനിലെ ഒരു പ്രസിദ്ധ അടയാളവസ്തുവാണ്