യഥാർത്ഥത്തിലുള്ള നിങ്ങളെ കണ്ടെത്തൽ
ഒരു മുഖക്കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്? നിങ്ങളുടെതന്നെ പ്രതിബിംബം. എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ ആരാണെന്ന് അതു നിങ്ങളോടു പറയുന്നുവോ? ഒരു വ്യക്തിയെന്ന നിലയിൽ മററുള്ളവർ നിങ്ങളെ അറിയുന്നതെങ്ങനെയായിരുന്നേക്കാമെന്ന് അതു നിങ്ങളോടു പറയുന്നുണ്ടോ? നിങ്ങൾ ആരാണെന്ന് നിങ്ങൾക്ക് യഥാർത്ഥത്തിൽ അറിയാമോ? തുടക്കത്തിൽ നിങ്ങളുടെ വ്യക്തിപരമായ പെരുമാററരീതി സ്ഥിരീകരിക്കപ്പെട്ടത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ? അതെ, ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങൾ എങ്ങനെയാണ് വികാസം പ്രാപിച്ചത്?
നിങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ എല്ലാ ഘടകങ്ങളും ഒന്ന് അപഗ്രഥിക്കാൻ നിങ്ങൾ ഒരു നിമിഷമെടുക്കുകയാണെങ്കിൽ മററു വ്യക്തികളാലോ മററു ഘടകങ്ങളാലോ അനേകം സ്വാധീനങ്ങൾ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു എന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. ബാല്യകാലത്തിലെ നമ്മുടെ വളർച്ചയുടെ വർഷങ്ങളിൽ നമ്മുടെ സ്വന്തം ശീലങ്ങളും രീതികളും സ്ഥാപിക്കുന്ന കാര്യത്തിൽ നമുക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു. അതുകൊണ്ട് നമ്മുടെമേൽ കെട്ടിയേൽപ്പിക്കപ്പെട്ട വ്യക്തിത്വ രൂപീകരണത്തിന്റെ ഈ സ്വാധീനങ്ങൾ നമുക്ക് ഒന്നു പരിശോധിക്കാം—അവയിൽ ചിലതാകട്ടെ നിങ്ങളുടെ സ്വന്തം പെരുമാററം സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നതിന് വളരെ മുമ്പേയുള്ളവയായിരുന്നു.
പാരമ്പര്യഗുണങ്ങൾ വലിയ പങ്കുവഹിക്കുന്നു
പാരമ്പര്യഗുണങ്ങൾ നിങ്ങളെ എത്രത്തോളം ബാധിച്ചിട്ടുണ്ട്? പരമ്പരാഗത സവിശേഷതകൾ കൈമാററം ചെയ്യുന്ന ക്രോമോസോമുകളിൽ കാണപ്പെടുന്ന ഡിഎൻഎ രൂപരേഖ ഓരോ വ്യക്തിയുടെയും വികസനത്തിനാവശ്യമായ വിവരണങ്ങളും രഹസ്യ നിർദ്ദേശങ്ങളും സംവഹിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ വ്യക്തിപരമായ പെരുമാററത്തിൽ നിങ്ങൾ എത്രത്തോളം പാരമ്പര്യ ഗുണങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്? ജീനുകളും വ്യക്തിത്വവും തമ്മിൽ വ്യക്തമായ ഒരു ബന്ധം സ്ഥാപിക്കാൻ ഇപ്പോഴും പ്രയാസമുള്ളതായി തോന്നുന്നു. എന്നിരുന്നാലും ചില ഗവേഷണ പഠനങ്ങൾക്ക് മൂല്യമുള്ളതായി കാണപ്പെടുന്നു. ഉദാഹരണത്തിന് പരമ്പരാഗതമായി ലഭിച്ച ഒട്ടേറെ ശാരീരിക പ്രകൃതങ്ങൾ നിങ്ങളുടെ പെരുമാററത്തെ നേരിട്ട് സ്വാധീനിക്കുന്നു. അപ്രകാരം ചിലയാളുകൾക്ക് ത്വക്കിന് ഒരു പ്രത്യേകനിറമുള്ളവരെപ്പററി അല്ലെങ്കിൽ ഒരു പ്രത്യേക വംശത്തിൽപെട്ടവരെപ്പററി മുൻവിധികളും മുന്നമേ രൂപപ്പെടുത്തിയ ആശയങ്ങളുമുണ്ട്.
ഒരു ഗർഭിണിയായ സ്ത്രീക്ക് തന്റെ സ്വന്തം പ്രവർത്തനങ്ങളാലും ചിന്തകളാലും വികാരങ്ങളാലും തന്റെ അജാതശിശുവിന് പ്രയോജനമോ ദോഷമോ ചെയ്യാൻ കഴിയും. നിങ്ങൾ അമ്മയുടെ ഗർഭാശയത്തിലായിരുന്നപ്പോൾ എത്രത്തോളം സമാധാനമോ ക്ഷോഭമോ നിങ്ങളുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടു? നിങ്ങളുടെ മാതാപിതാക്കളുടെ ശബ്ദ സവിശേഷതയിൽനിന്ന്, അവർ ശ്രവിച്ച സംഗീതത്തിൽനിന്ന് നിങ്ങൾ എത്രത്തോളം പഠിച്ചു? നിങ്ങളുടെ അമ്മ കഴിച്ച ആഹാരത്താൽ നിങ്ങൾ എത്രത്തോളം സ്വാധീനിക്കപ്പെട്ടു. അവർ ലഹരിപാനീയങ്ങൾ കുടിക്കുകയും മയക്കുമരുന്നുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നെങ്കിൽ അവർ എത്രത്തോളം അവയാൽ ബാധിക്കപ്പെട്ടു? നിങ്ങൾ ജനിച്ചപ്പോഴേക്കും നിങ്ങളുടെ പ്രവണതകൾ പലതും സ്ഥാപിക്കപ്പെട്ടു, അവക്കു മാററം വരുത്തുക ഒരുപക്ഷേ പ്രയാസവുമാണ്.
ഭക്ഷണക്രമം, അലെർജികൾ, ചുററുപാടുകൾ എന്നിവ സംബന്ധിച്ചെന്ത്?
നിങ്ങൾ ബാല്യപ്രായത്തിലേക്ക് കടന്നപ്പോൾ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായ ചില വസ്തുക്കൾ നിങ്ങളുടെ പെരുമാററത്തെ സ്വാധീനിച്ചിട്ടുണ്ടായിരിക്കാം. മധുരം പകരാനും കൃത്രിമനിറം ചേർക്കാനും കേടുവരാതിരിക്കാനും മററും ഉപയോഗിക്കുന്ന വസ്തുക്കൾക്കു പെരുമാററത്തിൻമേൽ ഒരു അദൃശ്യ സ്വാധീനം ചെലുത്താൻ കഴിയും. അമിത ചുറുചുറുക്ക്, വർദ്ധിച്ച സമ്മർദ്ദം, ക്ഷോഭം, നാഡിവേദന, അമിതവും അനിയന്ത്രിതവുമായ പ്രവർത്തനങ്ങൾ എന്നിവയാണ് ചില ഫലങ്ങൾ. മോട്ടോർ വാഹനങ്ങളുടെ പുക, വ്യവസായശാലയിൽനിന്നുള്ള വാതകങ്ങൾ, ചുററുപാടുകളിലെ മററ് വിഷാംശങ്ങൾ എന്നിവയാലുള്ള മലിനീകരണവും പെരുമററത്തെ രൂപപ്പെടുത്തുന്നു. അല്ലെങ്കിൽ വ്യക്തിപരമായ ഒരു തലത്തിൽ, നിങ്ങളെ ഗുരുതരമായി ബാധിക്കുന്നതും ചുററുമുള്ള മററുള്ളവരുടെമേൽ ദോഷകരമായ യാതൊരു ഫലവുമില്ലാത്തതുമായ ഒരു അലെർജി നിങ്ങൾക്കുണ്ടായിരുന്നേക്കാം.
ഈ സ്വാധീനങ്ങൾക്കുപുറമേ നിങ്ങളുടെ മാതാപിതാക്കളുടെ പെരുമാററം, നിങ്ങൾ ശൈശവം മുതൽ കണ്ടു വളർന്ന അവരുടെ ഇഷ്ടാനിഷ്ടങ്ങൾ, മുൻവിധികൾ എന്നിവ നിങ്ങളെ ബാധിക്കുകയും ഒരു പരിധിവരെ നിങ്ങളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫലമോ, നിങ്ങളുടെ പല രീതികളും ജീവിതത്തെ സംബന്ധിച്ചുള്ള നിങ്ങളുടെ പൊതുവായ വീക്ഷണവും കേവലം അവരുടേതിന്റെ പ്രതിഫലനമാണ്. അവരെ അസ്വസ്ഥരാക്കിയ കാര്യങ്ങൾ സംബന്ധിച്ച് അസ്വസ്ഥരാകാൻ നിങ്ങൾ ചായ്വുള്ളവരാണ്. അവർ വെച്ചുപൊറുപ്പിച്ച കാര്യങ്ങൾ വെച്ചുപൊറുപ്പിക്കാൻ നിങ്ങളും തയ്യാറാണ്. നിങ്ങൾ നിങ്ങളുടെ പിതാവിനെയോ മാതാവിനെയോ പോലെ തന്നെയാണ് എന്ന് ആരെങ്കിലും നിങ്ങളോട് പറയുന്നതുവരെ നിങ്ങൾ അവരുടെ പെരുമാററം പകർത്തുന്നതായി നിങ്ങൾ തിരിച്ചറിയാറേയില്ല. അവരുടെ സാമ്പത്തികവും സാമൂഹ്യവുമായ നിലയും അതുപോലെ അയൽപക്കത്തെയും സ്കൂളിലെയും ചുററുപാടുകളും നിങ്ങളെ സ്വാധീനിച്ചു. നിങ്ങളുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുംകൂടെ നിങ്ങളുടെമേൽ ഒരു വലിയ സ്വാധീനം ഉണ്ടായിരുന്നിട്ടുണ്ട്. ഒരു പക്ഷേ ഒരു മോശമായ അപകടം (നിങ്ങൾക്കോ നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിനോ), പ്രാദേശികമായ ചില വിപത്തുകൾ അല്ലെങ്കിൽ അസ്വസ്ഥതയുളവാക്കുന്ന ലോകസംഭവങ്ങൾ എന്നിവ നിങ്ങളെ ബാധിച്ചിട്ടുണ്ട്. അതുമല്ലെങ്കിൽ വിവാഹമോചനമോ ഗുരുതരമായ ഒരു രോഗമോപോലുള്ള എന്തെങ്കിലും ഒരു വിപത്ത് നിങ്ങളുടെ വ്യക്തിത്വത്തിൻമേൽ ഒരു വടു അവശേഷിപ്പിച്ചിട്ടുണ്ട് എന്നുവരാം.
പിന്തിരിഞ്ഞുനോക്കുമ്പോൾ നിങ്ങൾക്ക് അത്തരം എന്തെങ്കിലും സ്വാധീനങ്ങൾ തിരിച്ചറിയാൻ കഴിയുന്നുണ്ടോ?
മതം എന്തു പങ്കു വഹിക്കുന്നു?
സൈദ്ധാന്തികമായി, നിങ്ങളുടെ ധാർമ്മിക പെരുമാററവും ധർമ്മശാസ്ത്രവും ദിനചര്യയും മെച്ചപ്പെടുത്തിക്കൊണ്ട് കൂടുതൽ മെച്ചപ്പെട്ട ഒരു വ്യക്തിയായിരിക്കാൻ മതം നിങ്ങളെ സഹായിക്കേണ്ടതാണ്. നിങ്ങളുടെ മൂല്യങ്ങളിലും പ്രവർത്തനങ്ങളിലും എത്രയെണ്ണം മതത്താൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്? നിരുത്തരവാദപരവും കുററകരവുമായ പ്രവർത്തനത്തിൻമേൽ മതം ഒരു നിയന്ത്രണമായിരിക്കേണ്ടതാണെങ്കിലും മതവുമായുള്ള അവരുടെ ബന്ധത്തിൽ അനേകർ വ്യത്യസ്തമായ ഒരു വിധത്തിൽ ബാധിക്കപ്പെട്ടിരിക്കുന്നു. സഭകളിൽ അവർ വളരെയധികം കപടഭക്തിയും ആത്മീയ മൂല്യങ്ങൾക്കു പകരം ഭൗതികതക്ക് നൽകപ്പെടുന്ന ഊന്നലും തിരിച്ചറിയുകയും തൽഫലമായി രോഷാകുലരായിത്തീരുകയും ചെയ്തിരിക്കുന്നു. ആത്മീയതയും പ്രത്യാശയും കവർന്നെടുക്കപ്പെട്ട അവർ മതവിരുദ്ധരായിത്തീരുകപോലും ചെയ്തേക്കാം.
പെരുമാററത്തെ രൂപപ്പെടുത്തുന്ന മററ് ബാഹ്യ സ്വാധീനങ്ങളെപ്പററിയും നിങ്ങൾക്ക് ചിന്തിക്കാൻ കഴിയും. ഇന്നോളം നിങ്ങളെ ബാധിച്ചിട്ടുള്ള ഏതെങ്കിലും കാര്യത്തെപ്പററി ചിന്തിക്കാൻ ഏതാനും നിമിഷങ്ങൾ ചെലവഴിക്കുക. നിങ്ങൾക്ക് അവയിൽ ചിലത് പട്ടികപ്പെടുത്താൻ കഴിയുമോ? വസ്തുനിഷ്ഠമായി ഈ വിധത്തിൽ ചിന്തിക്കുക എളുപ്പമല്ല. എന്നാൽ അത് ആ ശ്രമത്തിനു തക്ക മൂല്യമുള്ളതാണ്, നിങ്ങൾക്ക് സഹായകരവുമായിരുന്നേക്കാം. എങ്ങനെ?
കൊള്ളാം, ഏതെങ്കിലും ഒരു സ്വാധീനം അഥവാ നിങ്ങളുടെ പെരുമാററത്തിലെ ഒരു നിഷേധാത്മകപ്രവണതയുടെ കാരണം തിരിച്ചറിയാൻ കഴിയുമെങ്കിൽ, അതു നിയന്ത്രിക്കുന്നതിന് ഒരു പക്ഷേ അതിനു മാററം വരുത്തുന്നതിനുപോലും നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട ഒരു സ്ഥാനത്തായിരിക്കും. അനഭികാമ്യമായ ഒരു സ്വാധീനം നിയന്ത്രിക്കാനോ അല്ലെങ്കിൽ തള്ളിക്കളയാൻപോലുമോ കഴിയുമെങ്കിൽ മററുള്ളവരോട് കൂടുതൽ ക്രിയാത്മകമായി പെരുമാറിക്കൊണ്ട് നിങ്ങൾക്ക് വ്യത്യസ്തനായ ഒരു വ്യക്തിയായിത്തീരാൻ കഴിയും.
തീർച്ചയായും അതൊരു വെല്ലുവിളിയാണ്. എന്നാൽ നിങ്ങളുടെ പെരുമാററത്തിൻമേലുള്ള സ്വാധീനങ്ങളിൽ അധികവും നിങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാഞ്ഞ മററു മനുഷ്യരാലോ ചുററുപാടുകളാലോ നിങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടവയായതിനാൽ എന്തുകൊണ്ട് നിങ്ങൾതന്നെ മുൻകൈ എടുക്കുകയും സ്വന്തനിലയിൽ ആ സാഹചര്യം സംബന്ധിച്ച് എന്തെങ്കിലും ചെയ്യുകയും ചെയ്തുകൂടാ? അതു നിങ്ങളെ മെച്ചപ്പെടുത്തുമെന്നുണ്ടെങ്കിൽ നിങ്ങൾ എന്തായിരിക്കുന്നുവോ അതിൽനിന്ന് എന്തുകൊണ്ട് മാററം വരുത്തിക്കൂടാ? (g91 7/8)
[4-ാം പേജിലെ ആകർഷകവാക്യം]
ഒരു ഗർഭിണിയുടെ പ്രവർത്തനങ്ങളും വികാരങ്ങളും അവളുടെ അജാതശിശുവിനെ ബാധിച്ചേക്കാം