അഗ്നിപർവതങ്ങൾ—നിങ്ങൾ അപകടത്തിലാണോ?
ചൂടു ചാരവും ധവളോജ്ജ്വലമായ ലാവാ പ്രവാഹങ്ങളും തുപ്പുന്ന അഗ്നിപർവത സ്ഫോടനങ്ങൾ ഭൂമിയിലെ പ്രകൃതിജന്യ ഊർജത്തിന്റെ ഏറ്റവും പകിട്ടാർന്ന പ്രദർശനങ്ങളിൽ ചിലതു കാഴ്ചവയ്ക്കുന്നു. ഒരുപക്ഷേ നിങ്ങൾ ആ സംഭവം നേരിട്ടു നിരീക്ഷിച്ചിട്ടുണ്ടാവില്ല. എങ്കിലും അഗ്നിപർവത ചൂടുറവകളിൽ നീരാടുന്നതിന്റെ സുഖം നിങ്ങൾ അനുഭവിച്ചിട്ടുണ്ടാവാം. അല്ലെങ്കിൽ അഗ്നിപർവതചാരം കലർന്ന ഫലഭൂയിഷ്ഠമായ മണ്ണിലുണ്ടായ ആഹാരം നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാവാം. ചിലർക്കു ഭൗമതാപോർജത്തിന്റെ പ്രയോജനങ്ങൾ വീടുകളിൽ ലഭിക്കുകപോലും ചെയ്യുന്നു.
എന്നാൽ അടുത്തകാലത്ത്, സജീവ അഗ്നിപർവതങ്ങൾക്കു സമീപം പാർക്കുന്ന അനേകർ അഗ്നിപർവത വിപത്തുകൾ വരുത്തിവച്ച മരണത്തിനും വിനാശത്തിനും ദൃക്സാക്ഷികളായിരുന്നിട്ടുണ്ട്. 1980 മേയ് 18-ന് യു.എസ്.എ.-യിലെ തെക്കുപടിഞ്ഞാറൻ വാഷിങ്ടൻ സംസ്ഥാനത്തിലെ സെൻറ് ഹെലൻസ് പർവതത്തിന്റെ ഉഗ്രമായ സ്ഫോടനത്തിനുശേഷം ലോകത്തിന്റെ വിവിധഭാഗങ്ങളിലും നിരന്തരമെന്നു തോന്നിയ, മാരകമായ അഗ്നിപർവത സ്ഫോടനങ്ങളുടെ പ്രളയംതന്നെ ഉണ്ടായിട്ടുണ്ട്. ഈ കാലഘട്ടത്തിലുണ്ടായ ജീവാപായം അതിനു മുമ്പത്തെ ഏഴു ദശകങ്ങളിൽ രേഖപ്പെടുത്തിയ മൊത്തം ജീവാപായത്തെയും കടത്തിവെട്ടി. കോടിക്കണക്കിനു ഡോളറിന്റെ വസ്തു നാശവും സംഭവിച്ചു. വായുവിലൂടെ വ്യാപിച്ച അഗ്നിപർവതചാരം വിമാനങ്ങളുടെ നിയന്ത്രണം കെടുത്തി അടിയന്തിരമായി താഴെയിറങ്ങാൻ അവയെ നിർബന്ധിതമാക്കിയപ്പോൾ വിപത്തുകളുടെ വക്കിലെത്തിയിരുന്നു.
ദശസഹസ്രക്കണക്കിനു ഭവനങ്ങൾ തുടച്ചുനീക്കിയ, ഫിലിപ്പീൻസിലെ പിനറ്റ്യൂബോ പർവതത്തിന്റെ സ്ഫോടനങ്ങളും അവയെത്തുടർന്നുണ്ടായ ചെളിപ്രവാഹങ്ങളും അതുപോലെതന്നെ, 22,000-ത്തിലധികം ആളുകളെ കൊന്നൊടുക്കിയ കൊളംബിയയിലെ നെവേഡൊ ഡെൽ റുയിസും ഏറ്റവും വിനാശകരമായവയായിരുന്നു. കൂടുതൽ വിപത്തുകൾക്കുള്ള സാധ്യതയുണ്ട്. “2000-ാമാണ്ട് ആകുമ്പോഴേക്കും, അഗ്നിപർവത ആപത്തുകൾമൂലം അപകടം സംഭവിക്കാൻ സാധ്യതയുള്ളവരുടെ എണ്ണം കുറഞ്ഞത് 50 കോടിയായിട്ടെങ്കിലും വർധിക്കാൻ സാധ്യതയുണ്ട്” എന്ന് യു.എസ്. ഭൂഗർഭശാസ്ത്ര സർവെയിലെ അഗ്നിപർവത വിദഗ്ധരായ റോബെർട്ട് റ്റിലിങ്ങും പീറ്റർ ലിപ്മാനും പ്രസ്താവിക്കുന്നു.
അതുകൊണ്ട് ഇങ്ങനെ ചോദിക്കുന്നതു ബുദ്ധിയായി നിങ്ങൾ കണ്ടേക്കാം: ‘സജീവമായതോ സജീവമാകാൻ സാധ്യതയുള്ളതോ ആയ ഒരു അഗ്നിപർവതത്തിന്റെ സമീപത്താണോ ഞാൻ പാർക്കുന്നത്? ഏതെല്ലാം തരങ്ങളിലുള്ള സ്ഫോടനങ്ങളാണ് ഏറ്റവും അപകടകരം, അവയ്ക്ക് കൂടുതൽ മാരകമായ മറ്റിനങ്ങളിലുള്ള സ്ഫോടന ഭീഷണികളിലേക്കു നയിക്കാൻ കഴിയുമോ? അഗ്നിപർവത ആപത്സാധ്യതയുള്ള ഒരു പ്രദേശത്താണു ഞാൻ പാർക്കുന്നതെങ്കിൽ ആപത്തു കുറയ്ക്കാനായി എനിക്ക് എന്തു ചെയ്യാൻ കഴിയും?’
സജീവ അഗ്നിപർവതങ്ങൾ—അവയെവിടെയാണ്?
നിദ്രാവസ്ഥയിലുള്ള ഒരു അഗ്നിപർവതത്തിന്റെ അടുത്താണു നിങ്ങൾ പാർക്കുന്നതെന്നും അതു വീണ്ടും സജീവമാകുന്ന പക്ഷം നിങ്ങളെ തീർച്ചയായും ബാധിക്കുമെന്നും മനസ്സിലാക്കുന്നെങ്കിൽ നിങ്ങൾ അമ്പരന്നുപോയേക്കാം. സജീവവും നിദ്രാവസ്ഥയിലുള്ളതുമായ അഗ്നിപർവതങ്ങളെ തിരിച്ചറിയുന്നതിൽ മാത്രമല്ല, ചില സ്ഥലങ്ങളിൽ അഗ്നിപർവതങ്ങൾ ഉണ്ടാകാൻ പ്രവണതയുള്ളതെന്തുകൊണ്ടെന്നു മനസ്സിലാക്കുന്നതിലും അഗ്നിപർവതങ്ങളെക്കുറിച്ചു പഠിക്കുന്ന (അഗ്നിപർവതശാസ്ത്രജ്ഞൻമാർ എന്നറിയപ്പെടുന്ന) ശാസ്ത്രജ്ഞൻമാർ അടുത്ത ദശകങ്ങളിൽ വിജയം വരിച്ചിരിക്കുന്നു.
സജീവമെന്നു രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 500-ലധികം അഗ്നിപർവതങ്ങളിൽ ചിലവയുടെ സ്ഥാനങ്ങൾ കാണിക്കുന്ന (പേജ് 17-ലെ) ഭൂപടത്തിൽ ഒന്നു കണ്ണോടിക്കൂ. നിങ്ങൾ അതിലൊന്നിന്റെ സമീപത്താണോ പാർക്കുന്നത്? മറ്റുചിലടങ്ങളിൽ, ഉഷ്ണജല ധാരകളും പുകദ്വാരങ്ങളും ചൂടുറവുകളും നിദ്രാവസ്ഥയിലുള്ള മറ്റ് അഗ്നിപർവതങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നു; ഇവയ്ക്ക് ഭാവിയിൽ സജീവമാകാനുള്ള പ്രാപ്തിയുമുണ്ട്. സജീവ അഗ്നിപർവതങ്ങളുടെ പകുതിയിലധികവും അഗ്നിവലയം എന്നറിയപ്പെടുന്നതിനു രൂപംകൊടുത്തുകൊണ്ടു പസഫിക്കിന്റെ ഓരങ്ങളിൽ അണിനിരന്നിരിക്കുകയാണ്. ഈ അഗ്നിപർവതങ്ങളിൽ ചിലതു ഭൂഖണ്ഡങ്ങളിലാണ് ഉണ്ടാകുന്നത്. വടക്കേ അമേരിക്കയിലെ കാസ്കേഡ് പർവതങ്ങളും തെക്കേ അമേരിക്കയിലെ ആൻഡിസ് പർവതങ്ങളും ഉദാഹരണങ്ങളാണ്. അതേസമയം മറ്റുചിലതു സമുദ്രത്തിൽ ദ്വീപ ശൃംഖലകൾക്കു രൂപംകൊടുക്കുന്നു. അലൂഷൻ ദ്വീപുകൾ, ജപ്പാൻ, ഫിലിപ്പീൻസ്, ദക്ഷിണ ഇൻഡോനേഷ്യ തുടങ്ങിയവ ഉദാഹരണങ്ങളാണ്. കൂടാതെ, മെഡിറ്ററേനിയനിലും അതിന്റെ സമീപത്തും അഗ്നിപർവതങ്ങൾ സാധാരണമാണ്.
ഈ അഗ്നിപർവതങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്ന, ഭീമാകാരമായ ഭൂവൽക്ക പാളികളുടെ അഥവാ ഫലകങ്ങളുടെ അതിർത്തികളിൽ ഉണ്ടാകുന്നതായി ശാസ്ത്രജ്ഞൻമാർ നിർണയിച്ചിരിക്കുന്നു, പ്രത്യേകിച്ചും ഒരു സമുദ്ര ഫലകം ഒരു ഭൂഖണ്ഡ ഫലകത്തിനടിയിലേക്കു നിപതിക്കുന്നിടത്ത്. ഈ പ്രക്രിയയെ ഫലകനിപതനം (subduction) എന്നു വിളിക്കുന്നു. ഈ പ്രക്രിയയുടെ ഫലമായുണ്ടാകുന്ന താപം മൂലം മാഗ്മ (ദ്രാവക ശില) ഉണ്ടാകുകയും അത് ഉപരിതലത്തിലേക്ക് ഉയരുകയും ചെയ്യുന്നു. കൂടാതെ, ഫലകങ്ങൾക്കിടയ്ക്കു പൊടുന്നനെ ഉണ്ടാകുന്ന ചലനങ്ങൾ മൂലം, അഗ്നിപർവതസ്ഫോടനങ്ങളുണ്ടാകുന്ന പല പ്രദേശങ്ങളിലും ശക്തമായ ഭൂകമ്പങ്ങളും ഉണ്ടാകുന്നു.
സമുദ്ര ഫലകങ്ങൾ പരന്നകലുന്നിടങ്ങളിലും അഗ്നിപർവതങ്ങൾ ഉണ്ടാകാവുന്നതാണ്. ഈ സ്ഫോടനങ്ങളിൽ പലതും സമുദ്രത്തിന്റെ അടിത്തട്ടിൽ സംഭവിക്കുന്നതുകൊണ്ട് മനുഷ്യർ കാണാറില്ല. എന്നാൽ നിങ്ങൾ ദ്വീപ രാജ്യമായ ഐസ്ലൻഡിലാണു പാർക്കുന്നതെങ്കിൽ മധ്യ-അറ്റ്ലാൻറിക് പർവതനിരയുമായി ബന്ധപ്പെട്ടിരിക്കുന്ന റേക്യാനെസ് പർവതനിരയുടെ മുകളിലാണു നിങ്ങൾ ഇരിക്കുന്നത്. മധ്യ-അറ്റ്ലാൻറിക് പർവതനിരയിൽ, ഉത്തര, ദക്ഷിണ അമേരിക്കകൾ ഉൾപ്പെടുന്ന ഫലകങ്ങൾ യൂറോപ്പും ആഫ്രിക്കയും ഉൾപ്പെടുന്ന ഫലകങ്ങളിൽനിന്ന് അകന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. മറ്റു ചില ഉദാഹരണങ്ങളെടുത്താൽ, ഭൂവൽക്ക ഫലകങ്ങൾക്കു കീഴെയുള്ള ഒറ്റപ്പെട്ട ഉഷ്ണ സ്ഥാനങ്ങൾ ഹവായിയിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലും വലിയ അഗ്നിപർവതങ്ങൾക്കു കാരണമായിട്ടുണ്ട്.
അപകടങ്ങൾ എന്തെല്ലാം?
അഗ്നിപർവത സ്ഫോടനങ്ങളുടെ അളവും ബന്ധപ്പെട്ട ആപത്തുകളും ഉൾപ്പെടെ, ഒരു അഗ്നിപർവതത്തിന്റെ അടുത്തകാലത്തെ പ്രവർത്തന ചരിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ആ അഗ്നിപർവതത്തിന്റെ അപകട നില നിർണയിക്കുന്നത്. അപകടം, ഒരു അപകട മേഖലയിൽ താമസിക്കുന്ന ജനങ്ങളുടെ എണ്ണത്തെയും തയ്യാറെടുപ്പിനെയും ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി, നമുക്ക് ആപത്തുകൾ പരിശോധിക്കാം.
സിലിക്ക സമൃദ്ധമായി അടങ്ങിയിട്ടുള്ള മാഗ്മയാണു സാധാരണഗതിയിൽ അപകടമേറിയ സ്ഫോടനാത്മക ഉത്സർജനങ്ങൾ ഉളവാക്കുന്നത്. ഇത്തരത്തിലുള്ള മാഗ്മയ്ക്കു മുറുക്കമുള്ള ഘടനയാണുള്ളത്. അതിന്, അഗ്നിപർവത സ്ഫോടനം ഉണ്ടാകുന്നതിനാവശ്യമായ സമ്മർദം വാതകങ്ങൾ ഉളവാക്കുന്നതുവരെ അഗ്നിപർവതത്തെ താത്കാലികമായി അടച്ചുവയ്ക്കാൻ കഴിയും. സിലിക്ക സമൃദ്ധമായി അടങ്ങിയിട്ടുള്ള മാഗ്മ ഉറച്ചുകട്ടിയാകുന്നത് ഇളം നിറമുള്ള പാറകളായിട്ടാണ്. ഫലകങ്ങളുടെ അരികുകളിലുണ്ടാകുന്ന അഗ്നിപർവതങ്ങൾ സാധാരണമായി ഇത്തരം മാഗ്മയാണ് ഉത്പാദിപ്പിക്കുന്നത്. ഉയർന്നുവരുന്ന മാഗ്മ വെള്ളവുമായി സമ്പർക്കത്തിലായിട്ട് അതിനെ നീരാവിയായി നിർഗമിപ്പിക്കുമ്പോഴും സ്ഫോടനങ്ങൾ ഉണ്ടാകാം. സ്ഫോടനാത്മകമായ ഉത്സർജനങ്ങളുടെ ഫലമായുണ്ടാകുന്ന ചൂടു ചാരം മാരകമായിരിക്കാവുന്നതാണ്—കരീബിയൻ-മധ്യ അമേരിക്കയുടെ പ്രദേശത്തുണ്ടായ മൂന്ന് അഗ്നിപർവതങ്ങൾ 1902-ൽ ആറു മാസംകൊണ്ട് 36,000-ത്തിലധികം ആളുകളെ കൊന്നൊടുക്കി.
നേരേമറിച്ച്, സമുദ്രത്തിലെ ഉഷ്ണ സ്ഥാനത്തുനിന്നുള്ള അഗ്നിപർവതങ്ങളിലും ഫലകങ്ങൾ പരന്നകലുന്നതിന്റെ ഫലമായുണ്ടാകുന്ന അഗ്നിപർവതങ്ങളിലും മറ്റു പലവയിലും സിലിക്ക കുറവുള്ളതും ഇരുമ്പും മഗ്നീഷ്യവും സമൃദ്ധമായി അടങ്ങിയിട്ടുള്ളതുമായ ഇരുണ്ട ബസാൾട്ടാണ് കൂടുതലായും അടങ്ങിയിരിക്കുന്നത്. ബസാൾട്ട് മാഗ്മയ്ക്ക് ദ്രാവകരൂപമാണ്. സാധാരണഗതിയിൽ അത്, മിതമായ തോതിൽ സ്ഫോടനാത്മകമായ അല്ലെങ്കിൽ സ്ഫോടനാത്മകമല്ലാത്ത ഉത്സർജനങ്ങളും ആളുകൾക്ക് ഒഴിവാക്കാൻ താരതമ്യേന എളുപ്പമായ, സാവധാനം നീങ്ങുന്ന ലാവാ പ്രവാഹങ്ങളുമാണ് ഉളവാക്കുന്നത്. എങ്കിലും ഈ സ്ഫോടനങ്ങൾ ദീർഘനാൾ നിന്നേക്കാം—ഹവായി ദ്വീപിലെ കിലൗവേയ അഗ്നിപർവതത്തിൽ 1983 ജനുവരിമുതൽ തുടർച്ചയായി സ്ഫോടനം നടന്നുകൊണ്ടിരിക്കുകയാണ്. അത്തരം സ്ഫോടനങ്ങളുടെ ഫലമായി വ്യാപകമായ വസ്തു നാശം ഉണ്ടായിട്ടുണ്ടെങ്കിലും, അവ പരിക്കോ ജീവാപായമോ വിരളമായേ ഉണ്ടാക്കുന്നുള്ളൂ.
ചില സ്ഫോടനങ്ങൾ അഗ്നിപർവതത്തിന്റെ ഓരത്ത് വലിയ അളവിൽ ഇളക്കമുള്ള ചാരം നിക്ഷേപിക്കുന്നു. അത് ഉരുൾപൊട്ടലുകൾക്കു കാരണമായേക്കാം. അല്ലെങ്കിൽ അതു വളരെയധികം ഹിമവും മഞ്ഞുകട്ടയും ജലവുമായി ചേർന്നു കട്ടിയുള്ള ചെളി ഉണ്ടാകുകയും താഴ്വാരങ്ങളിലൂടെ വേഗത്തിൽ ഒഴുകിനീങ്ങുകയും ചെയ്യുന്നു. അത്തരം ചെളിപ്രവാഹങ്ങൾക്ക് (ലാഹാറുകൾ എന്നും അറിയപ്പെടുന്നു, ലാവായ്ക്കുള്ള ഇൻഡോനേഷ്യൻ പദത്തിൽനിന്നാണ് ഈ പേര് ഉണ്ടായത്) ഒരു അഗ്നിപർവതത്തിൽനിന്ന് അനേകം കിലോമീറ്റർ ദൂരം എത്താൻ കഴിയും, ഒരുപക്ഷേ സ്ഫോടനങ്ങൾ നിന്നതിനുശേഷം ദീർഘസമയത്തേക്കു പോലും.
പ്രത്യേകാൽ വിദൂര വ്യാപകവും എന്നാൽ ചരിത്രപരമായി വിരളവുമാണ് സുനാമികൾ. സമുദ്രത്തിലെ സ്ഫോടനത്തിന്റെ ഫലമായോ ജലാന്തർഭാഗത്തു തള്ളിനിൽക്കുന്ന ഒരു അഗ്നിപർവതത്തിന്റെ വശത്തുണ്ടായ ഉരുൾപൊട്ടൽ നിമിത്തമോ ഉണ്ടാകുന്ന സമുദ്രത്തിലെ വൻ തിരമാലകളാണ് അവ. ശക്തിമത്തായ ഈ തിരമാലകൾക്കു മണിക്കൂറിൽ നൂറുകണക്കിനു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ആഴക്കടലിൽ ഉയരം തീരെ കുറവായ സുനാമികൾ, കടന്നുപോകുന്ന കപ്പലുകൾക്കു വാസ്തവത്തിൽ ഭീഷണിയുണ്ടാക്കുന്നില്ലെങ്കിലും തീരത്തോടടുക്കുമ്പോൾ അവയുടെ ഉയരം പെട്ടെന്നു വർധിക്കുന്നു. ഈ തിരമാലകൾ വീടുകളുടെയും പല കെട്ടിടങ്ങളുടെയും മേൽഭാഗങ്ങളെക്കാൾ ഉയരത്തിൽ പൊങ്ങുന്നു. 1883-ൽ ക്രാക്കറ്റോവ പൊട്ടിത്തെറിച്ചപ്പോൾ സുനാമികൾ ജാവയുടെയും സുമാട്രയുടെയും കടൽത്തീരങ്ങളിൽ വന്നലച്ചതുമൂലം 36,000 പേർക്ക് ജീവഹാനി സംഭവിച്ചു.
നിപതിക്കുന്ന അഗ്നിപർവത ചാരവും കഷണങ്ങളും, സ്ഫോടനാത്മകമായ പൊട്ടിത്തെറികളുടെ ഫലമായുണ്ടാകുന്ന അന്തരീക്ഷത്തിലെ പ്രഘാത തരംഗങ്ങൾ (shock waves), വിഷ പുകകൾ, ആസിഡ് മഴ, ഭൂകമ്പങ്ങൾ എന്നിവ ജീവനു ഹാനിവരുത്തുകയോ അതിനെ നശിപ്പിക്കുകയോ ചെയ്യുന്ന മറ്റ് അഗ്നിപർവത ആപത്തുകളിൽ ഉൾപ്പെടുന്നു. ലോകമെമ്പാടും, ഉയർന്ന അപകടസാധ്യതയുള്ളതായി അസംഖ്യം അഗ്നിപർവതങ്ങൾ തിരിച്ചറിയപ്പെട്ടിരിക്കുന്നതിനാലും ആയിരക്കണക്കിന് അപകട സാധ്യതകൾ ഉള്ളതിനാലും അഗ്നിപർവത ആപത്തുകളുടെ അർഥവത്തായ വിലയിരുത്തൽ തീർച്ചയായും സങ്കീർണവും വെല്ലുവിളിപൂർവകവുമായ ഒരു കൃത്യമാണ്.
നിങ്ങൾക്ക് അപകടം കുറയ്ക്കാൻ കഴിയുമോ?
ലോകജനസംഖ്യ വർധിക്കുന്നതനുസരിച്ച്, അപകടസാധ്യതയുള്ള അഗ്നിപർവത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വരുകയാണ്. ഇക്കാരണത്താലും ലോകവ്യാപകമായി അടുത്തകാലത്ത് അഗ്നിപർവത പ്രവർത്തനത്തിലുണ്ടായ വർധനവു നിമിത്തവും അഗ്നിപർവതശാസ്ത്രജ്ഞൻമാർ, അഗ്നിപർവതാപകടം കുറയ്ക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങൾ ഊർജിതപ്പെടുത്തിയിരിക്കുകയാണ്. ചില കേസുകളിൽ, സ്ഫോടനം സംബന്ധിച്ച മുന്നറിയിപ്പുകളും പ്രവചനങ്ങളും വിജയകരമായിരുന്നിട്ടുണ്ട്, ജീവൻ രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് ഇത്തരം മുന്നറിയിപ്പുകൾ നടത്തുന്നത്?
മാഗ്മയുടെ മേൽപ്പോട്ടുള്ള നീക്കത്തെ സൂചിപ്പിച്ചുകൊണ്ട് സ്ഫോടനങ്ങൾക്കു മുമ്പു സാധാരണമായി അഗ്നിപർവതത്തിനുള്ളിലോ അതിന്റെ അടിയിലോ ഉള്ള പ്ലംബിങ് സംവിധാനത്തിൽ ഭൂകമ്പങ്ങളുണ്ടാകുന്നു. ഒരു അഗ്നിപർവതത്തിൽ ഉയർന്ന അളവിൽ മാഗ്മ സ്വരൂപിക്കപ്പെടുമ്പോൾ സമ്മർദം വർധിക്കുന്നു. വാതകങ്ങൾ നിർഗമിക്കുകയും ഭൂഗർഭജലത്തിന്റെ താപനിലയും അമ്ലതയും വർധിക്കുകയും ചെയ്യുന്നു. ഒരു വലിയ സ്ഫോടനത്തിനുമുമ്പ് നിസ്സാരമായ സ്ഫോടനങ്ങളും ഉണ്ടായേക്കാം. ഈ പ്രവർത്തനങ്ങളെല്ലാം നിരീക്ഷിക്കാവുന്നതാണ്.
ശിലാരേഖ പരിശോധിക്കുന്നതുവഴി സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് സ്ഫോടനത്തിനു വളരെ മുമ്പ് ഭൂഗർഭശാസ്ത്രജ്ഞൻമാർക്കു വിവരം ലഭിച്ചേക്കാം. അഗ്നിപർവത പ്രവാഹങ്ങളുടെയും ദ്വിതീയ ആപത്തുകളുടെയും രീതികൾ പലപ്രാവശ്യം ആവർത്തിക്കാറുണ്ട്, അഥവാ സ്ഫോടനങ്ങൾ പഠന വിധേയമായ മറ്റ് അഗ്നിപർവതങ്ങളുടേതുപോലെ ഉണ്ടാകുന്നു. അത്തരം വിവരങ്ങളെ ആധാരമാക്കി ഏറ്റവുമധികം അപകടസാധ്യതയുള്ള പ്രദേശങ്ങൾ കാണിക്കുന്ന അനേകം അഗ്നിപർവത ഭൂപടങ്ങൾ വരച്ചിട്ടുണ്ട്.
അതുകൊണ്ട് അഗ്നിപർവതശാസ്ത്രജ്ഞൻമാർ ആപത്തിനെക്കുറിച്ചു വിലയിരുത്തുന്നതും അഗ്നിപർവതത്തെ നിരീക്ഷിക്കുന്നതും അതുപോലെതന്നെ പ്രാദേശിക അധികാരികൾ ആസന്നമായ വിപത്തിനെക്കുറിച്ചു നേരത്തെ മുന്നറിയിപ്പു നൽകുന്നതും അഗ്നിപർവത ആപത്തുകളിൽനിന്നു ജീവൻ രക്ഷിക്കുന്നതിനുള്ള നിർണായക സംഗതികളിൽ ഉൾപ്പെടുന്നു. സ്ഫോടനം സംഭവിച്ചുകൊണ്ടിരിക്കുന്ന പല അഗ്നിപർവതങ്ങളും അവയെക്കാൾ പ്രവചനാതീതമായ ഭൂകമ്പങ്ങളിൽനിന്നു വ്യത്യസ്തമാണ്. എന്തുകൊണ്ടെന്നാൽ ഹാനി സംഭവിക്കാൻ സാധ്യതയുള്ള ആളുകളെ വിനാശത്തിനുമുമ്പ് അവിടെനിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞേക്കാവുന്നവണ്ണം സ്ഫോടനം സംഭവിച്ചുകൊണ്ടിരിക്കുന്ന അഗ്നിപർവതങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയും. അപകട മേഖല വിട്ടുപോകുക എന്നത് അടിയന്തിരമാണ്. എന്തുകൊണ്ടെന്നാൽ അഗ്നിപർവത പ്രവാഹങ്ങളുടെയും സ്ഫോടനങ്ങളുടെയും ഉഗ്രത, ചൂട്, ഉരുൾപൊട്ടലുകളുടെയും ചെളിപ്രവാഹങ്ങളുടെയും സുനാമികളുടെയും വിനാശകരമായ ശക്തികൾ എന്നിവയ്ക്കെതിരെ മനുഷ്യ നിർമിത ഘടനകൾ പൊതുവേ തീരെകുറഞ്ഞ സംരക്ഷണമേ നൽകുന്നുള്ളൂ, അല്ലെങ്കിൽ ഒട്ടുംതന്നെ സംരക്ഷണം നൽകുന്നില്ല.
അഗ്നിപർവത സ്ഫോടനങ്ങളും ബന്ധപ്പെട്ട ആപത്തുകളും മനുഷ്യനുണ്ടാക്കുന്ന അപായം കുറയ്ക്കാൻ പ്രശംസാർഹമായ ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, അഗ്നിപർവത ആപത്തുകളിൽനിന്നു സമ്പൂർണ സുരക്ഷിതത്വം ഉറപ്പുവരുത്താൻ തക്കവണ്ണം സ്ഫോടനങ്ങളെയും അവയുമായി ബന്ധപ്പെട്ട വിപത്കരമായ പ്രവർത്തനത്തെയും പൂർണമായ കൃത്യതയോടെ പ്രവചിക്കാൻ മനുഷ്യൻ അപ്രാപ്തൻ തന്നെയാണ്. അഗ്നിപർവതങ്ങളെ നിരീക്ഷിക്കുന്ന ചിലർ പോലും അപ്രതീക്ഷിത സ്ഫോടനത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, സജീവമാകാൻ സാധ്യതയുള്ള ഒരു അഗ്നിപർവതത്തിന്റെ സമീപത്താണു നിങ്ങൾ താമസിക്കുന്നതെങ്കിൽ പ്രാദേശിക അധികാരികൾ നടത്തുന്ന ഏതു മുന്നറിയിപ്പുകളും നിങ്ങൾ അനുസരിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുക വഴി, ഒരു അഗ്നിപർവത വിപത്തിനെ അതിജീവിക്കാനുള്ള സാധ്യതകൾ നിങ്ങൾ വൻ തോതിൽ വർധിപ്പിക്കും.—ഒരു ജ്യോതിഭൂഗർഭശാസ്ത്രജ്ഞൻ സംഭാവനചെയ്തത്.
[18-ാം പേജിലെ ചതുരം]
ബഹിരാകാശത്തുനിന്ന് അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചു പ്രവചിക്കുന്നെന്നോ?
ഭൂമിയിൽനിന്നും 20,000 കിലോമീറ്റർ മുകളിൽക്കൂടി സെക്കൻഡിൽ അഞ്ചു കിലോമീറ്റർ വേഗതയിൽ ഒട്ടും കുറയാതെ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളിൽനിന്ന് അഗ്നിപർവതങ്ങളുടെ ഉപരിതല ചലനങ്ങൾ ഒരു സെൻറീമീറ്ററിന്റെവരെ കൃത്യതയോടെ അളക്കുന്നത് ഒന്നു സങ്കൽപ്പിക്കുക! ഭൂമിയിൽ വിദഗ്ധമായി സ്ഥാപിച്ചിട്ടുള്ള റേഡിയോ റിസീവറുകൾക്കു പുറമെ ഒരു കൂട്ടം ഉപഗ്രഹങ്ങളും ഉൾപ്പെടുന്ന ആഗോള സ്ഥാനക്രമീകരണ വ്യവസ്ഥ വഴിയാണ് (ജിപിഎസ്) ഇതു സാധ്യമായിരിക്കുന്നത്. ഓരോ അളവും എടുക്കുന്നതിനു കുറഞ്ഞത് നാല് ഉപഗ്രഹങ്ങളുടെയെങ്കിലും സ്ഥാനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നു. അങ്ങേയറ്റം കൃത്യമായ ആണവ ഘടികാരങ്ങളുപയോഗിച്ചാണു സമയം അളക്കുന്നത്. മിക്ക കാലാവസ്ഥകളിലും സാധ്യമായ ഈ അളവെടുക്കൽ രീതികൾക്കു ഭൂതലത്തിൽ വച്ചുള്ള സർവേ രീതികൾക്കില്ലാത്ത അനേകം നേട്ടങ്ങളുണ്ട്. അഗ്നിപർവത സ്ഫോടനങ്ങളെക്കുറിച്ചുള്ള പ്രവചിക്കലിനെ ജിപിഎസ് അളവെടുക്കലുകൾ കാര്യമായി മെച്ചപ്പെടുത്തിയേക്കാം. ഒരുപക്ഷേ അഗ്നിപർവതത്തിന്റെ വികസനത്തിനു വർഷങ്ങൾക്കു മുമ്പുതന്നെ ഈ പ്രവചനങ്ങൾ നടത്താൻ കഴിഞ്ഞേക്കും. ഈ സാങ്കേതികവിദ്യ ഇറ്റലി, ഐക്യനാടുകൾ, ഐസ്ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിലെ അഗ്നിപർവതങ്ങളുടെ കാര്യത്തിൽ ഇപ്പോൾത്തന്നെ ബാധകമാക്കിയിരിക്കുന്നു.
[17-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ലോകത്തിലെ സജീവ അഗ്നിപർവതങ്ങളും ഭൂവൽക്ക ഫലകങ്ങളും
സജീവ അഗ്നിപർവതങ്ങൾ
ഫലകാതിർത്തികൾ
500-ലധികം വരുന്ന സജീവ അഗ്നിപർവതങ്ങളിൽ ചിലവ മുകളിൽ പ്രതിനിധാനം ചെയ്തിരിക്കുന്നു
[കടപ്പാട്]
Mountain High Maps™ copyright © 1993 Digital Wisdom, Inc.
[16-ാം പേജിലെ ചിത്രം]
ജപ്പാനിലെ ഉൻസെൻ അഗ്നിപർവതത്തിൽനിന്നുള്ള ചാരം ഒരു താമസസ്ഥലത്തേക്കു നിപതിക്കുന്നു
[കടപ്പാട്]
Orion Press-Sipa Press
[16-ാം പേജിലെ ചിത്രം]
1980 ജൂലൈ 22-ന് സെൻറ് ഹെലൻസ് പർവതത്തിൽ സ്ഫോടനം നടക്കുന്നു
[കടപ്പാട്]
USGS, David A. Johnston, Cascades Volcano Observatory
[16-ാം പേജിലെ ചിത്രം]
സിസിലിയിലെ എറ്റ്നാ പർവതം അടുത്തകാലത്ത് 15 മാസം ലാവാ പുറന്തള്ളി
[കടപ്പാട്]
Jacques Durieux/Sipa Press
[17-ാം പേജിലെ ചിത്രം]
ഹവായിയിലെ കിലൗവേയ പർവതം, ദ്വീപിന്റെ വിസ്തൃതി ഏതാണ്ട് 500 ഏക്കർ വർധിപ്പിച്ചു
[കടപ്പാട്]
©Soames Summerhays/Photo Researchers