ലോകത്തെ വീക്ഷിക്കൽ
മാനുഷ അവയവങ്ങളുടെ ഭീഭൽസമായ ഉറവ്
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയെട്ടിന്റെ ആരംഭത്തിൽ ഗോട്ടിമാലയിലെ സാന്ത കാതറീന എന്ന സ്ഥലത്ത് വലിയ വാർത്താ പ്രാധാന്യം നൽകപ്പെടാഞ്ഞ ഒരു വസ്തുത കണ്ടുപിടിക്കപ്പെട്ടു. അവിടെ, യൂറോപ്പിയൻ പാർലമെൻറിന്റെ ഒരു പ്രമേയം പറഞ്ഞതനുസരിച്ച് പ്രാദേശിക അധികാരികൾ ഒരു “കാസ ഡെ എൻഗോർഡേ” അല്ലെങ്കിൽ “ഒരു മെഴുപ്പിക്കൽ കേന്ദ്രം” കണ്ടെത്തി. അവിടെനിന്ന്, 20 യു. എസ്സ്. ഡോളർ വരെ താഴ്ന്ന വിലക്ക് വാങ്ങപ്പെട്ട നവജാത ശിശുക്കൾ കുറേക്കാലം വളർത്തപ്പെട്ട ശേഷം അമേരിക്കൻ അല്ലെങ്കിൽ ഇസ്രായേലി കുടുംബങ്ങൾക്ക് 75,000 ഡോളർ വിലക്ക് വിൽക്കപ്പെട്ടിരുന്നു. എന്തുദ്ദേശ്യത്തിൽ? കുഞ്ഞുങ്ങളെ വാങ്ങുന്ന കുടുംബത്തിൽ ഉള്ള കുട്ടികൾക്ക് ആർക്കെങ്കിലും ഒരു അവയവം പറിച്ചു നടേണ്ട ആവശ്യമുണ്ടെങ്കിൽ ഈ കുട്ടികളുടെ അവയവങ്ങൾ ഉപയോഗിക്കാനാണ് അങ്ങനെ ചെയ്തിരുന്നത് എന്നാണ് പ്രമേയം പറഞ്ഞത്. അതുപോലെ മറെറാരു “മെഴുപ്പിക്കൽ കേന്ദ്രം” 1987ൽ ഹോൺഡൂറാസിൽ കണ്ടെത്തിയതായും പ്രമേയം പറയുന്നു. “അതിനടുത്തായി അനേകം കുട്ടികളുടെ, അവയിൽ ചിലത് നവജാതശിശുക്കളുടെ, ശരീരം ഒന്നോ അതിലധികമോ അവയവങ്ങൾ പറിച്ചു നീക്കപ്പെട്ട നിലയിൽ കാണപ്പെട്ടു.” ഗോട്ടിമാല നഗരത്തിനടുത്തായി മറെറാരു കേന്ദ്രം കണ്ടെത്തപ്പെട്ടു. അവിടെ സൂക്ഷിച്ചിരുന്ന “രജിസ്ററർ. . .വിദേശങ്ങളിലേക്ക് 170 ശിശുക്കൾ വിൽക്കപ്പെട്ടതായി സൂചിപ്പിച്ചു. അവയിൽ ഭൂരിഭാഗവും അവയവങ്ങൾ പറിച്ചു നീക്കുന്നതിനുവേണ്ടി ഐക്യനാടുകളിലേക്കാണ് അയക്കപ്പെട്ടത്.” ഈ ഭീകര പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ പാർലമെൻറ് പ്രമേയത്തിന്റെ കോപ്പികൾ വിവിധ ഗവൺമെൻറുകൾക്കും ഏജൻസികൾക്കും അയച്ചു കൊടുത്തിട്ടുണ്ട്.
വൃക്കകൾ വിൽപ്പനക്ക്
നിങ്ങളുടെ തകരാറൊന്നുമില്ലാത്ത ഒരു വൃക്ക നിങ്ങൾ പണത്തിനുവേണ്ടി വിൽക്കാൻ തയ്യാറാകുമോ? പറിച്ചു നടീലിനുവേണ്ടി മാനുഷാവയവങ്ങൾ വിൽക്കുന്ന ഒരു പശ്ചിമ ജർമ്മൻ കമ്പനി വൃക്ക നൽകാൻ തയ്യാറുള്ളവർക്ക് 45,000 യു. എസ്സ്. ഡോളർ വച്ചു നീട്ടുന്നു. അതിന്റെ ഫലമായി തങ്ങളെ “മൂടാൻ മാത്രം” സമ്മത പത്രങ്ങൾ ലഭിച്ചതായി കമ്പനിയുടെ ഒരു വക്താവ് പറഞ്ഞു. പെട്ടെന്ന് പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗമായി ഇതിനെ വീക്ഷിക്കുന്ന ആളുകൾ മാനുഷ അവയവങ്ങൾ വിൽക്കുന്ന കമ്പനികൾക്ക് സമൃദ്ധമായ ഒരു ഉറവാണ്. മൂന്നാം ലോകത്തിൽ നടക്കുന്ന നിയമവിരുദ്ധ അവയവ വ്യാപാരത്തിൽ നിന്ന് വ്യത്യസ്തമായി പശ്ചിമ ജർമ്മനിയിൽ അവയവ കച്ചവടക്കാർ തുറസ്സായും (നിയമ വിധേയമായും) പ്രവർത്തിക്കുന്നതായി ന്യൂസ് വീക്ക് മാസികയിലെ ഒരു റിപ്പോർട്ട് കുറിക്കൊണ്ടു. അത്തരം അവയവങ്ങൾക്കുള്ള കമ്പനി വില 85,000 ഡോളറാണ്.
ആശുപത്രികളിൽ പുകവലി നിരോധിക്കുന്നു
കഴിഞ്ഞ ഡിസംബറിൽ ആസ്റ്രേറലിയയിലെ എല്ലാ പൊതുമേഖലാ ആശുപത്രികളിലും പുകവലി നിരോധിക്കപ്പെട്ടു. ഒരു ആശുപത്രി കെട്ടിടത്തിലൊ ആശുപത്രി വക വാഹനങ്ങളിലൊ വച്ച് പുകവലിക്കുന്നതായി കണ്ടുപിടിക്കപ്പെട്ടാൽ 5,000 ഡോളർ പിഴ കൊടുക്കേണ്ടി വരും. സാമൂഹ്യ സേവന കേന്ദ്രങ്ങളും ആരോഗ്യ പരിപാലന കേന്ദ്രങ്ങളും ആശുപത്രികളുടെ പരിധിയിൽപ്പെടുത്തിയിരിക്കുന്നു എന്ന് ആസ്റ്രേറലിയയിൽ നിന്നുള്ള ദി സൺ ഹെരാൾഡ് റിപ്പോർട്ടു ചെയ്യുന്നു. സമീപകാലത്തെ ഈ തീരുമാനം ആസ്റ്രേറലിയയിൽ റോഡപകടങ്ങളിൽ മരിക്കുന്നതിനേക്കാൾ 5 മടങ്ങ് ആളുകൾ അതായത് ഓരോ വർഷവും 16,500 പേർ പുകവലിയോട് ബന്ധപ്പെട്ട രോഗങ്ങളുടെ ഫലമായി മരിക്കുന്നുവെന്ന വസ്തുതയിലുള്ള ഉൽക്കണ്ഠ പ്രതിഫലിപ്പിക്കുന്നു എന്ന് ദി സൺ ഹെരാൾഡ് കുറിക്കൊള്ളുന്നു. ആരോഗ്യ വകുപ്പിന്റെ അഭിപ്രായമനുസരിച്ച് ആസ്റ്രേറലിയക്ക് ഓരോ വർഷവും 84,50,000 പ്രവൃത്തി ദിവസങ്ങളും 276 ദശലക്ഷം ഡോളറും നഷ്ടമാകുന്നുണ്ട്.
വാസയോഗ്യമല്ല
സോവ്യററ് വർത്തമാനപത്രമായ പ്രവദയുടെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏററം ഭീകരമായ ന്യൂക്ലിയർ ദുരന്തം കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ 800 വർഷം പഴക്കമുള്ള യുക്രേനിയൻ നഗരമായ ചെർണോബിൽ നശിപ്പിച്ചു കളയാൻ പോകുകയാണ്. ഇനിയും ദശകങ്ങളിലേക്ക് അവിടെ മനുഷ്യർക്ക് വസിക്കാൻ കഴിയാത്തവണ്ണം റേഡിയേഷൻ ഉള്ളതുകൊണ്ടാണ് ഈ നടപടി ആവശ്യമായി വന്നിരിക്കുന്നത്. സമീപ പ്രദേശത്ത് 31 പേരുടെ മരണത്തിനിടയാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ചെർണോബിൽ ദുരന്തം ലോകവിസ്തൃതമായി അണുപ്രസരത്തിനും കാരണമായി.
അതിരുകടന്ന വിശ്വാസം
സൗത്ത് കരോളിന, യു. എസ്സ്. എ.യിൽ “രോഗശാന്തി സ്ഫോടനം” എന്നു വിളിക്കപ്പെട്ട ഒരു രോഗശാന്തി ശുശ്രൂഷ ടെക്സാസിലെ രണ്ട് രോഗശാന്തി ശുശ്രൂഷകർക്കെതിരെയുള്ള കോടതി കേസ്സിൽ കലാശിച്ചിരിക്കുന്നു. തന്റെ പുറത്തും കഴുത്തിലുമുള്ള അസ്ഥിപൊട്ടലുകൾക്ക് ഈ ശുശ്രൂഷകർ ഉത്തരവാദികളാണെന്ന് നോർത്ത് കരോളിനയിൽ നിന്നുള്ള ഒരു സ്ത്രീ ആരോപിച്ചിരിക്കുന്നു. എന്തുകൊണ്ട്? ദി ഗ്രീൻവിൽ ന്യൂസ് റിപ്പോർട്ടു ചെയ്തപ്രകാരം “ഒരു ശുശ്രൂഷകൻ ഒരു രോഗിയുടെ മേൽ കൈ വച്ചശേഷം അയാൾ ‘ആത്മീയമായി വധിക്കപ്പെടുകയും’ പിന്നോക്കം പിടിക്കാൻ നിൽക്കുന്ന ആളിന്റെ കൈകളിലേക്ക് മറിഞ്ഞു വീഴുകയും ചെയ്യുന്ന ഒരു നടപടിക്രമം സ്ത്രീയുടെ പരാതിയിൽ വിവരിച്ചിരിക്കുന്നു. അവരുടെ സംഗതിയിൽ പിടിക്കാൻ ആളില്ലായിരുന്നുവെന്നും അതുകൊണ്ടാണ് തനിക്കു പരിക്കുപററിയതെന്നും സ്ത്രീ ആരോപിച്ചിരിക്കുന്നു.
മെച്ചപ്പെട്ട വാർത്താവിനിമയം
അററ്ലാൻറിക്കിന് കുറുകെയുള്ളതും 362 ദശലക്ഷം ഡോളർ ചെലവു വന്നതുമായ ആദ്യത്തെ ഫൈബർ ഓപ്ററിക് കേബിൾ അതു സ്ഥാപിതമായി ആറുമാസങ്ങൾക്കുശേഷം കഴിഞ്ഞ ഡിസംബറിൽ പ്രവർത്തനമാരംഭിച്ചു. നിലവിലുണ്ടായിരുന്ന മൂന്ന് കോപ്പർ കേബിളുകൾക്ക് സാററലൈററുകളുടെ സഹായത്തോടെ ഒരേ സമയം പരമാവധി 20,000 സമുദ്രാന്തര സന്ദേശങ്ങളെ കൈമാറാൻ കഴിയുമായിരുന്നുള്ളു. എന്നാൽ ഫൈബർ ഓപ്ററിക് കേബിൾ ഒരേ സമയം 40,000 സന്ദേശങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഒരു ചെമ്പു കമ്പിക്ക് 48 സന്ദേശങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ കഴിയുമ്പോൾ ഒരൊററ ഓപ്ററിക്കൽ ഫൈബറിന് ലെയിസർ രശ്മികളുടെ സഹായത്തോടെ 8,000 സന്ദേശങ്ങളും കമ്പ്യൂട്ടർ വിവരങ്ങളും അയക്കാൻ കഴിയുന്നു. ഈ പുതിയ കണ്ടു പിടുത്തത്തിന്റെ ഫലമായി അന്താരാഷ്ട്ര സന്ദേശങ്ങളും കമ്പ്യൂട്ടർ വിവരങ്ങളും വളരെ വേഗത്തിലും കൂടുതൽ കൃത്യതയോടെയും കൈമാറാൻ കഴിയുന്നു. (g89 3/22)
“വിഷ”രക്തം
എയ്ഡ്സ് ബാധയുള്ള രക്തം ഒരു വിഷവസ്തുവാണെന്ന് ബ്രൂക്ലിൻ, ന്യൂയോർക്കിലെ ഒരു സുപ്രീം കോടതി ജഡ്ജി വിധി പ്രസ്താവിച്ചിരിക്കുന്നു. ഇത്തരത്തിൽ ആദ്യമായുള്ള ഈ വിധി അശ്രദ്ധമായി ഉപേക്ഷിക്കപ്പെട്ട ഒരു സിറിഞ്ചിൽ നിന്ന് എയ്ഡ്സ് രോഗം ബാധിക്കാനിടയായ ഒരു ഡോക്ടർ 175 ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാരത്തിനുവേണ്ടി കേസ് ഫയൽ ചെയ്യാൻ ഇടയാക്കിയിരിക്കുന്നു. മുപ്പതു വയസ്സുള്ള ഈ സ്ത്രീ (ഡോക്ടർ) ജോലി ചെയ്യാൻ കഴിയാത്തവണ്ണം ഇപ്പോൾ ക്ഷീണിതയാണ്. അതുകൊണ്ട് എത്രയും വേഗം കേസ്സ് പരിഗണനക്ക് എടുപ്പിക്കാൻ ശ്രമിക്കുമെന്ന് അവരുടെ വക്കീൽ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.
●അമേരിക്കൻ അസോസിയേഷൻ ഓഫ് ബഡ്ള് ബാങ്കിന്റെതായതും ഓട്ടോ ലോഗസ് ആൻഡ് ഡയറക്ടഡ് ബഡ്ള് പ്രോഗ്രാംസ് എന്ന ശീർഷകത്തോടു കൂടിയതുമായ ഒരു റിപ്പോർട്ട് എയ്ഡ്സ് ബാധയുള്ള രക്തത്തെപ്പററി ഈ അഭിപ്രായപ്രകടനം നടത്തി: “ഇത് ഏററം കയ്പ്പേറിയ വൈദ്യശാസ്ത്ര വിരോധാഭാസമാണ്; ഏററം മൂല്യവത്തായ, ജീവദായകമായ, രക്തത്തിന്റെ ദാനം മരണ ഹേതുകമായിത്തീർന്നിരിക്കുന്നു.”
വത്തിക്കാൻ അറിഞ്ഞിരുന്നോ?
നാസി കൂട്ടക്കൊലയെപ്പററി അതു നടക്കുന്ന സമയം വത്തിക്കാൻ അറിഞ്ഞിരുന്നോ എന്ന ചോദ്യം കൊരിയർ ഡെല്ലാ സേറാ എന്ന ഇററാലിയൻ ദിനപ്പത്രം ഈയിടെ ഉന്നയിക്കുകയുണ്ടായി. യഹൂദൻമാരുടെയും മററുള്ളവരുടെയും വംശ വിഛേദനത്തെപ്പററി നേരിട്ട് വത്തിക്കാന് റിപ്പോർട്ടു നൽകിയ വിശ്വസനീയരായ ദൃക്സാക്ഷികളെ പ്രസ്തുത പത്രലേഖനം പട്ടികപ്പെടുത്തുകയുണ്ടായി. ഉദാഹരണത്തിന് ആശുപത്രിയായി പ്രവർത്തിച്ച ഒരു ട്രെയിനിലുണ്ടായിരുന്ന ഒരു ചാപ്ലിൻ കരഞ്ഞുകൊണ്ട് പാപ്പായോട് പറഞ്ഞു: “ന്യൂനപക്ഷ സമുദായങ്ങളുടെയും യഹൂദരുടെയും കൂട്ടക്കൊല തുടരുകയാണ്. പാവം യഹൂദൻമാർക്ക് ഭക്ഷണം വാങ്ങാൻ റേഷൻ കാർഡുപോലുമില്ലാഞ്ഞതുകൊണ്ട് അവർ പട്ടിണി കിടന്നു മരിക്കുന്നു.” കൂട്ടക്കൊലയെപ്പററി വത്തിക്കാനെ വിവരമറിയിച്ചവരായി ലേഖനം പട്ടികപ്പെടുത്തിയവരുടെ കൂട്ടത്തിൽ താഴെപ്പറയുന്നവരുണ്ടായിരുന്നു: ബെർലിനിലെ അപ്പോസ്തലിക ഡെലിഗെയിററ്, മൺസ്റററിലെയും വിയന്നായിലെയും മെത്രാപ്പോലിത്താമാർ, ജർമ്മനിയിലേക്കുള്ള പാപ്പായുടെ പ്രതിനിധി, വത്തിക്കാനിലെ ജർമ്മൻ അംബാസഡർ. ആ ലേഖനം എന്തു നിഗമനത്തിലെത്തിച്ചേർന്നു? “വത്തിക്കാൻ അറിഞ്ഞിരുന്നു.”
മറെറാരു സിദ്ധാന്തം തകരുന്നു
ഭൂമിയിലെ ജീവൻ സമുദ്രത്തിനടിയിലെ ഉഷ്ണജല ഉറവുകളിൽ ആരംഭിച്ചു എന്ന സിദ്ധാന്തം തെററാണെന്ന് സമീപകാല പരീക്ഷണങ്ങൾ തെളിയിച്ചിരിക്കുന്നു. “ജീവൻ ആരംഭിക്കുന്നതിന് ഒട്ടും സാദ്ധ്യതയില്ലാത്ത സ്ഥാനമാണിത്”, കാലിഫോർണിയാ യൂണിവേഴ്സിററിയിലെ രസതന്ത്രജ്ഞനായ ജെഫ്രി. എൻ. ബാഡാ പറഞ്ഞു. ഉഷ്ണജല ഉറവുകൾക്ക് സമീപം ബാക്ടീരിയയും വലിയ കക്കാകളും പുഴുക്കളും പോലെ മററു ജീവികളും ധാരാളമായി ഉണ്ട് എന്ന് കണ്ടുപിടിച്ചപ്പോഴാണ് ഈ സിദ്ധാന്തം മുമ്പോട്ട് വയ്ക്കപ്പെട്ടത്. ഈ ഉഷ്ണജല ഉറവുകളിലെ താപനിലയും സമ്മർദ്ദവും കൃത്രിമമായി നിർമ്മിച്ച് പരീക്ഷണം നടത്തിയപ്പോൾ ബാഡായും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ സ്ററാൻലി എൽ. മില്ലറും കണ്ടെത്തിയത് ജീവന്റെ അടിസ്ഥാന ഘടകമായ അമീനോ ആസിഡുകൾ ആ സാഹചര്യത്തിൽ വളരെ വേഗം നശിച്ചു പോകുന്നു എന്നാണ്. കൂടുതൽ വലിയ പെപ്ററയിഡ് തൻമാത്രകളായി അമിനോ ആസിഡുകൾ രൂപം പ്രാപിക്കുന്നത്, പോളിമറൈസേഷൻ എന്ന് അറിയപ്പെടുന്ന പ്രക്രിയ, ഏത് ഊഷ്മാവിലുമുള്ള ജലത്തിൽ അസാദ്ധ്യമാണ്” എന്ന് ദി ന്യൂയോർക്ക് ടൈംസ് കുറിക്കൊള്ളുന്നു. “ജീവജന്തുക്കൾക്ക് ആവശ്യമായ, ജെനിററിക് കോഡ് സംവഹിക്കുന്ന, കൂടുതൽ സങ്കീർണ്ണമായ തൻമാത്രകൾ ശക്തമായ ചൂടിൽ അധികസമയം നിലനിന്നില്ല.” ടൈംസ് റിപ്പോർട്ട് അനുസരിച്ച് “പൗരാണിക സമുദ്രങ്ങളിലെ ഉഷ്ണജലം ജീവരൂപങ്ങൾ സൃഷ്ടിക്കുകയല്ല നശിപ്പിക്കുകയേ ചെയ്യുമായിരുന്നുള്ളു” എന്ന നിഗമനത്തിലാണ് ഈ ഗവേഷകർ എത്തിച്ചേർന്നത്.
സ്മരണകൾ ഉണർത്തപ്പെടുന്നു
ജപ്പാനിലെ അദ്ധ്യാപക യൂണിയൻ അവിടത്തെ വിദ്യാഭ്യാസ മന്ത്രാലയവുമായി അഭിപ്രായ ഭിന്നതയിലായിരിക്കുന്നു. “മന്ത്രാലയം ക്ലാസ്സു മുറികളിൽ ദേശീയത്വത്തിനു നൽകുന്ന പിന്തുണ ഈ യൂണിയൻ ഇഷ്ടപ്പെടുന്നില്ല.” “പതാകയും ദേശീയഗാനവും 1930കളുടെ ഓർമ്മകൾ ഉണർത്തുന്നു” എന്ന് യൂണിയൻ അഭിപ്രായപ്പെട്ടതായി ദി ഇക്കണോമിസ്ററ് റിപ്പോർട്ടു ചെയ്യുന്നു. തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷത നിമിത്തം 1930കളിൽ തടവിലാക്കപ്പെട്ട ജപ്പാനിലെ യഹോവയുടെ സാക്ഷികൾക്ക് അന്നത്തെ ദേശീയത്വവാദം സംബന്ധിച്ച് വ്യക്തമായ ഓർമ്മകളുണ്ട്.
കൊടുങ്കാററ് വരുത്തിയ നഷ്ടം
ദക്ഷിണ ഇംഗ്ലണ്ടിൽ ആഞ്ഞടിച്ച കൊടുങ്കാററ് അവശേഷിപ്പിച്ച നഷ്ടശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഒരു വർഷത്തിലേറെയായിട്ടും ആ രാജ്യം ഇന്നും ബദ്ധപ്പെടുകയാണ്. കൊടുങ്കാററ് പിൻപിൽ വിട്ടിട്ടുപോയത് 15 ദശക്തം കടപുഴകിയ മരങ്ങളാണ്. അവയിൽ അനേകവും ഇന്നും അതേ നിലയിൽ നിലത്തു കിടന്നു ദ്രവിച്ചുകൊണ്ടിരിക്കുന്നു. മാഞ്ചസ്ററർ ഗാർഡിയൻ വീക്ക്ലി പറയുന്നതനുസരിച്ച് കൊടുങ്കാററ് 10 ദശലക്ഷം സ്തൂപികാഗ്രവൃക്ഷങ്ങളും 2 ദശലക്ഷം ഓക്ക് മരങ്ങളും 1.75 ദശലക്ഷം ബീച്ച് മരങ്ങളും 1.25 ദശലക്ഷം വീതിയുള്ള ഇലകളോടുകൂടിയ മററു മരങ്ങളും വീഴ്ത്തി. “മൊത്തം 5,333 പുരാതന സ്വാഭാവിക വനങ്ങളാണ് നശിപ്പിക്കപ്പെട്ടത്.” ഒരു വർഷം കഴിഞ്ഞിട്ടും ഏതാണ്ട് പകുതിയോളം കടുപ്പം കുറഞ്ഞ മരങ്ങളും 20 ശതമാനം കടുപ്പമുള്ള തടിയും മാത്രമാണ് നീക്കം ചെയ്യാൻ കഴിഞ്ഞത്. എന്തുകൊണ്ട്? നഷ്ടശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് വളരെ ചെലവേറിയ ഒരു വേലയാണ്. ഏതാണ്ട് 50 ദശലക്ഷം പുതിയ മരങ്ങൾ നടാനുള്ള പദ്ധതി പുരോഗമിക്കുന്നുണ്ടെങ്കിലും നശിപ്പിക്കപ്പെട്ട വനപ്രദേശങ്ങളിൽ കുറെയെങ്കിലും കൃഷി ഭൂമിയായി മാററപ്പെടും. എന്നാൽ ഒരാശ്വാസമുണ്ട്: കൊടുങ്കാററിൽ നല്ല പല വൃക്ഷങ്ങളും നഷ്ടമായെങ്കിലും കേടുപാടു സംഭവിച്ച വളരെയധികം മരങ്ങളും അതോടൊപ്പം നീക്കം ചെയ്യപ്പെട്ടു. (g89 3/8)