ലോകത്തെ വീക്ഷിക്കൽ
സാക്ഷികൾ മൊസാമ്പിക്കിൽ നിയമപരമായി അംഗീകരിക്കപ്പെടുന്നു
യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനത്തിന് ആഫ്രിക്കയുടെ തെക്കുകിഴക്കേ രാജ്യമായ മൊസാമ്പിക്കിൽ നിയമപരമായ അംഗീകാരം നൽകിയിരിക്കുന്നു. നീതിന്യായ മന്ത്രാലയത്തിൽ നിന്നുള്ള 1991 ഫെബ്രുവരി 11-ലെ ഒരു കത്ത് ഇങ്ങനെ പ്രസ്താവിക്കുന്നു: “മററു മതസ്ഥാപനങ്ങൾപോലെ യഹോവയുടെ സാക്ഷികൾ മൊസാമ്പിക്കു റിപ്പബ്ലിക്കിന്റെ ഭരണഘടനയിൽ പറയുന്ന എല്ലാ അവകാശങ്ങളും സംരക്ഷണങ്ങളും ആസ്വദിക്കുന്നു.” ആ കത്ത് രാജ്യത്തെ മതകാര്യങ്ങൾക്കുള്ള ഡയറക്ടറാണ് ഒപ്പുവെച്ചത്. ഈ നല്ല വാർത്ത കഴിഞ്ഞ ജനുവരിയിൽ അവിടെ ബൈബിളിന്റെ ദൂത് പ്രസംഗിച്ചതായി റിപ്പോർട്ടുചെയ്യപ്പെട്ട 5,235 സാക്ഷികൾ ആഹ്ലാദപൂർവം സ്വാഗതം ചെയ്തു. മൊസാമ്പിക്കിൽ അടുത്തകാലത്തു നടന്ന മൂന്നു “നിർമ്മലഭാഷാ” ഡിസ്ട്രിക്ട് കൺവെൻഷനുകളിൽ പങ്കെടുത്ത 13,971 പ്രതിനിധികളും ഔദ്യോഗിക അംഗീകാരത്തിൽ നന്ദിയുള്ളവരാണ്. പ്രസ്തുത സമ്മേളനങ്ങളിൽ 357 പേർ സ്നാപനമേററു. (g91 6/22)
യു.എസ്സ്.എസ്സ്.ആറിൽ നിന്നു സുവാർത്ത
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂററിയൊന്നു മാർച്ച് 28-ാം തീയതി സോവ്യററ് നീതിന്യായവകുപ്പു മന്ത്രി, യഹോവയുടെ സാക്ഷികളുടെ സംഘടനക്ക് സോവ്യററു യൂണിയനിൽ നിയമപരമായ അംഗീകാരം നൽകുന്ന ഒരു പ്രമാണം കൈമാറി. (g91 6/22)
“ഇററലി കൂടുതൽ അക്രമോത്സുകം”
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറിൽ ഇററലിയിൽ ഉണ്ടായ കുററകൃത്യങ്ങളുടെ വിവരങ്ങൾ ശേഖരിക്കപ്പെട്ടു. ഇററാലിയൻ ദിനപ്പത്രമായ കൊറിയേറാ ദാലാ സാറാ പറയുന്നതനുസരിച്ച് വിവരങ്ങൾ “വളരെ വ്യക്തവും ഭീതിക്കിടനൽകുന്നതുമാണ്.” കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുററകൃത്യങ്ങൾ 21.8 ശതമാനം വർദ്ധിച്ചു. ഇററാലിയൻ സ്ഥിതിവിവരസ്ഥാപനമായ ഐഎസ്സ്ററിഎററി നൽകിയ കണക്കുകൾപ്രകാരം 1990-ൽ 25,01,640 കുററകൃത്യങ്ങൾ നീതിന്യായാധികൃതർക്കു റിപ്പോർട്ടു ചെയ്യപ്പെട്ടു. ശരാശരി 6,854 കുററകൃത്യങ്ങൾ ഓരോ ദിവസവും ചെയ്യപ്പെടുന്നു. മോഷണം ഭീതിപ്പെടുത്തുന്ന വേഗത്തിൽ പെരുകുന്നു. 1990-ൽ 24,817 മൈനർമാർ കുററകൃത്യങ്ങളിലേർപ്പെട്ടതായി റിപ്പോർട്ടുണ്ട്. അതുകൊണ്ടു മെച്ചപ്പെടുമെന്നുള്ള പ്രതീക്ഷ അനിശ്ചിതത്വത്തിലാണ്. ഇത് 1989-തുമായി താരതമ്യപ്പെടുത്തുമ്പോൾ 17.9 ശതമാനം വർദ്ധനവാണ്. 1990-കളിലേക്കു കടക്കുന്നത് “കൂടുതൽ അക്രമോത്സുകമായ ഒരു ഇററലി”യാണെന്ന് ലാ റെപ്പബ്ലിക്കേ എന്ന ദിനപ്പത്രം പറയുന്നു. (g91 7/8)
ആഫ്രിക്കൻ ആനകളെ സംരക്ഷിക്കുന്നു
ആഫ്രിക്കൻ ആനകളുടെ സംഖ്യ ഒരു ദശകത്തിൽ ആദ്യമായി വർദ്ധിച്ചുവെന്ന് ഒരു ജർമ്മൻ വിദഗ്ദ്ധസംഘം പ്രഖ്യാപിച്ചതായി സൗത്ത് ആഫ്രിക്കൻ വർത്തമാനപ്പത്രമായ ദി സ്ററാർ റിപ്പോർട്ടുചെയ്യുന്നു. ഇപ്പോൾ ആഫ്രിക്കയിൽ 6,09,000 ആനകൾ ഉള്ളതായി സംഘം കണക്കാക്കുന്നു. അത് 1979-ൽ ഉണ്ടായിരുന്നവയുടെ പകുതിയിൽ കുറവാണ്, എന്നാൽ എണ്ണം കുറഞ്ഞുകൊണ്ടേയിരുന്ന അവസ്ഥ അവസാനിച്ചതായി വിദഗ്ദ്ധസംഘം വിശ്വസിക്കുന്നു. ആനക്കൊമ്പ് വ്യാപകമായി നിരോധിച്ചതാണ് ഇതിനു കാരണമെന്ന് അവർ വിശ്വസിക്കുന്നു. ആനക്കൊമ്പിന്റെ വില കുതിച്ചുയരുന്നതിനും കച്ചവടം തകരുന്നതിനും ഇതിടയാക്കി. ഇതേ സമയം ആഫ്രിക്കൻ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അടിയന്തിര യത്നം നടക്കുന്നു. നമീബിയായിൽ മോഷ്ടാക്കൾ കാണ്ടാമൃഗങ്ങളെ കൊമ്പിനുവേണ്ടി കൊല്ലാതിരിക്കുന്നതിനു സംരക്ഷണാനുകൂലികൾ അവയുടെ കൊമ്പുകൾ നീക്കം ചെയ്യുന്നു. എങ്കിലും ദി സ്ററാർ പറയുന്നതനുസരിച്ച് ഈ സാഹസിക സംരംഭം നടക്കുന്നതല്ല എന്ന് സ്വാസിലാൻഡ് സംരക്ഷണാനുകൂലി ടെഡ് റെയ്ലി പ്രവചിക്കുന്നു. മോഷ്ടാക്കൾ കാണ്ടാമൃഗക്കുട്ടികളെപ്പോലും അവയുടെ ചെറിയ കൊമ്പുകൾക്കായി കശാപ്പുചെയ്യുന്നത് അദ്ദേഹം കണ്ടിട്ടുണ്ട്. (g91 7/8)
ഹംഗറിയിലെ സാത്താന്യ ആരാധനാ സംഘങ്ങൾ
ഹംഗറിയിൽ ചെറുപ്പക്കാർ സാത്താനെ ആരാധിക്കുന്നത് സർവസാധാരണമായിരിക്കുന്നു, രാഷ്ട്രം പകച്ചുനിൽക്കുന്നു. “കൗമാരപ്രായക്കാർ നടത്തിയ അനുഷ്ഠാനപരമായ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ വെളിപ്പെടുത്തിയത് മന്ത്രവാദത്തെക്കുറിച്ച് അടുത്ത കാലത്തു ലഭ്യമായ മാസികകൾ വായിച്ചതിനുശേഷം സാത്താന്യാരാധനയിൽ നിമഗ്നരാകാൻ പ്രലോഭിപ്പിക്കപ്പെടുന്ന ചെറുപ്പക്കാരെക്കുറിച്ചുള്ള നൂറുകണക്കിനു കേസുകളായിരുന്നു” എന്ന് ലണ്ടനിൽ പ്രസിദ്ധപ്പെടുത്തുന്ന ദി യൂറോപ്യൻ എന്ന വാരിക റിപ്പോർട്ടുചെയ്യുന്നു. അത്തരമൊരു അനുഷ്ഠാനപരമായ കൊലപാതകത്തിൽ 13 വയസ്സുള്ള സ്വന്തം സഹോദരിയെ കുത്തിക്കൊന്ന് അവളുടെ അവയവങ്ങളെല്ലാം വേർപെടുത്തി മുറിയിൽ മുഴുവൻ നിരത്തിവെച്ച ഒരു 17 വയസ്സുകാരൻ ഉൾപ്പെട്ടിരുന്നു. ഭീകര സാഹിത്യം, ചലച്ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുടെ പരസ്യം നിരോധിക്കണമെന്ന് ക്രിസ്ത്യൻ ഡെമോക്രാററിക് പീപ്പിൾസ് പാർട്ടിയുടെ ഡെപ്യൂട്ടി ബെലാ സെപ്പെ അഭ്യർത്ഥിച്ചത് അതിശയമല്ല. (g91 7/8)
ഗ്രേററ് ബാരിയെർ റീഫ്—അത്ര പഴക്കമുള്ളതല്ല
ലോകത്തിൽ ഏററവും വലിയ പവിഴ ശേഖരം—ദി ഗ്രേററ് ബാരിയെർ റീഫ്—ഒരിക്കൽ കരുതിയിരുന്നതുപോലെ അത്ര പഴക്കമുള്ളതായിരിക്കണമെന്നില്ല. ആസ്ത്രേലിയായുടെ ഉത്തരതീരത്തോടു ചേർന്ന് ഏതാണ്ട് 2,000 കിലോമീററർ നീണ്ടുകിടക്കുന്ന വമ്പിച്ച പവിഴപ്പുററുവ്യൂഹം ഏകദേശം രണ്ടുകോടി വർഷങ്ങൾ പഴക്കമുള്ളവയാണെന്നു കണക്കാക്കപ്പെടുന്നു. പവിഴപ്പുററുകളെപ്പററി പഠിക്കുന്ന ഭൂഗർഭശാസ്ത്രജ്ഞർ അടുത്ത കാലത്തു പവിഴശേഖരങ്ങളിൽ കുഴിച്ചുനോക്കുകയുണ്ടായി. പവിഴപ്പുററുകളുടെ പ്രായം സംബന്ധിച്ചു പുനഃപരിശോധന നടത്താൻ അവരുടെ കണ്ടെത്തലുകൾ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചു. പുററുകൾ അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനുമിടക്ക് പ്രായമുള്ളവയാണെന്ന് ഇപ്പോൾ അവർ വിശ്വസിക്കുന്നു. വ്യത്യസ്തജീവരൂപങ്ങൾ ദശലക്ഷക്കണക്കിനു വർഷങ്ങൾകൊണ്ടു ക്രമേണ പ്രത്യക്ഷമായെന്നുള്ള പരിണാമസിദ്ധാന്തത്തിനു വിരുദ്ധമാണെന്നു കാണപ്പെടുന്നതിനാൽ ശാസ്ത്രസമൂഹത്തിൽ കോളിളക്കമുണ്ടാക്കാൻ ഈ കണ്ടുപിടുത്തം കാരണമായേക്കുമെന്നു ഫ്രെഞ്ചുമാസികയായ ടെറേ സാവേജ് പ്രസ്താവിക്കുന്നു. ജീവൻ ആവിർഭവിച്ചത് ടെറേ സാവേജ് പറയുന്നതനുസരിച്ച് “ഒരു വലിയ ജനിതക വിസ്ഫോടന”ത്താലാണെന്ന് പവിഴപ്പുററുകളിൽനിന്നുള്ള തെളിവ് സൂചിപ്പിക്കുന്നുവത്രെ. (g91 7/8)
പ്ലാസ്ററിക്ക് വനങ്ങൾ
“നാം കൃത്രിമവനങ്ങൾ നട്ടാൽ, പത്തുവർഷങ്ങൾകൊണ്ടു മരുഭൂമികൾ കൃഷിഭൂമികളാക്കാം” എന്ന് ഗവേഷകനായ അന്റോണിയോ ഇബാനെസ് അൽബാ അവകാശപ്പെടുന്നു. അപ്രായോഗികമെന്നു തോന്നുന്നുവെങ്കിലും അനേകം ഉത്തര ആഫ്രിക്കൻ രാജ്യങ്ങൾ ഈ ആശയം ആവേശപൂർവം സ്വീകരിച്ചിരിക്കുന്നുവെന്നു മാഡ്രിസ് ദിനപ്പത്രമായ ഡയാറിയോ 16 റിപ്പോർട്ടു ചെയ്യുന്നു. വനങ്ങൾ സ്വാഭാവികമായി ചെയ്യുന്നതുപോലെ ലക്ഷക്കണക്കിനു പ്ലാസ്ററിക് വൃക്ഷങ്ങൾ രാത്രിയിലെ അന്തരീക്ഷത്തിൽനിന്നുള്ള ഈർപ്പം തടഞ്ഞുനിർത്തുകയും പകൽ സമയത്ത് നീരാവി പുറത്തുവിടുകയും ചെയ്യും. പത്തുവർഷങ്ങൾകൊണ്ടു ഈ കൃത്രിമ വൃക്ഷങ്ങൾ, സൈദ്ധാന്തികമായി വേണ്ടത്ര മഴ പെയ്യാൻ പ്രചോദനം നൽകും, സ്വാഭാവിക വൃക്ഷങ്ങൾക്ക് ഈ ജോലി ഏറെറടുക്കുക സാദ്ധ്യമാക്കിക്കൊണ്ടുതന്നെ. പോളിയൂറിത്തേൻ വൃക്ഷങ്ങൾ കാഴ്ചക്കു എങ്ങനെയിരിക്കും? “പ്രകൃതിയുടെ ഡിസൈനുകൾ ഒന്നാന്തരമായതിനാൽ അവ പനകൾപോലിരിക്കും. മഞ്ഞുതുള്ളികൾ തടഞ്ഞുനിർത്തി ബാഷ്പീകരണം സാദ്ധ്യമാക്കാൻ അനുയോജ്യമായ രൂപമാണവക്ക്” എന്ന് അവയുടെ രൂപസംവിധായകൻ വിശദീകരിക്കുന്നു. അവയുടെ മുഖ്യ പ്രയോജനങ്ങൾ? അവയ്ക്കു ജലസേചനം വേണ്ട; വിറകിനായി മുറിക്കാനുമിടയില്ല. (g91 7/8)
തവിട്ടുകരടികളേ വിട?
ഫ്രാൻസിലുള്ള അവസാനത്തെ തവിട്ടുകരടികളും പെട്ടെന്നു നശിച്ചില്ലാതെയാകുമെന്ന് പാരീസ് വർത്തമാനപ്പത്രമായ ലെ ഫിഗാറോ റിപ്പോർട്ടു ചെയ്യുന്നു. ഒരിക്കൽ ബ്രിട്ടീഷ് ദ്വീപുകൾ മുതൽ സ്പെയിൻവരെയുള്ള പ്രദേശങ്ങളിൽ കാണപ്പെട്ടിരുന്ന യൂറോപ്യൻ തവിട്ടുകരടി മിക്കവാറും മുഴുവനായി പശ്ചിമ യൂറോപ്പിൽനിന്ന് അപ്രത്യക്ഷമായി. 1962 മുതൽ ഈ ഇനം ഫ്രാൻസിൽ ഔദ്യോഗികമായി സംരക്ഷിക്കപ്പെടുന്നു. നായാട്ടും വിഷപ്രയോഗവും, ഫ്രാൻസിനും സ്പെയിനുമിടക്കുള്ള പൈറെനീസ് മലകളിലെ സ്വാഭാവിക നിവാസഭൂമിയുടെ നാശവും അവശേഷിക്കുന്ന കരടികളുടെ സംഖ്യ പത്തോളം ആക്കി കുറച്ചതായി പരിസ്ഥിതിശാസ്ത്രവിദഗ്ദ്ധർ ഭയപ്പെടുന്നു.—വംശവർദ്ധനക്കു തീരെ അപര്യാപ്തം. കരടികളെ സംരക്ഷിക്കാനുള്ള യത്നങ്ങളുടെ പ്രകടമായ പരാജയത്തിൽ മനംനൊന്ത പരിസ്ഥിതി ശാസ്ത്രവിദഗ്ദ്ധൻ ജോർജ്ജ് ഇറോം പറയുന്നു: “പ്രകൃതിസംരക്ഷണത്തിനുള്ള നമ്മുടെ ആകമാനമായ കഴിവുകേടിനെ ഇതു വ്യക്തമാക്കുന്നു. എന്നാൽ പരിസ്ഥിതി ജീവിതം തന്നെയാണെന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നു.” (g91 7/8)
സമാധാനപരമായ സഹവർത്തിത്വം
കാക്കകളും മനുഷ്യരും തമ്മിലുള്ള ഒരു പോരാട്ടത്തിൽ കാക്കകൾ വിജയിച്ചു. കുറഞ്ഞപക്ഷം ജപ്പാനിലെ ഒട്ടാ നഗരത്തിലെങ്കിലും. ഉപേക്ഷിക്കപ്പെട്ട ചെമ്പു കമ്പികളും ഇരുമ്പുനൂൽക്കമ്പികളും ഉപയോഗിച്ച് ഇലക്ട്രിക് ട്രാൻസ്മിഷൻ ടവറുകൾക്കുമേൽ കൂടുകെട്ടുന്ന പതിവ് വർഷങ്ങളോളം കാക്കകൾക്കുണ്ടായിരുന്നു. ലോഹക്കൂടുകൾ വിദ്യുച്ഛക്തിപ്രവാഹം തകരാറിലാക്കുമെന്നത് കാക്കകൾക്കു പ്രശ്നമല്ലായിരുന്നു. ഇത്തരം കൂടുകൾ പതിവായി നീക്കം ചെയ്തു മടുത്ത ടോക്കിയോ ഇലക്ട്രിക് പവ്വർ കമ്പനി അവസാനം കാക്കകളെ കൂടുകെട്ടാൻ സഹായിക്കാമെന്ന് തീരുമാനിച്ചു. ഇലക്ട്രിക്കമ്പനി പുതിയ നയം സ്വീകരിച്ച ആദ്യവർഷം കുട്ടയുടെ ആകൃതിയിലുള്ള നൂറുകണക്കിനു കൂടുകൾ വൈദ്യുതി പ്രശ്നം ഉണ്ടാവാത്തവിധം ട്രാൻസ്മിഷൻ ടവറുകളിൽ വെച്ചു എന്ന് ടോക്കിയോയിലെ അസാഹി ഈവനിംഗ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. പുതിയ കുട്ടകൾകൊണ്ട് കാക്കകൾ തൃപ്തിപ്പെട്ടെന്നു തോന്നുന്നു. ഇപ്പോൾ കാക്കകളും ഒട്ടായിലെ ഇലക്ട്രിക് കമ്പനിയും സമാധാനപരമായ സഹവർത്തിത്വത്തിൽ ജീവിക്കുന്നു. (g91 7/8)
പുസ്തകക്കള്ളൻമാർ
പുസ്തകമോഷണത്തിന്റെ വർദ്ധനവു കാരണം ലൈബ്രേറിയൻമാരും പുസ്തകവ്യവസായത്തിലുള്ള മററുള്ളവരും ബുദ്ധിമുട്ടുന്നു. ന്യൂയോർക്ക് ടൈംസ് ബുക്ക് റിവ്യൂ പറയുന്നപ്രകാരം ‘ഓരോ വർഷവും സാദ്ധ്യതയനുസരിച്ച് മോഷ്ടിക്കപ്പെടുന്നത്ര പുസ്തകങ്ങൾ ലൈബ്രറികൾ വാങ്ങുന്നു’ എന്ന് ചിക്കാഗോ പബ്ലിക്ക് ലൈബ്രറിയുടെ കളക്ഷൻ ഡെവലപ്പ്മെൻറു ഡയറക്ടർ മേരി എലെൻ ക്വിൻ പ്രസ്താവിക്കുന്നു. ചില ഡോക്ടർമാർ, പത്രപ്രവർത്തകർ, നിയമജ്ഞർ, ഗവേഷണവിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്കു പുറമെ ലൈബ്രേറിയൻമാർപോലും പുസ്തക മോഷ്ടാക്കളുടെ ലിസ്ററിൽ പെടുന്നു. പുസ്തകം മോഷ്ടിക്കുന്നവർ “ലോകത്തെ ഒന്നാം തരക്കാരിൽ ചിലരാണെ”ന്ന് ഒരു വിദഗ്ദ്ധൻ സൂചിപ്പിച്ചു. ബൈബിളാണ് “വ്യക്തമായും ഏററവുമധികം മോഷ്ടിക്കപ്പെടുന്ന പുസ്തകം. ആളുകൾക്കു മോഷ്ടിക്കാതിരിക്കാൻ വയ്യാത്ത എക്കാലത്തേയും ആകർഷക വസ്തു” എന്ന് ഗവേഷകർ പറയുന്നു. (g91 6/22)
ഓഫീസിലേക്കൊരു ‘പാത’
ജപ്പാനിലെ ഒസാക്കാ നഗരം സന്ദർശിക്കുന്നവർ ഗോളസ്തംഭാകൃതിയിലുള്ള ഒരു കെട്ടിടത്തിനകത്തേക്കു നേരെ ചെല്ലുന്ന ഒരു പാത മറുവശത്തുകൂടെ പുറത്തേക്കു പോകുന്നതു കണ്ട് അമ്പരക്കുന്നു. “റോഡ്ഘടന കെട്ടിടത്തിൽ സ്പർശിക്കാത്തതിനാൽ പ്രകമ്പനം അനുഭവപ്പെടുന്നില്ല. രാജവീഥി മറയ്ക്കത്തക്കവിധം ഞങ്ങൾ ഭിത്തിയും പണിയും; അങ്ങനെ ഓഫീസ് ജീവനക്കാർക്കു ശല്യമാകുന്ന ശബ്ദവും പുകയും തടയും” എന്ന് ഹാർഷിൻ എക്സ്പ്രസ്സ്വേ പബ്ലിക്ക് കോർപ്പറേഷന്റെ ഒരു ഉദ്യോഗസ്ഥൻ വിശദമാക്കിയതായി മെയ്നിച്ചി ഡെയ്ലി ന്യൂസ് പറയുന്നു. ഈ നിർമ്മിതിയുടെ പ്രമുഖ കാരണം പ്രസ്തുത പ്രദേശത്ത് ഭൂമിക്ക് ചതുരശ്ര മീറററിന് 22,50,000 രൂപ വിലയുണ്ടെന്നുള്ളതാണ്. ഉയരത്തിലുള്ള പാത 16 നില കെട്ടിടത്തിന്റെ അഞ്ചുമുതൽ ഏഴുവരെ നിലകളിലൂടെ കടന്നുപോകുന്നതിനാൽ ഹാൻഷിൻ കോർപ്പറേഷൻ ഏകദേശം 36 കോടി ഡോളറിന്റെ വമ്പിച്ച ലാഭമുണ്ടാക്കുന്നു. ഒസാക്കാ നഗരത്തിൽ പണിയാൻ പദ്ധതിയിട്ടിരിക്കുന്ന കെട്ടിടത്തിലൂടെയുള്ള മൂന്നു ഹൈവേകളിൽ ആദ്യത്തേതാണിത്. ഇത് അടുത്ത വർഷം തുറന്നുകൊടുക്കും. (g91 7/8)
തീരുമാനിക്കുന്നതാര്?
മാതാപിതാക്കളേക്കൊണ്ടു വാങ്ങിപ്പിക്കുന്നതിനു കുട്ടികളെ എങ്ങനെ പ്രേരിപ്പിക്കാമെന്ന് പരസ്യക്കമ്പനികൾക്കു ദീർഘനാളായി അറിയാം. “പിൻവരുന്ന ഗണങ്ങളിൽ ഒരു കുട്ടിയുടെ അഭിപ്രായം നിർണ്ണായകമാണെന്ന്” ചിൽഡ്രൻസ് ഇൻസ്ററിട്യൂട്ട് ഓഫ് ഫ്രാൻസ് നടത്തിയ ഒരു സർവ്വേ വെളിപ്പെടുത്തിയതായി ലെ ഫിഗാറോ മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “ഭക്ഷണം (70%) ഒരവധിക്കാലം ആസൂത്രണം ചെയ്യുക (51%) ശുചിത്വം, സൗന്ദര്യ സംവർദ്ധക വസ്തുക്കൾ (43%) വീട്ടുപകരണങ്ങൾ (40%) ടിവി-ഹൈ-ഫൈ (33%) കാറുകൾ (30%).” എന്നാൽ ഒരു വലിയ പരസ്യ ഏജൻസിയുടെ എക്സിക്യൂട്ടീവ് ഈ ലളിതമായ ഉപദേശം നൽകി: “മുതിർന്നവരെ ഭരിക്കാൻ അവർ കുട്ടികളെ അനുവദിക്കരുത്.” (g91 7/8)