മഞ്ഞക്കുതിര കുതിക്കുന്നു
മരണം പുറത്തുകയറി ഓടിക്കുന്ന ഒരു മഞ്ഞക്കുതിര കുതിക്കുന്നതുപോലെ, സാംക്രമികരോഗം ഭൂമിയിലെങ്ങും വ്യാപകമായിരിക്കുന്ന ഒരു കാലത്തെ മുൻകൂട്ടിപ്പറയാൻ പ്രവാചകനായ യോഹന്നാൻ ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടു. (വെളിപ്പാട് 6:8) എയ്ഡ്സിന്റെ ഭീതിജനകമായ വ്യാപനം നാം ആ കാലത്തു ജീവിക്കുന്നുവെന്നതിന്റെ ശക്തമായ തെളിവാണ്. യഥാർത്ഥത്തിൽ, എയ്ഡ്സിന്റെ വ്യാപകമായ വളർച്ചയെ “വരാനിരിക്കുന്ന പകർച്ചവ്യാധി” എന്നു ന്യൂയോർക്ക് സിററി ഉദ്യോഗസ്ഥൻമാർ വർണ്ണിക്കുന്നു.
തായ്ലണ്ടിൽ 73 പ്രോവിൻസുകളിൽ 70-ലും ഇപ്പോൾ എയ്ഡ്സ് വൈറസ് പുലരുന്നുണ്ട്. 1987-ൽ ബാങ്കോക്കിലെ മയക്കുമരുന്നുപയോക്താക്കളിൽ 1 ശതമാനത്തിനു മാത്രമേ എയ്ഡ്സ് ഉണ്ടായിരുന്നുള്ളു; 1989-ന്റെ മദ്ധ്യമായപ്പോഴേക്ക് 40-ൽപരം ശതമാനത്തിന് അതുണ്ടായിരുന്നു. ബ്രസീൽ മൂന്നു വർഷംകൊണ്ട് രോഗനിർണ്ണയംചെയ്യപ്പെട്ട 75,000 എയ്ഡ്സ്കേസുകൾ പ്രതീക്ഷിക്കുന്നു, രോഗാണുസംക്രമണമുണ്ടാകുന്ന വേറെ 15 ലക്ഷവുമുണ്ടായിരിക്കും. ബ്രസീലിലെ 1,200 രക്തബാങ്കുകളിൽ 20 ശതമാനം മാത്രമേ തങ്ങളുടെ രക്തശേഖരം 1988-ൽ പരിശോധിച്ചുള്ളു. എയ്ഡ്സ്രോഗികളുടെ 14 ശതമാനത്തിന് മലിനരക്തത്തിൽനിന്നാണ് രോഗം പിടിപെട്ടത്. റയോഡിജനീറോയിലും സാവങ്പോളോയിലും ഹിമോഫീലിയാക്രോഗികളുടെ 75 ശതമാനത്തിന് രോഗാണുസംക്രമണമുണ്ടായിട്ടുണ്ട്. കോട്ട്ഡിൽവോയറിൽ ഗർഭിണികളുടെ ഏതാണ്ട് 10 ശതമാനത്തിനും രക്തദാനികളുടെ 10 ശതമാനത്തിനും എയ്ഡ്സുണ്ട്.
എയ്ഡ്സ് സംബന്ധിച്ച് 87 രാഷ്ട്രങ്ങൾ നടത്തിയ ഒരു മീററിംഗിൽ ഒരു അമേരിക്കൻ മെഡിക്കൽ ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു: “എച്ച്.ഐ.വി. [എയ്ഡ്സ് വൈറസ്] രോഗാണുസംക്രമണത്തിന്റെ വ്യാപനം ഐക്യനാടുകളിലും ലോകത്തിലും നിയന്ത്രണാതീതമാണ്.” 1998 ആകുമ്പോഴേക്ക് പത്തു ലക്ഷം അമേരിക്കക്കാർക്ക് പൂർണ്ണവികസിതരോഗം ഉണ്ടായിരിക്കുമെന്നും മററനേകരിലും വൈറസ് ഉണ്ടായിരിക്കുമെന്നും രോഗനിയന്ത്രണത്തിനുള്ള യൂ.എസ്. കേന്ദ്രങ്ങൾ കണക്കാക്കുന്നു. ഇപ്പോൾത്തന്നെ വൈറസുള്ളവരുടെ എണ്ണംസംബന്ധിച്ച കണക്കുകൾ കർക്കശമായി ഉയർത്തിക്കൊണ്ട് അടുത്തകാലത്ത് പുതുക്കുകയുണ്ടായി. ന്യൂയോർക്ക് നഗരത്തിൽ എയ്ഡ്സ് ഇപ്പോൾ മൂന്നാമത്തെ മുഖ്യ മരണകാരണമാണ്. ഹൃദ്രോഗവും അർബുദവും മാത്രമേ അതിനെക്കാൾ കവിയുന്നുള്ളു.
രക്തപ്പകർച്ചക്ക് എയ്ഡ്സിനാൽ മലിനമായ രക്തം കൊടുത്തതിന് രക്തബാങ്കുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. നഷ്ടപരിഹാരം കൊടുക്കാൻ പലതിനോടും ആജ്ഞാപിച്ചിരിക്കുകയാണ്. അവ അനേകം വ്യവഹാരങ്ങളെക്കൂടെ ഇനി അഭിമുഖീകരിച്ചേക്കാം. രക്തബാങ്കുകളുടെ അമേരിക്കൻ അസോസിയേഷന്റെ മുഖ്യ അഭിഭാഷകൻ ഇങ്ങനെ വിലപിച്ചു: “ഭാവി എന്തു കൈവരുത്താനിരിക്കുന്നു? എനിക്കറിഞ്ഞുകൂടാ. രക്തകേന്ദ്രങ്ങൾ ഇല്ലാതെപോകുന്നതാണ് ഏററവും മോശമായ കാഴ്ച.”
തീർച്ചയായും പെട്ടെന്നുതന്നെ സകല രക്തബാങ്കുകൾക്കും അവസാനം വരും, എന്തുകൊണ്ടെന്നാൽ നാം എയ്ഡ്സില്ലാത്ത ഒരു ലോകം, ആശുപത്രികളോ രോഗമോ മരണമോ ഇല്ലാത്ത ഒരു ലോകം, കാണുന്ന കാലത്തോട് അടുക്കുകയാണ്. മഞ്ഞക്കുതിരയുടെ സവാരിയെ വർണ്ണിച്ച യോഹന്നാൻ രോഗബാധയിൽനിന്നു വിമുക്തമായ ഒരു മനുഷ്യസമുദായമാകുന്ന “ഒരു പുതിയ ഭൂമിയെ”സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദാനവും രേഖപ്പെടുത്തി. (വെളിപ്പാട് 21:1-4) ആ വാഗ്ദാനത്തെ ഇപ്പോൾ വിലമതിക്കുന്നത് അടിയന്തിരമാണ്, എന്തെന്നാൽ അതിനിടെ മഞ്ഞക്കുതിര കുതിച്ചുകൊണ്ടിരിക്കുകയാണ്. (g89 12⁄8)