നിങ്ങൾക്കു ലഭിക്കുന്ന വാർത്തകളിൽ നിങ്ങൾക്ക് ആശ്രയിക്കാൻ കഴിയുമോ?
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയേഴ് മെയ് 10-ാം തീയതി ഫ്രെഞ്ച് വർത്തമാനപ്പത്രമായ ലാ പ്രെസിന്റെ ഒരു വിശേഷാൽപ്പതിപ്പ്, നൺജെസ്സർ, കോളി എന്നിങ്ങനെ രണ്ടു ഫ്രഞ്ചു വൈമാനികർ അററ്ലാൻറിക്കിനു മുകളിലൂടെ നിർത്താതെയുള്ള ആദ്യത്തെ വിജയപ്രദമായ പറക്കൽ നിർവഹിച്ചു എന്ന് റിപ്പോർട്ടുചെയ്തു. ആദ്യത്തെ പേജ് പറന്ന രണ്ടു പേരുടെയും ചിത്രവും അവർ ന്യൂയോർക്കിൽ എത്തിച്ചേർന്നതിന്റെ വിശദവിവരങ്ങളും വിശേഷവൽക്കരിച്ചു. എന്നാൽ ഇതൊരു കെട്ടിച്ചമച്ച കഥയായിരുന്നു. യഥാർത്ഥത്തിൽ ആ വിമാനം നഷ്ടപ്പെടുകയും വൈമാനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
എന്നിട്ടും, വ്യാജ വാർത്താറിപ്പോർട്ടുകൾ മിക്ക ആളുകളും ഒരുപക്ഷേ സംശയിക്കുന്നതിനേക്കാളും വളരെയധികമാണ്. 1983-ൽ ഹിററ്ലറുടേത് എന്ന് വിചാരിക്കപ്പെട്ട സ്വകാര്യമായ കുറിപ്പുകൾ പ്രധാനപ്പെട്ട ആഴ്ചപ്പതിപ്പുകളിൽ, പ്രത്യേകിച്ച് ഫ്രാൻസിലും പശ്ചിമജർമ്മനിയിലും പ്രസിദ്ധീകരിച്ചു. അവ വ്യാജനിർമ്മിതമായിരുന്നു എന്ന് തെളിഞ്ഞു.
സമാനമായി, 1980-ൽ വാഷിംഗടൺ പോസററിൽ ചെറുപ്പക്കാരനായ ഒരു മയക്കുമരുന്നാസക്തനെക്കുറിച്ചുള്ള കഥ പ്രസിദ്ധീകരിച്ചു. ആ വിവരണം എഴുത്തുകാരിക്ക് പത്രപ്രവർത്തകർക്കുള്ള ഐക്യനാടുകളിലെ ഏററവും വലിയ അവാർഡായ പുലിററ്സർ സമ്മാനം നേടിക്കൊടുത്തു. എന്നാൽ പിന്നീട് ആ കഥ മിഥ്യയായിരുന്നു, വ്യാജനിർമ്മിതമായിരുന്നു എന്ന് വെളിപ്പെടുത്തപ്പെട്ടു. ഗവേഷകരുടെ സമ്മർദ്ദം നിമിത്തം എഴുത്തുകാരി തന്റെ രാജി സമർപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: “ഞാൻ എന്റെ വർത്തമാനപ്പത്രത്തോടും എന്റെ ജോലിയോടും പ്രസിദ്ധീകരണ ബോർഡിനോടും സത്യാന്വേഷികളായ എല്ലാവരോടും ക്ഷമ യാചിക്കുന്നു.”
എന്നിരുന്നാലും, ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു സംബന്ധിച്ച സത്യത്തിൽ എത്തിച്ചേരുന്നതിനുള്ള തടസ്സങ്ങൾ വ്യാജനിർമ്മിതവാർത്തകളൊ വ്യാജറിപ്പോർട്ടുകളൊ മാത്രമല്ല.
വാർത്തകളുടെ തിരഞ്ഞെടുപ്പും അവതരണവും
ജേർണലിസ്ററുകളും പത്രാധിപൻമാരും മിക്കപ്പോഴും പൊതുജനങ്ങളെ അതിശയിപ്പിക്കുന്ന, എന്നാൽ യഥാർത്ഥത്തിൽ അർത്ഥം അതായിരിക്കയില്ലാത്ത വാർത്തകൾ തിരഞ്ഞെടുക്കുന്നു. പ്രചാരവും നിരക്കും വർദ്ധിപ്പിക്കുന്നതിനുവേണ്ടി ക്ഷോഭകരമോ കണ്ണുകൾക്കു ആകർഷകമോ ആയവക്ക് മുൻഗണന കൊടുക്കപ്പെടുന്നു. വിനോദങ്ങളിലെയും കളികളിലെയും താരങ്ങൾ, അവർ ചെറുപ്പക്കാർക്ക് ഏതുതരം മാതൃകവെക്കുന്നുവെന്ന് പരിഗണിക്കാതെ വിശേഷവത്ക്കരിക്കപ്പെടുന്നു. അതുകൊണ്ട് അവരിലൊരാൾ ഒരു കാമുകിയെ തിരഞ്ഞെടുക്കുകയൊ വിവാഹം കഴിക്കുകയൊ മരിക്കുകയൊ ചെയ്യുന്നുവെങ്കിൽ മിക്കപ്പോഴും അതു വാർത്തയായിത്തീരുന്നു.
ടെലിവിഷൻ വാർത്തകൾ സാധാരണയായി കാഴ്ചക്കു ആകർഷകമായ വിഷയങ്ങൾ വിശേഷവത്ക്കരിക്കുന്നു. ഒരു പ്രമുഖ ടെലിവിഷൻ ബ്രോഡ്കാസ്ററിംഗ് സ്ഥാപനത്തിന്റെ മേധാവി, “പ്രക്ഷേപണത്തിൽ—പ്രേക്ഷകനെ ഓരോ കഥയിലും കുരുക്കിലകപ്പെടുത്തുന്നതിന് വീര്യംകെടുത്തുന്ന, ക്ഷോഭകരങ്ങളായ നിമിഷങ്ങൾ താൻ ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചു” എന്ന് ടിവി ഗൈഡ മാസിക റിപ്പോർട്ടുചെയ്തു. നിശ്ചയമായും, പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനേക്കാൾ ഉപരി സാധാരണയായി പ്രേക്ഷകരെ ആകർഷിക്കുന്നതിനാണ് കൂടുതൽ പരിഗണന.
സംഭവങ്ങൾ ചിത്രീകരിക്കുന്ന രീതി മുഴുചിത്രവും പ്രദാനം ചെയ്യുന്നതിൽ പരാജയപ്പെട്ടേക്കാം. ഒരു ദൃഷ്ടാന്തത്തിന്, ലീമോൺഡി എന്ന ഫ്രഞ്ച് ദിനപ്പത്രത്തിന്റെ ഒരു പ്രതിവാര അനുബന്ധം, “കേവലം പതിനഞ്ചുദിവസങ്ങൾക്കുള്ളിൽ (ഫ്രാൻസിൽ) മൂന്നു ടെലിവിഷൻ സെററുകൾ പൊട്ടിത്തെറിച്ചതായി” പറഞ്ഞു. ഇത് ഏതോ അസാധാരണസംഭവമായിട്ടാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും ആ 15-ദിവസകാലഘട്ടത്തിനുള്ളിൽ പൊട്ടിത്തെറിച്ച ടെലിവിഷൻ സെററുകളുടെ എണ്ണം യഥാർത്ഥത്തിൽ സാധാരണയിൽ കുറവായിരുന്നു.
കൂടാതെ പ്രധാനപ്പെട്ട വാർത്തകൾ ചിലപ്പോൾ ഒരു മുൻവിധിയോടെ അവതരിപ്പിക്കപ്പെട്ടേക്കാം. ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയപ്രവർത്തകരും മിക്കപ്പോഴും “നിങ്ങളുടെ ചിന്തയെ സ്വാധീനിക്കുന്നതിനുവേണ്ടി വാർത്തകൾ വളച്ചൊടിച്ചുകൊണ്ട് മാദ്ധ്യമങ്ങളിൽകൂടി തങ്ങളുടെ വഞ്ചനകൾ പ്രചരിപ്പിക്കുന്നു” എന്ന് പരേഡ മാസിക റിപ്പോർട്ടുചെയ്യുന്നു. “അവർ മുഴു സത്യത്തിനും പകരം തിരഞ്ഞെടുത്ത വസ്തുതകൾ കൈകാര്യംചെയ്യുന്നു.”
ഇത് അനേകം വാർത്താനിരൂപകരെയും അലട്ടുന്നു. ഫ്രഞ്ച് എൻസൈക്ലോപ്പീഡിയാ യൂണിവേഴസലിസ ഇപ്രകാരം പറയുന്നു: “1980-കളുടെ അവസാനം മുതൽ വിദഗ്ദ്ധരും സാധാരണക്കാരും തെരുവിലെ മനുഷ്യരും പൊതുനേതാക്കളും പ്രധാന മാദ്ധ്യമങ്ങളെ, പ്രത്യേകിച്ച് ടെലിവിഷനെ, എല്ലാവശങ്ങളിലും, പറയപ്പെട്ടവക്കും പറയപ്പെടാത്തവക്കും, പറഞ്ഞ വിധം സംബന്ധിച്ചും, വിവിധ വ്യംഗ്യസംസാരങ്ങളെ സംബന്ധിച്ചും കുററംവിധിച്ചുകൊണ്ടിരിക്കുന്നു.”
ലോകവ്യാപകമായ അളവിൽ സ്വതന്ത്രമായ വാർത്താകൈമാററവും ഒരു പ്രശ്നമാണ്, അത് യുനെസ്കോയിലെ (യുണൈററഡ് നേഷൻസ് എഡ്യൂക്കേഷണൽ, സൈൻറിഫിക്ക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ) ഒരു ചൂടുപിടിച്ച വാദപ്രതിവാദത്തിന്റെ വിഷയമായിരുന്നു. വികസ്വര രാഷ്ട്രങ്ങൾ, അത്യാഹിതങ്ങളൊ ഗൗരവതരമായ രാഷ്ട്രീയ പ്രശ്നങ്ങളൊ സംഭവിക്കുമ്പോൾ മാത്രമേ തങ്ങളെ പരാമർശിക്കുന്നുള്ളു എന്ന് പരാതി പറയുന്നു. ലീ മോൺഡി എന്ന ദിനപ്പത്രത്തിലെ ഒരു ലേഖനം, ചില പ്രസ്സ് ഏജൻസികൾ ദക്ഷിണാർദ്ധഗോളത്തിലെ രാജ്യങ്ങളെക്കുറിച്ചുള്ളതിനേക്കാൾ വളരെയധികമായി ഉത്തരാർദ്ധഗോളത്തിലുള്ളവയെ സംബന്ധിച്ച വാർത്തകൾ വഹിക്കുന്നതായി പറഞ്ഞശേഷം ഇപ്രകാരം കൂട്ടിച്ചേർത്തു: “ഇത് വികസ്വര രാഷ്ട്രങ്ങളിലേതുപോലെതന്നെ വ്യവസായവൽകൃത രാഷ്ട്രങ്ങളിലെയും പൊതുജനാഭിപ്രായത്തെ ബാധിക്കുന്ന ഗൗരവമായ ഒരു അസമത്വത്തിന് ഇടയാക്കിയിരിക്കുന്നു.”
സമ്മർദ്ദ സംഘങ്ങൾ
പരസ്യക്കാർ ന്യൂസ് എഡിററർമാരുടെമേൽ ചെലുത്തുന്ന സമ്മർദ്ദം പൊതുജനത്തിനു ലഭിക്കുന്ന വാർത്തയെ പിന്നേയും ബാധിക്കുന്നു. 1940കളിൽ ഒരു യു.എസ്സ്. മാസിക, സംഗീതത്തിൽ ഗിത്താർ ഉപയോഗിക്കുന്നതിന്റെ പ്രയോജനങ്ങൾ കാണിച്ചുകൊണ്ടുള്ള ഒരു ലേഖനം പ്രസിദ്ധീകരിച്ചപ്പോൾ പിയാനോ നിർമ്മാതാക്കളിൽനിന്നുള്ള പരസ്യങ്ങൾ അതിന് നഷ്ടപ്പെട്ടു. പിന്നീട് ആ മാസികയിൽ പിയാനോയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു മുഖപ്രസംഗം പ്രസിദ്ധീകരിച്ചു! അതുപോലെ, സിഗറററ് പരസ്യങ്ങൾ വരുമാനത്തിന്റെ ഒരു മുഖ്യ ഉറവിടമായിരിക്കുന്ന മാസികകളുടെ എണ്ണത്തിന്റെ വീക്ഷണത്തിൽ പുകവലിയുടെ അപകടങ്ങളെ തുറന്നുകാട്ടിക്കൊണ്ടുള്ള ലേഖനങ്ങളുടെ കുറവ് അതിശയമായിരിക്കരുത്.
സമ്മർദ്ദത്തിന്റെ മറെറാരു വശം വായനക്കാരൊ വീക്ഷകരൊ തന്നെ ഉൾപ്പെടുന്നതാണ്. ജനസമ്മതിയുള്ള ഒരു ഫ്രഞ്ച് റേഡിയോ സ്റേറഷന്റെ മുൻ ഡയറക്ടറായിരുന്ന റെയ്മോണ്ട് കാസ്ററൺസ്, ശ്രോതാക്കൾ ഭൂരിപക്ഷവും യാഥാസ്ഥിതികരായിരുന്നുവെന്നും അതുകൊണ്ട് അവരെ അസ്വസ്ഥരാക്കാതിരിക്കാൻ ജാഗ്രതപുലർത്തണമായിരുന്നു എന്നും വിശദീകരിച്ചു. അതുകൊണ്ട് ഒരു പ്രത്യേക മതം പ്രബലപ്പെട്ടിരിക്കുന്ന ഒരു രാജ്യത്തിൽ, അതിനെസംബന്ധിച്ചുള്ള അരുചികരമായ വസ്തുതകളെ ഒതുക്കുന്നതിൽ അല്ലെങ്കിൽ ലാഘവപ്പെടുത്തുന്നതിൽ അതിശയിക്കണമോ?
മാദ്ധ്യമങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾക്ക് മതിയായ ശ്രദ്ധ നൽകപ്പെടുന്നില്ല എന്ന് വിചാരിക്കുന്ന തീവ്രവാദിസംഘടനകളും അല്ലെങ്കിൽ വ്യക്തികളും കൂടെ സമ്മർദ്ദങ്ങൾ ചെലുത്തുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഇററലിയിലെ മുൻപ്രധാനമന്ത്രിയായിരുന്ന ആൽഡോ മോറോയെ തട്ടിക്കൊണ്ടുപോയ ഭീകരർ, തങ്ങളുടെ അവകാശവാദങ്ങൾക്ക് ടെലിവിഷനിലും റേഡിയോയിലും ഇററലിയിലെ വർത്തമാനപ്പത്രങ്ങളിലും പൂർണ്ണമായി സ്ഥാനംനൽകണമെന്ന് നിർബന്ധംപിടിച്ചു. സമാനമായി വിമാനങ്ങൾ തട്ടിക്കൊണ്ടുപോകുകയും ആളുകളെ ബന്ദികളായി പിടിക്കുകയുംചെയ്യുന്ന ഭീകരർ ടെലിവിഷനിലെ മുഖ്യവാർത്തയിൽ വരികയും അങ്ങനെ അവർ തേടുന്ന പരസ്യം നേടുകയും ചെയ്യുന്നു.
ചിലപ്പോൾ പത്രക്കാർ സുസ്ഥാപിത വ്യവസ്ഥിതികളോടും അഭിപ്രായങ്ങളോടും അനുരൂപപ്പെട്ട് അവയെ നിലനിർത്തുന്നതായി കുററപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഏററവുമധികം വായനക്കാരെ അല്ലെങ്കിൽ ശ്രോതാക്കളെ ലഭിക്കാൻ ശ്രമിക്കുന്ന ഒരു വ്യവസായം, അവർ സേവിക്കുന്ന ആളുകളിൽ ഭൂരിപക്ഷത്തിന്റെയും ആശയങ്ങൾക്കും വീക്ഷണങ്ങൾക്കും എതിരായവ പ്രചരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയുമോ?
അനേകം രാജ്യങ്ങളിൽ വിലക്കയററം, ചെറിയ ഗ്രൂപ്പുകളുടെ കൈകളിലൊ ഒററ വ്യക്തിയുടെ കൈകളിൽപ്പോലുമൊ ആയിത്തീരുന്ന “പ്രസ്സ് സാമ്രാജ്യങ്ങൾ” രൂപവൽക്കരിക്കപ്പെട്ടുകൊണ്ട് ദിനപ്പത്രങ്ങൾ സംയോജിക്കാൻ ഇടയായിട്ടുണ്ട് എന്നത് ഒരു ബന്ധപ്പെട്ട പ്രശ്നമാണ്. ഉടമസ്ഥരുടെ എണ്ണം തുടർച്ചയായി കുറയുകയാണെങ്കിൽ അത് പ്രസിദ്ധപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളുടെ വൈവിദ്ധ്യത്തെ പരിമിതപ്പെടുത്തും.
പൊതുജനങ്ങളുടെയിടയിലെ സ്വാധീനം
വാർത്താമാദ്ധ്യമങ്ങൾ സാമൂഹ്യമൂല്യങ്ങളെ കരുപ്പിടിപ്പിക്കുന്നതിനും സംഭാവനചെയ്തിട്ടുണ്ട് എന്നതിന് സംശയമില്ല. ഏതാനും വർഷങ്ങൾ മാത്രം മുമ്പ് തിരസ്കരിക്കപ്പെടുമായിരുന്ന ധാർമ്മികനിലവാരങ്ങളും ജീവിതരീതികളും സ്വീകാര്യമായി അവതരിപ്പിക്കുന്നതിനാലാണ് ഇതു ചെയ്യപ്പെടുന്നത്.
ദൃഷ്ടാന്തത്തിന്, 1980കളുടെ ആരംഭത്തിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മദ്ധ്യവയസ്കൻ, അപ്പോൾ കാലിഫോർണിയായിലെ സാൻഫ്രാൻസിസ്കോയിൽനിന്ന് അധികം അകലെയല്ലാതെ താമസിച്ചിരുന്ന തന്റെ പിതാവുമായി സ്വവർഗ്ഗരതിയെസംബന്ധിച്ച് ഒരു ചർച്ച നടത്തി. ആ പിതാവ്, കുറെ കാലങ്ങൾക്കുമുമ്പ് സ്വവർഗ്ഗസംഭോഗശീലം സംബന്ധിച്ച് അത് ഞെട്ടിക്കുന്നതാണെന്നുള്ള തന്റെ വീക്ഷണം തന്റെ മകനോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ദശാബ്ദങ്ങൾക്കുശേഷം വാർത്താമാദ്ധ്യമങ്ങളാൽ സ്വാധീനിക്കപ്പെട്ട്, പ്രായംചെന്ന പിതാവ് സ്വവർഗ്ഗരതി ഒരു വ്യത്യസ്തമായ അംഗീകൃത ജീവിതരീതിയാണെന്ന് വാദിച്ചു.
ദി എൻസൈക്ലോപ്പീഡിയാ ഓഫ സോഷ്യോളജി (ഫ്രെഞ്ച്) ഇപ്രകാരം തറപ്പിച്ചുപറയുന്നു: “റേഡിയോയും ടെലിവിഷനും . . . പുതിയ ആശയങ്ങൾ നന്നായി മനസ്സിൽ പതിപ്പിക്കുകയും പുതുമയുള്ളതൊ കുഴപ്പം ഉളവാക്കുന്നതൊ ആയ ചായ്വുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. ക്ഷോഭകരമായ വാർത്തകൾക്കുള്ള അഭിരുചിനിമിത്തം അത്തരം മാദ്ധ്യമങ്ങൾ ആരംഭംമുതൽ അവയെ പെരുപ്പിക്കുകയും അവയുടെ പ്രാധാന്യത്തെ പർവതീകരിക്കുകയും ചെയ്യുന്നു.”
നാം മാദ്ധ്യമങ്ങളാൽ നമ്മുടെ മൂല്യങ്ങൾ കരുപ്പിടിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നമുക്ക് എന്തു ചെയ്യാൻ കഴിയും? നാം ബൈബിളിൽ കാണുന്ന ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം അനുസരിക്കണം. ഇതിനു കാരണം ചരിത്രത്തിലെ ഏതു സമുദായത്തിനും ഏതു കാലത്തും അതിന്റെ നിലവാരങ്ങളും തത്വങ്ങളും മൂല്യവത്തായി നിലകൊള്ളുന്നു എന്നതാണ്. കൂടാതെ, അവ ആധുനികലോകത്തെ ജനസമ്മതിയുള്ള ആശയങ്ങളാലല്ല ദൈവത്തിന്റെ നിലവാരങ്ങളാൽ രൂപപ്പെടുത്തപ്പെടേണ്ടത് എത്ര പ്രധാനമാണെന്ന് ഗ്രഹിക്കാൻ നമ്മെ സഹായിക്കുന്നു.—യെശയ്യാവ് 48:17; റോമർ 12:2; എഫേസ്യർ 4:22-24.
കൂടാതെ, സാധാരണയായി മാദ്ധ്യമങ്ങളുടെ ശ്രദ്ധയിൽപെടാത്ത വാർത്തകളുടെ ഒരു പ്രധാന വശത്തെ തിരുവെഴുത്തുകൾ വിശദീകരിക്കുന്നു. നമുക്ക് ഈ വശം അടുത്ത ലേഖനത്തിൽ പരിശോധിക്കാം. (g90 8⁄22)
[26-ാം പേജിലെ ചിത്രം]
തീവ്രവാദപ്രസ്ഥാനങ്ങൾക്ക് അവ ആഗ്രഹിക്കുന്ന പരസ്യം ലഭിക്കുന്നു
[കടപ്പാട്]
Photo ANSA