അതികായരായ തോൽക്കടലാമകളുടെ ആണ്ടുതോറുമുള്ള സന്ദർശനം
മലേഷ്യയിലെ ഉണരുക! ലേഖകൻ
ഏതാണ്ട് അർധരാത്രിയായിരിക്കുന്നു. തലയ്ക്കു മീതെയുള്ള പൂർണചന്ദ്രൻ സൗമ്യവും ശാന്തവുമായ ആഴിക്കു കുറുകെ തന്റെ സ്വർണദീപ്തി വീശുന്നു. റാൻറൗ അബാങ് കടൽത്തീരത്ത് ആൾക്കൂട്ടങ്ങളെ കാണാം. ചിലർ നിൽക്കുകയാണ്, മററുചിലർ കുളിർമയുള്ള നേർത്ത മണൽപ്പുറത്ത് കുത്തിയിരിക്കുകയോ പടഞ്ഞിരിക്കുകയോ ആണ്. ഈ അസമയത്ത് അവർ എന്താണ് ഇവിടെ ചെയ്യുന്നത്? നാലു നീന്തൽ അവയവങ്ങളോടു കൂടിയ ഒരു വലിയ ആമയുടെ—അതികായനായ തോൽക്കടലാമയുടെ വരവും കാത്തിരിക്കയാണവർ, ക്ഷമയോടെ.
പൊതുവേ അവഗണിക്കപ്പെട്ടുകിടന്ന ഈ കടൽത്തീരത്തിന് ഉഭയജീവിയായ ഈ നിഗൂഢ സന്ദർശകർ സാർവദേശീയ ഖ്യാതി നേടിക്കൊടുത്തിരിക്കയാണ്. മലേഷ്യൻ ഉപദ്വീപിന്റെ കിഴക്കേ തീരത്തായി ഡങ്കൂണിനു തൊട്ടു വടക്കും സിംഗപ്പൂരിൽനിന്ന് 400 കി.മീ. വടക്കുമാറിയുമാണു റാൻറൗ അബാങ് സ്ഥിതി ചെയ്യുന്നത്. ശ്രേഷ്ഠമായ ഒരു ദൗത്യത്തിനായി തോൽക്കടലാമകൾ വർഷന്തോറും സന്ദർശനം നടത്തുന്ന ലോകത്തിലെ ഏതാനും ചില സ്ഥലങ്ങളിലൊന്നാണ് ഇത്.
മുട്ടയിടൽ സീസൺ ഏതാണ്ട് മേയ് മുതൽ സെപ്ററംബർ വരെയാണ്. ഏററവും കൂടുതൽ മുട്ടയിടുന്ന ജൂൺ, ജൂലൈ, ആഗസ്ററ് മാസങ്ങളിൽ ആ പ്രക്രിയ നിരീക്ഷിക്കാൻ വളരെ എളുപ്പമാണ്. രാത്രിയായശേഷമാണ് കടലാമകൾ സാധാരണമായി വെള്ളത്തിൽനിന്നു കയറിവരാൻ തുടങ്ങുക. അപ്പോൾ, മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും പാശ്ചാത്യനാടുകളിൽ നിന്നുമുള്ള ഈ സന്ദർശകർ കാത്തിരുന്നതു വെറുതെയാകുമോ?
സമുദ്രത്തിൽ നിന്നതാ അവ വരുന്നു!
പെട്ടെന്ന്, തീരത്തുനിന്ന് അത്രയ്ക്ക് അകലെയല്ലാതെ വെള്ളത്തിന്റെ തെളുതെളുപ്പിൽ എന്തോ ഒന്നിന്റെ നിഴൽ പൊങ്ങുകയും താഴുകയും ചെയ്യുന്നതു കാണാം. ആളുകൾ ആവേശഭരിതരാകുന്നു! അതു തീരത്തേക്ക് അടുത്തുവരുമ്പോൾ അർധഗോളാകൃതിയിലുള്ള ഒരു സാധനം വെള്ളത്തിൽനിന്നു പൊന്തിവരാൻ തുടങ്ങുന്നു. അതു തീരത്തേക്കു കയറിവരുന്ന ഒരു കടലാമയാണ്! എല്ലാവരും എത്രയും ശാന്തമായി നിന്നു കാണണമെന്ന് അവിടെ സന്നിഹിതരായിരിക്കുന്ന ഏതാനും ഗൈഡുകൾ മുന്നറിയിപ്പു നൽകുന്നു, അല്ലാത്തപക്ഷം ബഹളം കേട്ട് അത് പേടിച്ചുപോകും.
ആദ്യം തല പ്രത്യക്ഷമാകുന്നു, പിന്നെ കഴുത്ത്. പിന്നെ ശരീരാവരണത്തിന്റെ മുൻഭാഗവും മുൻഭാഗത്തെ നീന്തൽ അവയവങ്ങളും. അവസാനം കടലാമയുടെ മുഴുവൻ ഭാഗങ്ങളും തീരത്തു പ്രത്യക്ഷമാകുന്നു. മെല്ലെ കയറിവരുന്ന തിരമാല അതിന്റെ വാലിനെയും പിൻ തുഴക്കാലുകളെയും തഴുകി കടന്നുപോകുന്നു. മൂക്കു മുതൽ വാലററം വരെ രണ്ടോ അതിലധികമോ മീററർ നീളം വരുന്ന ഒരു അതികായൻ തന്നെ! അതു തീരത്തു ചലനമററു കിടക്കുകയാണ്.
പെട്ടെന്ന്, മുൻ തുഴക്കാലിന്റെ സഹായത്താൽ അത് മുമ്പോട്ടു പൊങ്ങി ചാടുന്നു. അത് ഭും എന്ന ശബ്ദത്തോടെ നിലത്തുചെന്നു വീഴുന്നു. അടുത്ത ചാട്ടത്തിനുള്ള ശ്വാസവും ശക്തിയും സംഭരിക്കാനെന്നോണം അത് ഒരു നിമിഷത്തേക്കു നിശ്ചലമായി കിടക്കുന്നു. ഇങ്ങനെയാണ് അത് മണ്ണിലൂടെ സഞ്ചരിക്കുന്നത്. അതിന്റെ ഇരുവശങ്ങളിലും ആൾക്കൂട്ടം കുറച്ച് അകന്നു മാറി നിൽക്കുന്നു. ഇതു സംബന്ധിച്ച് ഗൈഡുകൾ വളരെ കർശനം പാലിക്കുന്നു. ആമ ഓരോ പ്രാവശ്യവും മുമ്പോട്ടു നീങ്ങുമ്പോൾ ആൾക്കൂട്ടവും മുമ്പോട്ടു നീങ്ങുന്നു, ഒട്ടും ഒച്ചവെക്കാതെ.
തീരത്ത് എത്തിപ്പററിയാൽ പിന്നെ അതിനു തന്റെ ലക്ഷ്യസ്ഥാനം സഹജമായി അറിയാം. മുട്ടവിരിയുന്നതിന് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു സ്ഥാനം കണ്ടെത്താൻ സഹജജ്ഞാനം അതിനെ സഹായിക്കുന്നു. അവിടെ അതു കുഴി കുഴിച്ചു തുടങ്ങുന്നു. മണൽ തോണ്ടിയെടുത്തുകൊണ്ട് പിൻ തുഴക്കാലുകൾ മൺവെട്ടികൾ പോലെ പ്രവർത്തിക്കുന്നു.
ദീർഘനേരം കഴിഞ്ഞതുപോലെ തോന്നുന്നു. അപ്പോൾ മുട്ട ശേഖരിക്കാൻ ലൈസൻസ് ലഭിച്ചിട്ടുള്ള ഒരു ഗൈഡ് മുമ്പോട്ടു വന്ന് കൈ കുഴിയിലേക്ക് ഇടുന്നു. കൈമുട്ട് കാണാൻ പററാത്തവിധം അത്ര ആഴമുള്ളതാണ് ആ കുഴി. അദ്ദേഹം കുഴിയിൽനിന്ന് കൈ വലിച്ചെടുക്കുമ്പോൾ ആശ്ചര്യത്തോടും ആവേശത്തോടും കൂടെ എല്ലാവരും ദീർഘശ്വാസം വിടുന്നു. അയാൾ ഒരു മുട്ട പുറത്തെടുക്കുന്നു!
തോൽക്കടലാമയുടെ മുട്ടയ്ക്കു മങ്ങിയ വെള്ളനിറമാണ്. ഇതിന്റെ വലിപ്പം ടേബിൾ ടെന്നീസ് ബോളിന്റെ വലിപ്പം മുതൽ കോർട്ട് ടെന്നീസ് ബോളിന്റെ വലിപ്പം വരെ വ്യത്യാസപ്പെട്ടിരിക്കാം. ഒരു തവണയിടുന്ന മുട്ടകളിൽ അവസാനത്തെ ഏതാനും എണ്ണത്തിനു സാധാരണ ഒരു ഗോലിയുടെ അത്രയുമേ വലിപ്പം വരൂ. കോഴിമുട്ടയിൽ നിന്നു വ്യത്യസ്തമായി, അമർത്തിയാൽ എളുപ്പത്തിൽ പതുങ്ങിപ്പോകുന്ന കട്ടിയുള്ള ബാഹ്യചർമമാണ് ഈ ആമമുട്ടയ്ക്കുള്ളത്. വിചിത്രമെന്നോണം, പാകം ചെയ്താലും മുട്ടയുടെ വെള്ളക്കരു (ആൽബ്യൂമെൻ) ദ്രാവകാവസ്ഥയിൽ തന്നെ ഇരിക്കുന്നു. ചവർപ്പു കലർന്ന മീൻ ചുവയാണ് അതിനുള്ളത്. ഒരു കടലാമ ഒരു തവണ ശരാശരി ഏതാണ്ട് 85 മുട്ടകളിടുന്നു. 140 മുട്ടകളിട്ട ഒരു റെക്കോർഡ് 1967-ൽ റിപ്പോർട്ടു ചെയ്യപ്പെടുകയുണ്ടായി.
ഇനി ആൾക്കൂട്ടത്തിനു കൂടുതൽ സ്വാതന്ത്ര്യത്തോടെ നടക്കാം. ചിലർ പേടിയോടെ കടലാമയെ തൊട്ടുനോക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. മററു ചിലർ കുടുംബ ആൽബങ്ങളിൽ വെക്കാൻ ഫോട്ടോകൾ എടുക്കാനായി അതിന്റെ പുറത്തു കയറുകയോ ചാരിക്കിടക്കുകയോ ചെയ്യുന്നു. അടുത്തു ചെന്നു നോക്കുമ്പോൾ അതിന്റെ നേത്രങ്ങളിൽനിന്നു കട്ടിയുള്ള, അർധതാര്യമായ ശ്ലേഷ്മം തുള്ളിതുള്ളിയായി വീഴുന്നതു കാണാം. അതിൽ മണൽത്തരി പററിയിരിക്കുന്നു. ജലത്തിൽനിന്ന് വായുവിലേക്ക് വരുമ്പോഴുള്ള മാററമാണ് ഇതിനു കാരണം എന്നു പറയുന്നു. ഇടയ്ക്കിടയ്ക്കു കടലാമ ഒരു മുക്കറ ശബ്ദത്തോടെ ശ്വസിക്കാനായി വായ് തുറക്കുന്നു.
മുട്ടകൾ കുഴിച്ചുമൂടൽ
കുറേ നേരം കഴിഞ്ഞ് ഈ ജീവി കുഴിയിലേക്കു മണൽ തിരിച്ചിടുന്നതിനായി പിൻ തുഴക്കാലുകൾ ചലിപ്പിക്കുന്നു. കുഴി നിറഞ്ഞു കഴിഞ്ഞാലുടൻ തോൽക്കടലാമ അതിന്റെ പിൻ തുഴക്കാലുകൾ മോട്ടോർ വാഹനങ്ങളിലെ വൈപ്പർ പോലെ ശക്തിയായി ചലിപ്പിക്കുന്നു. മണൽ എല്ലാ ദിശയിലേക്കും പാറിപ്പറക്കുന്നു! മുഖവും ശരീരവും സംരക്ഷിക്കാനായി ആൾക്കൂട്ടം പെട്ടെന്ന് പിമ്പോട്ടു മാറുന്നു. തുഴക്കാലുകൾ കുറച്ചു നേരത്തേക്കു കൂടെ ചലിച്ചുകൊണ്ടിരിക്കുന്നു. എന്ത് ഓജസ്സും ശക്തിയും ആണ് പ്രയോഗിക്കേണ്ടിവരുന്നത്! ഈ അവയവങ്ങൾ അവസാനം നിശ്ചലമാകുമ്പോൾ തോൽക്കടലാമ കുഴിച്ച കുഴിയുടെ ഒരു പാടു പോലും ആൾക്കൂട്ടത്തിനു കാണാനാവില്ല. തീർച്ചയായും സഹജജ്ഞാനം തന്നെ! എന്നാൽ എത്ര അപരിമേയമായ ജ്ഞാനമായിരിക്കും ഈ കടലാമയുടെ സ്രഷ്ടാവിന് ഉണ്ടായിരിക്കുക!
തോൽക്കടലാമ സമുദ്രത്തിലേക്കു തിരിച്ചു പോകുന്നതിനു മുമ്പ് മുട്ട ശേഖരിക്കുന്നതിനു ലൈസൻസു ലഭിച്ചിട്ടുള്ള ഒരാൾ അതിന്റെ മുൻ തുഴക്കാലുകളിൽ ഒന്നിൽ ഒരു അടയാളം കെട്ടിവെയ്ക്കുന്നു. അതിന്റെ പിന്നീടുള്ള തീരദേശ സന്ദർശനങ്ങളും പുറങ്കടലിലെ അതിന്റെ നീക്കങ്ങളും നിരീക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഓരോ സീസണിലും അത് ആറു മുതൽ ഒമ്പതു വരെ തവണ മുട്ടയിടുന്നു. മുട്ടയിടലുകൾക്ക് ഇടയിൽ 9 മുതൽ 14 വരെ ദിവസത്തെ ഇടവേളയുണ്ട്.
താമസംവിനാ തോൽക്കടലാമ വലിഞ്ഞിഴഞ്ഞ് മുമ്പോട്ടു നീങ്ങുകയായി. അത് തിരിഞ്ഞ് സമുദ്രത്തിലേക്കു പോകുകയാണ്. വന്നതിനെക്കാൾ വേഗത്തിലാണ് ഇപ്പോൾ അതിന്റെ പോക്ക്. വെള്ളത്തിൽ എത്തിക്കഴിയുമ്പോൾ അത് ആദ്യം തല ഇറക്കുന്നു, പിന്നെ ശരീരവും. ഒടുവിൽ അത് കാഴ്ചയിൽ നിന്നു മറയുന്നു. അവസാനം തല ഉയർത്തുമ്പോഴേക്കും കടലാമ കുറെ ദൂരം പോയിക്കഴിഞ്ഞിരിക്കും. അത് പുറങ്കടലിലേക്ക് വേഗം നീന്തുന്നു. നിലാവെളിച്ചം അതിന്റെ നാസികാഗ്രത്തിൽ പ്രതിഫലിക്കുന്നു. വെള്ളത്തിൽ അതിന് എന്തൊരു ചുണയും വേഗതയും ആണ്! മണ്ണിൽ കൂടെ ആടിത്തൂങ്ങി നടക്കുന്നതു പോലെയേ അല്ല.
സംരക്ഷണ ശ്രമങ്ങൾ
മലിനമായ പരിസ്ഥിതിയുടെയും മമനുഷ്യന്റെ അത്യാർത്തിയുടെയും കെടുതിയിലകപ്പെടുന്ന ജന്തുവർഗങ്ങളുടെ എണ്ണം പെരുകുകയാണ്. തോൽക്കടലാമകളുടെ കാര്യവും മറെറാന്നല്ല. 1970-കളുടെ മധ്യത്തിൽ പൂർണവളർച്ച എത്താത്ത നൂറുകണക്കിനു കടലാമകൾ അയൽസംസ്ഥാനമായ പഹാങ്ങിന്റെ തീരത്ത് ചത്തടിഞ്ഞതായി കാണപ്പെട്ടു! അസാധാരണമായ ഒരു സ്വാദ് നുകരുന്നതിനുള്ള ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ കടലാമമുട്ടകൾ ഒരു മടിയും കൂടാതെ ശേഖരിക്കപ്പെടുന്നു.
ഈ കടലാമകളുടെ ഭാഗ്യമെന്നു പറയട്ടെ, അവയുടെ എണ്ണം കുറഞ്ഞുവരുന്നതു സംബന്ധിച്ച മലേഷ്യക്കാരുടെ ആഴമായ ഉത്കണ്ഠ 1951-ൽ കടലാമനിയമം പാസ്സാകാനിടയാക്കി. മുട്ടകൾ സ്വകാര്യമായി ശേഖരിക്കുന്നത് നിയമവിരുദ്ധമാക്കപ്പെട്ടു. എന്നിരുന്നാലും, ലാഭം ഒരു വൻ വശീകരണശക്തി ആയിരിക്കുന്നതിനാൽ പണക്കൊതിയൻമാർ ഈ നിയമം ലംഘിക്കുന്നു. എങ്കിലും, സംരക്ഷണ ശ്രമങ്ങൾ വൃഥാവിലായിട്ടില്ല.
റാൻറൗ അബാങ് കടൽത്തീരത്ത് മണലിൽ നിരനിരയായി നാട്ടിവെച്ചിരിക്കുന്ന ചെറിയ പ്ലാക്കാർഡുകൾ കാണുന്നത് സന്തോഷകരമാണ്. ഓരോന്നും ഒരു ചെറു കൂട്ടം മുട്ടകൾ കുഴിച്ചിട്ട സ്ഥലത്തെ കാണിക്കുന്നു. പ്ലാക്കാർഡ് മുട്ടകളുടെ എണ്ണവും കുഴിച്ചിട്ട തീയതിയും ഇട്ടപ്പോൾ ഉണ്ടായിരുന്ന മുട്ടകളുടെ എണ്ണം തിരിച്ചറിയിക്കുന്ന കോഡ് നമ്പരും കാണിക്കുന്നു. മുട്ടവിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾ രക്ഷപ്പെട്ടു പോകാതിരിക്കാനായി കുഴിച്ചിട്ടിട്ട് 45 ദിവസം കഴിയുമ്പോൾ ഓരോ പ്ലാക്കാർഡിനു ചുററും കമ്പിവല അടിക്കുന്നു. മുട്ടവിരിയാൻ 52 മുതൽ 61 വരെ ദിവസങ്ങളെടുക്കും. സാധാരണമായി വൈകുന്നേരം സൂര്യാസ്തമയത്തിനുശേഷം കുഞ്ഞുങ്ങൾ മുട്ടവിരിഞ്ഞ് പുറത്തുവരുമ്പോൾ ഓരോ കുഴിയിൽനിന്നും പുറത്തുവരുന്ന കുഞ്ഞുങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നു. പിന്നെ അവയെ പാത്രങ്ങളിലാക്കുകയും പിന്നീട് കടലോരത്തു കൊണ്ടുവിടുകയും ചെയ്യുന്നു.
സംരക്ഷണ നടപടി മുഖേന മുട്ടവിരിയിച്ച് അനേകായിരം കുഞ്ഞുങ്ങളെ അവരുടെ ജലഭവനത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ തോൽക്കടലാമകളുടെ അതിജീവന നിരക്കും റാൻറൗ അബാങ്ങിലേക്കു വരുന്ന അവയുടെ എണ്ണവും കുറഞ്ഞുവരുന്നത് ഉത്കണ്ഠയ്ക്കു കാരണമായി ശേഷിക്കുന്നു.
[18-ാം പേജിലെ ചിത്രങ്ങൾ]
തല മുതൽ വാൽ വരെ രണ്ടു മീറററോളം നീളം വരുന്ന തോൽക്കടലാമ ഡസൻ കണക്കിനു മുട്ടകളിടുന്നു. ഏതാണ്ട് എട്ട് ആഴ്ചകൾക്കുശേഷം കുഞ്ഞുങ്ങൾ പുറത്തുവരുന്നു
[കടപ്പാട്]
Leathery turtle. Lydekker
C. Allen Morgan/Peter Arnold
David Harvey/SUPERSTOCK
[17-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
C. Allen Morgan/Peter Arnold