കൊക്ക്—ഒരു “വിശ്വസ്ത” പക്ഷി
സ്പെയിനിലെ “ഉണരുക!” ലേഖകൻ
കൊക്ക്—പരമ്പരാഗതമായി വസന്തകാലത്തിന്റെയും കുഞ്ഞുങ്ങളുടെയും നല്ല ഐശ്വര്യത്തിന്റെയും മുന്നോടി—ദീർഘകാലമായി മമനുഷ്യന്റെ കെട്ടുകഥകളിലും പ്രീതിവാൽസല്യത്തിലും ഒരു പ്രത്യേകസ്ഥാനം പിടിച്ചുപററിയിട്ടുണ്ട്. അതിന്റെ ശോഭയാർന്ന പറക്കൽ, മാനുഷപാർപ്പിടങ്ങളോടുള്ള അതിന്റെ അടുപ്പം, വിളകളെ നശിപ്പിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിലുള്ള അതിന്റെ ഉപയോഗപ്രദമായ പങ്ക് എന്നിവയെല്ലാം ജനപ്രീതിയുളവാക്കുന്ന അതിന്റെ പ്രതിച്ഛായക്ക് സംഭാവന ചെയ്തിരിക്കുന്നു.
എന്നാൽ അതിനെ ഏററം പ്രിയങ്കരമാക്കുന്ന സവിശേഷത ഒരുപക്ഷേ അതിന്റെ വിശ്വസ്തതയാണ്—ഓരോ വർഷവും അത് മടങ്ങിച്ചെല്ലുന്ന അതിന്റെ കൂടിനോടുള്ള വിശ്വസ്തതയും ഒരു ആജീവനാന്ത ബന്ധം കെട്ടിപ്പടുത്തിരിക്കുന്ന അതിന്റെ ഇണയോടുള്ള വിശ്വസ്തതയും. യഥാർത്ഥത്തിൽ എബ്രായയിൽ അതിന്റെ പേരിന്റെ അർത്ഥം “വിശ്വസ്തനായ ഒരുവൻ” അല്ലെങ്കിൽ “സ്നേഹദയയുള്ള ഒരുവൻ” എന്നാണ്, എന്തുകൊണ്ടെന്നാൽ തൽമൂദ് വിശദീകരിക്കുന്ന പ്രകാരം അത് ഇണയോടു പ്രീതിവാൽസല്യത്തോടെ ഇടപെടുന്നുവെന്ന കീർത്തിയുള്ള ഒരു ജീവിയാണ്.
ജനപ്രീതിയുള്ള ഈ പ്രതിച്ഛായനിമിത്തം ഏകദേശം ഇരുന്നൂറു വർഷങ്ങൾക്കു മുമ്പ് ഹോളണ്ടിൽ കൊക്ക് ഒരു സംരക്ഷിത വർഗ്ഗമായിരുന്നു. റിപ്പോർട്ട് അനുസരിച്ച് ഇണങ്ങിയ കൊക്കുകൾ ഹേഗിലെ മത്സ്യചന്തയിലൂടെ സ്വയസംതൃപ്തിയോടെ നടക്കുന്നതു കാണാം. പിന്നീട് അത് ജർമ്മനിയുടെ ദേശീയ പക്ഷിയാക്കപ്പെട്ടു. ഈയിടെ അനേകം യൂറോപ്യൻ പട്ടണങ്ങളിൽ സൗഹാർദ്ദമുള്ള ഈ പക്ഷിയെ കൂടുകൂട്ടാൻ പ്രാൽസാഹിപ്പിക്കുന്നതിന് മേൽക്കൂരകളിൽ മണ്ഡപങ്ങൾ കെട്ടിക്കൊടുക്കുന്നുണ്ട്. കൊക്കുകൾ സ്വാഗതാർഹരായ അയൽക്കാരാണ്!
വരവും പോക്കും
ചിലയിനം യൂറോപ്യൻ കൊക്കുകൾ സഹാറായിക്ക് തെക്ക് പശ്ചിമാഫ്രിക്കയിൽ ശൈത്യകാലം കഴിക്കുന്നു, അതേസമയം മററുള്ളവ ദക്ഷിണാഫ്രിക്ക വരെ സഞ്ചരിക്കുന്നു. അവ തെക്കോട്ടുള്ള അവയുടെ യാത്ര ഓഗസ്ററിൽ ആരംഭിക്കുന്നു. അവ ശക്തരായ പറക്കൽവിദഗ്ദ്ധരല്ലാത്തതിനാൽ യാത്ര ഘട്ടങ്ങളായി നിർവഹിക്കുന്നു. അവ വിവിധ വലിപ്പത്തിലുള്ള ഗ്രൂപ്പുകളായി ദേശാന്തരപറക്കൽ നടത്താൻ ഇഷ്ടപ്പെടുന്നു, മിക്കപ്പോഴും ഒരു പ്രത്യേക പ്രദേശത്തെ കൊക്കുകളെല്ലാം ദേശാന്തരപറക്കൽ തുടങ്ങുന്നതിനുമുമ്പ് ഒന്നിച്ചു കൂടുന്നു. വടക്കോട്ട് ഏററവുമാദ്യം മടങ്ങിപ്പോകുന്ന ദേശാടനപക്ഷികളിൽപെട്ടതായതുകൊണ്ട് അവ ഫെബ്രുവരിയിലൊ മാർച്ചിലൊ അവയുടെ കൂടുകളിൽ തിരിച്ചെത്തുന്നു.
അവയുടെ വലിപ്പംനിമിത്തവും—അവയുടെ ചിറകുകൾക്ക് ഏകദേശം ആറടി നീളമുണ്ട്—അവയുടെ ആശ്രയയോഗ്യത നിമിത്തവും ദേശാടനക്കൊക്കുകൾ എല്ലായ്പോഴും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. വലിയ കൂട്ടങ്ങൾ കൃത്യനിഷ്ഠയോടെ ശരത്കാലത്തും വസന്തകാലത്തും പലസ്തീനിൽകൂടി കടന്നുപോകുന്നു. 2,500-ൽപരം വർഷങ്ങൾക്കു മുമ്പ് യിരെമ്യാപ്രവാചകൻ കൊക്കിനെ “ദേശാന്തരപറക്കലിനുള്ള സമയം അറിയാവുന്ന” ഒരു പക്ഷി എന്നു കൃത്യമായി വർണ്ണിച്ചുകൊണ്ട് ഈ വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിച്ചു.—യിരെമ്യാവ് 8:7, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ.
അവ ഓരോ വർഷവും സഞ്ചരിക്കുന്ന ദൂരം—ചിലപ്പോൾ പതിനായിരത്തിൽപരം മൈലുകളുടെ ഒരു പര്യടനം—ഗണനീയമാണ്, എല്ലാററിലുമുപരി മിക്കവാറും ദൂരം അവ തെന്നിനീങ്ങുന്നു എന്നതു പരിഗണിക്കുമ്പോൾ. വലിയ ഇരപിടിയൻപക്ഷികളെപ്പോലെ അവ ഉയരത്തിലെത്തുന്നതിന് ചൂടായ വായൂസ്തംഭങ്ങളെ ആശ്രയിക്കുന്നു, അതിനുശേഷം അവ ദീർഘദൂരം ആയാസരഹിതമായി തെന്നിനീങ്ങുന്നതിന് അവയുടെ വിശാലമായ ചിറകുകൾ ഉപയോഗിക്കുന്നു, വല്ലപ്പോഴുമേ ചിറകടിക്കുകയുള്ളു.
കൊക്കുകളുടെ ദേശാന്തര പറക്കലിന്റെ ഒരു അദ്വിതീയ സവിശേഷത മെഡിറററേനിയനു കുറുകെയുള്ള അവയുടെ ഗമനമാണ്. അവ ചൂടുവായൂസ്തംഭങ്ങളില്ലാത്തടത്ത് വെള്ളത്തിന്റെ മുകളിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഓരോ ഓഗസ്ററിലും ആയിരക്കണക്കിനു കൊക്കുകൾ ജലോപരിതലത്തിൻമീതെ ഏററവും ദൈർഘ്യം കുറഞ്ഞ രണ്ടു സ്ഥാനങ്ങളിൽ (ജിബ്രാൾട്ടർ കടലിടുക്കിലും ബോസ്പ്പൊറസിലും) കുറുകെ കടക്കുന്നതിനുവേണ്ടി കൂട്ടംകൂടുന്നു. അതിശയകരമായി, സഹാറാമരുഭൂമിക്കു കുറുകെയുള്ള ദീർഘയാത്ര, സ്പെയിനിനെയും ആഫ്രിക്കയെയും വേർതിരിക്കുന്ന ഒൻപതുമൈൽ ദൈർഘ്യത്തിൽ അഞ്ചു മണിക്കൂർകൊണ്ട് എത്താൻ കഴിയുന്ന ജലോപരിയാത്രയോളം അവയെ ഭയപ്പെടുത്തുന്നില്ല.
അസാധാരണമായ കൂട്
കൊക്കുകൾ ഒരു ഉയരംകൂടിയ വൃക്ഷാഗ്രംപോലുള്ള ഒരു ഉയർന്ന സ്ഥാനത്താണ് കൂടുകെട്ടാൻ ഇഷ്ടപ്പെടുന്നത്. എന്നാൽ അവ ചിലപ്പോൾ ഒരു ആധുനിക പകർപ്പായ വൈദ്യുതതൂണിൽ കൂടുകെട്ടിയേക്കാം. ബൈബിൾകാലങ്ങളിൽ അവ മിക്കപ്പോഴും ദേവദാരുവൃക്ഷങ്ങളിൽ അവയുടെ “ഭവനം” നിർമ്മിച്ചിരുന്നു.—സങ്കീർത്തനം 104:17.
എന്നാൽ യൂറോപ്പിലുടനീളം നൂററാണ്ടുകളിൽ മേൽക്കൂരകളുടെ അഗ്രങ്ങളും പള്ളികളും ചിമ്മിനികളും കൂടുകെട്ടുന്നതിനുള്ള ഇഷ്ടപ്പെട്ട സ്ഥാനങ്ങളായിരുന്നിട്ടുണ്ട്. ആൺപക്ഷിയും പെൺപക്ഷിയും ക്ഷമാപൂർവം കൂടുകെട്ടുന്നു. ഏതു നിമിഷത്തിലും അതിന്റെ സ്ഥാനത്തുനിന്ന് ഉരുണ്ടുവീഴുമെന്ന് തോന്നുന്ന തരത്തിലുള്ള ഒരു അസാധാരണമായ ഘടന. എന്നാൽ പ്രത്യക്ഷതകൾ വഞ്ചനാത്മകമായിരിക്കാൻ കഴിയും, വലിയ കൂടുകൾ ഏററവും ഉഗ്രമായ കൊടുങ്കാററിൽപോലും വളരെ ചുരുക്കമായിമാത്രമേ മറിഞ്ഞുവീഴാറുള്ളു. അവയുടെ കൂടുകൾ വളരെ ഈടുനിൽക്കുന്നവയായതുകൊണ്ട് ഓരോ വർഷവും കൊക്കുകൾ മടങ്ങിവരുമ്പോൾ സാധാരണയായി അവയുടെ ഭവനത്തിന് ഏററവും കുറഞ്ഞ കേടുപോക്കൽമാത്രം നടത്തിക്കൊണ്ട് ഒരു ആഴ്ചയൊ മറെറാ മാത്രമേ ചെലവഴിക്കുന്നുള്ളു.
ചുള്ളികളും മററു വസ്തുക്കളും കൂടുതലായി വെക്കുന്നതുൾപ്പെടുന്ന കേടുപോക്കൽവേല തങ്ങളുടെ ശൈത്യകാലവസതിയിൽനിന്ന് എത്തിയാലുടൻ സാധാരണയായി രണ്ടുകൊക്കുകളും ചേർന്ന് ചെയ്യുന്നു. ഈ കേടുപോക്കൽവേലയാണ് ക്രമേണ കൂടിന്റെ നാശത്തിനിടയാക്കുന്നത്—അത് കേവലം അതിന്റെതന്നെ ഭാരംകൊണ്ട് തകരുന്നു. ആ സമയമാകുമ്പോഴേക്ക് കൂട് ഏതാണ്ട് ഏഴടി ഉയരവും മൂന്നോ നാലോ അടി വ്യാസവും ഉള്ളതായിരിക്കാം.
ഓരോ വസന്തത്തിലും മാതാപിതാക്കൾ തങ്ങളുടെ കൂടുകളിലേക്ക് മടങ്ങിവരുന്നതുപോലെതന്നെ, കുഞ്ഞുങ്ങൾ വിരിയുന്ന സ്ഥലത്തോട് കഴിയുന്നത്ര അടുത്ത് അവ ഒരു സ്ഥലം കണ്ടുപിടിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ചില പഴയ കെട്ടിടങ്ങൾ ഒരു ഡസനൊ അതിലധികമൊ വലിയ കൂടുകൾക്ക് ആതിഥ്യമരുളുന്നു, എല്ലാം ഒരു മൂലജോടിയുടെ സന്തതികൾ വസിക്കുന്നവതന്നെ.
കൊക്കുകളുടെ ഇന്നത്തെ ദുരവസ്ഥ
അനേകം യൂറോപ്യൻ പട്ടണങ്ങളിൽ കൊക്കുകളെ സ്വാഗതാർഹരാക്കാൻ ശ്രമം ചെയ്യുന്നുണ്ടെങ്കിലും അതിന്റെ ഭാവി മങ്ങിയതായി കാണുന്നു. കഴിഞ്ഞ നൂററാണ്ടിൽ സ്വിററ്സർലണ്ടിൽ ഏതാണ്ട് 500 കൂടുകൾ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ചുരുക്കംചിലതേ അവശേഷിക്കുന്നുള്ളു. സമാനമായ ഒരു ഇരുണ്ട ചിത്രമാണ് സ്വീഡനിലും ഹോളണ്ടിലും ഡെൻമാർക്കിലും ജർമ്മനിയിലും ദൃശ്യമാകുന്നത്. അവിടങ്ങളിൽ അവയുടെ സംഖ്യ ഭീതിദമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇപ്പോഴും അവ ഒരു സാധാരണ കാഴ്ചയായ സ്പെയിനിൽ കേവലം പത്തുവർഷംകൊണ്ട് പാർപ്പുള്ള കൂടുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. യൂറോപ്പിൽ മുഴുവനുമായി ഇപ്പോഴത്തെ സംഖ്യ 10,000 മുതൽ 20,000 വരെ ജോടിയാണെന്ന് കണക്കാക്കപ്പെടുന്നു. മമനുഷ്യന്റെ ഇഷ്ടപക്ഷികളിൽ ഒന്നിന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
പ്രത്യക്ഷ
ത്തിൽ, അനേകം ഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നു, എന്നാൽ അവയിൽ മിക്കതും മമനുഷ്യന്റെ പരിസ്ഥിതിനശീകരണത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ആഫ്രിക്കയിൽ കൊക്കുകൾ ശൈത്യകാലം കഴിച്ചുകൂട്ടുന്ന പ്രദേശത്ത് അവ മിക്കപ്പോഴും ഭക്ഷണത്തിനുവേണ്ടി വേട്ടയാടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു: ഒരു പരിസ്ഥിതിദുരന്തം, എന്തുകൊണ്ടെന്നാൽ കൊക്കുകൾ ജീവൽപ്രധാനമായ ആഫ്രിക്കൻ വിളകൾക്ക് വളരെയധികം നാശം വരുത്തുന്ന വെട്ടുക്കിളിപററങ്ങളെ ആർത്തിയോടെ ഭക്ഷിച്ചുകൊണ്ട് ശൈത്യകാലമാസങ്ങൾ ചെലവഴിക്കുന്നു. ഇതിനിടയിൽ യൂറോപ്പിൽ കീടനാശിനികളുടെ വിപുലമായ ഉപയോഗംനിമിത്തം വിരിയാതെപോകുന്ന മുട്ടകളും തീററിസ്ഥലങ്ങളുടെ നഷ്ടവും ഓരോ വർഷവും കുഞ്ഞുങ്ങളുടെ വളർത്തൽ കുറയാനിടയാക്കിയിരിക്കുന്നു. അതുകൂടാതെ, വൈദ്യുതിലൈനുകൾ അനേകം വലിയ പക്ഷികൾക്ക് മാരകമായ വിപത്താണ്. കാഞ്ചിവലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന വേട്ടക്കാർ മററനേകത്തിന്റെയും മരണത്തിന് ഉത്തരവാദികളാണ്.
പരിരക്ഷകർ കൊക്കുകളെ സംരക്ഷിക്കുന്നതിന് ശ്രമങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ പരിപാടിയുടെ വിജയം അനേകം രാഷ്ട്രങ്ങളുടെ സഹകരണത്തെ ആശ്രയിച്ചാണിരിക്കുന്നത്, അതു കിട്ടുക എളുപ്പവുമല്ല. ദൈവത്തിന്റെ സൃഷ്ടിയെ സ്നേഹിക്കുന്നവർ നമ്മുടെ ആകാശത്തുനിന്ന് കൊക്കിന്റെ ഗംഭീരമായ ചിറകുകൾ അപ്രത്യക്ഷമാകുന്ന, സൗഹാർദ്ദതയും വിശ്വസ്തതയുമുള്ള ഈ പക്ഷി വസന്തത്തെ വിളംബരംചെയ്യാത്ത, കാലം ഒരിക്കലും ഉണ്ടാവുകയില്ലെന്ന് വിശ്വസിക്കുന്നു. (g90 1⁄8)
[14-ാം പേജിലെ ചതുരം]
കൊക്കുകളും കുഞ്ഞുങ്ങളും
കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് കൊക്കുകളാണെന്ന് നൂററാണ്ടുകളിൽ കുട്ടികളോടു പറയപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ഒരു കുട്ടി ജനിക്കുമ്പോൾ മാതാപിതാക്കളെ അഭിനന്ദിക്കുന്ന കാർഡുകളിൽ പ്രമുഖമായി കൊക്കുകൾ വിശേഷവൽക്കരിക്കപ്പെടുന്നു. ഈ കഥ ഉത്ഭവിച്ചതെവിടെനിന്നായിരുന്നു?
പ്രത്യക്ഷത്തിൽ, ഈ ആശയം രണ്ടു ഐതിഹ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൊക്കുകൾ ഓരോ വർഷവും ഒരേ സമയത്ത് അത്ഭുതകരമെന്നുതോന്നുമാറ് പ്രത്യക്ഷപ്പെട്ടിരുന്നതായി വർഷങ്ങൾക്കുമുമ്പ് ആളുകൾ ശ്രദ്ധിച്ചു. ശൈത്യകാലമാസങ്ങളിൽ അവ ഈജിപ്ററിലേക്ക് പോവുകയും മനുഷ്യരായിത്തീരുകയും ചെയ്യുന്നുവെന്നും വസന്തകാലത്ത് വീണ്ടും പക്ഷികളായിത്തീരുന്നുവെന്നും ചിലർ വിചാരിച്ചു (ഇത് മാനുഷപാർപ്പിടങ്ങളുമായുള്ള അവയുടെ അടുപ്പത്തെ വിശദീകരിച്ചു).
കൊക്കുകൾ പകലിന്റെ അധികഭാഗത്തും നവജാത ശിശുക്കളുടെ ആത്മാക്കളുടെ വാസസ്ഥലമെന്ന് പറയപ്പെടുന്ന ചതുപ്പുപ്രദേശങ്ങളിൽ തീററിതിന്നുകൊണ്ട് ചെലവഴിക്കുന്നതായും ശ്രദ്ധിക്കപ്പെട്ടു. കൊക്കുകൾ ഏററം ആവേശമുള്ള മാതാപിതാക്കളായ പക്ഷികളായിരുന്നതിനാൽ ആളുകൾക്ക് യാഥാർത്ഥ്യത്തെയും മിഥ്യയെയും തമ്മിൽ കൂട്ടിയിണക്കി കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത് കൊക്കുകളാണെന്നുള്ള ആശയവുമായി മുന്നോട്ടുവരാൻ വളരെയധികം ഭാവന ആവശ്യമില്ലായിരുന്നു.
[15-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Godo-Foto
[16-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Godo-Foto