ചീറ്റപ്പുലി—മാർജാരകുലത്തിലെ ഏറ്റവും വലിയ ഓട്ടക്കാരൻ
കെനിയയിലെ ഉണരുക! ലേഖകൻ
പോക്കുവെയിൽ പൊന്നുരുക്കുന്ന സാവന്നയുടെ മുകളിൽ ചൂട് വിടപറയാൻ മടിച്ചുനിന്നു. തോംസൺസ് കലമാൻ പറ്റത്തിനു നേരേ ഞങ്ങൾ ബൈനോക്കുലേഴ്സ് തിരിച്ചു, വരയോടുകൂടിയ അവയുടെ സ്വർണ നിറമുള്ള പാർശ്വഭാഗങ്ങൾ അസ്തമയ സൂര്യന്റെ അവസാന കിരണങ്ങളിൽ മിന്നിത്തിളങ്ങി. അധികം അകലെയല്ലാതെ മറ്റൊരു നിരീക്ഷകയും കലമാൻ പറ്റത്തെ ഉറ്റുനോക്കിക്കൊണ്ട് ഒരു ചിതൽപ്പുറ്റിന്റെ പുറത്തിരുപ്പുണ്ടായിരുന്നു. അത് മേലാകെ പുള്ളികളുള്ള ഒരു പൂച്ചയായിരുന്നു, കൂട്ടത്തിൽ കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അവളുടെ തവിട്ടുമഞ്ഞനിറത്തിലുള്ള കണ്ണുകൾ രംഗം സശ്രദ്ധം നിരീക്ഷിച്ചു. പൊടുന്നനെ അവളുടെ പേശികൾ മുറുകി. അവൾ മെല്ലെയെണീറ്റ് കലമാൻ പറ്റം നിന്നിടം ലക്ഷ്യമാക്കി നീങ്ങി. തള്ള മടങ്ങിവരുന്നതുവരെ അവിടെയിരിക്കണമെന്നു കുഞ്ഞുങ്ങൾക്ക് അറിയാമായിരുന്നുവെന്നു തോന്നുന്നു.
കൊച്ചു കുറ്റിച്ചെടികളുടെയും നീളമുള്ള പുൽക്കൂട്ടങ്ങളുടെയും മറപറ്റി ജാഗ്രതയോടെ അവൾ മുന്നോട്ടുനീങ്ങി. നീക്കങ്ങൾ ആയാസരഹിതവും ദൃഢവിശ്വാസം തുടിക്കുന്നതുമായിരുന്നു. ഇരയുടെ അടുത്തെത്താൻ 200 മീറ്റർകൂടിയുള്ളപ്പോൾ പെട്ടെന്നവൾ നിശ്ചലയായി. കലമാനുകളിലൊന്ന് തലയുയർത്തി അവൾ നിന്നിടത്തേക്കു തുറിച്ചു നോക്കിയിട്ട് തീറ്റ തുടർന്നു. കുറെക്കൂടെ മുന്നോട്ടു ചെന്ന അവൾ സംശയിക്കാതെ നിൽക്കുന്ന മൃഗങ്ങളുടെ അടുത്തെത്താൻ 50 മീറ്റർ കൂടിയുള്ളപ്പോൾ ഓട്ടമാരംഭിച്ചു. അയച്ചുവിട്ട ഒരു സ്പ്രിങ്ങുപോലെ അവൾ അന്തിവെളിച്ചത്തിൽ മുന്നോട്ടു കുതിച്ചു. കലമാൻ പറ്റം നാലുപാടും ചിതറിയോടി. എന്നാൽ താൻ കണ്ടുവെച്ച ഇരയിൽനിന്നു കണ്ണുപറിക്കാതെ അവൾ സമഭൂമിയിലൂടെ കുതിച്ചുപാഞ്ഞു. അവൾ ശീഘ്രഗതിയിലോടുന്ന കലമാന്റെയടുത്തെത്താറായി.
പേടിച്ചരണ്ട മൃഗം ശത്രുവിനു പിടികൊടുക്കാതിരിക്കാൻ വളഞ്ഞുപുളഞ്ഞോടി. എന്നാൽ അതിന്റെ തന്ത്രങ്ങൾ പൂച്ചയുടെ മിന്നൽ വേഗത്തോടു കിടപിടിക്കുമായിരുന്നില്ല. ഇരയുടെ മേൽ ചാടിവീഴാൻ ഏതാണ്ട് ഒരു മീറ്റർ കൂടിയുള്ളപ്പോൾ അവൾ മുൻപാദം നീട്ടി ഇരയെ തട്ടിയിടാൻ ശ്രമിച്ചു. എന്നാൽ ആ ശ്രമത്തിനിടയിൽ അവൾ കാലിടറിവീണു. ആ തക്കം നോക്കി കലമാൻ സ്ഥലംവിടുകയും ചെയ്തു.
അവശയായ ചീറ്റപ്പുലി ഒടുവിൽ ഓട്ടം നിർത്തി വിശന്നുപൊരിഞ്ഞ കുഞ്ഞുങ്ങളിരിക്കുന്നിടത്തേക്കു നോക്കിക്കൊണ്ട് ഒരിടത്തിരുന്നു. ഞാൻ ഭാര്യയെ വിസ്മയത്തോടെ നോക്കി. അതിശയിപ്പിക്കുന്ന ചീറ്റപ്പുലിയുടെ ശീഘ്രഗതിയിലുള്ള പാച്ചൽ ഞങ്ങൾ കണ്ടുകൊണ്ടുനിൽക്കുകയായിരുന്നു.
വേഗമുള്ള പൂച്ച
ചീറ്റപ്പുലിക്ക് വാസ്തവത്തിൽ കാറ്റിന്റെ വേഗത്തിൽ ഓടാൻ കഴിയും. അവിശ്വസനീയമെന്നു പറയട്ടെ, അതിനു വെറും രണ്ടു സെക്കൻഡുകൊണ്ട് നിന്നനിൽപ്പിൽനിന്നു മണിക്കൂറിൽ 65 കിലോമീറ്ററോളം വേഗം പ്രാപിക്കാൻ കഴിയും! അതിന് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ ഓടാൻ കഴിയും. കരയിലെ ഏറ്റവും വേഗമുള്ള ജന്തുവാണത്. ചീറ്റപ്പുലിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു പന്തയക്കുതിരയ്ക്ക് മണിക്കൂറിൽ 72 കിലോമീറ്ററിൽ അൽപ്പംകൂടെ വേഗത്തിലും ഒരു വേട്ടപ്പട്ടിക്ക് മണിക്കൂറിൽ ഏതാണ്ട് 65 കിലോമീറ്റർ വേഗത്തിലും മാത്രമേ ഓടാൻ കഴിയൂ. എന്നാൽ ചീറ്റപ്പുലിക്ക് അതിന്റെ അത്ഭുത വേഗം ഹ്രസ്വദൂരത്തിൽ മാത്രമേ നിലനിർത്താനാവൂ.
നീണ്ടുമെലിഞ്ഞ കാലുകളും വളഞ്ഞതും വഴക്കമുള്ളതുമായ മുതുകും ഉള്ള ചീറ്റപ്പുലി കൃശഗാത്രനാണ്. അതിവേഗത്തിൽ വളയുകയും തിരിയുകയും ചെയ്യുമ്പോൾ അതിന്റെ നീണ്ട പുള്ളിക്കുത്തുള്ള വാൽ സമനില പ്രദാനം ചെയ്യുന്നു. അതിവേഗത്തിൽ പായുമ്പോൾ അതിന്റെ ഓരോ കുതിപ്പിനും ആറു മീറ്ററിലേറെ ദൈർഘ്യം വരും. അത്തരം ദ്രുതഗമനത്തിനു സഹായിക്കുന്ന ഒരു സംഗതി അതിന്റെ അതുല്യ പാദങ്ങളാണ്; അവയ്ക്ക് പൂച്ചയുടെ പാദങ്ങളോടുള്ളതിലും സാദൃശ്യം പട്ടിയുടെ പാദങ്ങളോടാണ്. അത് കൂർത്തുവളഞ്ഞ നഖങ്ങൾ ഉപയോഗിച്ച് നിലത്തു പിടിമുറുക്കുന്നു. ഇത് കൂടുതൽ ഘർഷണം പ്രദാനം ചെയ്യുന്നു.
പുള്ളിക്കുത്തുകളിൽ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യം
ചീറ്റപ്പുലിയുടെ മുഖം വളരെ വിഭിന്നവും സൗന്ദര്യമുള്ളതുമാണ്. കണ്ണുകളുടെ ഭാഗത്തുനിന്ന് തുടങ്ങി വായുടെ കോണുകൾ വരെയെത്തുന്ന സുന്ദരമായ രണ്ടു കറുത്ത വരകൾ പൂച്ചയ്ക്ക് ദുഃഖഭാവം, ഏതാണ്ടൊരു നിരാശാഭാവം, നൽകുന്നു. ഇരുണ്ട ചെറിയ പുള്ളിക്കുത്തുകളോടുകൂടിയ അതിന്റെ രോമത്തിനു നീളം കുറവാണ്. ശരീരത്തിന്റെ ഉപരിഭാഗത്തുള്ളതിന് പലപ്പോഴും ചുവപ്പുരാശി കലർന്ന ഇളം തവിട്ടുനിറവും വയറിലേതിന് വെള്ള നിറവുമായിരിക്കും. ജനന സമയത്ത് കുഞ്ഞുങ്ങൾക്ക് നല്ല ഇരുണ്ട നിറമാണ്. കഴുത്തുമുതൽ വാലുവരെ നീലകലർന്ന ചാരനിറത്തിലുള്ള നീണ്ട ഇടതൂർന്ന രോമംകൊണ്ടു മൂടിയിരിക്കും.
ചീറ്റപ്പുലി മുരളുകയോ പക്ഷികളെപ്പോലെ കുറുകുകയോ ചെയ്യുന്നു. ഇത് രണ്ടു കിലോമീറ്റർ അകലെവരെ കേൾക്കാൻ കഴിയും. ചീറ്റപ്പുലി കുഞ്ഞുങ്ങളുമായും മറ്റു ചീറ്റപ്പുലികളുമായും ആശയവിനിയമം നടത്തുന്നത് ഈ ശബ്ദം പുറപ്പെടുവിച്ചാണ്.
സിംഹം, പുള്ളിപ്പുലി തുടങ്ങിയ മറ്റു പൂച്ചകളെ അപേക്ഷിച്ച് ചീറ്റപ്പുലി സൗമ്യനും ശാന്തനുമാണ്. തൃപ്തനായ ഒരു ചീറ്റപ്പുലി വലിയ വീട്ടുപൂച്ചയെപ്പോലെ മുരളുന്നു. അത് മനുഷ്യനോട് വേഗം ഇണങ്ങുന്നു. അതിനെ മെരുക്കിയെടുത്തിട്ടുപോലുമുണ്ട്. എങ്കിലും, ചീറ്റപ്പുലി വീട്ടുപൂച്ചയല്ല. പൂർണ വളർച്ചയെത്തിയ ഒരു ചീറ്റപ്പുലിക്ക് 45 കിലോഗ്രാമോ അതിലുമധികമോ തൂക്കം വരും. അതിന്റെ കൂർത്ത പല്ലുകളും കൂർത്തുവളഞ്ഞ നഖങ്ങളും അതിനെ അപകടകാരിയായ—സൂക്ഷിച്ചിടപെടേണ്ട—ഒരു മൃഗമാക്കിത്തീർക്കുന്നു.
ചീറ്റപ്പുലിക്ക് ജന്മനാ വേട്ടയാടാനുള്ള പ്രാപ്തിയില്ല. അതുകൊണ്ട് അതിന് തള്ളയിൽനിന്നുള്ള നല്ല പരിശീലനം ആവശ്യമാണ്. കൂട്ടിലിട്ടു വളർത്തുന്ന കുഞ്ഞിന് പതുങ്ങിച്ചെന്ന് ആക്രമിക്കാനുള്ള കഴിവില്ലാതാകുന്നു. തള്ളയും കുഞ്ഞുങ്ങളും ഒന്നിച്ചു തീറ്റ തിന്നുമ്പോൾ ശാന്തരാണ്. തീറ്റ തിന്നുമ്പോൾ സിംഹങ്ങൾക്കിടയിൽ സാധാരണയുണ്ടാകാറുള്ള കലമ്പലും കടിപിടിയുമൊന്നും അവയ്ക്കിടയിൽ ഉണ്ടാകാറില്ല. വരണ്ട പ്രദേശങ്ങളിലുള്ള ചീറ്റപ്പുലികൾ നീരുള്ള തണ്ണിമത്തങ്ങകൾ തിന്നുന്നതായി പോലും അറിവു കിട്ടിയിട്ടുണ്ട്.
ശാന്തരായ ഈ പൂച്ചകൾക്ക് ഒട്ടും പേടിയില്ലാത്തതു കണ്ട് ആഫ്രിക്കൻ വന്യജീവിസംരക്ഷണകേന്ദ്രങ്ങളിലെ വിനോദസഞ്ചാരികൾ അത്ഭുതംകൂറിയിട്ടുണ്ട്. പൂർണവളർച്ചയെത്തിയ ഒരു ചീറ്റപ്പുലി വിനോദസഞ്ചാരികളുടെ വാനിന്റെ തണൽപറ്റി കിടക്കുന്നതും കാർ ബോണറ്റിന്റെ പുറത്തേക്കു ചാടിക്കയറി അതിശയംപൂണ്ട, മിക്കപ്പോഴും ഭയന്നുവിറച്ചിരിക്കുന്ന, യാത്രക്കാരെ കണ്ണാടിമറയിലൂടെ തുറിച്ചുനോക്കുന്നതും അസാധാരണമല്ല.
തള്ളപ്പൂച്ച കുഞ്ഞുങ്ങളെ പരിപാലിക്കുന്ന വിധം
പെൺ ചീറ്റപ്പുലി ഒരു തവണ ആറു കുഞ്ഞുങ്ങളെവരെ പ്രസവിക്കുന്നു. അവൾ അവയെ ധൈര്യപൂർവം സംരക്ഷിക്കുകയും സുരക്ഷിതമായി ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നു, അതായത് ആദ്യത്തെ ഏതാനും മാസങ്ങളിൽ അവയെ കൂടെക്കൂടെ സ്ഥലം മാറ്റുന്നു. എന്നാൽ, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് തള്ള ചീറ്റകൾ ഇത്രയെല്ലാം പാടുപെട്ടിട്ടും കുഞ്ഞുങ്ങളിൽ ഏതാണ്ടു മൂന്നിലൊന്നു മാത്രമേ പ്രായപൂർത്തിയാകുന്നതുവരെ ജീവിച്ചിരിക്കുന്നുള്ളൂ.
സന്താന പരിപാലനം തള്ള ചീറ്റയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള ജോലിയൊന്നുമല്ല. അവർ ഊർജസ്വലരും വല്ലാത്ത കളിപ്രിയരുമാണ്. കുഞ്ഞുങ്ങൾ പതുങ്ങിക്കിടന്നിട്ട് വിശ്രമിക്കുന്ന തള്ളയുടെ വാലേൽ ചാടിവീഴുകയും തനതായ പൂച്ചശൈലിയിൽ തള്ള വാലാട്ടുമ്പോൾ ചാടിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കെട്ടിമറിയുകയും കടിപിടികൂട്ടുകയും പുറകേയിട്ടോടിക്കുകയും ചെയ്യുന്ന അവ സദാ കുറുക്കൻകണ്ണു പാകിയിരിക്കുന്ന ഹിംസ്രജന്തുക്കളുടെ കാര്യം പലപ്പോഴും മറന്നുപോകുന്നു.
നായാട്ടുവീരൻ വേട്ടയാടപ്പെടുന്നു
സിംഹം, പുള്ളിപ്പുലി, കഴുതപ്പുലി എന്നിങ്ങനെ ചീറ്റപ്പുലിക്ക് വനത്തിൽ അനേകം ശത്രുക്കളുണ്ട്. എങ്കിലും ചീറ്റപ്പുലിയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. സുന്ദരമായ പുള്ളിക്കുത്തുകളോടുകൂടിയ അതിന്റെ തോൽ വസ്ത്രവും പരവതാനികളും ട്രോഫികളും ഉണ്ടാക്കുന്നതിനു വിലപ്പെട്ടതാണ്. ദ്രുതഗാമിയായ ഈ ജീവിയെ മനുഷ്യർ കെണിവെച്ചു പിടിച്ചു വിനോദനായാട്ടിനു പരിശീലിപ്പിച്ചിരിക്കുന്നു. കൂട്ടിനകത്തു പെറ്റുപെരുകാനുള്ള അതിന്റെ മടി കാരണം ഈ ആവശ്യത്തിനായി ചീറ്റപ്പുലിയെ അതുള്ളിടങ്ങളിൽനിന്നൊക്കെ വേട്ടയാടിപ്പിടിച്ചിരിക്കുന്നു. ആവാസം നഷ്ടമായതും ചീറ്റപ്പുലിയുടെ നിലനിൽപ്പിനെ ബാധിച്ചിരിക്കുന്നു. അതുകൊണ്ട് കിഴക്കൻ ആഫ്രിക്കയിൽ ഇപ്പോൾ അത് മുഖ്യമായും ഉള്ളത് വന്യജീവിസങ്കേതങ്ങളിൽ മാത്രമാണ്.
1900-ത്തിൽ 44 രാജ്യങ്ങളിലായി 1,00,000 ചീറ്റപ്പുലികൾ ഉള്ളതായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് 26 രാജ്യങ്ങളിലായി ഒരുപക്ഷേ 12,000 ചീറ്റപ്പുലികൾ മാത്രമായിരിക്കാമുള്ളത്. അവയിലധികവും ആഫ്രിക്കയിലാണ്. മേലാകെ പുള്ളികളുള്ള ഈ സുന്ദരനായ പൂച്ചയെ സംരക്ഷിക്കാൻ ശ്രമങ്ങൾ നടന്നുവരുകയാണ്. എങ്കിലും അതിന്റെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
വംശനാശത്തിൽനിന്ന് ചീറ്റപ്പുലി കരകയറുകയില്ലായിരിക്കാമെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ “സകലഭൂചരജന്തുവി”നെയും പരിപാലിക്കാനും സംരക്ഷിക്കാനും അവയുടെമേൽ ‘വാഴാ’നുമുള്ള ദൈവദത്ത ഉത്തരവാദിത്വം മനുഷ്യൻ പൂർണ അളവിൽ ഏറ്റെടുക്കുന്ന സമയം വരാൻപോകുന്നു എന്നറിയുന്നത് ആശ്വാസപ്രദമാണ്. (ഉല്പത്തി 1:28) ചീറ്റപ്പുലിയെപ്പോലുള്ള സുന്ദരൻമാരായ പൂച്ചകൾ ഭൂവാസികളെ എന്നെന്നും ആഹ്ലാദിപ്പിക്കുമെന്ന് അപ്പോൾ മാത്രമേ പൂർണ ഉറപ്പുണ്ടായിരിക്കാൻ കഴിയൂ.