ജാരവാസിൽ നിന്ന് പഠിക്കൽ
ഇൻഡ്യയിലെ ഉണരുക! ലേഖകൻ
“നിങ്ങളുടെ രക്തസമ്മർദ്ദം വളരെ ഉയർന്നിരിക്കുന്നു, നിങ്ങളുടെ നാഡികൾ തകർന്നുകൊണ്ടിരിക്കയാണ്. ഒരു ഉഷ്ണമേഖലാ ദ്വീപിലേക്ക് പോയി വിശ്രമിക്കുക!” നിങ്ങൾ ആധുനികസംസ്കാരത്തിന്റെ പിരിമുറുക്കങ്ങളുടെയും സമ്മർദ്ദങ്ങളുടെയും കീഴിൽ അമർന്നിരിക്കുകയാണെങ്കിൽ നിങ്ങൾക്കാവശ്യമായ ഉപദേശം ഇതുതന്നെയായിരിക്കാം. ചികിത്സാപരമായ കാരണങ്ങളാലല്ലെങ്കിലും അത്തരത്തിലുള്ള ആകർഷകമായ നിർദ്ദേശത്തെ ആർക്ക് ചെറുക്കാൻ കഴിയും? അതുകൊണ്ട് ജാരവൻമാരുടെ ഭവനമായ ആൻഡമാൻ ദ്വീപുകളിലേക്ക് ഒരു സന്ദർശനം നടത്തി ഇതിൽനിന്നെല്ലാം മോചനം നേടിക്കൂടേ?
ആൻഡമാൻ ദ്വീപുകൾ? ജാരവൻമാർ? അവരെക്കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലെങ്കിൽ അതിശയിക്കരുത്, എന്തുകൊണ്ടെന്നാൽ അവ ലോക ടൂറിസത്തിന്റെ പ്രഹതമാർഗ്ഗത്തിൽനിന്ന് വളരെ അകലെയാണ്. നിങ്ങൾ ഒരു ഭൂപടത്തിൽ നോക്കുകയാണെങ്കിൽ നിങ്ങൾ ആൻഡമാൻ ദ്വീപുകൾ ഇൻഡ്യയുടെയും മ്യാൻമാറിന്റെയും (മുൻ ബർമ്മ) ഇടക്ക് ബംഗാൾ ഉൾക്കടലിൽ കണ്ടെത്തും. 300-ഓളം ദ്വീപുകളാൽ രൂപീകൃതമായ ഈ ദ്വീപസമൂഹം ഇപ്പോൾ ഇൻഡ്യൻ റിപ്പബ്ലിക്ക്പ്രദേശത്തിന്റെ അറുതിയാണ്.
അപരിഷ്കൃതരായ ഒരു ജനതയോ?
ഈ ദ്വീപുകൾ നാലു നിഗ്രിറെറാ വർഗ്ഗങ്ങളുടെ—കീർത്തിപ്പെട്ട ആൻഡമാൻകാർ, ജാരവൻമാർ, സെൻറിനെലികൾ, ഓൻജികൾ എന്നിവരുടെ— ഭവനമായിരുന്നു. “ചെറിയ നീഗ്രോകൾ” എന്നർത്ഥമുള്ള നെഗ്രിറെറാകൾ ഒരിക്കൽ തെക്കുകിഴക്കേ ഏഷ്യയുടെയും ഓഷ്യാനിയായുടെയും മിക്കഭാഗത്തും വസിച്ചിരുന്ന കറുത്ത തൊലിയുള്ള പിഗ്മി വംശജരുടെ ശേഷിപ്പാണെന്ന് വിചാരിക്കപ്പെടുന്നു. അവരുടെ ഏകാന്തവാസം മൂലം അവർ “ശിലായുഗ മനുഷ്യ”ന്റെ ഏററവും ശുദ്ധമായ ശേഷിപ്പ്, അല്ലെങ്കിൽ ഈ ദ്വീപുകളെ ഒരിക്കൽ ഭരിച്ചിരുന്ന ബ്രിട്ടീഷ് സേനയുടെ ലഫ്ററനൻറ് കോൾബ്രൂക്ക് പറഞ്ഞപ്രകാരം, “ലോകത്തിലേക്കും ഏററം അപരിഷ്കൃതർ” എന്ന് വിളിക്കപ്പെട്ടിരുന്നു.
ബ്രിട്ടീഷുകാർ അവിടെ 1858-ൽ കുററവാളികളെ നാടുകടത്തുന്നതിനുള്ള ഒരു കോളനി സ്ഥാപിച്ചപ്പോൾ കീർത്തപ്പെട്ട ആൻഡമാൻകാർ എണ്ണത്തിൽ ആയിരങ്ങൾ ഉണ്ടായിരുന്നു. പെട്ടെന്ന് പുറത്തുനിന്നുള്ളവരുടെ രോഗങ്ങളും—അഞ്ചാമ്പനിയും സിഫിലിസും മററും—കറുപ്പിന്റെയും മദ്യത്തിന്റെയും ആസക്തിയും ആ വർഗ്ഗത്തിലെ ആളുകളെ നശിപ്പിച്ചു. ഇപ്പോൾ അവരിൽ വളരെക്കുറച്ചുപേർ മാത്രമെ സ്റ്രെറയിററ് അയലണ്ട് എന്ന ചെറിയ സ്ഥലത്ത് അവശേഷിക്കുന്നുള്ളു—എല്ലാവരും സങ്കരരക്തത്തോടുകൂടിയവർ. ഓൻജികളും സമാനമായ ഒരു വിധി അനുഭവിച്ചു.
വർഷങ്ങളോളം ജാരവൻമാരും സെൻറിനെലികളും പുറത്തുനിന്നുള്ളവരുടെ സമ്പർക്കത്തെയും അവരാലുള്ള ചൂഷണത്തെയും ചെറുത്തുനിന്നിരുന്നു. അവരുടെ ശത്രുതാമനോഭാവം അവരെ ഏകാന്തവാസത്തിൽ നിലനിർത്തുന്നതിൽ വിജയിച്ചു, എന്നാൽ അപരിഷ്കൃതർ എന്നും രക്തദാഹികളായ നരമാംസഭോജികൾ എന്നുമുള്ള പേരും നേടിക്കൊടുത്തു. താരതമ്യേന വളരെ കുറഞ്ഞ വർഷം മുമ്പുമാത്രമായിരുന്നു ആൻഡമാൻ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോർട്ടുബയ്ളറിലെ നരവംശശാസ്ത്ര ഡിപ്പാർട്ടുമെൻറ് ഉദ്യോഗസ്ഥൻമാർ വടക്കെ സെൻറിനൽ ദ്വീപിലെ ഒരു ഗോത്രവർഗ്ഗത്തോട് സമ്പർക്കം പുലർത്താൻ ശ്രമിച്ചപ്പോൾ അവരുടെ ബോട്ട് ഒരു ശരവർഷത്തെ അഭിമുഖീകരിച്ചത്, അവയിൽ ഒന്ന് ഒരു ഫോട്ടോഗ്രാഫറുടെ കാലിൽ തുളച്ചുകയറി.
അവരെ ഇത്രയധികം ശത്രുതയുള്ളവരാക്കിയതെന്തായിരുന്നു? കഴിഞ്ഞ നൂററാണ്ടിന്റെ അവസാനത്തിൽ ഈ ദ്വീപിനെ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഓഫീസറായിരുന്ന എം. വി. പോർട്ട്മാൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഞങ്ങൾ വന്നപ്പോൾ ജാരവൻമാർ ഞങ്ങളോട് ശാന്തരും ശത്രുതയില്ലാത്തവരുമായിരുന്നു. ഞങ്ങൾ തീരദേശവാസികളായ ആൻഡമാൻകാരെ അവർക്കെതിരെ പ്രവർത്തിക്കുന്നതിന് പ്രേരിപ്പിച്ചുകൊണ്ട് തുടർച്ചയായി ദ്രോഹിക്കാൻ തുടങ്ങുന്നതുവരെ അവർ ഞങ്ങളെ ഒരിക്കലും ശല്യപ്പെടുത്തിയിരുന്നുമില്ല. ഏതാനും വർഷത്തെ ഈ ശല്യപ്പെടുത്തലിനുശേഷം ജാരവൻമാരുടെ ജീവിതം വളരെ ക്ലേശകരമായിത്തീർന്നു, പ്രതികാരമായി അവർ ഞങ്ങളെ ആക്രമിക്കാൻ തുടങ്ങി. ജാരവൻമാർ ശത്രുക്കളായിത്തീർന്നെങ്കിൽ അത് ഞങ്ങളുടെ കുററംകൊണ്ടായിരുന്നു.”
ജാരവൻമാരുടെ ജീവിതരീതി
ജാരവാസ് മിക്കവാറും അർദ്ധനാടോടികളാണ്. അവർ ഏകദേശം 30 പേരുടെ കൂട്ടമായി താമസിക്കുന്നു, അടുത്തടുത്തു പാർക്കുന്ന അനേകം കൂട്ടങ്ങൾ ചേർന്ന് ഒരു വർഗ്ഗം രൂപപ്പെടുന്നു. ഓരോ കൂട്ടവും കൃത്യമായി നിർവചിക്കപ്പെട്ട അതിർത്തിക്കുള്ളിൽ ചരിക്കുന്നു, മററു കൂട്ടങ്ങളുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയുമില്ല. അവർ നിബിഡമായ ഉഷ്ണമേഖലാ ചുററുപാടിൽ കൃഷിയൊ വളർത്തുമൃഗങ്ങളൊ കൂടാതെ ജീവിക്കുന്നു. അവരുടെ ജീവിതം തങ്ങളുടെ വില്ലുകളെയും അമ്പുകളെയും കുന്തങ്ങളെയും ആശ്രയിച്ചിരിക്കുന്നു—നായാട്ടും മീൻപിടുത്തവും.
ആഹാരം പൊതുവായി പങ്കുവെക്കുകയെന്നത് അവരുടെ ജീവിതരീതിയുടെ ഭാഗമാണ്. അതുകൊണ്ട് കൂട്ടത്തിൽ ആരെങ്കിലും ഒരു ആമയെ പിടിച്ചെങ്കിൽ എല്ലാവർക്കും ആമയുണ്ട്. ഒരാൾ ഒരു പന്നിയെ പിടിച്ചെങ്കിൽ എല്ലാവർക്കും പന്നിയുണ്ട്. അവരുടെ സാമൂഹ്യവ്യവസ്ഥയിൽ ഉള്ളവരും ഇല്ലാത്തവരും എന്ന വർഗ്ഗവ്യത്യാസമില്ല. “ജാരവൻമാരെ ദരിദ്രർ എന്ന് പരിഗണിക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല” എന്ന് നരവംശശാസ്ത്ര ഉദ്യോഗസ്ഥൻമാരിൽ ഒരാൾ പറഞ്ഞു. “അവർക്ക് ആവശ്യമായതെല്ലാം സമൃദ്ധമായി ഉണ്ട്.”
ജാരവൻമാരെ സംബന്ധിച്ച ഒരു അസാധാരണ സംഗതി ലോകത്തിനുചുററും തീ ഉണ്ടാക്കാൻ അറിഞ്ഞുകൂടാത്ത ചുരുക്കം ചില ജനവർഗ്ഗങ്ങളിൽ പെട്ടവരാണ് അവർ എന്നതാണ്. തുടർച്ചയായ ഇടിയും കൊടുങ്കാററുമുള്ളപ്പോഴത്തെ ഇടിമിന്നലിനാൽ ഉണ്ടാകുന്ന തീയാൽ കത്തിയെരിയുന്ന വനങ്ങളിൽനിന്നാണ് അവർക്ക് തീ ലഭിക്കുന്നത്. അവർ തങ്ങളുടെ തീ അണയാതെ ശ്രദ്ധാപൂർവം സൂക്ഷിക്കുന്നു, അവർ സ്ഥലം മാറുമ്പോൾ അത് കൂടെ കൊണ്ടുപോകുകപോലും ചെയ്യുന്നു.
ആധുനിക സംസ്കാരത്തിന്റെ ഒരു അനർത്ഥം ധാർമ്മികമൂല്യങ്ങളുടെ അധഃപതനമാണ്. “ജാരവൻമാരുടെയിടയിൽ വിവാഹത്തിനുമുമ്പുള്ള ലൈംഗികബന്ധമില്ല” എന്ന് മുകളിൽ ഉദ്ധരിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. “വ്യഭിചാരം വളരെ ചുരുക്കമാണ്. കുററക്കാരനായ ഒരുവൻ ശക്തമായ സാമൂഹ്യ വിദ്വേഷത്തെ അഭിമുഖീകരിക്കും. അയാൾ കുറച്ചുകാലത്തേക്ക് സമൂഹത്തെ വിട്ടുപോകത്തക്കവണ്ണം അയാൾക്ക് വളരെ ജാള്യത തോന്നും, ഒടുവിൽ അയാൾക്ക് മടങ്ങിവരണമെന്നു തോന്നുന്നു.” നിങ്ങളുടെ “സംസ്കാരമുള്ള” സമൂഹത്തിൽ ജീവിക്കുന്ന ആളുകൾക്ക് അത്തരം സൂക്ഷ്മമായ ധാർമ്മികബോധമുണ്ടോ?
ആധുനിക സംസ്കാരം ഉയർന്ന രക്തസമ്മർദ്ദത്തിന്റെയും ഹൃദ്രോഗത്തിന്റെയും കാൻസറിന്റെയും അതുപോലെ മററുള്ളവയുടെയും പര്യായമാണ്. ജാരവൻമാർ അത്തരം രോഗങ്ങളാൽ ബാധിക്കപ്പെടുന്നില്ല. ഉയരം കുറഞ്ഞവരാണെങ്കിലും—പുരുഷൻമാർക്ക് അഞ്ചടിയിൽ അധികം ഉയരമില്ല, സ്ത്രീകൾക്ക് അതിലും കുറവാണ്—അവർ “ആസ്തിക്യത്തിലുള്ളതിലേക്കും ഏററവും പൂർണ്ണമായ രൂപമുള്ളവർ” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു. അവരുടെ സ്വന്തം പരിസ്ഥിതിയിൽ അവർ ചുരുക്കമായേ രോഗബാധിതരായിത്തീരാറുള്ളു.
ജാരവാസിന്റെ ജീവിതത്തിൽ മതം പ്രധാനമല്ലെങ്കിലും അവർക്ക് മരിച്ചവരോടുള്ള ബന്ധത്തിൽ ചില മതചടങ്ങുകൾ ഉണ്ട്. ആരെങ്കിലും മരിക്കുമ്പോൾ മൃതദേഹം കുഴിച്ചിടുന്നു, മരിച്ചയാൾ നേരത്തെ വസിച്ചിരുന്ന കുടിൽ നശിപ്പിക്കുകയും ചെയ്യുന്നു. കുറച്ചു മാസങ്ങൾക്കുശേഷം ശവം വീണ്ടും വെളിയിലെടുക്കുന്നു. പിന്നീട് തലയോട്ടി, ഒട്ടുമിക്കപ്പോഴും കീഴ്ത്താടിയെല്ല്, ഏററവും അടുത്ത ബന്ധു ധരിക്കുന്നു. കുറെ കാലം കഴിഞ്ഞ് മററു ബന്ധുക്കളും മാറിമാറി അത് ധരിക്കുന്നു. ഈ പ്രവൃത്തിയെ മരിച്ചവരോടുള്ള ബഹുമാനത്തിന്റെ ഒരു അടയാളമായി കണക്കാക്കുന്നു, മരിച്ചവരെ സംബന്ധിച്ചുള്ള അവരുടെ ചിന്തകളോട് വ്യക്തമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ജാരവൻമാർ മറെറാരു ലോകത്തിൽ തുടർന്നു ജീവിക്കുന്ന ഒരു ദേഹിയുണ്ടെന്ന് വിശ്വസിക്കുന്നു. ദേഹി തങ്ങളിൽ തുടർന്ന് താൽപ്പര്യം കാട്ടുന്നുവെന്നും വിശ്വസിക്കുന്നു, അതുകൊണ്ട് അതിനെ അസഹ്യപ്പെടുത്തിയേക്കാവുന്ന യാതൊന്നും അവർ ചെയ്യുകയില്ല.
സമൃദ്ധിയുടെ ഒരു ഭവനം
ജാരവൻമാർ സമൃദ്ധിനിറഞ്ഞ ഒരു ഭവനം ആസ്വദിക്കുന്നു. ഈ ദ്വീപിനെ അലങ്കരിക്കുന്ന അനേകം മനോഹരങ്ങളായ സസ്യങ്ങളിൽ മഹത്വമാർന്ന ഓർച്ചിഡ്സ് ഉൾപ്പെടുന്നു, അവയിൽ ചിലവ ഈ ദ്വീപുകളിൽ മാത്രം കാണപ്പെടുന്നവയാണ്. റീജിയണൽ ബൊട്ടാണിസ്ററായ ഡോ. എൻ. പി. ബാലകൃഷ്ണൻ പറയുന്നതനുസരിച്ച്, 1880-ൽ “അപൂർവങ്ങളായ വജ്രങ്ങൾ പോലെ” ഓർച്ചിഡുകളുടെ ഏതാനും ഇനങ്ങൾക്ക് “ഇംഗ്ലണ്ടിൽ നിന്ന് വലിയ വില” ലഭിച്ചിരുന്നു.
സെൻറിനൽ ദ്വീപിൽ ഒരു ജർമ്മൻ ശാസ്ത്രജ്ഞൻ ഈ അടുത്തകാലത്ത് തന്റെ ഒരു വിരൽ നഷ്ടമാക്കിക്കൊണ്ട് തസ്കരഞണ്ടിനെ കണ്ടുപിടിച്ചു. ആൻഡമാൻ ദ്വീപിലെ പോർട്ടുബയ്ളറിൽ ഗവൺമെൻറ് ഫിഷറീസ് ഡിപ്പാർട്ടുമെൻറ് പ്രദർശനത്തിൽ തസ്കര ഞണ്ടിനെക്കുറിച്ച് ഇപ്രകാരം അവകാശപ്പെടുന്ന ഒരു പരസ്യബോർഡ് ഉണ്ടായിരുന്നു: ‘തെങ്ങുകൾക്ക് അപകടകരം. തെങ്ങുകളിൽ കയറുന്നു. വിളഞ്ഞ തേങ്ങ പറിക്കുന്നു. അതിന്റെ ഉഗ്രമായ നഖങ്ങൾകൊണ്ട് അത് പൊട്ടിക്കുന്നു. മധുരമുള്ള തേങ്ങാവെള്ളം കുടിക്കുകയും തേങ്ങ തിന്നുകയും ചെയ്യുന്നു.’ എന്നിരുന്നാലും ഈ ഞണ്ടുകൾ യഥാർത്ഥത്തിൽ ഇവയെല്ലാം ചെയ്യുന്നുവെന്നതിനെ മററു ചിലർ ചോദ്യംചെയ്തിട്ടുണ്ട്. ഈ ഞണ്ട് മരങ്ങളിൽ കയറുമെന്ന് സമ്മതിക്കെ, അത് നേരത്തെ നിലത്തു വീണുകിടക്കുന്ന കേടുവന്ന തേങ്ങകൾ പൊട്ടിച്ചുതിന്നുക മാത്രമെ ചെയ്യുന്നുള്ളു എന്ന് വിമർശകർ പറയുന്നു.
ഭാവി എന്തു വെച്ചുനീട്ടുന്നു
ആധുനിക സംസ്കാരത്തിന്റെ സ്വാധീനത്തിൽ ജാരവൻമാർ മഹത്തായ ആൻഡമാൻകാരുടെയും ഓൻജികളുടെയും വഴിയെ പോകുമോ—സാവകാശത്തിലുള്ള ക്ഷയിക്കലിലും ഒരുപക്ഷേ ഒടുവിൽ നാശത്തിലും? കാലത്തിനു മാത്രമെ പറയാൻ കഴിയൂ. എന്നാൽ പുറത്തുനിന്നുള്ളവർ വരുന്നതിനു നൂററാണ്ടുകൾക്കു മുമ്പ് അവർ ദൈവദത്തമായ അവരുടെ ഭവനത്തെ പരിപാലിക്കുകയും വിഭവങ്ങൾ നിസ്വാർത്ഥമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. അവരുടേത് തീർച്ചയായും ലളിതവും സമാധാനപൂർണ്ണവുമായ ഒരു ജീവിതരീതിയായിരുന്നു. നമുക്ക് ജാരവൻമാരിൽനിന്ന് ചിലതു പഠിക്കാൻ കഴിയുമോ? (g90 2/22)
[22-ാം പേജിലെ ചിത്രം]
മരംകേറുന്ന ഈ ഞണ്ട് തേങ്ങ തിന്നുന്നു