നശീകരണത്തിന് ഒരു അവസാനം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“മാനുഷ പ്രവർത്തനങ്ങളുടെ ഫലമായി കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഭൂമിയുടെ പ്രകൃതി സമ്പത്തിന്റെ മൂന്നിൽ ഒരു ഭാഗം നശിപ്പിക്കപ്പെട്ടിരിക്കുന്നു.”
ആഗോള പ്രകൃതി സംരക്ഷണ നിധി പുറപ്പെടുവിച്ച ഒരു പ്രസ്താവന ആണിത്. ‘ജീവഗ്രഹ സൂചിക’—ലോക പരിസ്ഥിതിയെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കു സംബന്ധമായ ഒരു പുതിയ റിപ്പോർട്ട്—പ്രകാശനം ചെയ്ത വേളയിലാണ് ഞെട്ടിക്കുന്ന ഈ കണക്കു വെളിപ്പെടുത്തപ്പെട്ടത്.
ഭൂമിയുടെ വനപ്രദേശങ്ങളിൽ 10 ശതമാനം കുറവുണ്ടായിരിക്കുന്നതായി പരിസ്ഥിതി സംരക്ഷണവാദികൾ റിപ്പോർട്ടു ചെയ്തു. എന്നാൽ ലണ്ടനിലെ ദി ഇൻഡിപെൻഡന്റ് വർത്തമാനപ്പത്രം പറയുന്നതനുസരിച്ച് ഈ കണക്ക് സത്യാവസ്ഥയെ മറയ്ക്കുക മാത്രമാണു ചെയ്യുന്നത്. ഉഷ്ണമേഖലാ മഴവനങ്ങളിലും വരണ്ട വനപ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള നാശം മേൽപ്പറഞ്ഞതിലും അധികമാണ്. വന്യജീവി വർഗങ്ങളുടെ നാശത്തെ കുറിച്ചാണെങ്കിൽ പറയാനുമില്ല, അത് സാധ്യതയനുസരിച്ച് 10 ശതമാനത്തിലും അധികമാണ്. സാമുദ്രിക പരിസ്ഥിതിക്കും വ്യാപകമായ നാശം സംഭവിച്ചിരിക്കുന്നു—30 ശതമാനത്തോളം. അറ്റ്ലാന്റിക് സമുദ്രത്തിലെ നീല ചിറകുള്ള ചൂരമത്സ്യത്തിന്റെയും ഏഷ്യൻ സമുദ്രങ്ങളിലെ തോൽക്കടലാമയുടെയും മറ്റും എണ്ണത്തിൽ സംഭവിച്ചിരിക്കുന്ന വൻ തകർച്ച ഇതിന്റെ വ്യക്തമായ തെളിവാണ്. എന്നാൽ ശുദ്ധജല പരിസ്ഥിതിവ്യവസ്ഥാ സൂചികയിൽ ഉണ്ടായിരിക്കുന്ന 50 ശതമാനം ഇടിവാണ് ഇതിനെക്കാളൊക്കെ ഗുരുതരമായ പ്രശ്നം. ജലത്തിന്റെ ഉപയോഗത്തിൽ ഉണ്ടായിട്ടുള്ള വൻ വർധനവും വർധിച്ചു വരുന്ന കാർഷിക, വ്യാവസായിക മലിനീകരണവുമാണു മുഖ്യമായും ഇതിന് ഇടയാക്കിയിരിക്കുന്നതെന്നു കരുതപ്പെടുന്നു.
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ക്യൂവിലെ റോയൽ സസ്യശാസ്ത്ര ഉദ്യാനത്തിന്റെ ഡയറക്ടറായ സർ ഗില്യൻ പ്രാൻസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പരിസ്ഥിതിവ്യവസ്ഥകളുടെ സംരക്ഷണം പണമുള്ളവർ മാത്രം ചെയ്യേണ്ട ഒരു സംഗതിയല്ല. ഭൂമിയുടെ സുപ്രധാന പാരിസ്ഥിതിക പ്രവർത്തനങ്ങൾ നിലച്ചുപോകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതു തികച്ചും അനിവാര്യമാണ്. കാരണം നമ്മുടെ എല്ലാം നിലനിൽപ്പ് അവയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.” ഈ ഗ്രഹത്തിലെ ഓരോ ജീവിയുടെയും നിലനിൽപ്പ് ഇതിൽ ഉൾപ്പെടുന്നു. അതുകൊണ്ട്, ശാശ്വതമായ ഒരു ആഗോള പരിഹാരം എങ്ങനെ കണ്ടെത്താൻ കഴിയും?
ശ്രദ്ധേയമായി, ബൈബിളിലെ അവസാന പുസ്തകമായ വെളിപ്പാടിൽ, ഭൂമിയെ നശിപ്പിക്കുന്നവരെ കുറിച്ചു പരാമർശിച്ചിരിക്കുന്നു. വാസ്തവത്തിൽ അവർതന്നെ നശിപ്പിക്കപ്പെടുന്ന ഒരു സമയം വരുമെന്ന് അതു മുൻകൂട്ടി പറയുകയും ചെയ്യുന്നു. (വെളിപ്പാടു 11:18) എന്നാൽ അതിജീവകർ ഉണ്ടായിരിക്കുമോ? ഉവ്വ്, എന്തുകൊണ്ടെന്നാൽ ഇതു സംഭവിക്കുന്നത് “സർവശക്തനായ യഹോവയാം ദൈവത്തിന്റെ” ഇടപെടലിലൂടെയാണ്. അവന്റെ പക്കൽ മാത്രമേ ഭൂമിയുടെ പാരിസ്ഥിതിക പ്രശ്നങ്ങൾക്കു പരിഹാരമുള്ളൂ. അതു നടപ്പാക്കാനുള്ള ശക്തിയും അവനു മാത്രമേ ഉള്ളൂ. (വെളിപ്പാടു 11:17, NW) ദൈവം ‘[മനുഷ്യ വർഗത്തോടു] കൂടെ വസിക്കുകയും അവർ അവന്റെ ജനമായിരിക്കുകയും’ ചെയ്യുന്ന ഒരു സമയത്തെ കുറിച്ച് വെളിപ്പാടു 21:3-ൽ വിവരിച്ചിരിക്കുന്നു.
നിങ്ങൾക്ക് ‘അവന്റെ ജന’ത്തിന്റെ ഭാഗമായിത്തീരാനും ഭൗമ പരിസ്ഥിതിക്കേറ്റ മുറിവുകൾ ഒരു പാടുപോലും അവശേഷിപ്പിക്കാതെ മായ്ക്കപ്പെടുമ്പോൾ അതു കാണാനും എങ്ങനെ കഴിയും? ദയവായി നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുക. 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിൽ എഴുതുകയോ യഹോവയുടെ സാക്ഷികൾ അടുത്ത പ്രാവശ്യം നിങ്ങളുടെ ഭവനം സന്ദർശിക്കുമ്പോൾ അവരുമായി സംസാരിക്കുകയോ ചെയ്യുക. സമാഗതമായ ദൈവിക ഇടപെടലിനായി ഒരുങ്ങാൻ നിങ്ങൾക്കിപ്പോൾ എന്തു ചെയ്യാൻ കഴിയുമെന്നു കാണാൻ അവർ സന്തോഷപൂർവം നിങ്ങളെ സഹായിക്കും.