മാററം വരുത്തുന്നത് എന്തിന്?
നമുക്ക് ശ്രദ്ധേയമായ ബലഹീനതകളുണ്ടെന്ന് സമ്മതിക്കാൻ നമ്മിൽ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല. സ്കോട്ടിഷ് കവിയായ റോബർട്ട് ബേൺസിന്റെ വാക്കുകൾ എത്ര സത്യമാണ്: “മററുള്ളവർ നമ്മെ കാണുന്നതുപോലെ സ്വയം കാണാനുള്ള വരം ഏതെങ്കിലും ശക്തി നമുക്ക് നൽകിയിരുന്നെങ്കിൽ”! അതെ, മററുള്ളവരുടെ കുററങ്ങൾ കണ്ടുപിടിക്കുക നമുക്ക് എളുപ്പമാണ്, എങ്ങനെ മെച്ചപ്പെടാൻ കഴിയുമെന്ന് കാണിക്കാൻ ഉപദേശം കൊടുക്കുന്നതിനും നാം തിടുക്കംകൂട്ടിയേക്കാം. എന്നാൽ നമ്മുടെതന്നെ പെരുമാററത്തിൽ മാററം വരുത്തണമെന്നുള്ള ഏതു നിർദ്ദേശവും നമ്മെ പ്രകോപിപ്പിച്ചേക്കാം. അതു നിങ്ങളെ പ്രകോപിപ്പിക്കുമോ?
നമുക്ക് ഒരു നിമിഷം നിന്ന് പൂർണ്ണതയുള്ള ഒരു ലോകം ഒന്നു വിഭാവനം ചെയ്യാം. അവിടെ എല്ലാവരും വൃത്തിയും ആരോഗ്യവും സന്തുഷ്ടിയും സത്യസന്ധതയുമുള്ളവരാണ്; അവിടെ അധികാര സ്ഥാനങ്ങളിലുള്ളവർ മററുള്ളവർക്ക് നൻമ ചെയ്യുന്നതിൽ തൽപ്പരരായിരുന്നുകൊണ്ട് ദയയും പരിഗണനയും ഉള്ളവരാണ്; അവിടെ അത്യാഗ്രഹമില്ല, ആരും സഹമനുഷ്യരെ ചൂഷണം ചെയ്യുന്നില്ല; അവിടെ ഊഷ്മളതയും കരുതലും കാട്ടുന്ന മാതാപിതാക്കളോട് കുട്ടികൾ അനുസരണമുള്ളവരാണ്; അവിടെ കോപാവേശമില്ല—അക്രമമോ കുററകൃത്യമോ അധാർമ്മികതയോ ഇല്ല; ആളുകൾ മററുള്ളവരെ വിശ്വസിക്കുന്നവരും പ്രകൃത്യാ തന്നെ ഇടപെടാൻ കൊള്ളാവുന്നവരുമാണ്; അവിടെ സുരക്ഷിതബോധത്തോടെയും ക്ഷേമത്തോടെയും ജീവിതം ആസ്വദിക്കാൻ കഴിയും.
അത്തരം ഒരു സാങ്കൽപ്പികലോകം നിലവിൽ വന്നാൽ അതിനു യോജിച്ച ഒരാളായി നിങ്ങളെത്തന്നെ കാണാൻ കഴിയുമോ? കൊള്ളാം, അത്തരം ഒരു ലോകം ഈ ഭൂമിയിലേക്ക് പെട്ടെന്നുതന്നെ വരുന്നു എന്നതാണ് ബൈബിളിൽനിന്നുള്ള സുവാർത്ത. അത്തരം ഐശ്വര്യസമ്പന്നമായ ഒരു സമൂഹത്തോടൊത്തു പോകുന്നതിന് നിങ്ങളെ അയോഗ്യനാക്കുന്ന എന്തെങ്കിലും പെരുമാററരീതി നിങ്ങൾക്കുണ്ടോ? അത്തരമൊരു പറുദീസയിലെ ജീവിതത്തിന് യോഗ്യനാകുന്നതിന് എത്ര കഠിനമായി ശ്രമിക്കുന്നത് മൂല്യവത്തായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?—യെശയ്യാവ് 65:17-25; 2 പത്രോസ് 3:13.
അത്തരമൊരു പുതിയലോകം നിലവിൽവരുന്നതിനു മുമ്പ്, ഇപ്പോൾപോലും നിങ്ങളുടെ പെരുമാററവും മനോഭാവവും സംബന്ധിച്ച് ചില കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ ജീവിതം മെച്ചപ്പെടുമോ? അങ്ങനെയാണെങ്കിൽ എന്തുകൊണ്ട് മാററം വരുത്തിക്കൂടാ? അതു ചെയ്യുക സാദ്ധ്യമാണ്. തുടക്കത്തിൽ ചില പ്രത്യേക സ്വാധീനങ്ങൾ നിങ്ങളുടെ പെരുമാററത്തെ രൂപപ്പെടുത്തുകയും വാർത്തെടുക്കുകയും ചെയ്തു എന്ന് ഓർമ്മിക്കുക. അതുകൊണ്ട് കൂടുതൽ നിയന്ത്രണം ചെലുത്തുകയും താൽപര്യമെടുക്കുകയും ചെയ്താൽ ഇപ്പോൾപോലും നിങ്ങൾക്ക് നിങ്ങളുടെ പെരുമാററത്തിന് മാററം വരുത്താൻ കഴിയും.
എന്നിരുന്നാലും നിങ്ങൾ അപ്പോഴും ഇങ്ങനെ പ്രതിഷേധിച്ചേക്കാം: ‘എന്നാൽ എനിക്ക് യഥാർത്ഥത്തിൽ മാററം വരുത്താൻ കഴിയുമോ? ഞാൻ ഇതിനുമുമ്പ് പലപ്രാവശ്യം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. ഞാൻ അങ്ങനെയാണ്, എനിക്ക് അതു സംബന്ധിച്ച് യാതൊന്നും ചെയ്യാൻ സാദ്ധ്യമല്ല!’
യേശുവിന്റെ ഒരു അപ്പോസ്തലനായിരുന്ന പൗലോസിനെപ്പററി ചിന്തിക്കുക. (റോമർ 7:18-21) സ്വയനീതിക്കാരനായിരുന്ന ഒരു അക്രമണകാരിയെന്ന നിലയിൽ ക്രിസ്ത്യാനികളെ എതിർത്ത പൗലോസ് മാററം വരുത്തുകയും അവൻതന്നെ ഒരു ക്രിസ്ത്യാനിയായിത്തീരുകയും ചെയ്തു. മാററം വരുത്താൻ യഥാർത്ഥത്തിൽ ആഗ്രഹിച്ചതുകൊണ്ട് അവൻ അങ്ങനെ ചെയ്തു. പരാജയങ്ങൾ സംഭവിച്ചതുകൊണ്ടോ പാരമ്പര്യഗുണങ്ങളുടെ സ്വാധീനമുണ്ടായിരുന്നതുകൊണ്ടോ അവൻ ശ്രമം ഉപേക്ഷിച്ചു കളഞ്ഞില്ല. അവന്റെ പഴയ വ്യക്തിത്വം ഒരിക്കലും മാററംവരുത്താൻ കഴിയാത്ത ഒന്നാണെന്ന് അവൻ കരുതിയില്ല. അതിന് അവന്റെ ഭാഗത്ത് വളരെ ശ്രമം ആവശ്യമായിരുന്നു. എന്നാൽ അവന് വളരെയധികം സഹായം ലഭിച്ചു.—ഗലാത്യർ 1:13-16.
ഈ സഹായം എവിടെനിന്നായിരുന്നു? (g91 7/8)
[അടിക്കുറിപ്പുകൾ]