കളികളിലുള്ള ഇന്നത്തെ പ്രശ്നങ്ങൾ
കളികൾ ധാർമ്മിക മാഹാത്മ്യത്തെ കെട്ടിപ്പടുത്തു എന്നതിനാൽ അത് വിലയുള്ളതാണെന്ന് ആളുകൾ വാദിക്കുമായിരുന്നു. കളികൾ കഠിനാദ്ധ്വാനത്തോടുള്ള വിലമതിപ്പ്, കളിക്കാരന്റെ ആദർശശുദ്ധി, കളിക്കുന്നതിന്റെ സന്തോഷം എന്നിവക്ക് പ്രചോദനം നൽകിയെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ ഇത്തരം വാദങ്ങൾ പൊള്ളയോ കാപട്യംപോലുമോ ആയി ഇന്ന് അനേകർക്ക് തോന്നുന്നു.
വിജയത്തിനുള്ള ഊന്നൽ വിശേഷാൽ ഒരു പ്രശ്നമാണ്. ഇതിനെ “സ്പോർട്സിന്റെ ഇരുണ്ട വശ”മെന്നാണ് സെവൻറീൻ എന്ന മാസിക വിളിക്കുന്നത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മാസിക പറയുന്നപ്രകാരം, “വിജയം സത്യസന്ധതയേക്കുറിച്ചുള്ള ചിന്തകൾ, സ്കൂൾപഠനം, ആരോഗ്യം, സന്തോഷം എന്നിവയേയും കൂടാതെ ജീവിതത്തിലെ പ്രധാനപ്പെട്ട മററനവധി ഘടകങ്ങളേയും വിഗണിക്കുന്നു. ജയിക്കുന്നത് എല്ലാമായിത്തീരുന്നു.”
കായികാഭ്യാസനേട്ടങ്ങൾക്ക് അമിത ഊന്നൽ കൊടുക്കുന്നതിന്റെ ദാരുണമായ പരിണതഫലത്തെ ചിത്രീകരിക്കുന്നതിന് അമേരിക്കയിലെ കോളേജ് ട്രാക്ക് താരമായ കാത്തി ഓംസ്ബിയുടെ അനുഭവം ഉപയോഗിക്കപ്പെട്ടിരുന്നു. 10,000 മീററർ ഓട്ടത്തിൽ നാഷണൽ കൊളീജിയററ് വിമെൻസ് റെക്കോർഡ് സ്ഥാപിച്ചതിന് ഏതാനും ആഴ്ചകൾക്കു ശേഷം 1986 ജൂൺ 4-ാം തീയതി NCCA (നാഷണൽ കൊളീജിയററ് അത്ലററിക്ക് അസ്സോസ്സിയേഷൻ) ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവെ കാത്തി ട്രാക്കിൽ നിന്നും വ്യതിചലിച്ച് സമീപത്തുള്ള ഒരു പാലത്തിലേക്ക് ഓടുകയും ഒരാത്മഹത്യാശ്രമത്തിൽ അതിൽ നിന്നും ചാടുകയും ചെയ്തു. അവൾ അതിജീവിച്ചു, എന്നാൽ അരക്കു താഴേക്ക് തളർന്നുപോയി.
കാത്തി ഒററപ്പെട്ടവളല്ലെന്ന് കായികാഭ്യാസികളെ ചികിത്സിക്കുന്ന ഒരു മനശ്ശാസ്ത്രജ്ഞനായ സ്കോട്ട് പെൻജലി കുറിക്കൊണ്ടു. കാത്തിയുടെ ആത്മഹത്യാശ്രമത്തിനു ശേഷം പെൻജലി ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “‘കാത്തിയെപ്പോലെ തന്നെ എനിക്കും തോന്നുന്നു’ എന്നു പറഞ്ഞുകൊണ്ട് എനിക്ക് ഫോൺവിളികൾ ലഭിച്ചു.” അർദ്ധ-മാരത്തോണിൽ നാഷണൽ ഏജ് ഗ്രൂപ്പ് റെക്കോർഡ് സ്ഥാപിച്ച മറെറാരു കായികതാരമായ ജോർജ്ടൗൺ യൂണിവേഴ്സിററിയിലെ മേരി വസേറററും ഒരു പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും ശേഷിച്ച ജീവിതകാലം മുഴുവൻ തളർന്നുകിടക്കുകയും ചെയ്തു.
പ്രതീക്ഷകൾക്കൊത്തു ജീവിക്കുന്നതിനും വിജയിക്കുന്നതിനുമുള്ള സമ്മർദ്ദം വമ്പിച്ചതായിരുന്നേക്കാം, പരാജയത്തിന്റെ പരിണതഫലമോ, സംഹാരകവുമായിരുന്നേക്കാം. കാലിഫോർണിയാ ഏൻജൽസിന്റെ ബേയ്സ്ബോൾ പന്തെറിയുന്ന താരമായിരുന്ന ഡോണീ മൂർ ബേയ്സ്ബോളിലെ 1986 വേൾഡ് സീരീസിൽ തന്റെ ടീമിനെ എത്തിക്കുന്നതിന് വളരെ അടുത്തെത്തി. എന്നാൽ ബോസ്ററന്റെ കളിക്കാരൻ ഒരു പോയിൻറ് നേടുന്നതിനുള്ള ഒരു ഊററനടി അടിക്കുകയും ആ കളിയിലും അമേരിക്കൻ ലീഗ് ചാമ്പ്യൻഷിപ്പിലും വിജയിക്കുകയും ചെയ്തു. ഡോണിയുടെ സുഹൃത്തുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞപ്രകാരം, തന്റെ പരാജയത്താൽ അവൻ നിരന്തരം മാനസികമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കയും സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.
അമിത മത്സരം
ഇന്നത്തെ സ്പോർട്സിനോടനുബന്ധിച്ചുള്ള ഒരു പ്രശ്നം അമിത മത്സരമാണ്. പ്രതിയോഗികൾ ഫലത്തിൽ രാക്ഷസൻമാരായി രൂപാന്തരം പ്രാപിച്ചേക്കാം എന്നു പറഞ്ഞാൽ അതൊരതിശയോക്തിയല്ല. താൻ ബോക്സിംഗിലെ ഹെവിവെയ്ററ് ചാമ്പ്യനായിരുന്നപ്പോൾ ലാറി ഹോംസ് പറഞ്ഞത് റിംഗിൽ പ്രവേശിച്ചപ്പോൾ തനിക്കു മാററം വരുത്തേണ്ടിയിരുന്നുവെന്നാണ്. “ഞാൻ നൻമയെ പുറത്തുകളയേണ്ടതുണ്ട്, ഡോ. ജെക്കിലിനെയും മിസ്ററർ ഹൈഡിനെയുംപോലെ സകല തിൻമയെയും ആനയിക്കേണ്ടിയും ഇരിക്കുന്നു” എന്ന് അദ്ദേഹം വിശദീകരിച്ചു. തങ്ങൾക്കൊപ്പം കഴിവുള്ള മററുള്ളവർ തങ്ങളെ പരാജയപ്പെടുത്താതിരിക്കേണ്ടതിന് കായികതാരങ്ങൾ തങ്ങളെ നിരന്തരം ഭയപ്പെടുത്തുന്ന ഒരു നിർബന്ധബുദ്ധി വളർത്തിയെടുക്കുന്നു.
“നിങ്ങൾക്ക് ആ തീ നിങ്ങളിൽ ഉണ്ടായിരിക്കണം, ഇന്ധനം ക്രമമായിക്കൊടുത്ത് ആ തീയെ കെടാതെ സൂക്ഷിക്കാൻ വിദ്വേഷം പോലെ മറെറാന്നില്ല” എന്നാണ് ഒരു മുൻ ഫുട്ബോൾ പരിശീലകൻ ഒരിക്കൽ പറഞ്ഞത്. മുൻ അമേരിക്കൻ പ്രസിഡൻറായിരുന്ന റൊണാൾഡ് റെയ്ഗൻ പോലും ഒരു കോളേജ് ഫുട്ബോൾ ടീമിനോട് ഒരിക്കൽ ഇങ്ങനെ പറഞ്ഞതായി പറയപ്പെടുന്നു: “നിങ്ങളുടെ പ്രതിയോഗിയോട് നിങ്ങൾക്ക് ഒരു ശുദ്ധമായ വിദ്വേഷം തോന്നാം. അതൊരു ശുദ്ധമായ വിദ്വേഷമാണ് കാരണം അത്, അണിയുന്ന കുപ്പായമെന്നപോലെ പ്രതീകാത്മകമായ ഒന്നു മാത്രമാണ്.” എന്നാൽ ഒരു പ്രതിയോഗിക്കെതിരെ വിദ്വേഷം ഉണ്ടാക്കിയെടുക്കുന്നത് യഥാർത്ഥത്തിൽ നല്ലതാണോ?
ലോസ് ആഞ്ചലസ് ലെയ്ക്കേഴ്സിന് വേണ്ടി ഉയർന്ന സ്കോർ നേടിയിരുന്ന ഡിക്ക് ബാർണെററ് പോയിൻറ് നേടുന്നതിനെതിരെ പ്രതിരോധിക്കാനുള്ള തന്റെ നിയമനത്തെക്കുറിച്ച് ബോസ്ററൻ സെൽറെറക്സിനു വേണ്ടി കളിച്ചിരുന്ന ഏററവും മികച്ച മുൻ ബാസ്ക്കററ്ബോൾ താരമായിരുന്ന ബോബ് കസി ഒരിക്കൽ പറഞ്ഞു: “ഞാൻ ആകെക്കൂടെ ചെയ്തത് ഭാഗികമായി, ബാർനെററിനെ തടയുന്നവിധം സംബന്ധിച്ചു ധ്യാനിച്ചുകൊണ്ടും ഭാഗികമായി, അവനെതിരെ വിദ്വേഷം വളർത്തിക്കൊണ്ടും ധ്യാനിച്ചുകൊണ്ടും രാവിലെ മുതൽ സന്ധ്യ വരെ എന്റെ മുറിയിൽ ഇരിക്കുക എന്നതായിരുന്നു. കളിക്കളത്തിലെത്തുമ്പൊഴേക്കും, ‘ഹലോ’ എന്ന് ബാർണെററ് സൗഹൃദമായിപ്പോലും പറഞ്ഞിരുന്നെങ്കിൽ, മിക്കവാറും അവന്റെ മുഖത്ത് തൊഴിച്ചുകൊണ്ട് അവനെ ആക്രമിക്കത്തക്കവണ്ണം ഞാൻ അത്ര കുപിതനായിരുന്നു.”
പ്രതിയോഗികളെ മിക്കപ്പോഴും മനപ്പൂർവ്വം അശക്തരാക്കാൻ കളിക്കാർ ശ്രമിക്കുമെന്നുള്ളതാണ് വസ്തുത, അങ്ങനെ ചെയ്യുന്നതിന് അവർക്ക് പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നു. ഒരു വർത്തമാനപ്പത്ര സ്പോർട്ട്സ് ലേഖകനായ ഐറാബർക്കൊ പറഞ്ഞത് ഒരു ഫുട്ബോൾ കളിക്കാരനു തന്റെ പ്രതിയോഗിയായ ഒരു കളിക്കാരനെ കളിയിൽ നിന്നും പുറത്താക്കാൻ കഴിഞ്ഞാൽ “നന്നായി ചെയ്ത ഒരു വേലക്കായി അവനെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നു” എന്നാണ്. “അവൻ കേട് വരുത്തുന്ന അനവധി പ്രഹരമേൽപ്പിച്ചിട്ടുണ്ടെങ്കിൽ . . . സീസന്റെ അവസാനത്തിങ്കൽ വർദ്ധിച്ച ശമ്പളത്താലോ, പകരക്കാരനാണെങ്കിൽ തുടർന്നു ജോലി നൽകിക്കൊണ്ടോ പ്രതിഫലം നൽകപ്പെടും. അങ്ങനെ കളിക്കാർ ക്രൂരനായ ജോ ഗ്രീൻ, കൊലയാളിയായ ജാക്ക് ററാററം എന്നീ രീതിയിലുള്ള ഇരട്ടപ്പേരുകളിൽ അഭിമാനംകൊള്ളാറുണ്ട്.”—ദി ന്യൂയോർക്ക് റൈറംസ്, 1989 ഡിസംബർ 12.
സെൻറ് ലൂയിസ് ഫുട്ബോൾ ടീമിന്റെ പ്രതിരോധ നിരയിലെ കളിക്കാരനായ ഫ്രെഡ് ഹേറൻ ഇങ്ങനെ പറഞ്ഞു: “ക്ലീവ്ലാൻറ് ബ്രൗൺസിന്റെ ക്വാർട്ടർ ബാക്കിന്റെ പിടലിക്ക് സുഖമില്ലെന്ന് പരിശീലകർ ഞങ്ങളോടു പറഞ്ഞു. എനിക്കൊരവസരം കിട്ടിയാൽ ഞാൻ അവനെ കളിയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കണമെന്ന് അവർ നിർദ്ദേശിച്ചു. അതുകൊണ്ട് കളിക്കിടയിൽ കളിക്കാരുടെ നിര ഭേദിച്ച് സെൻററിനെയും ഗാർഡിനെയും കടന്ന് ചെന്നപ്പോൾ അതാ അവൻ അവിടെ നിൽക്കുന്നു. എന്റെ കൈ കൊണ്ട് അവന്റെ തല പിടിച്ച് കീറാൻ ഞാൻ ശ്രമിച്ചു, അവൻ നിയന്ത്രണം വിട്ട് പന്തു താഴെയിട്ടു. എന്റെ കൂട്ടുകാർ എന്നെ പുകഴ്ത്തുന്നുണ്ടായിരുന്നു. പക്ഷേ ക്വാർട്ടർബാക്ക് വേദനയോടെ നിലത്ത് കിടക്കുന്നത് ഞാൻ നിരീക്ഷിച്ചു. ഞാൻ പെട്ടെന്ന് സ്വയം ചിന്തിച്ചു, ‘ഞാൻ ഏതോ ഒരു മൃഗമായിത്തീർന്നോ? ഇതൊരു കളിയാണ്, എന്നാൽ ഞാൻ ഒരാളെ അംഗവിഹീനനാക്കാൻ ശ്രമിക്കുകയാണ്.’” എങ്കിലും, “കാണികൾ ആവേശത്തോടെ എന്നെ പുകഴ്ത്തുകയായിരുന്നു” എന്ന് ഹേറൻ കുറിക്കൊണ്ടു.
അമിത മത്സരത്തിന്റെ ഫലമായുണ്ടാകുന്ന പരിക്കുകൾ ഇന്നത്തെ സ്പോർട്സിലെ ഒരു മുഖ്യ പ്രശ്നമാണെന്ന് അനേകർ വിലപിക്കുന്നു. ദുഃഖകരമെന്നുപറയട്ടെ, ഇങ്ങനെയുള്ള ദശലക്ഷക്കണക്കിന് പരിക്കുകൾ അതീവ മത്സരമുള്ള കളികളിൽ ചെറുപ്രായത്തിൽ പ്രവേശിക്കുന്ന കുട്ടികളെയും ബാധിക്കുന്നു. യു.എസ്. കൺസ്യൂമർ പ്രോഡക്ററ് സേഫ്ററി കമ്മീഷന്റെ അഭിപ്രായപ്രകാരം ഓരോ വർഷവും സ്പോർട്സിൽ നിന്നുള്ള പരിക്കുകൾ മൂലം 40 ലക്ഷം കുട്ടികൾ അത്യാഹിത മുറികളിലും ഏകദേശം 80 ലക്ഷം കുടുംബ ഡോക്ടർമാരാലും ചികിത്സിക്കപ്പെടുന്നുണ്ട്.
അനേകം കുട്ടികൾ, അതിരു കടന്ന് ഉപയോഗിക്കപ്പെടുന്നതിനാൽ ഉണ്ടാകുന്ന പരിക്കുകൾ സഹിക്കുന്നു. ഇവ മുൻ വർഷങ്ങളിൽ വിരളമായേ കാണപ്പെട്ടിരുന്നുള്ളു. കുറെവർഷങ്ങൾക്കുമുമ്പ് കുട്ടികൾ വിനോദത്തിനുവേണ്ടി കളിക്കുമ്പോൾ പരിക്ക് പററിയാൽ വീട്ടിൽ പോകുകയും വ്രണം ഉണങ്ങുന്നതുവരെ അഥവാ വേദന മാറുന്നതുവരെ വീണ്ടും കളിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഉയർന്ന മത്സരമുള്ള, സംഘടിതമായ കളികളിൽ അപ്പോൾതന്നെ മുറിവ് പററിയതോ വേദനിക്കുന്നതോ ആയ ശരീരഭാഗങ്ങൾക്കു ഹാനിവരുത്തിക്കൊണ്ട് കുട്ടികൾ മിക്കപ്പോഴും കളിച്ചുകൊണ്ടേയിരിക്കും. മുൻ ബേയ്സ്ബോൾ താരമായ റോബിൻ റോബർട്ട്സ് പറയുന്ന പ്രകാരം മുതിർന്നവരാണ് പ്രശ്നത്തിന്റെ പ്രധാന കാരണം. “അവർ കുട്ടികളുടെമേൽ മാനസികവും ശാരീരികവുമായി വളരെയധികം സമ്മർദ്ദം ചെലുത്തുകയാണ്, അവർ അതിനുവേണ്ടി തയ്യാറാകുന്നതിന് വളരെ മുമ്പു തന്നെ.”
പണവും വഞ്ചനയും
പണം, മുന്തി നില്ക്കുന്ന ഒരു ശ്രദ്ധാവിഷയമായിത്തീർന്നിരിക്കുന്നു എന്നതാണ് സ്പോർട്സിലെ മറെറാരു പ്രശ്നം. കളിക്കാരുടെ ആദർശശുദ്ധിക്കും നല്ല കളിക്കും പകരം, അത്യാഗ്രഹമാണ് ഇന്ന് സ്പോർട്സിനെ ഭരിക്കുന്നതെന്ന് തോന്നുന്നു. “സ്പോർട്സിലെ നിഷ്ക്കളങ്കത്വം 1980-കളിൽ പൂർണ്ണമായും അപ്രത്യക്ഷമായി എന്ന് റിപ്പോർട്ടുചെയ്യാൻ ദു:ഖമുണ്ട്” എന്ന് ദി ഡെൻവർ പോസ്ററന്റെ പംക്തിയെഴുത്തുകാരനായ ജേയി മരിയൊട്ടി വിലപിച്ചു. “അത് 90-കളിലേക്ക് ഒരു രാക്ഷസശക്തി പോലെ നമ്മുടെ സംസ്കാരത്തിലേക്ക് കടന്നു വരികയാണ്, ചിലപ്പോൾ ഒരു വഞ്ചകമായ ധനാർജ്ജനമാർഗ്ഗം എന്ന് നന്നായി വിശേഷിപ്പിക്കപ്പെടുന്ന, അവിശ്വസനീയമാംവിധം അതിബൃഹത്തായ സഹസ്ര കോടിഡോളറിന്റെ (വാസ്തവത്തിൽ, 6,310 കോടി ഡോളർ, അമേരിക്കയിൽ 22-ാം സ്ഥാനത്തെ) ഒരു വ്യവസായം തന്നെ.”
കഴിഞ്ഞ വർഷം അമേരിക്കയിൽ 162 പ്രധാന ലീഗ് ബേയ്സ്ബോൾ കളിക്കാർ—ആ കളിയിൽ മൊത്തമുള്ളതിന്റെ അഞ്ചിലൊന്നിലധികം പേർ—ഓരോരുത്തരും പത്തു ലക്ഷം ഡോളറിലധികം നേടി, ഏററവും ഉയർന്ന ശമ്പളം ഏതാണ്ട് 30 ലക്ഷത്തിലധികമായിരുന്നു. ഒരു വർഷത്തിന് ശേഷം, ഇനി 1992 മുതൽ 1995 വരെ ഓരോ വർഷവും 120-തിലധികം പേർക്ക് 20 ലക്ഷത്തിലധികം ഡോളർ വീതം കൂലി നൽകപ്പെടും, ഇതിൽ 32 പേർക്കെങ്കിലും 30 ലക്ഷത്തിലധികം ഡോളറും ഒരാൾക്കെങ്കിലും 50 ലക്ഷത്തിലധികം ഡോളറും ലഭ്യമാകും! പണത്തിനും ഭീമമായ ശമ്പളത്തിനും വേണ്ടിയുള്ള ദാഹം മററ് കളികളിലും സാധാരണമായിത്തീർന്നിരിക്കയാണ്.
കോളേജ് കളികളിൽ പോലും ഊന്നൽ മിക്കപ്പോഴും പണത്തിനാണ്. വിജയിക്കുന്ന ടീമുകളുടെ കോച്ചുകൾക്ക് ശമ്പളവും വ്യാപാരികളിൽനിന്നുള്ള പരസ്യക്കൂലിയുമായി ഒരു വർഷം 10 ലക്ഷം ഡോളറോളം, പ്രതിഫലം നൽകപ്പെടുന്നു. വർഷാവസാന ബൗൾഗയിംസിനു യോഗ്യതനേടുന്ന ഫുട്ബോൾടീമുള്ള ഐക്യനാടുകളിലെ സ്കൂളുകൾക്കും അനേകദശലക്ഷം ഡോളർ ലഭിക്കുന്നു.—ഇക്കഴിഞ്ഞ വർഷം തന്നെ 550 ലക്ഷം ഡോളർ. “ഫുട്ബോളും ബാസ്ക്കററ്ബോളും പണം ഉണ്ടാക്കേണ്ടിയിരിക്കുന്നു, അതിനായി അവർ ജയിക്കേണ്ടിയിരിക്കുന്നു” എന്ന് കോളേജ് പ്രസിഡൻറായ ജോൺ സ്ളോററർ വിശദീകരിക്കുന്നു. ഇത്, വിജയം മനസ്സിനെ വേട്ടയാടിക്കൊണ്ടിരിക്കുന്ന വിഷമവൃത്തത്തിൽ കലാശിക്കും—വിനാശകരമായ അനന്തരഫലങ്ങളോടെ തന്നെ.
കളി തൊഴിലാക്കിയിരിക്കുന്നവരുടെ ജോലി വിജയത്തെ ആശ്രയിച്ചിരിക്കുന്നതുകൊണ്ട് ജയിക്കുന്നതിനായി അവർ പ്രായോഗികമായി എന്തും ചെയ്യും. “അത് മേലാൽ ഒരു കളിയല്ല, ദുഷിച്ച ശാരീരിക ഇടപാടാണ്” എന്നാണ് മുൻ ബേയ്സ്ബോൾ താരമായ റസ്ററി സ്ററാബ് പറയുന്നത്. വഞ്ചന ഇപ്പോൾ വൈകൃത സ്വഭാവമുള്ളതാണ്. “നിങ്ങൾ വഞ്ചിക്കുന്നില്ലെങ്കിൽ നിങ്ങൾ ശ്രമിക്കുകയല്ല,” എന്ന് ബേസ്ബോൾ കളിക്കാരനായ ചിലി ഡേവീസ് വിശദീകരിക്കുന്നു. “പിടിക്കപ്പെടാതെ നിങ്ങൾക്ക് ചെയ്യാവുന്നതെന്തും ചെയ്യുക” എന്നാണ് ന്യൂയോർക്ക് മെററ്സ് ടീമിന്റെ ഇൻഫീൽഡറായ ഹോർഡ് ജോൺസൺ പറയുന്നത്.
അങ്ങനെ ധാർമ്മിക ഗുണം ദുർബലമാക്കപ്പെട്ടിരിക്കയാണ്, ഇത് കോളേജു കളികളിലും ഒരു വലിയ പ്രശ്നമായിരിക്കയാണ്. ഒഹായോ യൂണിവേഴ്സിററിയുടെ മുൻ പ്രസിഡൻറായിരുന്ന ഹാരോൾഡ് എൽ. എനാർസൻ ഇങ്ങനെ സമ്മതിച്ചു, “ചില പരിശീലകരും കായികാഭ്യാസ ഡയറക്ടർമാരും വഞ്ചിക്കാറുണ്ട്, എന്നാൽ പ്രസിഡൻറുമാരും ട്രസ്ററിമാരും അതിനെ അവഗണിക്കുകയും ചെയ്യുന്നു.” അടുത്ത കാലത്ത് അമേരിക്കയിൽ നിയമലംഘനം മൂലം 21 യൂണിവേഴ്സിററികളെ നാഷണൽ കൊളീജിയെററ് അത്ലററിക്ക് അസ്സോസ്സിയേഷൻ പിഴ ചുമത്തുകയും മററ് 28 യൂണിവേഴ്സിററികളെ അന്വേഷണത്തിന് വിധേയമാക്കുകയും ചെയ്തു.
യുവ കളിക്കാരുടെ മൂല്യം നശിച്ചുപോയിരിക്കുന്നുവെന്നത് അതിശയമല്ല, ഇത് ഈ കാലത്തെ കളികളിലെ മറെറാരു മുഖ്യ പ്രശ്നമാണ്. കായികപ്രകടനം മെച്ചപ്പെടുത്താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് സാധാരണമാണ്, എന്നാൽ ഒരു വിദ്യാഭ്യാസം നേടാൻ അങ്ങനെയല്ല. മുന്തിയ കായിക പരിപാടികളുള്ള കോളേജ് കാമ്പസിലെ കളിക്കാർ പഠനത്തിനും ക്ലാസ്സിൽ പങ്കെടുക്കുന്നതിനും ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം കളികളിൽ ചെലവഴിക്കുന്നുവെന്നത് ഒരു മുഖ്യ പഠനം ശരിവെക്കുന്നു. പുരുഷൻമാർക്കു പ്രമുഖ ബാസ്ക്കററ്ബോൾ പരിപാടിയുള്ള മൂന്നിലൊന്ന് അമേരിക്കൻ കോളേജുകളിലും യൂണിവേഴ്സിററികളിലും നിന്ന് അഞ്ചിലൊന്നിൽ താഴെ കളിക്കാർ മാത്രമേ ഡിഗ്രി സമ്പാദിക്കുന്നുള്ളു എന്ന് ഒരു ഫെഡറൽ പഠനം കണ്ടെത്തി.
തൊഴിൽപരമായ കളികളിൽ അന്തിമമായി വിജയിക്കുകയും നല്ല ശമ്പളം പററുകയും ചെയ്യുന്ന വിദ്യാർത്ഥികളായ കായികതാരങ്ങൾപോലും ഒട്ടുമിക്കപ്പോഴും ശോകസ്വരൂപങ്ങളായിത്തീരുന്നു. അവർ തങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിലും ജീവിതത്തെ യഥാർത്ഥമായി നേരിടുന്നതിലും കഴിവില്ലാത്തവരാകുന്നു. 1990 ഫെബ്രുവരിയിൽ പാർക്കാനൊരിടമില്ലാതെ ദാരിദ്ര്യത്തിൽ 45-ാമത്തെ വയസ്സിൽ മൃതിയടഞ്ഞ ട്രാവിസ് വില്ല്യംസ് ഇതിനൊരുദാഹരണം മാത്രമാണ്. 1967-ൽ ഗ്രീൻ ബേ പാക്കേഴ്സ് ഫുട്ബോൾ ടീമിനോടൊപ്പം കളിക്കവെ, കളി തുടങ്ങുന്നിടത്ത്നിന്നും പന്ത് കൈയടക്കി എതിർ ടീമിനെതിരെ 37.6 മീററർ ദൂരം പന്തുമായ് പോയി അദ്ദേഹം ഇപ്പോഴും നിലനിൽക്കുന്ന യു.എസ്. പ്രൊഫഷനൽ റെക്കോർഡ് സ്ഥാപിച്ചു. കോളേജിലായിരുന്നപ്പോൾ “അദ്ദേഹത്തിന് ക്ലാസ്സിൽ പോകേണ്ട ആവശ്യമേയില്ലായിരുന്നു. പരിശീലനത്തിനായി എത്തിച്ചേർന്നാൽ മാത്രം മതിയായിരുന്നു.” എന്ന് അദ്ദേഹം ഒരിക്കൽ പ്രസ്താവിച്ചു.
കാണികളോട് ബന്ധപ്പെട്ട പ്രശ്നങ്ങൾ
ആളുകൾ ഇന്ന് തങ്ങൾ കളിക്കുന്നതിനേക്കാൾ വളരെക്കൂടുതൽ സമയം അവ കാണുന്നതിനായി ചെലവഴിക്കുകയും സാരമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ഒരു സംഗതി, കളികൾ കാണാൻ പോകുന്നതിനാൽ മിക്കപ്പോഴും മററു കാണികളുടെ അശ്ലീലവും അക്രമാസക്തവുമായ പെരുമാററത്തിന്റെ സ്വാധീനത്തിന് വിധേയരായിത്തീരും എന്നുള്ളതാണ്. ചില കളിയിനങ്ങളിലുള്ള നിറഞ്ഞ വൈകാരികാവസ്ഥയിൽ അടിപിടി സാധാരണമാണ്. കാണികളിൽ നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചിലർ മരണമടയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇന്ന് അധികം കാണികളും കളികൾ നടക്കുന്നിടത്ത് ശാരീരികമായി സന്നിഹിതരല്ല; അവർ അത് ടെലിവിഷനിൽ കാണുന്നു. അമേരിക്കൻ ഐക്യനാടുകളിൽ ഒരു 24-മണിക്കൂർ സ്പോർട്സ് ചാനൽ, ദൈനംദിന വാർത്താപ്രക്ഷേപണത്തിന് ഏതൊരു റേഡിയോ ശൃഖലയും നീക്കിവെക്കുന്ന സമയത്തേക്കാൾ കൂടുതൽ സമയം സ്പോർട്സ് പ്രക്ഷേപണങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നു. പക്ഷേ, ഒരുവന്റെ ഭവനത്തിലെ സ്വകാര്യതയിൽ കളികൾ കാണുന്നത് പ്രശ്നവിമുക്തമാണോ?
ഒരിക്കലുമല്ല. “വർഷങ്ങളായി എല്ലാ പ്രൊഫഷനൽ കളിക്കാരെയും എന്റെ ഭർത്താവിനറിയാം,” എന്ന് പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇങ്ങനെ വിശദീകരിച്ചു, “അദ്ദേഹം ഒരു ഒററപ്പെട്ട കേസല്ല. ക്രമമായി കളികൾ കാണാത്ത വളരെ ചുരുക്കം പേരേ അദ്ദേഹത്തിന് കൂട്ടുകാരായുള്ളു. ഈ നടപടിയിലുൾപ്പെടുന്ന ഏററവും വലിയ കുററം കുട്ടികളുടെമേൽ അതിനുള്ള സ്വാധീനമാണ്.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു, “എന്റെ ഭർത്താവ് എന്നോടും കുട്ടികളോടും പരിഗണന കൂടാതെ കളികൾ കാണുന്നതിനായി തന്റെ വ്യക്തിപരമായ സമയം ഉപയോഗിക്കുന്നതിൽ എനിക്ക് നീരസമുണ്ട്.”
ഇത് ഒരൊററപ്പെട്ട പരാതിയാണോ? ഒരിക്കലുമല്ല. ലോകത്തെമ്പാടുമുള്ള കുടുംബങ്ങളിൽ മററുള്ളവരെ അവഗണിച്ചുകൊണ്ട് കളികൾ വീക്ഷിക്കാൻ ചില കുടുംബാംഗങ്ങൾ വളരെയധികം സമയം ചെലവഴിക്കാറുണ്ട്. ബ്രസീലിലെ ഒരു വീട്ടമ്മ ഒരു അപകടകരമായ പരിണതഫലത്തിലേക്ക് വിരൽചൂണ്ടുന്നു, “വിവാഹത്തെ അപകടപ്പെടുത്തിക്കൊണ്ട് ഭാര്യക്കും ഭർത്താവിനുമിടയിലുള്ള സ്നേഹത്തിനും വിശ്വാസത്തിനും ക്രമേണ ദുർബ്ബലമായിത്തീരാൻ കഴിയും.”
സ്പോർട്സ് പ്രേമികൾ മിക്കപ്പോഴും മററു പ്രകാരങ്ങളിലും അസന്തുലിതരാണ്. അവർ സാധാരണയായി കളിക്കാരെ വിഗ്രഹമാക്കുന്നു, ഇത് ഒരു പ്രശ്നമായി ചില കളിക്കാർതന്നെ കാണുന്നു. ജർമ്മൻ ടെന്നിസ് താരമായ ബോറീസ് ബെക്കർ ഇങ്ങനെ പ്രസ്താവിച്ചു, “ഞാൻ എന്റെ സ്വന്തം പട്ടണത്തിൽ പ്രവേശിച്ചപ്പോൾ പോപ്പിൽ നിന്നും അനുഗ്രഹങ്ങൾ പ്രതീക്ഷിച്ചുകൊണ്ടെന്നപോലെ ആളുകൾ എന്നെ തുറിച്ചുനോക്കിക്കൊണ്ട് അവിടെ നിന്നു, എന്റെ ആരാധകരുടെ കണ്ണുകളിലേക്ക് ഞാൻ നോക്കിയപ്പോൾ . . . രാക്ഷസൻമാരെ നോക്കുന്നതായി ഞാൻ ചിന്തിച്ചുപോയി. അവരുടെ കണ്ണുകൾ നിശ്ചലമായിരുന്നു, അവയിൽ ജീവനില്ലായിരുന്നു.”
സ്പോർട്സിന്, ഉത്തേജനവും ശക്തമായ ആസക്തിയും സൃഷ്ടിക്കുന്ന ഒരു കാന്തിക ശക്തിയായിരിക്കാൻ കഴിയുമെന്നതിനു സംശയമില്ല. കളിക്കാരുടെ എകോപിച്ചുള്ള പ്രവർത്തനവും സാമർത്ഥ്യവും കൊണ്ടു മാത്രമല്ല, ഒരു കളിയുടെ ഫലമെന്തായിരിക്കും എന്ന അനിശ്ചിതാവസ്ഥയും നിമിത്തം ആളുകൾ വശീകരിക്കപ്പെട്ടേക്കാം. ആർ ജയിക്കുമെന്നറിയാൻ അവർ ആഗ്രഹിക്കുന്നു. കൂടാതെ, ദശലക്ഷങ്ങൾക്ക് കളികൾ ജീവിതത്തിലെ വിരസമായ കാര്യങ്ങളിൽ നിന്നും ഒരു മാററം നൽകുന്നു.
എന്നിരുന്നാലും ജനങ്ങൾക്ക് സന്തോഷം കൈവരുത്താൻ കളികൾക്ക് സാധിക്കുമോ? അവക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന യഥാർത്ഥ പ്രയോജനങ്ങളുണ്ടോ? കൂടാതെ അവയോടനുബന്ധിച്ചുള്ള പ്രശ്നങ്ങൾ നിങ്ങൾക്കെങ്ങനെ ഒഴിവാക്കാൻ സാധിക്കും? (g91 8/22)
[9-ാം പേജിലെ ചതുരം]
കളികളാകുന്ന മതം
ഐസ് “ഹോക്കി കാനഡായിൽ ഒരു കളിയേക്കാൾ അധികമാണ്: അത് അനേകർക്കും ഒരു മതം പോലെ പ്രവർത്തിക്കുന്നു,” എന്ന് കാനഡാക്കാരനായ റേറാം സിൻക്ലെർ-ഫോക്ക്നെർ വാദിച്ചിരിക്കുന്നു. കളികളിലാവേശമുള്ള അനേകർ, അവർ എവിടെ ജീവിക്കുന്നവരായിരുന്നാലും, പ്രകടമാക്കുന്ന മനോഭാവത്തിന്റെ മാതൃകയാണ് ഇത്.
ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിൽ സ്പോർട്സ് “ഒരു അംഗീകൃത ലൗകിക മതം,” എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. സ്പോർട്സ് മനശ്ശാസ്ത്രജ്ഞനായ ഡേവിഡ് കോക്സ് ഇപ്രകാരം കുറിക്കൊണ്ടു: “നിഘണ്ടുവിലുള്ള മതത്തിന്റെ നിർവ്വചനവും കളികളും തമ്മിൽ വളരെയധികം ബന്ധങ്ങളുണ്ട്.” ചില “ആളുകൾ കായികാഭ്യാസികളെ ദൈവങ്ങളോ പുണ്യവാളൻമാരോ ആയി കണക്കാക്കാറുണ്ട്” എന്ന് മി. കോക്സ് കൂട്ടിച്ചേർത്തു.
കളിഭ്രാന്തൻമാർ വളരെ ത്യാഗങ്ങൾ ചെയ്യാറുണ്ട്, തങ്ങളുടെ കളികൾക്കായി സമയവും പണവും നീക്കിവെച്ചുകൊണ്ട് മിക്കപ്പോഴും തങ്ങളുടെ കുടുംബങ്ങളുടെ ചെലവിൽ തന്നെ. ടെലിവിഷനിൽ സ്പോർട്സ് വീക്ഷിക്കുന്നതിനായി ആരാധകർ എണ്ണമററ മണിക്കൂറുകൾ നീക്കിവെക്കും. അവർ അഭിമാനപൂർവ്വം തങ്ങളുടെ ടീമിന്റെ നിറം അണിയുകയും കളികളുടെ ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്യും. തങ്ങളുടെ കളികളുടെ ആരാധകരാണെന്ന് തിരിച്ചറിയിച്ചുകൊണ്ട് അവർ ഉൻമാദത്തോടും അലറിക്കൊണ്ടും പാട്ടുകൾ പാടും.
അനേകം കായികതാരങ്ങൾ കളിക്ക് മുമ്പ് ദൈവത്തിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ഒരു ഗോൾ നേടിയതിനു ശേഷം നന്ദികൊടുക്കുന്നതിനായി മുട്ടുകുത്തി പ്രാർത്ഥിക്കുകയും ചെയ്യും. ആയിരത്തിത്തൊള്ളായിരത്തിഎൺപത്തിയാറിലെ ലോകകപ്പ് കളിയിൽ അർജൻറീനായിലെ ഒരു ഫുട്ബോൾ താരം തന്റെ ഗോൾ ദൈവത്തിന്റെ കരങ്ങളിലേക്ക് സമർപ്പിച്ചു. കൂടാതെ ചില അടിയുറച്ച മതവിശ്വാസികളെപ്പോലെ കളിഭ്രാന്തൻമാർ “അടിസ്ഥാന സൈദ്ധാന്തിക വിശ്വാസികൾ” എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ഭ്രാന്ത് പ്രതിയോഗികളായ ആരാധകരുടെ ഇടയിൽ രക്തപങ്കിലവും ചിലപ്പോൾ മാരകവുമായ പോരാട്ടമുളവാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.
വ്യാജമതത്തിന് സമാനമായി, കളികളാകുന്ന “ലൗകിക മതം” അതിന്റെ അത്യാർത്തിയുള്ള അനുഗാമികൾക്ക് “പുണ്യവാളൻ”മാരേയും പാരമ്പര്യങ്ങൾ, സ്മാരകാവശിഷ്ടങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയേയും പ്രദാനം ചെയ്യാറുണ്ട്, എന്നാൽ അത് അവരുടെ ജീവിതത്തിന് യഥാർത്ഥമോ നിലനിൽക്കുന്നതോ ആയ അർത്ഥം നൽകുന്നില്ല.
[7-ാം പേജിലെ ചിത്രം]
കളിക്കാർ മിക്കപ്പോഴും അശക്തരാക്കപ്പെടുന്നു
[8-ാം പേജിലെ ചിത്രം]
ടി.വി-യിലെ സ്പോർട്സ് വീക്ഷണത്തിന് കുടുംബത്തിൽ വിയോജിപ്പുണ്ടാക്കാൻ കഴിയും