നിങ്ങളുടെ ഉള്ളു കാണുന്ന ഒരു കമ്പ്യൂട്ടർ
ന്യൂസിലാൻഡിലെ ഉണരുക! ലേഖകൻ
ഒരു ദീർഘ ചതുര ജനാലയിലൂടെ നോക്കിക്കൊണ്ടു നിൽക്കുകയായിരുന്നു ഞാൻ, അവിടെ വിചിത്രമായ ഒരു ദൃശ്യം ഞാൻ കണ്ടു. ഒരു മേശപ്പുറത്തു കിടന്നിരുന്ന ഒരു മമനുഷ്യന്റെ ചുററും വെളുത്ത ഗൗണുകൾ അണിഞ്ഞ അററൻഡർമാർ കൂടി നിൽക്കുകയായിരുന്നു. ഒരു വലിയ പെൻസിൽവെട്ടി പോലെ തോന്നിച്ച ഒന്നിനുള്ളിലേക്ക് ആദ്യമായി അയാളുടെ തല കടത്തിവിടുകയായിരുന്നു! ഇത് ഒരു ദുസ്വപ്നമായിരുന്നോ? ഒരു ശാസ്ത്രകഥാ ചലച്ചിത്രത്തിലെ ഒരു രംഗമായിരുന്നോ? എന്തു സംഭവിക്കുകയായിരുന്നു?
ഇവിടെ ന്യൂസിലാൻഡിലെ സൗത്ത് ഐലണ്ടിലുള്ള ഡൂൺഡിനിലെ ഞങ്ങളുടെ പ്രദേശിക ആശുപത്രിയിലായിരുന്നു ഈ രംഗം നടന്നുകൊണ്ടിരുന്നത്. യഥാർത്ഥത്തിൽ, കാററ് (CAT) സ്കാനർ എന്നു വിളിക്കപ്പെടുന്ന ഒരു തരം അതി സങ്കീർണ്ണ എക്സ്റേ മെഷീനായിരുന്നു ഈ വലിയ പെൻസിൽവെട്ടി. ഇല്ല, ഇവ പൂച്ചകളെ സ്കാൻ ചെയ്യുന്നില്ല—കുറഞ്ഞപക്ഷം ഇതുവരെയില്ല. ഈ മുന്ന് അക്ഷരങ്ങൾ കമ്പ്യൂട്ടറൈസ്ഡ് ആക്സിയൽ റേറാമോഗ്രാഫി എന്നതിനെ കുറിക്കുവാൻ നിലകൊള്ളുന്നു. ഗ്രീക്ക് വാക്കുകളിൽ നിന്നു വന്ന “റേറാമോഗ്രാഫി”യുടെ അർത്ഥം ‘ഒരു ഖണ്ഡം എഴുതുക’ എന്നാണ്; അതുതന്നെയാണ് ഒരു കാററ് സ്കാനർ ചെയ്യുന്നതും. അത് നിങ്ങളുടെ ഒരു ഖണ്ഡത്തിന്റെ എക്സ്റേകൾ എടുക്കുന്നു, സലാമി മാതൃകയിൽ. അതിനുശേഷം അതു കാണുന്നതെന്താണെന്ന് അത് “എഴുതി വെക്കുന്നു” അഥവാ റിക്കോർഡ് ചെയ്യുന്നു.
വിചിത്രങ്ങളായ എക്സ്റേ മെഷീനുകൾ ഡോക്ടർമാർക്കും ശാസ്ത്രജ്ഞൻമാർക്കും മാത്രമേ താത്പര്യജനകമായിരിക്കുകയുള്ളുവെന്ന് ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുകയായിരിക്കാം. എന്നാൽ പൊതുജനസംഭാവനയാൽ ഒരെണ്ണം വാങ്ങത്തക്കവണ്ണം, ഇവിടത്തെ ആളുകൾ അത്രമാത്രം ഒരു കാററ് സ്കാനർ ഉണ്ടായിരിക്കുന്നതിൽ താത്പര്യമുള്ളവരാണ്. ഒട്ടാഗോ, സൗത്ത്ലാൻഡ് എന്നീ രണ്ടു സംസ്ഥാനങ്ങൾ അതിനായി 20 ലക്ഷം ന്യൂസിലാൻഡ് ഡോളർ [3 കോടി രൂപ] സമാഹരിച്ചു. ഈ പ്രദേശത്തെ ഓരോ പുരുഷനും സ്ത്രീയും കുട്ടിയും 6 ന്യൂസിലാൻഡ് ഡോളറിലധികം സംഭാവന ചെയ്തുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ യന്ത്രത്തിൽ ഇത്രമാത്രം പൊതുജന താത്പര്യം ഉണർത്തുവാൻ ഞങ്ങളുടെ പ്രാദേശിക സർവകലാശാലയും അതിന്റെ മെഡിക്കൽ സ്കൂളും വളരെയധികം ചെയ്തു; എന്നാൽ ഈ കാററുകൾ ഇന്ന് ലോകത്താകമാനം വർദ്ധിതമായിക്കൊണ്ടിരിക്കുന്നു. തീർച്ചയായും നിങ്ങളുടെ സമീപത്തും ഒരെണ്ണം കണ്ടേക്കാം.
അത് എങ്ങനെ പ്രവർത്തിക്കുന്നു?
നിങ്ങളുടെ ഒരു എക്സ്റേ എന്നെങ്കിലും എടുക്കപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ സാദ്ധ്യതയനുസരിച്ച് വളരെ നിശ്ചലമായി ഒരു വലിയ പരന്ന പ്ലേററിനോടു ചേർന്ന് നിൽക്കുകയൊ കിടക്കുകയൊ ചെയ്യുന്നത് നിങ്ങൾ ഓർമ്മിക്കുന്നുണ്ടായിരിക്കും. നിങ്ങൾ അതു ചെയ്തുകൊണ്ടിരുന്നപ്പോൾ അദൃശ്യമായ എക്സ്റേകൾ നിങ്ങളുടെ ശരീരത്തിനുള്ളിലൂടെ കടന്നുപോവുകയും നിങ്ങളുടെ പിന്നിലുള്ള ഫോട്ടോഗ്രാഫിക്ക് പ്ലേററിൽ പതിയുകയും ചെയ്തു. അതു കടന്നുപോകുന്ന പാതയിൽ നിങ്ങളുടെ അസ്ഥികൾ വന്നപ്പോൾ, ഭൂരിഭാഗം എക്സ്റേകളും തടഞ്ഞുനിർത്തപ്പെട്ടു. മററു കോശ സമൂഹങ്ങളും ആന്തരാവയവങ്ങളും, അവയുടെ സാന്ദ്രത അനുസരിച്ച് വിവിധ അളവുകളിൽ എക്സ്റേകൾ കുറച്ചു. നിങ്ങളുടെ ഉള്ളിലുള്ളതിന്റെ ഒരു നിഴൽചിത്രമായിരുന്നു ഫലം; ഇത് അസ്ഥികൾ വെളുപ്പു നിറത്തിലും പലതരം കോശ സമൂഹങ്ങളും ആന്തരാവയവങ്ങളും ചാര നിറത്തിന്റെ ഏതാണ്ട് എട്ടു നിറഭേദങ്ങളിലുമായിട്ടായിരുന്നു.
ഒരു കടയുടെ ജനാലക്കൽ സാധനങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നതുപോലെ നിങ്ങളുടെ അസ്ഥികളും ആന്തരാവയവങ്ങളും നിരത്തിവെക്കപ്പെട്ടിരിക്കുകയായിരുന്നെങ്കിൽ സാധാരണ എക്സ്റേകൾ മെച്ചമായിരിക്കുമായിരുന്നു; എന്നാൽ, തീർച്ചയായും അത് അങ്ങനെയല്ല. ചിലവ മററുള്ളവയുടെ പിന്നിലേക്ക് ഒതുങ്ങി ഉൾവലിഞ്ഞു നിൽക്കുന്നു. അവയുടെ ചിത്രങ്ങൾ എങ്ങനെയാണ് എടുക്കാൻ കഴിയുക? ഒരു ക്ലാസ്സിന്റെ ചിത്രമെടുക്കാൻ സ്കൂൾകുട്ടികളെ പോസ്സു ചെയ്തു നിർത്തുന്നതുപോലെ അവയെ ചുററുപാടും നീക്കുവാൻ കഴിയുകയില്ലല്ലോ. അതിനാൽ ഫോട്ടോഗ്രാഫർ നീങ്ങിയേ മതിയാവൂ—എക്സ്റേകൾ പല കോണുകളിൽ നിന്ന് എടുക്കണം.
ഒരു കാററ് സ്കാനറിൽ അതിന്റെ പെൻസിൽവെട്ടിയുടെ രൂപം ശരീരത്തിന്റെ ചുറുപാടും നിന്ന് എക്സ് റേകൾ എടുക്കുവാൻ അതിനെ അനുവദിക്കുന്നു. നിങ്ങളുടെ ഒരു “ഖണ്ഡ”ത്തിന്റെ 700-ഓളം വ്യത്യസ്ത ചിത്രങ്ങൾ ചാര നിറത്തിന്റെ 250ലധികം നിറഭേദങ്ങൾ എടുക്കുന്നു. മുമ്പ് എന്നെങ്കിലും സാധ്യമായിരുന്നതിലധികമായി നിങ്ങളുടെ ഉള്ളിൽ എന്താണുള്ളത് എന്നതിന്റെ കൂടുതൽ വിശദമായ ഒരു കാഴ്ച ഈ എല്ലാ ചിത്രങ്ങളും നൽകുന്നു.
കമ്പ്യൂട്ടർ എന്തിന്?
ഇത്രയധികം എക്സ്റേ ചിത്രങ്ങൾ എടുക്കുക എന്നത് അത്ഭുതകരം തന്നെയാണ്, എന്നാൽ ഈ എല്ലാ ചിത്രങ്ങളുടെയും വാലും തലയും തിരിച്ചറിയുക എന്നത് തികച്ചും മറെറാരു കാര്യമാണ്. തിരക്കുള്ള ഒരു സർജൻ മടുപ്പുളവാക്കുന്ന ഒരു ദിനത്തിനുശേഷം നിങ്ങളുടെ വയറിന്റെ 700 എക്സ്റേ ചിത്രങ്ങളുമായി വീട്ടിൽ പോകുന്നതും രാത്രിയിൽ അവ എല്ലാം പഠിച്ചതിനുശേഷം പ്രഭാതത്തിൽ നിങ്ങളിൽ ഒരു ശസ്ത്രക്രിയ നടത്താൻ തയ്യാറാകുന്നതും നിങ്ങൾക്കു കാണുവാൻ കഴിയുമോ? ‘ഒരു സാദ്ധ്യതയുമില്ല’ എന്ന് നിങ്ങൾ പറയുമായിരിക്കും. ‘എങ്ങനെയാണ് അദ്ദേഹം അതു കൈകാര്യം ചെയ്യുന്നത്?’
ഈ സങ്കീർണ്ണമായ പ്രക്രിയയെ തണുത്ത പാനീയത്തിൽ അനേകം ഐസുകട്ടകൾ നിറച്ച ഒരു ഗ്ലാസ്സിനുള്ളിലൂടെ ഒരു ടോർച്ച് തെളിക്കുന്നതിനോട് താരതമ്യം ചെയ്യാൻ കഴിയും. പ്രകാശം ഗ്ലാസ്സിലൂടെയും ഐസുകട്ടകളിലൂടെയും കടന്നുപോവുകയും ഗ്ലാസ്സിനു പിന്നിലുള്ള ഒരു സ്ക്രീനിൽ ഒരു ഡിസൈൻ ഉണ്ടാക്കുകയും ചെയ്യും. ഇപ്പോൾ ലൈററും സ്ക്രീനും ഗ്ലാസ്സിനു ചുററും കറക്കുകയും നിഴലിന്റെയും വെളിച്ചത്തിന്റെയും മാറുന്ന രൂപങ്ങൾ വീക്ഷിക്കുകയും ചെയ്യുന്നതായി സങ്കൽപ്പിക്കുക. ഓരോ ഐസുകട്ടയുടെയും കൃത്യമായ രൂപം കണ്ടുപിടിക്കുവാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
അതു നിങ്ങൾക്ക് അസാദ്ധ്യമായ ഒരു പ്രവൃത്തിയാണെന്ന് നിങ്ങൾ കരുതിയേക്കാം, എന്നാൽ ഒരു കംപ്യൂട്ടറിന് അത് അങ്ങനെയല്ല. എക്സ്റേകൾ നൽകുന്ന വിവരങ്ങൾ ഫോട്ടോഗ്രാഫിക്ക് പ്ലേററുകൾക്കു പകരം ഇലക്ട്രോണിക്ക് സെൻസറുകളാൽ സ്വീകരിക്കപ്പെടുന്നു. നിങ്ങളുടെ ഉള്ളിൽനിന്നു വരുന്ന എക്സ്റേകളെ ഉള്ളിലേക്ക് പോകുന്ന കിരണങ്ങളുമായി ശ്രദ്ധാപൂർവം താരതമ്യം ചെയ്യുന്നതുവഴി എക്സ്റേകൾ നിങ്ങൾക്കുള്ളിലൂടെ കടന്നുപോയപ്പോൾ നിങ്ങളുടെ ഉള്ളിൽ എന്താണുണ്ടായിരുന്നതെന്ന് കംപ്യൂട്ടറിനു കണ്ടെത്താൻ കഴിയും. കംപ്യൂട്ടർ വളരെ കഴിവുററതാണ്, കേവലം രൂപങ്ങൾ തിരിച്ചറിയുന്നതിലധികമായി അവക്ക് സാധാരണ രക്തവും കട്ടപിടിച്ച രക്തവും തമ്മിലുള്ളതോ അല്ലെങ്കിൽ മസ്തിഷ്ക കലകളും മസ്തിഷ്ക ദ്രാവകവും തമ്മിലുള്ളതോ ആയ വ്യത്യാസങ്ങൾ പോലും കാണിക്കുവാൻ കഴിയും. യഥാർത്ഥത്തിൽ സാധാരണ എക്സ്റേകൾ അവഗണിക്കുന്ന ശരീര കലകളിലെ സാന്ദ്രതയിലുള്ള വളരെ നേരിയ വ്യത്യാസം വരെ അവക്കു കണ്ടെത്താൻ കഴിയും.
അതു നിങ്ങൾക്കെങ്ങനെ പ്രയോജനം ചെയ്യുന്നു?
ഒരു കാററ് സ്കാൻ നൽകുന്ന അധിക വിശദാംശങ്ങളാണ് അവയെ ഡോക്ടർമാരുടെയിടയിൽ ഇത്രമാത്രം പ്രചാരമുള്ളതാക്കിയിരിക്കുന്നത്. ഒരു സാധാരണ എക്സ്റേയിൽ കാണപ്പെടാത്ത ചെറിയ മൃദു കലകളിലെ ട്യൂമർ ഒരു കാററ് സ്കാനിൽ കണ്ടെത്തപ്പെട്ടേക്കാം—അങ്ങനെ ഒരു ജീവനെ രക്ഷിക്കാൻ സാധ്യമായേക്കാം. ഒരു ശസ്ത്രക്രിയയിലൂടെയല്ലാതെ ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ “ഖണ്ഡിക്കപ്പെടാൻ” തയ്യാറുള്ള രോഗികൾക്കിടയിലും കാററ് സ്കാനുകൾ ജനസമ്മതിയുള്ളതായിത്തീർന്നിരിക്കുന്നു. രോഗ കാരണങ്ങൾ കണ്ടെത്താനായി നടത്തപ്പെടുന്ന അപകടകരങ്ങളായ ശസ്ത്രക്രിയകളെ അവയുടെ എല്ലാ അസന്തുഷ്ടികളോടും സങ്കീർണ്ണതകളോടുമൊപ്പം ഒഴിവാക്കാൻ അവക്കു കഴിയുന്നു. അത്തരം ശസ്ത്രക്രിയകളെ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന രോഗികൾക്ക്, അതിനു പകരമായി ഒരു കാററ് സ്കാൻ മതിയാകുമോ എന്നു തങ്ങളുടെ ഡോക്ടർമാരോട് ചോദിക്കാൻ കഴിയും.
ശസ്ത്രക്രിയ ഒഴിവാക്കാൻ സാധ്യമല്ലാത്തപ്പോൾപോലും, കാററ്സ്കാനിന് സഹായിക്കാൻ കഴിയും. സർജൻമാർക്ക് നിങ്ങളുടെ ഉള്ളിൽ അവർ എന്തു കണ്ടെത്തുമെന്ന് വിവരം നൽകിക്കൊണ്ട് ശസ്ത്രക്രിയകളെ ഋജുവാക്കാൻ കാററ്സ്കാനറിനു കഴിയും എന്നാണ് ഒരു യൂണിവേഴ്സിററി മെഡിക്കൽ സ്കൂളിലെ റേഡിയോളജി വിഭാഗത്തിന്റെ അദ്ധ്യക്ഷനും പ്രൊഫസറുമായ ഒരാൾ ചൂണ്ടിക്കാട്ടിയത്. “സ്കാനർ ഒരു താലത്തിൽ ഇത് അവർക്ക് നൽകുന്നു,” അദ്ദേഹം പറഞ്ഞു. ഡോക്ടർമാർക്കും രോഗികൾക്കും ഇത് ഒരു വലിയ പ്രയോജനമാണ്.
എന്നിരുന്നാലും കാററ്സ്കാനുകൾക്ക് അവയുടെ പരിമിതികളുണ്ട്. മിക്കപ്പോഴും പ്രാരംഭ ദശയിൽ സുഖപ്പെടുത്താവുന്ന ഒരു ഘട്ടത്തിൽ പല പ്രശ്നങ്ങളും കാററ്സ്കാനുകൾ മുഖേന കണ്ടെത്താമെങ്കിലും അവക്ക് ഒന്നിനെയും സുഖമാക്കുവാൻ കഴിയുകയില്ല. വളരെ അസ്വസ്ഥത ഉളവാക്കുന്നതും ചിലപ്പോൾ അപകടം വരുത്താവുന്നതുമായ പല രോഗനിർണ്ണയ മുറകളെയും അവക്ക് ഒഴിവാക്കുവാൻ കഴിയുമെങ്കിലും എപ്പോഴും അവ ശസ്ത്രക്രിയക്കുള്ള ഒരു ബദൽ സംവിധാനമായിരിക്കുന്നില്ല. നിങ്ങൾക്കു തലവേദന വരുന്ന ഓരോ തവണയും നിങ്ങളുടെ ഡോക്ടറുടെ അടുത്തെത്തി ഒരു കാററ്സ്കാൻ വേണമെന്ന് ആവശ്യപ്പെടാൻ നിങ്ങൾക്കു കഴിയുകയില്ല. എല്ലാ എക്സ്റേകളും ആരോഗ്യത്തിന് വളരെ നേരിയതും എന്നാൽ പരിഗണിക്കത്തക്കതുമായ ഒരു അപകട സാദ്ധ്യത കൊണ്ടുവരുമെന്ന് ഓർമ്മിക്കുക, അതിനാൽ മതിയായ വൈദ്യശാസ്ത്രപരമായ കാരണങ്ങൾ ഇല്ലാതെ അത് എടുക്കരുത്. നേരെ മറിച്ച് നിങ്ങളുടെ ഡോക്ടർ ഒരു കാററ്സ്കാനിനു ശുപാർശ ചെയ്യുകയാണെങ്കിൽ ഈ അത്ഭുതകരമായ സാങ്കേതിക വിദ്യ നിങ്ങളെ സേവിക്കുവാനായി ലഭ്യമാണെന്നുള്ളതിൽ സന്തോഷിക്കുക. (g90 7⁄22)
[22-ാം പേജിലെ ചിത്രം]
കാററ്സ്കാനറിനുള്ളിലേക്ക് പ്രവേശിക്കുന്നു
[കടപ്പാട്]
Camerique/H. Armstrong Roberts