സ്പോർട്ട്സിലെ അക്രമങ്ങൾ—വർദ്ധനവ് എന്തുകൊണ്ട്?
“കളിയുടെ അർത്ഥം ആരോഗ്യമെന്നാണ്.” ഇതൊരു പഴമൊഴിയാണ്. പുരാതനകാലങ്ങളിൽ മിതമായ കളിക്ക് നല്ല ആരോഗ്യം കൈവരുത്താൻ കഴിയുമെന്ന് ഗ്രീക്ക് ഡോക്ടർമാർ അവകാശപ്പെട്ടിരുന്നു.
എന്നിരുന്നാലും, ഇന്നത്തെ അനേകം കളികൾ കളിക്കാർക്കോ കാണികൾക്കോ അശേഷം ആരോഗ്യപ്രദമായിരിക്കുന്നില്ല. സ്പോർട്ട്സിലെ അക്രമം വലിയ തോതിലായിത്തീർന്നിരിക്കുന്നതുകൊണ്ട് ഒരു അധികൃത ഏജൻസിയായ യൂറോപ്യൻ പാർലമെൻറ് “സർവനശീകരണപ്രവണതയെയും സ്പോർട്ട്സിലെ അക്രമത്തെയുംകുറിച്ച്” ഒരു നീണ്ട പ്രമേയം അംഗീകരിച്ചു. കളിക്കു മുമ്പും പിമ്പും കളിക്കാർ തമ്മിലും എതിർ കക്ഷികളുടെ ആരാധകർ തമ്മിലും നടക്കുന്ന ഏററുമുട്ടലുകളുടെ ഭീകരതയിൽ ഭയന്ന് യൂറോപ്യൻ പാർലമെൻറ് ഈ പ്രതിഭാസത്തിന്റെ വിവിധ വശങ്ങളും അതിന്റെ കാരണങ്ങളും അതിനെ തടയാനുള്ള സാദ്ധ്യമായ നടപടികളും പരിശോധിച്ചു. അവർ എന്ത് കണ്ടെത്തി? സ്പോർട്ട്സിലെ അക്രമങ്ങൾ ഏതു രൂപങ്ങൾ കൈക്കൊണ്ടിരിക്കുന്നു?
‘ഒരു വിപുലവ്യാപകമായ പ്രതിഭാസം’
ഏററവുമധികം വിമർശനത്തിന് വിധേയമാകുന്നത് ലോകത്തിലെ ഇഷ്ടകളിയായ സോക്കറാണ് (ഫുട്ബോൾ). എന്നാൽ മിക്കവാറും മറെറല്ലാത്തരം സ്പോർട്ട്സും പ്രശ്നത്തിൽ ഉൾപ്പെടുന്നുണ്ട്. 1988-ൽ ജർമ്മനിയിൽ നടന്ന യൂറോപ്യൻ ഇൻറർനാഷനൽ സോക്കർ ചാമ്പ്യൻഷിപ്പിൽ അക്രമം ആളിക്കത്തി. തങ്ങളുടെ ദേശീയ ടീം ഉൾപ്പെട്ടിരുന്ന ഒരു കളി കഴിഞ്ഞ് ബ്രിട്ടീഷ് ആരാധകർ ഒരു ഉഗ്രയുദ്ധം തുടങ്ങി, അത് പോലീസിന് മുറിവേൽക്കുന്നതിലും വസ്തുക്കൾക്ക് നാശം ഭവിക്കുന്നതിലും 300 പേർ അറസ്ററ്ചെയ്യപ്പെടുന്നതിലും കലാശിച്ചു. അതേ ചാമ്പ്യൻഷിപ്പിന്റെ കാലത്ത് ഇററാലിയൻ ടീമിന്റെ ജയത്തിനുശേഷം ഉത്സാഹത്തിമർപ്പിൽ മൂന്നുപേർ മരണമടഞ്ഞു.
ബ്രിട്ടനിൽ കുപ്രസിദ്ധരായ പോക്കിരികൾ അവർ പോകുന്നിടത്തെല്ലാം സംഭ്രമം വിതക്കുകയും “സ്വദേശത്തും വിദേശത്തും ഇംഗ്ലീഷ് ഫുട്ബോളിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ” സഹായിക്കുകയും ചെയ്യുന്നുവെന്ന് ദി ഗാർഡിയൻ പറയുകയുണ്ടായി. ഒരു സ്പോർട്ട്സ്സീസണിൽ പല പ്രാവശ്യം ഇററാലിയൻ സ്പോർട്ട്സ് പത്രങ്ങൾ “കരി”ഞായറാഴ്ചകളെക്കുറിച്ച് പ്രസ്താവിച്ചു—മരണവും പരിക്കുകളും അംഗഭംഗങ്ങളും നടന്ന കോലാഹലങ്ങൾ പൊട്ടിപ്പുറപ്പെട്ട സ്പോർട്ട്സംഭവങ്ങളാണ് അന്ന് നടന്നത്. ഒരു വർത്തമാനപ്പത്രം പറഞ്ഞതുപോലെ, സ്പോർട്ട്സ്കേന്ദ്രങ്ങൾ “ഗറില്ലാ കേന്ദ്രങ്ങൾ” ആയിത്തീർന്നിരിക്കുന്നു. എന്നാൽ അങ്ങനെയുള്ള അവസ്ഥകൾ ബ്രിട്ടനിലും ഇററലിയിലും പരിമിതപ്പെട്ടിരിക്കുന്നില്ല. നെതർലാൻഡ്സും ജർമ്മനിയും സോവ്യററ് യൂണിയനും സ്പെയിനും മററനേകം രാജ്യങ്ങളും ഇതേ പ്രശ്നം കൈകാര്യംചെയ്യേണ്ടിവരുന്നുണ്ട്.
“സ്പോർട്ട്സ് ആരാധകരുടെ യുദ്ധം”
ചില ആരാധകർ, ബഹുജനമാദ്ധ്യമങ്ങളാൽ ആക്രമണോത്സുകത ഉത്തേജിപ്പിക്കപ്പെട്ട്, സ്പോർട്ട്സ് മത്സരങ്ങളിൽ തങ്ങളുടെ ഹീനവാസനകൾ അഴിഞ്ഞാടാൻ അനുവദിക്കുന്നു. സോക്കറിൽ ഇററാലിയൻ അൾട്രാ അല്ലെങ്കിൽ ബ്രിട്ടീഷ് പോക്കിരികൾ “ചെമ്പട” അല്ലെങ്കിൽ “റൈറഗർ കമാൻഡ്” എന്നിങ്ങനെയുള്ള ബാനറുകൾ വഹിച്ചുകൊണ്ട് ഒത്തുചേരുന്നു. ഒരു റൗഡി പറഞ്ഞതുപോലെ, സോക്കർ ആരാധകൻ “എതിർപക്ഷത്തിന്റെ പ്രദേശം പിടിച്ചടക്കുന്നതിന് പൊരുതാൻ ആഗ്രഹിക്കുന്നു.” സ്റേറഡിയത്തിലെ സ്ററാൻഡുകളിൽ അവസ്ഥകൾ ഏറെയും പുരാതന റോമൻ പോർക്കളങ്ങളിലേതുപോലെയാണ്. അവിടെ പ്രേക്ഷകർ തങ്ങളുടെ എതിരാളികളെ കൊല്ലാൻ പോരാളികളെ പ്രോൽസാഹിപ്പിച്ചിരുന്നു. ആരാധകരുടെ പ്രോൽസാഹന പല്ലവികളിൽ ഇടക്കിടെ അസഭ്യങ്ങളും വർഗ്ഗീയ മുദ്രാവാക്യങ്ങളുമുണ്ട്.
ആരാധകർ മിക്കപ്പോഴും അപകടകരങ്ങളായ ആയുധങ്ങൾ കൊണ്ടുനടക്കുന്നു. ചില മാച്ചുകളുടെ തുടക്കത്തിനുമുമ്പ് പൊലീസ് നടത്തിയ തെരച്ചിൽ പൂർണ്ണതോതിലുള്ള ആയുധശേഖരത്തെ വെളിച്ചത്തുവരുത്തിയിട്ടുണ്ട്—പിച്ചാത്തികളും ചെറുതോക്കുകളും ബില്യാർഡ് ബോൾസും. ബ്രിട്ടീഷ് സ്റേറഡിയങ്ങളിലെ സ്ററാൻഡുകളിൽ ഉരുക്കുമുനകളോടുകൂടിയ അമ്പുകളുടെ മേഘവർഷമുണ്ടായിട്ടുണ്ട്!
ഗവൺമെൻറ് ഇടപെടൽ
യൂറോപ്യൻ പാർലമെൻറ് പ്രമേയം സ്പോർട്ട്സിലെ അക്രമത്തെ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് ഗവൺമെൻറുകളെ ഉദ്ബോധിപ്പിച്ചു. ദൃഷ്ടാന്തത്തിന്, ബ്രിട്ടീഷ് ഗവൺമെൻറ് പ്രധാനമന്ത്രിയായിരുന്ന മാർഗറററ് താച്ചറുടെ മാർഗ്ഗനിർദ്ദേശത്തിൻകീഴിൽ അങ്ങനെയുള്ള നടപടികൾ സ്വീകരിച്ചിരുന്നു. സ്റേറഡിയത്തിൽ പ്രവേശിക്കുന്നതിനുള്ള നിർബന്ധിത തിരിച്ചറിയൽകാർഡുകൾപോലെ കൂടുതൽ കർശനമായ നിയമങ്ങൾ പാസാക്കാൻ മിസ്സിസ് താച്ചർ നിർബന്ധിച്ചിരുന്നു. കാർഡുകൾ വഹിക്കുന്നവർ അക്രമപ്രവർത്തനങ്ങൾ സംബന്ധിച്ച് കുററക്കാരെന്നു കണ്ടാൽ അവരുടെ കാർഡുകൾ പിൻവലിക്കപ്പെടും. കൂടാതെ, സ്പോർട്ട്സ് നടക്കുന്ന സ്ഥലങ്ങളിൽ ആരാധകരെ നിരീക്ഷിക്കുന്നതിന് ക്ലോസ്ഡ് സർക്കിട്ട് ടെലിവിഷൻ ക്യാമറാകൾ സജ്ജീകരിക്കുന്നതിനും എതിർകക്ഷികളെ വേർപെടുത്തുന്നതിന് വേലികൾ കെട്ടുന്നതിനും തീപിടിക്കുന്ന ഏതു വസ്തുവും നീക്കംചെയ്യുന്നതിനും സൗകര്യപ്രദമായി സ്റേറഡിയങ്ങൾ പണിയുന്നതിനോ പുനഃസംവിധാനംചെയ്യുന്നതിനോ ഉള്ള പദ്ധതികൾ ബ്രിട്ടനിലുണ്ട്. ഏററവും അക്രമാസക്തരായ ആരാധകരായ റൗഡിക്കൂട്ടങ്ങളുടെ നേതാക്കൻമാരെ തിരിച്ചറിയുന്നതിനും അവരെ അറസ്ററുചെയ്യുന്നതിനുമായി പോലീസ് അവരുടെ ഇടയിൽ നുഴഞ്ഞുകയറിയിട്ടുണ്ട്.
മററു രാജ്യങ്ങളിലും നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇററാലിയൻ സ്പോർട്ട്സ് അധികൃതർ ആഭ്യന്തര മന്ത്രാലയത്തോടുള്ള സഹകരണത്തിൽ സ്റേറഡിയങ്ങളിൽ മുള്ളുകമ്പിയും സംരക്ഷണവലയും ഹെലികോപ്റററുകളും പോലീസ്കാരുടെ കൂട്ടങ്ങളും ക്ലോസ്ഡ് സർക്കിട്ട് ടെലിവിഷൻ ക്യാമറാകളും ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നു. സ്റേറഡിയങ്ങളിലെ സൈന്യവൽക്കരണവും പരിഗണിക്കപ്പെട്ടിരിക്കുന്നു. 1988-ൽ കൊറിയയിലെ സോളിൽ നടന്ന ഒളിംബിക്ക് ഗെയിംസിനുള്ള ഒരുക്കത്തിൽ ഭീകരപ്രവർത്തകരുടെ ആക്രമണത്തെ എതിർക്കുന്നതിന് അധികൃതർ പോലീസുകാരെ പരിശീലിപ്പിച്ചിരുന്നു.
ഇനി റഫറിമാരുടെ നേർക്കുള്ള അക്രമപ്രവർത്തനങ്ങളുമുണ്ട്. ഇററലിയിലെ അടുത്ത കാലത്തെ ഒരു സോക്കർ സീസണിൽ 690 റഫറിമാർ ഇരകളായി. സോൾ ഒളിംബിക്ക്സിൽ നടന്ന ഒരു ബോക്സിംഗ് മാച്ചിന്റെ റഫറി പരിശീലകരാലും തീരുമാനത്തോടു യോജിക്കാഞ്ഞ പോലീസുകാരാൽപോലും മൃഗീയമായി ആക്രമിക്കപ്പെട്ടു.
ആളുകളുടെ ജീവനു നേരിടുന്ന അപകടത്തിനു പുറമേ, സ്പോർട്ട്സ് അക്രമം നിമിത്തം ഗണ്യമായ സാമ്പത്തികനഷ്ടവും ഉണ്ടാകുന്നുണ്ട്. മോഷണത്താലും കൊള്ളയാലും നശീകരണപ്രവർത്തനത്താലും നേരിടുന്ന നഷ്ടത്തിന് കൊടുക്കപ്പെടുന്ന ലക്ഷക്കണക്കിന് ഡോളറുകൾ മാത്രമല്ല, അക്രമനിവാരണത്തിന്റെ ചെലവുമുണ്ട്. ബ്രിട്ടീഷ് സോക്കർ കലണ്ടറിലെ ഒരു സാധാരണ ദിവസത്തിൽ പോലീസ് സംരക്ഷണത്തിനുവേണ്ടി മാത്രം ഏതാണ്ട് 7,00,000 ഡോളർ ചെലവഴിക്കപ്പെടുന്നു.
ഇത്തരം മൃഗീയമായ ആക്രമണം എന്തുകൊണ്ട്?
അക്രമം—ഇന്ന് സ്പോർട്ട്സ് നടത്തുന്ന രീതിയിൽ “അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു”
ഇന്ന്, അക്രമാസക്തമായ ആക്രമണം സ്പോർട്ട്സിനോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. കൗതുകകരമായി, യൂറോപ്യൻ പാർലമെൻറ് പാസാക്കിയ പ്രമേയം തയ്യാറാക്കിയ അതേ കമ്മീഷൻ “അക്രമം സ്പോർട്ട്സിന്റെ ഒരു അത്യന്താപേക്ഷിത ഭാഗമല്ലെന്ന്” ചൂണ്ടിക്കാട്ടി, “എന്നാൽ സ്പോർട്ട് നടത്തപ്പെടുന്ന അവസ്ഥകളോടും കളിയുടെ ചട്ടങ്ങൾക്ക്—അവയെ അങ്ങനെ വിളിക്കാമെങ്കിൽ—അവയെ വേണ്ടത്ര തടയാനാവില്ലെന്നുള്ള വസ്തുതയോടും അത് ബന്ധപ്പെട്ടിരിക്കുന്നു.” ഇതെന്തുകൊണ്ട്?
ശരി, ആരാധകരുടെ അക്രമപ്രവൃത്തികൾക്കു പുറമേ, മാറിപ്പോയിരിക്കുന്ന കളിയുടെ വിധവുമുണ്ട്. യൂറോപ്യൻ പാർലമെൻറ് സമ്മതിച്ചുപറഞ്ഞതുപോലെ, ജനസമുദായത്തിൽത്തന്നെ “വർദ്ധിച്ചുവരുന്ന അക്രമ”മുണ്ട്. കൂടാതെ, കളിലോകം മേലാൽ ശാരീരികപ്രവർത്തനത്തിനു മാത്രമല്ല ഊന്നൽ കൊടുക്കുന്നത്. ദൃഷ്ടാന്തത്തിന്, ആധുനികകാലങ്ങളിൽ 1896-ൽ ഏതെൻസിൽ നടത്തിയ ഒന്നാമത്തെ ഒളിംബിക്ക് ഗെയിംസിൽ, കളി തുടങ്ങുന്നതിനുമുമ്പ് പരിശീലിച്ചതു നിമിത്തം ബ്രിട്ടീഷ് അത്ലിററുകളുടെ ഒരു സംഘം അയോഗ്യരായി. ഒരു സ്പോർട്ട്മത്സരത്തിനു മുമ്പത്തെ പരിശീലനംപോലും അക്കാലത്ത് പിന്തുണകൊടുക്കപ്പെട്ടിരുന്ന സ്പോർട്ട്സ്കൗതുകത്തിന് വിരുദ്ധമാണെന്ന് പരിഗണിക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള ഒരു കഥ ഇന്ന് അനേകരിലും പുഞ്ചിരിയുളവാക്കും.
ഒന്നാം ലോകമഹായുദ്ധത്തിനുശേഷവും, വിശേഷിച്ച് രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നും, വികസിതരാജ്യങ്ങളെന്നു പറയപ്പെടുന്നവയിൽ ജീവിക്കുന്നവർക്ക് വർദ്ധിതമായി ഒഴിവുസമയങ്ങൾ കിട്ടിയിരുന്നു. വിനോദം വ്യാപാരലോകത്തിന് പെട്ടെന്നുതന്നെ ആദായകരമായ ഒരു പ്രവർത്തനമായിത്തീർന്നു. ദേശീയവും സാമൂഹികവുമായ താത്പര്യങ്ങളോടൊപ്പം സാമ്പത്തികതാത്പര്യങ്ങളും സ്ഥലംപിടിച്ചു. ഇന്നത്തെ സ്പോർട്ട്സ് സംഭവങ്ങൾ “സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ ഘടകങ്ങൾ മേധാവിത്വം പുലർത്തുന്ന ഒരു രംഗയോജനമാണ്.” മററു വാക്കുകളിൽ പറഞ്ഞാൽ, സ്പോർട്ട് “ജനസഞ്ചയത്തിന്റെ ഒരു പ്രതിഭാസ”മായിത്തീർന്നിരിക്കുന്നു. വിജയം മിക്കപ്പോഴും ജേതാക്കൾക്ക് ദശലക്ഷക്കണക്കിന് ഡോളർ കിട്ടാനിടയാക്കുന്നു! ടെലിവിഷനും സ്പോർട്ട്സിന്റെ ജനപ്രീതിക്ക് സംഭാവനചെയ്തിട്ടുണ്ട്, സ്പോർട്ട്സിലെ ദുഷിപ്പിനെ വർദ്ധിപ്പിക്കുകയും ചെയ്തിരിക്കാം. മിക്കപ്പോഴും ററിവി ക്യാമറാ ശാന്തമെന്ന് നിർണ്ണയിക്കപ്പെടുന്ന സംഭവങ്ങൾക്കുപകരം അക്രമാസക്തമായ കളിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും അവയെ തൽക്ഷണം വീണ്ടും വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ററിവി അറിയാതെ ഭാവി ആരാധകരുടെയും കളിക്കാരുടെയും മനസ്സുകളിൽ സ്പോർട്ട്സ് അക്രമത്തിന്റെ ഫലങ്ങളെ പെരുപ്പിച്ചുകാണിച്ചേക്കാം. കൗതുകത്തിൻപേരിലുള്ള കളി ഇല്ലെന്നുതന്നെ പറയാം. 1988-ലെ ഒളിംബിക്ക്സിൽ സോളിൽ അത്ലിററുകൾ സമ്പാദിച്ച പതിനായിരക്കണക്കിന് ഡോളറുകളെക്കുറിച്ചു സംസാരിച്ചപ്പോൾ ഒരു ആനുകാലികപ്രസിദ്ധീകരണം പറഞ്ഞതുപോലെ തൽസ്ഥാനത്ത് “പ്രൊഫഷണൽ അമച്ച്വറിസ”മാണുള്ളത്.
ദേശീയത്വം അത്ലിററുകളും പരിശീലകരും മാനേജർമാരും പ്രേക്ഷകരും വിജയത്തിന്റെ പ്രാധാന്യം പെരുപ്പിച്ചുകാട്ടാനിടയാക്കുന്നു. ചില അന്താരാഷ്ട്ര സ്പോർട്ട്സിനു ശേഷം ജയിക്കുന്ന പക്ഷത്തിന് വിജയോത്സവ ബഹുമതികൾ കൊടുക്കപ്പെടുന്നു, പുരാതന കാലത്ത് ജയശാലികളായ സേനാധിപൻമാർ സ്വദേശത്തേക്കു മടങ്ങിവരുമ്പോഴെന്നപോലെ. സമീപവർഷങ്ങളിൽ ഇററലിയിലും ആർജൻറീനായിലും നെതർലാൻഡ്സിലും ഇത് കാണപ്പെട്ടിട്ടുണ്ട്, അവിടെ അത്ലിററുകൾ അക്ഷരീയമായി അവസാനത്തെ ശ്വാസംവരെ തത്വഹീനമായി പോരാടുന്നു. ആരാധകർ അവരെ അനുകരിക്കുകയും തങ്ങളുടെ ടീമിനോടോ ജനതയോടോ ഉള്ള ഭക്തിപ്രകടനത്തിൽ അതിർകടക്കുകയും സ്പോർട്ട്സിനുമുമ്പും ആ സമയത്തും ശേഷവും ഉഗ്രമായ പോരാട്ടങ്ങൾ ഇളക്കിവിടുകയും ചെയ്യുന്നു.
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തെട്ടിലെ യൂറോപ്യൻ അന്താരാഷ്ട്ര സോക്കർ ചാമ്പ്യൻഷിപ്പിൽ, ആ സംഭവം “ആക്രമണോൽസുകതയുടെയും ദേശീയത്വത്തിന്റെയും പുത്തൻ ഫാസിസത്തിന്റെയും അത്യന്തം സ്ഫോടനാത്മകമായ മിശ്രിതത്തിന്റെ പററിയ ഒരു വിളനില”മായിത്തീരുമെന്നുള്ള ഭയമുണ്ടായിരുന്നുവെന്ന് ഡെർ സ്പീജൽ എന്ന ജർമ്മൻ വാരിക പറയുകയുണ്ടായി.
അക്രമത്തിന്റെ മറെറാരു രൂപം
സ്പോർട്ട്സിലെ അക്രമംസംബന്ധിച്ച് ഇത്രമാത്രമല്ലുള്ളത്. 1988-ലെ സോൾ ഒളിംബിക്ക്സിൽ “ഡോപ്പിംഗ് അപവാദം” പൊട്ടിപ്പുറപ്പെട്ടു. ഡോപ്പിംഗ് അഥവാ അത്ലിററുകളുടെ ഊർജ്ജിതത്തെ വർദ്ധിപ്പിക്കുന്നതും തങ്ങളുടെ സ്വാഭാവിക ശാരീരികപ്രാപ്തികളെക്കാൾ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അനുവദിക്കുന്നതുമായ നിയമവിരുദ്ധ ലഹരിമരുന്നുകളുടെ ഉപയോഗം സ്പോർട്ടിംഗ് ആത്മാവിനും അത്ലിററുകളുടെ ആരോഗ്യത്തിനും ദ്രോഹംചെയ്യുന്നു.
ഈ പ്രതിഭാസം എത്ര വിപുലവ്യാപകമാണ്? (g89 11⁄8)
[6-ാം പേജിലെ ആകർഷകവാക്യം]
മിക്കപ്പോഴും ററിവി ക്യാമറാ അക്രമാസക്തമായ കളിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയും അവയെ തൽക്ഷണം വീണ്ടും വീണ്ടും അവതരിപ്പിക്കുകയും ചെയ്യുന്നു
[7-ാം പേജിലെ ചിത്രം]
ദേശീയത്വം വിജയത്തിന്റെ പ്രാധാന്യത്തെ പെരുപ്പിച്ചുകാട്ടുന്നു
[കടപ്പാട്]
Nancie Battaglia