നിങ്ങളുടെ രാജ്യം ഒരു മുഖ്യലക്ഷ്യമോ?
ഐക്യനാടുകൾ ബ്രസീലിൽനിന്നും സിംബാബ്വേയിൽനിന്നും വിലകുറഞ്ഞ പുകയില വാങ്ങുന്നതുകൊണ്ട് അതിന് ധാരാളം പുകയില മിച്ചമുണ്ട്. അതുകൊണ്ട് പുകയിലപ്രഭുക്കൻമാർക്ക് അത് എവിടെ വിൽക്കാൻ കഴിയും? ആഫ്രിക്കയിലും ഏഷ്യയിലുമുള്ള രാജ്യങ്ങളിൽ. അതുകൊണ്ട് ഏഷ്യാവീക്ക ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ഇപ്പോൾ ഏഷ്യൻരാജ്യങ്ങളാണ് അമേരിക്കയുടെ വിദേശ പുകയിലവിൽപ്പനയുടെ 50 ശതമാനം ഉപയോഗിക്കുന്നത്, മുഖ്യവിപണികളുടെ സ്ഥാനത്തുനിന്ന് ബ്രിട്ടനെയും വെസ്ററ് ജർമ്മനെയും മാററിക്കൊണ്ടുതന്നെ.”
പുകയിലവിൽപ്പനക്കാരുടെ മുമ്പിൽ എത്ര കൊഴുത്ത സമ്മാനമാണ് തൂങ്ങിക്കിടക്കുന്നത്? അടുത്ത 20 വർഷങ്ങൾക്കുള്ളിൽ 200 കോടിയോടടുത്ത ജനസംഖ്യയുണ്ടാകാൻ സാദ്ധ്യതയുള്ള ഒരു വിപണി. ചൈനയിലെയും ഇൻഡ്യയിലെയും ഇപ്പോഴത്തെ ജനസംഖ്യതന്നെ വമ്പിച്ചതാണ്—മൊത്തം ഏതാണ്ട് 180 കോടി! വേൾഡ ഹെൽത്ത മാസിക പ്രസ്താവിച്ചതുപോലെ, “പാശ്ചാത്യദേശത്ത് പുകയിലവിപണി വർഷംതോറും ഒരു ശതമാനം എന്ന നിരക്കിൽ കുറഞ്ഞുകൊണ്ടിരിക്കെ, വികസ്വരരാജ്യങ്ങളിൽ വർഷംതോറും രണ്ടു ശതമാനം എന്ന ശരാശരിയിൽ പുകവലി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.” കുറഞ്ഞുകൊണ്ടിരിക്കുന്ന വിപണിക്ക്, കിഴക്ക് മാടിവിളിക്കുന്ന വിപണിയെക്കാൾ വളരെ കുറഞ്ഞ ജനസംഖ്യയേയുള്ളുവെന്ന് ഓർക്കുക. 2000-ാം ആണ്ടാകുന്നതോടെ ഏഷ്യയിലെ വില്പന 18 ശതമാനം കണ്ട് വർദ്ധിക്കുമെന്ന് യു. എസ്. പുകയിലവ്യവസായം പ്രതീക്ഷിക്കുന്നു. എന്നാൽ കുറഞ്ഞപക്ഷം ഒരു തടസ്സമെങ്കിലുമുണ്ട്. തീരുവകൾ.
രോഗവും മരണവും പരത്തുന്നതിൽ ഇരട്ടത്താപ്പ
അമേരിക്കൻ പുകയിലക്കമ്പനികൾക്ക് മിച്ചമുള്ള സിഗരററുകൾ മററു രാജ്യങ്ങളെക്കൊണ്ടു വാങ്ങിപ്പിക്കാൻ എങ്ങനെ കഴിയും? വിരോധാഭാസമെന്നു പറയട്ടെ, അവർ പുകവലിയുടെ അപകടങ്ങളെക്കുറിച്ച് സ്വന്തം പൊതുജനങ്ങൾക്കു മുന്നറിയിപ്പുകൊടുക്കുമ്പോൾത്തന്നെ മററു രാജ്യങ്ങളിൽ മാരകമായ പുകയിലവില്പ്പനയെ സജീവമായി പ്രോൽസാഹിപ്പിക്കുന്ന ഒരു മിത്രമുണ്ട്. അതാരാണ്? യു. എസ്. ഗവൺമെൻറ്!
ഏഷ്യാവീക്ക ഇങ്ങനെ വിശദീകരിക്കുന്നു: “പുകയിലക്കയററുമതിവണ്ടി അതിന്റെ പിന്നിലെ യു. എസ്. ഗവൺമെൻറിന്റെ കനത്തോടെ നീങ്ങിയിരിക്കുന്നു. . . . യു. എസ്. വ്യാപാരപ്രതിനിധിയുടെ ഓഫീസ് വ്യാപാരതടസ്സങ്ങൾ ഇടിച്ചുനിരത്താനും അമേരിക്കൻ കമ്പനികൾക്കുവേണ്ടി ഏഷ്യൻമാദ്ധ്യമങ്ങളിൽ പ്രവേശനംനേടാനും സർവശ്രമങ്ങളും നടത്തിയിരിക്കുന്നു—യു. എസ്-ലെ വായൂ തരംഗങ്ങളിൽ സിഗരററ് പരസ്യങ്ങൾ പണ്ടേ നിരോധിച്ചിട്ടുണ്ടെങ്കിലും.” വേൾഡ ഹെൽത്ത ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “[യു. എസ്.] പുകയിലക്കമ്പനികൾ ഗണ്യമായ രാഷ്ട്രീയസ്വാധീനം ചെലുത്തുന്നു. തങ്ങളുടെ വിപണികൾ അമേരിക്കൻ പുകയിലയുൽപ്പന്നങ്ങളുടെ വിൽപ്പനക്കും പരസ്യത്തിനും തുറന്നുകൊടുക്കാത്തതിന്റെ പേരിൽ ഹോംകോംഗ്, തായ്വാൻ, ജപ്പാൻ, കൊറിയാ, എന്നീ രാജ്യങ്ങൾക്കെതിരെ വ്യാപാരശിക്ഷകളോ അവയുടെ ഭീഷണികളോ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്.”
അതിലും മോശമായി, പുകയിലക്കമ്പനികൾ ഏഷ്യയിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിൽക്കുന്നുവെന്നു മാത്രമല്ല ഉന്നതസമ്മർദ്ദപരസ്യത്താൽ അവയുടെ വിൽപ്പനയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തായ്വാനും ദക്ഷിണകൊറിയായും പോലെയുള്ള ചില രാജ്യങ്ങൾ സമ്മർദ്ദത്താൽ പുകയിലപരസ്യത്തിൻമേലുള്ള അവയുടെ നിരോധനം നീക്കുകപോലും ചെയ്തിരിക്കുന്നു! ഇപ്പോൾ ചൈനയും യു.എസ്. സിഗരററ് നിർമ്മാതാക്കളുടെ പ്രമുഖ ലിസ്ററിന്റെ തലപ്പത്തുണ്ട്. “ഞങ്ങൾക്ക് വേണ്ടതെന്താണെന്നറിയാമോ? ഞങ്ങൾക്കു വേണ്ടത് ഏഷ്യയാണ്” എന്ന് ഒരു പുകയിലക്കമ്പനിയുടെ കാര്യനിർവാഹകോദ്യോഗസ്ഥൻ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നത് അതിശയമല്ല. എന്നാൽ ഈ അമേരിക്കൻ ഉന്നതസമ്മർദ്ദ തന്ത്രങ്ങളെ ചിലർ വീക്ഷിക്കുന്നതെങ്ങനെയാണ്?
ന്യൂയോർക്ക റൈറംസ ലേഖകൻ പറയുന്നപ്രകാരം “കൊറിയൻ ജനത്തിന്റെമേൽ അമേരിക്കൻ സിഗരററുകൾ അടിച്ചേൽപ്പിക്കുന്നതുനിമിത്തം അമേരിക്കൻ ധാർമ്മികതക്കെതിരെ” ഒരു കൊറിയൻ ബിസിനസ്മാൻ അമർഷം കൊണ്ടു. അയാൾക്ക് സാധുവായ ഒരു പോയിൻറുണ്ട്. മററു ചില സമ്പദ്ഘടനകൾക്ക് അടിസ്ഥാനപരമായിട്ടുള്ള കോക്കേയിന്റെയും ഹെറോയിന്റെയും ഇറക്കുമതിക്കെതിരെ അമേരിക്ക യുദ്ധം നടത്തുമ്പോൾ അത് അതിന്റെ സ്വന്തം വിഷച്ചെടി മററു രാഷ്ട്രങ്ങളിൽ ഇറക്കാൻ ആഗ്രഹിക്കുന്നു. അമേരിക്കക്ക് ഉയർന്ന സദാചാരസംഹിതയുണ്ടെന്ന് അവകാശപ്പെടുന്നതുകൊണ്ട് അത് തികച്ചും സാമ്പത്തികദുസ്ഥിതിയിലായിരിക്കുന്ന മററു രാഷ്ട്രങ്ങളെ ഹാനികരമായ അതിന്റെ പുകയിലയുല്പന്നങ്ങൾ കെട്ടിയേൽപ്പിക്കുന്നത് പൊരുത്തപ്പെടുമോ?
ചിലർ തിരിച്ചടിക്കുന്നു
ഗാംബിയാ, മൊസാംബിക്ക്, സെനിഗൽ മുതലായ ചില ആഫ്രിക്കൻ ജനതകൾ സിഗരററ് പരസ്യങ്ങൾ നിരോധിച്ചിരിക്കുന്നു. നൈജീറിയൻഗവൺമെൻറ് “വർത്തപ്പാനപ്പത്രങ്ങളിലെയും റേഡിയോയിലെയും റെറലിവിഷനിലെയും ബിൽബോർഡുകളിലെയും സകല പരസ്യങ്ങളും നിരോധിക്കാൻ പോകുകയാണ്. ഞങ്ങൾ എല്ലാ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും പുകവലി നിരോധിക്കാൻ പോകുകയാണ്” എന്ന് കഴിഞ്ഞ വർഷം നൈജീറിയായിലെ ആരോഗ്യമന്ത്രി പ്രസ്താവിക്കുകയുണ്ടായി. ഈ പ്രശ്നം ഇപ്പോഴും ചർച്ചയിലിരിക്കുകയാണെന്ന് ഒരു നൈജീറിയൻ ഇൻഫർമേഷൻ ഓഫീസർ ഉണരുക!യോടു (1989 ജനുവരിയിൽ) പറയുകയുണ്ടായി.
ചൈനാ 24 കോടി പുകവലിക്കാരുള്ള ഒരു രാഷ്ട്രമാണ്. 2025-ാമാണ്ടാകുന്നതോടെ, പുകവലിയോടു ബന്ധപ്പെട്ട രോഗങ്ങൾ നിമിത്തം ഓരോ വർഷവും ഇരുപതുലക്ഷം പേർ നഷ്ടപ്പെടുമെന്ന് മെഡിക്കൽ അധികൃതർ പ്രതീക്ഷിക്കുന്നു. ചൈനാ റീകൺസട്രകററസ എന്ന മാസിക സമ്മതിക്കുന്ന പ്രകാരം ചൈനക്ക് ഒരു വമ്പിച്ച പ്രശ്നമുണ്ട്: “സിഗരററ് പരസ്യത്തിൻമേലുള്ള ചൈനീസ്ഗവൺമെൻറിന്റെ നിരോധനവും പുകവലിയുടെ ഹാനികരമായ ഫലങ്ങളെസംബന്ധിച്ച് മുന്നറിയിപ്പുകൊടുക്കുന്ന കൂടെക്കൂടെയുള്ള പത്ര, മാസികാ റിപ്പോർട്ടുകളും സദാ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സിഗരററുവിലയും ഗണ്യമാക്കാതെ ചൈനയിൽ പുകവലിക്കാരുടെ എണ്ണം തുടർന്നു വർദ്ധിക്കുകയാണ്.” ഫലങ്ങളിലൊന്ന് എന്താണ്? “കാൻസറും ഹൃദ്സംവഹനരോഗങ്ങളും ശ്വസനസംബന്ധമായ രോഗങ്ങളുമാണ് ചൈനയിലെ ഇപ്പോഴത്തെ മുഖ്യകൊലയാളികൾ.”
ചൈനയിലെ ചില ഭാഗങ്ങളിൽ, അതിഥികളെ സ്വാഗതംചെയ്യുമ്പോൾ സിഗരററ് കൊടുക്കുന്നത് ആതിഥ്യത്തിന്റെ ഒരു ലക്ഷണമായി പരിഗണിക്കപ്പെടുന്നു. എന്നാൽ ചൈനാക്കാർ എന്തോരു വിലയാണ് ഒടുക്കുന്നത്! ചൈനാ റീകൺസട്രകററസ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ശ്വാസകോശകാൻസർ വമ്പിച്ച തോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് മെഡിക്കൽ അധികൃതർ മുന്നറിയിപ്പുനൽകിയിരിക്കുന്നു.” ഒരു ചൈനീസ് വിദഗ്ദ്ധൻ “ഞങ്ങൾ ഇപ്പോൾത്തന്നെ വളരെ ഉയർന്ന വില ഒടുക്കുകയാണ്” എന്നു പ്രസ്താവിക്കുകയുണ്ടായി.
എന്നിരുന്നാലും, പുകയിലപരസ്യക്കാരുടെ ശക്തിയിൽ മറെറാരു അപകടമുണ്ട്—മാദ്ധ്യമങ്ങളുടെമേലുള്ള അവരുടെ തന്ത്രപരമായ സ്വാധീനം. (g89 7/8)
[10-ാം പേജിലെ ചിത്രം]
ഹോംകോംഗിലെ പുകവലി വിരുദ്ധപരസ്യം