രസികൻ കാട്ടുപന്നി
ആഫ്രിക്കൻ കുററിക്കാട്ടിലെ ഏററവും രസകരമായ കാഴ്ചകളിലൊന്ന് കുലുങ്ങിനടക്കുന്ന കാട്ടുപന്നികളുടെ ഒരു പററമാണ്. കാട്ടുപന്നികളുടെ അന്തസ്സോടെ അവ ഓരോന്നും ചുറുചുറുക്കോടെ ചുവടുകൾവച്ചു കുലുങ്ങിക്കുലുങ്ങിയോടുന്നതു കാണാം. അവ ഓടുമ്പോൾ വണ്ണം കുറഞ്ഞ രോമാവൃതമായ വാൽ ഒരു ചെറിയ റേഡിയോ ആൻറിനപോലെ നേരെ പൊക്കിപ്പിടിച്ചിരിക്കും. തീർച്ചയായും, കാഴ്ചക്കാരെ വിനോദിപ്പിക്കുക എന്നതല്ല കാട്ടുപന്നിയുടെ ലക്ഷ്യം. മെബർലീസ് മാമ്മൽസ് ഓഫ് സതേൺ ആഫ്രിക്ക എന്ന പുസ്തകം പറയുന്നതനുസരിച്ച്, “രക്ഷപ്പെടാനായി നീണ്ട പുല്ലുകൾക്കിടയിലൂടെ ഓടുമ്പോൾ മൃഗങ്ങൾക്കു പരസ്പരം കാണാൻ ഈ രീതി ഒരുപക്ഷേ സഹായകമാകും. വിശേഷിച്ചും വളരെ പരിമിതമായ കാഴ്ചശക്തിയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തിൽ.”
അവ “മാള”ത്തിൽ കയറുന്ന രീതിയാണ് അതിലും രസം, പ്രത്യേകിച്ച് അവ വലിയ വേഗതയിൽ കയറുകയാണെങ്കിൽ. നിലത്തുള്ള ഉറുമ്പിന്റെ മാളമോ മുള്ളൻപന്നിയുടെ പൊത്തോ വലുതാക്കിയെടുത്തതായിരിക്കും കാട്ടുപന്നികളുടെ “മാളം”. അവ മാളത്തിൽ കയറുന്നത് അസാധാരണമായ ഒരു രീതിയിലാണ്. കാട്ടുപന്നിയുടെ ശരിയായ അന്തസ്സുകൾ ഇതുവരെ പഠിച്ചിട്ടില്ലാത്ത പന്നിക്കുഞ്ഞുങ്ങൾ ആത്മാഭിമാനികളായ ഏതൊരു മൃഗത്തെയും പോലെ മാളത്തിലേക്ക് ആദ്യം തല തള്ളിക്കടത്തുന്നു. അവയുടെ അച്ഛനമ്മമാർ അങ്ങനെയല്ല! വേഗത്തിൽ വന്നു ഞൊടിയിടയിൽ പട്ടാളച്ചിട്ടയോടെ, പ്രവേശനദ്വാരത്തിനു പുറം തിരിഞ്ഞുനിന്ന്—പിന്നോട്ടായി ശീഘ്രം തങ്ങളുടെ സുരക്ഷിത ഭവനമായ മാളത്തിലേക്കു കടക്കുന്നു! ഈ കൊച്ചു കൗശലം കാഴ്ചക്കാരെ വിനോദിപ്പിക്കാൻ മാത്രമുള്ളതല്ല. തന്നെ പിടിക്കാൻ വരുന്നവരെ നേരിടാനും കൂടുതലായ ഏതൊരു ആക്രമണത്തെയും തന്റെ മാരകമായ കൊമ്പുകൾകൊണ്ടു തടുക്കാനും ഇനി കാട്ടുപന്നിക്കു എളുപ്പമായിരിക്കും.
തീർച്ചയായും, ഇങ്ങനെ ദ്രുതഗതിയിൽ മാളത്തിലേക്കു പിൻവാങ്ങുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിതമായ വൈഷമ്യങ്ങൾ നേരിടേണ്ടിവരുന്നു. മണ്ണിനടിയിലെ ഈ പൊടിനിറഞ്ഞ മാളങ്ങളിൽ താമസിക്കുന്നതു കാട്ടുപന്നികൾ മാത്രം അല്ല എന്നതാണു പ്രശ്നം. കഴുതപ്പുലികളും തുരപ്പൻ കരടികളും കുറുക്കൻമാരും മുള്ളൻപന്നികളും ഈ മടകളിൽ അഭയം തേടിയെന്നു വരാം. “കാട്ടുപന്നികൾ വരുന്നതിനു മുമ്പുതന്നെ മാളങ്ങൾ ആരെങ്കിലും കൈവശപ്പെടുത്തിയെങ്കിൽ വേദനാകരമായ ഏററുമുട്ടലുകൾക്ക് [കാട്ടുപന്നികൾ] ഇടയ്ക്കിടയ്ക്കു വിധേയമായേക്കാം” എന്ന് കൂസ്റെറാസ് മാഗസിൻ റിപ്പോർട്ടു ചെയ്യുന്നു. “കാട്ടുപന്നിയുടെ പിൻഭാഗത്ത് [മുള്ളൻ പന്നിയുടെ] മുള്ളുകൾ തറച്ചുകൊണ്ടിരിക്കുന്നതു കാണാനിടയായ അവസരങ്ങളുണ്ട്.” ഇത് എന്തായാലും നിർഭാഗ്യവാനായ കാട്ടുപന്നിയെ അത്ര രസിപ്പിക്കുന്നതല്ല.
ഭീഷണമായ കൊമ്പുകളോടുകൂടിയ കാട്ടുപന്നിയെക്കണ്ടാൽ ഇര തേടി നടക്കുന്ന ഒരു ക്രൂര മൃഗമാണെന്നു തോന്നും. എന്നാൽ അങ്ങനെ അല്ല. അതിനെ “പൊതുവേ ഉപദ്രവകാരിയല്ലാത്ത മൃഗ”മായി വർണിച്ചിരിക്കുന്നു. കാട്ടുപന്നി ഒരു പുല്ലുതീനിയാണ്, ഇഷ്ടമുള്ളതു മാത്രമേ അതു തിരഞ്ഞു തിന്നുകയുമുള്ളൂ! അവൻ ഒട്ടുമിക്കപ്പോഴും ചെറുപുല്ലുകൾ മാത്രമേ തിന്നുകയുള്ളു. അതും പുല്ലിൻ കൂമ്പിന്റെ പിഞ്ചററങ്ങൾ മാത്രം. അവൻ കളകളും നീണ്ട പുല്ലുകളും മററു ചെടികളും ഒഴിവാക്കുന്നു. കണിശമായും “പന്നി തന്നെ”! മാത്രമല്ല, അത്ര അഭിലഷണീയമല്ലാത്തിടത്തുപോലും അവൻ തീററ തേടി കടന്നുചെല്ലും. മുള്ളുനിറഞ്ഞ കുററിച്ചെടികളുടെ അടിയിലായി വളരുന്ന സ്വാദുള്ള ഇളം പുല്ലുകൾ തിന്നാൻ മുള്ളിനിടയിലൂടെ തന്റെ മോന്ത തള്ളിനീക്കുമ്പോൾ അവന്റെ കൊമ്പുകളാണു മോന്തയെ സംരക്ഷിക്കുന്നത്.
ഉറുമ്പുകൾ ഉപേക്ഷിച്ചു പോയ മാളങ്ങൾ കൊമ്പുപയോഗിച്ചു വലുതാക്കി ആ “മാളത്തി”ൽ പലപ്പോഴും കാട്ടുപന്നികൾ ദിവസത്തിൽ ഏററവും ചൂടുള്ള സമയത്തു പാർക്കുന്നു. അവ വിശ്രമിക്കുകയല്ലെങ്കിൽ മണ്ണിൽ കിടന്നുരുളുന്നതോ അടുത്തുള്ള നീരുറവിൽ നിന്നു വെള്ളം കുടിക്കുന്നതോ ആയിരിക്കും നിങ്ങൾ കാണുന്നത്. തീററയ്ക്കുള്ള സമയം ആകുമ്പോൾ, അവ പുൽമേട്ടിലൂടെ കുലുങ്ങിക്കുലുങ്ങി പോകുന്നതു കാണാം. (ഓടാൻ നിർബന്ധിതരായെങ്കിൽ മാത്രമേ അവ ഓടുകയുള്ളൂ.) വാലുകൾ വടിപോലെ ഉയർത്തിപ്പിടിച്ചുകൊണ്ട് അവയെല്ലാം—മുതിർന്നവ മുതൽ തീരെ കുഞ്ഞുങ്ങൾ വരെ—തലയെടുപ്പോടെ നീങ്ങുന്നു.
കാട്ടുപന്നികൾ പന്നിവർഗത്തിലെ ഏററവും സുന്ദരൻമാരായ അംഗങ്ങളൊന്നുമല്ല. എന്നാലും അവയ്ക്ക് ഏററവും പററിയ പേരാണു കിട്ടിയിരിക്കുന്നത്. അവയുടെ ദീർഘചതുരാകൃതിയിലുള്ള മുഖങ്ങളിലെ വ്യക്തമായ “മുഴകളി”ൽ നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് ഈ പേര്. യഥാർഥത്തിൽ ഇവ ശരിക്കുള്ള മുഴകളല്ല. എന്നാൽ കട്ടിയുള്ള തൊലിയുടെ, പുറത്തേക്കുള്ള വളർച്ചയാണ്. അവയ്ക്കു പ്രത്യേക ധർമം നിർവഹിക്കാൻ കഴിയും. ആഴത്തിൽ കുഴിച്ചു തീററ തിന്നുമ്പോൾ അത് അവയുടെ കണ്ണുകളെ സംരക്ഷിക്കുന്നു. ആൺമൃഗങ്ങൾ തമ്മിൽ ഇടയുമ്പോൾ എതിരാളിയുടെ വെട്ടിമുറിക്കുന്ന കൊമ്പുകൾക്കെതിരെ കവചങ്ങളായി പ്രവർത്തിക്കാനും അത് ഉപയോഗപ്രദമാണ്.
ഹാസ്യജനകമായ ഈ മുഖത്തിനു പിന്നിൽ ഉഗ്രനായ ഒരു പോരാളിയാണുള്ളത്. തള്ളപ്പന്നികൾ അവയുടെ കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ആ പററത്തിലെ മററു മുതിർന്ന അംഗങ്ങളും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നു. അവയെത്തന്നെ അപകടത്തിലാക്കിക്കൊണ്ടുപോലും അവ അതു ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ചീററപ്പുലി ഒരു പന്നിക്കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുകയാണെങ്കിൽ മുതിർന്ന ഒരുത്തൻ അക്രമിയെ കടന്നാക്രമിക്കും. ആക്രമിക്കാൻ വരുന്ന ഈ ഉഗ്രമായ, കൂർത്ത കൊമ്പുംകൂട്ടം കാണുമ്പോൾത്തന്നെ ചീററപ്പുലി ഓടിപ്പോകുകയാണു പതിവ്. അതിനിടയിൽ, തള്ളയുടെ വയറിനടിയിൽ സുരക്ഷിതമായി പോയി ഇരിക്കാനുള്ള ശ്രമത്തിൽ കുഞ്ഞുങ്ങൾ ഓട്ടം പിടിച്ചിരിക്കും. ഭീഷണി, സിംഹമോ പുലിയോ പോലെ, കൂടുതൽ ഗുരുതരമായ ഒന്നാണെങ്കിൽ കാട്ടുപന്നികൾ ബുദ്ധിപൂർവം പിൻവാങ്ങുന്നു. വാൽ അപ്പോഴും ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ. എന്നാലും കുഞ്ഞുങ്ങൾ സുരക്ഷിതമായി ആദ്യം എത്തട്ടെ എന്നോർത്ത് മുതിർന്നവർ കുഞ്ഞുങ്ങളുടെ പിറകെ നടക്കുന്നു.
എന്നിരുന്നാലും, ഡോ. ഡരിൽ മെയ്സൻ കസ്റെറാസ് മാഗസിനിൽ ഇപ്രകാരം സൂചിപ്പിക്കുന്നു, “മുതിർന്ന കാട്ടുപന്നികൾക്കു ചീററപ്പുലികളെയും പുള്ളിപ്പുലികളെയും കഴുതപ്പുലികളെയും ഉഗ്രമായി എതിർക്കാൻ കഴിയും.” ഒരു തള്ളപ്പന്നി തന്റെ കുഞ്ഞുങ്ങളെ ഒരു വലിയ ആൺ പുള്ളിപ്പുലിയിൽ നിന്നു രക്ഷപ്പെടുത്തുന്നതു കാണാനിടയായി. അവൾ 30 മീററർ ദൂരംവരെ പുള്ളിപ്പുലിയെ വിരട്ടിയോടിക്കാൻ ധൈര്യം കാട്ടി. പെട്ടെന്ന് അവൻ ഒരു വൃക്ഷത്തിലേക്കു പിൻവാങ്ങി. ഒരിക്കൽ രണ്ടു കാട്ടുപന്നികൾ 16 കാട്ടുനായ്ക്കളുടെ ഒരു കൂട്ടത്തെ അകററിനിർത്തുന്നതു കണ്ടു.
ആഫ്രിക്കൻ കുററിക്കാട്ടിലെ ഈ ഭയങ്കരൻ രസികന്റെ കോമാളിത്തരങ്ങൾ കാണുന്നത് എത്ര ചേതോഹരമാണ്! (g93 11/22)