നിർമാണത്തിലിരിക്കുന്ന ദ്വീപുകൾ
“ഹവായ്.” ഉഷ്ണമേഖലാ പറുദീസ, വെയിലിൽ കുളിച്ചുകിടക്കുന്ന കടലോരങ്ങൾ, സുഖശീതളമായ വാണിജ്യക്കാറ്റുകൾ. ഹവായ് ദ്വീപുകൾ മനസ്സിലുണർത്തുന്ന ചിത്രങ്ങളാണ് ഇവയൊക്കെ. എന്നാൽ ഈ ദ്വീപുകൾ വിശേഷാൽ ഒറ്റപ്പെട്ട് കിടക്കുന്നവയാണെന്നു നിങ്ങൾക്ക് അറിയാമായിരുന്നോ? ഭൂപടത്തിൽ ഹവായിയുടെ സ്ഥാനം നോക്കുകയാണെങ്കിൽ, നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, പ്രധാന വൻകരകളുടെ തീരങ്ങളിൽനിന്ന് വളരെ അകലത്തിൽ ഉത്തര പസഫിക് സമുദ്രത്തിന്റെ നടുവിലായാണ് ഈ ദ്വീപസമൂഹം! ഒരുപക്ഷേ, നിങ്ങൾ ചിന്തിച്ചേക്കാം, ‘ഈ ദ്വീപുകൾ അവിടെ ഉണ്ടായത് എങ്ങനെയാണ്? ഭാവിയിൽ ഇവിടെ കൂടുതൽ ദ്വീപുകൾ ഉണ്ടാകുമെന്നു ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നുവോ? നാം ചരിക്കുന്ന ഭൂമിയെക്കുറിച്ച് ഈ ദ്വീപുകൾക്കു നമ്മോട് എന്തു പറയാൻ കഴിയും?’
ഹവായ് ദ്വീപസമൂഹം
ഹവായ് സന്ദർശിക്കുന്ന മിക്കവരും, വടക്കുപടിഞ്ഞാറുമുതൽ തെക്കുകിഴക്കുവരെ വ്യാപിച്ചുകിടക്കുന്ന ഒരു അഷ്ടദ്വീപ ശൃംഖലയുമായി പരിചയത്തിലാകുന്നു. അവയിൽ ഏറ്റവും വലുത് കാവുവയ്, ഒവാഹൂ, മോളൊക്കൈ, ലനൈ, മാവുയി, ഹവായ് എന്നിവയാണ്. താരതമ്യേന ചെറുതായ നിഹാവു ദ്വീപ് കാവുവയുടെ പടിഞ്ഞാറാണ്. കാഹോലാവി, മാവുയിയുടെ തെക്കുപടിഞ്ഞാറും. ബിഗ് ഐലൻഡ് എന്നും വിളിക്കപ്പെടാറുള്ള ഹവായ് ദ്വീപിന്റെ വിസ്തൃതി 10,000 ചതുരശ്ര കിലോമീറ്ററിലധികം വരും. എന്നാൽ കാഹോലാവി വെറും 117 ചതുരശ്ര കിലോമീറ്ററേയുള്ളൂ. മാത്രമല്ല, ഈ ദ്വീപശൃംഖലയിൽ വേറെ 124 ചെറുദ്വീപുകൾ അഥവാ തുരുത്തുകൾ കൂടി ഉൾപ്പെടുന്നു. അവ വടക്കുപടിഞ്ഞാറോട്ടു കൂടുതൽ വ്യാപിച്ചുകിടക്കുന്നു. ആ ശൃംഖലയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തോട് അടുത്തു കിടക്കുന്ന മിഡ്വേ ദ്വീപുകൾ ബിഗ് ഐലൻഡിൽനിന്ന് ഏതാണ്ട് 2,500 കിലോമീറ്റർ അകലെയാണ്! പ്രധാനമായും പവിഴപ്പുറ്റും മണലും ചേർന്നുണ്ടായിരിക്കുന്ന ഈ തുരുത്തുകളുടെ മൊത്തം ഉപരിതല വിസ്തീർണം എട്ടു ചതുരശ്ര കിലോമീറ്റർ വരും. സമുചിതമായി, ദ്വീപുകളുടെ ഈ മുഴു കൂട്ടത്തെയും കുറിക്കാൻ ചിലർ ഹവായ് ദ്വീപസമൂഹം എന്ന പേര് ഉപയോഗിക്കുന്നു.
ചുറ്റുമുള്ള കടൽത്തറയെക്കാൾ ശരാശരി 4,000 മീറ്റർ ഉയർന്നുനിൽക്കുന്ന വിശാലമായ തട്ടുകൾ അടിത്തറയായുള്ള ഈ ദ്വീപുകളെയും തുരുത്തുകളെയും കുറിച്ച് ചിന്തിക്കുമ്പോൾ, അവ കൂറ്റൻ പർവതങ്ങളുടെ വെളിയിലേക്ക് ഉന്തിനിൽക്കുന്ന തുഞ്ചങ്ങളും ശൃംഗങ്ങളും ആണെന്നു നമുക്കു മനസ്സിലാകും. വാസ്തവത്തിൽ, സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അവയുടെ ചുവടു മുതൽ അളക്കുകയാണെങ്കിൽ ഹവായ് ദ്വീപിലെ മാവുനക്കേയയ്ക്കും മാവുനലോയയ്ക്കും ഏകദേശം 10,000 മീറ്റർ ഉയരം കാണും. അതുകൊണ്ട് ഒരർഥത്തിൽ അവയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതങ്ങൾ!
ഒരു ദ്വീപ് നിർമിക്കൽ
ഹവായ് ദ്വീപിനെ നമുക്കു കുറച്ചുകൂടി വിശദമായി പരിശോധിക്കാം. അഞ്ചു വലിയ അഗ്നിപർവതങ്ങൾ ഉരുകിച്ചേർന്ന് ഉണ്ടായതാണ് ബിഗ് ഐലൻഡ് എന്ന് ഭൂഗർഭശാസ്ത്രജ്ഞന്മാർ നിർണയിച്ചിരിക്കുന്നു. ഇവയിൽ ഏറ്റവും വലിയ മൂന്നെണ്ണം മിക്ക സന്ദർശകർക്കും പരിചിതമാണ്—മാവുനക്കേയ, നിർജീവമെന്നു കരുതപ്പെടുന്നതും ഹവായിയിലെ ഏറ്റവും ഉയരം കൂടിയ ഗിരിശൃംഗവുമായ ഈ അഗ്നിപർവതത്തിന് സമുദ്രനിരപ്പിൽനിന്ന് 4,205 മീറ്റർ ഉയരമുണ്ട്; മാവുനലോയ, 4,169 മീറ്റർ ഉയരമുള്ള ഇത് വ്യാപ്തിയിൽ ഹവായിയിലെ ഏറ്റവും വലിയ അഗ്നിപർവതമാണ്; കിലാവുയേയ, ഏറ്റവും പ്രായം കുറഞ്ഞ അഗ്നിപർവതമായ ഇത് ദ്വീപിന്റെ തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ തെക്കുപടിഞ്ഞാറൻ അഗ്രമായി വർത്തിക്കുന്നത് കോഹാല അഗ്നിപർവതമാണ്. ഹൂവലലൈ ആണെങ്കിൽ കോണാ തീരത്ത് ഉയർന്നുനിൽക്കുന്നു.
ആയിരക്കണക്കിനു തവണ ലാവ ഒഴുകിയൊലിച്ച് അട്ടിയട്ടിയായി അടിഞ്ഞുകൂടിയതാണ് ഓരോ അഗ്നിപർവതവും. വെള്ളത്തിനടിയിൽ പ്രവാഹം തുടങ്ങുന്ന ലാവ അധികദൂരം സഞ്ചരിക്കുന്നതിനു മുമ്പ്, പാളികളുടെ രൂപത്തിലും വലിയ നാവുകളുടെ രൂപത്തിലും പെട്ടെന്ന് ഉറയുന്നു. ഒന്നിനു പുറകെ ഒന്നായി ഉണ്ടാകുന്ന ലാവാപ്രവാഹങ്ങൾ തലയണക്കൂട്ടങ്ങൾ പോലെ തോന്നിക്കുന്നു. വളരുന്ന അഗ്നിപർവതം വെള്ളത്തിനു മീതെ പൊങ്ങിവരുമ്പോൾ ലാവാപ്രവാഹങ്ങൾ വ്യത്യസ്ത രൂപം കൈക്കൊള്ളുന്നു. അഗ്നിപർവതങ്ങളെക്കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞർ ഉപരിതലഘടന മിനുസമുള്ളതും സുചലിതവും സാന്ദ്രവുമായ ലാവാപ്രവാഹത്തെ കുറിക്കാൻ “പാഹോയിഹോയി” എന്ന ഹവായീ പദവും പരുപരുത്ത, ചരൽനിറഞ്ഞതു പോലുള്ള ലാവയെ കുറിക്കാൻ “ഏയാ” എന്ന ഹവായീ പദവും ഉപയോഗിക്കുന്നു. ഈ അഗ്നിപർവതം വിശാലമായ, മിനുസപാർശ്വങ്ങളുള്ള പർവതം ആയിത്തീരുന്നു. അതിന്റെ രൂപം പുരാതന റോമൻ പടയാളികൾ ഉപയോഗിച്ചിരുന്ന പരിചകൾക്കു സമാനമാണ്. മാഗ്മ അഥവാ ദ്രവശില പൊട്ടിയൊലിക്കുകയോ ഉപരിതലത്തിനു സമീപമുള്ള വിള്ളലുകളിലേക്കു വലിയുകയോ ചെയ്യുമ്പോൾ അഗ്നിപർവത നികുഞ്ചത്തിൽ വലിയ കുഴികളുണ്ടാകുന്നു. മാത്രമല്ല, അഗ്നിപർവതത്തിനുള്ളിലെ മാഗ്മാ സംഭരണി സമ്മർദം ചെലുത്തുകയും ചെയ്യുന്നു. ഈ സമ്മർദം അഗ്നിപർവതത്തിന്റെ ഒരു ഭാഗത്തെ സമുദ്രത്തിലേക്കു തള്ളുന്നു. തത്ഫലമായി, വലിയ പിളർപ്പുകൾ ഉണ്ടാകുന്നു. ഒടുവിൽ, മാവുനക്കേയയുടെ കാര്യത്തിലെന്നപോലെ, പരിചാഗ്നിപർവത ലാവാപ്രവാഹങ്ങൾ കൂടുതൽ സ്ഫോടനാത്മകമായിത്തീരുന്നു. അങ്ങനെ ഉണ്ടാകുന്ന കോണാകാര അഗ്നിപർവത ചാരക്കൂനകൾ അഗ്നിപർവതത്തിൽ അങ്ങിങ്ങായി കാണാം.
ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിൽ പെടുന്നവയാണ് മാവുനലോയയും കിലാവുയേയയും. 1832 മുതൽ മാവുനലോയ 48 പ്രാവശ്യവും 1790 മുതൽ കിലാവുയേയ 70 പ്രാവശ്യവും പൊട്ടിത്തെറിച്ചെന്ന് തദ്ദേശീയ ഹവായിക്കാരുടെയും മിഷനറിമാരുടെയും ശാസ്ത്രജ്ഞരുടെയും മറ്റുള്ളവരുടെയും ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഈ ലാവാപ്രവാഹങ്ങൾ ഏതാനും മണിക്കൂറുകൾ മുതൽ വർഷങ്ങളോളം വരെ നീണ്ടുനിന്നിട്ടുണ്ട്. രേഖയനുസരിച്ച്, ഏറ്റവും ദീർഘകാലം സജീവമായിരുന്നത് കിലാവുയേയ അഗ്നിപർവതമുഖത്തെ ഹാലമാവുമാവുവിലുള്ള ലാവാതടാകമായിരുന്നു. 1800-കളുടെ ആദ്യഘട്ടം മുതൽ 1924 വരെ അത് ഏതാണ്ട് തുടർച്ചയായിത്തന്നെ തിളച്ചുമറിഞ്ഞുകൊണ്ടിരുന്നു. ഇപ്പോഴാകട്ടെ, ഇടയ്ക്കിടയ്ക്ക് ഗംഭീരമായ അഗ്നിധാരകൾക്കും കടലിലേക്ക് ഒഴുകിയിറങ്ങുന്ന ലാവാനദികൾക്കും ജന്മമേകിക്കൊണ്ട് 1983 ജനുവരി മുതൽ കിലാവുയേയ പൊട്ടിയൊഴുകിക്കൊണ്ടിരിക്കുന്നു.
ഇവിടത്തെ ലാവയുടെ പ്രത്യേക സ്വഭാവം നിമിത്തം ഹവായിയിൽ ഉണ്ടാകുന്ന മിക്ക അഗ്നിപർവത ലാവാപ്രവാഹങ്ങളും സ്ഫോടനാത്മകത ഒട്ടുംതന്നെ ഇല്ലാത്തതോ വളരെ കുറഞ്ഞതോ ആണ്. എങ്കിലും, അപൂർവം സന്ദർഭങ്ങളിൽ അടിയിലുള്ള ജലം മാഗ്മയുമായി കലർന്ന് നീരാവി സ്ഫോടനങ്ങൾ ഉണ്ടാകുന്നു. 1790-ൽ, കിലാവുയേയ പുറത്തേക്കു തുപ്പിയ ചൂടുവാതകങ്ങളാലും കത്തിയമർന്ന ചാരത്താലും വലയം ചെയ്യപ്പെട്ട് തദ്ദേശീയ പടയാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട 80 പേരടങ്ങുന്ന ഒരു സംഘം മരണമടഞ്ഞു.
ചലിക്കും ദ്വീപുകൾ
ഏറ്റവും തെക്കുകിഴക്കായുള്ള ഹവായ്, മാവുയി ദ്വീപുകളിലെ അഗ്നിപർവതങ്ങൾ മാത്രമാണു സജീവമായിരുന്നിട്ടുള്ളതെന്ന് കഴിഞ്ഞ 200 വർഷക്കാലത്തെ രേഖപ്പെടുത്തപ്പെട്ട ചരിത്രം സൂചിപ്പിക്കുന്നു. കുഴപ്പിക്കുന്ന ഈ സ്ഥിതിവിശേഷം ഈ ദ്വീപശൃംഖലയുടെ ശിലാചരിത്രത്തെക്കുറിച്ചു കൂടുതൽ പഠിക്കാൻ ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചു. ഈ ലാവയിൽ വളരെ നേർത്ത അളവിൽ റേഡിയോ ആക്ടീവതയുള്ള ഒരുതരം പൊട്ടാസിയം അടങ്ങിയിരിക്കുന്നു. അതിന്റെ അപക്ഷയ ഉത്പന്നമാണ് ആർഗോൺ. പാറകളുടെ പ്രായം കണക്കാക്കാൻ പരീക്ഷണശാലകളിൽ ശാസ്ത്രജ്ഞന്മാർ അത് ഉപയോഗിക്കുന്നു. ദശലക്ഷക്കണക്കിനു വർഷത്തെ കാലയളവിൽ, മുഴു ഹവായ് ദ്വീപ സമൂഹത്തിനും വടക്കുപടിഞ്ഞാറേക്കു പോകുന്തോറും ക്രമാനുഗതമായി പ്രായം കൂടിവരുന്നുവെന്ന് അത്തരം ഗവേഷണം വെളിപ്പെടുത്തി.
ഈ ദ്വീപശൃംഖലയുടെ തെക്കുകിഴക്കൻ ഭാഗത്ത് അഗ്നിപർവത ലാവാപ്രവാഹങ്ങൾ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാൽ, അവയ്ക്കു കീഴെയുള്ള മാഗ്മയുടെ പ്രഭവസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നതായി അത് അർഥമാക്കുന്നുവോ? വാസ്തവത്തിൽ, ഭൂഗർഭശാസ്ത്രജ്ഞർ ഉഷ്ണസ്ഥാനം എന്നു വിളിക്കുന്ന മാഗ്മാ ഉറവിടം സ്ഥായിയാണെന്ന് അവർ കണ്ടെത്തിയിരിക്കുന്നു. പകരം, പസഫിക് സമുദ്രത്തിന്റെ അടിത്തട്ട് ഈ ഉഷ്ണസ്ഥാനത്തിനു മീതെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ, ഒരു കൺവെയർ ബെൽറ്റിലുള്ള പാറക്കഷണങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നതുപോലെ ഈ ദ്വീപ അഗ്നിപർവതങ്ങൾ ആ ഉഷ്ണസ്ഥാനത്തുനിന്നു നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ ചലനം പസഫിക് സമുദ്രാടിത്തട്ടിനെ അയൽ ഭൂഖണ്ഡങ്ങളോടും സമുദ്രാടിത്തട്ടിന്റെ മറ്റു ഭാഗങ്ങളോടും ചേർത്ത് അമർത്തുന്നു. തന്മൂലമാണ് പസഫിക് റിമ്മിലെ പല വൻ ഭൂകമ്പങ്ങളും ഉണ്ടാകുന്നത്. നിങ്ങൾ ഹവായിയിലാണു താമസിക്കുന്നതെങ്കിൽ, കഴിഞ്ഞ ഒരു വർഷംകൊണ്ട് നിങ്ങളുടെ ഭവനം വടക്കുപടിഞ്ഞാറു ഭാഗത്തേക്ക് ഏഴര സെൻറിമീറ്റർ നീങ്ങിയിരിക്കുന്നു!
ഹവായിയുടെ അടിയിലേതു പോലുള്ള മറ്റ് ഉഷ്ണസ്ഥാനങ്ങൾ ലോകത്തെങ്ങും, കരയിലും കടലിലുമുള്ള നിരവധി അഗ്നിപർവതങ്ങൾക്കു കാരണമാണെന്ന് ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നു. ഈ മിക്ക ഉഷ്ണ സ്ഥാനങ്ങളും അഗ്നിപർവത ലാവാപ്രവാഹങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നു എന്നതിനു തെളിവു നൽകുന്നു. അതിനർഥം നിങ്ങൾ ജീവിക്കുന്ന സ്ഥലത്തും ഭൂമിയുടെ ഉപരിതലത്തിനു സ്ഥാനമാറ്റം സംഭവിക്കുന്നുണ്ടാകാം എന്നാണ്.
പുതിയ ദ്വീപുകളുടെ ജനനവും . . .
ബിഗ് ഐലൻഡിലെ കൂറ്റൻ അഗ്നിപർവതങ്ങൾ ഉണ്ടാകുന്നതിനു ലക്ഷക്കണക്കിനു വർഷങ്ങൾതന്നെ വേണ്ടിവരും എന്നതിനാൽ, ഇപ്പോൾ ഈ ദ്വീപ് ഉഷ്ണസ്ഥാനത്തുനിന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നു നമുക്കു പ്രതീക്ഷിക്കാം. ഉഷ്ണസ്ഥാനം, ബാധിക്കപ്പെടാതെ കിടക്കുന്ന കടൽത്തട്ടിനോട് അടുക്കുമ്പോൾ പുതിയ അഗ്നിപർവതങ്ങളും ദ്വീപുകളും ഉണ്ടാകേണ്ടതാണ്. ബിഗ് ഐലൻഡിലെ അഗ്നിപർവതങ്ങൾക്ക് പിൻഗാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണോ ഇതു തെളിയിക്കുന്നത്?
തീർച്ചയായും. ലോയിഹി എന്ന സമുദ്രാന്തര സജീവാഗ്നിപർവതം ഹവായ് ദ്വീപിനു തെക്കായി വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, അതു സമുദ്രത്തിൽനിന്ന് പെട്ടെന്നു പൊങ്ങിവരും എന്നൊന്നും പ്രതീക്ഷിക്കരുത്. അത് 900 മീറ്റർ കൂടി ഇനിയും ഉയരേണ്ടിയിരിക്കുന്നു. അതിന് പതിനായിരക്കണക്കിനു വർഷങ്ങൾ വേണ്ടിവന്നേക്കാം.
. . . പഴയ ദ്വീപുകളുടെ മരണവും
ഭീമാകാരമായ പരിചാഗ്നിപർവതങ്ങളും നിമ്നോന്നത ലാവാപ്രവാഹങ്ങളും ചേർന്നാണ് ഹവായ് ദ്വീപുകൾ ഉണ്ടായിരിക്കുന്നത്. കണ്ടാൽ തോന്നും അവ സമുദ്രത്തിൽ വീണ്ടും മുങ്ങിപ്പോകുകയില്ലെന്ന്. എന്നാൽ വാസ്തവം അതല്ല. ഹവായിക്കു വടക്കുപടിഞ്ഞാറുള്ള ചെറുദ്വീപുകൾക്കും സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന പർവതങ്ങൾക്കും വ്യത്യസ്തമായ ഒരു കഥയാണു പറയാനുള്ളത്. മിഡ്വേ, ക്യുറി എന്നീ ദ്വീപുകളിലെ മണലും പവിഴപ്പുറ്റുകളും നിലകൊള്ളുന്നത് ഭീമാകാരമായ അഗ്നിപർവതങ്ങൾക്കു മുകളിലാണ്. അവയുടെ നികുഞ്ചങ്ങൾ ഇപ്പോൾ സമുദ്രനിരപ്പിൽനിന്നു നൂറുകണക്കിനു മീറ്റർ അടിയിലാണ്. അഗ്നിപർവത ദ്വീപുകൾ അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണ്?
നീരൊഴുക്കിലൂടെ ക്രമേണ സംഭവിക്കുന്ന മണ്ണൊലിപ്പും തിരമാലകളുടെ പ്രവർത്തനവും മറ്റും നിമിത്തം ഈ ദ്വീപുകൾ ക്രമേണ ഒലിച്ച് ഇല്ലാതാകുന്നു. സ്വന്തം ഭാരത്താൽത്തന്നെ ഈ ദ്വീപുകൾ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് അമർന്നുപോകാനും മതി. ചില ദ്വീപുകളുടെ പാർശ്വങ്ങളിലുള്ള ചെങ്കുത്തായ ഓരങ്ങൾ, അഗ്നിപർവത ദ്വീപ അപക്ഷയം—ഉരുൾപൊട്ടൽ—എന്ന പ്രക്രിയയെ സൂചിപ്പിക്കുന്നവയാണ്. ദ്വീപുകളുടെ സമുദ്രാന്തര പാർശ്വങ്ങളുടെ സോണാർ ചിത്രങ്ങൾ, സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ബഹുദശം കിലോമീറ്റർ നീളത്തിൽ വൻ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളതായി വെളിപ്പെടുത്തുന്നു.
സജീവമായ ഉഷ്ണസ്ഥാനം
ഹവായ് ദ്വീപിൽ, ഹവായ് അഗ്നിപർവത ദേശീയ പാർക്ക് സന്ദർശിക്കുന്നവർക്ക് ഉഷ്ണസ്ഥാനീയ അഗ്നിപർവത പ്രവർത്തനം ഹേതുവായി നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൂദൃശ്യങ്ങൾ നേരിട്ടു കാണാൻ സാധിക്കും. കിലാവുയേയ ലാവാതടാകത്തിന്റെ വക്കത്ത് സ്ഥിതി ചെയ്യുന്ന ഹവായ് അഗ്നിപർവത നിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാർ ഭയങ്കരവും തുടർച്ചയായുള്ളതുമായ ലാവാപ്രവാഹങ്ങൾ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. അഗ്നിപർവതങ്ങളുടെ പ്രവർത്തനവും ഭൗമോപരിതലത്തിനു സംഭവിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് അവരുടെ പഠനങ്ങൾ കൂടുതലായ ഉൾക്കാഴ്ച നൽകിയിരിക്കുന്നു. അത്യുഗ്രമായ ഭൗമശക്തികൾ ഹവായ് ദ്വീപസമൂഹത്തെ—പസഫിക് സമുദ്രമധ്യത്തിലുള്ള ഈ ദ്വീപശൃംഖലയെ—വാർത്തെടുക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നത് ഭയാതിരേകത്തോടെ നാം മനസ്സിലാക്കുന്നു.
[25-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ഹവായ് ദ്വീപുകൾ
നിഹാവു
കാവുവയ്
ഒവാഹൂ
മോളൊക്കൈ
ലനൈ
മാവുയി
കാഹോലാവി
ഹവായ്
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[24-ാം പേജിലെ ചിത്രം]
കിലാവുയേയയിലെ പൂർവവിള്ളലിലുള്ള അഗ്നിനിര
[24, 25 പേജുകളിലെ ചിത്രം]
കിലാവുയേയ അഗ്നിപർവത സ്ഫോടനം
[കടപ്പാട്]
അഗ്നിപർവതങ്ങൾ: Dept. of Interior, National Park Service
[25-ാം പേജിലെ ചിത്രം]
മാവുനലോയയിലെ ഒരു ലാവാനദി
[26-ാം പേജിലെ ചിത്രം]
മാവുനലോയയിലെ ഒരു അഗ്നി യവനിക
[കടപ്പാട്]
മുകളിൽ ഇടത്തും താഴെ വലത്തും: Dept. of Interior, National Park Service
[26-ാം പേജിലെ ചിത്രം]
കിലാവുയേയയിലെ ഒരു അഗ്നിധാര
[കടപ്പാട്]
U.S. Geological Survey
[26-ാം പേജിലെ ചിത്രം]
കിലാവുയേയയിലെ ലാവാത്തടാകം
[കടപ്പാട്]
മുകളിൽ ഇടത്തും താഴെ വലത്തും: Dept. of Interior, National Park Service