ലോകത്തെ വീക്ഷിക്കൽ
കുറ്റകൃത്യം—ലാഭകരമായ ബിസിനസ്
ഇറ്റലിയിൽ ആസൂത്രിത കുറ്റകൃത്യങ്ങളുടെ ഫലമായി പ്രതിവർഷം 20,000-24,000 കോടിയോളം ഡോളർ ലഭിക്കുന്നുണ്ടെന്ന് ഇറ്റലിയിലെ ബിസിനസുകാരുടെ ഒരു സംഘടനയായ വാണിജ്യ സഖ്യത്തിന്റെ 1997-ലെ റിപ്പോർട്ടു പറയുന്നു. മയക്കുമരുന്നു കള്ളക്കടത്തിലൂടെ ചുരുങ്ങിയത് 1800 കോടി ഡോളറും വേശ്യാവൃത്തിയിലൂടെ 1100 കോടി ഡോളറും കൊള്ളപ്പലിശ, തട്ടിപ്പ് എന്നിവയിലൂടെ 1500-1800 കോടിയോളം ഡോളറും ലഭിക്കുന്നുണ്ടെന്നു പറയപ്പെടുന്നു. “വ്യവസായസ്ഥാപനങ്ങളിൽ പത്തിൽ മൂന്നെണ്ണത്തിന്റെ നടത്തിപ്പുകാരായ വ്യക്തികൾക്കോ കമ്പനികൾക്കോ അക്രമസംഘടനകളുമായി ബന്ധമുണ്ടത്രേ. ബാങ്കുകളിൽ ഓരോ ദിവസവും നടക്കുന്ന പണമിടപാടുകളിൽ 20-25 ശതമാനം ദുരൂഹതകൾ നിറഞ്ഞതാണ്,” ലാ റേപ്പൂബ്ലിക്കാ എന്ന വർത്തമാനപ്പത്രം പ്രസ്താവിക്കുന്നു.
പുസ്തക വായന ജനപ്രീതിയുള്ളതായി നിലനിൽക്കുന്നു
ബ്രിട്ടീഷുകാരുടെ വായനാശീലത്തെ കമ്പ്യൂട്ടർ ടെക്നോളജി ഇനിയും കാര്യമായി ബാധിച്ചിട്ടില്ലെന്ന് പോളിസി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം നടത്തിയ ഒരു സർവേ തെളിയിക്കുന്നു. ദ ടൈംസ് റിപ്പോർട്ടു ചെയ്തതനുസരിച്ച് “സർവേക്കു വിധേയരായവരിൽ പകുതിയോളം പേർ തങ്ങൾ ഉല്ലാസത്തിനുവേണ്ടി ഒരു പുസ്തകം വായിക്കുന്നുണ്ടെന്നു പറഞ്ഞു. 1989-ലേതിനെ അപേക്ഷിച്ച് ഈ അനുപാതത്തിനു കാര്യമായ മാറ്റമൊന്നുമില്ല.” സ്ത്രീകളാണു പുരുഷന്മാരെക്കാൾ അധികം വായിക്കുന്നത്. ഏറ്റവും വലിയ വായനക്കാർ 55-നു മേൽ പ്രായമുള്ളവരാണ്. പാചകവിധികളുള്ള പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ പ്രചാരം. ക്രൈം, ത്രില്ലർ കഥകളും പ്രണയ നോവലുകളും 20-നൂറ്റാണ്ടിലെ ശാസ്ത്രകൽപ്പിത കഥകളും തൊട്ടുപിന്നാലെയുണ്ട്. 30 ശതമാനം വീടുകളിൽ സ്വന്തമായി കമ്പ്യൂട്ടർ ഉണ്ടെങ്കിൽക്കൂടി, പുസ്തകങ്ങൾക്കു വെല്ലുവിളിയുയർത്തുന്ന സിഡി-റോം സൗകര്യം അവയിൽ 7 ശതമാനത്തിനേയുള്ളൂ. മാത്രമല്ല, ലാപ്ടോപ്പ് കമ്പ്യൂട്ടറുകളിൽനിന്നു വ്യത്യസ്തമായി, ഒരു നല്ല പുസ്തകം, കടൽത്തീരത്ത് ഒഴിവുകാലം ചെലവഴിക്കുന്ന സമയത്ത് ഉള്ളിൽ മണൽ കടക്കുന്നതിനാലോ ഒരു ഭൂഗർഭപാതയിലെ ആളുകളുടെ തിക്കുംതിരക്കും നിമിത്തമോ ചീത്തയായിപ്പോകുന്നില്ല, ദ ടൈംസ് പറയുന്നു. തന്നെയുമല്ല, മനോഹരമായി തയ്യാറാക്കപ്പെട്ട ഒരു പുസ്തകത്തിന് “ഉള്ളടക്കംകൊണ്ട് അറിവുപകരാനാകുന്നതുപോലെതന്നെ മനോഹാരിതകൊണ്ടു മനംകവരാനും കഴിയും.”
തിരികെ വെള്ളത്തിലേക്ക്
“ഓസോൺ പാളി നശിപ്പിക്കാത്ത തരത്തിലുള്ള ഒരു അഗ്നിശമന രാസവസ്തുവിനുവേണ്ടിയുള്ള ദീർഘകാല അന്വേഷണം ഒടുക്കം ചെന്നെത്തിയിരിക്കുന്നത് . . . വെള്ളത്തിലാണ്,” ന്യൂ സയൻറിസ്റ്റ് പ്രസ്താവിക്കുന്നു. “പരീക്ഷണാർഥം ഉളവാക്കിയ നൂറോളം അഗ്നിബാധകൾ അണച്ചശേഷം ട്രോൺധിയം എന്ന സ്ഥലത്തെ നോർവീജിയൻ അഗ്നി ഗവേഷണ പരീക്ഷണശാല, അഗ്നിശമനോപാധിയെന്ന നിലയിൽ ഇപ്പോഴും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഓസോൺ നാശക ഹാലണുകൾക്കു പകരം നേർത്ത ജലകണികകൾ സ്പ്രേ ചെയ്യുന്നതാണ് ഉചിതമെന്ന നിഗമനത്തിലെത്തി.” കാർബൺ, ബ്രോമിൻ, ഫ്ളൂറിൻ എന്നിവയുടെ സംയുക്തമായ ഹാലണുകൾ, തീ പടരാൻവേണ്ട വായു കിട്ടാതാക്കിയാണ് തീയണയ്ക്കുന്നത്. ജലകണികകളും അതുതന്നെ ചെയ്യുന്നു. നീരാവിയാകുന്ന ജലം അവയുടെ യഥാർഥ അളവിന്റെ 1,700 മടങ്ങു വികസിച്ച് ഓക്സിജനെ അവിടെനിന്നു തള്ളിനീക്കുന്നു. ചെറിയ, പുകഞ്ഞു കത്തുന്ന തീയുടെ കാര്യത്തിൽ മാത്രം ജലകണികകൾ ഹാലണുകളുടെ അത്രതന്നെ ഫലപ്രദമല്ലെന്നു കണ്ടെത്തുകയുണ്ടായി. അത്തരം തീയ്ക്ക് വെള്ളത്തെ ബാഷ്പീകരിക്കാൻ വേണ്ടത്ര ചൂടില്ലായിരുന്നു. പക്ഷേ, ഹാലണുകൾക്കു പകരമുള്ള കൃത്രിമോപാധികൾക്കുവേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരുന്നു, കാരണം വെള്ളത്തിനു വേറൊരു പ്രശ്നമുണ്ട്: അതിന്റെ വിൽപ്പനയിലൂടെ വലിയ ലാഭമൊന്നും ഉണ്ടാക്കാൻ കഴിയില്ലല്ലോ.
ഇപ്പോൾ—ഹെപ്പറ്റൈറ്റിസ് ജി
രക്തം സ്വീകരിക്കുന്ന രോഗികൾക്ക് അതിനുശേഷം ഒരുമാസത്തിനുള്ളിൽ ഹെപ്പറ്റൈറ്റിസ് ജി-വൈറസ് രോഗബാധയുണ്ടാകുന്നുവെന്നു ജപ്പാനിലെ ഡോക്ടർമാർ കണ്ടുപിടിച്ചു. ഈ പുതിയരോഗം ആദ്യമായി തിരിച്ചറിഞ്ഞത് 1995-ൽ ഐക്യനാടുകളിലായിരുന്നു. ടോക്കിയോയിലെ ടോറാനോമൊൻ ആശുപത്രിയിൽവെച്ച് 1992-നും 1994-നും ഇടയ്ക്കു ശസ്ത്രക്രിയയ്ക്കു വിധേയരായ കരൾ-അർബുദ രോഗികളിൽ നിന്നെടുത്ത രക്തം പുനഃപരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ 55 രോഗികളിൽ 2 പേർക്കു ശസ്ത്രക്രിയയ്ക്കു മുമ്പുതന്നെ വൈറസ് ബാധയുണ്ടായിരുന്നുവെന്നും 7 പേർക്കു ശസ്ത്രക്രിയ കഴിഞ്ഞാണു രോഗബാധയുണ്ടായതെന്നും ഡോക്ടർമാർ കണ്ടെത്തി. 7 രോഗികളിൽ കുത്തിവെച്ച ആ മലീമസമായ രക്തം ശരാശരി 71 ദാതാക്കളിൽനിന്നുള്ളതായിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞു. ഉപയോഗിച്ച രക്തത്തിൽ 1.4 ശതമാനം ഈ പുതിയ വൈറസിനാൽ മലീമസമായിരുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ജി വൈറസിനെക്കുറിച്ചു വളരെക്കുറച്ച് അറിവേയുള്ളൂ. കൂടാതെ, ഇപ്പോൾ അണുവാഹകരായ എത്രപേർക്ക് ഇനിയും കരൾവീക്കമോ കരളിന് അർബുദബാധയോ ഉണ്ടായേക്കുമെന്നതിനെക്കുറിച്ചും കാര്യമായി ഒന്നുമറിയില്ല എന്ന് അസാഹി ഈവനിങ്ങ് ന്യൂസ് പറയുന്നു.
“സഹസ്രാബ്ദ തകരാറ്”
“സഹസ്രാബ്ദ തകരാറ് എന്നറിയപ്പെടുന്ന 2000-ാം വർഷത്തിന്റെ പ്രശ്നം, ചുരുക്കത്തിൽ ‘Y2K,’ ആധുനിക കമ്പ്യൂട്ടർ കണക്കുകൂട്ടലുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവമേറിയ തകരാറുകളിൽ ഒന്നാണ്,” യു.എസ്.ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. കമ്പ്യൂട്ടറുകൾ വളരെ ചെലവേറിയതും വിവരങ്ങൾ സൂക്ഷിക്കാനുള്ള കഴിവു പരിമിതവുമായിരുന്ന 1960-കളിലാണ് ഇതു തുടങ്ങിയത്. സ്ഥലം ലാഭിക്കുന്നതിനു വേണ്ടി കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്തവർ തീയതികളെഴുതുമ്പോൾ വർഷത്തിന്റെ അവസാനത്തെ അക്കങ്ങൾ മാത്രം എഴുതി. കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം 1997 വെറും “97” ആയിരുന്നു. എന്താണു കുഴപ്പം? “2000 ജനു. 1-ന് ലോകത്തിലെ ഏകദേശം 90 ശതമാനം കമ്പ്യൂട്ടർ ഹാർഡ്വെയറുകളും സോഫ്റ്റ്വെയറുകളും അത് 1900-ാം വർഷത്തിന്റെ ആദ്യ ദിവസമാണെന്നു ‘വിചാരിക്കും.’” ഇപ്പോൾത്തന്നെ തെറ്റുകൾ സംഭവിച്ചിരിക്കുന്നു. ഒരു സംസ്ഥാന ജയിലിൽ, ഈ തകരാറു നിമിത്തം കമ്പ്യൂട്ടറുകൾക്ക് അന്തേവാസികളിൽ ചിലരുടെ ശിക്ഷാവിധികൾ കണക്കുകൂട്ടുന്നതിൽ പിഴവു സംഭവിക്കുകയും അവരെ വിട്ടയയ്ക്കുകയും ചെയ്തു,” ന്യൂസ്വീക്ക് പറയുന്നു. “ചില ക്രെഡിറ്റ് കാർഡുകളിലെ കാലാവധി തീരുന്ന തീയതിയിൽ ‘00’ കണ്ടതു കമ്പ്യൂട്ടറുകളെ കുഴക്കിയതിനാൽ കടകളിലും റെസ്റ്ററൻറുകളിലും അവ തിരസ്കരിക്കപ്പെട്ടു. കൂടാതെ, സംസ്ഥാനാന്തര ലൈസൻസുകൾ പുതുക്കാനായി സഹസ്രാബ്ദം കഴിഞ്ഞുള്ള തീയതികൾവെച്ച് അപേക്ഷകൾ സമർപ്പിച്ച ട്രക്ക് ഡ്രൈവർമാർ, കമ്പ്യൂട്ടറുകൾക്ക് അവ കൈകാര്യം ചെയ്യാൻ സാധിക്കാഞ്ഞതു നിമിത്തം ലൈസൻസുകൾ റദ്ദു ചെയ്തിരിക്കുന്നതായി കണ്ടെത്തി.” തീയതിയുടെ സംജ്ഞകൾ മാറ്റുന്നതിനായി ലോകവ്യാപകമായുള്ള സംഘടനകൾക്ക് ഏകദേശം 60,000 കോടി ഡോളർ ചെലവഴിക്കേണ്ടിവരും—ശേഷിക്കുന്ന രണ്ടു വർഷംകൊണ്ട് അതു ചെയ്യാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
റെക്കോർഡ് തകർക്കുന്ന മൃഗങ്ങൾ
1996 വേനൽക്കാലത്ത്, ഒരു സാധാരണ കടൽക്കാക്ക നമുക്ക് അറിവായിട്ടുള്ള “ദേശാന്തരഗമനത്തിൽ ഒരു ജീവിയും ഇതുവരെ താണ്ടിയിട്ടില്ലാത്തത്ര ദൂരം പിന്നിട്ട്” ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചതായി തെളിവു ലഭിച്ചുവെന്ന് ഇറ്റാലിയൻ വർത്തമാനപത്രമായ കൊറീയെറേ ദേല്ലാ സേറാ പറയുന്നു. ഫിൻലൻഡിൽനിന്നു യാത്ര പുറപ്പെട്ട അതിനെ—അവിടെവെച്ചാണു തിരിച്ചറിയൽ വളയമണിയിച്ചത്—18 ആഴ്ചകൾക്കുശേഷം തെക്കുകിഴക്കൻ ഓസ്ട്രേലിയയിലെ വിക്ടോറിയയിൽവെച്ചു പിടികൂടി. അപ്പോഴേക്കും അത് പ്രതിദിനം 200 കിലോമീറ്റർ എന്ന നിരക്കിൽ 24,400 കിലോമീറ്റർ യാത്ര ചെയ്തു കഴിഞ്ഞിരുന്നു. 1995-ൽ റഷ്യയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് 22,530 കിലോമീറ്റർ യാത്ര ചെയ്ത ഒരു ആർട്ടിക് കടൽക്കാക്കയായിരുന്നു അതിനു മുമ്പത്തെ റെക്കോർഡുടമ. ആയിരക്കണക്കിനു കിലോമീറ്റർ താണ്ടി ദേശാന്തരഗമനം നടത്തുന്ന മറ്റു ചില ജീവികൾ ചുവന്ന സാൽമൺ മത്സ്യങ്ങൾ, ഈൽ മത്സ്യങ്ങൾ, മൊണാർക്ക് ചിത്രശലഭങ്ങൾ, പച്ച കടലാമകൾ, ഹമ്പ്ബാക്ക് തിമിംഗലങ്ങൾ എന്നിവയാണ്.
ഹമ്പ്ബാക്ക് തിമിംഗലങ്ങൾ സാധാരണ ഏകദേശം 102 ദിവസം കൊണ്ടാണ് അലാസ്കയിൽനിന്നു ഹവായിയിലേക്കു ദേശാന്തരഗമനം നടത്തുന്നത്. എങ്കിലും വെറും 39 ദിവസംകൊണ്ട് 4,465 കിലോമീറ്റർ ദൂരം നീന്തിയെത്തിയ ഇത്തരമൊരു തിമിംഗലത്തെ ഗവേഷകർ കണ്ടെത്തി! മണിക്കൂറിൽ അഞ്ച് കിലോമീറ്റർ വേഗത്തിൽ അതു യാത്രചെയ്തുവെന്നാണ് അതിന്റെ അർഥം. അതേ തിമിംഗലത്തെ മെക്സിക്കോയിൽവെച്ചും കണ്ടെത്തി. ഹമ്പ്ബാക്ക് തിമിംഗലങ്ങൾ ഹവായിയിലേക്കു ദേശാന്തരഗമനം നടത്തുന്നതു പ്രജനനത്തിനുവേണ്ടിയാണ്. അവയുടെ കുഞ്ഞുങ്ങൾക്ക് അലാസ്കയിലെ തണുപ്പിനെ ചെറുത്തുനിൽക്കാൻ വേണ്ടത്ര കൊഴുപ്പില്ലാത്തതാണു കാരണം. അവയുടെ ദേശാന്തരഗമനം സമുദ്ര സസ്തനികൾ നടത്തുന്നവയിൽവെച്ച് ഏറ്റവും ദൈർഘ്യമേറിയവയിലൊന്നാണെന്നു ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
വെട്ടിച്ചുപറക്കുന്ന ഈച്ച!
ഒരു ഈച്ചയെ അടിച്ചുകൊല്ലാൻ ഇത്ര പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? ഇത്ര പെട്ടെന്നു വെട്ടിച്ചു പറക്കാൻ അതിനെങ്ങനെയാണു സാധിക്കുന്നത്? അതിന്റെ മസ്തിഷ്കത്തിലെ വൻ നാര് എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക ഘടനയിലാണു രഹസ്യം കുടികൊള്ളുന്നത്. ഇതു നാടപോലുള്ള ഒരു കോശമാണ്. മസ്തിഷ്കത്തിന്റെ ഇതര ഭാഗങ്ങളിലേക്കു സന്ദേശമെത്തിക്കാൻ ഈ കോശം ഉപയോഗിക്കുന്നത് രാസസംജ്ഞകൾക്കു പകരം വൈദ്യുതസംജ്ഞകളാണ്. ഇതു നിമിത്തം, ചാട്ടത്തെയും പറക്കലിനെയും ഉദ്ദീപിപ്പിക്കുന്ന മസ്തിഷക ഭാഗത്തേക്ക് വൈദ്യുതി ത്വരിതഗതിയിൽ പ്രവഹിക്കുന്നു. ഇത് ഈച്ചയെ സെക്കൻഡിന്റെ ആയിരത്തിൽ ഏതാനും അംശം കൊണ്ട് അപകടത്തിൽനിന്നു വഴുതിമാറുന്നതിനു സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു സാധാരണ മമനുഷ്യന്റെ കാര്യത്തിൽ, ദൃഷ്ടിയിൽ പതിക്കുന്ന ഒരു സംഗതിയോടു കൈ പ്രതികരിക്കുന്നതിനു സെക്കൻഡിന്റെ നാലിലൊരംശം സമയമെടുക്കും. ഈച്ചകളെക്കുറിച്ചുള്ള ഈ അറിവിന്റെ സഹായത്തോടെ, ഈച്ചയുടെ പ്രതികരണശേഷി നശിപ്പിക്കാൻ ഫലപ്രദമായ ഒരു കീടനാശിനി വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണു ബ്രിട്ടനിലെ സസ്സെക്സ് സർവകലാശാലയിലെ ഗവേഷകരുടെ പ്രത്യാശയെന്നു ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
കടലാമ പ്രതിസന്ധി
ഏഷ്യ-പസഫിക്ക് കടലുകളിലെ അമിതമായ വേട്ടയാടൽ നിമിത്തം കടലാമകളുടെ സംഖ്യ അപകടകരമാം വിധം കുറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന് ദ വീക്കെൻഡ് ഓസ്ട്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. ഇത് ഓസ്ട്രേലിയയെയും ഇന്തോനേഷ്യയെയും, സംരക്ഷണ രീതികൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജാവയിൽ ഒരു സമ്മേളനത്തിന് ഒത്തൊരുമിച്ച് ആതിഥേയത്വം വഹിക്കുന്നതിനു പ്രേരിപ്പിച്ചു. ആമകൾ ദേശാന്തരഗമനം നടത്തുന്നതിനാലും അവ ഒരു പ്രത്യേക രാജ്യത്തിന്റെ വകയല്ലാത്തതിനാലും ഒരു രാജ്യം കണ്ടെത്തുന്ന ഏറ്റവും മികച്ച സംരക്ഷണ മാർഗത്തിന് അതിന്റെ ദേശാന്തരഗമന പഥത്തിലുള്ള മറ്റൊരു രാജ്യം ഒരു വിലയും കൽപ്പിക്കാതെ, അവയെ ഭാവിയിലേക്ക് ശേഷിപ്പിക്കണം എന്ന ചിന്ത കൂടാതെ, വേട്ടയാടുകയാണെങ്കിൽ ആ സംരക്ഷണ മാർഗത്തിനു പ്രയോജനമുണ്ടായിരിക്കയില്ല. “വിനോദ സഞ്ചാര വിപണിക്കുവേണ്ടി ഓരോ വർഷവും ഏകദേശം 50,000 ആമകളെ ബാലി ദ്വീപിൽ മാത്രമായി കൊല്ലാറുണ്ട്. മാത്രമല്ല, ലക്ഷക്കണക്കിന് ആമമുട്ടകൾ ഭക്ഷണത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു” എന്ന് ആ പത്രം പറയുന്നു. പാപ്പുവ ന്യൂഗിനിയും കടലാമകളെ വിൽക്കാറുണ്ട്. ഇതിൽ വംശനാശഭീഷണിയിലായിരിക്കുന്ന ലോഗ്ഗർഹെഡ് കടലാമകളും അപകടഭീഷണി നേരിടുന്ന ലെതർബാക്ക് ആമകളും പച്ചക്കടലാമകളും ഉൾപ്പെടുന്നു. അപകടത്തിലായിരിക്കുന്നവ ഹോക്സ്ബിൽ, ഫ്ളാറ്റ്ബാക്ക്, ഒലിവർ റൈഡ്ലി എന്നീ വർഗങ്ങളിൽപ്പെട്ട ആമകളാണ്.
150 വർഷങ്ങൾക്കുശേഷം മോർസ് കോഡ് നാമാവശേഷമാകാൻ പോകുന്നു
150-ലേറെ വർഷംമുമ്പ് ഒരു അമേരിക്കൻ ഉപജ്ഞാതാവായ സാമുവെൽ മോർസ് ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും കുത്തുകളും വരകളുമുള്ള ഒരു പ്രത്യേക കോഡുണ്ടാക്കി. ഇത് മോർസ് കീ എന്ന ഒരു ഉപകരണമുപയോഗിച്ചു റേഡിയോ തരംഗങ്ങളായി സന്ദേശങ്ങൾ അയയ്ക്കുക സാധ്യമാക്കി. കടലിൽ കപ്പൽ അപകടത്തിൽപ്പെടുമ്പോൾ എസ്ഒഎസ് (SOS) കോഡുപയോഗിച്ച് അടിയന്തിര സന്ദേശങ്ങൾ അയച്ചതുവഴി ആയിരക്കണക്കിനു ജീവൻ രക്ഷപ്പെടുത്തപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള പട്ടാളങ്ങളും ഈ ലളിതമായ ആശയവിനിമയോപകരണം ഉപയോഗിച്ചിട്ടുണ്ട്. കൗതുകത്തിനുവേണ്ടി എണ്ണമറ്റ സാധാരണക്കാരും സന്ദേശങ്ങളയച്ചിട്ടുണ്ട്. മോർസ് കോഡിന്റെ ഏറ്റവും വലിയ പ്രയോജനം അതിന്റെ വ്യക്തതയിലാണ്. ഒരു റേഡിയോ ഓപ്പറേറ്ററുടെ സംസാരരീതി ഒരു പ്രത്യേക തരത്തിലുള്ളതാണെങ്കിലോ അയാളുടെ സന്ദേശം കേൾക്കുന്നിടത്തെ ഭാഷ അയാൾക്കു സംസാരിക്കാനറിയില്ലെങ്കിലോ ഇതു പ്രധാനമാണ്. എങ്കിലും നേരിട്ടു സംസാരിക്കാൻ കഴിയുന്ന റേഡിയോ ഉപകരണങ്ങളും ഉപഗ്രഹ ആശയവിനിമയോപാധികളും മോർസ് സന്ദേശങ്ങളുടെ സ്ഥാനം കയ്യടക്കിയിരിക്കുന്നു. 1993 മുതൽ കടലിലിറക്കുന്ന കപ്പലുകൾക്ക് ആ കോഡിന്റെ ആവശ്യം വന്നില്ല. ഈ വർഷാരംഭത്തിൽ ഫ്രാൻസ് മോർസ് സമ്പ്രദായത്തിന്റെ ഉപയോഗം വേണ്ടെന്നുവെച്ചു. 1999-ഓടെ ലോകമെമ്പാടും ഇത് അപ്പാടെ വേണ്ടെന്നുവെക്കും.