മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞകാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 19: 17-ാം നൂററാണ്ടുമുതൽ 19-ാം നൂററാണ്ടുവരെ ക്രൈസ്തവലോകം ലോകമാററവുമായി മല്ലടിക്കുന്നു
“തത്വശാസ്ത്രവും മതവും പൊരുത്തപ്പെടാത്തവയാണ്.”—ജോർജ്ജ് ഹെർവെഗ്ഗ്, 19-ാം നൂററാണ്ടിലെ ജർമ്മൻ കവി
“ജ്ഞാനപ്രിയം” എന്നർത്ഥമുള്ള ഗ്രീക്ക് ധാതുവിൽനിന്ന് നിഷ്പന്നമായ ഒരു പദമായ ഫിലോസഫി (തത്വശാസ്ത്രം) എന്ന പദത്തെ നിർവചിക്കുക പ്രയാസമാണ്. “സാർവലൗകികവും സർവത്തെയും ഉൾക്കൊള്ളുന്നതുമായ ഒരു നിർവചനം” നൽകാൻ കഴിയുമെന്നുള്ളതിനെ സംശയിക്കുമ്പോൾത്തന്നെ ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഫിലോസഫിയെ ‘വിവിധ മനുഷ്യാനുഭവങ്ങളെ സംബന്ധിച്ച ഒരു വിചിന്തനം’ എന്നോ ‘മനുഷ്യന് ഏററവും വലിയ താത്പര്യമുള്ള വിഷയങ്ങളുടെ യുക്തിഭദ്രവും നിയമാനുസൃതവും വ്യവസ്ഥാനുസൃതവുമായ പരിചിന്തന’മെന്നോ നിർവചിക്കാനായിരിക്കാം ആദ്യശ്രമം” എന്ന് പ്രസ്താവിക്കാൻ മുതിരുന്നു.
സത്യമതവും ഫിലോസഫിയും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയാത്തതിന്റെ കാരണം ഈ നിർവചനം വ്യക്തമായി പ്രകടമാക്കുന്നു. സത്യമതം ദിവ്യവെളിപ്പാടിൽ അധിഷ്ഠിതമായിരിക്കുന്നു, “വിവിധ മാനുഷാനുഭവങ്ങളിൽ” അല്ല. പ്രഥമവും പ്രധാനവുമായി അത് സ്രഷ്ടാവിന്റെ താത്പര്യങ്ങളെ ചുഴലംചെയ്യുന്നു, “മനുഷ്യന് ഏററവും വലിയ താത്പര്യമുള്ള വിഷയങ്ങ”ളെയല്ല. മറിച്ച്, വ്യാജമതം ഫിലോസഫിയെപ്പോലെ മനുഷ്യാനുഭവങ്ങളിൽ അധിഷ്ഠിതമായിരിക്കുകയും മനുഷ്യതാത്പര്യങ്ങളെ ഏററം പ്രധാനമായി കരുതുകയുംചെയ്യുന്നു. ഈ വസ്തുത ക്രൈസ്തവലോകം ലോകമാററവുമായി മല്ലടിക്കവേ 17-ാം നൂററാണ്ടു മുതൽ വിശേഷാൽ തെളിവായി.
ത്രിവിധ ഭീഷണി
പതിനേഴാം നൂററാണ്ടിൽ ആധുനികസയൻസ് ജൻമമെടുത്തയുടനെ അതും മതവും തമ്മിൽ ഒരു സംഘട്ടനം അനിവാര്യമാണെന്നു തോന്നി. അതിവിശിഷ്ടമായ ശാസ്ത്രീയനേട്ടങ്ങൾ ശാസ്ത്രത്തെ അപ്രമാദിത്വത്തിന്റെയും ആധികാരികതയുടെയും ഒരു പ്രഭാവലയത്തിൽ ആവരണംചെയ്തു, ശാസ്ത്രീയവാദത്തെ അതിൽത്തന്നെ ഒരു മതമാക്കി, ഒരു വിശുദ്ധനാക്കി. ശാസ്ത്രീയ “വസ്തുതകളുടെ” വെളിച്ചത്തിൽ പെട്ടെന്നുതന്നെ മതപരമായ അവകാശവാദങ്ങൾ അപകടകരമാംവിധം തെളിയിക്കാൻപാടില്ലാത്തവയായി തോന്നി. ശാസ്ത്രം നവീനവും ആവേശജനകവുമായിത്തീർന്നു; മതം കാലഹരണപ്പെട്ടതും വിരസവുമായിത്തീർന്നു.
മതത്തോടുള്ള ഈ മനോഭാവം 17-ാം നൂററാണ്ടിലും 18-ാം നൂററാണ്ടിലും യൂറോപ്പിൽ അലയടിച്ച ഒരു ബൗദ്ധിക പ്രസ്ഥാനമായ പ്രബുദ്ധതയാൽ തീവ്രീകരിക്കപ്പെട്ടു. ബുദ്ധിപരവും ഭൗതികവുമായ പുരോഗതിക്ക് ഊന്നൽ കൊടുത്തുകൊണ്ട് അത് രാഷ്ട്രീയവും മതപരവുമായ അധികാരത്തെയും പാരമ്പര്യത്തെയും ത്യജിക്കുകയും വിമർശനാത്മകമായ ന്യായവാദത്തെ അനുകൂലിക്കുകയുംചെയ്തു. സങ്കൽപ്പമനുസരിച്ച്, ഇതായിരുന്നു വിജ്ഞാനത്തിന്റെയും സന്തുഷ്ടിയുടെയും ഉറവ്. “അതിന്റെ പൂർവികവേരുകൾ ഗ്രീക്ക് തത്വശാസ്ത്രത്തിൽ” കാണപ്പെട്ടു.
പ്രബുദ്ധത മുഖ്യമായി ഒരു ഫ്രെഞ്ച് പ്രതിഭാസമായിരുന്നു. ഫ്രാൻസിലെ പ്രമുഖ നേതാക്കളിൽ വോൾട്ടയറും ഡനിസ് ഡിഡെറോട്ടും ഉൾപ്പെട്ടിരുന്നു. ഗ്രേററ് ബ്രിട്ടനിൽ അതിന്റെ വക്താക്കൾ ജോൺ ലോക്കെയും ഡേവിഡ് ഹ്യൂമും ആയിരുന്നു. തോമസ് പെയ്ൻ, ബഞ്ചമിൻ ഫ്രാങ്ക്ളിൽ, തോമസ് ജെഫേഴ്സൻ എന്നിവരുൾപ്പെടെയുള്ള യു.എസ്. സ്ഥാപകപിതാക്കൻമാരിലും വക്താക്കൾ കാണപ്പെട്ടു. യഥാർത്ഥത്തിൽ യു.എസ് ഭരണഘടന ആവശ്യപ്പെട്ട സഭയുടെയും രാഷ്ട്രത്തിന്റെയും വേർതിരിവ് പ്രബുദ്ധതയുടെ ആശയങ്ങളുടെ ഒരു പ്രതിഫലനമായിരുന്നു. ജർമ്മനിയിലെ പ്രമുഖ അംഗങ്ങൾ ക്രിസ്ററ്യൻ വോൾഫ്, ഇമ്മാനുവെൽ കാൻറ്, രചയിതാവായ ഫേലിക്സ് മെൻഡൽസണിന്റെ പിതാമഹനായ മോസ്സ് മെൻഡൽസൺ എന്നിവരായിരുന്നു.
മതത്തിൽ സംശയമുളവായ കാൻറ് “പ്രബുദ്ധത”യെ “സ്വയം ചുമത്തപ്പെട്ട ശിക്ഷണത്തിൽനിന്നുള്ള മനുഷ്യവിമോചനം” എന്ന് നിർവചിച്ചതായി പറയപ്പെടുന്നു. ഇതിനാൽ കാൻറ് അർത്ഥമാക്കിയത് “ധാർമ്മികതയെയും മതത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ രാഷ്ട്രീയമോ മതപരമോ തിരുവചനസംബന്ധമോ ആയ പ്രാമാണികരാൽ ആജ്ഞാപിക്കപ്പെടുന്നതിനുപകരം അവയെക്കുറിച്ചു ചിന്തിക്കാനുള്ള ധൈര്യം മനുഷ്യവ്യക്തികൾ ആർജ്ജിക്കുന്ന പ്രക്രിയ”യാണെന്ന് കോർണൽ യൂണിവേഴ്സിററിയിലെ അലൻ ഡബ്ലിയൂ. വുഡ് വിശദീകരിക്കുന്നു.
പതിനെട്ടാം നൂററാണ്ടിന്റെ രണ്ടാം പകുതിയിൽ ആദ്യം ഗ്രേററ് ബ്രിട്ടനിൽ വ്യാവസായികവിപ്ലവം തുടങ്ങി. കൃഷിയിൽനിന്ന്, യന്ത്രങ്ങളുടെയും രാസപ്രക്രിയകളുടെയും സഹായത്താൽ വസ്തുക്കൾ ഉല്പാദിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നതിലേക്ക് ഊന്നൽ മാറി. ഏറെയും കാർഷികവും ഗ്രാമീണവുമായ ജനസമുദായത്തിൽപ്പെട്ടവരെ ഇത് അസ്വസ്ഥരാക്കുകയും ജോലിക്കുവേണ്ടി ആയിരക്കണക്കിനാളുകളെ നഗരങ്ങളിൽ തിങ്ങിവസിക്കാൻ പറഞ്ഞയക്കുകയുംചെയ്തു. തൊഴിലില്ലായ്മയും ഭവനദൗർലഭ്യവും ദാരിദ്ര്യവും ജോലിയോടു ബന്ധപ്പെട്ട പല അസുഖങ്ങളും ബാധിച്ച പ്രദേശങ്ങൾ ഉളവായി.
ക്രൈസ്തലോകം സയൻസിന്റെയും പ്രബുദ്ധതയുടെയും വ്യവസായത്തിന്റെയും ഈ ത്രിവിധഭീഷണിയെ നേരിടുമോ?
പതുക്കെപതുക്കെയെങ്കിലും ദൈവത്തെ പുറത്താക്കുന്നു
പ്രബുദ്ധതാപരമായ ചിന്തയാൽ പ്രേരിതരായ ആളുകൾ സമൂഹത്തിലെ അനേകം രോഗങ്ങൾക്ക് മതത്തെ കുററപ്പെടുത്തി. “ദിവ്യനിയമത്തിന്റെയും പ്രകൃതിനിയമത്തിന്റെയും മുൻനിർണ്ണീത ബ്ലൂപ്രിൻറുകൾക്കനുസൃതമായി സമൂഹം പടുത്തുയർത്തപ്പെടണമെന്ന ആശയം, സമൂഹം മമനുഷ്യന്റെ സ്വന്തം ‘വൈദഗ്ദ്ധ്യത്താലോ’ ‘ഉപായ’ത്താലോ പടുത്തയർപ്പെട്ടതാണ് അല്ലെങ്കിൽ പടുത്തുയർത്താവുന്നതാണ് എന്ന ആശയത്താൽ പ്രതിസ്ഥാപിക്കപ്പെട്ടു”വെന്ന് ദി എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ പറയുന്നു. “അങ്ങനെ മതേതരവും സാമൂഹികവുമായ ഒരു മാനവവാദം ഉളവായി, അത് ക്രമത്തിൽ ആധുനികലോകത്തിലെ തത്വശാസ്ത്രപരവും സാമൂഹികവുമായ സിദ്ധാന്തങ്ങളിൽ മിക്കതിനും ജൻമം കൊടുത്തു.”
ഈ സിദ്ധാന്തങ്ങളിൽ സ്വാധീനശക്തിയുണ്ടായിരുന്ന ഫ്രഞ്ച് പ്രബുദ്ധതാ തത്വചിന്തകനായിരുന്ന ജീൻ ജാക്വസ് റൂസ്സോ മുന്നോട്ടുവെച്ച “സിവിൽ മതം” ഉൾപ്പെട്ടിരുന്നു. അത് അതിന്റെ ശ്രദ്ധാവിഷയങ്ങളിൽ ഒരു ദൈവത്തെയും അവന്റെ ആരാധനയെയുംകാൾ സമൂഹത്തിലും മാനുഷ ഉൾപ്പെടലിലും കേന്ദ്രീകരിച്ചു. ഫ്രഞ്ച് സംസ്മരണാലേഖകനായ ക്ലോഡ്-ഹെൻട്രി ഡി റൗവറി ഒരു “നവീനക്രിസ്ത്യാനിത്വ”ത്തിനുവേണ്ടി വാദിച്ചു. അതേ സമയം അദ്ദേഹത്തിന്റെ ആശ്രിതനായിരുന്ന ആഗസ്തി കോണ്ടി ഒരു “മാനവതാമത”ത്തെക്കുറിച്ച് സംസാരിച്ചു.
പത്തൊൻപതാം നൂററാണ്ടിന്റെ ഒടുവിൽ സാമൂഹ്യസുവിശേഷം എന്നറിയപ്പെട്ട അമേരിക്കൻപ്രസ്ഥാനം പ്രോട്ടസ്ററൻറുകാരുടെ ഇടയിൽ വളർന്നുവന്നു; അത് യൂറോപ്യൻ സിദ്ധാന്തങ്ങളോട് അടുത്തു ബന്ധപ്പെട്ടിരുന്നു. ആ ദൈവശാസ്ത്രാധിഷ്ഠിത ആശയം ഒരു ക്രിസ്ത്യാനിയുടെ മുഖ്യ കടമ സാമൂഹ്യപ്രവർത്തനമാണെന്ന് തറപ്പിച്ചുപറഞ്ഞു. അതിന് ഇന്നോളം പ്രോട്ടസ്ററൻറുകാരുടെ ഇടയിൽ വലിയ പിന്തുണ കിട്ടുന്നുണ്ട്. ഫ്രാൻസിലെ പ്രവർത്തകപുരോഹിതരുടെ ഇടയിലും വിമോചനദൈവശാസ്ത്രം പഠിപ്പിക്കുന്ന ലാററിൻ അമേരിക്കയിലെ വൈദികരുടെ ഇടയിലും കത്തോലിക്കരുടെ ഭാഷ്യം കാണപ്പെടുന്നു.
ക്രൈസ്തവലോകത്തിലെ മിഷനറിമാരും ഈ പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. 1982-ലെ ഒരു റൈറം മാസികാറിപ്പോർട്ട് സൂചിപ്പിക്കുന്നതുപോലെ: “പ്രോട്ടസ്ററൻറുകാരുടെ ഇടയിൽ, ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ അടിസ്ഥാനപ്രശ്നങ്ങളിലെ വർദ്ധിച്ച ഉൾപ്പെടലിലേക്കുള്ള ഒരു മാററം ഉണ്ടായിട്ടുണ്ട് . . . എന്തെന്നാൽ അനേകം കത്തോലിക്കാ മിഷനറിമാരെസംബന്ധിച്ചടത്തോളം സാധുക്കളുടെ കാര്യത്തിലുള്ള ഉൾപ്പെടലിന്റെ അർത്ഥം സാമ്പത്തികവും രാഷ്ട്രീയവുമായ സമൂലമാററങ്ങൾക്കുവേണ്ടിയുള്ള വാദമെന്നാണ്—ആ മാററങ്ങളുടെ മുൻനിരയിൽ മാർക്സിസ്ററ് വിപ്ലവപ്രസ്ഥാനങ്ങളാണെങ്കിലും. . . . തീർച്ചയായും, തങ്ങളുടെ യഥാർത്ഥ ജോലിയിൽ മതപരിവർത്തനം അടിസ്ഥാനപരമായി അപ്രസക്തമാണെന്ന് വിശ്വസിക്കുന്ന മിഷനറിമാരുണ്ട്.” പ്രസ്പഷ്ടമായി അങ്ങനെയുള്ള മിഷനറിമാർ ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായിരുന്ന എമിൽ ഡർക്കൈമിനോടു യോജിക്കുന്നു, അദ്ദേഹം ഒരിക്കൽ നിർദ്ദേശിച്ചതിങ്ങനെയാണ്: ‘മതാരാധനയുടെ യഥാർത്ഥ ലക്ഷ്യം സമൂഹമാണ്, ദൈവമല്ല.’
പ്രസ്പഷ്ടമായി, ക്രൈസ്തവലോകം പതുക്കെപതുക്കെ ദൈവത്തെ മതത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. അതേസമയം മററു ശക്തികളും പ്രവർത്തനത്തിലുണ്ടായിരുന്നു.
ദൈവത്തിനു പകരം കൃത്രിമ മതങ്ങൾ
സഭകൾക്ക് വ്യാവസായികവിപ്ലവത്താൽ സൃഷ്ടിക്കപ്പെട്ട പ്രശ്നങ്ങൾക്ക് ഉത്തരങ്ങളില്ലായിരുന്നു. എന്നാൽ മാനുഷതത്വചിന്തകളുടെ ഉല്പന്നങ്ങളായ കൃത്രിമമതങ്ങൾ അവക്ക് പരിഹാരമുണ്ടെന്ന് അവകാശപ്പെട്ടു, അവ സത്വരം ശൂന്യത നികത്തുന്നതിന് പാഞ്ഞെത്തി.
ദൃഷ്ടാന്തത്തിന്, ചിലർ ധനത്തെയും സ്വത്തുക്കളെയും പിന്തുടരുന്നതിലാണ് തങ്ങളുടെ ജീവിതോദ്ദേശ്യം കണ്ടെത്തിയത്, വ്യാവസായികവിപ്ലവം ഒരുക്കിക്കൊടുത്ത ഒരു സ്വാർത്ഥലോലുപ പ്രവണതയാണല്ലോ അത്. ധാനാസക്തി ഒരു മതമായിത്തീർന്നു. സർവശക്തനായ ദൈവത്തിന്റെ സ്ഥാനത്ത് ‘സർവശക്തനായ ഡോളർ’ വന്നു. ജോർജ് ബർനാർഡ് ഷായുടെ ഒരു നാടകത്തിൽ “ഞാൻ ഒരു കോടീശ്വരനാണ്. അതാണെന്റെ മതം” എന്ന് ഉദ്ഘോഷിച്ച ഒരു കഥാപാത്രം ഇതിനെയാണ് പരാമർശിച്ചത്.
മററു ചിലർ രാഷ്ട്രീയപ്രസ്ഥാനങ്ങളിലേക്കു തിരിഞ്ഞു. കാൾമാക്സിന്റെ സഹപ്രവർത്തകനും സോഷ്യലിസ്ററ് തത്വചിന്തകനുമായിരുന്ന ഫ്രെഡ്രിക് എഞ്ചൽസ് കാലക്രമത്തിൽ സോഷ്യലിസം മതത്തിന്റെ സ്ഥാനത്തു വരുമെന്ന് പ്രവചിച്ചു, അതുതന്നെ മതത്തിന്റെ സ്വഭാവം കൈക്കൊണ്ടുതന്നെ. അങ്ങനെ, യൂറോപ്പിലുടനീളം സോഷ്യലിസം പ്രബലപ്പെട്ടപ്പോൾ “ഒരു പ്രമുഖ ഘടകമായിരുന്നത് യഹൂദമതത്തിൽനിന്നും ക്രിസ്ത്യാനിത്വത്തിൽനിന്നുമുള്ള സോഷ്യലിസ്ററുകളുടെ വിശ്വാസത്യാഗവും ഒരു പകരസ്ഥാപനത്തിലേക്കുള്ള മാററവുമായിരുന്നു”വെന്ന് റിട്ടയാർഡ് പ്രൊഫസ്സർ റോബർട്ട് നിസ്ബററ് പറയുന്നു.
ലോകമാററത്തെ നേരിടുന്നതിലുള്ള ക്രൈസ്തവലോകത്തിന്റെ പരാജയം, വേൾഡ് ക്രിസ്ററ്യൻ എൻസൈക്ലോപ്പീഡിയാ “മതേതരത്വം, ശാസ്ത്രീയഭൗതികത്വം, നിരീശ്വര കമ്മ്യൂണിസം, ദേശീയവാദം, നാസിസം, ഫാസിസം, മാവോയിസം, ഉദാരമാനവവാദം നിർമ്മിതമോ സംരചിതമോ ആയ നിരവധി കൃത്രിമമതങ്ങൾ” എന്നിങ്ങനെ പരാമർശിച്ച ശക്തികൾ വികാസംപ്രാപിക്കാൻ അനുവദിച്ചു.
ഈ തത്വചിന്താപരമായ കൃത്രിമമതങ്ങൾ ഉളവാക്കിയിരിക്കുന്ന ഫലങ്ങളുടെ വീക്ഷണത്തിൽ “സർവം വ്യർത്ഥജ്ഞാനം, വ്യാജതത്വശാസ്ത്രം” എന്ന ബ്രിട്ടീഷ് കവിയായ ജോൺ മിൽററന്റെ വാക്കുകൾ സമുചിതമാണെന്നു തോന്നും.
ഒരു അനുരഞ്ജനം തേടുന്നു
ഒരുവശത്ത് ഫലപ്രദമല്ലാത്ത സഭാവ്യവസ്ഥിതികൾക്കും മറുവശത്ത് വഞ്ചനാത്മകമായ കൃത്രിമ മതങ്ങൾക്കുമിടയിൽ നട്ടംതിരിഞ്ഞ ദശലക്ഷങ്ങൾ മെച്ചപ്പെട്ട ഒന്നിനുവേണ്ടി തെരയുകയായിരുന്നു. ചിലർ “പ്രകൃതിമതം” എന്നും അറിയപ്പെടുന്ന ഈശ്വരവാദത്തിന്റെ ഒരു രൂപത്തിൽ അതു കണ്ടെത്തിയതായി വിചാരിച്ചു.17-ാം നൂററാണ്ടിൽ പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ പ്രാമുഖ്യം നേടിയ ഈശ്വരവാദം ദൈവത്തെ ഉപേക്ഷിക്കാതെ സയൻസിനെ സ്വീകരിച്ച ഒരു അനുരഞ്ജനമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ ഈശ്വരവാദികൾ മദ്ധ്യമാർഗ്ഗത്തിൽ ഉറച്ചുനിന്ന സ്വതന്ത്രചിന്തകരായിരുന്നു.
ഗ്രന്ഥകാരനായ വൂഡ് ഇങ്ങനെ വിശദീകരിക്കുന്നു: “ഈശ്വരവാദം അതിന്റെ മുഖ്യ അർത്ഥത്തിൽ ഒരൊററ ദൈവത്തിലും പ്രകൃതാതീത വെളിപ്പാടിനു പകരം സ്വാഭാവികന്യായബോധത്തിൽമാത്രം അടിസ്ഥാനപ്പെട്ടിരിക്കുന്ന ഒരു മതാചാരത്തിലുമുള്ള വിശ്വാസത്തെ അർത്ഥമാക്കുന്നു.” എന്നാൽ ചില ഈശ്വരവിശ്വാസികൾ “പ്രകൃതാതീത വെളിപ്പാടി”നെ തള്ളിക്കളഞ്ഞുകൊണ്ട് ബൈബിളിനെ പ്രായേണ മുഴുവനായി നിരസിക്കാൻപോലും മുതിർന്നു. ഈയിടെ ഈ പദം അപൂർവമായേ ഉപയോഗിക്കപ്പെടുന്നുള്ളു. എന്നാലും സഭാപരമോ തിരുവെഴുത്തുപരമോ ആയ അധികാരത്തെ തള്ളി വ്യക്തിപരമായ അഭിപ്രായത്തെ അല്ലെങ്കിൽ മററ് ജീവിതതത്വശാസ്ത്രത്തെ അനുകൂലിക്കുന്ന നാമധേയക്രിസ്ത്യാനികൾ യഥാർത്ഥത്തിൽ അതിന്റെ തത്വങ്ങളോട് പററിനിൽക്കുകയാണ്.
സമാന്തര പരിണാമസിദ്ധാന്തങ്ങൾ
മതവും സയൻസുമായുള്ള ഏററവും നാടകീയമായ ഏററുമുട്ടൽ നടന്നത് 1859-ൽ ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധപ്പെടുത്തിയതിനു ശേഷമാണ്. ആ പുസ്തകത്തിലാണ് അദ്ദേഹം തന്റെ പരിണാമസിദ്ധാന്തം നിർദ്ദേശിച്ചത്. വിശേഷിച്ച് ഇംഗ്ലണ്ടിലെയും ഐക്യനാടുകളിലെയും മതനേതാക്കൾ ആദ്യം ശക്തമായ ഭാഷയിൽ ഈ സിദ്ധാന്തത്തെ അപലപിച്ചു. എന്നാൽ പെട്ടെന്നുതന്നെ എതിർപ്പ് കെട്ടടങ്ങി. ഡാർവിന്റെ മരണസമയമായപ്പോഴേക്ക് “ചിന്തകരും വ്യക്തതയുള്ളവരുമായ മിക്ക വൈദികരും പരിണാമം തികച്ചും തിരുവെഴുത്തുകളുടെ ഒരു ഉദ്ബുദ്ധമായ ഗ്രാഹ്യത്തോട് പൊരുത്തപ്പെടുന്നതാണെന്നുള്ള നിഗമനത്തിൽ എത്തിയിരുന്നു”വെന്ന് എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ പറയുന്നു.
വത്തിക്കാൻ ഒരിക്കലും വിലക്കപ്പെട്ട പുസ്തകങ്ങളുടെ സൂചികയിൽ ഡാർവിന്റെ പുസ്തകങ്ങളെ ഉൾപ്പെടുത്താത്തതിന്റെ കാരണം ഇതായിരിക്കാം. മതങ്ങളുടെ ലോകപാർലമെൻറിന്റെ 1893-ൽ നടന്ന ചിക്കാഗോ കോൺഫറൻസിലെ സദസ്യരുടെ പ്രതികരണത്തെയും ഇത് വിശദീകരിച്ചേക്കാം. ബുദ്ധമതക്കാരും ഹിന്ദുക്കളും ശ്രദ്ധിച്ചുകൊണ്ടിരിക്കെ, ഒരു “ക്രിസ്തീയ” പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “പരിണാമസിദ്ധാന്തം ഞങ്ങളുടെ മതത്തിന്റെ തുടക്കത്തിൽതന്നെയുള്ള ഒരു വിടവു നികത്തുന്നു, സൃഷ്ടിയുടെ വിധമെന്ന നിലയിൽ സയൻസിന് അതിന്റെ പരിണാമസിദ്ധാന്തത്തിൽ ഒരു പൊതുവായ വിധത്തിൽ തൃപ്തിവന്നിട്ടുണ്ടെങ്കിൽ ദൈവത്തിന്റെ വഴികളെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന തൊഴിൽക്കാർ അതിനെ സ്വാഗതംചെയ്യുന്നതിന് സമ്മതം എന്ന പദം തണുപ്പനാണ്.” റിപ്പോർട്ടനുസരിച്ച് ആ പ്രസ്താവന ഉച്ചത്തിലുള്ള കരഘോഷത്തോടെ സ്വീകരിക്കപ്പെട്ടു
തുലനാത്മകമതം എന്നറിയപ്പെട്ടതിന് 19-ാം നൂററാണ്ടിന്റെ ഒടുവിലുണ്ടായ ജനപ്രീതിയുടെ വീക്ഷണത്തിൽ ഈ മനോഭാവം ആശ്ചര്യമല്ല. ഇത് വ്യത്യസ്ത മതങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ എങ്ങനെ ഉത്ഭവിച്ചുവെന്നും നിർണ്ണയിക്കാനുള്ള ലക്ഷ്യം മുൻനിർത്തി ലോകമതങ്ങളെക്കുറിച്ച് നടത്തിയ ഒരു ശാസ്ത്രീയപഠനമാണ്. ദൃഷ്ടാന്തത്തിന്, ഇംഗ്ലീഷ് നരവംശശാസ്ത്രജ്ഞനായ ജോൺ ലബ്ബോക്ക് മനുഷ്യർ നിരീശ്വരരായി തുടക്കമിട്ടെന്നും ജഡപൂജാവിശ്വാസം, പ്രകൃതിയാരാധന, ഷാമാനിസം എന്നിവയിലൂടെ പടിപടിയായി പരിണമിച്ച് ഏകദൈവ വിശ്വാസത്തിലെത്തിയെന്നുമുള്ള സിദ്ധാന്തം പ്രകാശിപ്പിച്ചു.
എന്നുവരികിലും, ദി എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ വിശദീകരിക്കുന്നതുപോലെ, “അങ്ങനെയുള്ള ഒരു വീക്ഷണത്തിൽ മതം ദൈവത്താൽ വെളിപ്പെടുത്തപ്പെട്ട സമ്പൂർണ്ണ സത്യമല്ലായിരുന്നു, പിന്നെയോ ദൈവത്തെയും ധാർമ്മികതയെയും സംബന്ധിച്ച് വളർന്നുവന്നുകൊണ്ടിരുന്ന മാനുഷസങ്കൽപ്പനങ്ങളുടെ രേഖയായിരുന്നു.” അതുകൊണ്ട് ഈ സിദ്ധാന്തം സ്വീകരിച്ചവർക്ക് ഒരു “സിവിൽ മതമോ” ഒരു “മാനവതാമതമോ” ആയ ഈശ്വരവാദത്തെ മതപരിണാമത്തിലെ മേൽപ്പോട്ടുള്ള പടികളെന്ന നിലയിൽ സ്വീകരിക്കുന്നതിനു പ്രയാസമില്ലായിരുന്നു.
അന്തിമവിശകലനത്തിൽ, അങ്ങനെയുള്ള ഒരു വീക്ഷണം എങ്ങോട്ടു നയിക്കുന്നു? സമൂഹം മേലാൽ മതവുമായി പൊരുത്തപ്പെടാത്ത പുരോഗമനത്തിന്റെ ഒരു ചട്ടക്കൂടിലേക്ക് നീങ്ങുകയാണെന്ന് 19-ാം നൂററാണ്ടിൽത്തന്നെ ഇംഗ്ലീഷ് തത്വചിന്തകനായ ഹെർബർട്ട് സ്പെൻസർ പറയുകയുണ്ടായി. 20-ാം നൂററാണ്ടിനെ സംബന്ധിച്ചാണെങ്കിൽ, മതം “മനുഷ്യരിലെ മനഃശാസ്ത്രപരമായ ചില ആവശ്യങ്ങൾക്ക് പരിഹാരമാകുന്നുവെന്നും ഈ ആവശ്യങ്ങൾ മനുഷ്യജാതിയുടെ ജീവശാസ്ത്രപരമായ പരിണാമത്തിൽ അപായപ്പെട്ടുപോകുന്നതുവരെ അല്ലെങ്കിൽ അപായപ്പെടാത്തപക്ഷം, മതം ഒരു രൂപത്തിലല്ലെങ്കിൽ മറെറാരു രൂപത്തിൽ മനുഷ്യസംസ്കാരത്തിലെ സ്ഥായിയായ ഒരു യഥാർത്ഥമായി നിലനിൽക്കും” എന്ന് സാമൂഹ്യശാസ്ത്രജ്ഞൻമാർ പൊതുവേ വിശ്വസിക്കുന്നു”വെന്ന് പ്രൊഫസ്സർ നിസ്ബററ് പ്രസ്താവിച്ചു. (ഇററാലിക്സ് ഞങ്ങളുടേത്) തദനുസരണം, “പരിണാമപരമായ പുരോഗതി” ഒരു നാളിൽ മതം കഥാവശേഷമാകാനുള്ള സാദ്ധ്യതയെ തള്ളിക്കളയുന്നില്ല!
സത്യാരാധനക്കുവേണ്ടിയുള്ള അന്വേഷണം ശക്തമായിത്തീരുന്നു
ക്രൈസ്തവലോകം ഏതാണ്ട് 200 വർഷമായി ലോകമാററവുമായി പരാജയമടയുന്ന ഒരു പോരാട്ടത്തിലേർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് 19-ാം നൂററാണ്ടിന്റെ മദ്ധ്യമായതോടെ വ്യക്തമായി. അതിന്റെ മതം ഒരു ലൗകികതത്വശാസ്ത്രം മാത്രമായി അധഃപതിച്ചിരുന്നു. സത്യസന്ധരായ ദശലക്ഷക്കണക്കിനാളുകൾ ഉത്ക്കണ്ഠാകുലരായിരുന്നു. സത്യാരാധനക്കുവേണ്ടിയുള്ള അന്വേഷണം ശക്തമായിത്തീർന്നു. ക്രൈസ്തവലോകത്തിന്റെ നവീകരണം അസാദ്ധ്യമായിരുന്നുവെന്ന് സത്യമായി പറയാൻകഴിയും. ആവശ്യമായിരുന്നത് സത്യാരാധനയുടെ പുനഃസ്ഥാപനമായിരുന്നു. ഞങ്ങളുടെ നവംബർ 8ലെ ലക്കത്തിൽനിന്ന് കൂടുതൽ പഠിക്കുക. (g89 10⁄8)
[22-ാം പേജിലെ ചതുരം]
ലോകമാററത്തിന്റെ സമ്മർദ്ദത്താൽക്രൈസ്തവലോകം വിട്ടുവീഴ്ചചെയ്യുന്നു
ആധുനികശാസ്ത്രത്തിന്റെ പുറപ്പാട് കാണപ്പെടാത്തവയിലുള്ള വിശ്വാസത്തെ ക്ഷയിപ്പിക്കുകയും ശാസ്ത്രത്തിന് “തെളിയിക്കാൻ” കഴിയാഞ്ഞ കാര്യങ്ങളിൽ സംശയം സൃഷ്ടിക്കുകയുംചെയ്തു. പരിണാമംപോലെ തെളിയിക്കപ്പെടാത്തതും സാങ്കൽപ്പികവുമായ ശാസ്ത്രസിദ്ധാന്തങ്ങൾ സ്വീകരിച്ചുകൊണ്ടും ദൈവരാജ്യത്തിനു പകരം ശാസ്ത്രീയ വിജ്ഞാനത്തിൽ ലോകപ്രശ്നങ്ങൾക്കുള്ള സിദ്ധൗഷധം കണ്ടുകൊണ്ടും ക്രൈസ്തവലോകം ബൈബിൾസത്യത്തിൽ വിട്ടുവീഴ്ച വരുത്തി.
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ ഉദയം (മുതലാളിത്തം, ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം മുതലായവ) ദേശീയത്വപോരാട്ടങ്ങളും പ്രത്യയശാസ്ത്രപരമായ ശണ്ഠകളും വരുത്തിക്കൂട്ടുകയും അങ്ങനെ മനുഷ്യനല്ല, ദൈവമാണ് ഭൂമിയുടെ നീതിയുക്തനായ ഭരണാധികാരിയെന്ന ബൈബിൾസത്യത്തെ മറയ്ക്കുകയുംചെയ്തു. ക്രിസ്തീയ നിഷ്പക്ഷതയെ ലംഘിക്കുകയും ഒരു മതത്തിൽപെട്ടവരെ അതേ മതത്തിൽപെട്ടവർക്കെതിരെ അണിനിരത്തി യുദ്ധങ്ങളിൽ ഉൾപ്പെടുകയും ചെയ്തുകൊണ്ട് ക്രൈസ്തവലോകം ബൈബിൾ തത്വങ്ങളിൽ വിട്ടുവീഴ്ചചെയ്തു. ക്രൈസ്തവലോകം സജീവമായോ നിഷ്ക്രിയമായോ രാഷ്ട്രീയമായ കൃത്രിമ മതങ്ങൾക്കു പിന്തുണ കൊടുത്തു.
ഉയർന്ന ജീവിതനിലവാരം അഹംഭാവത്തോടുകൂടിയ സ്വാർത്ഥതാത്പര്യത്തെ പ്രോൽസാഹിപ്പിക്കുകയും സാമൂഹികമായ അനീതിയെയും അസമത്വത്തെയും മുൻപന്തിയിലേക്കു കൊണ്ടുവരുകയും ചെയ്തു, വ്യാവസായികവും ശാസ്ത്രീയവുമായ വിപ്ലവങ്ങളാണ് ജീവിതനിലവാരമുയർത്തിയത്. സാമൂഹികമോ സാമ്പത്തികമോ പരിസരസംബന്ധമോ രാഷട്രീയമോ ആയ സ്വഭാവത്തിലുള്ള മനുഷ്യതാൽപര്യങ്ങളിലുള്ള ഉൾപ്പെടലിനെ അനുകൂലിച്ചുകൊണ്ട് ദിവ്യതാത്പര്യങ്ങളെ അവഗണിച്ചതിനാൽ ക്രൈസ്തവലോകം വിട്ടുവീഴ്ചചെയ്തു.
[24-ാം പേജിലെ ചതുരം]
മേലോട്ടോ കീഴോട്ടോ?
ബൈബിൾ ഇങ്ങനെ പറയുന്നു: മനുഷ്യർ പൂർണ്ണരായി സൃഷ്ടിക്കപ്പെട്ടു, അവരുടെ സ്രഷ്ടാവിനെ സ്വീകാര്യമായി എങ്ങനെ ആരാധിക്കാമെന്ന് പഠിപ്പിക്കപ്പെട്ടു; എന്നാൽ അവർ ദൈവത്തിനെതിരായി മത്സരിച്ചു. ഏതാണ്ട് 6,000 വർഷമായി അവർ ശാരീരികമായും ധാർമ്മികമായും അധഃപതിച്ചുകൊണ്ടിരിക്കുകയും അവർ ആദിയിൽ ആചരിച്ചിരുന്ന സത്യമതത്തിൽനിന്ന് എന്നും അകന്നകന്നുപോകുകയുമാണ്.
ജീവശാസ്ത്രപരവും മതപരവുമായ പരിണാമം ഇങ്ങനെ പറയുന്നു: മനുഷ്യർ ഒരു പ്രാകൃത തുടക്കത്തിൽനിന്ന് പരിണമിക്കുകയും മതമില്ലാത്ത നിരീശ്വരരായിരിക്കുകയുംചെയ്തു. അസംഖ്യദശലക്ഷം വർഷങ്ങളിൽ അവർ ശാരീരികമായും ധാർമ്മികമായും മെച്ചപ്പെട്ടിരിക്കുന്നു, മതപരവും സാമൂഹികവും ധാർമ്മികവുമായ വികാസത്തിന്റെ ഒരു സാങ്കൽപ്പികാവസ്ഥയിലേക്ക് എന്നും അടുത്തടുത്തുവരുകയുമാണ്
മാനുഷപെരുമാററത്തെയും മനുഷ്യവർഗ്ഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെയും ഇന്നത്തെ ലോകത്തിലെ മതത്തിന്റെ സ്ഥിതിയെയും സംബന്ധിച്ച നിങ്ങളുടെ അറിവിനെ അടിസ്ഥാനപ്പെടുത്തി ഏതു വീക്ഷണം വസ്തുതകളോടു കൂടുതൽ നിരക്കുന്നതായി തോന്നുന്നു?
[23-ാം പേജിലെ ചിത്രം]
ഡാർവിന്റെ ഒറിജിൻ ഓഫ് സ്പീഷീസിലെ തെളിയിക്കപ്പെടാത്ത അഭ്യൂഹങ്ങൾ അനേകർക്ക് വെളിപ്പാടുനൽകുന്ന ഒരു ദൈവത്തിലുള്ള വിശ്വാസം ഉപേക്ഷിക്കാനുള്ള ഒഴികഴിവായിത്തീർന്നു
[കടപ്പാട്]
Harper’s