കടലാനയും മയക്കുമരുന്നു വ്യാപാരവും
കടലാനയെയും ആനയെയുംകാൾ വ്യത്യസ്തമായ രണ്ട് വലിയ സസ്തനജീവികളെക്കുറിച്ചു ചിന്തിക്കുക പ്രയാസമായിരിക്കും. എന്നാൽ ബറിംഗ്സമുദ്രത്തിലെ ഹിമപാളികളിൽ അലസമായി കഴിയുന്ന കൂററൻ കടലാനകൾക്ക് ആഫ്രിക്കൻപുൽമേടുകളിൽ യജമാനഭാവത്തിൽ ചുററിക്കറങ്ങുന്ന ആനകളുമായി പൊതുവിൽ ഒരു പ്രശ്നമുണ്ട്. അവയുടെ ഏററം വിലപ്പെട്ട സ്വത്ത് മിക്കപ്പോഴും അവക്ക് അകാലമരണം വരുത്തിക്കൂട്ടുന്നു. അവക്ക് രണ്ടിനും കൊമ്പുകൾ അഥവാ ദംഷ്ട്രകൾ ഉണ്ട്.
ഒരുപക്ഷേ ആനയെക്കാൾ കൂടുതൽ കടലാനയാണ് ദംഷ്ട്ര ഉപയോഗിച്ചു ജീവിക്കുന്നത്. അത് ആഹാരംതേടി കടൽത്തട്ടിലേക്കു മുങ്ങുമ്പോൾ അത് അതിന്റെ ദംഷ്ട്രകളിൽ തെന്നിനീങ്ങുന്നു, അതേസമയം അത് അതിന്റെ ചുണ്ടുകൾ കൊണ്ട് മുത്തുച്ചിപ്പികളും കക്കാകളും വലിച്ചെടുക്കുന്നു. അത് വെയിൽകൊള്ളാൻ ഒരു ഹിമപാളിയിലേക്കു കയറാൻ ആഗ്രഹിക്കുമ്പോൾ അതിന്റെ 2,000 മുതൽ 3,000 വരെ പൗണ്ട് ഭാരമുള്ള ശരീരത്തെ വെള്ളത്തിൽനിന്ന് വലിച്ചുകയററാൻ അതിന്റെ ദംഷ്ട്രകളെ കൊളുത്തുകൾ പോലെ ഉപയോഗിക്കുന്നു. ഒരു പെൺകടലാന അതിന്റെ കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്ന ഒരു ഇരപിടിയനോടു മരണംവരെ പോരാടാൻ അതിന്റെ ദംഷ്ട്രകൾ ഉപയോഗിക്കും.
എന്നാൽ വാൾറസിന്റെ അഥവാ കടലാനയുടെ കാര്യത്തിൽ സങ്കടകരമെന്നു പറയട്ടെ, അതിന്റെ ദംഷ്ട്രകൾക്കും മനുഷ്യർ വിലകൽപ്പിക്കുന്നു. മനുഷ്യന് ദന്തത്തിനുവേണ്ടി ഒടുങ്ങാത്ത ദാഹമാണുള്ളത്. സെമി ഓട്ടൊമാററിക്ക് റൈഫിളോടുകൂടിയ മനുഷ്യന് ആർക്ടിക്ക് വെയിലിൽ അലസമായി കഴിയുന്ന വാൾറസ്, കിട്ടാൻ പ്രയാസമുള്ള ഒരു ഇരയല്ല. അതുകൊണ്ട് ചില അലാസ്ക്കക്കാർ ചെറിയ വള്ളങ്ങളിൽ ബെറിംഗ്സമുദ്രത്തിൽ ചുററിക്കറങ്ങുകയും അവയെ എവിടെ കണ്ടാലും കൊല്ലുകയും അനന്തരം വാൾ കൊണ്ട് അറുത്തെടുത്ത ദംഷ്ട്രകളോടുകൂടിയ തലകൾ നിറച്ച വള്ളവുമായി വീട്ടിലേക്കു തിരിക്കുകയും ചെയ്യുന്നത് അപൂർവമല്ല.
കഥ ഇത്രത്തോളം വളരെ പരിചിതമായി ധ്വനിക്കുന്നു, എന്നാൽ ഈ പ്രാവശ്യം അതിന് ഒരു വിചിത്രമായ വശമുണ്ട്: മയക്കുമരുന്ന്. ചെറുപ്പക്കാരായ അലാസ്ക്കൻ എസ്ക്കിമോകൾ തങ്ങളുടെ മയക്കുമരുന്നാസക്തിക്ക് പണം കണ്ടെത്താൻ കടലാനകളുടെ ദംഷ്ട്രകൾ ഉപയോഗിക്കുന്നതായി തോന്നുന്നു. ന്യൂസ്വീക്ക് മാസിക കുറിക്കൊള്ളുന്നതുപോലെ: “വിനിമയ നിരക്ക് ഭീതിജനകമായി താണതാണ്.” യു.എസ്. ഫിഷ് ആൻഡ് വൈൽഡ്ലൈഫിന്റെ ഒരു പ്രത്യേക ഏജൻറ് ഈ മാസികയോടു പറഞ്ഞ പ്രകാരം കരിഞ്ചന്തക്കാർക്ക് 800 ഡോളറോളം വിലവരുന്ന ഒരു ജോടി ദംഷ്ട്രകൾ ആറ് മാരിഹ്വാനാ സിഗരററ് കൊടുത്തു വാങ്ങാൻ കഴിയും.
നിയമം വേട്ടക്കാർക്ക് വേട്ടമൃഗത്തെക്കാൾ സംരക്ഷണം കൊടുക്കുന്നു. തങ്ങൾക്കു ലഭിക്കുന്ന ഭക്ഷ്യത്തിനുവേണ്ടി കടലാനയെ വേട്ടയാടാൻ നിയമം അലാസ്ക്കായിലെ നാട്ടുകാരെ അനുവദിക്കുന്നു. തീർച്ചയായും, ദന്തങ്ങൾ നാടൻ കരകൗശലപ്പണികൾക്കായി ഒരു ഉപോൽപ്പന്നമായി സൂക്ഷിക്കാവുന്നതാണ്. നിയമം നല്ലതാണെന്ന് കാണപ്പെടുന്നു. എന്നാൽ തത്വഹീനർക്ക് അത് സങ്കേതമാണ്. സ്വദേശികളല്ലാത്ത ചില ദന്തവ്യാപാരികൾ തങ്ങൾ പൂഴ്ത്തിവെച്ചിരിക്കുന്ന ദന്തങ്ങൾ നാടൻ കരകൗശലപ്പണിക്കുവേണ്ടി നീക്കിവെച്ചിരിക്കുകയാണെന്ന് അവകാശപ്പെടാൻവേണ്ടി മാത്രം എസ്ക്കിമോസ്ത്രീകളുമായി കഴിയുന്നുണ്ട്.
സംഹാരം തുടരുമ്പോൾ ഉത്ക്കണ്ഠയേറുകയാണ്. നിയമപരമായി കടലാനകളെ വേട്ടയാടുന്നവരും കരകൗശലപ്പണിക്കുവേണ്ടി ദന്തം യഥാർത്ഥമായി ഉപയോഗിക്കുന്നവരും തങ്ങളുടെ ഉപജീവനം മുട്ടുന്നതായി വിചാരിക്കുന്നു. തങ്ങളുടെ യുവജനങ്ങളുടെ ഇടയിലെ വർദ്ധിച്ചുവരുന്ന മയക്കുമരുന്നാസക്തി ഭീതിജനകമാണെന്ന് പ്രായമേറിയ എസ്ക്കിമോകൾ കണ്ടെത്തുന്നു. കടലാനകളോ? ഇപ്പോഴും പസഫിക്കിൽ 2,50,000ത്തോളമുണ്ട്. അതുകൊണ്ട് അവ അപകടത്തിലായിരിക്കുന്നതായി പരിഗണിക്കപ്പെടുന്നില്ല. എന്നാൽ തലയില്ലാത്ത അവയുടെ ഉടലുകൾ നൂറുകണക്കിനാണ് കരക്കടിഞ്ഞുകൂടുന്നത്. സൈബീരിയൻ തീരങ്ങളിൽ വളരെയധികം അടിഞ്ഞുകൂടിയതുകൊണ്ട് ഈ സംഹാരം നിർത്താൻ സോവ്യററ്യൂണിയൻ ഐക്യനാടുകളോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാൽ അതിന്റെ ദംഷ്ട്രകൾ അത്യാഗ്രഹികൾക്കു പണവും സാമൂഹ്യദ്രോഹികൾക്കു മയക്കുമരുന്നും നേടിക്കൊടുക്കുമ്പോൾ കടലാനകൾ എത്രനാൾ നിർമ്മൂലനാശത്തിൽനിന്നു വിമുക്തമായിരിക്കും? (w90 1⁄22)
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
H. Armstrong Roberts