വേഗതയുടെ രാജൻ
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
ഈ സ്ഥാനപ്പേർ ആർക്കുള്ളതാണ്? ലോകത്തിലെ മൃഗങ്ങളിൽവച്ച് ഏറ്റവും വേഗതയുള്ള ഹ്രസ്വദൂര ഓട്ടക്കാരനായ ചീറ്റപ്പുലിക്ക്. ഓരോ ചീറ്റപ്പുലിക്കും തനതായ, അതുല്യ മാതൃകയിലുള്ള പുള്ളികളുണ്ട്. അതുകൊണ്ടു ചീറ്റപ്പുലി എന്ന പേര് “പുള്ളികളുള്ള ശരീരം” എന്നർഥമുള്ള ഒരു സംസ്കൃത പദത്തിൽനിന്നാണു വരുന്നത്.
ഈ പൂച്ചയ്ക്ക് കാലുകൾ മാത്രമേയുള്ളൂവെന്ന് ഒറ്റ നോട്ടത്തിൽ തോന്നുമെന്നു ചിലർ പറയുന്നു. അതിന്റെ മുതുകിലെ കുഴിവുകളും തലയും തീരെ ചെറുതാണെന്നു മറ്റുചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഈ സവിശേഷതകൾ ചീറ്റപ്പുലിക്കു പ്രയോജനകരമാണ്. നീണ്ട പിൻകാലുകൾ ഉത്തോലനം പ്രദാനം ചെയ്യുന്നു, ഇതു നിമിത്തം, ഭംഗിയായി നടക്കാനും ചന്തമായി ഓടാനും ചീറ്റപ്പുലിക്കു കഴിയുന്നു. ഈ മൃഗത്തിനു വളരെ വേഗത്തിൽ ഓടാൻ കഴിയും! പല സെക്കണ്ടുകൾക്കൊണ്ട് ചീറ്റപ്പുലിക്കു നിന്ന നിൽപ്പിൽനിന്നു മണിക്കൂറിൽ 110 കിലോമീറ്ററോളം വേഗതയിൽ എത്താൻ കഴിയും.
ചീറ്റപ്പുലിയുടെ രൂപഘടന അതിവേഗതയ്ക്ക് ഏറ്റവും പറ്റിയതാണ്. അതിന്റെ ലഘുവായ അസ്ഥികൂടത്തിൽ ഒരു സ്പ്രിങ്ങുപോലെ ചുരുളാനും അയയാനും കഴിയുന്ന, അസാധാരണമായി വഴങ്ങുന്ന ഒരു നട്ടെല്ലുണ്ട്. കൂടാതെ, ചീറ്റപ്പുലിക്ക് ആഴമുള്ള നെഞ്ചും വിശാലമായ ശ്വാസകോശങ്ങളും ശക്തമായ ഹൃദയവും സമനില പ്രദാനംചെയ്യുന്ന ഒരു വാലും വേഗത്തിലുള്ള ശ്വാസോച്ഛ്വാസത്തിനു സഹായിക്കുന്ന വലിയ നാസാരന്ധ്രങ്ങളും ഉണ്ട്. ഇവയെല്ലാം മൃഗത്തിന്റെ അതുല്യമായ വേഗത്തിനു സഹായകമാകുന്നു. എന്നിരുന്നാലും, ചീറ്റപ്പുലിയുടെ ഊർജപ്രവാഹം ഹ്രസ്വനേരത്തേക്കേയുള്ളൂ. പൂർണ വേഗതയിൽ വെറും 400 മീറ്റർ സഞ്ചരിച്ചുകഴിയുമ്പോൾ അതിനു തണുക്കാനായി നിൽക്കേണ്ടതുണ്ട്.
സാധാരണഗതിയിൽ ചീറ്റപ്പുലികൾ മനുഷ്യർക്കു ഭീഷണിയല്ല. വർഷങ്ങളായി ചീറ്റകളെ സന്താനോൽപ്പാദനം നടത്തി പോറ്റിവളർത്തുന്ന അൻ വാൻ ഡൈക്ക്, ദ ചീറ്റാസ് ഓഫ് ഡി വിൽറ്റ് എന്ന തന്റെ പുസ്തകത്തിൽ ഇപ്രകാരം എഴുതുന്നു: “തീറ്റകൊടുത്തു കഴിഞ്ഞ്, ഇരുട്ടാകുന്നതിനു മുമ്പുള്ള അവസാന ചില നിമിഷങ്ങൾ എന്റെ പൂച്ച കുടുംബവുമായി പങ്കിടുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ഞങ്ങളുടെയിടയിൽ ഒരു ആശ്രയബോധം വികാസം പ്രാപിച്ചിരുന്നു. ഇണങ്ങിയിട്ടില്ലെങ്കിലും അവ എന്നെ ഉപദ്രവിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു.
എന്നിരുന്നാലും, മനുഷ്യർ എല്ലായ്പോഴും ചീറ്റപ്പുലികളോട് അത്ര ദയയുള്ളവരായിരുന്നിട്ടില്ല. ഉദാഹരണത്തിന്, ആഫ്രിക്കൻ നായാട്ടുകാർ അതിന്റെ അതിവിശിഷ്ടമായ തോലിൽ കണ്ണുവയ്ക്കുകയും കോളനിവത്കരണം ചീറ്റപ്പുലിക്ക് ഓടാനുള്ള സ്ഥലം പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇത് ചീറ്റപ്പുലിയുടെ എണ്ണം ഗണ്യമായി കുറച്ചിരിക്കുന്നു. ഒരിക്കൽ ഇന്ത്യയിൽ സമൃദ്ധമായിരുന്ന ചീറ്റപ്പുലിക്ക് 1952-ൽ വംശനാശം സംഭവിച്ചു. കിഴക്കൻ മെഡിറ്ററേനിയന്റെ അതിർത്തിയിലുള്ള ചില രാജ്യങ്ങളിലും ഇപ്പോൾ അവ ഇല്ല.
ദൈവത്തിന്റെ പുതിയ ലോകത്തിൽ അത്യാർത്തിപൂണ്ട മനുഷ്യർ മൃഗങ്ങളെ മേലാൽ ഭീഷണിപ്പെടുത്തുകയില്ലെന്നുള്ളതിൽ നമുക്ക് എത്രമാത്രം സന്തോഷിക്കാൻ കഴിയും! (യെശയ്യാവ് 11:6-9) ഒരുപക്ഷേ അത്ഭുതകരമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന വേഗതയുടെ രാജനായ ചീറ്റപ്പുലിയെ കാണാനുള്ള പദവി നിങ്ങൾക്കുണ്ടായിരിക്കും.