ഒളിച്ചു കളി നടത്തുന്ന കാട്ടു പൂച്ച
സുറിനാമിലെ “ഉണരുക!” ലേഖകൻ
ഒരു കാട്ടുവഴിയിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു ഞാനും എന്റെ ഭാര്യയും ആദ്യമായി ഒളിച്ചുകളി നടത്തുന്ന ഈ പൂച്ചയെ കണ്ടത്. “നോക്കൂ!” ഞങ്ങളുടെ ജീപ്പ് ഒരു വളവു തിരിഞ്ഞപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു. ഞങ്ങൾ ഒരു പെനിററിഗ്രിയെ മുഖാമുഖം കണ്ടു. സുറിനാമിൽ ഒരു പുള്ളിപ്പുലിയെ ഞങ്ങൾ അങ്ങനെയാണ് വിളിക്കുന്നത്. മഞ്ഞയും തവിട്ടും കലർന്ന അതിന്റെ രോമപാളി പുതുതായി ചായം പൂശിയതുപോലെ തിളങ്ങുന്നുണ്ടായിരുന്നു. അസ്തമന സൂര്യൻ അതിന്റെ നിറങ്ങൾക്ക് പകിട്ടു വർദ്ധിപ്പിച്ചു: തങ്ക നിറവും ചുവപ്പും തവിട്ടും. കവിൾത്തടവും നെഞ്ചും ഉദരവും മങ്ങിയ വയ്ക്കോൽ നിറം. ശരീരത്തിൽ എല്ലായിടത്തും തന്നെ കാണപ്പെട്ട പല വലിപ്പത്തിലും രൂപത്തിലുമുള്ള കറുത്ത പൊട്ടുകളായിരുന്നു ഏററം ശ്രദ്ധേയമായത്.
കൊളംബസിന്റെ കാലത്തിനു മുമ്പുള്ള ഇൻഡ്യൻ വംശജർ ഈ പുള്ളിപ്പുലിയുടെ രൂപലാവണ്യത്തിൽ ആകൃഷ്ടരായി അതിനെ ഒരു ദൈവമായി കണക്കാക്കിയിരുന്നു! അതിന്റെ പുള്ളിക്കുപ്പായം നക്ഷത്രനിബിഡമായ ആകാശത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് അവർ പറഞ്ഞിരുന്നു. ദക്ഷിണ അമേരിക്കൻ മൃഗങ്ങൾക്കിടയിലെ അജയ്യ രാജനായി ഇന്നും അനേകർ പുള്ളിപ്പുലിയെ കരുതുന്നു. വാൽ ഉൾപ്പെടുത്താതെ അളന്നാൽ ആറ് അടി [1.8 മീററർ] നീളം വരുന്ന ഒരു ആൺ പുലിക്ക് 250 റാത്തൽ [110 കിലോഗ്രാം]a തൂക്കമുണ്ട്. അതിന്റെ ഉരുണ്ട തലയിൽനിന്നും ദൃഢപേശിയുള്ള കഴുത്തിൽനിന്നും വീപ്പക്കുററിപോലുള്ള ഉടലിൽ നിന്നും കുറിയതും കരുത്തുററതുമായ കാലിൽനിന്നും വലിപ്പമുള്ള കൈപ്പത്തിയിൽനിന്നും ഗംഭീരമായ ശക്തി വഴിഞ്ഞൊഴുകുന്നു.
എന്നാൽ ഞങ്ങളുടെ പുള്ളിപ്പുലി കറുത്ത പൊട്ടുകളുള്ള വാൽ ഉയർത്തിപ്പിടിച്ചുകൊണ്ട് സാവകാശം നടന്നു നീങ്ങി. കുററിച്ചെടികൾക്കിടയിൽ അതു നിലയുറപ്പിച്ചു. അതിന്റെ കറുത്ത പൊട്ടുകൾ നിഴൽപാടുകൾ പോലെ, അത് വെയിലേററു നിൽക്കുന്ന ചുററുപാടിൽ ഇഴുകിചേർന്നപ്പോൾ “എത്ര നല്ല പ്രച്ഛന്ന വേഷം!” ഞങ്ങൾ അടക്കം പറഞ്ഞു.
ഒളിസ്ഥലങ്ങളിൽ കഴിയാൻ ഇഷ്ടപ്പെടുന്നതിനാൽ പുള്ളിപ്പുലിയെ വിരളമായേ കാണാൻ കിട്ടുകയുള്ളു. സുറിനാമിന്റെ 80 ശതമാനവും ഉഷ്ണമേഖലാവനമായതിനാൽ അതു പുള്ളിപ്പുലികൾക്കും ഏററം യോജിച്ച നാടാണ്.
‘സന്ദർശന കാർഡുകൾ’ ഇട്ടിട്ടു പോകുന്നു
എന്നിരുന്നാലും പുള്ളിപ്പുലി അതിന്റെ സന്ദർശന കാർഡുകൾ നാട്ടിലെല്ലാം ഇട്ടിട്ടുപോകുന്നു. “ഞാൻ അവയുടെ പാദമുദ്രകൾ അററ്ലാൻറിക് തീരത്തെ ചെളിമണ്ണിൽ കണ്ടിട്ടുണ്ട്” ഒരു വനവാസി പിന്നീട് എന്നോട് പറഞ്ഞു. “ബ്രസ്സീലിന്റെ അതിർത്തിയിലും അവയുടെ നഖപ്പാടുകളുള്ള മരങ്ങൾ ഞാൻ കാണാനിടയായിട്ടുണ്ട്.” പുള്ളിപ്പുലികൾ തങ്ങളുടെ സ്വന്തം പ്രദേശത്തിന് അതിരുകൾ ഇടുന്നത് അങ്ങനെയാണെന്ന് ചിലർ പറയുന്നു.
“അതു ശരിയാണ്,” വനസഞ്ചാരികളുടെ ഗൈഡായി സേവിച്ചിട്ടുള്ള 83 വയസ്സുകാരൻ ജെയിംസ് ബ്രൗൺ പറയുന്നു. “ഒരു പെനിററിഗ്രി ഞങ്ങളുടെ മുമ്പേ പോയിട്ടുണ്ട് എന്ന് വിളിച്ചറിയിക്കുന്ന നഖപ്പാടുകൾ മരങ്ങളിൽ ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്.” തങ്ങളുടെ നഖങ്ങൾക്ക് മൂർച്ച കൂട്ടാനും പുള്ളിപ്പുലികൾ മരപ്പട്ട മാന്തിക്കീറും.
“ഞാൻ ഇവിടം സന്ദർശിച്ചു” എന്നതിന് പുള്ളിപ്പുലികൾ അടയാളം ഇടുന്ന മറെറാരു രീതി അവയുടെ മണം പരത്തുകയും കാഷ്ഠമിടുകയും ചെയ്യുക എന്നതാണ്. ഡോക്ടർ അലൻ റാബിനോവിററ്സ് ഈയിടെ പുള്ളിപ്പുലികളെ സംബന്ധിച്ചുള്ള ഒരു രണ്ടു വർഷത്തെ പഠനം പൂർത്തിയാക്കി. ഒരു പുള്ളിപ്പുലി മിക്കപ്പോഴും 15 മുതൽ 40 വരെ ചതുരശ്ര മൈൽ [40-100 ച. കി. മീ.] വിസ്തീർണ്ണമുള്ള ഒരു നിബിഢ വനപ്രദേശം സ്വന്തമായി അതിരിട്ടു തിരിച്ചെടുക്കുന്നു. പര്യവേഷണം നടത്തുന്ന സഞ്ചാരികൾ പുള്ളിപ്പുലികളുടെ ജീവിതം സംബന്ധിച്ച് അൽപ്പമേ മനസ്സിലാക്കിയിട്ടുള്ളു എന്നത് അതിശയമല്ല! അവരുടെ കണ്ടുപിടുത്തങ്ങൾ എല്ലാം കൂടെ ഒന്നിച്ചുചേർക്കുമ്പോൾ അത്യാകർഷകമായ ഒരു ചിത്രമാണ് തെളിഞ്ഞുവരുന്നത്. അതു ചുരുൾ നിവരുന്നത് എങ്ങനെയെന്ന് കാണുക.
പുള്ളിപ്പുലികളുടെ ലോകത്തിലേക്ക് ഒരു എത്തിനോട്ടം
നേരം സന്ധ്യയാകുന്നു. മൂളുന്ന ഷട്പദങ്ങളുടെയും പാടുന്ന പക്ഷികളുടെയും ആക്രോശിക്കുന്ന കുരങ്ങൻമാരുടെയും ശബ്ദം നമ്മുടെ ചുററിലും കേൾക്കാം. എന്നാൽ ശ്രദ്ധിക്കൂ! ഭീതിപ്പെടുത്തുന്ന പരുക്കൻ മുറുമുറുപ്പ് മരങ്ങൾക്കിടയിലൂടെ അരിച്ചു വരുന്നു. തുടർന്ന് ഭയാനകമായ നിശബ്ദത. കുതിച്ചുപായുന്ന മൃഗങ്ങളും ചൂളംവിളിച്ചു പായുന്ന പക്ഷികളും ചിതറിയോടുന്നു. സിംഹത്തിന്റെ അലർച്ചപോലെ പേടിപ്പെടുത്തുന്ന മുറുമ്മൽ ഒരു വട്ടം കൂടെ കേൾക്കുന്നു! കരുത്തനായ ഒരു ആൺപുലി മറനീക്കി പ്രത്യക്ഷപ്പെടുന്നു.
ഇത് അവന്റെ രാജ്യമാണ്—നദീതീരത്തെ വനവും ചതുപ്പുനിലങ്ങളും. മാർജ്ജാര വർഗ്ഗത്തിൽപെട്ട എല്ലാ വലിയ മൃഗങ്ങളിലുംവെച്ച് വെള്ളത്തിൽ ഏററവും അധികം പരിചയമുള്ളത് പുള്ളിപ്പുലിക്കാണ്. വാസ്തവത്തിൽ വിനോദത്തിനും ബിസിനസ്സിനും അവന് വെള്ളം അത്യാവശ്യമാണ്—മത്സ്യബന്ധന ബിസിനസ്സ്. നദിക്കരെയുള്ള തന്റെ മീൻപിടുത്തകേന്ദ്രത്തിലേക്ക് അവൻ നീന്തുന്നു, തലയും മുതുകും വാലും വെള്ളത്തിനുമുകളിൽ പിടിച്ചുകൊണ്ട് വളരെ വിദഗ്ദ്ധമായ രീതിയിൽ ഏതാണ്ട് നേർവരയിൽത്തന്നെ അവൻ തുഴഞ്ഞു നീങ്ങുന്നു. “പുള്ളിപ്പുലികൾ വളരെ നന്നായി നീന്തും,” ഒരു വനപര്യവേഷകനായ ഹെയിൻസ് ഹെയിഡ് എന്നോടു പറഞ്ഞു. “അവ വളരെ വേഗത്തിൽ നീന്തുന്നതിനാൽ അവ വില്ലാകൃതിയിലുള്ള തരംഗങ്ങൾ സൃഷ്ടിക്കുന്നു. അവ വെള്ളച്ചാട്ടങ്ങൾക്ക് കുറുകെ കടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.”
നദി കുറുകെ കടന്നു കഴിഞ്ഞാൽ പുള്ളിപ്പുലി കരക്കുകയറി ദേഹത്തുനിന്ന് വെള്ളം കുടഞ്ഞുകളയുന്നു. അവൻ നദിയിലേക്കു ചാഞ്ഞുകിടക്കുന്ന ഒരു വൃക്ഷകാണ്ഡത്തിൽ കയറി വെള്ളത്തിന്റെ ആഴത്തിലേക്ക് തുളച്ചുകടക്കാൻ ആഗ്രഹിക്കുന്ന നോട്ടവുമായി വെള്ളത്തിൽ കണ്ണുംനട്ട് പമ്മിക്കിടക്കുന്നു. എന്നിട്ട് മിന്നൽവേഗത്തിൽ കൂർത്ത നഖങ്ങളുള്ള കൈപ്പത്തികൊണ്ട് ചെതുമ്പലുള്ള തന്റെ ഇരയെ കോരിയെടുക്കുന്നു.
“ചന്ദ്രികയുള്ള ഒരു രാത്രിയിൽ,” മി. ഹെയിഡ് അനുസ്മരിക്കുന്നു, “ഒരു പുള്ളിപ്പുലി മൂന്നടി [ഒരു മീററർ] നീളമുള്ള അഞ്ചോമാരാകളെ [ഒരിനം മത്സ്യം] കോരിയെറിയുന്നതു ഞാൻ കണ്ടു. ഏറിന്റെ ശക്തികൊണ്ട് അവ വായുവിലൂടെ പറന്ന് പുലിയുടെ 15 അടി [5 മീററർ] പിന്നിലായിട്ടാണ് അലച്ചുവീണത്. പുള്ളിപ്പുലികൾ അവിശ്വസനീയമാംവണ്ണം കരുത്തരാണ്!” “ഒരു പുള്ളിപ്പുലി ഭീമാകാരനായ ഒരു എയററ് കാൻറിയെ [ഒരിനം ആമ] 4 മീററർ ദൂരത്തേക്ക് കോരി എറിഞ്ഞതിന്റെ അടയാളം ഞാൻ കണ്ടു” എന്ന് പുലികളെ വനത്തിൽ നിരീക്ഷിച്ചിട്ടുള്ള ജീവശാസ്ത്രജ്ഞനായ പീററർ ററ്യൂണിസൻ പറഞ്ഞിരിക്കുന്നു.
പുള്ളിപ്പുലി കരുത്ത് മാത്രമല്ല മററു പല പ്രാപ്തികളും ഉള്ളവനാണ്. അവൻ മൂന്നു വ്യത്യസ്ത ചുററുപാടുകളിലും വിദഗ്ദ്ധ വേട്ടക്കാരനാണ്, വെള്ളത്തിലും കരയിലും മരത്തിലും. വെള്ളത്തിലൂടെ നടക്കുമ്പോഴും മരത്തിൽ പിടിച്ചു കയറുമ്പോഴും അവന്റെ നഖങ്ങൾ പർവതാരോഹകന്റെ കൂർത്ത ആണികളുള്ള ചെരിപ്പുപോലെ കാൽ വഴുതാതെ അവനെ സഹായിക്കുന്നു. കരയിലാകട്ടെ ശബ്ദം ഒട്ടും പുറപ്പെടുവിക്കാത്ത കാലുമായിട്ടു നടക്കുന്നതിന് അവൻ നഖങ്ങൾ ഉള്ളിലേക്ക് വലിക്കുന്നു. ഇരപിടിക്കാൻ പററിയ പാദങ്ങൾ തന്നെ.
എന്നാൽ ഒരു വേട്ടക്കാരന് ക്ഷമയും വേഗതയും സമയ ക്ലിപ്തതയും ആവശ്യമാണ്. സ്വന്തമായി ഇര പിടിക്കാൻ കഴിയുന്നതിന് ഒരു പുലിക്കുട്ടിക്ക് അമ്മയിൽനിന്നുള്ള രണ്ടു വർഷത്തെ പരിശീലനം ആവശ്യമായിരിക്കുന്നത് അതിശയമല്ല! ആറ് ആഴ്ചകൾ കഴിയുമ്പോൾ തന്നെ പുലിക്കുട്ടികൾ അമ്മയോടൊപ്പം സഞ്ചരിച്ചു തുടങ്ങുന്നു. എന്നാൽ അവൾ ഇരപിടിക്കാൻപോകുമ്പോൾ അവ വള്ളിക്കാടുകളിൽ ഒളിച്ചു കിടക്കും.
കരണ്ടു തിന്നുന്ന ജന്തുക്കളിൽവെച്ച് ലോകത്തിലെ ഏററം വലിയ ഇനമായ കാപ്പിബാറാഡിന്റെ ഒരു കൂട്ടത്തെ കണ്ടെത്തുന്നതുവരെ അവൾ നദീതീരത്തുകൂടെ ശ്രദ്ധാപൂർവവും സാവകാശവും നീങ്ങുന്നു. അവൾ ഇഞ്ചിഞ്ചായി ഇഴഞ്ഞു നീങ്ങുന്നു, ഇരയുടെമേൽ ദൃഷ്ടി പതിപ്പിച്ച് അനങ്ങാതെ കിടക്കുന്നു. വാലിന്റെ അററം ഒഴിച്ചാൽ അവളുടെ ശരീരം ചലനമററ നിലയിലാണ്. എന്നാൽ അവളുടെ സാന്നിദ്ധ്യം മനസ്സിലാക്കിയ കാപ്പിബാറാകൾ വെള്ളത്തിലേക്ക് ഊളിയിടുന്നു. പുള്ളിപ്പുലികൾക്ക് അത്തരം പരാജയം നന്നേ വിരളമാണ്. മിക്കപ്പോഴും പുലികൾക്ക് അവയെ പിടികൂടാൻ കഴിയുന്നതിനാൽ കാപ്പിബാറാകളെ “പുള്ളിപ്പുലികളുടെ അനുദിനാഹാരം” എന്ന് വിളിക്കുന്നു.
ഉപവിഭവങ്ങളോ? ധാരാളമുണ്ട്. ചെറിയ എലിപ്പന്നി മുതൽ തടിച്ചുകൊഴുത്ത ററാപ്പിർ വരെ, മുള്ളൻപന്നികളും ആമകളും മുതലകളും പോലും സുരക്ഷിതരല്ല. ചിലപ്പോഴൊക്കെ പുലികൾ വനം വിട്ട് മേച്ചിൽപ്രദേശങ്ങളിലേക്കും കടന്നുവരുന്നു. “കഴിഞ്ഞ ദിവസം ഒരു പശുവിനെയും കിടാവിനെയും ഒരു പുലി ആക്രമിച്ചു” എന്ന് റോണി ക്രാനൻബർഗ് എന്ന മൃഗ ഡോക്ടർ പറയുന്നു. “അതു സംഭവിച്ചത് പട്ടണത്തിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയാണ്.” എന്നാൽ ഈ ആക്രമണങ്ങൾ മിക്കപ്പോഴും ചെറുപ്പക്കാരായ എതിരാളികളാൽ പുറന്തള്ളപ്പെടുന്ന പ്രായമേറിയ പുലികളൊ വെടിയേററ് അവശ നിലയിലായ മൃഗങ്ങളൊ ഉൾപ്പെട്ടവയാണ്.
പുലികൾ മനുഷ്യരെ ആക്രമിക്കാറില്ലേ? “ഇല്ല, അതു വളരെ വിരളമാണ്” എന്ന് മേൽപറഞ്ഞ മൃഗഡോക്ടർ പറയുന്നു. ജീവശാസ്ത്രജ്ഞനായ ററ്യൂണിസെൻ അതിനോട് യോജിക്കുന്നു. കടലാമകളെ സംബന്ധിച്ചുള്ള ഒരു ഗവേഷണത്തിൽ സഹായിക്കുന്നതിനിടയിൽ സമുദ്രതീരത്തു കൂടെ നടന്നത് അദ്ദേഹം ഓർമ്മിക്കുന്നു. തിരികെ വരുമ്പോൾ തന്റെ പാദമുദ്രകൾക്കു മുകളിൽ ഒരു പുലിയുടെ പാദങ്ങൾ പതിഞ്ഞിരിക്കുന്നതായി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന റേറാർച്ചുലൈററ് വെളിപ്പെടുത്തി. ഒരു പുലി അദ്ദേഹത്തെ അടുത്തു പിന്തുടരുന്നുണ്ടായിരുന്നു! എന്നാൽ ആ ജീവശാസ്ത്രജ്ഞൻ തിരികെ വന്നപ്പോൾ ഉപദ്രവിക്കുന്നതിനു പകരം പെട്ടെന്നുതന്നെ പുലി അപ്രത്യക്ഷമായി.
“അവ ആമകളെ ആക്രമിക്കാറുണ്ട്,” ററ്യൂണിസെൻ പറയുന്നു, “അതുകൊണ്ട് രാത്രികാലങ്ങളിൽ ആമമുട്ടകൾ മാന്തിയെടുത്തിരുന്നപ്പോൾ എനിക്ക് അൽപ്പം അസ്വസ്ഥത അനുഭവപ്പെട്ടു. മണൽ വീഴുന്നതിന്റെ ശബ്ദം ആമകൾ മണൽ മാന്തുമ്പോഴത്തേതുപോലെ തന്നെയാണ്. എനിക്ക് ആകെകൂടെ ചെയ്യാമായിരുന്നത് ആമകൾ റേറാർച്ചുലൈററുമായി വരികയില്ല എന്ന് പുലികൾക്ക് അറിയാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഇടക്കിടെ റേറാർച്ച് മിന്നിക്കുക മാത്രമായിരുന്നു.
കള്ളക്കടത്ത്
എന്നാൽ പുള്ളിപ്പുലികൾക്ക് മനുഷ്യരിൽനിന്നുള്ള ഭീഷണി സംബന്ധിച്ചെന്ത്? വന്യജീവികളുടെ കച്ചവടം നിയന്ത്രിക്കാനുള്ള സംഘടനയായ അപകടത്തിലായിരിക്കുന്ന വന്യജീവജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര സംഘത്തിന്റെ സെക്രട്ട്രറി ജനറലാണ് ജാക്സെ ബേർണി. പുള്ളിപ്പുലികൾ അപകടകരമാംവണ്ണം വർഗ്ഗനാശ ഭീഷണിയിൻ കീഴിലാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അതുകൊണ്ട് പുലികളെ വാങ്ങുന്നതും വിൽക്കുന്നതും നിരോധിച്ചിരിക്കയാണ്.
ലോക വന്യജീവി ഫണ്ടിന്റെ (യു. എസ്സ്.) വാർത്താപത്രികയായ ഫോക്കസ് പറയുന്നതനുസരിച്ച് നിയമവിരുദ്ധ മൃഗവേട്ട ഇന്നും തഴച്ചു വളരുന്ന ഒരു പ്രസ്ഥാനമാണ്. എന്താണതിന്റെ കാരണം? പുള്ളിപ്പുലിയുടെ രോമംകൊണ്ടുള്ള കോട്ടിന് ആവശ്യക്കാർ ധാരാളമാണ്! വേട്ടക്കാർ രാത്രികാലങ്ങളിൽ ആമസോൺ വനങ്ങളിൽ ചുററി നടന്ന് ശക്തമായ ഫ്ളാഷ്ലൈററ് ഉപയോഗിച്ച് പുലികളുടെ കണ്ണഞ്ചിപ്പിക്കുകയും തരിച്ചുനിന്നുപോകുന്ന മൃഗങ്ങളുടെ തലക്ക് വെടിവെക്കുകയും ചെയ്യുന്നു.
മണിക്കൂറുകൾക്കുള്ളിൽ പുലിയുടെ തൊലി ഒരു ചട്ടത്തിൽ ഉറപ്പിച്ച് ഉണക്കിയെടുക്കുന്നു. പെട്ടെന്നുതന്നെ “കാപ്പി” എന്ന് ലേബലൊട്ടിച്ച ഒരു തടിപ്പെട്ടിയിലാക്കി അതു യൂറോപ്പിലേക്ക് കയററി അയക്കപ്പെടുന്നു. ഓരോ വർഷവും ഏതാണ്ട് 6,000 പുള്ളിപ്പുലികളെ ഇപ്രകാരം കൊന്നു തോലുരിയുന്നതായി ചില ആധികാരിക കേന്ദ്രങ്ങൾ കണക്കാക്കുന്നു.
ഇപ്പോൾ ഏതായാലും സുറിനാം താരതമ്യേന ഈ ഗംഭീര മൃഗങ്ങളുടെ ഒരു സമൃദ്ധി ആസ്വദിക്കുന്നു. അത് അങ്ങനെതന്നെ തുടരുമെന്ന് നമുക്ക് പ്രത്യാശിക്കാം. അല്ലെങ്കിൽ ഒളിച്ചു കളിക്കുന്ന പുള്ളിപ്പുലിയെ മേലാൽ കാണാൻ കിട്ടാത്ത ഒരു കാലം വന്നേക്കാം. (g90 8⁄22)
[അടിക്കുറിപ്പുകൾ]
a ഇവിടെ വർണ്ണിച്ചിരിക്കുന്ന പുള്ളിപ്പുലി പാന്തെര ഒങ്ക ഒങ്ക എന്നറിയപ്പെടുന്ന ഇനമാണ്.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
H. Armstrong Roberts