നോർവേയിലെ ഒളിമ്പിക് ഗെയിംസ്—ആദർശങ്ങൾ മതിയായിരുന്നോ?
നോർവേയിലെ ഉണരുക! ലേഖകൻ
നൂറു വർഷം മുമ്പ് അന്തർദേശീയ ഒളിമ്പിക് കമ്മിററി (ഐഒസി) സ്ഥാപിതമായപ്പോൾ അതിന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോഴും സാമ്പത്തിക നേട്ടം കൂടാതെ ലോകത്തിലെ എല്ലാ യുവാക്കളെയും കളിക്കളത്തിൽ കൂട്ടിവരുത്തുകവഴി സാഹോദര്യവും സമാധാനവും ഊട്ടിവളർത്തുക എന്നതായിരുന്നു ലക്ഷ്യം. ഔചിത്യമായ മത്സരം ആളുകളുടെ ഇടയിൽ ഐക്യദാർഢ്യവും യോജിപ്പും കരുപ്പിടിപ്പിക്കുമെന്നു പ്രത്യാശിച്ചിരുന്നു. ഈ അടിസ്ഥാനത്തിൽ പ്രാചീന കാലത്തെ ഒളിമ്പിക് ഗെയിംസിന് ആധുനിക കാലത്ത് ഒരു പുതുജീവൻ കൊടുത്തു.
1896-ൽ ഗ്രീസ്സിലെ ഏഥൻസിൽ ചെറുതായൊന്നു തുടങ്ങിവെച്ച വേനൽക്കാല ഗെയിംസ് ലോകത്തിലെ ഏററവും വലിയ സ്പോർട്സ് മേളയായി മാറിയിരിക്കുന്നു. 170-ലധികം രാജ്യങ്ങളിൽനിന്ന് 11,000-ത്തിലധികം പേർ ഈ ഗെയിംസിൽ പങ്കെടുത്തതാണ് അത്യുച്ചസംഖ്യ. ആദ്യത്തെ ശൈത്യകാല ഗെയിംസ് നടന്നത് ഫ്രാൻസിലെ ഷാമനീയിലാണ്, 1924-ൽ. അവ എല്ലായ്പോഴും വേനൽക്കാല ഗെയിംസിന്റെ “കൊച്ചുസഹോദര”നായിരുന്നിട്ടുണ്ട്. എന്നിരുന്നാലും, 70 രാഷ്ട്രങ്ങളിൽനിന്നുള്ള 2,000-ത്തോളം കായികതാരങ്ങൾ, 1994 ഫെബ്രുവരി 12 മുതൽ 27 വരെ നോർവേയിലെ ലില്ലെഹാമറിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിനു വേണ്ടി സമ്മേളിച്ചു.a
പ്രസിദ്ധമായ ഒളിമ്പിക് വളയങ്ങളാൽ പ്രതീകവത്കരിക്കപ്പെടുന്നതു പോലെ സാഹോദര്യവും സഹവർത്തിത്വവുമെന്ന ആശയവും “ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ്” എന്ന ആശയവും എന്നത്തെക്കാളും ഇപ്പോൾ ആവശ്യമെന്നു തോന്നുന്നു. ലില്ലെഹാമറിലെ ഒളിമ്പിക് ഗെയിംസിൽ ഈ ആദർശങ്ങൾ എന്തു പങ്കാണു വഹിച്ചത്?
ഒളിമ്പിക്സും വൻ ബിസിനസ്സും
വിപുലമായ വാർത്താപ്രചരണം ഒളിമ്പിക്സിൽ വൻതോതിലുള്ള പൊതുജനതാത്പര്യം ഉണർത്തിവിടുകയുണ്ടായി. ലില്ലെഹാമറിൽ കായികതാരങ്ങളുടെ നാലിരട്ടി മാധ്യമപ്രതിനിധികൾ എത്തിയിരുന്നു. ടിവിയിലൂടെ ഏതാണ്ട് ഇരുനൂറ് കോടി ആളുകൾ ആ ശൈത്യകാല ഗെയിംസ് കണ്ടു, അതൊരു റെക്കോർഡ് സംഖ്യ ആയിരുന്നു. പ്രബലരായ വാണിജ്യ തത്പരകക്ഷികൾക്ക് ഒളിമ്പിക്സ് ലാഭകരമായ ഒരു ബിസിനസ്സായി മാറിയിരിക്കുന്നു. ടിവി ശൃംഖലകളും പ്രായോജകരും പ്രത്യേക പദവികൾക്കും ഉടമ്പടികൾക്കും വേണ്ടി കിടമത്സരം നടത്തുന്നു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള വാണിജ്യ-വ്യവസായ പ്രതിനിധികൾ ലില്ലെഹാമറിലെ ഗെയിംസിൽ സംബന്ധിച്ചു. ഈ വൻ അന്തർദേശീയ കൂടിവരവിനെ അവരിൽ പലരും വീക്ഷിച്ചത് ബിസിനസ് ബന്ധങ്ങൾ ഊട്ടിവളർത്താനും സെമിനാറുകളും ചർച്ചാവേദികളും സംഘടിപ്പിക്കാനുമുള്ള ഒരു അവസരമായിട്ടാണ്. എണ്ണമററ വ്യത്യസ്ത ഒളിമ്പിക് ഉത്പന്നങ്ങൾ—പിന്നും പോസ്ററ് കാർഡും മുതൽ അടുക്കളപ്പാത്രങ്ങളും തുണിത്തരങ്ങളും വരെ—വിററഴിക്കപ്പെട്ടതിലൂടെ ചെറുതും വലുതുമായ വ്യവസായസ്ഥാപനങ്ങൾ അന്തമില്ലാത്തതെന്നു തോന്നിക്കുന്ന തങ്ങളുടെ നൂതന മികവു കാട്ടിയിരിക്കുന്നു.
സ്വാഭാവികമായും, തദ്ദേശീയരായ ആളുകളെ സംബന്ധിച്ചിടത്തോളം ഗെയിംസിന്റെ സമയത്ത് എല്ലാം അങ്ങേയററം താറുമാറായ അവസ്ഥയിലായിരുന്നു. സാധാരണമായി ലില്ലെഹാമറിലെ ജനസംഖ്യ 20,000-ത്തിലധികമേയുള്ളൂ, എന്നാൽ ഒളിമ്പിക് ജോലിക്കാരുടെയും കായികതാരങ്ങളുടെയും നേതാക്കൻമാരുടെയും വലിയ പ്രവാഹം അത് ഇരട്ടിയാക്കി. മാത്രമല്ല, ദിവസവും 1,00,000 കാഴ്ചക്കാരുടെ “ആക്രമണ”വും ഉണ്ടായിരുന്നു. ഈ കോലാഹലത്തിൽനിന്നു രക്ഷപെടാൻ ചില തദ്ദേശീയ നിവാസികൾ കുറെ കാലത്തേക്ക് അവിടം വിട്ടുപോയി, ഹാസ്യാത്മകമായി അവരെ “സ്പോർട്സ് അഭയാർഥികൾ” എന്നു വിളിക്കുകയുണ്ടായി.
ഗെയിംസിന്റെയും ഒളിമ്പിക് ആദർശങ്ങളുടെയും കായികവശം സംബന്ധിച്ചെന്ത്?
കിററ്യുസ്, ഓൾട്ട്യുസ്, ഫോർട്ട്യുസ്
ഒളിമ്പിക് മുദ്രാവാക്യത്തിനു ചേർച്ചയിൽ—കിററ്യുസ്, ഓൾട്ട്യുസ്, ഫോർട്ട്യുസ് (കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ)—ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഒരുവൻ റെക്കോർഡുകൾ തകർക്കാനും എതിരാളികളെ തോൽപ്പിക്കാനും ശ്രമിക്കുന്നു. ഇന്ന് ഇത് നേടുന്നതിന്, ഒരു വിശ്രമാവസര പ്രവർത്തനമായി അതിനെ വീക്ഷിച്ചാൽ പോരെന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർ മനസ്സിലാക്കുന്നു. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മിക്കവരെ സംബന്ധിച്ചും അതൊരു മുഴുസമയ ജോലിയും ഉപജീവനമാർഗവുമാണ്. പരസ്യത്തിന് നിന്നുകൊടുത്ത് അവർക്കു ലഭിക്കുന്ന വരുമാനമേറെയും അവർ നേടുന്ന ഫലങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അമെച്ച്വർ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആദർശങ്ങൾക്കു പണത്തിനും തൊഴിൽവൈശിഷ്ട്യത്തിനും വഴിമാറിക്കൊടുക്കേണ്ടിവന്നു.
തിരിച്ച് പൊതുജനത്തിന് അവരാഗ്രഹിക്കുന്ന ഉല്ലാസവും വിനോദവും കിട്ടുന്നു. അടുത്ത കാലത്തു നടന്ന ഒളിമ്പിക്സിൽ സ്ഥാപിക്കപ്പെട്ട പല റെക്കോർഡുകളും ഏതാനും പതിററാണ്ടുകൾക്കു മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന നേട്ടങ്ങൾക്കു സാക്ഷ്യം വഹിക്കുന്നു. ഇതു വർധിച്ചതോതിലുള്ള പരിശീലനവും പ്രത്യേകാഭ്യാസവും കൊണ്ടു മാത്രമല്ല, മെച്ചപ്പെട്ട ഉപകരണങ്ങളും സൗകര്യങ്ങളും ഉള്ളതുകൊണ്ടും കൂടിയാണ്. ഉദാഹരണത്തിന്, ലില്ലെഹാമർ ഗെയിംസിൽ പുരുഷൻമാരുടെ അഞ്ചു സ്പീഡ്-സ്കേററിങ് മത്സരങ്ങളിൽ നാലു ലോകറെക്കോർഡുകളും അഞ്ച് ഒളിമ്പിക് റെക്കോർഡുകളും സ്ഥാപിക്കപ്പെട്ടു. അതിന്റെ ബഹുമതി ഭാഗികമായി പുതിയ സ്കേററിങ് ഹാളിനു നൽകപ്പെട്ടു, അവിടെ പ്രൊഫഷണൽ സ്കേററിങ്ങിനു പററിയ ഐസ് ഉണ്ടാക്കുന്നതിനുള്ള ശാസ്ത്രീയ രീതികൾ അവലംബിച്ചിരുന്നു.
ഒളിമ്പിക് പ്രതിജ്ഞയിൽ വാഗ്ദാനം ചെയ്യുന്നതുപോലെ “കായികമത്സരത്തിന്റെ മഹത്ത്വത്തിനു വേണ്ടി യഥാർഥ സ്പോർട്സ്മാൻ സ്പിരിറേറാടുകൂടി” മത്സരിക്കാതിരിക്കുന്നതിനാൽ ചില കായികതാരങ്ങൾ എടുത്തുകാട്ടപ്പെടുന്നു എന്ന കാര്യം നിർഭാഗ്യകരമാണ്. ഈ വർഷത്തെ ശൈത്യകാല ഗെയിമുകളിൽ ചിലർക്കു വിജയിക്കാനായില്ല, സഹ മത്സരക്കാരെ അട്ടിമറിക്കാൻ ഏതാനും താരങ്ങൾ ശ്രമിക്കുകയും ചെയ്തു. സമീപ വർഷങ്ങളിൽ മയക്കുമരുന്നുകളോടും ഉത്തേജകൗഷധങ്ങളോടും പോരാടേണ്ടത് ആവശ്യമായിവന്നിരിക്കുന്നു. ലില്ലെഹാമറിൽ, ഉത്തേജകൗഷധം കഴിച്ചതിന്റെ പേരിൽ ആദ്യദിവസംതന്നെ ഒരു കായികതാരത്തെ വീട്ടിലേക്കു പറഞ്ഞയച്ചു. എന്നാൽ മത്സരം നടന്ന സമയത്ത് ആരും മയക്കുമരുന്നുകൾ ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടില്ല.
ലില്ലെഹാമർ ഗെയിംസിനോടു ബന്ധപ്പെട്ട് ഒളിമ്പിക് ആദർശങ്ങളോടു ചില പുതിയ സമീപനങ്ങൾ കൈക്കൊണ്ടിരുന്നു.
പരിസ്ഥിതി സംരക്ഷണം, ദുരിതാശ്വാസ പ്രവർത്തനം, സമാധാന ശ്രമങ്ങൾ
വ്യാപകമായുള്ള പരിപാടികളുടെ ആവിഷ്കരണവും വലിയ അളവിൽ പാഴ്വസ്തുക്കളുടെ ഉത്പാദനവും അടങ്ങിയിരിക്കുന്ന ഒളിമ്പിക്സ് പോലെയുള്ള ഒരു സംരംഭത്തിന്റെ നടത്തിപ്പ് “വിഭവങ്ങളെ നിയന്ത്രിതമായി ഉപയോഗിക്കുന്നതോ പരിസ്ഥിതിയോടു പ്രിയം കാണിക്കുന്നതോ അല്ല.” (മില്ല്യോസ്പിസീയൽ, ലില്ലെഹാമർ ഒളിമ്പിക്സിനു വേണ്ടി പരിസ്ഥിതിയെക്കുറിച്ചു തയ്യാറാക്കിയ ബുള്ളററിൻ) ഇത് ഒളിമ്പിക് ഉദ്ദേശ്യത്തോടു പൊരുത്തപ്പെടാത്തതാണെന്നു വിചാരിച്ച ഒട്ടധികം പേർ 1994-ലെ ശൈത്യകാല ഒളിമ്പിക്സ് പരിസ്ഥിതിയെ എടുത്തുകാട്ടുന്ന ഒരു മകുടോദാഹരണമായിരിക്കണമെന്നു നിർദേശിച്ചു. കൈക്കൊണ്ട ആശയം അതുതന്നെ ആയിരുന്നു, “‘ഹരിത’ പ്രഭാവമുള്ള ആദ്യത്തെ ഒളിമ്പിക് ഗെയിംസ്” എന്നനിലയിൽ ലില്ലെഹാമർ ഗെയിംസ് സാർവദേശീയ ശ്രദ്ധ പിടിച്ചുപററി. അതിന്റെ അർഥമെന്തായിരുന്നു?
പരിസ്ഥിതിയുടെമേൽ ഉളവാക്കുന്ന പ്രതികൂല ഫലങ്ങൾ പരമാവധി കുറയ്ക്കുന്നതിനു വേണ്ടി സ്പോർട്സ് നടക്കുന്ന സ്ഥലം, അതിന്റെ ആകൃതി, സ്പോർട്സ് നടക്കുന്ന പുതിയ സ്ഥലങ്ങളുടെ ദീർഘകാല ഉപയോഗം എന്നിവ സംബന്ധിച്ചു പരിചിന്തിക്കപ്പെട്ടു. പരിസ്ഥിതിക്കു ദോഷം വരുത്തിവെക്കാത്തതും പുനഃചാക്രീകരണം ചെയ്യാവുന്നതുമായ മരം, കല്ല്, കാർഡ്ബോർഡ് തുടങ്ങിയ വസ്തുക്കൾ എല്ലാ സ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിച്ചു. എല്ലാ പ്രായോജകർക്കും വിതരണക്കാർക്കും വേണ്ടി പരിസ്ഥിതിസംബന്ധമായ ഉന്നത നിലവാരങ്ങൾ വെച്ചു. അകത്തിരുന്ന് പുകവലിക്കുന്നത് പൂർണമായി നിരോധിച്ചു.
ഒളിമ്പിക് ലാക്കുകളുടെ ഒരു പഠനം ലില്ലെഹാമർ ഒളിമ്പിക് സഹായം എന്ന ദുരിതാശ്വാസ പ്രവർത്തനപരിപാടി ആവിഷ്കരിക്കുന്നതിലേക്കു നയിക്കുകയുണ്ടായി. ബോസ്നിയ-ഹെർട്സെഗോവിനയിലെ സാരയെവോ എന്ന മുൻ ഒളിമ്പിക് നഗരത്തിലെ കുട്ടികളെ സഹായിക്കാൻ വേണ്ടി ഒരു പണപ്പിരിവെന്ന നിലയിൽ തുടങ്ങിയ അത് പിൽക്കാലത്ത് ലോകത്തെമ്പാടും യുദ്ധങ്ങളിൽ പരിക്കേററ ചെറുപ്പക്കാരെ സഹായിക്കാനായി കൂടുതൽ വ്യാപകമാക്കി. സ്വർണമെഡൽ ജേതാക്കളിൽ ഒരാൾ ഒരിനത്തിൽ തനിക്കു കിട്ടിയ പണം മുഴുവനും (ഏതാണ്ട് 30,000 ഡോളർ) ഈ പരിപാടിയെ പിന്താങ്ങാൻ നൽകിയതുമുതൽ അതിനു വൻതോതിലുള്ള ആക്കം ലഭിച്ചു. ഒളിമ്പിക് സഹായനിധി ഭാവി ഗെയിംസിൽ തുടരുമെന്നാണ് അതിനു തുടക്കമിട്ടവരുടെ പ്രത്യാശ.
ഒളിമ്പിക്സിന്റെ പ്രാരംഭചടങ്ങിൽ ആചാരമനുസരിച്ച് പ്രാവുകളെ പറത്തിവിട്ടത് ലോകത്തിനു നിശബ്ദമായ ഒരു സമാധാന സന്ദേശം നൽകി. 1994-ലെ ശൈത്യകാല ഗെയിംസിനോടു ബന്ധപ്പെട്ട് സമാധാനമെന്ന ആദർശം മുൻനിരയിലേക്കു കൊണ്ടുവരപ്പെട്ടു. ഐഒസിയുടെ പ്രസിഡൻറായ കാററലോണിയക്കാരൻ ക്വാൻ ആന്റോണിയോ സാമാറാങ്ക് ഭൂമിയിലെ എല്ലാ ജനങ്ങളുടെയും സമാധാനത്തെക്കുറിച്ച് ആവർത്തിച്ചാവർത്തിച്ചു സംസാരിക്കുകയുണ്ടായി.
യാഥാർഥ്യമായിത്തീരാനിരിക്കുന്ന ആദർശങ്ങൾ
എല്ലാ മനുഷ്യരിലും ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഒരാഗ്രഹത്തെ—സാഹോദര്യത്തിനും സമാധാനത്തിനും നീതിക്കും സന്തോഷത്തിനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വേണ്ടിയുള്ള ആഗ്രഹത്തെ—ആണ് ഒളിമ്പിക് ആദർശങ്ങൾ പ്രതിഫലിപ്പിക്കുന്നത്. ഒളിമ്പിക്സിന്റെ ആദിമ ലക്ഷ്യങ്ങളെ മുൻപന്തിയിലേക്കു കൊണ്ടുവന്നതിനാൽ ഈ വർഷത്തെ ശൈത്യകാല ഗെയിംസ് വളരെയധികം ശ്ലാഘിക്കപ്പെടുകയും “എക്കാലത്തെയും ശൈത്യകാല ഒളിമ്പിക്സിൽ വെച്ച് ഏററവും മികച്ചത്” എന്ന ഖ്യാതി നേടുകയും ചെയ്തു. എന്നുവരികിലും, ഒളിമ്പിക് പ്രസ്ഥാനം അതിന്റെ ആദർശങ്ങൾക്കൊത്തുയരുന്നതിൽ ഒരിക്കൽക്കൂടെ പരാജയപ്പെട്ടു.
പ്രതാപവും വാണിജ്യപ്രാമുഖ്യതയും കായികമത്സരങ്ങളുടെ അടിസ്ഥാന തത്ത്വങ്ങളെക്കാൾ മുന്തിനിൽക്കാൻ പ്രവണത കാട്ടി. സാഹോദര്യവും യോജിപ്പും ഉളവാക്കുന്നതിനുപകരം മത്സരം പലപ്പോഴും അഹംഭാവവും ദേശീയവാദവും പടച്ചുവിട്ട കടുത്ത പോരാട്ടമായിത്തീർന്നു.
ഒളിമ്പിക് പ്രതീക്ഷകൾ സഫലമായിത്തീരാനുള്ള എന്തെങ്കിലും മാർഗമുണ്ടോ? ഒരു ആദർശലോകം നേടിയെടുക്കാനുള്ള മാനവശ്രമങ്ങൾ പരാജയമടയുമെന്നു ബൈബിൾ വ്യക്തമാക്കുന്നു. എന്നിരുന്നാലും പൂർണമായ, പറുദീസാതുല്യമായ അവസ്ഥകൾ ഭൂമിയിൽ കൈവരുത്താൻ ദൈവരാജ്യം സത്വരം നടപടി സ്വീകരിക്കും. (യിരെമ്യാവു 10:23; 2 പത്രൊസ് 3:13) അത്തരമൊരു ലോകം അധിഷ്ഠിതമായിരിക്കുന്നത് കായികമത്സരത്തിന്റെ വികസനത്തിലോ ഒളിമ്പിക് തത്ത്വങ്ങളോട് അല്ലെങ്കിൽ പാരമ്പര്യങ്ങളോട് ഉള്ള വിശ്വസ്തതയിലോ അല്ല, പിന്നെയോ സ്രഷ്ടാവിനോടുള്ള യഥാർഥ ഭക്തിയിലാണ്. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞു: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.” അതുകൊണ്ട് ഇന്നു “ദൈവഭക്തിക്കു തക്കവണ്ണം” പരിശീലിക്കുന്നവർക്കുള്ള പ്രതിഫലം വാസ്തവത്തിൽ ആരോഗ്യമുള്ള ഒരു ശരീരത്തിലെ ആരോഗ്യമുള്ള ഒരു മനസ്സായിരിക്കും.—1 തിമൊഥെയൊസ് 4:7, 8.
[അടിക്കുറിപ്പുകൾ]
a 1992-ലും ഒളിമ്പിക് ഗെയിംസ് ക്രമീകരിക്കപ്പെട്ടിരുന്നു, എന്നാൽ ഒരു വർഷംതന്നെ വേനൽക്കാല ഗെയിംസും ശൈത്യകാല ഗെയിംസും നടന്ന അവസാനത്തെ വർഷം അതായിരുന്നു. ഇനിമുതൽ അവ രണ്ടിടവിട്ട വർഷങ്ങളിൽ നടത്താനാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.
[26-ാം പേജിലെ ചതുരം]
മതത്തിന്റെ ചുവയുള്ള ഒളിമ്പിക്സ്
ഒളിമ്പിക് ഗെയിംസ് ഗ്രീക്കുമതത്തിൽ വേരൂന്നിയതാണ്. ഗ്രീക്കു ദൈവങ്ങളിൽ പ്രമുഖനായ സീയൂസിനെ ആദരിക്കാനുള്ള ഒരു മതോത്സവമായാണ് അവ ആരംഭിച്ചത്. ഒളിമ്പിക് പതാക, “വിശുദ്ധ” ദീപം, ഒളിമ്പിക് പ്രതിജ്ഞ എന്നിവയോടു ബന്ധപ്പെട്ട ഭക്തിപൂർവകമായ ചടങ്ങുകൾ പോലെയുള്ള ആധുനിക ഗെയിംസിന്റെ പല വശങ്ങളും മതഭക്തിയുടെ ഭാവം പേറുന്നവയാണ്. ഗെയിംസിന്റെ തുടക്കത്തിൽ പാടിയ, ഏകദേശം 100 വർഷം പഴക്കമുള്ള ഗ്രീക്കു കീർത്തനം ലില്ലെഹാമറിലെ പ്രാരംഭചടങ്ങിനു വേണ്ടി നോർവീജിയൻ ഭാഷയിലേക്കു പരിഭാഷപ്പെടുത്തിയതായിരുന്നു. ഈ ഒളിമ്പിക് കീർത്തനത്തിന് ശക്തവും മതപരവുമായ ധ്വനികളാണ് ഉള്ളത്. അതു സീയൂസിനുള്ള ഒരു കീർത്തനമാണെന്നു മനസ്സിലാകുന്നു. അതിലെ വരികളിൽ പിൻവരുന്ന പ്രസ്താവനകൾ അടങ്ങിയിരിക്കുന്നു: “പൗരാണികതയുടെ അമർത്യാത്മാവേ,⁄സത്യവും സൗകുമാര്യവും നൻമയും ഉള്ളവരുടെ പിതാവേ,⁄താഴേക്കു വന്ന് ഞങ്ങളുടെമേൽ അങ്ങയുടെ വെളിച്ചം ചൊരിഞ്ഞാലും⁄ . . . ഉത്കൃഷ്ടങ്ങളായ ആ മത്സരങ്ങൾക്കു ജീവനും ഓജസ്സും പകരേണമേ!⁄ . . . ജനതകളെല്ലാം അങ്ങയെ സ്തുതിക്കാൻ കൂടിവരുന്നു,⁄പൗരാണികതയുടെ അമർത്യാത്മാവേ!”
നോർവീജിയൻ ലൂഥറൻ സഭ അതിന്റെ സ്വന്തം ഒളിമ്പിക് കമ്മിററി മുഖാന്തരം വിപുലമായ സംഗീതത്തിനും മതപരമായ പരിപാടികൾക്കുമുള്ള ക്രമീകരണം ചെയ്തു. ഒരു വലിയ മിശ്രവിശ്വാസ പദ്ധതിയിൽ എല്ലാ പ്രമുഖ സഭാസംഘടനകൾക്കും പ്രതിനിധികൾ ഉണ്ടായിരുന്നു. ഔദ്യോഗിക ഒളിമ്പിക് പുരോഹിതനും ഒരു അന്തർദേശീയ-സഭൈക്യ സംഘവും ലില്ലെഹാമറിലെ ഒളിമ്പിക് ഗ്രാമത്തിൽ ഉണ്ടായിരുന്നു.
[24, 25 പേജുകളിലെ ചിത്രങ്ങൾ]
മുകളിൽ: 10,000 മീററർ മത്സരത്തിൽ സ്പീഡ് സ്കേററിങ് നടത്തുന്ന ഒരുവൻ സ്വർണമെഡലിനായി കുതിക്കുന്നു
മധ്യത്തിൽ: ഫ്രീസ്റൈറൽ ഏരിയൽസ് ഒളിമ്പിക്സിലെ ഒരു പുതിയ ഇനമായിരുന്നു
താഴെ: കുത്തനെ താഴോട്ടു മത്സരിക്കൽ—മണിക്കൂറിൽ 75-ലധികം മൈൽ വേഗത്തിൽ
[കടപ്പാട്]
Photos: NTB