മനുഷ്യനും ആമയും സംഗമിക്കുന്നിടം
ആസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
മെരുക്കാത്ത ഒരു കടലാമയെ കാണാനുള്ള ഏററവും പററിയ സമയം, അവൾ മണലിൽ പുതിയതായി നിർമിച്ച തന്റെ കുഴിയിൽ മുട്ടകൾ ഇടുമ്പോഴാണ്. അതുകൊണ്ടു ഞങ്ങൾ മോൺ റിപ്പോ—ആസ്ട്രേലിയയിലെ സൂര്യതാപമേററു കിടക്കുന്ന സംസ്ഥാനമായ ക്വീൻസ്ലാണ്ടിലെ 1.5 കിലോമീററർ നീണ്ടുകിടക്കുന്ന കടലോരം—സന്ദർശിക്കുമ്പോൾ നിങ്ങൾ ഞങ്ങളോടൊപ്പം വരാൻ ആഗ്രഹിക്കുന്നുവോ? ഉപോഷ്ണമേഖലാസൂര്യന്റെ പൊള്ളുന്ന ചൂടിനാൽ നിങ്ങൾ അസ്വസ്ഥരാകുമെന്ന് ഉത്ക്കണ്ഠപ്പെടേണ്ടതില്ല, എന്തെന്നാൽ നമ്മുടെ സന്ദർശനം രാത്രിയിലായിരിക്കും. അത്തരം സമ്മോഹനമായ വിനോദയാത്രയ്ക്ക് ഏററവും പററിയ സമയം വൈകിട്ട് 8 മണിക്കും അർധരാത്രിയ്ക്കും ഇടയിലാണ്.
പരിശീലനം ലഭിച്ച ഒരു വഴികാട്ടിയോടും ഒരു ചെറിയ സംഘത്തോടുമൊപ്പം പോകുന്നത് അഭികാമ്യമാണ്. കാരണം, നാം ഒരു വലിയ തള്ളയാമയെ കാണുകയും തൊടുകയും ചെയ്യണമെങ്കിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ അനേകം കാര്യങ്ങൾ ഉണ്ട്. ഉയർന്ന വേലിയേററത്തിന്റെ അടയാളത്തിനു മുകളിൽക്കൂടി നടക്കുമ്പോൾ ഫ്ളാഷ്ലൈററുകൾ ഓഫ് ചെയ്യാൻ വഴികാട്ടി നമ്മോട് ആവശ്യപ്പെടുന്നു, എന്തെന്നാൽ വെളിച്ചം ആമകളെ അസ്വസ്ഥരാക്കുന്നു. ആമ പോകുന്ന ഒരു മീററർ വീതിയുള്ള വഴി വെളിച്ചം പോലുമില്ലാതെ നമുക്ക് എങ്ങനെ കാണാൻ കഴിയുമെന്നു നാം ആശ്ചര്യപ്പെടുന്നു.
അടുത്തതായി, ഈ പ്രദേശത്തുള്ള കടലാമകളെക്കുറിച്ചു രസകരമായ ചില വസ്തുതകൾ വഴികാട്ടി നമ്മോടു പറയുന്നു. ആസ്ട്രേലിയൻ വെള്ളങ്ങളിൽ ആറു വ്യത്യസ്ത വർഗങ്ങൾ ഉണ്ട്, എന്നാൽ ഇവയിൽ നാലെണ്ണം മാത്രമേ ബൺഡബർഗ് തീരത്തെ മുഖ്യ മുട്ടയിടീൽ സ്ഥലമായ മോൺ റിപ്പോയിൽ കാണാൻ കഴിയൂ. എണ്ണക്കൂടുതലിന്റെ ക്രമത്തിൽ ഈ നാലു വർഗങ്ങൾ ഇവയാണ്: വലിയ തലയുള്ള ആമകൾ (കരീററ കരീററ), പരന്ന മുതുകുള്ള ആമകൾ (നെറേറററർ ഡിപ്രെസ്സ), പച്ചനിറമുള്ള ആമകൾ (കെലോണിയ മൈഡാസ്), ഏററവും വലിപ്പം കൂടിയ ആമകൾ (ഡെർമോക്കെലിസ് കൊറിയാഷ്യ).
ഞങ്ങളുടെ ആദ്യദർശനം
ഒരു വലിയ കടലാമയെ നാം കാണുമ്പോൾ ഏറെ കൗതുകം തോന്നുന്നു. നാം പട്ടികപ്പെടുത്തിയവയിൽ ആദ്യത്തേതാണ് അവൾ—വലിയ തലയുള്ള ആമ. കടലലകളിൽനിന്നും മണലിലെ ഉയർന്ന ജലപരിധിക്കുമേലേക്ക് അവൾ സാവധാനം ഇഴഞ്ഞുനീങ്ങവേ നാം ശാന്തമായി അവളെ വീക്ഷിക്കുന്നു. ഒടുവിൽ നാം കുറേക്കൂടെ അടുത്തുചെല്ലുമ്പോൾ അവൾക്കുചുററും മണലും പുല്ലും മാന്തി അവൾ സോസർ-ആകൃതിയിലുള്ള ഒരു കുഴി നിർമിച്ചിരിക്കുന്നതു കാണുന്നു. ഇത് 7മുതൽ 12വരെ ആഴ്ചകൾകൊണ്ടു മുട്ടവിരിഞ്ഞു പുറത്തുവരുന്ന കുഞ്ഞുങ്ങളെ, പുല്ല് കുഴിയ്ക്കുമീതെ വളർന്നു ചുററാതിരിക്കാൻ സഹായിക്കുന്നു. അവൾ തന്റെ പിൻകാലുകൾക്കൊണ്ട് ഇടവിട്ടിടവിട്ട് മണലിളക്കിയും കോരിക്കളഞ്ഞും—വലതുവശം കോരിക്കളഞ്ഞും ഇടതുവശം ഇളക്കിയും; ഇടതുവശം കോരിക്കളഞ്ഞും വലതുവശം ഇളക്കിയും—പേരയ്ക്കയുടെ ആകൃതിയിലുള്ള കുഴി തീർത്തിരിക്കുന്നു. ഇതിനെല്ലാം കൂടി ഏതാണ്ട് 45 മിനിറെറടുക്കുന്നു.
ഇപ്പോൾവരെ അവൾക്ക് എളുപ്പം ശല്യം തോന്നി വെള്ളത്തിലേക്കു തിരിച്ചുപോകാൻ കഴിയും, എന്നാൽ അവൾ മുട്ടയിടാൻ തുടങ്ങിയാൽ നമുക്ക് അവളെ തൊടാൻ അനുവാദമുണ്ട്. പെണ്ണാമ തന്റെമേൽ അല്പം വെളിച്ചം പ്രകാശിപ്പിക്കുന്നു, ആഗ്രഹിക്കുന്നെങ്കിൽ നമുക്കു ഫോട്ടോയെടുക്കാൻ കഴിയും. പത്തുമുതൽ 20വരെ മിനിററ് കടലാമ കുഴിയിലേക്കു മുട്ടകൾ ഇട്ടുകൊണ്ടിരിക്കുന്നു, മുട്ട വിരിയുന്ന സമയത്തു ഫംഗസിൽനിന്നും പ്രാണികളിൽനിന്നും സംരക്ഷിക്കാൻ ശ്ലേഷ്മം പോലുള്ള തെളിഞ്ഞ ഒരു ദ്രാവകത്തോടൊപ്പംതന്നെ. വലിയ തലയുള്ള കടലാമകൾക്കു വിരിയാൻ വെച്ചിരിക്കുന്ന മുട്ടകളുടെ ഒരു കൂട്ടത്തിൽ ഏകദേശം 38 മില്ലീമീററർ വ്യാസമുള്ള ശരാശരി 120 മുട്ടകൾ ഉണ്ടായിരിക്കും—ഒരു സീസണിൽ 14 ദിവസം ഇടവിട്ട് അനേകതവണ മുട്ടയിടുന്നു—രണ്ടു സീസണുകളുടെ ഇടയ്ക്കുള്ള സമയം രണ്ടുമുതൽ നാലുവരെ വർഷങ്ങളാണ്.
കടലാമയെ തൊടുമ്പോൾ അവളുടെ തൊലി എത്ര മൃദുലമാണെന്നു നാം വിസ്മയിച്ചുപോകുന്നു—ആമയുടെ തൊലിയെ അഭിലഷണീയമാക്കിത്തീർക്കുന്നതും ആമകളുടെ നിലനിൽപ്പിനെ അപകടപ്പെടുത്തുന്നതുമായ ഒരു ഘടകം. ഒരു നട്ടെല്ലിനോടും വാരിയെല്ലുകളോടും താരതമ്യം ചെയ്യാൻ കഴിയുന്ന അവളുടെ തോട് അഥവാ പുറന്തോട് ഉറപ്പുള്ള ശൽക്കങ്ങളാൽ നിർമിതമാണ്. ഇപ്പോൾ അവൾ മുട്ടകൾ മൂടാൻ തുടങ്ങുന്നു. വേലിയേററ നിരയോടടുത്ത് അവൾ അത് ഇട്ടിരിക്കുന്നതിനാൽ അവ അതിജീവിക്കണമെങ്കിൽ അവയുടെ സ്ഥാനം മാറേറണ്ടതുണ്ട്. നമ്മുടെ സംഘത്തോടു ചേർന്നിരിക്കുന്ന ഗവേഷണസംഘത്തിലെ അംഗങ്ങളായിരിക്കും അതു ചെയ്യുന്നത്.
ആമകളെ ബന്ധിക്കൽ
കടലാമകളെക്കുറിച്ചുള്ള ഗവേഷണത്തിൽ സഹായിക്കുന്നതിനായി നമ്മുടെ ആമയെ അവളുടെ മുമ്പിലത്തെ നീന്തൽ അവയവങ്ങളിൽ ഒന്നിൽ കെട്ടാൻ പോവുകയാണ്. അവൾ എല്ലായിടത്തേക്കും ധൃതിയിൽ തെറിപ്പിക്കുന്ന മണലിന്റെ വീക്ഷണത്തിൽ ഇത് എളുപ്പമുള്ള ഒരു ജോലിയല്ല. നാടകൾ രാസപ്രവർത്തനത്താൽ തേഞ്ഞുപോകാത്ത ഒരു ടൈററാനിയം ലോഹസങ്കരത്തിൽനിന്നു നിർമിച്ചവയാണ്. അതിന്റെ പിൻവശത്ത് ഒരു മേൽവിലാസമുണ്ട്. കണ്ടിട്ടുള്ള എല്ലാ ആമകളുടെയും എണ്ണമെടുത്ത് റിപ്പോർട്ടു ചെയ്യേണ്ടതു ഗവേഷകപദ്ധതിയ്ക്കു പ്രധാനമാണ്. കടലാമ ചാകുമ്പോൾ മാത്രമേ ആ നാട നീക്കംചെയ്തു തിരികെയെടുക്കുന്നുള്ളു, ആമയുടെ സ്ഥാനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾസഹിതം. നാടയുടെ മുമ്പിൽ ആമയുടെ തിരിച്ചറിയിക്കൽ നമ്പർ ഉണ്ടായിരിക്കും. നമ്മുടെ ആമ T54239 ആണ്, എന്നാൽ അവളെ തബീദ എന്നു വിളിക്കാൻ നാം ആഗ്രഹിക്കുന്നു.
തബീദയെ മുൻപ് നാടകൊണ്ടു ബന്ധിച്ചിരുന്നില്ലാത്തതിനാൽ ഇതിനു മുമ്പ് അവൾ മുട്ടയിട്ടിട്ടില്ലെന്നു തോന്നുന്നു. അതുകൊണ്ടു ദക്ഷിണ പസഫിക്കിലുള്ള കടലാമകളുടെയും അവയുടെ മുട്ടകളുടെയും സംരക്ഷണത്തെ ശക്തിപ്പെടുത്തുന്ന വിലയേറിയ ചില വിവരങ്ങൾ നൽകാൻ അവൾക്കു കഴിയും. ഈ വിവരം ലഭിക്കാൻ ഇപ്പോൾ ഇവിടെ ഈ തീരത്തുതന്നെ നാം ഒരു ചെറിയ ശസ്ത്രക്രിയയ്ക്കു സാക്ഷ്യം വഹിക്കുന്നു! ലാപ്രോസ്കോപ്പി എന്നു വിളിക്കപ്പെടുന്ന ഈ കൃത്യം സാധാരണമായി മനുഷ്യരിൽ ഉപയോഗിക്കുന്നതാണ്. തബീദയെ മെല്ലെ മറിച്ച് ഒരു വീൽബാരോ സ്ട്രെച്ചറിൻമേൽ വയ്ക്കുന്നു. നമുക്ക് അവളോടു സഹതാപം തോന്നുന്നു, അവളുടെ തൊണ്ടയിൽ മൃദുവായി തടവുന്നത് അവളെ ആശ്വസിപ്പിക്കുന്നതായി തോന്നുന്നു. നാം കാണുന്നതു കണ്ണുനീരല്ല, അവളുടെ കണ്ണുകളിൽനിന്നു മണൽ കഴുകിക്കളയുന്നതിനും സമുദ്രജലം കുടിക്കുന്നതിന്റെ ഫലമായുള്ള അധിക ഉപ്പ് ഒഴിവാക്കുന്നതിനും അവൾ പുറപ്പെടുവിക്കുന്ന ഉപ്പുലായനിയാണത്. അവ വേദനിക്കുന്നതല്ല. താഴത്തെ നീന്തൽ അവയവത്തിനു മുകളിലായി അവളുടെ തൊലി അമർത്തിയുരസുന്നു; അതിനുശേഷം ഒരു ചെറിയ മുറിവിലൂടെ ഒരു ററ്യൂബ് കടത്തുന്നു, അല്പം വായു ഊതിക്കയററുന്നു. അവളുടെ അണ്ഡാശയങ്ങൾ നോക്കി ഇത് അവളുടെ ആദ്യത്തെ പുനരുത്പാദനകാലമാണെന്നു ഗവേഷകർ കണ്ടുപിടിക്കുന്നു. പാകമായി വരുന്ന ധാരാളം മുട്ടകൾ അവൾക്കുണ്ട്. ഈ വിവരങ്ങളെല്ലാം രേഖപ്പെടുത്തുന്നു; അതിനുശേഷം ററ്യൂബിലെ ഒരു വാൽവിലൂടെ വായു പുറത്തുകളയുന്നു, മുറിവു തുന്നിക്കെട്ടുന്നു.
മണലിൽ തിരികെ വിട്ടശേഷം തബീദ സഹജമായി വെള്ളത്തിലേക്കു പോകുന്നു. തിരമാലകൾ അവളെ കഴുകുകയും മോചിതയായ തബീദയെ കടലിലേക്ക് എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നു.
മുട്ടകളുടെ സ്ഥാനം മാററുന്നു
നാം തിരികെ പോരുമ്പോൾ മുട്ടകൾ കുഴിയിൽനിന്നു മാററിയിരിക്കുന്നതായി കാണുന്നു. നാലു മണിക്കൂറിനുശേഷം മുട്ടകൾ തോടിന്റെ ഉള്ളിലേക്ക് പററിപ്പിടിക്കുകയും രക്തക്കുഴലുകൾ രൂപമെടുക്കുകയും ചെയ്യുന്നു. ഇതിനുശേഷം അവയെ മാററുകയാണെങ്കിൽ അവ നശിക്കും. മുട്ടയിടുന്ന സ്ഥലത്തു സാധാരണമായി സ്ഥലംമാററൽ പ്രക്രിയയ്ക്കു രണ്ടു മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. മുട്ടകൾ സ്ഥലം മാററുന്നതിലെ വിജയസാധ്യത വളരെ ഉയർന്നതാണ്. ഇതിന്റെ ഉദ്ദേശ്യം കൂടിനെയും മുട്ടകളെയും വെള്ളത്തിൽനിന്നും മണ്ണൊലിപ്പിൽനിന്നും സംരക്ഷിക്കുകയാണ്. വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ ആണോ പെണ്ണോ എന്നു മണലിന്റെ താപനില നിശ്ചയിക്കുന്നു. അനേകം ദ്വീപുകൾക്കും തണുപ്പുള്ള മണലാണുള്ളത്, മുഖ്യമായി ആൺകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു, എന്നാൽ മോൺ റിപ്പോയിലെ ചൂടുള്ള മണൽ മുഖ്യമായി പെൺകുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു.
മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ ജനുവരിമുതൽ മാർച്ചുവരെ പുറത്തുവരുന്നു. മണൽ താഴേക്ക് ഊർന്ന് അവയ്ക്കു കയറി വരാൻ ഇടയാക്കിക്കൊണ്ട് അവ തങ്ങളുടെ മണൽമേൽക്കൂരമേൽ മാന്തുന്നു. മണലിന്റെ താപനില വളരെ ഉയർന്നതല്ലെങ്കിൽ, കുഴിയിൽനിന്ന് അവ തങ്ങളുടെ യാത്ര തുടർന്നു സമുദ്രത്തിലേക്ക് ഇഴഞ്ഞുനീങ്ങുന്നു. എന്നാൽ അവയുടെ യാത്ര ആരംഭിച്ചിട്ടേയുള്ളു. പ്രത്യുത്പാദന പക്വതയിൽ എത്താൻ അവ 50 വർഷങ്ങൾ എടുക്കുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ചെറിയൊരു ശതമാനം മാത്രമെ അത്രത്തോളം എത്തുന്നുള്ളു.
പരിപാലിക്കാൻ മനുഷ്യൻ പഠിക്കണം
നിർഭാഗ്യവശാൽ മമനുഷ്യന്റെ ശ്രദ്ധയില്ലായ്മയും ചിന്താശൂന്യതയും കടലാമകളുടെ അറിയപ്പെടുന്ന ആറു വർഗങ്ങളെ കുറയ്ക്കാൻ വളരെയധികം ചെയ്യുന്നു. കടലിലേക്കെറിയപ്പെടുന്ന പ്ലാസ്ററിക് സഞ്ചികൾ ജെല്ലിമത്സ്യമാണെന്നു തെററിദ്ധരിച്ച് ഈ ആമകൾ തിന്നുന്നു. ഇതു അവയുടെ ദഹനവ്യൂഹത്തെ തടസ്സപ്പെടുത്തുകയും പട്ടിണികിടന്നു മരിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. മററ് ചപ്പുചവറുകളും കടലാമകളെ കൊന്നേക്കാം. നാവികൻ ശ്രദ്ധയുള്ളവനല്ലെങ്കിൽ ബോട്ടിന്റെ പ്രൊപ്പല്ലറുകൾപ്പോലും അപകടം വരുത്തിവെച്ചേക്കാം. എണ്ണതൂകലും വിഷാവശിഷ്ടങ്ങളും ഒരു പ്രജനനകാലത്തെ മുഴു തീരദേശ ആമകളെത്തന്നെയും തുടച്ചുനീക്കിയേക്കാം. ഓരോ 15 മിനിററിലും വായുവിനായി ആമ ഉപരിതലത്തിലേക്കു വരേണ്ടതുകൊണ്ട്, ഒരു ആമയെ അപകടപ്പെടുത്തുന്ന മീൻപിടിത്ത വലകൾ അതു ശ്വാസംമുട്ടി മരിക്കാൻ ഇടയാക്കിയേക്കാം.
കൂടുതൽ ആളുകൾ ഈ അപകടങ്ങൾ സംബന്ധിച്ച് ജാഗ്രതയുള്ളവരായിത്തീരുകയും പരിസ്ഥിതിയെ വർധിച്ച അളവിൽ സംരക്ഷിക്കാൻ പഠിക്കുകയും ചെയ്യുമ്പോൾ മനുഷ്യനും ആമയ്ക്കും സംഗമിക്കാൻ നിസ്സംശയമായും വർധിച്ച അവസരങ്ങൾ വന്നുചേരും—സൃഷ്ടിയുടെ വിസ്മയിപ്പിക്കുന്ന പ്രത്യുത്പാദന ചക്രത്തിന്റെ ഒരു അത്ഭുതത്താലും കൂടി മനുഷ്യവർഗത്തെ മതിപ്പുളവാക്കുകയും അമ്പരപ്പിക്കുകയും ചെയ്തുകൊണ്ടുതന്നെ. (g93 3/22)
[27-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽ ഇടത്തുനിന്നു ഘടികാരക്രമത്തിൽ: ചെറിയ ശസ്ത്രക്രിയ, സമുദ്രത്തിലേക്കു മടങ്ങുന്നു, മുട്ടകളുടെ സ്ഥാനം മാററുന്നു, നീന്തൽ അവയവം കെട്ടുന്നു