ലോകത്തെ വീക്ഷിക്കൽ
മൊസാമ്പിക്കിൽ കൺവെൻഷൻ
യഹോവയുടെ സാക്ഷികൾ അനേകവർഷങ്ങളായി മൊസാമ്പിക്കിൽ നിരോധിക്കപ്പെട്ടിരുന്നു. ഇപ്പോൾ അധികാരികൾ വലിയ ആരാധനാസ്വാതന്ത്ര്യം നൽകിയത് അവർ വിലമതിക്കുന്നു. മൊസാമ്പിക്കിന്റെ തലസ്ഥാനമായ മേപ്യൂട്ടോയിലെ കോസ്ററാ ഡോ സോൾ സ്പോർട്ട്സ് സ്റേറഡിയത്തിൽ അടുത്ത കാലത്ത് ഒരു ചതുർദ്ദിന “നിർമ്മല ഭാഷാ” ഡിസ്ട്രിക്ററ് കൺവെൻഷൻ നടത്തപ്പെട്ടു. കൺവെൻഷന്റെ ആരംഭ യോഗത്തിൽ ആറായിരംപേർ ഹാജരായതായി കൺവെൻഷൻ റിപ്പോർട്ടുചെയ്ത ടെംപോ എന്ന മൊപ്യൂട്ടോ പത്രം റിപ്പോർട്ടു ചെയ്തു. പ്രഭാഷണങ്ങൾ പോർച്ചുഗീസ്, സോംഗാ ഭാഷകളിൽ നടത്തപ്പെട്ടു. “മനുഷ്യർ തമ്മിലുള്ള ഭിന്നതകൾക്കിടയാക്കിയിട്ടുള്ള ഭാഷാപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും ക്രിസ്തീയ ഐക്യം ശക്തമാക്കുക” എന്നതായിരുന്നു കൺവെൻഷന്റെ ഉദ്ദേശ്യമെന്ന് ടെംപോ പറയുന്നു. “ദേശീയത്വം, വർഗ്ഗം, വിദ്യാഭ്യാസം, സാമൂഹികനില” എന്നിവയൊന്നും ഗണ്യമാക്കാതെ സാർവദേശീയമായി ഈ ലക്ഷ്യത്തിനുവേണ്ടി യഹോവയുടെ സാക്ഷികൾ പ്രവർത്തിക്കുന്നുവെന്ന് ലേഖനം വിശദീകരിക്കുന്നു.
ക്ഷാമം, എന്നാൽ ഭക്ഷ്യദൗർലഭ്യമില്ല
“അടുത്തവർഷങ്ങളിൽ ക്ഷാമം, പ്രത്യേകിച്ചു ലാററിൻ അമേരിക്കയിൽ പെരുകിയതായി വേൾഡ് ബാങ്ക് പഠനങ്ങൾ കാണിക്കുന്നു”വെന്ന് ബ്രസീലിലെ സാവോപോളോയിൽ നടന്ന ഒരു സെമിനാറിൽ ഫ്രെഞ്ചു സാമ്പത്തികവിദഗ്ദ്ധനായ ജാക്വസ്ഷോഞ്ചോൾ പ്രസ്താവിച്ചു. “ക്ഷാമം—1990കളുടെ വെല്ലുവിളി” എന്നതായിരുന്നു അതിന്റെ പ്രമേയമെങ്കിലും ലോകമാസകലം വികലപോഷിതരായി കരുതപ്പെടുന്ന 111,60,00,000 പേർക്ക് അതു കാര്യമായ പ്രതീക്ഷ നൽകിയില്ല. “ഭക്ഷ്യദൗർലഭ്യംകൊണ്ടുള്ളതല്ല പ്രശ്നം എന്ന് വിദഗ്ദ്ധർ ഉറപ്പു പറയുന്നു,” എന്ന് എസ്ററാഡോ ഡി എസ്. പോളോ റിപ്പോർട്ടു ചെയ്യുന്നു. “ലോകം അതിന്റെ 530 കോടി നിവാസികളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ വേണ്ടത്ര ഉൽപ്പാദിപ്പിക്കുന്നു. എന്നാൽ ജനങ്ങൾക്ക് ഭക്ഷണം വാങ്ങാനുള്ള ശേഷിയില്ല.” എന്തുകൊണ്ട്? രാജ്യാന്തര കടബാദ്ധ്യതാ ഉടമ്പടികളാൽ സാമൂഹിക പരിപാടികളിൽ വരുത്തപ്പെട്ട വെട്ടിക്കുറയ്ക്കൽ ക്ഷാമം വർദ്ധിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. “നഗരവൽക്കരണം ക്ഷാമം രൂക്ഷമാക്കി”യെന്നത് ഷൊഞ്ചോളിന്റെ അഭിപ്രായത്തിൽ മറെറാരു കാരണമാണ്.
പക്ഷികളുടെ കള്ളക്കടത്ത്
“അഞ്ചുകോടി ഡോളർ വിലയുള്ള 2,25,000 പക്ഷികളെ ഓരോ വർഷവും കള്ളക്കടത്തു നടത്തുകയോ വ്യാജരേഖകൾകൊണ്ട് ഇറക്കുമതിചെയ്യുകയോ” ചെയ്യുന്നതായി വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് റിപ്പോർട്ടു ചെയ്യുന്നു. ഉദാഹരണത്തിന് ആഫ്രിക്ക, ഇന്തോനേഷ്യ മെക്സിക്കോ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ കാടുകളിൽനിന്നു സ്ഥലവാസികൾ തത്തകളെ പിടിച്ച് ഏതാനും ഡോളറിനു വിൽക്കുന്നു. “കരീബിയനിലെ ഡൊമിനിക്കയിലുള്ള വലിയ രാജകീയ ആമസോൺപോലുള്ള ചില പക്ഷികൾ അമേരിക്കയിലെയോ യൂറോപ്പിലെയോ ആവശ്യക്കാരുടെ പക്കൽ എത്തുമ്പോൾ ഒന്നിന് ഒരു ലക്ഷം ഡോളർ വിലയാകുന്നു.” എന്ന് ദി വാൾ സ്ട്രീററ് ജേർണൽ പറയുന്നു. തത്തയുടെ പല വർഗ്ഗങ്ങൾ കാടുകളിൽ ഉൻമൂല നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു. കള്ളക്കടത്തിൽ പെടുന്ന പക്ഷികളുടെ 90 ശതമാനവും “അനുചിതമായ തീററ കൊടുക്കലും ക്രൂരമായ സാഹചര്യങ്ങളും നിമിത്തം സഞ്ചാര മാർഗ്ഗത്തിൽ ചത്തുപോകുന്ന”തായി കരുതപ്പെടുന്നു.
ഏഷ്യയിൽ എയ്ഡ്സ്
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ് ഫെബ്രുവരിയിൽ ഏഷ്യയിൽ ഏകദേശം 2000 എയ്ഡ്സ് ബാധിതർ ഉണ്ടായിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. ഇപ്പോൾ ഏഷ്യയിൽ ആകെ 5,00,000 ആളുകൾ എച്ച്ഐവി വൈറസ് ബാധിച്ചവരാണെന്ന് ഡബ്ലിയുഎച്ച്ഓ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്കാക്കുന്നതായി ഐക്യരാഷ്ട്രങ്ങൾ അടുത്തകാലത്ത് റിപ്പോർട്ടു ചെയ്തു. ഏഷ്യാ വീക്ക് മാസിക പറയുന്നതനുസരിച്ച് “ഏഷ്യയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം നാടകീയമായി പെരുകുമെന്ന് യു.എൻ. ഈയിടെ റിപ്പോർട്ടു ചെയ്തു. ഈ പ്രശ്നത്തെ നേരിടുന്നതിന് മെച്ചപ്പെട്ട വിദ്യാഭ്യാസവും ബോധവത്ക്കരണ പ്രസ്ഥാനങ്ങളും ഡബ്ലിയുഎച്ച്ഓ ശുപാർശ ചെയ്യുന്നു.
എലിപിടുത്തക്കാരുടെ വർഗ്ഗം
ഇന്ത്യയിലെ തമിഴ്നാട്ടിലുള്ള കർഷകർ എലികളെ നിയന്ത്രിക്കുന്നതിന് രാസവസ്തുക്കളും കീടനാശിനികളും കെണികളും പരീക്ഷിച്ചു പരാജയപ്പെട്ടപ്പോൾ അവർ എലികളെ പിടിക്കുന്നതിന് ഇരുളർ സമുദായത്തിൽപെട്ടവരെ നിയോഗിച്ചുവെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ആദ്യ വർഷം ഇരുളർ 40,000 ഏക്കർ (16,000 ഹെക്ടർ) വരുന്ന പ്രദേശത്തുനിന്ന് ഏകദേശം 1,40,000 എലികളെ പിടിച്ചു. ഇരുളർ “കീടനാശിനികൾ ഉപയോഗിക്കുന്നില്ല, പിന്നെയോ എലികളുടെ സ്വഭാവത്തെക്കുറിച്ചുള്ള അറിവിൽ അടിസ്ഥാനപ്പെടുത്തിയതാണ് അവരുടെ പ്രവർത്തന രീതി.” പുറത്തേക്കുള്ള ദ്വാരങ്ങൾ അടച്ചുകൊണ്ട് അവർ എലികളെ അവയുടെ മാളങ്ങളിൽ കുടുക്കുന്നു. ഇത്രയേറെ എലികളെ പിടിക്കാൻ കഴിയുന്നതുകൊണ്ട് എലികളുടെ മാംസം കോഴിത്തീററയായും മത്സ്യത്തീററയായും ഉപയോഗിക്കുന്നതിനും തോൽ ഉപയോഗയോഗ്യമാക്കുന്നതിനും ഉള്ള സാദ്ധ്യതകൾ ഇരുളർ ആരായുന്നു. “ഇരുളരുടെ പ്രവർത്തന രീതി തികച്ചും പ്രയോജനപ്രദമാണെന്നു പരീക്ഷണം തെളിയിച്ചിരിക്കുന്ന”തായി ഇന്ത്യാ ടുഡേ പറയുന്നു. അത് എലിനിയന്ത്രണത്തിനുള്ള ചെലവു കുറഞ്ഞ മാർഗ്ഗവുമാണ്.
പവിഴങ്ങൾ ഉഷ്ണത്താൽ നശിക്കുന്നു
“ആഗോള താപവർദ്ധനവിന്റെ ആദ്യത്തെ തെളിവ് ബ്ലീച്ചു ചെയ്യപ്പെടുന്ന പവിഴങ്ങളിൽനിന്നുള്ളതായിരിക്കാം” എന്ന് പ്യൂട്ടോറിക്കോ യൂണിവേഴ്സിററിയിലെ ഏണസ്ററ് വില്യംസ് പ്രസ്താവിച്ചു. സൂക്ഷ്മദർശിനിയിൽ മാത്രം ദൃശ്യമാകുന്ന ആൽഗയാണ് പവിഴങ്ങൾ ഭക്ഷണമാക്കുന്നത്. സമുദ്രത്തിന്റെ ഉയർന്ന ഊഷ്മാവ് പവിഴങ്ങൾ ആൽഗയെ പുറന്തള്ളാൻ ഇടയാക്കുന്നു. പവിഴപ്പുററുകളിൽ വെളുത്ത വ്രണങ്ങൾ അവശേഷിക്കാൻ ഇതിടയാക്കുന്നു. അതുകൊണ്ടാണ് “ബ്ലീച്ചിംഗ്” എന്നു പറയുന്നത്. “അതിന്റെ ആൽഗ പങ്കാളിയുടെ അഭാവത്താൽ പവിഴം ക്ഷീണിക്കുകയും പ്രജനനം നിർത്തുകയും ചെയ്യുന്നു.” വടുക്കളോടുകൂടിയ രോഗാതുരമായ പവിഴപ്പുററുകൾ ബഹാമാസ്, ബർമുഡാ, ഫ്ളോറിഡ, ഹാവായ്, ജമയ്ക്ക, ഒക്കിനാവാ, പ്യൂട്ടോറിക്കോ എന്നീ സ്ഥലങ്ങളുൾപ്പെടെ അനേകം സ്ഥലങ്ങളിൽ കാണപ്പെട്ടിട്ടുണ്ട്. 1980കളുടെ ദശകം കഴിഞ്ഞ നൂറു വർഷങ്ങളിൽ ഏററം ചൂടു കൂടിയതായിരുന്നുവെന്നും പവിഴപ്പുററുകൾക്ക് ഭീഷണിയാകും വിധം “അടുത്ത നൂററാണ്ടിൽ ഊഷ്മാവ് അനേകം ഡിഗ്രി വർദ്ധിക്കുമെന്നും അനവധി കാലാവസ്ഥാ വിദഗ്ദ്ധർ പ്രവചിക്കുന്ന”തായി ടൊറൊന്റോ സ്ററാർ പറയുന്നു. (g91 5/8)