ടെലിവിഷൻ ലോകത്തിനു മാററം വരുത്തിയതെങ്ങനെ?
കഴിഞ്ഞ വേനൽക്കാലത്ത് ടെലിവിഷൻ ലോകത്തെ ഒരു ആഗോള സ്പോർട്ട്സ്വേദിയാക്കി മാററി. ഇററലിയിലെ റോമിൽ തെരുവുകൾ വിജനമായിക്കിടന്നു. ഏകദേശം 2.5 കോടിയോളം വരുന്ന ഇററലിക്കാർ ലോകകപ്പ് സോക്കർ മത്സരങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുപോലെ, അർജൻറീനയിലെ ബ്യൂനോസ് അയേഴ്സിലും ഇതേ കാരണത്താൽ തെരുവുകൾ ശൂന്യമായിക്കിടന്നു. പശ്ചിമാഫ്രിക്കയിലെ കാമറൂണിലും ഇതേ ചാര-നീല വെളിച്ചം ജനാലകളിലൂടെ ഒളിമിന്നിക്കൊണ്ടിരിക്കവെ ലക്ഷക്കണക്കിനാളുകൾ ഒരുമിച്ച് ഹർഷാരവം മുഴക്കിക്കൊണ്ടിരുന്നു. യുദ്ധംകൊണ്ടു വലഞ്ഞ ലെബനോനിൽ വെറുതെ കിടക്കുന്ന തങ്ങളുടെ ടാങ്കുകൾക്കുമീതെ ടെലിവിഷനുകൾ പൊക്കിവെച്ചുകൊണ്ട് പടയാളികൾ രംഗങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്നു. ടൂർണ്ണമെൻറ് അതിന്റെ മൂർദ്ധന്യത്തിലെത്തിയപ്പോൾ തീനാളത്തിനു ചുററും ഈയാമ്പാററ പൊതിയുന്നതുപോലെ ഭൂമിയിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊരുഭാഗം ഈ പെട്ടിയുടെ അരണ്ട വെളിച്ചത്തിൽ മിന്നുന്ന മുഖങ്ങളുമായി ചുററും വന്നുകൂടി.
ഈ വമ്പിച്ച ററിവി സംഭവം ഒററപ്പെട്ട ഒന്നല്ല. ഭൂമിയിലെ ജനസംഖ്യയുടെ മൂന്നിലൊന്നിനോടൊത്ത്—ഏതാണ്ട് 1,60,00,00,000 പേർ—1985-ൽ ലൈവ് എയ്ഡ് എന്ന റോക്ക് സംഗീത പരിപാടി നിരീക്ഷിക്കുകയുണ്ടായി. ഐസ്ലൻറ് മുതൽ ഘാന വരെ നീണ്ടുകിടക്കുന്ന ഏതാണ്ട് 150 രാജ്യങ്ങളിലേക്ക് ഈ പരിപാടി ഒരു ഡസൻ ഉപഗ്രഹങ്ങൾ റിലേ ചെയ്തു.
സർവത്ര കാണപ്പെടുന്ന ഈ പേടകം—ററിവി, ഗൂഢമായി അരങ്ങേറുന്ന ഒരു വിപ്ലവത്തിന്റെ മർമ്മസ്ഥാനത്തുനിന്നു പ്രവർത്തിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും മിന്നിയിരുന്ന 1920കളിലെയും 1930കളിലെയും കൊച്ചു സ്ക്രീനുകളിൽനിന്ന് ഇന്നത്തെ വ്യക്തതയേറിയ വർണ്ണഭംഗിയും ചാരുതയുമുള്ള അത്യാധുനികമായ സ്ക്രീനുകളിലേക്ക് സാങ്കേതികവിദ്യ വളരുകയും അതോടൊപ്പം ആഗോളവ്യാപകമായി ററിവിയുടെ എണ്ണത്തിൽ ഒരു പ്രളയത്തിന് അത് വഴിമരുന്നിടുകയും ചെയ്തിരിക്കുന്നു. ലോകത്ത് 1950ൽ 50 ലക്ഷത്തിൽ താഴെ ടെലിവിഷൻ സെററുകളെ ഉണ്ടായിരുന്നുള്ളു. ഇന്ന്, ഏകദേശം 75,00,00,000 എണ്ണമുണ്ട്.
ലോകകപ്പ് സോക്കർ മത്സരങ്ങൾപോലുള്ള സംഭവങ്ങൾ, ഒരൊററ വിവരപ്രസാരണ ശ്രംഖലയിൽ ഗോളത്തെ മുഴുവൻ ഒന്നിച്ചുകൂട്ടാനുള്ള ററിവിയുടെ ശക്തിയെ വിളിച്ചറിയിക്കുന്നു. ആളുകൾ തങ്ങൾക്കു ചുററിനുമുള്ള ലോകത്തെപ്പററി പഠിക്കുന്ന വിധത്തിന് ററിവി മാററം വരുത്തിയിരിക്കുന്നു. വാർത്തകളും ആശയങ്ങളും സംസ്കാരവും മൂല്യങ്ങളുംപോലും രാഷ്ട്രീയമോ ഭൂമിശാസ്ത്രപരമോ ആയ വേലിക്കെട്ടുകളെ ഭേദിച്ചുകൊണ്ട് ദേശത്തുനിന്ന് ദേശത്തേക്ക് നിർബാധം പ്രവഹിക്കുന്നതിന് അത് സഹായിച്ചിരിക്കുന്നു. ഒരുകാലത്ത് ഈ വേലിക്കെട്ടുകൾ അത്തരം വേലിയേററങ്ങളെ തടഞ്ഞുനിർത്തിയിരുന്നു. ററിവി ലോകത്തിനു മാററം വരുത്തി. ചിലർ പറയുന്നത് അതിന് നിങ്ങളെയും മാററാൻ കഴിയും എന്നാണ്.
ജൊഹാനസ് ഗുട്ടൻബർഗിന്റെ അച്ചുകൂടത്തിൽനിന്ന് 1455-ൽ ആദ്യത്തെ ബൈബിൾ പുറത്തുവന്നപ്പോൾ ബഹുജന വാർത്താവിനിമയ സംവിധാനങ്ങൾക്ക് അദ്ദേഹം വിപ്ലവകരമായ മാററം വരുത്തി എന്ന് പരക്കെ വിലമതിക്കപ്പെടുന്നു. ഇന്ന് വളരെ ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ സമയംകൊണ്ട് ശ്രോതാക്കളുടെ അതിബൃഹത്തായ ഒരു സംഘത്തിനരികെ ഒരു സന്ദേശം എത്തിക്കാൻ കഴിയുന്നു. അച്ചടിച്ച മാദ്ധ്യമങ്ങളുടെ ശക്തി ഗവൺമെൻറുകൾ പെട്ടെന്ന് തിരിച്ചറിയുകയും ലൈസൻസിംഗ് നിയമങ്ങൾവഴി അവയെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അച്ചടിച്ച മാദ്ധ്യമങ്ങൾ എക്കാലത്തേതിലും വലിയ സദസ്സിനരികെ എത്തിച്ചേർന്നു. ഒരൊററ ദിവസംകൊണ്ട് 10000 മനസ്സുകളിൽ ഒരേ ആശയം പതിപ്പിക്കാനുള്ള അസാധാരണമായ ശക്തി പത്രമാദ്ധ്യമങ്ങൾക്കുണ്ട് എന്ന് ചരിത്രകാരനായ അലക്സിസ് ഡി. ടോക്യുവിൻ 1800കളുടെ തുടക്കത്തിൽ അഭിപ്രായപ്പെട്ടു.
ഇപ്പോഴിതാ, ടെലിവിഷനെ പരിഗണിക്കുക. അതിന് കോടിക്കണക്കിനാളുകളുടെ മനസ്സിൽ ഒരേ ആശയം—ഒരേ നിമിഷത്തിൽതന്നെ പതിപ്പിക്കാൻ കഴിയുന്നു! അച്ചടിച്ച താളിനെപ്പോലെ അത് വായന എന്ന സങ്കീർണ്ണ കല അഭ്യസിക്കാൻ അതിന്റെ പ്രേക്ഷകരിൽനിന്ന് ആവശ്യപ്പെടുന്നില്ല. അവരോട് അവരവരുടെ മനോബിംബങ്ങൾക്കും ചിത്രങ്ങൾക്കും രൂപം നൽകാൻ ആവശ്യപ്പെടുന്നുമില്ല. അത് അതിന്റെ സന്ദേശങ്ങൾ ചിത്രങ്ങളോടും ശബ്ദങ്ങളോടും ആവുന്നത്ര വശ്യതകളോടുംകൂടെ പ്രസാരണംചെയ്യുന്നു.
ടെലിവിഷന്റെ ബൃഹത്തായ സാദ്ധ്യതകൾ തിരിച്ചറിയാൻ രാഷ്ട്രീയക്കാർക്ക് ഏറെത്താമസിക്കേണ്ടി വന്നില്ല. ഐക്യനാടുകളിൽ ഡ്വൈററ് ഡി. ഐസനോവർ തന്റെ 1952ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ററിവി-യെ ബുദ്ധിപൂർവം ഉപയോഗിച്ചു. ററ്യൂബ് ഓഫ് പ്ലെൻറി—ദി ഇവലൂഷൻ ഓഫ് അമേരിക്കൻ ടെലിവിഷൻ എന്ന പുസ്തകം പറയുന്നതനുസരിച്ച് ഐസൻഹോവർ തെരഞ്ഞെടുപ്പ് ജയിച്ചത് അദ്ദേഹം മാദ്ധ്യമങ്ങളിൽ ഏറെ “കച്ചവടമൂല്യമുള്ള” സ്ഥാനാർത്ഥിയായിരുന്നതുകൊണ്ടാണ്. റിച്ചാർഡ് എം. നിക്സനുമേൽ ജോൺ എഫ്. കെന്നഡി 1960ലെ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽ ററിവി കുറേക്കൂടി വലിയ പങ്കുവഹിച്ചിട്ടുണ്ട്. സ്ഥാനാർത്ഥികൾ ററിവിയിൽ വാഗ്വാദം നടത്തിയപ്പോൾ നിക്സനെക്കാൾ കെന്നഡിക്ക് പ്രേക്ഷകരുടെ മതിപ്പ് ഏറെ പിടിച്ചുപററാനായി. പക്ഷേ, ഇതേ വാഗ്വാദംതന്നെ റേഡിയോയിൽ കേട്ട സദസ്സ്, ഇരുവരും സമനിലയിൽ ആയിരുന്നുവെന്ന് പറഞ്ഞു. എന്താണ് ഈ വ്യത്യാസത്തിനു കാരണം? നിക്സൺ ആകെ വിളറിക്ഷീണിച്ചതുപോലെ കാണപ്പെട്ടപ്പോൾ കെന്നഡി നല്ല പ്രസരിപ്പോടും രക്തപ്പൊലിമയോടുംകൂടെ നല്ല ആത്മവിശ്വാസവും ഓജസ്സും പ്രതിഫലിപ്പിച്ചു. തെരഞ്ഞെടുപ്പിനുശേഷം കെന്നഡി ടെലിവിഷനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആ പേടകമില്ലാതെ ഞങ്ങൾ പ്രാർത്ഥന എത്തിക്കുകപോലുമില്ലായിരുന്നു.”
“ആ പേടകം” ലോകമെങ്ങും അതിന്റെ സ്വാധീനശക്തി അനുഭവപ്പെടാൻ ഇടയാക്കി. ചിലർ അതിനെ ലോകത്തിലെ മൂന്നാം വൻശക്തി എന്നു പേരുവിളിക്കാൻ തുടങ്ങി. ദേശീയ അതിർത്തികളെയും മഹാസമുദ്രങ്ങളെയും മറികടന്നുകൊണ്ട് തങ്ങളുടെ സന്ദേശങ്ങൾ സംപ്രേക്ഷണം ചെയ്യാൻ ഉപഗ്രഹ സാങ്കേതികവിദ്യ ററിവി പ്രക്ഷേപകരെ പ്രാപ്തരാക്കിയിരിക്കുന്നു. ലോകനേതാക്കൾ രാജ്യാന്തര പിന്തുണനേടുന്നതിനും എതിരാളികളെ തകർക്കുന്നതിനും ഉള്ള ഒരു വേദിയായി ററിവിയെ മാററിയിരിക്കുന്നു. ചില ഗവൺമെൻറുകൾ ശത്രുരാജ്യങ്ങളിൽ ആശയപ്രചരണം നടത്താൻ ററിവിയെ ഉപയോഗിച്ചിരിക്കുന്നു. ഗുട്ടൻബർഗ്ഗിന്റെ കണ്ടുപിടുത്തത്തിന്റെ ശക്തി തിരിച്ചറിഞ്ഞതോടെ അതിനെ നിയന്ത്രിച്ചൊതുക്കാൻ ഗവൺമെൻറുകൾ ശ്രമിച്ചതുപോലെ പല ഗവൺമെൻറുകളും ടെലിവിഷന്റെമേൽ പിടിമുറുക്കാൻ തുടങ്ങി. ആകെയുള്ള രാഷ്ട്രങ്ങളിൽ പകുതിയോടടുത്ത് സർക്കാർ നിയന്ത്രിത പരിപാടികൾ മാത്രമാണ് 1986ൽ സംപ്രേക്ഷണം ചെയ്തത്.
സാങ്കേതികവിദ്യ പക്ഷേ ററിവിയെ മേൽക്കുമേൽ നിയന്ത്രിക്കാനാകാത്ത ഒന്നായി മാററിയിരിക്കയാണ്. പ്രക്ഷേപണം സ്വീകരിക്കാനാകുന്ന താരതമ്യേന ചെറിയ ഡിഷ് ആൻറിനകളുള്ള ഭവനങ്ങളിൽപോലും പിടിച്ചെടുക്കാൻ കഴിയുന്ന തരത്തിലുള്ള വീചികളാണ് ഇന്നുള്ള ഉപഗ്രഹങ്ങൾ റിലേ ചെയ്യുന്നത്. കൊണ്ടുനടക്കാവുന്നതരം ചെറിയ വീഡിയോ ക്യാമറകൾ, വീഡിയോ കാസെററുകൾ എന്നിവയും അതോടൊപ്പം അമച്വർ ഫോട്ടോഗ്രാഫർമാരുടെ പെരുപ്പവും ഇന്ന് വാർത്താപ്രാധാന്യമുള്ള മിക്കവാറും ഏതൊരു സംഭവത്തിന്റെയും വീഡിയോ റെക്കോർഡുകളുടെ ഒരു തടുക്കാനാകാത്ത പ്രളയംതന്നെ സൃഷ്ടിച്ചിരിക്കുന്നു.
ഒരു യു.എസ്. വാർത്താവിതരണ സംഘടനയായ ടർണർ ബ്രോഡ്കാസ്ററിംഗിന്റെ സിഎൻഎൻ (കേബിൾ ന്യൂസ് നെററ് വർക്ക്) ഏകദേശം 80 രാജ്യങ്ങളിൽനിന്ന് വാർത്താറിപ്പോർട്ടുകൾ ശേഖരിച്ച് ലോകമെങ്ങും അവയെ റിലേ ചെയ്യുന്നു. അതിന്റെ ആഗോളവ്യാപകമായ രാപകലില്ലാതെയുള്ള വാർത്താശേഖരണ സംവിധാനം ഏതൊരു സംഭവത്തെയും മിക്കവാറും നിമിഷനേരംകൊണ്ട് ഒരു രാജ്യാന്തര സംഭവമാക്കി മാററുന്നു.
ടെലിവിഷൻ ലോകസംഭവങ്ങൾ രേഖപ്പെടുത്തുന്ന ഒരു പേടകം എന്നതിലേറെ, വർദ്ധിച്ച അളവിൽ, ലോകസംഭവങ്ങൾക്ക് രൂപം നൽകുന്ന ഒരു പേടകം ആയി മാറിയിട്ടുണ്ട്. പൗരസ്ത്യ യൂറോപ്പിനെ 1989ൽ പിടിച്ചുലച്ച വിപ്ലവങ്ങളുടെ പരമ്പരയിൽ ററിവി ഒരു സുപ്രധാന പങ്കുവഹിച്ചു. ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ ജനക്കൂട്ടങ്ങൾ ററിവിയിലെ “തൽസമയ സംപ്രേക്ഷണം” ആവശ്യപ്പെട്ടുകൊണ്ട് തെരുവുകളിലൂടെ ആർത്തിരമ്പി. വിപ്ലവകാരികൾ ഒരു കാലത്ത് സർക്കാർ കെട്ടിടങ്ങളും കോട്ടകളും പൊലീസ്താവളങ്ങളും കയ്യടക്കാനായി രക്തച്ചൊരിച്ചിൽ നടത്തിയെങ്കിൽ 1989ലെ വിപ്ലവകാരികൾ ഒന്നാമത് പോരാടിയത് ടെലിവിഷൻ സ്റേറഷനുകളിൽ കടന്നുകൂടുന്നതിനുവേണ്ടിയായിരുന്നു. വാസ്തവത്തിൽ റുമേനിയയുടെ പുതിയ ഭരണകൂടം രാജ്യത്തെ ഭരിക്കാൻ തുടങ്ങിയത് ടെലിവിഷൻ സ്റേറഷനിൽ നിന്നാണ്! അതുകൊണ്ട് ററിവിയെ ലോകത്തിലെ മൂന്നാം വൻശക്തിയെന്ന് വിളിക്കുന്നതിൽ അസാംഗത്യമില്ല.
പക്ഷേ രാഷ്ട്രീയരംഗത്തെ സ്വാധീനിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ററിവി ചെയ്തിരിക്കുന്നു. അത് ഇന്നുപോലും ലോകത്തിന്റെ സംസ്കാരവും മൂല്യങ്ങളും മാററിമറിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യനാടുകൾ “സാംസ്കാരിക സാമ്രാജ്യത്വ”ത്തിന്റെ പേരിൽ കുററം ആരോപിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, അതായത് ടെലിവിഷൻ എന്ന മാദ്ധ്യമം ഉപയോഗപ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ സംസ്കാരം ലോകത്തെ അടിച്ചേൽപ്പിക്കുന്നതിന്റെപേരിൽ. ലാഭകരമായ കച്ചവട പരിപാടികളുടെ ഒരു കൂമ്പാരം തന്നെ നിർമ്മിച്ച ആദ്യരാജ്യം ഐക്യനാടുകളായതുകൊണ്ട് 1940കളുടെ ഒടുക്കവും 1950കളിലും അമേരിക്കൻ നിർമ്മാതാക്കൾക്ക്, മററു രാഷ്ട്രങ്ങൾക്കു തങ്ങളുടെ സ്വന്തം പരിപാടികൾ ആവിഷ്ക്കരിക്കാൻ വേണ്ടിവരുന്ന ചെലവിന്റെ ഒരു ചെറിയ അംശത്തിന് പരിപാടികൾ വിൽക്കാൻ കഴിഞ്ഞു.
കെനിയ, 1980കളുടെ അവസാന വർഷങ്ങളിൽ ററിവി പരിപാടികളുടെ 60 ശതമാനം ഇറക്കുമതിചെയ്യുകയായിരുന്നു; ആസ്ത്രേലിയ 46 ശതമാനവും ഇക്വഡോർ 70 ശതമാനവും സ്പെയിൻ 35 ശതമാനവും. ഈ ഇറക്കുമതികളിൽ മിക്കവയും ഐക്യനാടുകളിൽനിന്നു വന്നു. ലിററിൽ ഹൗസ് ഓൺ ദി പ്രയറി എന്ന അമേരിക്കൻ ഷോ 110 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. ഡള്ളസ് എന്ന ഷോ 96 നാടുകളിൽ പ്രത്യക്ഷപ്പെട്ടു. ലോകത്തെവിടെയും ടെലിവിഷനിൽനിന്ന് പ്രാദേശികച്ചുവ മങ്ങിമറയുന്നുവെന്നും അമേരിക്കൻ ഉപഭോഗപ്രസ്ഥാനവും ഭൗതികത്വവും വ്യാപിക്കുന്നുവെന്നും ചിലർ പരാതിപ്പെടുകയുണ്ടായി.
‘സാംസ്കാരിക സാമ്രാജ്യത്വ’ത്തെചൊല്ലിയുള്ള ഒച്ചപ്പാടിലാണ് പല രാഷ്ട്രങ്ങളും. വിദേശ പരിപാടികളുടെ അതിപ്രസരം ദേശീയ സംസ്കാരത്തെ കാർന്നുതിന്നുന്നുവെന്ന് നൈജീറിയായിൽ പ്രക്ഷേപകർ പരാതിപ്പെട്ടിരിക്കുന്നു; നൈജീറിയൻ പ്രേക്ഷകർക്ക് നൈജീറിയായെക്കാളധികം ഐക്യനാടുകളെക്കുറിച്ചും ബ്രിട്ടനെക്കുറിച്ചുമാണ് വിവരമുള്ളത് എന്ന് അവർ വ്യാകുലപ്പെടുന്നു. യൂറോപ്യൻമാരും ഇതുപോലെതന്നെ ചിന്തിക്കുന്നു. യു.എസ്സ്. കോൺഗ്രസ് നടത്തിയ ഒരു വിസ്താരത്തിൽവെച്ച് സംപ്രേക്ഷണ സാമ്രാട്ടായ റോബർട്ട് മാക്സ്വെൽ രോഷത്തോടെ ഇങ്ങനെ പറഞ്ഞു: “ഒരു രാഷ്ട്രവും അതിന്റെ സംസ്കാരത്തെ ഒരു വിദേശ സംസ്കാരം അടിച്ചമർത്താൻ സമ്മതിക്കരുത്.” തത്ഫലമായി സ്റേറഷനുകൾക്ക് സംപ്രേക്ഷണം ചെയ്യാനാകുന്ന സ്വന്തമല്ലാത്ത പരിപാടികളുടെ എണ്ണത്തിന് പരിധികൾ വെയ്ക്കപ്പെട്ടു.
‘സാംസ്കാരിക സാമ്രാജ്യം’ സംസ്കാരങ്ങളെ മാത്രമല്ല മററ് പലതിനെയും അപകടപ്പെടുത്തുന്നു. അത് ഈ ഗ്രഹത്തെവരെ ഹനിച്ചേക്കാം. പാശ്ചാത്യസംസ്കാരത്തിന്റേതായ ഇപ്പോൾതന്നെ-എല്ലാം-സ്വന്തമാക്കൂ എന്ന ഉപഭോഗ തത്വശാസ്ത്രം വായുവിനെ മലിനമാക്കുന്നതിലും വെള്ളത്തെ വിഷലിപ്തമാക്കുന്നതിലും ഭൂമിയെ പൊതുവിൽ താറുമാറാക്കുന്നതിലും അതിന്റെ പങ്കുവഹിച്ചിരിക്കുന്നു. ദി ഇൻഡിപ്പെൻഡെൻറ് എന്ന ഒരു ലണ്ടൻ വർത്തമാനപ്പത്രം ഇങ്ങനെ പറയുകയുണ്ടായി: “ടെലിവിഷൻ ലോകസമക്ഷം ഭൗതികസ്വാതന്ത്ര്യത്തിന്റെ വെട്ടിത്തിളങ്ങുന്ന പ്രതീക്ഷ അവതരിപ്പിച്ചിരിക്കുന്നു—പാശ്ചാത്യ സമ്പൽസമൃദ്ധി—അത് വഞ്ചനാത്മകമാണ്, കാരണം പരിഹരിക്കാനാകാത്ത വിധത്തിൽ സ്വാഭാവിക പരിസ്ഥിതിയെ നശിപ്പിച്ചുകളഞ്ഞാൽ മാത്രമെ ആ സമൃദ്ധി കൈവരിക്കാനാകയുള്ളു.”
വ്യക്തമായിത്തന്നെ, ടെലിവിഷൻ ലോകത്തിന് മാററം വരുത്തിക്കൊണ്ടിരിക്കുന്നു. എപ്പോഴും ഗുണത്തിനായിട്ടല്ലതാനും. പക്ഷേ വ്യക്തികളുടെമേൽ അതിന് ഒട്ടുവളരെ പ്രത്യേക സ്വാധീനഫലങ്ങളുണ്ട്. നിങ്ങൾ അവയ്ക്കു വശംവദനാണോ? (g91 5/22)
[4-ാം പേജിലെ ആകർഷകവാക്യം]
വാർത്താപത്രങ്ങൾക്ക് ഒരാശയം ഒററദിവസംകൊണ്ട് പതിനായിരം മനസ്സുകളിൽ പതിപ്പിക്കാൻ കഴിയും
[5-ാം പേജിലെ ആകർഷകവാക്യം]
ടെലിവിഷന് ഒരാശയം ശതകോടിക്കണക്കിന് മനസ്സുകളിൽ നിമിഷങ്ങൾക്കകം പതിപ്പിക്കാൻ കഴിയും