“മനുഷ്യന്റെ ഏററവും ഉപകാരിയായ വൃക്ഷം”
കെനിയയിലെ ഉണരുക! ലേഖകൻ
മിക്കയാളുകൾക്കും അലസനായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് തെങ്ങ്—വിശ്രമത്തിന്റെയും സ്വസ്ഥതയുടെയും ഒരു പ്രതീകം. എന്നാൽ കെനിയയുടെ തീരപ്രദേശത്തുള്ള മോംബാസാ ദ്വീപിൽ പാർക്കുന്ന ആളുകൾക്ക് അവ അതിൽക്കൂടുതൽ അർഥമാക്കുന്നു. ചിലർ ഈ വൻവൃക്ഷത്തെ “ജീവവൃക്ഷം” എന്നു വിളിക്കുന്നു. ഈ തീരദേശ നിവാസികളെ സംബന്ധിച്ചിടത്തോളം അഴക് പ്രദാനം ചെയ്യാനുള്ള വിസ്മയകരമായ പ്രാപ്തി മാത്രമല്ല തെങ്ങിനുള്ളത്, മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പലതും നിറവേററാനുള്ള പ്രാപ്തിയും അതിനുണ്ട്.
തെങ്ങിന് ഒട്ടനവധി പ്രായോഗിക ഉപയോഗങ്ങളുണ്ട്. അപ്പോൾ, “സമൃദ്ധിയുടെ വൃക്ഷം,” “മാനവരാശിയുടെ പടിവാതിൽക്കലെ പാൽക്കുപ്പി,” “മമനുഷ്യന്റെ ഏററവും ഉപകാരിയായ വൃക്ഷം” എന്നിങ്ങനെ തെങ്ങിനെ വിളിക്കുന്നതിൽ അതിശയിക്കാനില്ല. തെങ്ങ്—ഒരു വിവരണം [ഇംഗ്ലീഷ്] എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ഒരുപക്ഷേ, മറേറതൊരു വൃക്ഷത്തെക്കാളും മനുഷ്യവർഗത്തിന് ഉപയോഗമുള്ള ധാരാളം ഉത്പന്നങ്ങൾ അതു പുറപ്പെടുവിക്കുന്നു.”
തേങ്ങയിൽനിന്ന് ഉണ്ടാക്കിയത്
കെനിയയുടെ തീരപ്രദേശത്തെ ആളുകൾ തെങ്ങിനെ വിദഗ്ധമായ ധാരാളം വിധങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന്, ഒരു തദ്ദേശ വീട്ടമ്മയായ കദിയെത്തന്നെയെടുക്കുക. ബാല്യംമുതൽ അവർ ഈ ഉഷ്ണമേഖലാ പ്രദേശത്താണു ജീവിക്കുന്നത്. “തേങ്ങ നിങ്ങളുടെ വീട്ടിൽ എപ്പോഴും ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ടോ?” എന്നു ഞങ്ങൾ ചോദിക്കുന്നു.
കദി മറുപടി പറയുന്നു: “ഞാനൊരു കൊച്ചു കുട്ടിയായിരുന്നപ്പോൾ എന്റെ വീട്ടിൽ തേങ്ങ ഉപയോഗിക്കുന്നതു ഞാൻ വ്യക്തമായി ഓർക്കുന്നു. അതിന്റെ ചിരട്ട വളരെ കടുപ്പമേറിയതും വളരെക്കാലം നീണ്ടുനിൽക്കുന്നതുമായതുകൊണ്ട് കപ്പുകൾ, സ്പൂണുകൾ, തവികൾ എന്നിവയ്ക്ക് അതു നന്നായി ഉതകി. വലിപ്പം കൂടിയ ചിരട്ടകൾ സൂപ്പു കോപ്പകൾക്കും കോരികകൾക്കും വേണ്ടി ഉപയോഗിച്ചിരുന്നു. സ്കൂളിലെ ഞങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗം വീട്ടാവശ്യത്തിനുള്ള ഈ സാധനങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്തു നിർമിക്കാം എന്നതായിരുന്നു.”
തീരപ്രദേശത്തു വളർത്തപ്പെട്ട കദിയുടെ ഭർത്താവ് മാഗയ്ക്ക് അടുക്കളയ്ക്കു പുറത്തു തെങ്ങിനുള്ള ഉപയോഗത്തെക്കുറിച്ചു ധാരാളം പറയാനുണ്ട്. “വളർന്നുവരുന്ന ഒരു കുട്ടിയെന്ന നിലയിൽ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമായി ഞാനീ വൃക്ഷത്തെ കണ്ടു” എന്നു മാഗ അനുസ്മരിക്കുന്നു.
ഉദാഹരണത്തിന്, കടുപ്പമുള്ളതും പരുപരുത്തതുമായ തെങ്ങിൻതടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “കഴുക്കോലുകൾ, താങ്ങുകൾ, അടുക്കുകൾ, തൂണുകൾ, മററു പല നിർമാണ സാമഗ്രികൾ എന്നിവയ്ക്കു വേണ്ടി ഞങ്ങളിത് ഉപയോഗിക്കുന്നു.”
തെങ്ങോല സംബന്ധിച്ചെന്ത്? “മിക്ക ഗ്രാമങ്ങളിലും സ്ത്രീകൾ മേൽക്കൂര മേയാനുള്ള ഓല മെടഞ്ഞ് ഉപജീവനം തേടുന്നു” എന്നു മാഗ വിശദീകരിക്കുന്നു. ഒരു വീടിനു പുറത്തു പൊള്ളുന്ന ചൂടാണെങ്കിലും ഉള്ളിൽ താമസിക്കുന്നവർക്കു തണുപ്പും സുഖകരമായ അവസ്ഥയുമായിരിക്കും ഉള്ളത്. ഓലമേഞ്ഞ മേൽക്കൂര വെയിലിൽനിന്നു സംരക്ഷണം നൽകുക മാത്രമല്ല, വീടു തണുപ്പിക്കാൻ ഇളംകാററിനെ ഉള്ളിലേക്കു കടത്തിവിടുകയും ചെയ്യുന്നു. കൂടുതൽ കാര്യക്ഷമമായ മേൽക്കൂരയെക്കുറിച്ചു സങ്കൽപ്പിക്കുക പ്രയാസമാണ്. മെടഞ്ഞ ഓലകൾ ഭിത്തികൾക്കും വേലികൾക്കും വാതിലുകൾക്കും ഉതകുന്നു.
മാഗ പുഞ്ചിരിച്ചുകൊണ്ട് അഭിമാനപൂർവം കൂട്ടിച്ചേർക്കുന്നു: “തേങ്ങയുടെ തൊണ്ടിന്റെ കാര്യം നമുക്കു മറക്കാതിരിക്കാം. തടികൊണ്ടോ ഇരുമ്പുകൊണ്ടോ തീർത്ത് നിലത്തുറപ്പിച്ചിരിക്കുന്ന കൂർത്ത പാരയിൽ തേങ്ങ പൊതിച്ചു കിട്ടുന്നതാണിവ. രണ്ടു കൈകൊണ്ടും തേങ്ങയെടുത്ത് പാരയിൽ ശക്തിയായി കുത്തിയിറക്കിയിട്ട് അതു തിരിക്കുമ്പോൾ തൊണ്ട് ചിരട്ടയിൽനിന്ന് ഇളകിപ്പോരുന്നു.” ഈ തൊണ്ടിൽനിന്നു സ്വർണ നിറത്തിലുള്ള ചകിരിനാര് കിട്ടുന്നു. തറവിരി, പരവതാനി, വിരിപ്പ്, ബ്രഷുകൾ, ചൂലുകൾ, കിടക്ക നിറയ്ക്കാനുള്ള വസ്തു തുടങ്ങിയവ നിർമിക്കുന്നതിന് ഈ നാര് ഉപയോഗിക്കുന്നു.
“വീഞ്ഞിനെക്കാൾ സ്വാദേറിയത്”
തേങ്ങ ഭക്ഷണത്തിലെ ഒരു പ്രധാന ഭാഗവും കൂടിയാണ്. തേങ്ങയുടെ വളർച്ചയുടെ മിക്കവാറും എല്ലാ ഘട്ടങ്ങളിലും അതു ഭക്ഷിക്കുന്നു. കരിക്കിന്റെ (പ്രാദേശിക കിസ്വാഹിളി ഭാഷയിൽ കരിക്കിനെ ഡാഫൂ എന്നു വിളിക്കുന്നു) ഉള്ളിൽ നല്ല രുചിയുള്ള, ശുദ്ധവും ആരോഗ്യാവഹവും പോഷകപ്രദവുമായ പാനീയമാണുള്ളത്. കരിക്കിന്റെ മുകളിൽ ഒരു തുളയിട്ട് ഈ പാനീയം അതിൽത്തന്നെ നൽകാവുന്നതാണ്—ഉഷ്ണമേഖലയിലെ ദാഹത്തിനു പററിയ പാനീയം! പ്രശസ്ത പര്യവേക്ഷകനായ മാർക്കോ പോളോ ഈ പാനീയത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: “ഈ ദ്രാവകം വെള്ളംപോലെ തെളിഞ്ഞതും തണുത്തതും വളരെ രസമുള്ളതുമാണ്, അതു വീഞ്ഞിനെക്കാളും അല്ലെങ്കിൽ മറേറതൊരു പാനീയത്തെക്കാളും സ്വാദിഷ്ടവുമാണ്.”
ആദ്യമായി ഈ തദ്ദേശ പാനീയം കുടിക്കുമ്പോൾ വിനോദസഞ്ചാരികൾ മിക്കപ്പോഴും സമാനമായ വികാരങ്ങൾ പ്രകടമാക്കാറുണ്ട്. ദ്രാവകം തീർന്നു കഴിയുമ്പോൾ പൊട്ടിച്ച ഒരു ചിരട്ടക്കഷണംകൊണ്ട് അതിനുള്ളിലെ ഇളംതേങ്ങ ചുരണ്ടിയെടുക്കാവുന്നതാണ്. ഇതു മാർദവവും മധുരമുള്ളതും ആശ്വാസദായകവുമാണ്. കരിക്കിന്റെ മാധുര്യം സന്ദർശകർക്ക് ഒരു പുതുമയായിരിക്കെ, തീരദേശനിവാസികൾക്ക് ഈ പാനീയം ഒരു അനുദിന പാനീയമാണ്. കുടിവെള്ളം ദുർലഭമായിരിക്കുമ്പോൾ ഇതു വളരെയധികം വിലമതിക്കപ്പെടുന്നു.
തേങ്ങാ അടുക്കള
വിളഞ്ഞ തേങ്ങയുടെ ഏററവും മൂല്യവത്തായ ഭാഗം അതിനുള്ളിലെ മാംസളഭാഗം അഥവാ ഫലമാണ്. അതു ചിരട്ടയിൽനിന്നെടുത്തു നേരിട്ടോ, ചുരണ്ടി കറികളിൽ ചേർത്തോ, മൂല്യവത്തായ അതിന്റെ പാല് പിഴിഞ്ഞെടുത്തോ കഴിക്കാവുന്നതാണ്.
കദി ഓർക്കുന്നു: “ചെറുപ്പത്തിൽ, തേങ്ങാപ്പാൽ പാചകത്തിന് എപ്പോഴും ലഭ്യമായിരുന്നു എന്നു ഞാൻ ഉറപ്പു വരുത്തേണ്ടിയിരുന്നു.” മീൻ, കോഴിയിറച്ചി, പയറ്, ചോറ്, ഉരുളക്കിഴങ്ങ്, കപ്പ, അപ്പം എന്നിവയുടെ സ്വാദ് വർധിപ്പിക്കാൻ പരമ്പരാഗതമായി തേങ്ങാപ്പാൽ ചേർത്തുവരുന്നു. കറിയുടെ രുചി വർധിപ്പിക്കുന്നതിൽ അത് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ആകട്ടെ, കദിക്ക് എങ്ങനെയാണ് ഈ പാല് ലഭിച്ചതെന്നറിയാൻ ഞങ്ങൾ ആകാംക്ഷയുള്ളവരാണ്.
“ഞങ്ങൾ മ്പൂസി ഉപയോഗിക്കും” എന്നു കദി വിശദീകരിക്കുന്നു. മ്പൂസി കിസ്വാഹിളി ഭാഷയിലുള്ള ഒരു പദപ്രയോഗമാണ്. തേങ്ങ കൈകൊണ്ടു ചുരണ്ടിയെടുക്കാൻ പ്രത്യേകം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിരവയാണ് ഇത. “മ്പൂസിയിൽ ഇരിക്കുന്നതു കുട്ടികളായ ഞങ്ങൾക്കു രസമായിരുന്നു. പൊട്ടിച്ച ഒരു തേങ്ങയുടെ പകുതിയെടുത്തു മുള്ളുകൾ പോലുള്ള കൂർത്ത അഗ്രഭാഗത്തു ഞങ്ങൾ ചുരണ്ടുമായിരുന്നു, ചിരട്ടയിൽനിന്നു തേങ്ങ മുഴുവൻ ഇളകിപ്പോരുന്നതുവരെ. അടുത്തതായി ചുരണ്ടിയ തേങ്ങ തെങ്ങോലകൊണ്ടുണ്ടാക്കിയ ചോർപ്പുപോലുള്ള ഒരു അരിപ്പയിൽ ഇടുക എന്നതാണ്. അതിനുശേഷം സ്വാദുള്ള തേങ്ങാപ്പാൽ ഞങ്ങൾ പിഴിഞ്ഞെടുക്കും.”
തേങ്ങ വാസ്തവത്തിൽ ഒരു ഫലം തന്നെയാണ്, അത് ഉഷ്ണമേഖലാപ്രദേശത്തെ മററു ഫലങ്ങളോടു വളരെ സാമ്യമുള്ളതുമാണ്. പപ്പായ, കൈതച്ചക്ക, മാങ്ങ, വാഴപ്പഴം, ഓറഞ്ച്, ജിമിക്കിപ്പഴം തുടങ്ങിയവ അരിഞ്ഞിട്ടതിനോടു കൂടെ ചുരണ്ടിയ തേങ്ങയോ കുറുക്കിയെടുത്ത തേങ്ങാപ്പാലോ ചേർക്കുമ്പോഴുള്ള സ്വാദിനെക്കുറിച്ചു ചിന്തിക്കുമ്പോൾ വായിൽ വെള്ളമൂറും.
ഒരു പഴഞ്ചൊല്ല് ഇങ്ങനെ പറയുന്നു: “തെങ്ങ് നടുന്നവൻ . . . ഭക്ഷണത്തിനും പാനീയത്തിനും പുറമേ തനിക്കൊരു വീടും തന്റെ കുട്ടികൾക്കൊരു പൈതൃകവും നട്ടുപിടിപ്പിക്കുന്നു.” അലസനായി തോന്നുന്ന തെങ്ങ് ഒട്ടും അലസനല്ല. അത് മമനുഷ്യന്റെ ഏററവും ഉപകാരിയായ വൃക്ഷമാണോ എന്നത് ഇനിയും തിട്ടമില്ലെങ്കിലും ആഫ്രിക്കൻ മണ്ണിൽ അതു തീർച്ചയായും അക്ഷയപാത്രം തന്നെയാണ്! (g93 10/22)