കാനറിപ്പക്ഷികൾ ചാകുമ്പോൾ
കാനറിപ്പക്ഷികൾ മനുഷ്യരെ അപേക്ഷിച്ച് വിഷവാതകങ്ങളോട് കൂടുതൽ സംവേദകത്വമുള്ളവയാണ്. ഈ കാരണത്താൽ കഴിഞ്ഞ കാലങ്ങളിൽ കൽക്കരിഖനനക്കാർ അപകടകരമായ വിഷവാതകങ്ങളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നതിനുള്ള മാർഗ്ഗമെന്നനിലയിൽ കൂട്ടിലടച്ച ഒരു കാനറിയെ ഖനിയിലേക്കു കൊണ്ടുപോകുമായിരുന്നു. കാനറിപ്പക്ഷിയുടെ മരണത്താൽ ജാഗരൂകരാക്കപ്പെട്ട്, ഖനി യഥോചിതം വായൂസഞ്ചാരയോഗ്യമാക്കുന്നതുവരെ ആപത്തൊഴിവാക്കാൻ ഖനനക്കാർക്ക് കഴിഞ്ഞു. ഈ പശ്ചാത്തലം മനസ്സിൽവെച്ച് ഒരുവന് കാനഡായിലെ ഒരു വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. ഡേവിഡ് സുസുക്കിയുടെ നിരീക്ഷണങ്ങൾ മെച്ചമായി ഗ്രഹിക്കാൻ കഴിയും.
നമ്മുടെ ഭൂഗ്രഹത്തിന്റെ, പ്രത്യക്ഷത്തിൽ ആസന്നമായ മരണത്തോടുള്ള ബന്ധത്തിൽ അദ്ദേഹം പിൻവരുന്ന ദൃഷ്ടാന്തം ഉപയോഗിച്ചു: “ഒരു കൽക്കരിഖനനക്കാരൻ കാനറിപ്പക്ഷിയെ ഖനിയിലേക്ക് കൊണ്ടുപോകുകയും കാനറി ചത്തുവീഴുകയും ചെയ്തപ്പോൾ അയാൾ ഇങ്ങനെ പറഞ്ഞില്ല: ‘ഓ, ആ പക്ഷി ചത്തെന്നേയുള്ളു, എന്നാൽ ഞാനൊരു പക്ഷിയല്ലല്ലൊ.’ കാനറിപ്പക്ഷി ചത്തുവീണതിന്റെ കാരണം അത് അതേ വായു പങ്കിടുകയായിരുന്നു എന്നതാണ്.”
അദ്ദേഹം തുടർന്ന് ഇങ്ങനെ കൂട്ടിച്ചേർത്തു: “22 വെള്ള തിമിംഗലങ്ങൾ സെൻറ് ലോറൻസ് കടലിടുക്കിൽ ചാകുന്നതും അവയെ സ്പർശിക്കുന്നതിന് നിങ്ങൾ കൈയുറകളും മുഖംമൂടിയും ധരിക്കേണ്ടതാവശ്യമാക്കിത്തീർക്കത്തക്കവിധം വിഷജന്യ രാസപദാർത്ഥങ്ങൾകൊണ്ട് അവ അത്ര നിറഞ്ഞിരിക്കുന്നതും നിങ്ങൾ കാണുമ്പോൾ, 10 വർഷങ്ങൾക്കുള്ളിൽ ക്യൂബക്കിലെ പഞ്ചസാര മരക്കാടുകൾ മൃതമായിത്തീരും എന്ന് ആളുകൾ നമ്മോടു പറയുമ്പോൾ, മണിക്കൂറിൽ രണ്ടു ജീവഗണങ്ങൾവീതം വംശവിച്ഛേദനത്തിലേക്ക് പോകുന്നു എന്നും 10,000 കടൽനായ്ക്കൾ ഉത്തര കടലിൽ ചത്തടിഞ്ഞതെന്തുകൊണ്ടെന്ന് അവർക്കറിഞ്ഞുകൂടെന്നും ആളുകൾ നമ്മോടു പറയുമ്പോൾ തീർച്ചയായും . . . അവ കാനറിപ്പക്ഷികളാണ്. നാം ആ ജീവികളെപ്പോലെ അതേ പരിസ്ഥിതിയിലല്ല എന്ന് നമ്മൾ ചിന്തിച്ചാൽ നാം മണ്ടൻമാരാണ്.”
ഈ “കാനറികൾക്ക്” രാഷ്ട്രീയക്കാർ ഒട്ടും ശ്രദ്ധ കൊടുക്കുകയില്ലെന്നും വൻതോതിൽ കുട്ടികൾ മരിക്കാൻ തുടങ്ങുന്നതുവരെ സാഹചര്യത്തിന്റെ ഗൗരവം കാണുകയില്ലെന്നുമുള്ള വസ്തുതയെക്കുറിച്ച് ഡോ. സുസുക്കി വിലപിക്കുന്നു. അദ്ദേഹം പറയുന്നു: “അപ്പോൾ നാം നമ്മുടെ കുട്ടികൾ കാനറിപ്പക്ഷികളായിരിക്കുന്നതിന് അനുവദിക്കാൻ പോകുകയാണോ?”
സത്യക്രിസ്ത്യാനികൾ തല്പരരാണെങ്കിലും നിരാശപ്പെടുന്നില്ല. യഹോവ, ഭൂമിയുടെ സ്രഷ്ടാവ്, “അതിനെ വെറുതെ വ്യർത്ഥമായിട്ട് സൃഷ്ടിക്കാത്തവൻ നിവസിക്കപ്പെടുന്നതിന് അതിനെ രൂപപ്പെടുത്തിയവൻ,” നമ്മുടെ പരിസ്ഥിതിയെ ചവുട്ടി മെതിക്കുന്നതിൽ തുടരാൻ ഹ്രസ്വദൃക്കുകളും അത്യാഗ്രഹികളുമായ മനുഷ്യരെ അനിശ്ചിതകാലത്തോളം അനുവദിക്കുകയില്ല. അവന്റെ വചനമായ ബൈബിളിൽ, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു.—യെശയ്യാവ് 45:18; വെളിപ്പാട് 11:18. NW. (g91 1/22)