ബാഴ്സലോണ ഒളിമ്പിക്സ്—കീർത്തിയുടെ വില?
സ്പെയിനിൽനിന്നുള്ള ഉണരുക! ലേഖകൻ
ജൂലൈ 25, 1992-ൽ സ്പോട്ട്ലൈററിന്റെ തീവ്രപ്രകാശത്താൽ ചുററപ്പെട്ട ഏകാന്തനായ ഒരു വില്ലാളി തന്റെ വില്ല് കുലച്ചു. അയാളുടെ തീയമ്പു സൂക്ഷ്മമായി നിശയിലെ ആകാശത്തിലേക്കു കുതിച്ചുയർന്നു. അതു താഴേക്കു നിപതിക്കാൻ തുടങ്ങവേ ആ അമ്പു വിശാലമായ സ്റേറഡിയത്തിനു മീതെ സ്ഥാപിച്ചിരുന്ന ഒരു ഭീമാകാരമായ ദീപശിഖയുടെ മുകളിൽ കൂടി പാഞ്ഞുപോയി. ഒളിമ്പിക് ദീപശിഖ കത്തി. ബാഴ്സലോണ ഒളിമ്പിക്സ് ആരംഭിച്ചിരുന്നു.
നൂററിയെഴുപത്തിരണ്ടു രാജ്യങ്ങളിൽ നിന്നുള്ള 11,000 കായികതാരങ്ങൾ 1,691 മെഡലുകൾക്കുവേണ്ടി മത്സരിക്കാൻ വന്നിരുന്നു. ഒളിമ്പിക് ആദർശവാക്യത്തിനു ചേർച്ചയിൽ പങ്കെടുത്തവർ മുമ്പെന്നത്തെക്കാളുമുപരി “കൂടുതൽ വേഗമുള്ളവരും, കൂടുതൽ ഉയരത്തിലെത്തുന്നവരും, കൂടുതൽ ശക്തരു”മായിരിക്കാൻ കഠിനശ്രമം ചെയ്തു—ചിലർ വിജയിച്ചു. കണക്കാക്കപ്പെട്ടപ്രകാരം 350,00,00,000 ടെലിവിഷൻ നിരീക്ഷകർ വിജയവും ആശാഭംഗങ്ങളും പങ്കിട്ടു.
കായികതാരങ്ങൾക്കു പൊതുജനശ്രദ്ധ ലഭിച്ച സമയം ക്ഷണികമായിരുന്നുവെങ്കിലും ഒളിമ്പിക് വിജയം കീർത്തിയുടെയും ധനത്തിന്റെയും വാഗ്ദത്തം വെച്ചുനീട്ടുന്നു. ബാഴ്സലോണ ഒളിമ്പിക്സ് വ്യത്യസ്തമായിരുന്നില്ല. പ്രശസ്തരായ ചില മത്സരക്കാർ അപ്പോൾത്തന്നെ കായികവസ്ത്രങ്ങളും ഓടുമ്പോൾ ധരിക്കുന്ന ഷൂസും സൺഗ്ലാസ്സും ഇലക്ട്രോണിക് ഉപകരണം പോലും അംഗീകരിച്ച് ഒപ്പുവച്ചുകൊണ്ട് ലക്ഷക്കണക്കിനു ഡോളർ സമ്പാദിക്കുകയായിരുന്നു.
അർപ്പണം—ഒളിമ്പിക് കീർത്തിയിലേക്കുള്ള താക്കോൽ
അനേകം കായികതാരങ്ങൾ—വിശേഷിച്ചു കായികാഭ്യാസികളും ഡൈവുചെയ്യുന്നവരും—വ്യക്തമായ അനായാസത്തോടെ തങ്ങളുടെ അഭ്യാസങ്ങൾ പ്രകടിപ്പിക്കുന്നുവെങ്കിലും, വർഷങ്ങളിലെ കഠിനപരിശ്രമം അത്തരം വൈദഗ്ദ്ധ്യത്തിനു പിന്നിൽ സ്ഥിതിചെയ്യുന്നു. തങ്ങൾക്ക് അഞ്ചു വയസ്സു പ്രായമുള്ളപ്പോൾമുതൽ ചിലർ പരിശീലനം തുടങ്ങി. ഒരു കായികതാരം വിജയം രുചിച്ചറിയണമെങ്കിൽ സ്പോട്സിന് ഏററവുമധികം മുൻഗണന കൊടുക്കണം.
ഇരുനൂറു മീററർ ബാക്സ്ട്രോക് ഇനത്തിൽ ജേതാവായ സ്പാനീഷ് നീന്തൽതാരം മാർട്ടിൻ ലോപ്പസ് സുബറോ—ഒരുപക്ഷേ അല്പം അതിശയോക്തിയോടുകൂടി ഇപ്രകാരം പറഞ്ഞു: “എന്റെ അസ്തിത്വത്തിന്റെ മൂന്നിലൊന്നു ഞാൻ വെള്ളത്തിൽ ചെലവഴിച്ചിരിക്കുന്നു.” അദ്ദേഹത്തിന്റെ പരിശീലനപരിപാടി രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്നു. കേവലം ഒന്നരവർഷത്തിൽ കുറഞ്ഞ കാലംകൊണ്ട് 8,000 കിലോമീറററിലധികം താൻ നീന്തിയതായി അദ്ദേഹം കണക്കാക്കുന്നു.
പരിശീലനം കേവലം ത്യാഗത്തെയല്ല, ദുരിതത്തെ അർത്ഥമാക്കുന്നു. സോളിലും ബാഴ്സലോണയിലും ഹെപ്ററത്തലൺ സ്വർണ്ണമെഡൽ നേടിയ ജാക്കീ ജോയ്നെർ കെർസി ഇങ്ങനെ വിശദീകരിക്കുന്നു: “മത്സരം മോഹിപ്പിക്കുന്നതാണ്. പരിശീലനം അങ്ങനെയല്ല. . . . ഏതൊരു കായികതാരത്തോടും ചോദിച്ചുനോക്കുക: ഞങ്ങൾ എല്ലാ സമയത്തും വേദന അനുഭവിക്കുന്നു. ഏഴു വ്യത്യസ്ത ജോലികളിലൂടെ കടന്നുപോകാൻ ഞാൻ എന്റെ ശരീരത്തോട് ആവശ്യപ്പെടുന്നു. അതു വേദനിക്കാതിരിക്കാൻ പ്രതീക്ഷിക്കുന്നത് കടന്ന കൈയായിരിക്കും.” പ്രത്യേകിച്ചു കായികാഭ്യാസികൾ സഹനത്തിൽ വിദഗ്ദ്ധർ ആയിരിക്കേണ്ടതുണ്ട്. ഉളുക്കിയ കൈക്കുഴയുടെ അല്ലെങ്കിൽ കാൽമടക്കിന്റെയോ, വലിഞ്ഞപേശിയുടെയോ, നിസ്സാരമായ അസ്ഥിപൊട്ടലിന്റെയോ വേദന ഗണ്യമാക്കാതെ അവർ ദിവസവും രണ്ടുപ്രാവശ്യമുള്ള പരിശീലനപരിപാടി തുടരേണ്ടതുണ്ട്. എന്നാൽ അന്തിമവിശകലനത്തിൽ, അത്തരം അർപ്പണം ജേതാക്കളെയും സമ്മോഹനമായ ദൃശ്യത്തെയും സൃഷ്ടിക്കുന്നു.
ഒളിമ്പിക് തിളക്കവും സ്വർണ്ണവും
ഒരു സംശയവുമില്ല. ഒളിമ്പിക് ദൃശ്യം മതിപ്പുളവാക്കുന്നതായിരിക്കാൻ കഴിയും. അതു ജനക്കൂട്ടത്തിനു പുളകപ്രദമായ നിമിഷങ്ങൾ പ്രദാനം ചെയ്യുന്നു. ശ്രദ്ധേയമായ കായികനേട്ടങ്ങൾക്കുള്ള ഒരു അരങ്ങുമാണത്. ബാഴ്സലോണ വ്യത്യസ്തമായിരുന്നില്ല.
ബെലോറസിയായിൽ നിന്നുള്ള കായികാഭ്യാസിയായ വിററലി സ്കെർബോ പുരുഷൻമാരുടെ ജിംനാസ്ററിക്സ് ഇനങ്ങളിൽ റെക്കോർഡു തകർത്തുകൊണ്ടു സാധ്യതയുള്ള എട്ടെണ്ണത്തിൽ ആറു സ്വർണ്ണമെഡലുകൾ നേടി. ചൈനയുടെ കായികാഭ്യാസിയായ ഷാവോസാഹ്വാംങ്ങ് ലീ തറയിൽ നടത്തുന്ന അഭ്യാസങ്ങളിൽ മൂന്നുപ്രാവശ്യം തലകുത്തിമറിഞ്ഞ് അവിശ്വസനീയമായ ഒരു പ്രകടനം കാഴ്ചവെച്ചു. തുടർച്ചയായ മൂന്നാം തവണയും ലോംഗ്ജമ്പിൽ വിജയം നേടിക്കൊണ്ടു കാൾ ലൂയിസ് ഒളിമ്പിക് ചരിത്രം സൃഷ്ടിച്ചു. മറുവശത്ത്, സ്ത്രീകളുടെ മാരത്തൺ ഇനത്തിൽ വെള്ളിമെഡൽ ജേതാവായ ജപ്പാനിലെ യൂക്കോ അരിമോറിയ്ക്ക് അവരുടെ വിനയം നിമിത്തം ആർപ്പുവിളി ലഭിച്ചു. അവർ ക്ഷീണിച്ചിരുന്നിട്ടും ജപ്പാനീസ് മാതൃകയിൽ കാണികളെയും പിന്നീടു ജേതാവിനെയും കുമ്പിട്ടുകൊണ്ടു സ്റേറഡിയത്തിനു വലംവച്ചു.
ബഹുരാഷ്ട്ര കമ്പനികൾ ഒളിമ്പിക്സിന്റെ വ്യവസായ സാധ്യതകളെ അവഗണിച്ചില്ല. അവ ഒളിമ്പിക് കളികളെത്തന്നെ അല്ലെങ്കിൽ ദേശീയ ഒളിമ്പിക് ടീമുകളെ സ്പോൺസർ ചെയ്തുകൊണ്ട് ഒളിമ്പിക് കീർത്തിയിൽ ആഹ്ലാദമനുഭവിക്കാൻ ഭീമമായ തുകകൾ മുടക്കുന്നു.
കീർത്തിയിലേക്കുള്ള മരുന്നുമാർഗ്ഗം
കഠിന പരിശീലനവും സ്വാഭാവിക പ്രാപ്തിയും മാത്രമല്ല—അവ പ്രധാനമെങ്കിലും—ഒളിമ്പിക് വിജയത്തിലേക്കുള്ള താക്കോലുകൾ. മത്സരപരമായ ആനുകൂല്യം ലഭിക്കാൻ അനേകം കായികതാരങ്ങൾ മരുന്നുകളെ ആശ്രയിക്കുന്നു. പേശികളെ പുഷ്ടിപ്പെടുത്തുന്നതിനുള്ള ഉപചയ ഉത്തേജനമരുന്നുകൾ അഥവാ മനുഷ്യ വളർച്ചാ ഹോർമ്മോണുകൾ (വിശേഷിച്ച് ഭാരോദ്വഹനത്തിനും ത്രോയിനങ്ങൾക്കും കീർത്തിപ്പെട്ടത്); ഹൃദയമിടിപ്പു കുറയ്ക്കുന്നതിനുള്ള ബീററാ പ്രതിരോധകങ്ങൾ (അമ്പെയ്ത്തിലും വെടിവയ്പ്പിലും ഉള്ള ഫലങ്ങൾ മെച്ചപ്പെടുത്താൻ); അല്ലെങ്കിൽ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള എരിത്രോപൊയെററിൻ (സൈക്ലിംഗിനും ദീർഘദൂര ഓട്ടത്തിനും ഉപയോഗപ്രദം) എന്നിവ ആയിരിക്കാം ഈ മരുന്നുകൾ.
അപകടങ്ങളെക്കുറിച്ചു കായികതാരങ്ങൾ അറിവുള്ളവരാണെങ്കിലും വിലക്കിയിരിക്കുന്ന മരുന്നുകൾ ഉപയോഗിക്കാനുള്ള സമ്മർദ്ദം വലുതാണ്. ഇരുപതു വ്യത്യസ്തതരം മരുന്നുകൾ കഴിച്ചതിന്റെ ഫലമായി 1987-ൽ മരിച്ച ബർജിററ് റസ്സലിന്റെ ററീം കൂട്ടാളിയായ ജർമ്മൻ വനിതാകായികതാരം, ഗാബി ബസ്മാൻ ഇങ്ങനെ വിശദീകരിക്കുന്നു: “മരുന്നുകൾ കൂടാതെ ഒളിമ്പിക്സിനു യോഗ്യത നേടാൻ പ്രയാസകരമായ ചില പ്രത്യേക ഇനങ്ങളുണ്ട്.”
കായികതാരങ്ങളുടെ കോച്ചുകൾ സാധാരണയായി മരുന്നുകൾ കൊടുക്കുന്നതിൽ ഉൾപ്പെടുന്നു. അവർ ഒരുപക്ഷേ അതു ശുപാർശ ചെയ്യുന്നവർ പോലുമായിരിക്കാം. മുൻ പൂർവ്വജർമ്മൻ കോച്ചായ വിൻഫ്രീററ് ഹൈനിക്ക ഇങ്ങനെ സമ്മതിക്കുന്നു: “ഒളിമ്പിക്സിനു പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ ഇതു (മരുന്നു കഴിക്കൽ) ചെയ്യേണ്ടിവരും.” വ്യക്തമായും, മത്സരക്കാരുടെ ഗണ്യമായ ഒരു സംഖ്യ വിജയത്തെ സത്യസന്ധതയെക്കാളും പ്രധാനമായി കരുതുന്നു—തങ്ങളുടെ ആരോഗ്യത്തെക്കാൾപോലും. ഔന്നിത്യത്തിലെ പ്രശസ്തമായ അഞ്ചുവർഷത്തിനുശേഷം അതു തങ്ങളെ കൊന്നാൽപ്പോലും തങ്ങളെ ജേതാക്കളാക്കിത്തീർക്കുമെന്ന് ഉറപ്പു നൽകുന്ന ഒരു സാങ്കല്പിക അത്ഭുത മരുന്ന് 52 ശതമാനംപേർ ഉപയോഗിക്കുമെന്ന് ഉയർന്ന കായിക താരങ്ങളിൽ അടുത്തയിടെ നടത്തിയ ഒരു സർവ്വേ വെളിപ്പെടുത്തി.
ഒരു ഉപചയ ഉത്തേജന ഔഷധം കഴിച്ചതായി പരിശോധയിൽ തെളിഞ്ഞ ബ്രിട്ടീഷ് ഹ്രസ്വദൂര ഓട്ടക്കാരനായ ജെയ്സൻ ലിവിംഗ്സ്ററൺ ബാഴ്സലോണ ഒളിമ്പിക്സിൽനിന്ന് അപമാനിതനായി വീട്ടിലേക്കു പറഞ്ഞയക്കപ്പെട്ടു. നാനൂറു മീററർ ഇനത്തിലെ ലോകറെക്കോർഡ് ഉടമയായ ഐക്യനാടുകളിലെ ഹാരി റെയ്നോൾഡ്സ് മത്സരക്കളികളിൽ ഒരിക്കലും ഓടിയില്ല. അദ്ദേഹത്തെ അയോഗ്യനാക്കിയ ഉത്തേജന ഔഷധത്തിനെതിരെയുള്ള 1990-ലെ ഒരു പരിശോധന രണ്ടു വർഷത്തെ സസ്പെൻഷനിടയാക്കി, അതു സാധ്യതയുള്ള ഒരു ഒളിമ്പിക് മെഡൽ മാത്രമല്ല നഷ്ടമായ സ്പോൺസർഷിപ്പ് അവസരങ്ങളിൽ പത്തുലക്ഷം ഡോളറും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി.
എന്നിരുന്നാലും, ഉത്തേജന ഔഷധം ഉപയോഗിക്കുന്ന മിക്കവരും പിടിക്കപ്പെടുന്നില്ല. ബാഴ്സലോണ കളികളുടെ സമയത്തു മരുന്നിനെതിരായ 2,000-ത്തോളം പരിശോധനകൾ ഉണ്ടായിരുന്നെങ്കിലും സത്യസന്ധരല്ലാത്ത കായികതാരങ്ങൾക്കു മൂത്രപരിശോധനകളിൽ തെളിയാത്ത മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് അപ്പോഴും പിടിക്കപ്പെടുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. “വിജയവും പണവും നേടാനുള്ള അത്യാഗ്രഹം സദാചാരമൂല്യങ്ങളെ സത്യസന്ധതയില്ലായ്മയിൽനിന്നും വേർതിരിച്ചറിയാൻ പ്രയാസകരമായിത്തീരുന്ന ഒരു ഇരുണ്ട ലോകത്തെ വെളിപ്പെടുത്തിയിരിക്കുന്നു” എന്നു സ്പാനീഷ് വർത്തമാനപത്രം എൽ പേയ്സ് അഭിപ്രായപ്പെട്ടു.
തീർച്ചയായും അനേകം മെഡൽജേതാക്കൾ വിജയം വരിച്ചതു മരുന്നുകൾക്കൊണ്ടല്ല, പിന്നെയോ വർഷങ്ങളിലെ ആത്മത്യാഗം കൊണ്ടുമാത്രമാണ്. ഈ ത്യാഗങ്ങൾ മൂല്യവത്താണോ?
നിലനിൽക്കുന്ന ഒരു കീർത്തി
വനിതകളുടെ 100-മീററർ ഓട്ടത്തിലെ അപ്രതീക്ഷിത വിജയിയായ ഗേയ്ൽ ഡെവാർസ് അവളുടെ വിജയത്തിനുശേഷം ആഹ്ലാദഭരിതയായിരുന്നു. “സ്വപ്നങ്ങൾ യാഥാർത്ഥ്യമായിത്തീരുന്നു എന്ന് ആരെങ്കിലും വിശ്വസിക്കുന്നുവെങ്കിൽ അതു ഞാനാണ്” എന്നവൾ പറഞ്ഞു. കഷ്ടിച്ചു രണ്ടുവർഷം മുമ്പ് അവൾക്ക് അശേഷം നടക്കാൻ കഴിയാതായി. ഗ്രേവ്സ് രോഗത്തിന്റെ ചികിത്സയിലെ പ്രശ്നങ്ങൾ നിമിത്തം അവളുടെ ഇരുകാലുകളും മുറിച്ചുകളയുന്നതു സംബന്ധിച്ചുള്ള സംസാരമുണ്ടായിരുന്നു. നൂറുമീററർ ബട്ടർഫ്ളൈ ഇനത്തിൽ സ്വർണ്ണമെഡൽ നേടാനായി വെറും ഒരു വർഷം മുമ്പത്തെ നീന്തൽ വിരാമത്തിൽ നിന്നു പുറത്തുവന്ന പാബ്ലോ മോറേൽസ് അവൾ പറഞ്ഞതിനോടു യോജിച്ചു. “ഒടുവിൽ എനിക്ക് ഒരു സ്വപ്നം യാഥാർത്ഥ്യമായി” എന്ന് അദ്ദേഹം പറഞ്ഞു.
അനിവാര്യമായി, മിക്ക കായികതാരങ്ങളും ഒരിക്കലും ചാമ്പ്യൻമാരായിത്തീരുകയില്ല. “പ്രധാനപ്പെട്ട സംഗതി ഒളിമ്പിക് മത്സരങ്ങളിൽ ജയിക്കുക എന്നുള്ളതല്ല, പിന്നെയോ പങ്കെടുക്കുക എന്നുള്ളതാണ്” എന്നു ചിലർക്കു തോന്നുന്നു എന്നതു സത്യംതന്നെ. ചാമ്പ്യൻമാർ ആയിത്തീരാൻ പ്രതീക്ഷിച്ചുവന്ന മററു കായികതാരങ്ങൾ തകർന്ന സ്വപ്നങ്ങളുമായി വീട്ടിലേക്കു തിരികെപ്പോയി. ഭാരോദ്വഹനക്കാരനായ ഇബ്രാജിം സമാദോഫ് സ്വർണ്ണമെഡൽ നേടാൻ അതിയായി വാഞ്ചിച്ചിരുന്നു—എന്നാൽ അദ്ദേഹം മത്സരത്തിൽ മൂന്നാമതേ എത്തിയുള്ളു. “ഒരു സ്വർണ്ണപ്പതക്കം കൊണ്ട് എനിക്കു എന്റെ ജീവിതത്തിനു മാർഗ്ഗദർശനം കൊടുക്കാൻ, ഒരു ജീവിതവൃത്തിക്കുവേണ്ടി പഠിക്കാൻ, എന്റെ കുടുംബത്തെ സഹായിക്കാൻ കഴിയുമായിരുന്നു. ഇപ്പോൾ എന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല,” അയാൾ നെടുവീർപ്പിട്ടു. തങ്ങളുടെ പ്രകടനം മോശമാകാൻ തുടങ്ങുമ്പോൾ വിജയികൾപ്പോലും വൈകാരികാഘാതത്തിന്റെ ഒരു സമയത്തെ അഭിമുഖീകരിക്കുന്നു.
മുൻ സോവ്യററ് ടെന്നീസ് കളിക്കാരിയായ അനാ ഡിമിത്രൈവ ഇപ്രകാരം പറഞ്ഞു: “(സോവ്യററ്) സ്പോർട്സ് സ്ഥാപനത്തിന് ആളുകളെക്കുറിച്ചു കരുതലില്ല. അവർ കേവലം ഇങ്ങനെ ചിന്തിച്ചു: ‘നീ പോയാൽ നിന്നെപ്പോലെ വേറെ 10 പേരെ ഞങ്ങൾ കണ്ടെത്തും.’” ആയിരത്തിത്തൊള്ളായിരത്തി അറുപത്തിനാലിൽ ടോക്കിയോയിലെ ഇരട്ട സ്വർണ്ണപതക്ക ജേതാവായ ഹെൻഡ്രി കാർ ഇപ്രകാരം സമ്മതിച്ചു: “ഒരുവൻ ഏററവും പ്രഗത്ഭനായിത്തീരുമ്പോൾപ്പോലും അത് ഒരു വഞ്ചനയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അതു നിലനിൽക്കുന്നതല്ല, വാസ്തവത്തിൽ സംതൃപ്തിപ്പെടുത്തുന്നതല്ല. പുതിയ താരങ്ങൾ പെട്ടെന്നുതന്നെ വരുകയും പഴയവർ പൊതുവേ വിസ്മരിക്കപ്പെടുകയും ചെയ്യുന്നു.”
ക്ഷണികമായ ഒളിമ്പിക് കീർത്തിയെ ദൈവം തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്യുന്ന നിത്യജീവന്റെ പ്രതിഫലത്തോടു താരതമ്യം ചെയ്യാൻ കഴിയില്ല. ഈ പ്രതിഫലത്തിനു കായിക പരിശീലനത്തെക്കാൾ ആത്മീയ പരിശീലനം ആവശ്യമാണ്. അതുകൊണ്ട് പൗലോസ് തിമൊഥെയോസിന് ഇങ്ങനെ എഴുതി: “ശരീരാഭ്യാസം (അക്ഷരീയമായി, “കായികാഭ്യാസി എന്നനിലയിലുള്ള പരിശീലനം”) അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാൽ സകലത്തിന്നും പ്രയോജനകരമാകുന്നു.”—1 തിമൊഥെയോസ് 4:8.
ഒളിമ്പിക് ഗെയിമുകൾ ശാരീരിക പരിശീലനത്തിന്റെ പ്രയോജനങ്ങളെ പിന്തുണയ്ക്കുന്നു—അവ ഏററവും അനുകൂലമായുള്ള സാഹചര്യങ്ങളിലും താത്ക്കാലികമാണ്. അർപ്പണത്തിലൂടെയും ആത്മത്യാഗത്തിലൂടെയും കായികതാരങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അവ ലോകത്തെ കാണിച്ചുകൊടുക്കുന്നു. ക്രിസ്തീയ ഓട്ടത്തിൽ വിജയിക്കുന്നതിന് ഈ ഗുണങ്ങൾ ആവശ്യമാണ്. ഈ മത്സരയോട്ടം ഏത് ഒളിമ്പിക് മത്സരത്തിൽനിന്നും വ്യത്യസ്തമായി ഓട്ടം പൂർത്തിയാക്കുന്ന എല്ലാവർക്കും നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തും. അതുകൊണ്ട്, ക്രിസ്ത്യാനികൾ ‘തങ്ങളുടെ പരിശീലനം പൂർത്തിയാക്കി’ക്കൊണ്ടും ‘സഹിഷ്ണുതയോടെ തങ്ങളുടെ ഓട്ടം ഓടിക്കൊണ്ടും,’ കായികതാരങ്ങളെയല്ല, യേശുക്രിസ്തുവിനെ അനുകരിക്കുന്നത് സമുചിതമാണ്.—1 പത്രോസ് 5:10; എബ്രായർ 12:1, NW. (g93 1/22)
[23-ാം പേജിലെ ചിത്രങ്ങൾ]
ഡൈവുചെയ്യുന്നവർ ഒളിമ്പിക്സിൽ മത്സരിക്കുന്നു. പശ്ചാത്തലത്തിൽ ബാഴ്സലോണ
[കടപ്പാട്]
Photo: Sipa Sport
[24-ാം പേജിലെ ചിത്രം]
സമാന്തരബാറുകളിൽ മത്സരിക്കുന്നു
[കടപ്പാട്]
Photo: Sipa Sport
[25-ാം പേജിലെ ചിത്രം]
നൂറുമീററർ ഫൈനലിൽ ഏററവും വലത്തേയററത്തെ ഓട്ടക്കാരി സ്വർണ്ണം നേടി
[കടപ്പാട്]
Photo: Sipa Sport