കാരീയഭാരം പേറുന്ന ലോകം?
യു.എസ്. വ്യോമസേനയിലെ ഒരു ഓഫീസർ പൊടുന്നനെ വിശദീകരിക്കാനാവാത്ത വ്യക്തിത്വമാററങ്ങൾക്കു വിധേയനായി. അദ്ദേഹത്തിന്റെ ഭാരം 14 കിലോഗ്രാം കുറയുകയും ഉറങ്ങാൻ കഴിയാതെ വരികയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ വിളറിവെളുത്ത് മെലിഞ്ഞു. എന്തായിരുന്നു സംഭവിച്ചത്? മറെറാരു രാജ്യത്തുനിന്ന് അവർ വാങ്ങിയ പാത്രങ്ങൾ നല്ല കവടിയുള്ളതായിരുന്നില്ല. ഇവയിൽനിന്നുള്ള ഈയം ഈ ദമ്പതികളുടെ ഭക്ഷണത്തിൽ കലർന്നു.
മറെറാരിടത്ത് ഒരു ബാലികയുടെ വളർച്ച മിക്കവാറും നിലയ്ക്കുകയും ഭക്ഷണം ശരിയായി ദഹിപ്പിക്കാനാവാതെ വരികയുംചെയ്തു. എന്തുകൊണ്ട്? അവളുടെ വീട്ടിലെ പൈപ്പുവെള്ളം കാരീയം കലർന്നതായിരുന്നു. രണ്ടുവയസ്സുകാരനായ ഒരു കുട്ടിക്ക് അവന്റെ പിൻമുററത്തെ മണ്ണിൽനിന്ന് ഈയവിഷം ബാധിച്ചു. തൊട്ടടുത്ത ഹൈവേയിൽനിന്നുള്ള പെട്രോൾപുക മണ്ണിൽ ഈയം കലരാൻ ഇടയാക്കി.
എത്ര ഗുരുതരമായ പ്രശ്നം?
ഈയം വിഷമാണെന്ന് നൂററാണ്ടുകളായി മനുഷ്യന് അറിയാം. റോമാസാമ്രാജ്യത്തിന്റെ പതനത്തിൽ ഈയ വിഷബാധ പങ്കുവഹിച്ചതായി ചില ചരിത്രകാരൻമാർ കരുതുന്നു. റോമാക്കാർ തങ്ങളുടെ മദ്യചഷകങ്ങളിലും പാത്രങ്ങളിലും സൗന്ദര്യസംവർദ്ധക വസ്തുക്കളിലും പ്രത്യേകിച്ച് വീഞ്ഞിലും വളരെയേറെ ഈയം ഉപയോഗിച്ചത് വ്യാപകമായ ശാരീരിക, മാനസിക പ്രശ്നങ്ങൾക്ക് കാരണമായിത്തീർന്നിരിക്കാം.
ഈ കാലത്ത് എങ്ങനെ? “നാമെല്ലാം ഒരർത്ഥത്തിൽ ഈയ വിഷബാധയേററവരാണെ”ന്ന് ഡോ. ഡൊണാൾഡ് ലോറിയ സെസിൽ ടെക്സ്ററ് ബുക്ക് ഓഫ് മെഡിസിനിൽ പറയുന്നു. ഇന്നത്തെ വ്യവസായവൽകൃത രാജ്യങ്ങളിലെ ജനങ്ങളുടെ ശരീരങ്ങളിൽ വ്യവസായവത്ക്കരണത്തിനു മുമ്പ് ജീവിച്ചിരുന്നവരെക്കാൾ നൂറു മടങ്ങ് കൂടുതൽ ഈയം ഉണ്ട്. എങ്കിലും ജനങ്ങൾക്ക് പൊതുവിൽ വ്യാപകമായ രോഗത്തിന് ഇത് കാരണമാകുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ ഉണരുക!ക്ക് ഉറപ്പുനൽകുന്നു.
ഈയം കുട്ടികൾക്കു വിശേഷാൽ അപകടകാരിയാണ്. മുതിർന്നവരേക്കാൾ കൂടുതൽ വേഗത്തിൽ അവർ അത് ആഗിരണം ചെയ്യുന്നു. കുട്ടികളുടെ മാനസ്സിക വളർച്ചയേയും പ്രാപ്തികളെയും ചിലപ്പോൾ സ്ഥിരമായിപ്പോലും ഈയം തകരാറിലാക്കും. ഉദാഹരണത്തിന് ഓരോ വർഷവും ഏതാണ്ട് 1,40,000 അമേരിക്കൻ കുട്ടികളുടെ ബുദ്ധി അഞ്ച് ഐ. ക്യു. പോയിൻറുകൾ വരെ താഴ്ത്താൻ ഈയവിഷബാധ കാരണമാക്കിയേക്കാം.
കുടിവെള്ളത്തിലൂടെ ദശലക്ഷക്കണക്കിന് ഭവനങ്ങളിലേക്ക് ചെറിയ അളവിൽ ഈയം ഊറിയെത്തിയിട്ടുണ്ട്. എന്തുകൊണ്ടെന്നാൽ 1940-കൾ വരെ ഈയംകൊണ്ടുള്ള പൈപ്പുകൾ സാധാരണയായി ഉപയോഗിച്ചിരുന്നു. ചുരുക്കം വർഷങ്ങൾ മുമ്പ് ചില സ്ഥലങ്ങളിൽ ഈയവിമുക്തമായ വിളക്കൽപൊടി ഉപയോഗപ്പെടുത്തണമെന്ന് നിയമങ്ങൾ ഉളവാക്കപ്പെട്ടുവെങ്കിലും 1940-കൾ മുതൽ ഉപയോഗിച്ച ചെമ്പുപൈപ്പുകൾപോലും ഈയം കലർന്ന വിളക്കൽപൊടികൊണ്ട് സംയോജിപ്പിക്കപ്പെട്ടിരുന്നു. സ്കൂളുകളിലും ഓഫീസുകളിലുമുള്ള ജലധാരായന്ത്രങ്ങൾ ഈയത്തിന്റെ ഉറവിടങ്ങളായി തിരിച്ചറിയപ്പെട്ടിരിക്കുന്നു. ഏതെങ്കിലും സ്ഥലത്തെ വെള്ളം ദ്രവീകരണക്ഷമമാണെങ്കിൽ പൈപ്പുവ്യൂഹത്തിലെ ഈയം വിലയിക്കുകയും ടാപ്പിലൂടെ അത് നിങ്ങളുടെ ഗ്ലാസ്സിലെത്തുകയും ചെയ്യുന്നു.
മണ്ണും പൊടിയും ഈയം കലർന്നവയാണ്. ഇളകിവരുന്ന പെയിൻറുശകലങ്ങളും വ്യവസായങ്ങളിലെ ലോഹം ഉരുക്കൽ പ്രക്രിയയും ഒരു പങ്കുവഹിച്ചിട്ടുണ്ട്. പെട്രോൾ വലിയൊരു കുററവാളിയാണ്. എഞ്ചിന്റെ ശബ്ദം തടയാനായി 1920-കളിൽ പെട്രോളിനോടുകൂടി ഈയം ചേർക്കുകയുണ്ടായി. തൻമൂലം കാറുകളും ഫാക്ടറികളും ദശലക്ഷക്കണക്കിനു ടൺ ഈയം അന്തരീക്ഷത്തിലേക്ക് വമിക്കാനിടയാക്കി. അത് നമ്മുടെ ഗ്രഹത്തിലെ പൊടിയിലും ചെളിയിലും അടിഞ്ഞു. ഈയം കലർന്ന പൊടി നമ്മുടെ ചില ഭക്ഷണങ്ങളിൽ പറന്നെത്തുകയും ചെയ്തേക്കാം.
എന്തു പ്രത്യാശ?
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ഈയത്തിന്റെ അപകടങ്ങൾക്കെതിരെ ഒരു വ്യക്തമായ അപകട മുന്നറിയിപ്പ് നൽകപ്പെട്ടു. അന്നുമുതൽ അനേക സുപ്രധാന നിയമഭേദഗതികളും നടപ്പിലാക്കപ്പെട്ടിരിക്കുന്നു. പെയിൻറിലുള്ള ഈയാംശം ഗണ്യമായി കുറച്ചു. ഈയം കലർന്ന പെട്രോൾ ക്രമാനുഗതമായി നിയന്ത്രിക്കുന്നതിൽ അനേക രാജ്യങ്ങൾ പുരോഗതിനേടി—നല്ല ഫലവുമുണ്ടാക്കി. ദൃഷ്ടാന്തത്തിന് ഐക്യനാടുകളിൽ മനുഷ്യ രക്തത്തിലുള്ള ഈയത്തിന്റെ അളവ് ശരാശരി മൂന്നിലൊന്നിലധികം കുറഞ്ഞു. യൂറോപ്പിൽ 2000-ാമാണ്ട് ആകുമ്പോഴേക്ക് പെട്രോൾ മുഴുവൻ ഈയ രഹിതമായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.
ഇങ്ങനെയുള്ള നിയമഭേദഗതികളുടെ ഫലമായി കടുത്ത ഈയവിഷബാധയുടെ സംഭവങ്ങൾ കുറഞ്ഞു. എന്നാൽ വീണ്ടും എന്താണ് ജാഗ്രതക്ക് കാരണം? ഒരിക്കൽ സുരക്ഷിതമെന്ന് ശാസ്ത്രജ്ഞൻമാർ കരുതിയ ഈയത്തിന്റെ അളവ് അപകടകരം തന്നെയെന്ന് ഇപ്പോൾ അവർ മനസ്സിലാക്കുന്നു. പരിസ്ഥിതിയിലേക്ക് ഈയം കലർത്തുന്ന പ്രവൃത്തി മനുഷ്യൻ നിർത്തിയിട്ടുമില്ല. മനുഷ്യൻ ഇപ്പോഴും ഓരോ വർഷവും 4,00,000 ടൺ ഈയം അന്തരീക്ഷത്തിൽ കലർത്തുന്നുവെന്ന് കണക്കാക്കുന്ന അടുത്തകാലത്തെ ഒരു റിപ്പോർട്ട് ദി എഫ് ഡി എ കൺസ്യൂമർ ഉദ്ധരിക്കുന്നു.
ഭാവി സംബന്ധിച്ച് എന്ത്? മനുഷ്യൻ ഇനിയും ലോകത്തെ ഈയം പൂശിക്കൊണ്ടിരിക്കുമോ? മനുഷ്യവർഗ്ഗം ഭൂമിക്കു വരുത്തിയിരിക്കുന്ന വൻനാശത്തിന് പരിഹാരം ചെയ്യാൻ നൈരാശ്യത്തോടെ നാം മനുഷ്യരെത്തന്നെ കാത്തിരിക്കേണ്ടതില്ല എന്നത് സന്തോഷകരമാണ്. എന്നേക്കും ആശ്രയിക്കാവുന്ന മമനുഷ്യന്റെ സ്രഷ്ടാവ് “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കുമെന്ന്” ഉറപ്പു തരുന്നു.—വെളിപ്പാട് 11:18.
എന്നാൽ ഇപ്പോൾ എന്ത്? നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും സംരക്ഷിക്കാൻ നിങ്ങൾക്കു സ്വീകരിക്കാവുന്ന ചില പ്രായോഗിക പടികൾ എന്തെല്ലാമാണ്?
നിങ്ങളേത്തന്നെ സംരക്ഷിക്കാനുള്ള മാർഗ്ഗങ്ങൾ
ജലം: നിങ്ങളുടെ പൈപ്പുവെള്ളത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെടാൻ ദൃഢമായ കാരണങ്ങളുണ്ടെങ്കിൽ അത് പരിശോധനക്കു വിധേയമാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങളുടെ വീട്ടിലെ പൈപ്പിൽനിന്നുള്ള വെള്ളത്തിലേക്ക് ഈയം ഊറി വരുന്നുവെങ്കിൽ വളരെ ചെലവേറിയ ഒരു വിപരീത സംസരണ അരിപ്പ മാത്രമേ അതു നീക്കം ചെയ്യാൻ ഫലപ്രദമാകയുള്ളു. സാധാരണ കരി അരിപ്പകൾ ഈയം നീക്കം ചെയ്യുകയില്ല. എങ്കിലും ഏതാനും മിനിററുകൾ വെള്ളം ഒഴുകാൻ അനുവദിക്കുന്നതിനാൽ ഈയാംശം കുറക്കാൻ കഴിയും, വിശേഷിച്ചും അത് കുറേസമയം പൈപ്പുകളിൽ സ്ഥിതിചെയ്തശേഷം. കുടിക്കുന്നതിനോ ഭക്ഷണം പാകംചെയ്യുന്നതിനോ ചൂടുള്ള പൈപ്പുവെള്ളം ഉപയോഗിക്കരുത്, എന്തെന്നാൽ അത് കൂടുതൽ ഈയം ഉൾക്കൊള്ളുന്നു.
ഭക്ഷണം: ഈയം അടിസ്ഥാനപ്പെടുത്തിയുള്ള കവടിയോടുകൂടിയ കളിമൺപാത്രങ്ങൾ വേണ്ടത്ര ഉന്നത ഊഷ്മാവിൽ ചുട്ടെടുത്തതല്ലെങ്കിൽ അപകടമാണ്. അനേക രാജ്യങ്ങൾക്കും പിഞ്ഞാണ നിർമ്മാണം സംബന്ധിച്ച നിയമങ്ങൾ ഇല്ലാത്തതിനാൽ അത്തരമൊരു രാജ്യത്തുനിന്നു പിഞ്ഞാണപാത്രങ്ങൾ വാങ്ങുന്നുവെങ്കിൽ ജാഗ്രത പാലിക്കുക. കളിമൺ പാത്രങ്ങൾ ഭക്ഷണം ശേഖരിച്ചുവെക്കാൻ ഉപയോഗിക്കുന്നത് ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്നതിനേക്കാൾ അപകടകരമാണ്. എന്തുകൊണ്ടെന്നാൽ കൂടുതൽ സമയംകൊണ്ട് കൂടുതൽ ഈയം സ്രവിക്കുന്നു. ഒരു പിഞ്ഞാണപ്പാത്രം ഈയം കലർന്നതോ എന്നു നിങ്ങൾ സംശയിക്കുന്നുവെങ്കിൽ ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗപ്പെടുത്തുന്നതിനു പകരം അതൊരു അലങ്കാര വസ്തുവായി ഉപയോഗിക്കാൻ നിങ്ങൾ താൽപര്യപ്പെട്ടേക്കാം.
പഴങ്ങളും പച്ചക്കറികളും കഴുകുന്നത് അവയുടെമേൽ അടിഞ്ഞുകൂടിയ ഈയധൂളിയുടെ പകുതിയെങ്കിലും നീക്കം ചെയ്യുന്നു. നല്ല പോഷകാഹാരം മറെറാരു സംരക്ഷണോപാധിയാണ്. ഒരു നല്ല സമീകൃതാഹാരം സാധാരണയായി സിങ്ക്, ഇരുമ്പ്, കാൽസിയം ഇവയുടെ ശരിയായ അളവുകൾ നൽകിത്തരുന്നു. ശരീരത്തിലെ ഈയത്തിന്റെ അളവ് താഴ്ത്തി നിർത്താൻ ഇവ സഹായിക്കുന്നു. ഈയംകൊണ്ടുള്ള കളിപ്പാട്ടങ്ങളോ പെയിൻറ്പൊടിയോ പോലുള്ള ഈയവസ്തുക്കൾ ഒന്നും കുട്ടികൾ വായിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കുക. ഈയത്തിന്റെ അംശം വയററിലെത്തിച്ചേരാനിടയാവുന്നത് കളിയായിരിക്കുകയില്ല.
ഇങ്ങനെ ഈയം എന്ന പ്രശ്ന്തതിന് ദൈവത്തിന്റെ പുതിയലോകത്തിൽ ഒരു ശാശ്വത പരിഹാരം പ്രതീക്ഷിക്കുമ്പോൾതന്നെ സ്വയം സംരക്ഷിക്കാൻ ഇപ്പോൾതന്നെ നമുക്ക് സ്വീകരിക്കാവുന്ന ചില പടികളുണ്ട്. (g90 8⁄8)