യുവജനങ്ങൾ ചോദിക്കുന്നു . . .
ഞാൻ ഒരു സ്പോർട്സ് ടീമിൽ ചേരണമോ?
“ഒരു ടീമിൽ ആയിരിക്കുന്നതിൽ ഇത്രമാത്രം പ്രത്യേകത എന്താണ്?” സെവൻറീൻ മാഗസിനിലെ ഒരു ലേഖനം അപ്രകാരം ചോദിച്ചു. “നിങ്ങൾ ഒരു പൊതുലക്ഷ്യത്തിനുനേരെ ഒരുമിച്ചു പ്രവർത്തിക്കുന്നു, തൻമൂലം നിങ്ങൾ ഉറ്റസുഹൃത്തുക്കളായിത്തീരുന്നു. ഒരു സംഘവുമായുള്ള പ്രശ്നങ്ങൾ എപ്രകാരം പരിഹരിക്കാം, എങ്ങനെ വഴക്കവും പരിഗണനയും ഉള്ളവരായിരിക്കാം, എങ്ങനെ വിട്ടുവീഴ്ച ചെയ്യാം എന്നിങ്ങനെ മറ്റുള്ളവരുമായി ഇടപെടുന്ന വിധത്തെക്കുറിച്ചും നിങ്ങൾ പഠിക്കുന്നു”വെന്ന് ഉത്തരമായി ആ ലേഖനം പറഞ്ഞു.
അങ്ങനെ, സംഘടിത സ്പോർട്സിൽ ഏർപ്പെടുന്നതുകൊണ്ടു പ്രയോജനങ്ങളുള്ളതായി കാണപ്പെടുന്നു. അവയിൽ പ്രധാനമാണു നേരമ്പോക്കും വ്യായാമവും.a ടീം സ്പോർട്സിൽ ഏർപ്പെടുന്നത് ഒരുവന്റെ സ്വഭാവനിഷ്ഠയുടെ വികസനത്തിനു സഹായകരമാണെന്നു ചിലർ അവകാശപ്പെടുകപോലും ചെയ്യുന്നു. അതുകൊണ്ട് ഒരു യുവ ബെയ്സ്ബോൾ പ്രസ്ഥാനത്തിന്റെ ആദർശസൂക്ഷം “സ്വഭാവനിഷ്ഠ, ധൈര്യം, വിശ്വസ്തത” എന്നാണ്.
സംഘടിത സ്പോർട്സ് എല്ലായ്പോഴും അത്തരം ശ്രേഷ്ഠമായ ആദർശങ്ങൾക്കു ചേർച്ചയിലായിരിക്കുന്നില്ല എന്നതാണു പ്രശ്നം. കിഡ്സ്പോർട്സ് എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ചില സന്ദർഭങ്ങളിൽ, ഗ്രഹണക്ഷമതയുള്ള ചെറുപ്പക്കാർ അശ്ലീല ഭാഷ ഉപയോഗിക്കുന്നതിനും ചതിക്കുന്നതിനും പോരാടുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും മറ്റുള്ളവരെ മുറിവേൽപ്പിക്കുന്നതിനും പഠിക്കുന്നു.”
എന്തു വിലകൊടുത്തും വിജയമോ?
സെവൻറീൻ മാഗസിനിലെ ഒരു ലേഖനം ഇപ്രകാരം സമ്മതിക്കുന്നു: “വിജയത്തിനു വമ്പിച്ച മൂല്യം കൽപ്പിക്കുന്ന ഒരു ഇരുണ്ടവശം സ്പോർട്സിനുണ്ട്.” ഇതു പിൻവരുന്ന ബൈബിൾ വാക്യങ്ങൾക്കു കടകവിരുദ്ധമാണ്: “നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.” (ഗലാത്യർ 5:26) ഒരു ചെറിയ അളവിലുള്ള സൗഹൃദ മത്സരത്തിനു കളിയോടുള്ള താത്പര്യവും ആസ്വാദനവും വർധിപ്പിക്കാൻ കഴിയുമെന്നിരിക്കെ, ഒരു അമിത മത്സരാത്മാവിനു ശത്രുത ജനിപ്പിക്കാനും കളിയിലെ നേരമ്പോക്കിനെ ഇല്ലാതാക്കാനും കഴിയും.
“ഞങ്ങളുടെ കോച്ച് ഒരു യഥാർഥ സ്പോർട്സ് ഭ്രാന്തനായിരുന്നു; എല്ലായ്പോഴും ഞങ്ങളുടെനേർക്ക് ആക്രോശിക്കുകയും അലറുകയും ചെയ്യുമായിരുന്നു . . . പരിശീലനത്തിനുപോകുന്നത് എനിക്കു പ്രാണഭയമായിരുന്നു. . . . ഞാനൊരു തടങ്കൽപ്പാളയത്തിലായിരുന്നതുപോലെ എനിക്കുതോന്നി,” ഒരു മുൻ ഹൈസ്കൂൾ ഫുട്ബോൾ കളിക്കാരനായ ജോൻ അനുസ്മരിക്കുന്നു. എല്ലാ കോച്ചുമാരും ഭർത്സിക്കുന്നവരല്ലെന്നിരിക്കെ, അനേകരും വിജയത്തിനു വളരെയധികം ഊന്നൽ കൊടുക്കുന്നു. “അനേകം കായികതാരങ്ങൾ . . . മത്സരിക്കുന്നതിന്റെ സന്തോഷം, വിജയിക്കുകയെന്ന ഒരു അസഹനീയ ഭാരത്തിനു വഴിമാറിക്കൊടുക്കുന്ന ഘട്ടംവരെ എത്തിച്ചേരുന്നു”വെന്ന് ഒരു എഴുത്തുകാരൻ നിഗമനം ചെയ്തു. ഫലമെന്തായിരിക്കാം?
കോളെജിലെ ഫുട്ബോളും ബാസ്കറ്റ്ബോളും കളിക്കാരുടെയിടയിൽ “12 ശതമാനത്തിനു മനഃശാസ്ത്രപരമായ വേദന, ശാരീരിക ക്ലേശം, മയക്കുമരുന്നുകളോ ലഹരിപദാർഥങ്ങളോ ഒഴിവാക്കുന്നതിലെ ബുദ്ധിമുട്ട്, മാനസികവും ശാരീരികവുമായ ദുഷ്പെരുമാറ്റം, മോശമായ വിദ്യാഭ്യാസ നിർവഹണം എന്നീ അഞ്ചു മേഖലകളിൽ കുറഞ്ഞപക്ഷം രണ്ടെണ്ണത്തിലെങ്കിലും പ്രശ്നമുള്ളതായി റിപ്പോർട്ടുചെയ്തു”വെന്ന് ഒരു സർവേ വെളിപ്പെടുത്തിയതായി സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്തു. അതേ ചിന്താധാരയിൽ, ഓൺ ദ മാർക്ക് എന്ന പുസ്തകം ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “സംഘടിത കായികമത്സരങ്ങളുമായി ബന്ധപ്പെട്ട മിക്കവാറുമെല്ലാവരുംതന്നെ സ്പോർട്സിൽ ഏതു തുറകളിലും ഒരു വലിയ മയക്കുമരുന്നു ദുരുപയോഗ പ്രശ്നമുണ്ടെന്നു സമ്മതിക്കുന്നു.”
ധാർമിക വിട്ടുവീഴ്ചകൾ
വിജയം നേടാനുള്ള സമ്മർദത്തിന്, ഒരു യുവ കളിക്കാരൻ നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും ന്യായയുക്തമായ നിലവാരങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനിടയാക്കാൻ കഴിയും. നിങ്ങളുടെ കുട്ടി സ്പോർട്സിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം നിരീക്ഷിക്കുന്നു: “സ്പോർട്സിന്റെ ആധുനിക ലോകത്തിൽ വിജയിക്കുകയെന്നതു കേവലം നല്ലതു മാത്രമായിരിക്കുന്നില്ല; അതു മാത്രമാണു സ്വീകാര്യമായ സംഗതി. പരാജയം മോശമാണെന്നു മാത്രമല്ല, അത് അസ്വീകാര്യവുമാണ്.”
മറ്റൊരു പരുക്കൻ യാഥാർഥ്യം ഇതാണ്: കോച്ചുമാർ പലപ്പോഴും എതിരാളികളെ മുറിവേൽപ്പിക്കുന്നതിനുള്ള കഠിനമായ സമ്മർദത്തിൻകീഴിൽ കളിക്കാരെ ആക്കിത്തീർക്കുന്നു. സൈക്കോളജി റ്റുഡേയിലെ ഒരു ലേഖനം ഇപ്രകാരം പറഞ്ഞു: “സ്പോർട്സിൽ നല്ലവരായിരിക്കാൻ, നിങ്ങൾ മോശമായിരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അതാണ് അനേകം കായികതാരങ്ങളും കോച്ചുമാരും സ്പോർട്സ് ഭക്തരും വിശ്വസിക്കുന്നത്.” തന്റെ സാധാരണ വ്യക്തിത്വമനുസരിച്ചു താൻ “മൃദുഭാഷിയും പരിഗണനയും സൗഹൃദവും” കാട്ടുന്നവനുമാണെന്ന് ഒരു തൊഴിലധിഷ്ഠിത ഫുട്ബോൾ കളിക്കാരൻ വിവരിക്കുന്നു. എന്നാൽ കളിക്കളത്തിലായിരിക്കുമ്പോൾ അദ്ദേഹമൊരു ദ്വിമുഖ വ്യക്തിത്വ പരിവർത്തനത്തിലൂടെ കടന്നുപോകുന്നു. കളിക്കളത്തിലെ തന്റെ വ്യക്തിത്വത്തെ വർണിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പറയുന്നു: “അപ്പോൾ ഞാൻ നീചനും വൃത്തികെട്ടവനുമാണ്. . . . ഞാൻ അങ്ങേയറ്റം ദുഷിച്ചവനാണ്. ഞാൻ പ്രഹരിക്കാൻ പോകുന്ന വ്യക്തിയോട് എനിക്കു തികഞ്ഞ അനാദരവാണുള്ളത്.” അത്തരത്തിലുള്ള ഒരു സ്ഥിതിവിശേഷത്തെ കോച്ചുമാർ പലപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.
ബൈബിൾ ക്രിസ്ത്യാനികളെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊൾക.” (കൊലൊസ്സ്യർ 3:12) നിങ്ങളുടെ എതിരാളികളെ മുറിവേൽപ്പിക്കുന്നതിനും ഞെരിച്ചമർത്തുന്നതിനും വികലാംഗരാക്കുന്നതിനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഉശിരൻ പ്രസംഗങ്ങൾ ദിനംപ്രതി കേൾക്കുന്നപക്ഷം നിങ്ങൾ അത്തരം ഗുണങ്ങൾ നട്ടുവളർത്തുമോ? പതിനാറു വയസ്സുകാരനായ റോബർട്ട് ഇങ്ങനെ സമ്മതിക്കുന്നു: “ഞാൻ സംഘടിത സ്പോർട്സിൽ കളിച്ചിട്ടുണ്ട്. ജയിക്കുന്നതുവരെ ആരെയാണു മുറിവേൽപ്പിക്കുന്നത് എന്നൊന്നും നിങ്ങൾ ശ്രദ്ധിക്കുന്നേയില്ല.” ഇപ്പോൾ അവനൊരു സ്നാപനമേറ്റ ക്രിസ്ത്യാനിയാണ്, തന്മൂലം അവന്റെ വീക്ഷണഗതികൾ മാറിയിരിക്കുന്നു. “ഞാൻ മേലാൽ അതിലേക്കു മടങ്ങുകയില്ല” എന്ന് അവൻ പറയുന്നു
ശാരീരിക പരിശീലനമോ ശാരീരിക മുറിവോ?
ശാരീരിക അപകടസാധ്യതകളെയും മറന്നുകളയാവതല്ല. കൂട്ടുകാരോടൊപ്പം നേരംപോക്കിനുവേണ്ടിമാത്രം കളിക്കുമ്പോൾപോലും സ്പോർട്സ് അപകടസാധ്യതകൾക്കു വഴിയൊരുക്കുന്നുവെന്നതു സത്യമാണ്. എന്നാൽ തൊഴിലധിഷ്ഠിത തലങ്ങളിൽ എത്തിച്ചേരാൻ ശ്രമിച്ചുകൊണ്ടു യുവാക്കൾ പരിശീലനം നേടുമ്പോൾ അപകടങ്ങൾ കൂടുതൽ വർധിക്കുന്നു.
“തൊഴിലധിഷ്ഠിത കളിക്കാർക്കു മുറിവേറ്റേക്കാം. എന്നാൽ അവർ വളരെ വിദഗ്ധരായ, ശാരീരികമായി കഴിവുറ്റ, മുറിവേൽക്കുന്നതിന്റെ സാധ്യത മനസ്സൊരുക്കത്തോടെ ഏറ്റെടുക്കുന്ന, പക്വതയുള്ള, പുരുഷന്മാരാണ്. അങ്ങനെ ചെയ്യുന്നതിനാൽ അവർക്കു നല്ല പ്രതിഫലം ലഭിക്കുകയും ചെയ്യുന്നു. അതിലുപരി, അവർക്കു പൊതുവേ ഏറ്റവും നല്ല, അതിവിദഗ്ധമായിട്ടുള്ള പരിശീലനം ലഭിക്കുന്നു. കൂടാതെ, ഏറ്റവും നല്ല ഉപകരണങ്ങളും വളരെയടുത്ത, മുന്തിയ വൈദ്യചികിത്സയും ലഭ്യമാകുന്നു. . . . സ്കൂൾ കുട്ടികൾക്ക് അത്തരത്തിലുള്ള ആനുകൂല്യങ്ങളില്ല” എന്ന് നിങ്ങളുടെ കുട്ടി സ്പോർട്സിൽ എന്ന പുസ്തകം അഭിപ്രായപ്പെടുന്നു. ‘തങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിക്കാ’ൻ ക്രിസ്ത്യാനികളോടു പറഞ്ഞിരിക്കുന്നു. (റോമർ 12:1) നിങ്ങളുടെ ശരീരത്തെ അനാവശ്യമോ ന്യായരഹിതമോ ആയ അപകടസാധ്യതകൾക്കു വിധേയമാക്കുന്നതിനെക്കുറിച്ചു നിങ്ങൾ രണ്ടാമതൊന്നു ചിന്തിക്കേണ്ടതല്ലേ?
പരിഗണിക്കേണ്ട മറ്റു ഘടകങ്ങൾ
ആരോഗ്യപരമായ അപകടസാധ്യതകൾ കുറവാണെന്നു തോന്നുന്നെങ്കിൽപ്പോലും, സംഘടിത സ്പോർട്സ് അപ്പോഴും സമയം പാഴാക്കുന്നതാണ്. പരിശീലന സെഷനുകൾ നിങ്ങളുടെ സാമൂഹ്യ ജീവിതത്തെ വെട്ടിക്കുറയ്ക്കുക മാത്രമല്ല, പഠനത്തിനും ഗൃഹപാഠത്തിനും മാറ്റിവെക്കേണ്ട സമയത്തിന്റെ സിംഹഭാഗം കവർന്നെടുക്കുകയും ചെയ്തേക്കാം. പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മറ്റു കുട്ടികളെക്കാൾ “അൽപ്പം താഴ്ന്ന ഗ്രെയിഡുകൾ” ഉണ്ടായിരിക്കാൻ കോളെജ് കായികതാരങ്ങൾ പ്രവണതകാട്ടുന്നതായി സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്തു. അതിലും പ്രധാനമായി, ഒരു ടീമിൽ സേവിക്കുന്നത് “അധികം പ്രാധാന്യമുള്ള കാര്യങ്ങൾ” എന്നു ബൈബിൾ വിളിക്കുന്ന ആത്മീയ താത്പര്യങ്ങളെ അനുധാവനം ചെയ്യുന്നതു പ്രയാസമാക്കിത്തീർക്കുന്നുവെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. (ഫിലിപ്പിയർ 1:10, NW) ‘ഒരു ടീമിൽ ചേരുന്നത് എന്നെ ക്രിസ്തീയ യോഗങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കുമോ, അല്ലെങ്കിൽ അതു പ്രസംഗവേലയിലുള്ള എന്റെ പങ്ക് പരിമിതപ്പെടുത്തുമോ?’ എന്നു നിങ്ങൾ സ്വയം ചോദിക്കുക.
ധാർമിക നിലവാരങ്ങൾ, ശുദ്ധമായ സംസാരം, അല്ലെങ്കിൽ മത്സരം ഇവയെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെക്കാത്ത യുവാക്കളോടും മുതിർന്നവരോടുമൊപ്പം അനേക മണിക്കൂറുകൾ ചെലവഴിക്കുന്നതിന്റെ സാധ്യമായ ഫലങ്ങളെ ശ്രദ്ധാപൂർവം തൂക്കിനോക്കുക. “ചീത്ത സഹവാസം പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു”വെന്നു ബൈബിൾതന്നെയും പറയുന്നുണ്ടല്ലോ. (1 കൊരിന്ത്യർ 15:33, NW) ഉദാഹരണത്തിന്, ദ ന്യൂയോർക്ക് ടൈംസ്-ന്റെ മുഖപ്രസംഗത്തിനെതിരെയുള്ള പേജിലെ ഒരു ലേഖനത്തെക്കുറിച്ചു പരിചിന്തിക്കുക: “വസ്ത്രം മാറുന്നതിനും സാമഗ്രികൾ സൂക്ഷിക്കുന്നതിനുമുള്ള മുറി പുരുഷന്മാർ വ്യക്തമായ ലൈംഗിക പദപ്രയോഗങ്ങളിലൂടെ സ്ത്രീശരീരത്തെക്കുറിച്ചു ചർച്ച ചെയ്യുന്നതിനുള്ള സ്ഥലമാണ്. അവർ ‘ലൈംഗിക സംഭോഗം നടത്തുന്നതിൽ വിജയിക്കുന്നതിനെ’ക്കുറിച്ചു വീമ്പിളക്കുകയും സ്ത്രീകളെ പ്രഹരിക്കുന്നതിനെക്കുറിച്ചു തമാശ പറയുകയും ചെയ്യുന്ന സ്ഥലമാണ്.” അത്തരമൊരു ചുറ്റുപാടിലായിരിക്കുന്നതു നിങ്ങൾ തിരഞ്ഞെടുക്കുന്നപക്ഷം ആത്മീയമായി നിങ്ങൾ എങ്ങനെ വർത്തിക്കും?—യാക്കോബ് 3:18 താരതമ്യം ചെയ്യുക.
ഒരു ജ്ഞാനപൂർവകമായ തീരുമാനമെടുക്കൽ
ഒരു സ്പോർട്സ് ടീമിൽ ചേരുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുന്നുണ്ടോ? എങ്കിൽ, അതിന് ഒടുക്കേണ്ടിവരുന്ന വില പരിഗണിക്കാൻ ഒരുപക്ഷേ മേൽപ്പറഞ്ഞവ നിങ്ങളെ സഹായിക്കും. നിങ്ങൾ തീരുമാനമെടുക്കുമ്പോൾ മറ്റുള്ളവരുടെ മനസ്സാക്ഷിയെയും പരിഗണനയിലെടുക്കുക. (1 കൊരിന്ത്യർ 10:24, 29, 32) തീർച്ചയായും, ലോകവ്യാപകമായി സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കുന്നതിനാൽ കർശനമായ നിയമം ഉണ്ടാക്കാൻ കഴിയുകയില്ല. ചില പ്രദേശങ്ങളിൽ സ്പോർട്സിൽ പങ്കെടുക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെടുകപോലും ചെയ്തേക്കാം. എന്നാൽ നിങ്ങൾക്കു സംശയം തോന്നുന്നപക്ഷം കാര്യാദികളെക്കുറിച്ചു നിങ്ങളുടെ മാതാപിതാക്കളുമായോ ഒരു പക്വതയുള്ള ക്രിസ്ത്യാനിയുമായോ സംസാരിക്കുക.
അനേകം ക്രിസ്തീയ യുവാക്കൾ ടീം സ്പോർട്സിൽ കളിക്കാതിരിക്കാനുള്ള പ്രയാസമേറിയ തീരുമാനമെടുത്തിട്ടുണ്ട്. നിങ്ങൾ കായികതാരവും യഥാർഥത്തിൽ സ്പോർട്സ് ആസ്വദിക്കുന്ന ആളുമാണെങ്കിൽ ഇത് എളുപ്പമല്ല! അധ്യാപകരിൽനിന്നും കോച്ചുമാരിൽനിന്നും മാതാപിതാക്കളിൽനിന്നുമുള്ള സമ്മർദം നിങ്ങളുടെ നൈരാശ്യത്തിന് ആക്കം കൂട്ടിയേക്കാം. യുവാവായ ജിമ്മി ഇപ്രകാരം സമ്മതിക്കുന്നു: “കളിക്കാതിരിക്കുകയെന്നത് എന്നോടുതന്നെയുള്ള ഒരു കഠിന പോരാട്ടമാണെന്നു ഞാൻ കണ്ടെത്തുന്നു. എന്റെ അവിശ്വാസിയായ പിതാവ് അദ്ദേഹത്തിന്റെ ഹൈസ്കൂൾ നാളുകളിൽ ഒരു പ്രശസ്ത കായികതാരമായിരുന്നു. ഒരു ടീമിൽ ചേരാതിരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം ചിലപ്പോഴൊക്കെ ദുഷ്ക്കരമാണ്.” അങ്ങനെയാണെങ്കിൽപോലും, വിശ്വാസികളായ മാതാപിതാക്കളുടെയും സഭയിലെ പക്വതയുള്ള ക്രിസ്ത്യാനികളുടെയും പിന്തുണയ്ക്കു തീരുമാനത്തോടു പറ്റിനിൽക്കാൻ നിങ്ങളെ വളരെയധികം സഹായിക്കാൻ കഴിയും. ജിമ്മി ഇപ്രകാരം പറയുന്നു: “ഞാൻ എന്റെ മമ്മിയോടു നന്ദിയുള്ളവനാണ്. ചിലപ്പോൾ സ്പോർട്സിൽ ഏർപ്പെടാനുള്ള സമ്മർദം നിമിത്തം ഞാൻ വിഷാദചിത്തനാകുന്നു. എന്നാൽ എന്റെ യഥാർഥ ജീവിതലക്ഷ്യങ്ങളെക്കുറിച്ച് എന്നെ ഓർമിപ്പിക്കാൻ മമ്മി എല്ലായ്പോഴും സന്നിഹിതയാണ്.”
ടീം സ്പോർട്സ് സഹകരിക്കുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കളിക്കാരെ പഠിപ്പിച്ചേക്കാം. പക്ഷേ ക്രിസ്തീയ സഭയ്ക്കുള്ളിൽ പ്രവർത്തിക്കുന്നതിനാൽ അത്തരം കാര്യങ്ങൾ പഠിക്കുന്നതിനു മതിയായ അവസരമുണ്ട്. (എഫെസ്യർ 4:16 താരതമ്യം ചെയ്യുക.) ടീം സ്പോർട്സ് നേരംപോക്കും ആയിരുന്നേക്കാം, എന്നാൽ അവ ആസ്വദിക്കാൻ നിങ്ങൾ ഒരു ടീമിൽ ആയിരിക്കണമെന്നില്ല. ചില കളികൾ ക്രിസ്തീയ സുഹൃത്തുക്കളോടൊപ്പം മുറ്റത്തോ പ്രാദേശിക പാർക്കിലോ ആസ്വദിക്കാൻ കഴിയും. കുടുംബ ഉല്ലാസയാത്രകൾ ആരോഗ്യാവഹമായ കളിക്കു കൂടുതലായ അവസരങ്ങൾ പ്രദാനം ചെയ്തേക്കാം. 16 വയസ്സുകാരനായ ഗ്രെഗ് ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഭയിലെ മറ്റുള്ളവരോടൊപ്പം കളിക്കുന്നത് എത്രയോ നല്ലതാണ്. അതു കേവലം നേരമ്പോക്കിനാണ്, നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പവുമാണ്!”
നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം കളിക്കുന്നത് ഒരുപക്ഷേ, വിജയിക്കുന്ന ടീമിലായിരിക്കുന്നതിന്റെ അതേ ഹർഷോന്മാദം നൽകുകയില്ല എന്നതു സത്യം തന്നെ. എന്നുവരികിലും, ഏറ്റവും അനുകൂലമായ സാഹചര്യങ്ങളിൽപോലും “ശാരീരിക പരിശീലനം അൽപ്പം [മാത്രം] പ്രയോജനമുള്ളതാകുന്നു; എന്നാൽ ദൈവിക ഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു” എന്നതു മറക്കരുത്. (1 തിമോത്തി 4:8, NW) ദൈവിക ഭക്തി വികസിപ്പിച്ചെടുക്കുക, ദൈവദൃഷ്ടിയിൽ നിങ്ങൾ യഥാർഥത്തിൽ ഒരു വിജയിയായിരിക്കും!
[അടിക്കുറിപ്പ്]
a ഞങ്ങളുടെ 1996 ഫെബ്രുവരി 22 ലക്കത്തിലുള്ള “യുവജനങ്ങൾ ചോദിക്കുന്നു . . . ടീം സ്പോർട്സ്—അവ എനിക്കു പ്രയോജനകരമാണോ?” കാണുക.
[22-ാം പേജിലെ ആകർഷകവാക്യം]
“ഞങ്ങളുടെ കോച്ച് ഒരു യഥാർഥ സ്പോർട്സ് ഭ്രാന്തനായിരുന്നു; എല്ലായ്പോഴും ഞങ്ങളുടെനേർക്ക് ആക്രോശിക്കുകയും അലറുകയും ചെയ്യുമായിരുന്നു . . . പരിശീലനത്തിനു പോകുന്നത് എനിക്കു പ്രാണഭയമായിരുന്നു”
[23-ാം പേജിലെ ചിത്രം]
ഒട്ടുമിക്കപ്പോഴും, കോച്ചുമാർ വിജയത്തിന് ഊന്നൽ കൊടുക്കുന്നു—അതു മറ്റുള്ളവരെ മുറിവേൽപ്പിച്ചിട്ടാണെങ്കിൽക്കൂടി