ചില വിഖ്യാത ഉദ്യാനങ്ങളിലേക്ക് ഒരു എത്തിനോട്ടം
പറുദീസ സംബന്ധിച്ച മമനുഷ്യന്റെ അനുഭവത്തിന്റെ തുടക്കം ഏദെൻ എന്നു വിളിക്കപ്പെട്ടിരുന്ന പ്രദേശത്തെ ഒരു ഉദ്യാനത്തിലായിരുന്നു. സാധ്യതയനുസരിച്ച് അതിന്റെ സ്ഥാനം ആധുനിക ടർക്കിയിലെ വാൻ തടാകത്തിനടുത്തായിരിക്കാം. ആദാമിനും ഹവ്വായ്ക്കും വേണ്ടിയുള്ള ഈ ഉദ്യാനത്തെ നനച്ചിരുന്നത് നാലു ശാഖകളായി പിരിഞ്ഞ ഒരു നദിയായിരുന്നു. അവർ ആ ഉദ്യാനത്തിൽ ‘കൃഷി ചെയ്യുകയും അതിനെ കാക്കുകയും’ ചെയ്യേണ്ടതുണ്ടായിരുന്നു. “കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും” സമൃദ്ധമായുണ്ടായിരുന്ന ഉദ്യാനം പരിപാലിക്കുക എന്തൊരു ആമോദമായിരുന്നു!—ഉല്പത്തി 2:8-15.
ഏദെൻ ഒരു പരിപൂർണ ഭവനമായിരുന്നു. ആദാമും ഹവ്വായും അവരുടെ സന്തതികളും അതിന്റെ അതിരുകൾ വ്യാപിപ്പിക്കണമായിരുന്നു, അതിനുള്ള മാതൃകയായി അവർ ദൈവമുണ്ടാക്കിയ ആനന്ദകരമായ ഏദെൻതോട്ടത്തെ ഉപയോഗിക്കണമായിരുന്നു. കാലക്രമേണ, മുഴു ഭൂമിയും ആളുകളെക്കൊണ്ടു സുഖപ്രദമായ വിധത്തിൽ നിറഞ്ഞ ഒരു പറുദീസ ആകുമായിരുന്നു. എന്നാൽ, നമ്മുടെ ആദ്യ മാതാപിതാക്കളുടെ മനപ്പൂർവമായ അനുസരണക്കേട് ആ സങ്കേതത്തിൽനിന്ന് അവർ പുറത്താക്കപ്പെടുന്നതിൽ കലാശിച്ചു. സങ്കടകരമെന്നു പറയട്ടെ, മനുഷ്യകുടുംബത്തിലെ മറ്റുള്ള എല്ലാവരും ജനിച്ചത് ഏദെനിലെ ഈ ഭവനത്തിനു വെളിയിൽവെച്ചായിരുന്നു.
എന്നിരുന്നാലും, പറുദീസയിൽ ജീവിക്കാനാണ് സ്രഷ്ടാവു മനുഷ്യവർഗത്തെ രൂപകൽപ്പന ചെയ്തത്. അതുകൊണ്ട് ഭാവി തലമുറകൾ പറുദീസയുടെ പകർപ്പുകൾ തങ്ങൾക്കു ചുറ്റും നിർമിക്കാൻ ശ്രമിക്കുമെന്നതു സ്വാഭാവികമായിരുന്നു.
ആദ്യകാല ഉദ്യാനങ്ങൾ
പുരാതന ലോകത്തിലെ അത്ഭുതങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്നതാണ് ബാബിലോനിലെ തൂങ്ങുന്ന പൂന്തോട്ടങ്ങൾ. മാതൃദേശത്തെ വനങ്ങളോടും കുന്നുകളോടുമുള്ള തന്റെ മിദ്യാന്യ ഭാര്യയുടെ അഭിവാഞ്ഛ നിമിത്തം 2,500-ലധികം വർഷങ്ങൾക്കു മുമ്പ് നെബൂഖദ്നേസർ രാജാവു പണികഴിപ്പിച്ചതാണ് അവ. 22 മീറ്റർ ഉയരമുള്ള, പടികളോടുകൂടിയ കമാനാകൃതിയിലുള്ള ഇതിൽ സസ്യങ്ങൾ ധാരാളമുണ്ടായിരുന്നു. വൻവൃക്ഷങ്ങൾക്കു പോഷകം നൽകാനാവശ്യമായ മണ്ണും അതിലുണ്ടായിരുന്നു. തട്ടുകളോടുകൂടിയ, ഏദെൻസമാനമായ ഈ സ്ഥലത്തുകൂടി ഉലാത്തിയപ്പോൾ ഗൃഹാതുരയായ ഈ രാജ്ഞിക്ക് ആശ്വാസം ലഭിച്ചിരിക്കാം.
ഈജിപ്തിലെ ഫലഭൂയിഷ്ഠമായ നൈൽ താഴ്വരയിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു പ്രാമുഖ്യതയുണ്ടായിരുന്നു. ദി ഓക്സ്ഫോഡ് കമ്പാനിയൻ റ്റു ഗാർഡൻസ് ഇങ്ങനെ പറയുന്നു: “ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഉദ്യാനചിത്രങ്ങളുടെ പ്രഭവസ്ഥാനവും അസാധാരണമാംവിധം ദീർഘമായ . . . ഉദ്യാനനിർമാണ പാരമ്പര്യത്തിന്റെ സ്ഥലവുമാണ് ഈജിപ്ത്.” തിബ്സിലെ ഒരു ഈജിപ്ഷ്യൻ ഉദ്യോഗസ്ഥന്റെ ഉദ്യാനത്തിന്റെ പ്രകൃതിദൃശ്യ പ്ലാനിൽ കുളങ്ങളും വൃക്ഷനിരകളോടുകൂടിയ വീഥികളും വിഹാരമണ്ഡപങ്ങളും കാണാം. ആ പ്ലാൻ പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 1400-ലേതാണ്. രാജകൊട്ടാര ഉദ്യാനങ്ങൾ കഴിഞ്ഞാൽ കുളക്കോഴികളും മത്സ്യങ്ങളും ആമ്പലുകളും ധാരാളമുണ്ടായിരുന്ന കുളങ്ങളിൽനിന്നും തടാകങ്ങളിൽനിന്നുമുള്ള തോടുകളാൽ ജലസേചനം ചെയ്തിരുന്ന വൃക്ഷത്തോപ്പുകളും പുഷ്പങ്ങളും ഓഷധികളും സഹിതം ക്ഷേത്ര ഉദ്യാനങ്ങളായിരുന്നു അത്യന്തം തഴച്ചുവളർന്നിരുന്നത്.—പുറപ്പാടു 7:19 താരതമ്യം ചെയ്യുക.
ഉദ്യാനങ്ങളുടെ കാര്യത്തിൽ പുകഴ്പെറ്റവരായിരുന്നു പേർഷ്യക്കാരും. പേർഷ്യയിലെയും ഈജിപ്തിലെയും ഉദ്യാനങ്ങൾ വളരെ വശ്യതയാർന്നതായതിനാൽ മഹാനായ അലക്സാണ്ടറുടെ ജയിച്ചടക്കി മുന്നേറിക്കൊണ്ടിരുന്ന സൈന്യങ്ങൾ പൊ.യു.മു. നാലാം നൂറ്റാണ്ടിൽ ഗ്രീസിലേക്കു മടങ്ങിവന്നപ്പോൾ വിത്തുകളും സസ്യങ്ങളും ആശയങ്ങളുമായാണ് എത്തിയത്. ഏഥൻസിൽ, അരിസ്റ്റോട്ടിലും അദ്ദേഹത്തിന്റെ ശിഷ്യനായ തിയോഫ്രാസ്റ്റസും ചേർന്ന് നാനാതരം സസ്യങ്ങൾ ശേഖരിച്ച് ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥാപിച്ചു. ഇതിന്റെ ഉദ്ദേശ്യം ചെടികളെക്കുറിച്ചു പഠിക്കുകയും അവയെ വർഗീകരിക്കുകയും ചെയ്യുക എന്നതായിരുന്നു. സമ്പന്നരായ പല ഗ്രീക്കുകാർക്കും അവർക്കു മുമ്പുണ്ടായിരുന്ന ഈജിപ്തുകാരെയും പേർഷ്യക്കാരെയും പോലെ വിശാലമായ ഉദ്യാനങ്ങളുണ്ടായിരുന്നു.
റോമിലെ നഗരനിവാസികൾ, നഗരത്തിലെ പരിമിതമായ സ്ഥലത്തു തങ്ങളുടെ വീടും ഉദ്യാനവും ഒന്നിച്ചു നിർമിച്ചു. സമ്പന്നർ അവരുടെ ഗ്രാമീണ വസതികളിൽ ശ്രദ്ധേയമായ ഉല്ലാസ പാർക്കുകൾ നിർമിച്ചു. സ്വേച്ഛാധിപതിയായ നീറോ പോലും തനിക്കു സ്വന്തമായി ഏദെൻ ഉണ്ടായിരിക്കണമെന്നാഗ്രഹിച്ചു. അതുകൊണ്ട് അദ്ദേഹം നിർദയം നൂറുകണക്കിനു കുടുംബങ്ങളെ ഒഴിപ്പിക്കുകയും അവരുടെ ഭവനങ്ങൾ നശിപ്പിക്കുകയും ചെയ്തുകൊണ്ട് തന്റെ കൊട്ടാരത്തിനു ചുറ്റും 125 ഏക്കർ സ്ഥലത്ത് ഒരു സ്വകാര്യ പാർക്ക് ഉണ്ടാക്കി. പിന്നീട്, പൊ.യു. (പൊതുയുഗം) ഏതാണ്ട് 138-നോടടുത്ത് ഹാഡ്രിയാൻ ചക്രവർത്തിക്ക് ടിവോളിയിലുണ്ടായിരുന്ന ഭവനത്തിൽ റോമൻ ഭൂദൃശ്യ ഉദ്യാനം അതിന്റെ പാരമ്യത്തിലെത്തി. അവിടെ പാർക്കുകളും കുളങ്ങളും തടാകങ്ങളും നീരുറവകളും അടങ്ങിയ 600 ഏക്കർ പ്രദേശമുണ്ടായിരുന്നു.
പുരാതന ഇസ്രായേല്യർക്കും ഉദ്യാനങ്ങളും ഉപവനങ്ങളുമുണ്ടായിരുന്നു. യെരൂശലേമിൽനിന്ന് ഏകദേശം 13-16 കിലോമീറ്റർ അകലെയുള്ള ഇത്തം എന്നു വിളിക്കപ്പെടുന്ന ഒരു സ്ഥലത്തെ ധാരാളം അരുവികളുള്ള മനോജ്ഞമായ പാർക്കുകളെക്കുറിച്ച് യഹൂദചരിത്രകാരനായ ജോസീഫസ് എഴുതുന്നു. ശലോമോൻ തനിക്കായി ഉണ്ടാക്കിയെന്നു ബൈബിൾ പറയുന്ന ‘തോട്ടങ്ങൾ, ഉദ്യാനങ്ങൾ, കുളങ്ങൾ, തോപ്പുകൾ’ തുടങ്ങിയവയിൽ പെട്ടതായിരിക്കാം ഇത്തമിലെ ആ പാർക്കുകൾ. (സഭാപ്രസംഗി 2:5, 6) യെരൂശലേമിനു വെളിയിലായി ഒലിവു മലയിലായിരുന്നു ഗെത്ത്ശെമന തോട്ടം. യേശുക്രിസ്തു അതിനെ സുപ്രസിദ്ധമാക്കി. തന്റെ ശിഷ്യന്മാരെ ശാന്തമായി പഠിപ്പിക്കാൻ പറ്റിയ ഒരു സങ്കേതം യേശു അവിടെ കണ്ടെത്തി.—മത്തായി 26:36; യോഹന്നാൻ 18:1, 2.
അറബികളുടെ ഉദ്യാനങ്ങൾമുതൽ ഇംഗ്ലീഷുകാരുടെ ഉദ്യാനങ്ങൾവരെ
പൊ.യു. ഏഴാം നൂറ്റാണ്ടിൽ അറബി സൈന്യങ്ങൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും വ്യാപിച്ചപ്പോൾ അലക്സാണ്ടറിനെപ്പോലെ അവരും പേർഷ്യയിലെ ഉദ്യാനങ്ങൾ കാണുകയുണ്ടായി. (എസ്ഥേർ 1:5 താരതമ്യം ചെയ്യുക.) “പേർഷ്യയിലെ ഉദ്യാനങ്ങൾ വിശ്വസ്തർക്കായി ഖുർആനിൽ വാഗ്ദാനം ചെയ്തിരിക്കുന്ന പറുദീസയോടു വളരെ സമാനമാണെന്ന് അറബികൾ കണ്ടെത്തി,” ഹോവാർഡ് ലോക്സ്ടൺ എഴുതുന്നു. പേർഷ്യൻ മാതൃകപോലെതന്നെ, മൂറിഷ് സ്പെയിൻമുതൽ കശ്മീർവരെ കാണാമായിരുന്ന, സാധാരണ അറേബ്യൻ ഉദ്യാനം ഒരു കുളത്തിന്റെയോ നീരുറവയുടെയോ സമീപത്തായി മധ്യത്തിൽ കൂടിച്ചേർന്നിരുന്ന നാല് അരുവികളാൽ വിഭജിക്കപ്പെട്ടിരുന്നു, ഏദെനിലെ നാല് അരുവികളെ ഓർമിപ്പിക്കുന്നതായിരുന്നു അവ.
വടക്കേ ഇന്ത്യയിൽ, മനോഹരമായ കശ്മീർ താഴ്വരയിൽ ഡാൽ തടാകത്തിനരികെ 17-ാം നൂറ്റാണ്ടിലെ മുഗൾ ഭരണാധികാരികൾ പറുദീസാസമാനമായ 700-ലധികം ഉദ്യാനങ്ങൾ നട്ടുപിടിപ്പിച്ചു. ഇവ ശോഭയേറിയ വർണാഭ നിരത്തി. ഇവയുടെ അഴകു വർധിപ്പിക്കുന്നതായിരുന്നു അങ്ങിങ്ങായി ഉണ്ടായിരുന്ന നൂറുകണക്കിന് നീരുറവകളും തട്ടുകളായി തിരിച്ച പ്രദേശങ്ങളും വെള്ളച്ചാട്ടങ്ങളും. ഡാൽ തടാകക്കരയിൽ ഷാജഹാൻ (താജ്മഹൽ പണികഴിപ്പിച്ച വ്യക്തി) കറുത്ത മാർബിളിൽ തീർത്ത കുടീരത്തിൽ ഇപ്പോഴും ഈ ആലേഖനം കാണാം: “ഭൂമുഖത്ത് ഒരു പറുദീസയുണ്ടെങ്കിൽ, അത് ഇവിടെയാണ്, അത് ഇവിടെയാണ്, അത് ഇവിടെയാണ്.”
അദ്ദേഹത്തിന്റെ കാലത്തിനും ഏതാനും നൂറ്റാണ്ടുകൾക്കു മുമ്പായിരുന്നു യൂറോപ്പ് മധ്യയുഗങ്ങളിൽനിന്ന് 14-ാം നൂറ്റാണ്ടിലെ നവോത്ഥാനകാലഘട്ടത്തിലേക്കു കടന്നത്. മധ്യയുഗങ്ങൾ പൊ.യു. അഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിയപ്പോൾ ചവിട്ടിമെതിക്കപ്പെട്ട റോമിന്റെ ഉദ്യാന പാരമ്പര്യം ഒരിക്കൽക്കൂടി പൂവിടാൻ തുടങ്ങി—ഇത്തവണ അതു സഭാഭരണത്തിൻകീഴിലായിരുന്നു. ഒരു ‘താത്കാലിക പറുദീസ’ എന്നനിലയിലാണു ക്രൈസ്തവലോകം ഉദ്യാനത്തെ വീക്ഷിച്ചത്. ഒരു മഠത്തിന്റെ ഒമ്പതാം നൂറ്റാണ്ടിലെ മാതൃകയിൽ “പറുദീസ” എന്നു നാമകരണം ചെയ്തിരിക്കുന്ന രണ്ട് ഉദ്യാനങ്ങൾ കാണാം. പെട്ടെന്നുതന്നെ ക്രൈസ്തവലോകത്തിന്റെ ഉദ്യാനങ്ങളുടെ വലുപ്പവും മഹത്ത്വവും വർധിച്ചു. എന്നാൽ ആത്മീയ ആദർശങ്ങൾ പ്രതിഫലിപ്പിക്കുന്നതിനു പകരം, അവയിൽ പലതും ശക്തിയുടെയും പ്രതാപത്തിന്റെയും പ്രതീകങ്ങളായിത്തീർന്നു.
ഫ്രാൻസിലെ ചാൾസ് എട്ടാമൻ ഇറ്റലിയിലെ നേപ്പിൾസ് 1495-ൽ കീഴടക്കിയപ്പോൾ അദ്ദേഹം ഇങ്ങനെ വീട്ടിലേക്കെഴുതി: “ഈ നഗരത്തിൽ എനിക്കുള്ള മനോഹരങ്ങളായ ഉദ്യാനങ്ങൾ നിങ്ങൾക്കു വിശ്വസിക്കാൻ കഴിയുകയില്ല . . . അതൊരു ഭൗമിക പറുദീസയാക്കാൻ ആദാമും ഹവ്വായും ഇല്ലെന്ന ഒറ്റ കുറവേ അതിനുള്ളുവെന്നു തോന്നുന്നു.” എന്നാൽ ചാൾസ് 17-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നിരുന്നുവെങ്കിൽ ലൂയിസ് പതിന്നാലാമന്റെ വിശാലമായ ഉദ്യാനങ്ങൾ ഫ്രഞ്ച് മണ്ണിൽ അദ്ദേഹം കാണുമായിരുന്നു. വേഴ്സെയ്ൽസിലെ കൊട്ടാര ഉദ്യാനങ്ങൾക്ക് “ലോകത്തിലെ ഏറ്റവും വലുതും അതിമഹത്തായതുമാണെന്ന് ഇപ്പോഴും അവകാശപ്പെടാൻ കഴിയുമെന്ന്” ദ ഗാർഡൻ എന്ന പുസ്തകം തറപ്പിച്ചുപറയുന്നു.
എന്നിരുന്നാലും നവോത്ഥാനപ്രസ്ഥാനം പറുദീസയ്ക്ക് ഒരു പുതിയ നിർവചനം നൽകി: പ്രകൃതി ഉദ്ബുദ്ധ മനുഷ്യനു വിധേയമായിരിക്കേണ്ടതാണ്, അതിൽനിന്നു സകല തിന്മയും തുടച്ചുനീക്കിക്കൊണ്ട് അവൻ ആ ഉദ്യാനത്തിൽ ക്രമം നടപ്പാക്കേണ്ടതാണ്. വൃക്ഷങ്ങളും പൂക്കളുമെല്ലാം സൂക്ഷ്മമായ ജ്യാമിതീയ ചിട്ടയോടെ ക്രമീകരിക്കപ്പെട്ടു. അങ്ങനെ ആദിമ റോമൻ സസ്യാലങ്കാരരീതിക്ക്—മുറിക്കുകയും വളയ്ക്കുകയും ചെയ്തുകൊണ്ടു മരങ്ങൾക്കും കുറ്റിച്ചെടികൾക്കും രൂപഭംഗി വരുത്തുന്ന രീതിക്ക്—ശക്തമായ പുനരുജ്ജീവനം അനുഭവപ്പെട്ടു.
പിന്നീട്, അതായത് 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ, സമുദ്ര പര്യവേക്ഷണവും വ്യവസായവും പുതിയ ചെടികളെയും ഉദ്യാനനിർമാണ ആശയങ്ങളെയും പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തു. ഉദ്യാനനിർമാണത്തിന് ഇംഗ്ലണ്ട് പ്രാധാന്യം നൽകാൻ തുടങ്ങി. “18-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിൽ, താൻ ഉൾപ്പെട്ട സ്വാഭാവിക ലോകത്തെക്കുറിച്ചു മനുഷ്യൻ കൂടുതൽ കൂടുതൽ ബോധവാനായിത്തീർന്നു. സ്വാഭാവിക ലോകത്തിന്മേൽ മനുഷ്യനിർമിത ജ്യാമിതീയ ക്രമം സ്ഥാപിക്കുന്നതിനു പകരം തന്റെ സ്വന്തം ജീവിതം അതിനോടു പൊരുത്തപ്പെടുത്തുന്നതിനെക്കുറിച്ച് അവൻ പരിചിന്തിക്കാൻ തുടങ്ങി,” ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. വില്യം കെൻറ്, ലാൻസലോട്ട് ബ്രൗൺ എന്നിവരെപ്പോലുള്ള പുരുഷന്മാർ ഭൂദൃശ്യ ഉദ്യാനനിർമാണത്തിൽ മികവു കാട്ടി. ബ്രൗൺ ഇംഗ്ലണ്ടിൽ ഇരുനൂറിലധികം പുരയിടങ്ങൾ രൂപകൽപ്പന ചെയ്തു. ഐക്യനാടുകളുടെ പ്രസിഡൻറുമാരായിത്തീർന്ന തോമസ് ജെഫേഴ്സണും ജോൺ ആഡംസും ബ്രിട്ടീഷുകാരുടെ ഉദ്യാനങ്ങളെക്കുറിച്ചു പഠിക്കാൻ 1786-ൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തി.
പൗരസ്ത്യദേശത്തെ ഭൂദൃശ്യ ഉദ്യാനങ്ങൾ
ഈജിപ്ത്, ഗ്രീസ്, റോം എന്നിവയുടെ ഉദ്യാന പാരമ്പര്യം പാശ്ചാത്യ ലോകത്തിന് എങ്ങനെയായിരുന്നുവോ അതുപോലെയായിരുന്നു ചൈനയുടെ ഉദ്യാന പാരമ്പര്യം പൗരസ്ത്യ ലോകത്തിന്. പ്രപഞ്ചാത്മവാദമതമായിരുന്നു ചൈനയിൽ ആദ്യകാലത്തുണ്ടായിരുന്നത്. അതിൻപ്രകാരം നദികളും പാറക്കെട്ടുകളും പർവതങ്ങളുമെല്ലാം മൂർത്ത രൂപം പൂണ്ട, ആദരണീയരായ ആത്മാക്കളായിരുന്നു. അതിനുശേഷം, താവോമതം, കൺഫ്യൂഷ്യസ് മതം, ബുദ്ധമതം എന്നിവയെല്ലാം ആ ദേശത്തു വ്യാപിക്കുകയും തനതായ രീതിയിലുള്ള ഉദ്യാനങ്ങൾ വളർത്തിയെടുക്കുകയും ചെയ്തു.
ജപ്പാൻ സമുദ്രത്തിനക്കരെ, ജാപ്പനീസ് ഉദ്യാനങ്ങൾക്കു തനതായ ശൈലിയുണ്ടായിരുന്നു. അവിടെ നിറത്തെക്കാൾ പ്രാധാന്യം രൂപത്തിനാണ്, ഓരോന്നിനും അതിന്റേതായ കൃത്യസ്ഥാനമുണ്ട്. പ്രകൃതിയുടെ സൗന്ദര്യവും വൈവിധ്യവും ചുരുങ്ങിയ സ്ഥലത്തിനുള്ളിൽ പരിരക്ഷിക്കാനുള്ള ശ്രമത്തിൽ സൂക്ഷ്മതയോടെയാണു തോട്ടക്കാരൻ പാറക്കല്ലുകൾ വെക്കുന്നതും ചെടികൾ നടുന്നതും. അതീവ സൂക്ഷ്മതയോടെ അയാൾ തന്റെ ഉദ്യാനത്തെ പരിപാലിക്കുന്നു. ബോൺസായിയുടെ (“ചട്ടിച്ചെടി” എന്നർഥം) കാര്യത്തിൽ ഇതു പ്രകടമാണ്. ഒരു വൃക്ഷത്തിന്റെയോ ഒരു കൂട്ടം മരങ്ങളുടെയോ കൊച്ചു പതിപ്പ് സൂക്ഷ്മമായ അളവിലും അനുപാതത്തിലും ഉണ്ടാക്കിയെടുക്കുന്ന കലയാണിത്.
പൗരസ്ത്യദേശങ്ങളിലെ ഉദ്യാനത്തിന്റെ ശൈലി പാശ്ചാത്യ പകർപ്പിൽനിന്നും വ്യത്യസ്തമാണെങ്കിലും, അതും പറുദീസയ്ക്കായുള്ള ഒരു അഭിവാഞ്ഛയെ പ്രതിഫലിപ്പിക്കുന്നു. ഉദാഹരണത്തിന്, ജപ്പാനിലെ ഹേയിയൻ കാലഘട്ടത്തിൽ (794-1185) തോട്ടക്കാർ “ഭൂമിയിലെ പറുദീസ”യുടെ പ്രതീതി ജനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി ജാപ്പനീസ് ഉദ്യാനചരിത്രകാരനായ വിബി കൗട്ടർട്ട് എഴുതുന്നു.
ഒരു സാർവലൗകിക പ്രിയം
“സ്വാഭാവിക” ഉദ്യാനങ്ങളിൽ—വനങ്ങൾ, കാടുകൾ, പുൽപ്പുറങ്ങൾ എന്നിവയിൽ—വേട്ടയാടിയും കായ്കനികൾ പെറുക്കിത്തിന്നും ജീവിച്ചിരുന്ന വർഗങ്ങൾ ഉൾപ്പെടെ, ഉദ്യാനത്തോടുള്ള പ്രിയം സാർവലൗകികമാണ്. “മെക്സിക്കോയിലെ ആസ്റ്റെക്കുവർഗക്കാരെയും പെറുവിലെ ഇൻകാകളെയും” കുറിച്ച് ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “തട്ടുകളായി തിരിച്ച കുന്നുകളിൽ വലിയ ഉദ്യാനങ്ങളും വൃക്ഷത്തോപ്പുകളും നീരുറവകളും അലങ്കാര കുളങ്ങളും ഉണ്ടായിരുന്നതായി സ്പാനിഷ് ജേതാക്കൾ റിപ്പോർട്ടു ചെയ്തു . . . അവ പാശ്ചാത്യലോകത്തെ സമകാലിക ഉദ്യാനങ്ങളിൽനിന്നു വിഭിന്നമായിരുന്നില്ല.”
അതേ, നൈൽനദിയുടെ ഇരുകരകളിലെയും വൃക്ഷത്തോപ്പുകൾ, പൗരസ്ത്യദേശത്തെ ഭൂദൃശ്യ ഉദ്യാനങ്ങൾ, ആധുനിക നഗരങ്ങളിലെ പാർക്കുകൾ, ബൊട്ടാണിക്കൽ ഉദ്യാനങ്ങൾ എന്നിവയൊക്കെ എന്താണു വെളിപ്പെടുത്തുന്നത്? പറുദീസയ്ക്കായുള്ള മനുഷ്യവർഗത്തിന്റെ അഭിവാഞ്ഛ. “പറുദീസയ്ക്കു വേണ്ടിയുള്ള” വിട്ടൊഴിയാത്ത ഈ “അഭിവാഞ്ഛ”യെക്കുറിച്ചു സംസാരിക്കവെ എഴുത്തുകാരനായ ടെറി കോമിറ്റോ ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യർക്കു സുഖാനുഭൂതി തോന്നുന്ന സ്ഥലങ്ങളാണ് ഉദ്യാനങ്ങൾ.” ‘എന്റെ ഭവനം ഏദെൻതോട്ടം പോലെയാണ്’ എന്നു പറയുന്നതിൽ സന്തോഷിക്കാത്ത മനുഷ്യനാരാണ്? എന്നാൽ, സമ്പന്നർക്കു മാത്രമല്ലാത്ത ഒരു ആഗോള ഏദെൻ വെറുമൊരു സ്വപ്നമാണോ? അതോ അതു ഭാവിയിലെ സുനിശ്ചിതമായ ഒരു സംഗതിയാണോ?
[7-ാം പേജിലെ ചിത്രം]
ബാബിലോനിലെ തൂങ്ങുന്ന പൂന്തോട്ടങ്ങളെക്കുറിച്ചുള്ള ചിത്രകാരന്റെ ഭാവന
[7-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ വേഴ്സെയ്ൽസ്
[7-ാം പേജിലെ ചിത്രം]
ജപ്പാനിലെ ഒരു പ്രാചീന ഉദ്യാനം
ചരിത്രത്തിലുടനീളം മനുഷ്യർ പറുദീസയ്ക്കായി അഭിവാഞ്ഛ കാട്ടിയിട്ടുണ്ട്
[കടപ്പാട്]
French Government Tourist Office/Rosine Mazin