മയക്കുമരുന്നുകൾ—“സ്പോർട്ടിലെ എയ്ഡ്സ്”
“സ്ററിറോയിഡുകൾ നമ്മുടെ ദേശീയ ആരോഗ്യത്തിനും ഭദ്രതക്കും വളർന്നുവരുന്ന ഒരു ഭീഷണിയാണ്.”—യു. എസ്. ഡ്രഗ്ഗ് എൻഫോഴ്സ്മെൻറ് ആഡ്മിനിസ്ത്രേഷൻ ഒഫീഷ്യൽ
സോൾ ഒളിംബിക്ക്സ് കണ്ടുകൊണ്ടിരുന്ന ദശലക്ഷക്കണക്കിന് പ്രേക്ഷകർ ഞെട്ടിപ്പോയി. അവരുടെ വീരപുരുഷന്, ലോകത്തിലെ ഏററവും വേഗംകൂടിയ 100 മീററർ ഓട്ടം ഓടിയ അത്ലിററിന്, നിരോധിക്കപ്പെട്ടിരുന്ന വസ്തുക്കൾ ഉപയോഗിച്ചതുനിമിത്തം, അയോഗ്യത കല്പിക്കയാൽ സ്വർണ്ണമെഡൽ കൊടുക്കപ്പെട്ടില്ല.
അങ്ങനെ, സ്പോർട്ട്സിനെ മറെറാരു പ്ലേഗ് ബാധിച്ചു—ഡോപ്പിംഗ് അഥവാ വീര്യവർദ്ധനൗഷധപ്രയോഗം. “സ്പോർട്ട്സിലെ എയ്ഡ്സ്” എന്ന് വിളിക്കപ്പെടത്തക്കവണ്ണം അത് പിഴുതുമാററുക വളരെ പ്രയാസമാണ്.
“മെഡിസിൻ ഒളിംബിക്ക്സ്”
മുഖ്യമായി രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് ചില അത്ലിററുകൾ സ്പോർട്ട്സിൽ ലഹരിമരുന്നുകൾ ഉപയോഗിച്ചുതുടങ്ങിയതെന്ന് തോന്നുന്നു. എന്നിരുന്നാലും, ഇപ്പോൾ വിദഗ്ദ്ധൻമാർ പറയുന്നതനുസരിച്ച്, അത്ലിററുകളുടെ ഇടയിൽ ലഹരിമരുന്നുകളുടെ ഉപയോഗം വിപുലവ്യാപകമായതിനാൽ, പ്രശസ്തഫലങ്ങൾ നേടുകയും സ്പോൺസർമാരെ ആകർഷിക്കുകയും പണമുണ്ടാക്കുകയും ശക്തിനേടുകയും ചെയ്യുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെ മിക്കപ്പോഴും സ്പോർട്ട്സ് ഫെഡറേഷനുകളാൽത്തന്നെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന “സങ്കീർണ്ണവും ചെലവുള്ളതുമായ സംഘടനകൾ” അത് ആവശ്യമാക്കിത്തീർക്കുന്നു. ഒരു ഇററാലിയൻ മെഡിക്കൽ ജേണലായ കോരിയർ മെഡിക്കോ 1984-ലെ ലോസ് ആഞ്ചലീസ് ഗെയിംസിനെ “മെഡിസിൻ ഒളിംബിക്ക്സ്” എന്നു വിളിക്കത്തക്കവണ്ണം ഈ പ്രതിഭാസം വളരെ വിപുലവ്യാപകമാണ്.
യഥാർത്ഥത്തിൽ, എല്ലാ രാജ്യങ്ങളിലും മത്സരത്തിൽ അന്യായമായി നേട്ടം വരിക്കാനുള്ള പ്രാപ്തിക്കുവേണ്ടിയുള്ള ലഹരിമരുന്നുകളുടെയോ മററ് നിയമവിരുദ്ധ ചികിത്സകളുടെയോ ഉപയോഗം അനേകം സ്പോർട്ട്സിനെ ബാധിക്കുന്നു. ഓരോ രാജ്യവും മററുള്ളവയെ അടിച്ചമർത്താനാഗ്രഹിക്കുന്നു, അതുകൊണ്ട് അത്ലിററുകൾക്ക് ലഹരിമരുന്നുകൾ കൊടുക്കുന്നത് നിർത്താനാഗ്രഹിക്കുന്നില്ല. “സ്ഥാനമോഹങ്ങളോടുകൂടിയ പ്രതീക്ഷകളും കൂടെക്കൂടെയുള്ള സ്പോർട്ട്സ്മത്സരങ്ങളും ശാരീരികവും മനഃശാസ്ത്രപരവുമായ ആരോഗ്യം നിലനിർത്താൻ ഏറെയോ കുറച്ചോ നിയമപരമായിരിക്കുന്ന ഉപാധികൾ ഉപയോഗപ്പെടുത്താനുള്ള പ്രലോഭനം വർദ്ധിപ്പിക്കാനുള്ള സമ്മർദ്ദത്തിൻകീഴിൽ ഒരു അത്ലിററിനെ നിർത്തുന്നു”വെന്ന് യൂറോപ്യൻ പാർലമെൻറ് ഒരു കാലോചിതമായ വിധത്തിൽ ചൂണ്ടിക്കാട്ടി. “സ്പോർട്ട്സ് പരിശീലകർക്ക് അധികം തത്വങ്ങളൊന്നുമില്ലെന്നുള്ള വസ്തുതയും പ്രലോഭനത്തെ വർദ്ധിപ്പിക്കുന്നുണ്ട്.” ചെറു ബാലൻമാരിൽപോലും വീര്യവർദ്ധകൗഷധപ്രയോഗം നടത്തപ്പെടുന്നുണ്ട്.
ഡോപ്പിംഗിന്റെ വിവിധ രൂപങ്ങൾ
വിവിധ രൂപങ്ങളിലുള്ള ഡോപ്പിംഗ് ഉണ്ട്. ദൃഷ്ടാന്തത്തിന്:
സ്ററിറോയിഡ്സ്, “ഒളിംബിക്ക് ചരിത്രത്തിലെ ഏററം ഗൗരവാവഹമായ സംഭവം” എന്നു വർണ്ണിക്കപ്പെട്ടതിൽ, അതായത്, 100 മീററർ റക്കോർഡുകാരനായിരുന്ന ബെൻ ജോൺസന്റെ സോളിലെ അയോഗ്യതയിൽ ഉൾപ്പെട്ടിരുന്ന ലഹരിമരുന്നുകൾ. ഇവ അമിനോ അമ്ലങ്ങളുടെ ഉല്പാദനത്തെ സ്വാധീനിച്ചുകൊണ്ട് മാംസപേശിപിണ്ഡത്തെയും ശക്തിയെയും അതുപോലെതന്നെ ആക്രമണോൽസുകതയെയും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വസ്തുക്കളാണ്. ദൃഷ്ടാന്തത്തിന്, കഴിഞ്ഞ പത്തു വർഷങ്ങളിൽ സ്ഥാപിക്കപ്പെട്ട സകല ഭാരോദ്വഹനറക്കോഡുകളും ഈ വസ്തുക്കളുടെ ഉപയോഗത്തിലൂടെയാണെന്ന് പറയപ്പെടുന്നു.
ഉത്തേജകൗഷധങ്ങൾ, ജാഗ്രത വർദ്ധിപ്പിക്കാനും ക്ഷീണം താമസിപ്പിക്കാനും ഉപയോഗിക്കപ്പെടുന്ന കാഫീനും സ്ട്രിക്ക്നൈനും പോലുള്ളവ.
നാർക്കോട്ടിക്ക് അനാൽജസിക്ക്സ്, വേദന ശമിപ്പിക്കുന്നതിനും ശാന്തത വരുത്തുന്നതിനും.
ബീററാ ബ്ലോക്കേഴ്സ്, ഹൃദയമിടിപ്പ് മന്ദഗതിയിലാക്കിക്കൊണ്ടും ശരീരത്തെ ഉറപ്പിച്ചുനിർത്തിക്കൊണ്ടും വിശേഷിച്ച് വില്ലാളികളാലും ലക്ഷ്യത്തിലെയ്യുന്നവരാലും ഉപയോഗിക്കപ്പെടുന്ന വസ്തുക്കൾ.
മൂത്രവിസർജ്ജന ത്വരകങ്ങൾ, പെട്ടെന്ന് ഭാരം കുറക്കുന്നതിനും റെറസ്ററുകൾ നടത്തുന്ന സമയത്ത് നിരോധിക്കപ്പെട്ട മററു വസ്തുക്കളുടെ സാന്നിദ്ധ്യത്തെ മറയ്ക്കുന്നതിനുമുള്ളവ.
ഇവ ഡോപ്പിംഗിനുപയോഗിക്കപ്പെടുന്ന പേരുകേട്ട വസ്തുക്കളിൽ ചിലതു മാത്രമാണ്. എന്നാൽ ഇൻറർനാഷനൽ ഒളിംബിക്ക് കമ്മിററി നിരോധിക്കപ്പെട്ട നൂറോളം ലഹരിമരുന്നുകളുടെ ഒരു ലിസ്ററ് തയ്യാറാക്കിയിട്ടുണ്ട്. അവയിലൊന്ന് നിരോധിക്കപ്പെടുകയോ അതിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നതിനുള്ള രീതികൾ വികസിപ്പിച്ചെടുക്കുകയോ ചെയ്താലുടനെ ഡോക്ടർമാരുടെയും രസതന്ത്രജ്ഞൻമാരുടെയും മുഴുടീമുകളും മററുള്ളവ ഉല്പാദിപ്പിക്കാൻ ശ്രമിക്കുന്നുവെന്നതാണ് പ്രശ്നം.
എന്നിരുന്നാലും, അത്ലിററുകൾ വഞ്ചനാത്മകമായി തങ്ങളുടെ നേട്ടം മെച്ചപ്പെടുത്താൻ മററു മാർഗ്ഗങ്ങളിലും ശ്രമിക്കുന്നു. ചില നീന്തൽവിദഗ്ദ്ധർ വെള്ളത്തിലെ തങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിന് തങ്ങളുടെ കുടലുകളിൽ ഹീലിയം വാതകം നിറച്ചിട്ടുണ്ട്.
തങ്ങളുടെ സഹനശക്തി മെച്ചപ്പെടുത്തുന്നതിന് അനേകം അത്ലിററുകൾ രക്തപ്പകർച്ചകൾ സ്വീകരിച്ചതായി സമ്മതിച്ചിട്ടുണ്ട്. ചിലർ പറയുന്നതനുസരിച്ച്, കുറച്ചുകാലംമുമ്പ് തങ്ങളിൽനിന്ന് എടുത്തിരുന്ന ചുവന്ന സ്വന്തം രക്തകോശങ്ങൾ പകരുന്നതിലൂടെ മാംസപേശികൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ഓക്സിജന്റെ പ്രവാഹം മെച്ചപ്പെടുന്നു.
ചില വനിതാ അത്ലിററുകൾ ഗർഭധാരണത്തെ ഡോപ്പിംഗിന്റെ ഒരു രൂപമായി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രസ് കേന്ദ്രങ്ങൾ അടുത്ത കാലത്ത് വെളിപ്പെടുത്തിയിരിക്കുന്നു. ഗർഭിണികളായ സ്ത്രീകൾക്ക് രക്തവ്യാപ്തത്തിലുള്ള ഒരു വർദ്ധനവ് അനുഭവപ്പെടുന്നു. ക്രമത്തിൽ ഇത് മാംസപേശികളിലേക്കുള്ള ഓക്സിജന്റെ പ്രവാഹത്തെ വർദ്ധിപ്പിക്കുന്നു. ചില സ്ത്രീകൾ, വിശേഷിച്ച്, വലിയ ശാരീരികശക്തി ആവശ്യമുള്ള സ്പോർട്ട്സിൽ പങ്കെടുക്കുന്നവർ, തങ്ങളുടെ നേട്ടം മെച്ചപ്പെടുത്തുന്നതിന് ഗർഭധാരണത്തിന്റെ ആദ്യഘട്ടങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഗയിംസിനുശേഷം അവർ ഗർഭച്ഛിദ്രം നടത്തുന്നു.
ഗൗരവമുള്ള ഒരു പ്രശ്നം
എന്നാൽ പ്രശ്നം എത്ര വിപുലവ്യാപകമാണ്? ലഹരിമരുന്നുകളുടെ ഉപയോഗം നിമിത്തം അത്ലിററുകൾ അയോഗ്യരാക്കപ്പെടുന്ന അപൂർവം സംഭവങ്ങൾ വെച്ചു വിധിക്കുമ്പോൾ അവരുടെ ഒരു ചെറിയ ശതമാനം മാത്രമേ ഡോപ്പിംഗിനെ ആശ്രയിക്കുന്നുള്ളുവെന്നും തങ്ങളുടെ ആരാധനാവിഗ്രഹങ്ങൾ തീർച്ചയായും അങ്ങനെയൊന്നും ചെയ്യുകയില്ലെന്നും ചില ആരാധകർ വിചാരിച്ചേക്കാം. എന്നാൽ സ്പോർട്ട്സിൽ പരിചയമുള്ളവർ വ്യത്യസ്തമായിട്ടാണ് കാര്യങ്ങൾ കാണുന്നത്.
“ഉപചയസംബന്ധമായ വസ്തുക്കളുടെ ഉപയോഗം സാധാരണ വിചാരിക്കപ്പെടുന്നതിലും വളരെയധികം വിപുലവ്യാപകമാണ്” എന്ന് ഇററലിയിൽനിന്നുള്ള ഒരു ഡിസ്ക്കസ് ത്രോ വിദഗ്ദ്ധൻ പറയുകയുണ്ടായി. ഒരു ഫാർമക്കോളജി വിദഗ്ദ്ധനായ പ്രൊഫസ്സർ സിൽവിയോ ഗാരററിനി പറയുന്നതനുസരിച്ച്, വീര്യവർദ്ധനൗഷധപ്രയോഗം വിചാരിക്കപ്പെടുന്നിനെക്കാൾ വളരെ ഗുരുതരമാണ്. ചില കേന്ദ്രങ്ങൾ പറയുന്നതനുസരിച്ച് കൂടുതൽ ശാരീരികപ്രാപ്തിയുള്ള അത്ലിററുകളുടെ 50 ശതമാനം നിരോധിക്കപ്പെട്ട വസ്തുക്കൾ ഉപയോഗിക്കുന്നു.
അത്ലിററുകളുടെ അപകടം
എന്നാൽ വീര്യവർദ്ധകൗഷധപ്രയോഗത്തിന്റെ പ്രശ്നം അന്യായമായ വിധങ്ങളിൽ മെച്ചമായ നേട്ടം വരിക്കാൻകഴിയുമെന്നുള്ളതിൽ മാത്രമല്ല സ്ഥിതിചെയ്യുന്നത്. ഇന്നത്തെ അത്ലിററ്, വിശേഷിച്ച് ലഹരിമരുന്നുപയോഗിക്കുന്ന ആൾ മറഞ്ഞിരിക്കുന്നതെങ്കിലും വളരെ വലിപ്പമേറിയ ഒരു ടീമിന്റെ ഭാഗമാണ്, അതിൽ ആവശ്യമെങ്കിൽ നിരോധിക്കപ്പെട്ടിരിക്കുന്ന വസ്തുക്കൾ നിർദ്ദേശിക്കാൻകഴിയുന്ന ഡോക്ടർമാർ ഉൾപ്പെടുന്നു. എന്നിരുന്നാലും, പരിണതഫലം അനുഭവിക്കേണ്ടത് അത്ലിററാണ്—കണ്ടുപിടിക്കപ്പെടുന്നതിന്റെയോ അയോഗ്യനാക്കപ്പെടുന്നതിന്റെയോ ലജ്ജയും അതിലും പ്രധാനമായി, ഗുരുതരമായ ആരോഗ്യാപകടങ്ങളും.
ഉപചയസംബന്ധമായ സ്ററിറോയിഡുകൾ കരളിനും കാർഡിയോ വാസ്കുലർ വ്യൂഹത്തിനും തകരാറുവരുത്തുകയും മററ് വിവിധ ഉപ ശാരീരികഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു. ഈ മരുന്നുകൾ മൂത്രഉല്പാദനേന്ദ്രിയവ്യവസ്ഥയുടെ തകരാറിനും ചില അത്ലിററുകളുടെ അക്രമാസക്തമായ വ്യക്തിത്വത്തിനും കാരണമാകുന്നുവെന്ന് കരുതപ്പെടുന്നു.
ഉത്തേജകങ്ങൾ പോലെയുള്ള മററ് ലഹരിമരുന്നുകളുടെ ദുരുപയോഗം “ഒരു വ്യാമിശ്രാവസ്ഥക്കും വിഷജന്യമായ ആസക്തിക്കും ചാക്ഷുഷമിഥ്യാദർശനങ്ങൾക്കും” ഇടയാക്കുന്നു. രക്തപ്പകർച്ചയെസംബന്ധിച്ചാണെങ്കിൽ, ഒരു അത്ലിററിന്റെ സ്വന്തം ചുവന്ന രക്തകോശങ്ങൾ പ്രവേശിപ്പിക്കുന്നത് അപകടരഹിതമല്ലെന്ന് ഡോക്ടർ എന്ന ശാസ്ത്രീയ ആനുകാലികം ചൂണ്ടിക്കാണിക്കുന്നു. ഇവയിലൊന്ന്, “രക്തത്തിന്റെ ശ്യാനതയുടെ വർദ്ധനവിനാൽ ഉളവാക്കപ്പെടുന്ന ചില സ്ഥലങ്ങളിലെ രക്തത്തിന്റെ അമിതഭാരവും രക്തപ്രവാഹത്തിന്റെ കുറവും പാരൻകൈമക്ക് (കരൾ, വൃക്ക, ഹൃദയം, അന്തഃസ്രാവിഗ്രന്ഥി മുതലായവ.) വിപരീത പരിണതഫലങ്ങളോടുകൂടിയ” ഇരുമ്പിന്റെ വർദ്ധനയും ആണ്.
ഡോപ്പിംഗിന്റെ ഇരകൾ, കുറഞ്ഞപക്ഷം അറിയപ്പെടുന്നവർ, നിരവധിയാണ്. സുപ്രസിദ്ധ കേസുകളിൽ ചിലതാണ് 1960-ലെ റോം ഒളിംബിക്ക്സിൽവെച്ചു മരിച്ച ഡാനീഷ് സൈക്ലിസ്ററായിരുന്ന ജൻസൻ, 1967ലെ ററൂർ ഡി ഫ്രാൻസിന്റെ സമയത്ത് മരിച്ച ബ്രിട്ടീഷ് സൈക്ലിസ്ററ് റേറാം സിംസൻ, 1984ലെ ലോസ് ആഞ്ചലസ് ഒളിംബിക്ക്സിൽ ഒരു ഓട്ടം കഴിഞ്ഞ ഉടനെ മരിച്ച ഡച്ച് മദ്ധ്യദൂര ഓട്ടക്കാരൻ അഗസ്ററിനസ് ജാസ്പേഴ്സ്, വർഷങ്ങളായി ഒരു സ്പോർട്ട്സ് ഡോക്ടർ നിർദ്ദേശിച്ചുകൊണ്ടിരുന്ന ലഹരിമരുന്നുകളാൽ വിഷമേററ് മൃതിയടഞ്ഞ ഒരു ഹെപ്താത്ലിററ് ആയ വെസ്ററ് ജർമ്മൻ ബർജിററ് ഡ്രസ്സൽ എന്നിവർ.
“സ്പോർട്ടിന് സഹതാപമില്ല, ഡോപ്പിംഗ് ഇപ്പോൾത്തന്നെ അതിന്റെ ഇരകളെ അവകാശപ്പെട്ടിരിക്കുന്നു. സംഘാടകർക്ക് അതിനെക്കുറിച്ച് അറിയാം, എന്നാൽ ഒന്നും പറയുന്നില്ല” എന്ന് പല പ്രാവശ്യം ഒളിംബിക്ക് ചാമ്പ്യനായിരുന്ന കാൾ ലൂയിസ് പറയുകയുണ്ടായി.
എന്നിരുന്നാലും, ഈ അസഹ്യപ്പെടുത്തുന്ന വസ്തുതകളെക്കുറിച്ച് അറിവുണ്ടെങ്കിലും “നിങ്ങളെ ഒരു ഒളിംബിക്ക് ചാമ്പ്യനാക്കുമെങ്കിലും ഒരു വർഷത്തിനകം നിങ്ങളെ കൊല്ലുന്ന ഒരു ഗുളിക നിങ്ങൾക്ക് നൽകാൻ എനിക്ക് കഴിഞ്ഞാൽ നിങ്ങൾ അത് സ്വീകരിക്കുമോ?” എന്ന ചോദ്യത്തിന് അത്ലിററുകൾ എങ്ങനെയാണ് ഉത്തരം പറയുന്നത്? അഭിമുഖം നടത്തിയ യു. എസ്. അത്ലിററുകളിൽ 50 ശതമാനം ഉവ്വ് എന്നു പറഞ്ഞു. ലോകത്തിന്റെ മററു ഭാഗങ്ങളിലും മററ് അത്ലിററുകൾ ഇതേ ഉത്തരം നൽകാനിടയുണ്ട്.
ഈ ബാധയോട് പോരാടുന്നതിൽ മയക്കുമരുന്നുവിരുദ്ധനടപടികൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയുമോ? ശരി, വിദഗ്ദ്ധൻമാർ പറയുന്നതനുസരിച്ച്, ശരിയായ പരിശോധനകൾ നടത്താൻ സജ്ജീകരിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങൾ വളരെ ചുരുക്കമാണ്, പരിശോധനകൾതന്നെ വളരെ ചെലവേറിയതുമാണ്. കൂടാതെ പരിശോധനകളുടെ ഫലങ്ങളിൽ മിക്കപ്പോഴും കൃത്രിമം കാട്ടിയിട്ടുണ്ട്. മാത്രവുമല്ല, അടുത്ത കാലത്തെ കൊറിയൻ ഒളിംബിക്ക്സിലെ നേട്ടങ്ങളുണ്ടെങ്കിലും പുതിയ ഡോപ്പിംഗ്രീതികൾ എല്ലായ്പ്പോഴും പരിശോധനാമാർഗ്ഗങ്ങൾക്ക് ഒരു പടി മുമ്പിലാണ്. എന്നിരുന്നാലും, സ്പോർട്ട്സിലെ ഡോപ്പിംഗും അക്രമവും അവസാനിക്കുമെന്ന് പ്രതീക്ഷിക്കാൻ നല്ല കാരണമുണ്ട്. (g89 11⁄8)
[9-ാം പേജിലെ ആകർഷകവാക്യം]
“നിങ്ങളെ ഒരു ഒളിംബിക്ക് ചാമ്പ്യനാക്കുമെങ്കിലും ഒരു വർഷത്തിനകം നിങ്ങളെ കൊല്ലുന്ന ഒരു ഗുളിക നിങ്ങൾക്ക് നൽകാൻ എനിക്ക് കഴിഞ്ഞാൽ നിങ്ങൾ അത് സ്വീകരിക്കുമോ?” അഭിമുഖം നടത്തിയ യു.എസ്. അത്ലിററുകളിൽ 50 ശതമാനം ഉവ്വ് എന്ന് പറഞ്ഞു
[10-ാം പേജിലെ ആകർഷകവാക്യം]
സോവ്യററ്യൂണിയനിൽ, 1986നും 1983നുമിടക്ക് മയക്കുമരുന്നുപയോഗം നിമിത്തം 290 അത്ലിററുകളും പരിശീലകരും ശിക്ഷിക്കപ്പെട്ടു.—ഒരു സോവ്യററ് മാസികയായ ലെനിൻ സ്കോവ് സ്നാമ്യാ
[11-ാം പേജിലെ ആകർഷകവാക്യം]
“സ്ററിറോയിഡുകൾ ഉപയോഗിക്കുന്ന അത്ലിററുകൾ നീചരും ആക്രമണകാരികളുമായിത്തീരുന്നു.”—യു.എസ്. ഒളിംബിക്ക് കമ്മിററിയിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. റോബർട്ട് വോയ്