കാനറി ദ്വീപുകൾ—അനുയോജ്യ കാലാവസ്ഥ, വശീകരിക്കുന്ന പ്രകൃതിദൃശ്യം
സ്പെയിനിലെ ഉണരുക! ലേഖകൻ
അങ്ങ് ദൂരെ സമുദ്രത്തിൽ ഹെർക്കുലീസ് സ്തംഭങ്ങൾക്കുമപ്പുറം ആകർഷകമായ ചില ദ്വീപുകൾ ഉണ്ടെന്നു പറയപ്പെട്ടിരുന്നു. അവിടത്തെ മണ്ണ് വളരെ സമ്പന്നമായിരുന്നു, കാലാവസ്ഥ വളരെ അനുയോജ്യവും. അതുകൊണ്ട് അവിടെ എന്തും ഏതും വളരുമായിരുന്നു. ഇവ ആയിരുന്നു ഫോർച്ച്യുണേററ് ദ്വീപുകൾ. കാനറി ദ്വീപുകൾ എന്നാണു നാം ഇന്ന് അവയെ അറിയുന്നത്, അവിടങ്ങളിൽ ഒരു കാലത്തു ധാരാളമായുണ്ടായിരുന്ന ക്രൗര്യമുള്ള വലിയ നായ്ക്കളെ പരാമർശിക്കുന്ന കാനിസ് എന്ന ലാററിൻ പദത്തിൽനിന്നാണ് “കാനറി” വന്നിരിക്കുന്നത്.
റോമൻ-ഗ്രീക്ക് എഴുത്തുകാർ സത്യവും സങ്കൽപ്പവും തമ്മിൽ വീരസാഹസികമായി കൂട്ടിക്കലർത്തി എഴുതിയ കാര്യങ്ങൾ, ക്രിസ്തുവിനു മുമ്പുള്ള കാലത്ത് അററ്ലാൻറിക് സമുദ്രത്തിൽ യാത്ര ചെയ്ത നിർഭയരായ ചില നാവികർ പറഞ്ഞ കഥകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്ന്, ആ പ്രാചീന നാവികരുടെ കാലടികളെ പിന്തുടരുന്നതു വിനോദയാത്രികനാണ്. അവിടത്തെ കുറെയൊക്കെ മാസ്മരശക്തിയും ഒട്ടധികം നിഗൂഢതയും പോയ്മറഞ്ഞിരിക്കുന്നെങ്കിലും ആ ദ്വീപുകൾ യഥാർഥങ്ങളാണ്. അവയിലെ കാലാവസ്ഥ വടക്കൻ യൂറോപ്പിലെ കഠിന ശൈത്യത്തിൽനിന്നു താത്കാലിക വിടുതൽ തേടുന്ന ലക്ഷോപലക്ഷം സന്ദർശകരെ ആകർഷിക്കാൻ തക്കവണ്ണം തീർച്ചയായും അനുയോജ്യമാണ്, വശ്യതയാർന്നതാണ്.
ആകർഷകമായിരിക്കുന്നത് അവിടത്തെ മിതമായ കാലാവസ്ഥ മാത്രമല്ല. ഏഴു പ്രമുഖ ദ്വീപുകൾ ഉള്ളതിൽ നാലെണ്ണത്തിൽ ദേശീയ പാർക്കുകൾ പടുത്തുയർത്തിയതിനെ ന്യായീകരിക്കുന്നതിലധികം വൈവിധ്യമാർന്ന അനുപമമായ പ്രകൃതിദൃശ്യങ്ങൾക്കും ഹരിതസസ്യലതാദികൾക്കും ഈ ദ്വീപുകൾ അഭയം നൽകുന്നു.
ടെനറിഫേ—മേഘങ്ങൾക്കു മീതെ പാറപ്പുറത്ത് ഒരു പൂന്തോട്ടം
അവിടത്തെ ഏററവും വലിയ ദ്വീപ് ടെനറിഫേ ആണ്. ഈ ദ്വീപിൽ പ്രമുഖമായുള്ളത് പിക്കോ ഡെ റെറയ്ഡെ എന്ന ഉറങ്ങിക്കിടക്കുന്ന അഗ്നിപർവതമാണ്. അററ്ലാൻറിക് സമുദ്രത്തിൽനിന്ന് ഉരുണ്ടുകൂടിവരുന്ന മേഘങ്ങൾക്കു മീതെ അതു തലയുയർത്തി നിൽക്കുന്നു. അഗ്നിപർവത മകുടത്തിനു ചുററും കുത്തനെയുള്ള വമ്പൻ മലഞ്ചെരിവുകളാണ്. അതും ഗംഭീരമായ ആ അഗ്നിപർവതവും ചേർന്നതാണ് റെറയ്ഡെ ദേശീയ പാർക്ക്. വസന്തകാലത്തിന്റെ അവസാനത്തിലും വേനൽക്കാലത്തിന്റെ ആരംഭത്തിലും മുളച്ചുവരുന്ന അപൂർവമായതരം ചെടികൾക്ക് ഈ പാർക്ക് ആതിഥ്യമരുളുന്നു, അപ്പോൾ ശീതകാലമഞ്ഞിന്റെ അടിഞ്ഞുകൂടിയ ചെറുകണങ്ങളെ ഈ ചെടികൾ പ്രയോജനപ്പെടുത്തുന്നു. പെട്ടെന്ന്, തരിശായിക്കിടന്ന ഈ അഗ്നിപർവതപ്രദേശം പാറപ്പുറത്ത് വർണശോഭയാൽ വെട്ടിത്തിളങ്ങുന്ന ഒരു പൂന്തോട്ടമായി മാറുന്നു.
ഈ പാർക്കിലെ ഏററവും അസാധാരണമായ രണ്ടു പുഷ്പങ്ങൾ ലോകത്തിൽ മറെറാരിടത്തും കാണാനാവില്ല. അവയാണ് ചുവന്ന ടാജിനാസ്റെറയും റെറയ്ഡെ വയലററും. ഈ ദ്വീപസമൂഹത്തിലെ ഏററവും മതിപ്പുളവാക്കുന്ന ചെടി ചുവന്ന ടാജിനാസ്റെറ ആണ്—ഏതാണ്ട് രണ്ടോ അതിലധികമോ മീററർ ഉയരത്തിൽ ഒററയൊററയായി നിൽക്കുന്ന കാണ്ഡത്തിൽ ചുററിവളഞ്ഞ്, ഇടതൂർന്ന് ധാരാളമായി വളരുന്ന ചുവന്ന പുഷ്പങ്ങളുടെ കുലകൾ. ഈ ഉയരമുള്ള പുഷ്പങ്ങൾ കണ്ടാൽ കടുംനീലനിറത്തിലുള്ള ആകാശത്തെ വന്ദിക്കുന്ന പുഷ്പചിമ്മിനികൾ ആണെന്നു തോന്നും.
ഇളംനീലനിറത്തിലുള്ള പൂമാലകൊണ്ട് അഗ്നിപർവതകണ്ഠത്തെ അലങ്കരിക്കുന്ന റെറയ്ഡെ വയലററ് അതിന്റെ ധൈര്യം നിമിത്തം ശ്രദ്ധേയമാണ്. മററു ചെടികളൊന്നും വളരാത്ത 3,700 മീററർ ഉയരമുള്ള പർവതനികുഞ്ചത്തിൽനിന്ന് ഏതാനും മീറററുകൾ അതു വളരുന്നു.
ലപാൽമ—ഒരു ഹരിതവർണ അഗ്നിപർവത കുട്ടകം
ലോകത്തിലെ ഏററവും വലിയ അഗ്നിപർവതമുഖങ്ങളിൽ ഒന്ന് ലപാൽമയ്ക്കുണ്ട്. അതിന്റെ വക്കിന്റെ വ്യാസം ഏതാണ്ട് 27 കിലോമീറററാണ്, 2,400 മീറററിനോടടുത്ത ഉയരവും വരും. ഈ ദ്വീപിന്റെ മധ്യഭാഗത്തെ കയ്യടക്കുന്ന താഴെയുള്ള ബൃഹത്തായ ഗഹ്വരം തകർന്നടിഞ്ഞ ഒരു അഗ്നിപർവതമാണ്, അത് വർഷങ്ങളായി കാററും മഴയുമേററ് രൂപഭേദം വന്ന് ഒരു വമ്പൻ കുട്ടകം പോലെ തോന്നിക്കുന്നു. അതുകൊണ്ട് സ്പാനിഷ് നാമമായ കാൽഡെറാ (കുട്ടകത്തിനുള്ള സ്പാനിഷ് നാമം) എന്ന പദം ലോകത്തെങ്ങുമുള്ള സമാനമായ അഗ്നിപർവതമുഖങ്ങൾക്ക് ഉപയോഗിക്കുന്നു.a
ഈ കാൽഡെറാ മിക്കവാറുംതന്നെ പൂർണമായി ഗംഭീരമായ പൈൻ കാടിനാൽ മൂടപ്പെട്ടതാണ്, അതു മുഴുവൻ ഇപ്പോൾ ഒരു ദേശീയ പാർക്കാണ്. അവിടത്തെ പ്രമുഖ വൃക്ഷമായ കാനറി പൈൻ മരങ്ങൾ തൂക്കൻ ചെരിവുകളിലൊഴികെ എല്ലായിടത്തുമുണ്ട്. വീണ്ടും മണ്ണൊലിപ്പുണ്ടാകുന്നതിൽനിന്നു കാൽഡെറായുടെ ഭിത്തികളെ അവ സംരക്ഷിക്കുന്നു. ഉള്ളിലേക്കു കടക്കാൻ കഴിയാത്തതു നിമിത്തം പുറംലോകത്തിൽനിന്ന് ഏറെക്കുറെ വിച്ഛേദിക്കപ്പെട്ട, ഊനംതട്ടാത്ത കാൽഡെറാ അതിന്റെ ഉള്ളിലേക്കു സാഹസപൂർവം കടന്നുചെല്ലുന്ന പ്രകൃതിസ്നേഹികൾക്കു മനോഹാരിതയുടെയും ശാന്തതയുടെയും ഒരു സങ്കേതമാണ്.
ഗോമെറ—അമേരിക്കയിലേക്കുള്ള ഒരു ചവിട്ടുപടി
ഈ നിഗൂഢമായ ദ്വീപിൽനിന്നാണ് അറിയപ്പെടാത്ത ദേശത്തേക്കു കൊളമ്പസ് സമുദ്രയാത്ര നടത്തിയത്. സ്പാനിഷുകാർ ഈ ദ്വീപ് കീഴടക്കിയതേയുണ്ടായിരുന്നുള്ളൂ, വെള്ളവും മററു സാധനങ്ങളും കരുതുന്നതിനു വേണ്ടി സാൻ സെബാസ്ററ്യാൻ എന്ന കൊച്ചു തുറമുഖത്ത് കൊളമ്പസ് തങ്ങി.
കൊളമ്പസിന്റെ കാലത്ത് ആ ദ്വീപിലെ നിവാസികളായ ഗ്വാങ്കെസ് വർഗക്കാർ പ്രാകൃതമായ ജീവിതരീതിയാണു നയിച്ചിരുന്നത്, എന്നാൽ അവർ സാഹചര്യങ്ങളുമായി ഇണങ്ങുന്നവരായിരുന്നു. അവിടം മലമ്പ്രദേശമായിരുന്നതുകൊണ്ട് ചൂളമടിച്ചു സംസാരിക്കുന്ന അപൂർവമായ ഒരുതരം ഭാഷ അവർ വികസിപ്പിച്ചെടുത്തിരുന്നു, ഒരു മലമുകളിൽനിന്ന് ഏതാനും കിലോമീറററുകളോ അതിൽ കൂടുതലോ അകലം വരുന്ന മററു മലമുകളിലുള്ളവരോടു സംസാരിക്കാൻ അവർക്കു കഴിയുമായിരുന്നു. ഈ “വിദൂരചൂളമടി” വിദ്യ മിക്കവരും മറന്നുപോയെങ്കിലും ഒരു വാർത്ത പെട്ടെന്നു കൈമാറാൻ ആഗ്രഹിക്കുമ്പോൾ പ്രായമുള്ളവർ അത് ഇപ്പോഴും ഉപയോഗിക്കുന്നു. ഒററപ്പെട്ട ഗ്രാമങ്ങളിൽ പ്രസംഗിക്കുന്ന യഹോവയുടെ സാക്ഷികൾ, “സാക്ഷികൾ ഇവിടെ എത്തിയിരിക്കുന്നു!” എന്നു മലമുകളിൽനിന്നു ചൂളമടിച്ചു പറയുന്നത് ഒന്നിലധികം തവണ കേട്ടിട്ടുണ്ട്.
ഈ ദ്വീപിന്റെ ഉയർന്ന ചെരിവുകളിൽ പഴക്കമുള്ള കാടു സംരക്ഷിക്കാൻ നിർമിക്കപ്പെട്ട ദേശീയ പാർക്കാണുള്ളത്. മഞ്ഞും തൂവൽസ്പർശമുള്ള പായലുകൾ നിറഞ്ഞിരിക്കുന്ന വളഞ്ഞുപുളഞ്ഞ വൃക്ഷശാഖകളുമുള്ള അതിന്റെ ഇരുണ്ട ഉൾഭാഗം ദീർഘനാളായി വിസ്മരിക്കപ്പെട്ടുകിടക്കുന്ന യക്ഷിക്കഥകളെ മനസ്സിലേക്കു കൊണ്ടുവരുന്നു. വിചിത്രമെന്നു തോന്നിയേക്കാമെങ്കിലും ഇവിടെ വൃക്ഷങ്ങൾക്കു കീഴെ മഴ പെയ്യാറുണ്ട്. ഈ കാടിനു മുകളിലൂടെ വടക്കുനിന്ന് എപ്പോഴും അടിച്ചുകൊണ്ടിരിക്കുന്ന കാററ് വഹിച്ചുകൊണ്ടുപോകുന്ന മേഘങ്ങളിൽനിന്നു വൃക്ഷങ്ങൾ അതിന്റെ വെള്ളം “കറന്നെടുക്കുന്നു.” അതുകൊണ്ട് വൃക്ഷങ്ങൾക്കു കീഴെ എപ്പോഴുംതന്നെ ചാററൽമഴയുണ്ട്, അതേസമയം തുറസ്സായ സ്ഥലത്ത് മഴ പെയ്യുന്നേയുണ്ടായിരിക്കില്ല.
മെഡിറററേനിയൻ പ്രദേശത്തെല്ലാം ഒരു കാലത്ത് (ലോറിസിൽവ എന്നു വിളിക്കപ്പെട്ടിരുന്ന) ഈ വാകവനം ഉണ്ടായിരുന്നതായി ഫോസിൽ അവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് കാലാവസ്ഥയിലുണ്ടായ മാററം അതിന്റെ വ്യാപ്തി വളരെയധികം കുറച്ച്, കാനറി ദ്വീപുകളിലെ ഏതാനും കുന്നിൻമുകളിൽ മാത്രമായി.
ലാൻസാറോട്ടെ—വ്യത്യസ്തമായ ഒരു മരുദ്വീപ്
ആളുകൾ പാർക്കുന്നില്ലെങ്കിൽ മരുഭൂമിയാണെന്നു തീർച്ചയായും തോന്നിക്കുന്ന ഒരു ദ്വീപാണ് ലാൻസാറോട്ടെ. അവിടെ മഴ ഇല്ലതന്നെ. ഇവിടത്തെ കൊച്ചു ജനവിഭാഗത്തെ സംബന്ധിച്ചിടത്തോളം ജീവിതം എല്ലായ്പോഴും ദുഷ്കരമായിരുന്നു, എന്നാൽ രണ്ടു നൂററാണ്ടുകൾക്കു മുമ്പു തുടർച്ചയായി ഉണ്ടായ ഉഗ്രമായ അഗ്നിപർവതസ്ഫോടനങ്ങൾ ഈ ദ്വീപിന്റെ മുഖച്ഛായതന്നെ മാററിക്കളഞ്ഞു. ഈ അഗ്നിപർവതങ്ങൾ മരണവും ജീവനും കൈവരുത്തി. മരണം കൈവരുത്തിയതെങ്ങനെയെന്നാൽ, ഈ ദ്വീപിന്റെ നാലിലൊരു ഭാഗം ലാവാപ്രവാഹത്താൽ മൂടിപ്പോയി, അത് അനേകം ഗ്രാമങ്ങളെയും വീടുകളെയും തുടച്ചുനീക്കുകയും ചെയ്തു. ജീവൻ കൈവരുത്തിയതെങ്ങനെയെന്നാൽ, അഗ്നിപർവത ധൂളിയിൽനിന്നു ദ്വീപുനിവാസികൾക്ക് ഒരു ജീവനമാർഗം കണ്ടെത്താൻ കഴിഞ്ഞു.
അഗ്നിപർവതസ്ഫോടനങ്ങൾ അവശേഷിപ്പിച്ച മണൽ വലിയ അളവിൽ ഉള്ളതുകൊണ്ട് ദ്വീപു നിവാസികൾക്കു പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യാൻ കഴിയും, മാസങ്ങളോളം മഴ പെയ്തില്ലെങ്കിൽപ്പോലും. വയലുകളിൽ പത്തു സെൻറിമീററർ കനത്തിൽ മണൽ നിറഞ്ഞിരിക്കുന്നു, അത് അടിയിലുള്ള മണ്ണിന്റെ ഈർപ്പം നിലനിർത്തുക മാത്രമല്ല രാത്രിയിൽ തണുത്ത വായുവിൽനിന്നു യഥാർഥത്തിൽ ജലാംശം വലിച്ചെടുത്ത് താഴെയുള്ള മണ്ണിലേക്കു കടത്തിവിടുകയും ചെയ്യുന്നു. മുന്തിരി, അത്തി, തക്കാളി, ധാന്യം, മററു വിളകൾ തുടങ്ങിയവ കറുത്ത മണലിൽനിന്ന് അപ്രതീക്ഷിതമായി മുളച്ചുവരുന്നു.
ററിമാൻഫേയ ദേശീയ പാർക്കിൽ കൗതുകകരമായ അഗ്നിപർവതമുഖങ്ങളും അവ പുറത്തേക്കു തുപ്പിയ ലാവ മൂടിക്കളഞ്ഞ ചുററുമുള്ള വിശാലമായ ഒരു പ്രദേശവും ഉൾപ്പെടുന്നു. മരുതുല്യമായ കാലാവസ്ഥ രൂപഭേദംവന്ന ലാവയെ മിക്കവാറും അങ്ങനെതന്നെ സംരക്ഷിച്ചിരിക്കുന്നു, അഗ്നിപർവതസ്ഫോടനം നിലച്ചത് ഇന്നലെ മാത്രമാണ് എന്ന് ഈ പാർക്കിൽ വരുന്ന സന്ദർശകൻ വിചാരിച്ചേക്കാം. ഭയങ്കരമായ അഗ്നിപർവത ഭൂപ്രദേശവും അവിടത്തെ വെള്ളച്ചാരുതയാർന്ന ഗ്രാമങ്ങളും ഈ ദ്വീപിന്റെ മാത്രമായ സ്വപ്നസൗന്ദര്യം പകരുന്നു.
അഗ്നിപർവതമേഖലയിലെ മനോജ്ഞമായ ഈ ദ്വീപുകൾ അവിടത്തെ നിവാസികളുടെയും അവിടെ വളരുന്ന സസ്യലതാദികളുടെയും അനുകൂലനക്ഷമതയുടെ ഒരു തെളിവാണ് എന്നതിനു സംശയമില്ല. സർവോപരി, അത്തരം വൈവിധ്യം നിമിത്തം ദൈവത്തെ സ്തുതിക്കാൻ ഭക്ത്യാദരവുള്ള സന്ദർശകനെ ആ ദ്വീപുകളുടെ പ്രകൃതിസൗന്ദര്യം പ്രേരിപ്പിക്കുന്നു.
[അടിക്കുറിപ്പുകൾ]
a യു.എസ്.എ.യിലെ ഓറിഗണിലുള്ള ക്രേററർ തടാകം പ്രസിദ്ധമായ ഒരു കാൽഡെറാ ആണ്. കാലാന്തരത്തിൽ അതു വെള്ളംകൊണ്ടു നിറഞ്ഞു.
[18-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
കാനറി ദ്വീപിലെ മൃഗ-സസ്യ ജാലങ്ങൾ
കാനറി. (1) ഈ ദ്വീപസമൂഹത്തിന്റെ പേരുള്ള ഈ പക്ഷികൾ ഇപ്പോഴും ഇവിടെ ധാരാളമുണ്ട്. എന്നാൽ കൂട്ടിലടച്ച കാനറി പക്ഷികൾക്കാണു വനത്തിലുള്ളവയെക്കാൾ വർണഭംഗി, നാലു നൂററാണ്ടിലേറെക്കാലത്തെ നിർധാരണ പ്രജനനത്തിന്റെ ഫലമാണ് ഇത്.
ഇയോണിയം വർഗങ്ങൾ. (2) ഈ ദ്വീപുകളിലുടനീളം രണ്ടു ഡസനിലധികം തരങ്ങളുണ്ട്. അവയിൽ പലതും വളരുന്നതു പാറയിടുക്കുകളിലാണ്. ഇയോണിയം ലാൻസെറോട്ടൺസിസ് (3) പോലെയുള്ള ചിലത് പാറയായിത്തീർന്ന ലാവയിൽപ്പോലും വളരാറുണ്ട്.
റെറയ്ഡെ വയലററ്. (4) സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 3,700 മീററർ ഉയരത്തിൽ അനുകൂലമല്ലാത്ത അഗ്നിപർവത മേഖലയിൽപ്പോലും മൃദുലമായ ഈ പുഷ്പങ്ങൾ സമൃദ്ധമായി വളരുന്നു.
വാഴ. (5) കാനറി ദ്വീപുകളിൽ നൂററാണ്ടുകളായി വാഴ കൃഷി ചെയ്തുവരുന്നു. അമേരിക്ക കണ്ടെത്തിയതിനു ശേഷം അധികം വൈകാതെ, കോളനിവാഴ്ച നടത്തിയ സ്പാനിഷുകാർ അവ കരീബിയനിലെത്തിച്ചു.
ചുവന്ന ടാജിനാസ്റെറ. (6) ചെറിയ ചുവന്ന പുഷ്പങ്ങളുടെ കുലകൾ, മിക്കപ്പോഴും ആറടിയിലധികം ഉയരത്തിൽ ഒററയൊററയായി വളരുന്ന കാണ്ഡത്തിൽ ചുററിവളഞ്ഞ്, ഇടതൂർന്നു വളരുന്നു.
ഡ്രാഗൺ വൃക്ഷം. (7) ഈ ദ്വീപുകളിലെ ഏററവും അസാധാരണവും പ്രിയപ്പെട്ടതുമായ വൃക്ഷമാണിത്. ഇതിനു മൂവായിരം വർഷം പഴക്കമുണ്ടെന്നു പറയപ്പെടുന്നു. ഇതുപോലുള്ള പുരാതന വൃക്ഷങ്ങൾ മുനിസിപ്പൽ പാർക്കുകളിൽ ശ്രദ്ധാപൂർവം വളർത്തിക്കൊണ്ടുവരുന്നു.
[ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ലപാൽമ
ടെനറിഫേ
ഗോമെറ
ഹൈറോ
ലാൻസാറോട്ടെ
ഫ്യൂയെർട്ടെവെഞ്ചുറ
മഹത്തായ കാനറി
[ചിത്രങ്ങൾ]
സജീവമല്ലാത്ത അഗ്നിപർവതമായ പിക്കോ ഡെ ടെയ്ഡെ ആണ് ടെനറിഫേയുടെ പ്രതാപം
1.കാനറി.
2. ഇയോണിയം വർഗങ്ങൾ.
3. ഇയോണിയം ലാൻസെറോട്ടൺസിസ്
4. റെറയ്ഡെ വയലററ്.
5. വാഴ.
6. ചുവന്ന ടാജിനാസ്റെറ.
7. ഡ്രാഗൺ വൃക്ഷം.
[16, 17 പേജുകളിലെ ചിത്രങ്ങൾ]
1. ഗ്രാനഡില്ലോ
2. ടാബെയ്ബാ മജോറെറാ
3. വെറോൾ ഡ്യൂൾസെ
4. എർസില
5. ഹൈയെർബാ ബ്ലാങ്കാ
6. റെറയ്ഡെ വയലററ്