ഒളിമ്പിക് ദീപശിഖ കരിനിഴൽ വീഴ്ത്തുന്നു
കാനഡയിലെ ഉണരുക! ലേഖകൻ
തീയും തീജ്വാലയും ചരിത്രത്തിന്റെ തുടക്കം മുതൽതന്നെ മനുഷ്യനെ സംഭ്രമിപ്പിച്ചിട്ടുണ്ട്. ഏദൻ തോട്ടത്തിലേക്കുള്ള പ്രവേശനം തടഞ്ഞ “ജ്വലിക്കുന്ന വാളിനെ” ആദ്യ മനുഷ്യർ ഭയത്തോടെ വീക്ഷിച്ചിട്ടുണ്ടാകണം. (ഉല്പത്തി 3:24) എന്നിരുന്നാലും മറെറാരു ജ്വാല, ഒളിമ്പിക് ദീപശിഖ അനേകരുടെ ഹൃദയങ്ങളിൽ ഊഷ്മളമായ വികാരങ്ങൾ ജ്വലിപ്പിച്ചിട്ടുണ്ട്.
ഈ ദീപശിഖ വിവിധ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഗ്രീസ്സിലെ ഒളിമ്പിയായിൽ നിന്ന് കടലുകളും ഭൂഖണ്ഡങ്ങളും താണ്ടി വിജയകരമായി 1988-ലെ XV-ാം വിൻറർ ഒളിമ്പിക് ഗെയിംസിന് തുടക്കം കുറിക്കുന്നതിന് കാനഡയിലെ കൽഗാരിയിലേക്കും XXIV-ാം സമ്മർ ഒളിമ്പിക് ഗെയിംസിന്റെ തുടക്കം കുറിക്കുന്നതിന് റിപ്പബ്ലിക് ഓഫ് കൊറിയായിലെ സിയൂളിലേക്കും കൊണ്ടു വരപ്പെട്ടത് ചിലർ ഓർമ്മിക്കുന്നുണ്ടാകും. ഈ ദീപശിഖ കാൽനടയായിട്ടും, വീൽചെയറിലും മഞ്ഞു വാഹനങ്ങളിലും നായ്ക്കൾ വലിക്കുന്ന സെഡ്ള്കളിലുമായി കാനഡയ്ക്ക് കുറുകേ ഓരോ മൈലും മനുഷ്യരാൽ സംവഹിക്കപ്പെട്ടപ്പോൾ വികാരങ്ങൾ കുന്നുകളോളം ഉയർന്നതിനാൽ “വികാരങ്ങളുടെ ജ്വാല” എന്ന ശീർഷകത്തിൽ മാക്ലീൻസ് മാസിക ഒരു ലേഖനം പ്രസിദ്ധപ്പെടുത്താൻ അതു ഇടയാക്കി.
എന്നിരുന്നാലും, ഒളിമ്പിക് ദീപശിഖയുടെ ഉറവിനെപ്പററി അന്വേഷണം നടത്തുന്ന മററുള്ളവർ കാര്യങ്ങളെ ഒരു വ്യത്യസ്ത വിധത്തിൽ കാണുന്നു. അവരെ സംബന്ധിച്ചിടത്തോളം ഈ ജ്വാല അസ്വസ്ഥജനകമായ ഒരു നിഴൽ പരത്തുന്നു.
പുനരുത്ഥരിക്കപ്പെട്ട ജ്വാല
മിക്കവാറും ആദിമ ജനതകളുടെ ഇടയിലെല്ലാം നിലവിലുള്ള ഐതിഹ്യങ്ങളനുസരിച്ച് അഗ്നി ആകാശത്തുനിന്ന് ഒരു ദിവ്യ സമ്മാനമെന്ന നിലയിൽ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടു. ഗ്രീക്കു പുരാണമനുസരിച്ചാണെങ്കിൽ ഒളിമ്പസ് പർവ്വതത്തിൽ വസിച്ചിരുന്ന ദേവൻമാരിൽനിന്ന് പ്രൊമീത്തിയസ് അഗ്നി മോഷ്ടിച്ചെടുത്ത് മനുഷ്യർക്കു നൽകി. അഗ്നി വളരെ പ്രധാനപ്പെട്ടതായിരുന്നതിനാൽ ചില സമൂഹങ്ങളിൽ അതു സ്ഥിരമായി, അണഞ്ഞുപോകാതെ സൂക്ഷിക്കപ്പെട്ടിരുന്നു. ഗ്രീസ്സിൽ അനേകം ഭവനങ്ങളിൽ അഗ്നി സൂക്ഷിക്കുന്നതിന് പവിത്രമായി കരുതപ്പെട്ട ഒരു സ്ഥാനമുണ്ടായിരുന്നു, അതു ആളുകളുടെ ജീവനെ അല്ലെങ്കിൽ ആത്മാവിനെ പ്രതിനിധാനം ചെയ്തിരുന്നു. റോമിൽ അടുപ്പിന്റെ ദേവതയായ വെസ്ററയ്ക്ക് സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രമുണ്ടായിരുന്നു.
പൊ. യു. മു. 776-ലെ ആദ്യ ഒളിമ്പിക്സിന്റെ സമയത്ത് സേയൂസ് ദേവന് 100 കാളകൾ ബലി അർപ്പിക്കപ്പെട്ടു. കളിക്കളത്തിന്റെ ഒരററത്തായി ദീപശിഖയുമായി ഒരു പുരോഹിതൻ നിന്നു. കായികാഭ്യാസികൾ മത്സരിച്ച് പുരോഹിതന്റെ അടുത്തേക്ക് ഓടി. ഓട്ടത്തിൽ ജയിച്ചയാളിന് ദീപശിഖ ഏററുവാങ്ങുന്നതിനും ബലിപീഠത്തിൽ തീ കാണിക്കുന്നതിനുമുള്ള പദവി ലഭിച്ചു. മത്സരം നടന്ന സമയത്തെല്ലാം സേയൂസിന് അർപ്പിക്കപ്പെട്ട ബലിയോടുള്ള ബഹുമാന സൂചകമായി ആ തീ നാളം ജ്വലിച്ചുകൊണ്ടിരുന്നു.
ആയിരത്തിഎണ്ണൂററി തൊണ്ണൂററിയാറിൽ ബാരൺ പിയേർ ഡി ക്യൂബെർട്ടിൽ ഒളിമ്പിക് മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ ഒരു ദീപശിഖ ഉണ്ടായിരുന്നതായി രേഖയൊന്നുമില്ല. എന്നിരുന്നാലും 1928-ൽ ആംസ്ററർഡാമിലും 1932-ൽ ലോസ് ഏഞ്ചൽസിലും ഒളിമ്പിക് മത്സരങ്ങൾ നടന്നപ്പോൾ ഒളിമ്പിക് ദീപം ജ്വലിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.
എന്നാൽ ആധുനിക നാളിലെപ്പോലെ ദീപശിഖ വഹിച്ചുകൊണ്ട് പോകുന്നതിന്റെ ഈ ആശയം എന്നാണ് ഉടലെടുത്തത്? ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയാറിലെ ബെർലിൻ സമ്മർ ഒളിമ്പിക്സിന്റെ നാസ്സി പാർട്ടി സംഘാടകൻ ഗ്രീസ്സിലെ ഒളിമ്പിയായിൽ നിന്ന് ബെർലിനിലേക്ക് 12 ദിവസം ദീർഘിച്ചതും 3,000 ദീപശിഖാ വാഹകരെ ഉപയോഗിച്ചുകൊണ്ടുള്ളതുമായ ഒരു പ്രയാണം സംഘടിപ്പിച്ചതായി മാക്ലീൻസ് മാസിക റിപ്പോർട്ടു ചെയ്യുന്നു. മൂന്നാം ജർമ്മൻ റിപ്പബ്ലിക്കിന്റെ നേതാക്കൻമാർ ജനങ്ങളിൽ പരമാവധി പ്രതികരണം ഉളവാക്കുന്നതിൽ വിദഗ്ദ്ധരായിരുന്നു. മാക്ലീൻസ് ഇപ്രകാരം തുടരുന്നു: “ദീപശിഖയുടെ ആഗമനം ഉദ്ഘാടന ചടങ്ങിന് മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ലാത്ത തരം നാടകീയത പ്രദാനം ചെയ്തു, ആ ആശയം ഇന്നോളം നിലനിന്നുപോരുന്നു.”
ഗ്രീക്ക് എഴുത്തുകാരനായ സെനഫോൺ മെസ്സിനെസ്സി പ്രസ്താവിക്കുന്നു: “ഒളിമ്പിയായിൽനിന്ന് ചിലപ്പോൾ രണ്ടു മാസം പ്രയാണം ചെയ്ത് എത്തിച്ചേരുന്ന ദീപശിഖയോളം മററ് യാതൊരു ചടങ്ങും വൈകാരികാനുഭൂതി പ്രദാനം ചെയ്യുന്നില്ല. അതു നടത്തപ്പെടാൻ പോകുന്ന മത്സരങ്ങളെ നൂററാണ്ടുകളിലൂടെ പവിത്രമാക്കപ്പെട്ട മതപരമായ ചടങ്ങുകളോട് ബന്ധപ്പെടുത്തുന്നു.”
പുനർജീവിപ്പിക്കപ്പെട്ട മത്സരങ്ങൾ
ആദ്യ ഒളിമ്പിക് മത്സരങ്ങൾ ആരാധനയുടെ ജ്വാല ഊതിക്കത്തിക്കാൻ ഉദ്ദേശിച്ചുള്ളവയായിരുന്നു. ഒളിമ്പിയൻ ദേവൻമാരിൽ അഗ്രഗണ്യനായിരുന്ന സേയൂസിനെ ബഹുമാനിക്കാനുള്ള മതപരമായ ആഘോഷമായിട്ടാണ് അവ ആരംഭിച്ചത്. പൊ. യു. മു. 776 മുതൽ പൊ. യു. 394 വരെ ഓരോ നാലുവർഷത്തിൽ ഒരിക്കൽ വീതം ഇവ നടത്തപ്പെട്ടിരുന്നു. പൊ. യു. 394-ൽ “ക്രിസ്തുമതം സ്വീകരിച്ച” റോമൻ ചക്രവർത്തി തെയഡോഷ്യസ് ഈ “‘പുറജാതി ഉത്സവങ്ങൾ’ അവസാനിപ്പിക്കാൻ” ഉത്തരവിട്ടു. അന്നു റോമൻ സാമ്രാജ്യത്തിന്റെ ഒരു ഭാഗമായിരുന്ന ഗ്രീസ്സ് അതിന് വഴങ്ങി.
ഈ റോമൻ കല്പന വളരെ കർക്കശമായി പാലിക്കപ്പെട്ടതിനാൽ ഒളിമ്പിക് മത്സരങ്ങൾ നടത്തപ്പെട്ട സ്ഥലംതന്നെ തിരിച്ചറിയപ്പെടാതാവുകയും 1,800കൾ വരെ അജ്ഞാതമായി തുടരുകയും ചെയ്തു. “അതു വീണ്ടും തിരിച്ചറിയപ്പെട്ടത്, ഒളിമ്പിക് പാരമ്പര്യം പുനർജീവിപ്പിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുകയും തൽഫലമായി 1896-ൽ ആദ്യത്തെ ആധുനിക ഒളിമ്പിക് മത്സരം ആഥൻസിൽ നടത്തപ്പെടുകയും ചെയ്തു,” എന്ന് ദി റെറാറെന്റോ സ്ററാർ റിപ്പോർട്ടു ചെയ്യുന്നു.
ആധുനിക ഒളിമ്പിക് പ്രസ്ഥാനത്തിന് ഒരു സമുന്നതമായ ലക്ഷ്യമാണ് ഉള്ളത്. മെച്ചപ്പെട്ട സാമൂഹ്യ മൂല്യങ്ങളുടെ തേട്ടം. കൽഗാരി ഹെറാൾഡിൽ എഴുതുകയിൽ ബ്രൂസ്സ് കിഡ് ഇപ്രകാരം പ്രസ്താവിച്ചു: “ഒളിമ്പിസത്തിന്റെ മനുഷ്യസ്നേഹപരമായ തത്വശാസ്ത്രവും വിശാലമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രചരിപ്പിക്കുക വഴി ലോകത്തെ കൂടുതൽ മെച്ചപ്പെട്ട സ്ഥലമാക്കിത്തീർക്കാനുള്ള ഒരു സാമൂഹ്യ പ്രസ്ഥാനത്തിന്റെ കേന്ദ്ര സ്ഥാനമായിരിക്കാനാണ് അതിന്റെ സ്ഥാപകനായ പിയെർ ഡി ക്യൂബെർട്ടിൻ ആധുനികകാല ഒളിമ്പിക്സ് സ്ഥാപിച്ചത്.” ഒളിമ്പിക്സ് മത്സരങ്ങൾ സമുന്നതമായ ഈ ലക്ഷ്യം നേടിയിട്ടുണ്ടോ? കാനഡയിലെ ഒളിമ്പിക് അക്കാഡമിയുടെ ചെയർമാനും ഒരു മുൻ ഒളിമ്പിയനുമായ കിഡ് ഇപ്രകാരവും കൂടെ കൂട്ടിച്ചേർത്തു: “ഒളിമ്പിക് പ്രസ്ഥാനം ഒരു മതേതര മതമാണെന്ന് അവകാശപ്പെടുന്നു. പൊതുവേ ഒളിമ്പിക് പ്രസ്ഥാനം നൻമയ്ക്കുള്ള ഒരു ശക്തിയായിരുന്നിട്ടുണ്ട്, എന്നിരുന്നാലും അത് അത്തരം ഉന്നതലക്ഷ്യങ്ങൾ നേടുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു.”
ഒരുപക്ഷേ അതു ലക്ഷ്യം നേടുന്നതിൽ പരാജയപ്പെടുന്നത് കടുത്ത മത്സരമുള്ള സ്പോർട്ട്സ് രംഗത്തു സാമുദായികമായ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് വളരെ പ്രയാസമായതിനാലായിരിക്കും. കൂടാതെ ഈ വിധത്തിലുള്ള മത്സരം ആധുനിക ഒളിമ്പിക് ദീപശിഖയുടെ പിന്നിലെ ആദർശങ്ങൾ ബലികഴിക്കാൻ ഇടയാക്കിയിരിക്കുന്നു.
എന്തു വിലകൊടുത്തും വിജയം വരിക്കുക
ദേശീയ തലത്തിലും വ്യക്തിപരമായ തലത്തിലും എന്തു വില കൊടുത്തും സകലരെയും വെല്ലാനുള്ള അതിരുകടന്ന ആഗ്രഹം കായിക പ്രാപ്തി മെച്ചപ്പെടുത്താനുള്ള ഉത്തേജക ഔഷധങ്ങൾ വ്യാപകമായി ഉപയോഗിക്കാനിടയാക്കിയിരിക്കുന്നു. ഈ ഉപയോഗം കഠിനമായ മ്ലാനത മുതൽ അനിയന്ത്രിതമായ കോപാവേശം വരെയുള്ള മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. കൽഗാരി ഹെരാൾഡിൽ ഡോ. ഹാരിസൺ പോപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞിരിക്കുന്നു: “അനാബോളിക് സ്റെററോയിഡ്സ് ഉപയോഗിക്കുന്നതിൽനിന്നുള്ള മാനസ്സിക രോഗലക്ഷണങ്ങൾ നാമാരെങ്കിലും നേരത്തെ കരുതിയതിനേക്കാളൊക്കെ വളരെ കൂടുതലാണ്.” യു. എസ്. ഒളിമ്പിക് ടീമിനോട് ബന്ധപ്പെട്ട ഒരു ഡോക്ടർ പറഞ്ഞു: “ഇപ്പോൾ അനാബോളിക് സ്റെററോയിഡ്സ് ഉപയോഗിക്കാതെ നിങ്ങൾക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല.”
“ആളുകളെ വലിപ്പത്തിലും വേഗതയിലും ശക്തിയിലും മെച്ചപ്പെട്ടവരാക്കാൻ ഞങ്ങൾ ബയോ എൻജിനിയറിംഗ് ഉപയോഗിക്കുകയാണ്” എന്ന് ഒരു ഒളിമ്പിക് ടീം ഡോക്ടർ കൂട്ടിച്ചേർത്തു. “അതിൽ കൂടുതൽ കൂടുതൽ കാടത്തം കടന്നുകൂടുകയാണ്. തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻവേണ്ടി ആളുകൾ എന്തു വേണമെങ്കിലും ചെയ്യും.” “എന്തുവില കൊടുത്തും വിജയിക്കുക” രോഗലക്ഷണമെന്നോ അതിലും അസ്വസ്ഥജനകമായി, “ഫ്രാങ്കെൻസ്ററീൻ രോഗലക്ഷണമെന്നോ” അത് ഇന്ന് അറിയപ്പെടുന്നു. “സ്വർണ്ണം” നേടാനുള്ള ഏതു ശ്രമവും—വിജയവും അതേത്തുടർന്നു ലഭിക്കുന്ന പ്രചാരവും അതിൽനിന്നുള്ള പണവുമെല്ലാം—നീതീകരിക്കുന്ന സമൂഹത്തിൽ “വിജയിക്കുന്നതിനേക്കാൾ പ്രധാനം പങ്കെടുക്കുന്നതാണ്” എന്ന ക്യൂബെർട്ടിന്റെ മുദ്രാവാക്യത്തിന് യാതൊരു പ്രസക്തിയും ഇല്ലാത്തതുപോലെ തോന്നുന്നു.
രക്തത്തിൽ ശ്വേതാണുക്കളുടെ അളവ് വർദ്ധിപ്പിക്കൽ, ഹോർമോൺ ചികിത്സ, കൃത്രിമ ഗർഭധാരണവും അതേതുടർന്ന് അലസിപ്പിക്കലും, മൂത്രം മാറൽ എന്നിവയെല്ലാം തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും എന്നാൽ മയക്കുമരുന്നു പരിശോധനയിൽ കണ്ടുപിടിക്കപ്പെടാതിരിക്കുന്നതിനും ചില ഒളിമ്പിക് കായിക താരങ്ങൾ ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്. ദി റെറാറെന്റോ സ്ററാർ അഭിപ്രായപ്പെട്ടപ്രകാരം ചില സ്ത്രീ കായികതാരങ്ങൾ “ഗർഭധാരണത്തോട് അനുബന്ധിച്ച് ശരീരത്തിലുണ്ടാകുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഹോർമോൺ വർദ്ധനവിൽ നിന്ന് നേട്ടമുണ്ടാക്കാൻവേണ്ടി കൃത്രിമമായി ഗർഭം ധരിക്കുകയും രണ്ടോ മൂന്നോ മാസങ്ങൾ കഴിയുമ്പോൾ ഗർഭം അലസിപ്പിക്കുകയും ചെയ്യുന്നു.” മററു ചില കായിക താരങ്ങൾ “മയക്കുമരുന്നുപയോഗിച്ചശേഷം മൂത്ര പരിശോധനയിൽ അതു കണ്ടുപിടിക്കപ്പെടാതിരിക്കാൻ വേണ്ടി തങ്ങളുടെ മൂത്ര സഞ്ചി മററുള്ളവരുടെ മയക്കുമരുന്നു കലരാത്ത മൂത്രം കൊണ്ട് നിറയ്ക്കുന്നു.” ചില കായിക താരങ്ങൾ തങ്ങളുടെ ശരീരത്തിൽ നിന്ന് രക്തം എടുത്തു സൂക്ഷിച്ചു വയ്ക്കുന്നു. അപ്പോൾ ശരീരത്തിൽ ശ്വേതരക്താണുക്കൾക്കുണ്ടാകുന്ന കുറവ് സ്വഭാവികമായി പരിഹരിക്കപ്പെടുന്നു. മത്സരത്തിന് മുമ്പായി ആ രക്തം വീണ്ടും ശരീരത്തിൽ പ്രവേശിപ്പിക്കുകയും അങ്ങനെ മസിലുകൾക്ക് കൂടുതൽ ഓക്സിജൻ ലഭിക്കുകയും ചെയ്യുന്നു.
സംസ്ക്കാരങ്ങൾ ഇടകലരാനുള്ള അവസരങ്ങൾ സംബന്ധിച്ചാണെങ്കിൽ, മത്സരത്തിൽ പങ്കെടുക്കുന്ന ദേശീയ ടീമുകൾ അന്യോന്യം ബന്ധപ്പെടാതെ വേർപ്പെട്ടു നിൽക്കുന്നു. മററ് മാദ്ധ്യമങ്ങളും തങ്ങളുടെ ടീമുകളോട് ചേർന്നു നിൽക്കുന്നു. അതുകൊണ്ട് ഈ “വിശുദ്ധ ജ്വാല” ദേശീയ അതിർവരമ്പുകൾ ഇല്ലാതാക്കുന്നതിൽ കാര്യമായി ഒന്നും ചെയ്യുന്നില്ല. ഒരു എഴുത്തുകാരൻ നിരീക്ഷിച്ച പ്രകാരം: “കൽഗാരിയിലെ ശീതകാല ഒളിമ്പിക്സിലും തുടർന്ന് സീയൂളിലെ വേനൽക്കാല ഒളിമ്പിക്സിലും സംഭവിക്കാൻ പോകുന്നത് ഇതാണ്. അവ ഓരോ രാജ്യത്തിനും തങ്ങളുടെ മേൻമ പ്രദർശിപ്പിക്കാനുള്ള ഷോ കെയിസ് മാത്രമായിരിക്കും.” ഇത് എത്രയോ സത്യമെന്ന് തെളിഞ്ഞു! ഒരു ഒളിമ്പിക് ടീമിന്റെ ചീഫ് മെഡിക്കൽ ഓഫീസർ കൂട്ടിച്ചേർത്തു, “കായിക താരങ്ങൾ പടയാളികളാണ്. അവർ വിജയിക്കുന്നെങ്കിൽ ഞങ്ങളുടെ സംസ്ക്കാരം മററുള്ളവരുടേതിനേക്കാൾ ശ്രേഷ്ഠമാണെന്ന് അംഗീകരിക്കപ്പെടും.” അവസാന മെഡൽ നിലയാണ് അതിന്റെ അളവുകോൽ.
ഒളിമ്പിക് ദീപശിഖയും അതു എന്തിനുവേണ്ടി നില കൊണ്ടോ ആ ശ്രേഷ്ഠമായ ലക്ഷ്യങ്ങളും ഇന്ന് രാഷ്ട്രീയത്താലും വ്യാപാര ലക്ഷ്യങ്ങളാലും മയക്കുമരുന്നു ദുരുപയോഗത്താലും അണയ്ക്കപ്പെട്ടിരിക്കുന്നു. കനേഡിയൻ ഹ്രസ്വദൂര ഓട്ടക്കാരനായ ബെൻ ജോൺസണും മററു ചില താരങ്ങൾക്കും മെഡലുകൾ നഷ്ടപ്പെടാനിടയാക്കിയ സീയൂൾ ഒളിമ്പിക്സിലെ മയക്കുമരുന്നു ദുഷ്കീർത്തിക്കുശേഷം ഇങ്ങനെ ചോദിക്കാൻ ഒരുവൻ നിർബന്ധിതനായിത്തീരുന്നു, ക്ഷണികമായ മഹത്വത്തിനുവേണ്ടി ഇനിയും എന്തു വിലയാണ് നൽകപ്പെടുക? (g89 3/8)
[23-ാം പേജിലെ ചിത്രം]
ഒളിമ്പിക് ദീപശിഖ, 1988-ലെ വിൻറർ ഒളിമ്പിക്സിന് കാനഡായിലെ കൽഗാരിയിൽ എത്തിച്ചേരുന്നു