ഉത്തേജക ഔഷധങ്ങൾ—അവ നിങ്ങൾക്കുവേണ്ടിയും നിങ്ങളോടും ചെയ്യുന്നത്
ഉത്തേജകൗഷധങ്ങൾ! ആ പദങ്ങൾ തന്നെ കൊറിയൻ റിപ്പബ്ളിക്കിലെ സിയോളിൽ നടന്ന 1988 ഒളിമ്പിക് മൽസരങ്ങളുടെമേൽ ദുഷ്പ്പേരിന്റെ ഒരു കരിനിഴൽ വീഴ്ത്തി. ഔഷധം ഉപയോഗിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മററി വിജയപ്രതീക്ഷയുണ്ടായിരുന്ന പല കായിക താരങ്ങളെയും മൽസരത്തിൽനിന്ന് പുറത്താക്കി. നൂറുമീററർ ഓട്ടത്തിന്റെ ഫൈനലിലെ, ലോകത്തിലെ ഏററം വേഗതയേറിയ ഓട്ടക്കാരൻ തന്റെ സ്വർണ്ണ മെഡലിന്റെ പ്രഭയിൽ വിളങ്ങി—എന്നാൽ അൽപ്പ സമയത്തേക്കു മാത്രം. മൽസരത്തിനുശേഷം നടത്തിയ പരിശോധനയിൽ അയാൾ ഉത്തേജക ഔഷധം ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. അയാൾക്ക് തന്റെ മെഡലും ലോക റെക്കാർഡും നഷ്ടമായി.
എന്നാൽ ഇതു കായിക ലോകത്തെ ആശ്ചര്യപ്പെടുത്തേണ്ടതില്ലായിരുന്നു. കാനഡയിലെ കൽഗാരിയിൽ 1988ൽ നടന്ന ശീതകാല ഒളിമ്പിക്സിൽ ഒരു കായികതാരം ഉത്തേജക ഔഷധം ഉപയോഗിച്ചതായി തെളിഞ്ഞതിനാൽ മൽസരത്തിൽ നിന്ന് മാററി നിറുത്തപ്പെട്ടിരുന്നു. സ്വിററ്സർലണ്ടിലെ സൂറിച്ചിൽ 1987ൽ നടന്ന പ്രസിദ്ധമായ ലോക കായിക മൽസരങ്ങളിൽ—ഷോട്ട്പുട്ട്, ഹാമർ, ജാവലിൻ, ഡിസ്ക്കസ് എന്നീ ഇനങ്ങളിൽ—മൽസരിക്കാനിരുന്ന 28 താരങ്ങളിൽ പകുതിപ്പേർ ഉത്തേജക ഔഷധം സംബന്ധിച്ച പരിശോധനകളെപ്പററി അറിഞ്ഞപ്പോൾ മൽസരത്തിന് ഹാജരായതേയില്ല എന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു.
വെനിസ്വേലയിലെ കാരക്കാസ്സിൽ 1983ൽ നടന്ന പാൻ-അമേരിക്കൻ മൽസരങ്ങളിൽ ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചതിന്റെ ഫലമായി 15 കായിക താരങ്ങൾ പുറത്താക്കപ്പെട്ടു. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാലിലെ ഒളിമ്പിക്സ് മൽസരങ്ങളിലും ഉത്തേജക ഔഷധം ഉപയോഗിച്ചതിന്റെ ഫലമായി ചില വിജയികൾക്ക് അവരുടെ മെഡൽ നഷ്ടമായി.
കായിക രംഗത്തിന്റെ എല്ലാ മണ്ഡലങ്ങൾക്കും—ഓട്ടം, ശരീരസൗന്ദര്യം, ഭാരോദ്വഹനം, ഫുട്ട്ബോൾ—അതിന്റെതായ ദുഷ്പേരിന്റെ ചരിത്രമുണ്ട്. ഐക്യനാടുകളിലെ പല യൂണിവേഴ്സിററികളിൽനിന്നായി ഇരുപതിലേറെ ഫുട്ട്ബോൾ കളിക്കാർ ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ മൽസരങ്ങളിൽ നിന്ന് മാററി നിറുത്തപ്പെട്ടു. പതിനാലുകൊല്ലമായി ദേശീയ തലത്തിൽ കീർത്തിപ്പെട്ട പഴമക്കാരൻ, പ്രൊഫഷണൽ കളിക്കാരൻ ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടു: “ചില ററീമുകളിൽ 75 മുതൽ 90 വരെ ശതമാനം കളിക്കാർ ഉത്തേജക ഔഷധങ്ങൾ ഉപയോഗിക്കുന്നു.” സൈക്കോളജി ററുഡേ എന്ന മാസിക ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “അഭിമുഖ സംഭാഷണത്തിൽ ഉൾപ്പെട്ട മിക്കവരും ശരീര സൗന്ദര്യ മൽസരത്തിൽ ഏർപ്പെടുന്ന 100 ശതമാനം പേരും ഉത്തേജക ഔഷധങ്ങൾ ഉപയോഗിക്കുന്നതായി അഭിപ്രായപ്പെട്ടു.”
മാത്രമല്ല, ഉത്തേജക ഔഷധങ്ങളുടെ ദുരുപയോഗം കായിക മൽസരം തൊഴിലാക്കിയിരിക്കുന്നവരുടെയും കോളേജ് കായിക താരങ്ങളുടെയുമിടയിൽ മാത്രം പരിമിതപ്പെട്ടിരിക്കുന്നില്ല. ഇന്ന്, ശരീരശേഷി മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന സ്ത്രീപുരുഷൻമാരും കായികതാരങ്ങളും കൗമാരപ്രായത്തിലേക്ക് കാലൂന്നിയിട്ടില്ലാത്ത ആൺകുട്ടികളും പോലും ഉത്തേജക ഔഷധങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.
യു. എസ്സ്. ഒളിമ്പിക് ഔഷധ നിയന്ത്രണ പരിപാടിയിലെ ഒരംഗമായ ഡോ. വില്യം എൻ. ടെയിലർ ഔഷധങ്ങളുടെ ഉപയോഗം ഒരു “പകർച്ച വ്യാധിയായി മാറിയിരിക്കുന്നു” എന്ന് മുന്നറിയിപ്പ് നൽകുന്നു. ഈ പകർച്ച വ്യാധി എത്ര വ്യാപകമാണ്? കായികതാരങ്ങളെ കൂടാതെ ക്ലാർക്കുമാരും കോളേജ് അദ്ധ്യാപകരും സാധാരണ തൊഴിലാളികളും പൊലീസ് ഓഫീസർമാരും പോലും ഉത്തേജക ഔഷധങ്ങൾ ദുരുപയോഗിക്കുന്നതായി ടെയിലർ കുറിക്കൊണ്ടു. “അതു മേലാൽ കായിക രംഗത്തെ മാത്രം ഒരു പ്രശ്നമല്ല, അതു ഒരു സാമൂഹ്യ പ്രശ്നമാണ്. അത് ഉപയോഗിക്കുന്നവർ ഡൈനാമൈററുകൊണ്ടാണ് കളിക്കുന്നത്” എന്ന് അദ്ദേഹം പറഞ്ഞു.
ഈ ഉത്തേജക ഔഷധങ്ങൾ ശക്തവും കൃത്രിമമായി നിർമ്മിക്കപ്പെട്ടതുമായ പുരുഷഹോർമോണുകളാണ്. കഴിഞ്ഞകാലങ്ങളിൽ താരുണ്യാരംഭം വൈകുന്നതിന് പ്രതിവിധിയായും രോഗത്താലോ ശസ്ത്രക്രിയയുടെ ഫലമായോ ശോഷിച്ചുപോയ പേശികൾ വളർത്തുന്നതിനും റേഡിയേഷനോ കെമോതെറപ്പിയോ നടത്തുമ്പോൾ ശ്വേതാണുക്കളുടെ സംരക്ഷണത്തിനായിട്ടും ഡോക്ടർമാരുടെ ശ്രദ്ധാപൂർവ്വകമായ മേൽനോട്ടത്തിൻകീഴിൽ ഉത്തേജക ഔഷധങ്ങൾ ആശുപത്രികളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവക്കും ഡോക്ടർമാർക്ക് നിരീക്ഷിക്കാൻ കഴിയുന്ന മററതുപോലുള്ള ശാരീരിക പ്രശ്നങ്ങൾക്കും ഉത്തേജക ഔഷധങ്ങൾ വൈദ്യശാസ്ത്രജ്ഞൻമാരുടെ കൈകളിൽ ശക്തമായ ഒരു ഉപകരണമായിരുന്നിട്ടുണ്ട്.
കായികതാരങ്ങൾക്ക് പുരുഷഹോർമോണുകൾ കൂടിയ അളവിൽ നൽകുന്നതിനാൽ തൂക്കവും പേശികളുടെ ബലവും വർദ്ധിപ്പിക്കാൻ കഴിയുമെന്നും അതുവഴി അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കഴിയുമെന്നും 1950കളിൽ റഷ്യൻ ഡോക്ടർമാരും ശാസ്ത്രജ്ഞൻമാരും ന്യായവാദം ചെയ്തു. കൂടുതൽ വേഗത്തിൽ ഓടാനും കൂടുതൽ ഉയരത്തിൽ ചാടാനും ഡിസ്ക്കസും ജാവലിനും കൂടുതൽ ദൂരത്തേക്ക് എറിയാനും കൂടുതൽ ഭാരം ഉയർത്താനും കായികതാരങ്ങളെ പ്രാപ്തരാക്കിക്കൊണ്ട് കായബലം ആവശ്യമുള്ള ഇനങ്ങളിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. തൽഫലമായി അക്കാലത്ത് മിക്ക ഇനങ്ങളിലും ആധിപത്യം സ്ഥാപിച്ചുകൊണ്ട് റഷ്യൻകായികതാരങ്ങൾ അന്താരാഷ്ട്ര കായികമൽസര രംഗത്തേക്ക് സൗകര്യപൂർവ്വം കടന്നു വന്നു.
ദേശീയത അതിന്റെ വികൃതമായ തല ഉയർത്തി. സ്പോർട്ട്സ് രംഗത്ത് സമനില കൈവരുത്താൻ ഒരു അമേരിക്കൻ ഡോക്ടർ തീരുമാനിച്ചു. പുരുഷഹോർമോൺ ഉപയോഗിച്ചു നിർമ്മിച്ചതും ഗുളികരൂപത്തിലോ കുത്തിവയ്പ്പ് രൂപത്തിലോ സ്വീകരിക്കാവുന്നതുമായ ഒരു ഔഷധം അദ്ദേഹം കണ്ടുപിടിച്ചു. ആ ഫോർമുല ഭീതിജനകമാംവണ്ണം വിജയകരമെന്ന് തെളിഞ്ഞു. ഇപ്പോൾ രസതന്ത്രശാസ്ത്രത്തിലൂടെ വലിപ്പമേറിയ ശരീരങ്ങളും മെച്ചപ്പെട്ട കായിക പ്രകടനങ്ങളും സാദ്ധ്യമായിത്തീർന്നു. അതു കായിക രംഗത്തെ യുദ്ധത്തിന് തുടക്കം കുറിച്ചു!
അഹംഭാവം നിമിത്തം ഇത്തരം ഔഷധങ്ങൾ ഉപയോഗിക്കുന്നവരുമുണ്ട്. യു. എസ്സ്. ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്റ്രേറഷനിലെ ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: “കൊഴുത്തു തടിച്ച മാംസപേശികൾ ഇന്ന് ജനപ്രീതി നേടിയിരിക്കുന്നു. ബീച്ചിൽ ആകർഷകമാംവണ്ണം പ്രത്യക്ഷപ്പെടാൻ ആളുകൾ ആഗ്രഹിക്കുന്നു. ഒരു കായിക സ്കോളർഷിപ്പ് നേടുന്നതിനോ സ്കൂൾ ററീമിൽ കടന്നുകൂടുന്നതിനോ പ്രേമിക്കുന്ന പെൺകുട്ടിയെ സ്വന്തമാക്കുന്നതിനോ ഉള്ള പ്രാപ്തി ഉത്തേജക ഔഷധങ്ങൾ വർദ്ധിപ്പിക്കുമെന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾ വിചാരിക്കുന്നു.” ഒക്ടോബർ 4, 1988ലെ ദി വോൾസ്റ്രറീററ് ജേർണൽ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “മെച്ചപ്പെട്ടവിധത്തിൽ കളിക്കുന്നതിനോ കൂടുതൽ ആകൃഷ്ടമാം വിധം കാണപ്പെടുന്നതിനോ വേണ്ടി ലക്ഷക്കണക്കിന് അമേരിക്കൻ കൗമാരപ്രായക്കാർ ഉത്തേജകഔഷധങ്ങൾ ഉപയോഗിക്കുന്നു.”
സമ്മർദ്ദം അനുഭവപ്പെടുന്നു
കായികതാരങ്ങളായി ഉയർന്നുവരാൻ ആഗ്രഹിക്കുന്ന ഹൈസ്കൂൾ കുട്ടികൾക്കും അവരുടെ പരിശീലകർക്കും ഒരുപക്ഷേ അവരുടെ മാതാപിതാക്കൾക്കും അറിയാം ഏതാനും പൗണ്ട് ഭാരവും ഉചിതമായ സ്ഥാനത്തുള്ള ഏതാനും പേശികളുമാണ് താരപദവിയും ഒരു സാധാരണകളിക്കാരനും തമ്മിലുള്ള വ്യത്യാസമെന്ന്. താരപദവിയിൽ എത്തിച്ചേരുന്നവർക്കു ലഭിക്കുന്ന, ആറക്കവും ഏഴക്കവും വരുന്ന ശമ്പളവും സ്കൂളിനും കോളേജിനും അവരുടെ പരിശീലകർക്കും കിട്ടുന്ന പ്രശസ്തിയും മാതാപിതാക്കൾക്കു കരഗതമാകുന്ന സൽപ്പേരും എല്ലാം ഉത്തേജക ഔഷധങ്ങളിലേക്ക് തിരിയാൻ കായികതാരങ്ങളുടെമേൽ സമ്മർദ്ദം ചെലുത്തുന്നു.
“സാധാരണ വലിപ്പമുള്ള തങ്ങളുടെ കുട്ടികളുടെ വലിപ്പം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളിൽ നിന്ന് എനിക്ക് ഡസൻ കണക്കിന് ഫോൺ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്” എന്ന് സൈക്കോളജി ററുഡേ എന്ന മാസികയിൽ എഴുതുകയിൽ ഡോക്ടർ ടെയിലർ പറഞ്ഞു. “രസതന്ത്രശാസ്ത്രത്തിലൂടെ കുട്ടികളുടെ വളർച്ച മെച്ചപ്പെടുത്താൻ പതിനായിരക്കണക്കിന് ഡോളർ എനിക്ക് വച്ചു നീട്ടപ്പെട്ടിട്ടുണ്ട്.” ഹൈസ്കൂൾ കായികതാരങ്ങൾക്ക് ഉത്തേജക ഔഷധങ്ങൾ ഉപയോഗിക്കുന്നതിൽ അവരുടെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയുണ്ട് എന്ന് ഒരു കായിക പരിശീലനവിദഗ്ദ്ധൻ അവകാശപ്പെട്ടു.
ഉത്തേജക ഔഷധങ്ങൾകൊണ്ട് പ്രയോജനമുണ്ട്—അത് ഉറപ്പു നൽകുന്നതുപോലെ പേശികളും ശക്തിയും പ്രദാനം ചെയ്യുന്നു, എന്ന് ഉപഭോക്താക്കൾ സമ്മതിക്കുന്നു. ഒരു മുൻഗുസ്തിക്കാരൻ പറയുന്നു: “ഒരു ദിവസം 15 മില്ലിഗ്രാം എന്ന കണക്കിൽ ഞാൻ ഉത്തേജക ഔഷധങ്ങൾ കഴിച്ചിരുന്നു. മുപ്പതുദിവസംകൊണ്ട് എനിക്കു പ്രയോഗിക്കാവുന്ന സമ്മർദ്ദം 315 റാത്തലിൽ നിന്ന് 390 റാത്തലായി വർദ്ധിച്ചു. സാധാരണയായി അതിന് 6 മാസം വേണ്ടിവരുന്നു.” കൂടുതൽ ഭാരം ഉയർത്താനും കൂടുതൽ സമയത്തേക്ക് അങ്ങനെ ചെയ്യാനും കഴിയുമെന്നും ക്ഷീണം മാറാൻ ആവശ്യമായ സമയം വളരെ കുറയുന്നുവെന്നും ഭാരോദ്വഹനക്കാർ അവകാശപ്പെടുന്നു.
മററു രാജ്യങ്ങളിലും കായികശേഷി വളർത്തൽ വളർന്നു വരുന്ന ഒരു ഭ്രമമാണ്. ഉദാഹരണത്തിന് ചൈനയിൽ 1987 ആഗസ്ററിലെ വിമൻസ് സ്പോർട്ട്സ് ആൻഡ് ഫിററ്നസ്സ് മാസിക പറയും പ്രകാരം കായികശേഷി വർദ്ധിപ്പിക്കലും ശരീരം പുഷ്ടിപ്പെടുത്തലും “ദേശത്ത് ആഞ്ഞു വീശുകയാണ്. . .ശരീര പുഷ്ടി സംബന്ധിച്ച മാസികകൾ ഇന്ന് എല്ലാ വൻനഗരങ്ങളിലും ലഭ്യമാണ്.”
ലോകത്തിന്റെ മറുവശത്ത്, കിഴക്കൻ ജർമ്മനിയിൽ കായിക താരങ്ങളുടെ ജീവിതത്തിൽ ഉത്തേജക ഔഷധങ്ങൾക്ക് ഒരു വലിയ സ്ഥാനമുണ്ട്. അതിന്റെ തെളിവിലേക്ക് ദി വോൾസ്റ്രറീററ് ജേർണലിൽ നിന്നുള്ള ഈ ഉദ്ധരണി മാത്രം മതിയാകും: “‘കിഴക്കൻ ജർമ്മനിയുടെ ഉത്തേജക ഔഷധങ്ങളാണ് ഏററവും നല്ലത്’ എന്ന് കാലിഫോർണിയയിൽ നിന്നുള്ള ഒരു നിയമജ്ഞൻ പറഞ്ഞു. ‘അവരുടെ കായിക താരങ്ങൾ കൂടുതൽ മെച്ചപ്പെട്ടവരും വലിപ്പമേറിയവരും ശക്തരുമാണ്.’”
എന്തു വില ഒടുക്കേണ്ടിവരുന്നു?
കായിക താരങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പ്രശസ്തനായ ഒരു പ്രകൃതി ചികിൽസാവിദഗ്ദ്ധൻ പറഞ്ഞു: “കൊക്കെയിൻ ഉപയോഗിക്കുന്നത് ഒരു വലിയ പ്രശ്നമാണെന്ന് ആളുകൾ വിചാരിക്കുന്നു. എന്നാൽ അതു ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം പോലെ ഗുരുതരമല്ല. കുട്ടികൾക്കിടയിൽ ഇത് ഒരു പകർച്ചവ്യാധിയായിരിക്കുന്നു.” ലോകവ്യാപകമായ യുവജനങ്ങൾ ഉത്തേജക ഔഷധങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ശരീര പുഷ്ടിക്കുവേണ്ടി അവർ അപകടകരമായ ഒരു കളിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. അതിന് അവർ വലിയ വില ഒടുക്കേണ്ടതായി വന്നേക്കാം.
“ചിത്തഭ്രമവും മതിഭ്രമവും മിഥ്യാബോധവും അക്രമവാസനയും എവിടെ പ്രത്യക്ഷപ്പെട്ടാലും അവ ഭയജനകമാണ്” എന്ന് സൈക്കോളജി ററുഡേ പറഞ്ഞു. ശരീര പുഷ്ടിമക്കുവേണ്ടി ഉത്തേജക ഔഷധങ്ങൾ ഉപയോഗിക്കുന്നവർ ചിത്തഭ്രമത്തിന്റെതായ ലക്ഷണങ്ങൾ കാണിച്ചേക്കാം എന്നാണ് മാസച്ചുസെററ് ബെൽമണ്ടിലെ മാക്ലീൻ ഹോസ്പിററലിൽ നടക്കുന്ന ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഈ പാർശ്വഫലങ്ങൾക്കൊപ്പം പുരുഷൻമാരിൽ വൃഷണം ക്ഷയിക്കുന്നതിനും ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായിത്തീരത്തക്കവണ്ണം സ്തനങ്ങൾ വികസിക്കുന്നതിനും പുനരുൽപ്പാദനശേഷി നഷ്ടമാകുന്നതിനും അത്തരം ഔഷധങ്ങൾ ഇടയാക്കിയേക്കാം. കരളിൽ നീർക്കെട്ട്, വൃക്കകൾക്ക് തകരാറ്, തളർച്ച, ഹൃദ്രോഗം, അക്രമപ്രവർത്തനത്തിലേക്ക് നയിക്കാവുന്നതും ആത്മഹത്യക്ക് ചായ്വ് കാണിക്കുന്നതുമായ വ്യക്തിത്വമാററം എന്നിവ സംഭവിക്കുന്നതിന്റെ അപകടവുമുണ്ട്.
ഉത്തേജക ഔഷധങ്ങളുടെ പാർശ്വഫലം എന്ന നിലയിൽ സ്ത്രീകളിൽ പരിഹരിക്കാനാവാത്തവിധം പുരുഷലക്ഷണങ്ങൾ പ്രത്യക്ഷമായേക്കാം—ശരീരത്തിന്റെ വളർച്ച, മുഖത്ത് രോമം, പുരുഷ സ്വരം, സ്തനങ്ങളുടെ ചുരുങ്ങൽ, മാസമുറ നിന്നുപോകൽ മുതലായവ.
വലിപ്പമേറിയതും കൂടുതൽ കരുത്തുള്ളതുമായ ശരീരം വളർത്തിയെടുക്കാനുള്ള ആവേശത്തിൽ ഉത്തേജക ഔഷധങ്ങൾ ഉപയോഗിക്കുന്നവരെ കണക്കിലെടുക്കുമ്പോൾ അവർ വാസ്തവത്തിൽ കഴിവുററ ശരീരം വളർത്തിയെടുക്കുന്നുണ്ടോ അതോ അതു വെറും മിഥ്യാധാരണയാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. അവരുടെ പ്രതാപം കെട്ടടങ്ങിക്കഴിയുമ്പോൾ കഴിവുററ ആ ശരീരത്തിന് എന്തു സംഭവിക്കുന്നു? കായിക താര നിരയിലെത്തുന്നതിനോ നർസ്സീസ്സസിന്റെതുപോലുള്ള പൊങ്ങച്ചത്തിനോ വേണ്ടി അവർ കൊടുക്കേണ്ടി വന്ന വില എത്ര വലുതാണെന്ന് അവ തങ്ങളുടെ യുവജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി തിട്ടപ്പെടുത്തുമോ? ഹ്രസ്വകാലത്തേക്കുള്ള പ്രശസ്തിക്കും ഈ വ്യവസ്ഥിതിയിലെ ആളുകളുടെ ആദരവിനുംവേണ്ടി ഒരുവന്റെ ശരീരത്തെ ബലികഴിക്കുന്നത് വാസ്തവത്തിൽ കാററിനെ കൈയ്യിലൊതുക്കാനുള്ള ശ്രമമാണെന്ന് ജ്ഞാനികളായ യുവജനങ്ങൾ തീർച്ചയായും തിരിച്ചറിയും. (g89 3/22)