മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 11: പൊ. യു. മു. 2-പൊ. യു. 100 വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും മാർഗ്ഗം
“ഏററവും വലിയ സത്യങ്ങൾ ഏററവും ലളിതമാണ്: ഏററവും വലിയ മനുഷ്യരും അങ്ങനെതന്നെ.”—പത്തൊൻപതാം നൂററാണ്ടിലെ ബ്രിട്ടീഷ്ഗ്രന്ഥകാരൻമാരായ ജൂലിയസും അഗസ്ററസ് ഹെയറും
മാസിഡോണിയൻ രാജാവായിരുന്ന മഹാനായ അലക്സാണ്ടറുടെ മരണശേഷം ഏതാണ്ട് 320 വർഷം കഴിഞ്ഞ് വലിപ്പമേറിയ ഒരു ലോകജേതാവ് ജനിച്ചു. ലൂക്കോസ് 1:32, 33ൽ മുൻകൂട്ടിപ്പറഞ്ഞിരുന്നുതുപോലെ, അവൻ അലക്സാണ്ടറിൽനിന്ന് രണ്ടു മുഖ്യ വിധങ്ങളിൽ വ്യത്യസ്തനായിരിക്കുമായിരുന്നു: ‘അവൻ അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും, അവന്റെ രാജ്യത്തിന് അവസാനമുണ്ടായിരിക്കയില്ല.’ ഈ ഭരണാധികാരി യേശുക്രിസ്തു ആയിരുന്നു, അവൻ പൊടിപിടിച്ച ചരിത്രപുസ്തകങ്ങളുടെ ഏടുകൾക്കപ്പുറവും ജീവിക്കാൻ നിർണ്ണയിക്കപ്പെട്ടിരുന്നു.
യേശു ലളിതജീവിതം നയിച്ച ഒരു മനുഷ്യനായിരുന്നു. അവന് ഒരു കൊട്ടാരം സ്വന്തമായിട്ടില്ലായിരുന്നു. അവൻ സമ്പന്നരെയും ശക്തൻമാരെയും ചുററും കൂട്ടിയില്ല; അവന് വിലയേറിയ ഭൗമികനിധികളുമില്ലായിരുന്നു. അവൻ ബേത്ളഹേം എന്ന ചെറിയ ഗ്രാമത്തിൽ വളരെ ലളിതമായ സാഹചര്യങ്ങളിൽ ആർഭാടരഹിതമായ ഒരു യഹൂദ കുടുംബത്തിൽ പൊതുയുഗത്തിനു മുമ്പ് 2 ഒക്ടോബറിനോടു സമീപിച്ചു ജനിച്ചു. അവന്റെ ബാല്യകാല ജീവിതം സംഭവബഹുലമായിരുന്നു. അവന് ആശാരിത്തൊഴിലിൽ പരിശീലനം ലഭിച്ചിരുന്നു, “അഭിപ്രായപ്രകാരം യോസേഫിന്റെ പുത്ര”നായിത്തന്നെ.—ലൂക്കോസ് 3:23; മർക്കോസ് 6:3.
യേശു ദൈവപുത്രനാണെന്നുള്ള ആശയത്തെ പരിഹസിക്കുന്ന ആളുകൾക്കുപോലും അവന്റെ ജനനം ഒരു പുതുയുഗത്തെ ആനയിച്ചുവെന്നതിനെ നിഷേധിക്കാനാവില്ല, “ക്രിസ്ത്യാനിത്വം ചരിത്രത്തിലെ ഏററം വിപുലവും സാർവലൗകികവുമായ മതമായിത്തീർന്നിരിക്കുന്നു”വെന്ന് വേൾഡ ക്രിസററ്യൻ എൻസൈക്ലോപ്പീഡിയാ ചെയ്ത പ്രസ്താവനയെ ആർക്കും വിജയകരമായി ചോദ്യംചെയ്യാനുമാവില്ല.
പുത്തനല്ലെങ്കിലും വ്യത്യസ്തം
ക്രിസ്ത്യാനിത്വം തികച്ചും പുതുതായ ഒരു മതമല്ലായിരുന്നു. അത് ഇസ്രായേല്യരുടെ മതത്തിൽ ആഴത്തിൽ വേരിറങ്ങിയതും യഹോവയാം ദൈവത്തിന്റെ എഴുതപ്പെട്ട ന്യായപ്രമാണത്താൽ പോഷിപ്പിക്കപ്പെട്ടതുമായിരുന്നു. ഇസ്രായേൽ ഒരു ജനതയാകുന്നതിനു മുമ്പുതന്നെ അവരുടെ പൂർവപിതാക്കളായിരുന്ന നോഹയും അബ്രാഹാമും മോശയും യഹോവാരാധന നടത്തിയിരുന്നു. അത് യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്ന ഏററവും പഴക്കമുള്ള മതത്തിന്റെ തുടർച്ച, പ്രാരംഭത്തിൽ ഏദനിൽ ആചരിക്കപ്പെട്ടിരുന്ന സത്യാരാധനതന്നെ, ആയിരുന്നു. എന്നാൽ ഇസ്രായേലിലെ ദേശീയനേതാക്കൻമാരും മതനേതാക്കൻമാരും ബാബിലോന്യ സൂചനകളോടുകൂടിയ വ്യാജമതം അവരുടെ ആരാധനയിലേക്കു നുഴഞ്ഞുകടക്കാനും അങ്ങനെ അതിനെ ദുഷിപ്പിക്കാനും അനുവദിച്ചു. വേൾഡ ബൈബിൾ പ്രസ്താവിക്കുന്നതുപോലെ, “യേശുവിന്റെ ജനനകാലത്തെ യഹൂദസഭ കപടഭാവങ്ങളാൽ ദുഷിപ്പിക്കപ്പെട്ടിരുന്നു, മഹാൻമാരായിരുന്ന എബ്രായപ്രവാചകൻമാർ പ്രസ്താവിച്ചിരുന്ന ആന്തരിക ആത്മീയസത്യങ്ങളെ മറച്ചുകളഞ്ഞ കർമ്മാചാരങ്ങളാൽ പൂരിതവുമായിരുന്നു.”
യഹൂദവിശ്വാസത്തോടു കൂട്ടിച്ചേർത്ത മാനുഷസങ്കീർണ്ണതകളോടു താരതമ്യപ്പെടുത്തുമ്പോൾ യേശുവിന്റെ പഠിപ്പിക്കലുകൾ ലളിതമായിരുന്നു. ക്രിസ്ത്യാനിത്വത്തിന്റെ ഒന്നാം നൂററാണ്ടിലെ ഏററം ഊർജ്ജസ്വലരായ മിഷനറിമാരിലൊരാളായിരുന്ന പൗലോസ് “വിശ്വാസം, പ്രത്യാശ, സ്നേഹം, ഈ മൂന്നും നിലനിൽക്കുന്നു; ഇവയിൽ ഏററവും വലുത് സ്നേഹമാകുന്നു” എന്ന് ക്രിസ്ത്യാനിത്വത്തിന്റെ പ്രധാന ഗുണങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ ഇതു പ്രകടമാക്കുകയുണ്ടായി. (1 കൊരിന്ത്യർ 13:13) മററു മതങ്ങളും “വിശ്വാസം, പ്രത്യാശ, സ്നേഹം” എന്നിവയെക്കുറിച്ചു പറയുന്നു. എന്നാലും ക്രിസ്ത്യാനിത്വം വ്യത്യസ്തമാണ്. എങ്ങനെ?
വിശ്വാസം ആരിലും എന്തിലും?
“ദൈവത്തിൽ വിശ്വാസം അർപ്പി”ക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറഞ്ഞു. അവനെയാണ് അവൻ സ്രഷ്ടാവായി വർണ്ണിച്ചത്. (യോഹന്നാൻ 14:1; മത്തായി 19:4; മർക്കോസ് 13:19) അതുകൊണ്ട് ക്രിസ്ത്യാനിത്വം ജൈനമതത്തിൽനിന്നും ബുദ്ധമതത്തിൽനിന്നും വ്യത്യസ്തമാണ്. രണ്ടും പ്രപഞ്ചം എല്ലായ്പ്പോഴും സ്ഥിതിചെയ്തിരുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു സ്രഷ്ടാവെന്ന ആശയത്തെ തള്ളിക്കളയുന്നു. ക്രിസ്തു “ഏക സത്യദൈവ”ത്തെക്കുറിച്ചു പറഞ്ഞതുകൊണ്ട്, അവൻ പുരാതനബാബിലോണിലെയും ഈജിപ്ററിലെയും ഗ്രീസിലെയും റോമിലെയും മതങ്ങൾ പഠിപ്പിച്ചിരുന്നതുപോലെയും ഹിന്ദുമതം ഇപ്പോഴും പഠിപ്പിക്കുന്നതുപോലെയും ബഹു സത്യദൈവങ്ങളിലും ദേവിമാരിലും വിശ്വസിച്ചില്ലെന്നു വ്യക്തമാണ്.—യോഹന്നാൻ 17:3.
“അവനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്” “നഷ്ടപ്പെട്ടതിനെ രക്ഷി”ക്കാൻ ‘അനേകർക്കുവേണ്ടി ഒരു മറുവിലയായി തന്റെ ദേഹിയെ കൊടുക്കണ’മെന്നുള്ളതായിരുന്നു ദൈവോദ്ദേശ്യമെന്ന് യേശു വിശദീകരിച്ചു. (മർക്കോസ് 10:45; ലൂക്കോസ് 19:10; യോഹന്നാൻ 3:16; റോമർ 5:17-19 താരതമ്യപ്പെടുത്തുക.) പാപത്തിനു പരിഹാരം വരുത്താനുള്ള ഒരു ബലിമരണത്തിലുള്ള വിശ്വാസം ആദിപാപം അഥവാ ജൻമപാപം ഉണ്ടെന്നു സമ്മതിക്കാൻ വിസമ്മതിക്കുന്ന ഷിന്റോയിൽനിന്നു വ്യത്യസ്തമാണ്.
ഒരു സത്യവിശ്വാസമേയുള്ളുവെന്ന് യേശു പഠിപ്പിച്ചു. അവൻ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “ഇടുക്കുവാതിലിലൂടെ കടക്കുക; എന്തുകൊണ്ടെന്നാൽ നാശത്തിലേക്കു നയിക്കുന്ന വഴി വീതിയുള്ളതും വിശാലവുമാകുന്നു, അതിലൂടെ പോകുന്നവർ അനേകർ ആകുന്നു; അതേസമയം ജീവനിലേക്കു നയിക്കുന്ന പടിവാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതുമാകുന്നു, അതു കണ്ടെത്തുന്നവർ ചുരുക്കമാകുന്നു.” (മത്തായി 7:13, 14) ഇംപീരിയൽ റോം എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “[ആദിമ] ക്രിസ്ത്യാനികൾ തങ്ങൾക്കു മാത്രമേ സത്യമുള്ളുവെന്നും മറെറല്ലാ മതങ്ങളും . . . വ്യാജമാണെന്നും ശഠിച്ചിരുന്നു.” പ്രത്യക്ഷത്തിൽ ഇത് ഹൈന്ദവ-ബൗദ്ധ മനോഭാവത്തിൽനിന്ന് വ്യത്യസ്തമാണ്, എല്ലാ മതങ്ങൾക്കും പുണ്യമുള്ളതായി അതു കാണുന്നു.”
ഏതു തരം പ്രത്യാശ?
സ്രഷ്ടാവിന്റെ ഗവൺമെൻറ് ലോകപ്രശ്നങ്ങൾക്കു പരിഹാരം വരുത്തുമെന്നുള്ള അവന്റെ വാഗ്ദത്തത്തിലാണ് ക്രിസ്തീയപ്രത്യാശ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ക്രി.വ. 29-ലെ യേശുവിന്റെ ശുശ്രൂഷയുടെ തുടക്കം മുതൽ “ദൈവരാജ്യം സമീപിച്ചിരിക്കുന്നു”വെന്ന “സുവാർത്തയിൽ വിശ്വസിക്കാൻ” അവൻ ആളുകളെ പ്രോൽസാഹിപ്പിച്ചു. (മർക്കോസ് 1:15) ചൊന്ദോഗ്യോ പോലെയുള്ള പൗരസ്ത്യമതങ്ങളിൽനിന്നു വ്യത്യസ്തമായി, ക്രിസ്തീയ പ്രത്യാശ സാക്ഷാത്ക്കരിക്കാനുള്ള ഒരു മാർഗ്ഗമായി യേശുവിന്റെ ഉപദേശം ദേശീയത്വത്തിന് ഊന്നൽ കൊടുത്തില്ല. യഥാർത്ഥത്തിൽ, രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള എല്ലാ സൂചനകളെയും യേശു തള്ളിക്കളഞ്ഞു. (മത്തായി 4:8-10; യോഹന്നാൻ 6:15) സ്പഷ്ടമായി, ചില യഹൂദ നേതാക്കൻമാർ നിഗമനംചെയ്യുന്നതുപോലെ, “മനുഷ്യവർഗ്ഗം മശിഹായെ ആനയിക്കാൻ ദൈവത്തെ സജീവമായി സഹായിക്കേണ്ടതാണ്” എന്ന് അവൻ നിഗമനംചെയ്തില്ല.
ക്രിസ്തീയപ്രത്യാശയിൽ നീതിയുള്ള അവസ്ഥകളിൽ ഭൂമിയിൽ നിത്യജീവൻ ആസ്വദിക്കാനുള്ള പ്രതീക്ഷ ഉൾപ്പെടുന്നു. (മത്തായി 5:5; വെളിപ്പാട് 21:1-4 താരതമ്യപ്പെടുത്തുക.) അതു ഗ്രഹിക്കാൻ ലളിതവും എളുപ്പവുമല്ലേ? നിർവാണത്തെ സംബന്ധിച്ച ബുദ്ധമത ധാരണയാൽ മനസ്സുകൾ മങ്ങിപ്പോയിരിക്കുന്ന അനേകർക്ക് അങ്ങനെയല്ല. നിർവാണത്തെ മനുഷ്യവർഗ്ഗത്തിന്റെ വിശ്വാസങ്ങൾ എന്ന പുസ്തകം “വിരാമം” എന്നു പരാമർശിക്കുന്നുവെങ്കിലും “നിർമ്മൂലനാശ”മെന്നല്ല. യഥാർത്ഥത്തിൽ നിർവാണത്തെ “വർണ്ണിക്കുക സാദ്ധ്യമല്ല” എന്ന് ഈ പുസ്തകം തറപ്പിച്ചുപറയുന്നു.
സനേഹം—ആരോട, ഏതു തരം?
ഏററവും വലിയ കല്പന “നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടും നിന്റെ മുഴു ദേഹിയോടും നിന്റെ മുഴു മനസ്സോടും നിന്റെ മുഴു ശക്തിയോടുംകൂടെ സ്നേഹിക്കണം” എന്നാണെന്ന് യേശു പറയുകയുണ്ടായി. (മർക്കോസ് 12:30) ദിവ്യതാല്പര്യങ്ങളെ നിസ്സാരീകരിച്ചുകൊണ്ട് മാനുഷരക്ഷക്ക് മുന്തിയ മുൻഗണന കൊടുക്കുന്ന മതങ്ങളിൽനിന്ന് എത്ര വ്യത്യസ്തം. പ്രാധാന്യത്തിൽ രണ്ടാമത്തേത് അയൽക്കാരനോടുള്ള ക്രിയാത്മകസ്നേഹമാണെന്ന് യേശു പറഞ്ഞു. “അതുകൊണ്ട്, മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ആഗ്രഹിക്കുന്ന സകലവും നിങ്ങളും അതുപോലെ അവർക്കു ചെയ്യണം” എന്ന് അവൻ ഉപദേശിച്ചു. (മത്തായി 7:12; 22:37-39) എന്നാൽ ഇത് കൊൺഫ്യൂഷ്യസിന്റെ നിഷേധാത്മക ഉപദേശത്തിൽനിന്ന് എത്ര വ്യത്യസ്തമായിരിക്കുന്നുവെന്ന് കുറിക്കൊള്ളുക: “നിങ്ങൾക്കുതന്നെ ആഗ്രഹിക്കാത്തത് നിങ്ങൾ മററുള്ളവർക്കു ചെയ്യരുത്.” ഏതു സ്നേഹം ശ്രേഷ്ഠമാണെന്നു നിങ്ങൾ കരുതുന്നു, നിങ്ങൾക്ക് ഉപദ്രവംചെയ്യുന്നതിൽനിന്ന് ആളുകളെ തടയുന്ന തരം സ്നേഹമോ നിങ്ങൾക്കു നൻമചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന തരം സ്നേഹമോ?
“യഥാർത്ഥത്തിൽ മഹാനായ ഒരു മമനുഷ്യന്റെ ആദ്യ പരീക്ഷ അയാളുടെ താഴ്മയാണ്” എന്ന് 19-ാം നൂററാണ്ടിലെ ഇംഗ്ലീഷ് എഴുത്തുകാരനായ ജോൺ റസ്ക്കിൻ പ്രസ്താവിക്കുകയുണ്ടായി. തന്റെ പിതാവിന്റെ നാമത്തിന്റെയും കീർത്തിയുടെയും താല്പര്യത്തിലും അടുത്തതായി മനുഷ്യനുവേണ്ടിയും വിനീതമായി ജീവാർപ്പണംചെയ്തതിൽ യേശു ദൈവത്തോടും മനുഷ്യനോടും സ്നേഹം പ്രകടമാക്കി. മഹാനായ അലക്സാണ്ടറുടെ ദൈവത്വത്തിനായുള്ള സ്വാർത്ഥമോഹങ്ങളിൽനിന്ന് എത്ര വ്യത്യസ്തം. അലക്സാണ്ടറിനെസംബന്ധിച്ച് കോളിയേഴസ എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പറയുന്നു: “താൻ ആവർത്തിച്ച് അപകടത്തിലാക്കിയ തന്റെ ജീവിതത്തിലുടനീളം തന്റെ മരണശേഷം തന്റെ ജനത്തിന് എന്തു സംഭവിക്കാൻ പോകുന്നുവെന്ന പ്രശ്നത്തെക്കുറിച്ച് അയാൾ എന്നെങ്കിലും ചിന്തിച്ചിരുന്നതായി തെളിവില്ല.”
കൂടാതെ ദൈവത്തോടും മനുഷ്യനോടുമുള്ള തന്റെ സ്നേഹത്തെ ദൃഷ്ടാന്തീകരിക്കത്തക്കവണ്ണം യേശു തന്റെ ഹൈന്ദവ സമകാലീനരിൽനിന്നു വ്യത്യസ്തമായി വിവേചനാപരമായ ഒരു ജാതിവ്യവസ്ഥയെ അനുകൂലിച്ചില്ല. ജനസമ്മതിയില്ലാഞ്ഞ ഭരണാധികാരികൾക്കെതിരെ ആയുധമേന്താൻ തങ്ങളുടെ അംഗങ്ങളെ അനുവദിച്ച യഹൂദസമൂഹങ്ങളിൽനിന്നു വ്യത്യസ്തമായി യേശു “വാളെടുക്കുന്നവരെല്ലാം വാളാൽ വീഴും” എന്ന് തന്റെ അനുഗാമികൾക്കു മുന്നറിയിപ്പു കൊടുത്തു.—മത്തായി 26:52.
പ്രവൃത്തികളാൽ തെളിയിക്കപ്പെടുന്ന വിശ്വാസം
ആദിമക്രിസ്ത്യാനിത്വത്തിന്റെ വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലുമുള്ള മുഴു ശ്രദ്ധയും നടത്തയിൽ പ്രകടമായി. പാപപൂർണ്ണരായ മനുഷ്യവർഗ്ഗത്തിൽ സാധാരണമായ “പഴയ വ്യക്തിത്വത്തെ ഉപേക്ഷിക്കാ”നും “യഥാർത്ഥ നീതിയിൽ ദൈവേഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്കാ”നും ക്രിസ്ത്യാനികളോടു പറയപ്പെട്ടു. (എഫേസ്യർ 4:22-24) ഇത് അവർ ചെയ്തു. രസാവഹമായി, പരേതനായ ഇംഗ്ലീഷ് രാഷ്ട്രമീമാംസാ ശാസ്ത്രജ്ഞനായ ഹാരോൾഡ് ജെ. ലാസ്ക്കി ഇങ്ങനെ പറയുകയുണ്ടായി: “തീർച്ചയായും, ഒരു വിശ്വാസപ്രമാണത്തിന്റെ പരീക്ഷ അതു സ്വീകരിക്കുന്നവർക്ക് തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കാനുള്ള പ്രാപ്തിയല്ല; അതിന്റെ പരീക്ഷ സാധാരണ അനുദിനജീവിതത്തിലെ അവരുടെ പെരുമാററത്തിനു മാററം വരുത്താനുള്ള അതിന്റെ പ്രാപതിയാണ.” (ഇററാലിക്സ് ഞങ്ങളുടേത്.) 1 കൊരിന്ത്യർ 6:11 താരതമ്യപ്പെടുത്തുക.
ഇളകാത്ത വിശ്വാസത്താലും സുസ്ഥാപിതമായ പ്രത്യാശയാലും നിറഞ്ഞും യഥാർത്ഥ സ്നേഹത്താൽ പ്രേരിതരായും ആദിമ ക്രിസ്ത്യാനികൾ യേശു സ്വർഗ്ഗാരോഹണത്തിനു മുമ്പ് തങ്ങൾക്കു നൽകിയ കല്പന അനുസരിക്കാൻ പുറപ്പെട്ടു: “ആകയാൽ പോയി ഞാൻ നിങ്ങളോടു കല്പിച്ചിരിക്കുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല രാഷ്ട്രങ്ങളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് . . . അവരെ സ്നാപനപ്പെടുത്തുക.”—മത്തായി 28:19, 20.
ക്രി.വ. 33-ലെ പെന്തെക്കോസ്തിൽ യരുശലേമിലെ ഒരു മാളികമുറിയിൽ കൂടിവന്നിരുന്ന 120 ക്രിസ്തീയ ശിഷ്യരുടെമേൽ ദൈവാത്മാവു പകരപ്പെട്ടു. ക്രിസ്തീയ സഭ പിറന്നിരുന്നു.a അന്നേ ദിവസം ഒരു ഉത്സവത്തിൽ സംബന്ധിക്കുന്നതിന് മററു രാജ്യങ്ങളിൽനിന്ന് യരുശലേമിൽ വന്നിരുന്ന യഹൂദൻമാരോടും യഹൂദമതാനുസാരികളോടും ആശയവിനിയമം ചെയ്യാൻ തങ്ങളെ പ്രാപ്തരാക്കിക്കൊണ്ട് അന്യഭാഷകളിൽ സംസാരിക്കാനുള്ള പ്രാപ്തി അതിലെ അംഗങ്ങൾക്ക് അത്ഭുതകരമായി കൊടുക്കപ്പെട്ടു. (പ്രവൃത്തികൾ 2:5, 6, 41) എത്ര മഹത്തായ ഫലം! ഒററ ദിവസംതന്നെ ക്രിസ്ത്യാനികളുടെ എണ്ണം ഏതാണ്ട് 120ൽനിന്ന് 3,000ത്തിലധികമായി കുതിച്ചുയർന്നു!
യേശു തന്റെ പ്രസംഗം ഏറെയും യഹൂദൻമാരിൽ പരിമിതപ്പെടുത്തി. എന്നാൽ പെന്തെക്കോസ്തിനുശേഷം താമസിയാതെ, ബൈബിളിന്റെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ അനുസരിച്ച ശമര്യർക്കും പിന്നീട് ക്രി.വ. 36ൽ സകല യഹൂദേതരർക്കും “മാർഗ്ഗം” തുറന്നുകൊടുക്കാൻ ക്രിസ്തീയ അപ്പോസ്തലനായ പത്രോസ് ഉപയോഗിക്കപ്പെട്ടു. പൗലോസ് “ജനതകളുടെ ഒരു അപ്പോസ്തലൻ” ആയിത്തീരുകയും മൂന്നു മിഷനറിയാത്രകൾ നടത്തുകയും ചെയ്തു. (റോമർ 11:13) അങ്ങനെ സഭകൾ രൂപവൽക്കരിക്കപ്പെടുകയും അവ തഴച്ചുവളരുകയും ചെയ്തു. “ക്രിസ്തു മുതൽ കോൺസററന്റൈൻവരെ എന്ന പുസ്തകം “വിശ്വാസം പരത്തുന്നതിലെ അവരുടെ തീക്ഷ്ണത അതിരററതായിരുന്നു” എന്ന് പറയുകയും ഇങ്ങനെ കൂട്ടിച്ചേർക്കുകയുംചെയ്തു: “ക്രിസ്തീയസാക്ഷീകരണം വിപുലവ്യാപകവും ഫലപ്രദവുമായിരുന്നു.” ക്രിസ്ത്യാനികളെയുള്ള പീഡനം തിരിഞ്ഞടിക്കുകയും കാററ് തീജ്വാലയെ ആളിക്കുന്നതുപോലെ സന്ദേശം പരത്താൻ സഹായിക്കുകയും ചെയ്തു. പ്രവൃത്തികൾ എന്ന ബൈബിൾ പുസ്തകം ക്രിസ്ത്യാനിത്വത്തിന്റെ യുവത്വത്തിലെ അപ്രതിഹതമായ ക്രിസ്തീയപ്രവർത്തനത്തിന്റെ ഒരു ആവേശകരമായ ചരിത്രം പ്രതിപാദിക്കുന്നു.
‘എനിക്കറിയാവുന്ന ക്രിസ്ത്യാനിത്വം അതല്ല!’
ക്രിസ്ത്യാനിത്വത്തിന്റെ ആദിമനാളുകളെ സംബന്ധിച്ച ഈ വർണ്ണന കേട്ടപ്പോൾ നിങ്ങളുടെ പ്രതികരണം അതാണോ? ഇന്ന് ക്രിസ്ത്യാനികളെന്നവകാശപ്പെടുന്ന അനേകർക്കും ശക്തമായ വിശ്വാസമുണ്ടായിരിക്കുന്നതിനു പകരം എന്തു വിശ്വസിക്കണമെന്നു തിട്ടമില്ലാതെ സംശയം നിറഞ്ഞിരിക്കുകയാണെന്ന് നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ? അവരിലനേകർക്കും ഭാവിസംബന്ധിച്ച് തിട്ടമില്ലാതെ പ്രത്യാശക്കുപകരം ഭയം ബാധിച്ചിരിക്കുകയാണെന്ന് നിങ്ങൾ കണ്ടിരിക്കുന്നുവോ? 18-ാം നൂററാണ്ടിലെ ഇംഗ്ലീഷ് ഹാസ്യകാരനായ യോനാഥാൻ സ്വിഫ്ററ് പ്രസ്താവിച്ചപ്രകാരം “നമ്മെ വിദ്വേഷമുള്ളവരാക്കാൻ മതിയായ മതം നമുക്കുണ്ട്, എന്നാൽ അന്യോന്യം സ്നേഹിക്കാനിടയാക്കാൻ വേണ്ടത്ര ഇല്ല” എന്നു നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ?
പൗലോസ് ഈ നിഷേധാത്മകവികാസത്തെ മുൻകൂട്ടിപ്പറഞ്ഞു. “ക്രൂരചെന്നായ്ക്കൾ”—പേരിൽമാത്രം ക്രിസ്ത്യാനികളായിരിക്കുന്ന നേതാക്കൻമാർ—“എഴുന്നേൽക്കുകയും ശിഷ്യരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയാനായി വളച്ചൊടിച്ച കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും.” (പ്രവൃത്തികൾ 20:29, 30) ഇത് എത്ര ദൂരവ്യാപകമായിരിക്കും? ഞങ്ങളുടെ അടുത്ത ലേഖനം വിശദീകരിക്കും. (g89 6⁄8)
[അടിക്കുറിപ്പുകൾ]
a പുറത്തുള്ളവർക്ക് ക്രിസ്ത്യാനിത്വം “മാർഗ്ഗം” എന്നു പരാമർശിക്കപ്പെട്ടു. “ആദ്യമായി അന്ത്യോക്യയിൽവെച്ചായിരുന്നു [ഒരുപക്ഷേ 10നും 20നും ഇടക്കു വർഷത്തിനുശേഷം] ദിവ്യഹിതത്താൽ ശിഷ്യൻമാർ ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്.”—പ്രവൃത്തികൾ 9:2; 11:26.
[23-ാം പേജിലെ ചിത്രം]
ഒരു ക്രിസ്ത്യാനിക്ക് ജീവനുള്ള ഒരു ദൈവത്തിൽ വിശ്വാസമുണ്ട്
[24-ാം പേജിലെ ചിത്രം]
ക്രിസ്തീയ പ്രത്യാശ പുനഃസ്ഥിതീകരിക്കപ്പെടുന്ന ഒരു ഭൗമികപറൂദീസക്കായി നോക്കിപ്പാർത്തിരിക്കുന്നു
[24-ാം പേജിലെ ചിത്രം]
ദൈവത്തെ സേവിക്കാൻ മററുള്ളവരെ സഹായിക്കുന്നതിൽ ക്രിസ്തീയസ്നേഹത്തിനു പക്ഷപാതിത്വമില്ല